ബീഹാർ കഴിഞ്ഞു,
ബംഗാളും കേരളവും വരുന്നുണ്ട്;
എന്താകണം ഇടതുനയം?
ബീഹാർ കഴിഞ്ഞു, ബംഗാളും കേരളവും വരുന്നുണ്ട്; എന്താകണം ഇടതുനയം?
ബീഹാറിനെ മറ്റൊരു യു.പി.യാകാന്‍ അനുവദിക്കാതിരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സെക്യുലറിസം പറഞ്ഞുകൊണ്ടിരിക്കെ തന്നേ ജാതീയമായും മതപരമായും ഉള്ള ഒട്ടേറെ അതിക്രമങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. സംവരണവിരുദ്ധതയെ ഇന്ത്യയിലെ മിക്ക കമ്യൂണിസ്റ്റ് പാര്‍ട്ടികളും അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുത്തിരുന്നില്ല. മുസ്‌ലിം യുവതയുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ മിക്ക പാര്‍ട്ടികള്‍ക്കും മനംപിരട്ടും. അധികാരത്തിനുവേണ്ടിയുള്ള അവസരവാദപരമായ നീക്കങ്ങളാണ് കേരളത്തിൽ നടക്കുന്നത്. എ.ഐ.എം.ഐ.എമ്മിന് എന്തുകൊണ്ടാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നതെന്ന കാര്യം പരിശോധിക്കുകയാണ് വേണ്ടത്- ബിഹാർ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണ്, കേരളത്തിലെ സി.പി.ഐ(എം.എല്‍.) ലിബറേഷന്‍ സ്റ്റേറ്റ് ലീഡിങ് ടീം അംഗമായ കെ.എം. വേണുഗോപാലന്‍ ഈ അഭിമുഖത്തിൽ
14 Nov 2020, 02:24 PM
ബിഹാറില്‍ എന്‍.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തി. പക്ഷെ അവരുടെ വിജയം അത്ര അനായാസമല്ലായിരുന്നു. അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷമാണ് മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ട കേവലഭൂരിപക്ഷം എന്ന കടമ്പ കടക്കാന്‍ അവര്‍ക്ക് സാധിച്ചത്.
മഹാഗഡ്ബന്ധന്‍ അതിഭീമമായ വെല്ലുവിളിയാണ് എന്‍.ഡി.എക്കുമുന്നില്‍ ഉയര്‍ത്തിയത്. ഫാസിസത്തിനെതിരെ പ്രകടമായ നിലപാടുകളെടുത്തും അതില്‍ ഊന്നിക്കൊണ്ടും തന്നെയായിരുന്നു മഹാഗഡ്ബന്ധന്‍ മത്സരിച്ചത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ബീഹാറിലും കഴിഞ്ഞ ആറ് വര്‍ഷത്തെ ഭരണം കൊണ്ട് ഇന്ത്യയിലാകമാനവും ദുരന്തങ്ങള്‍ മാത്രമാണ്, ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടേയിരുന്നത്. പൗരത്വബില്ലിന്റെയും കാര്‍ഷികബില്ലിന്റെയും ഒക്കെ രൂപത്തില്‍ അതിപ്പോഴും തുടരുന്നു.
അടിസ്ഥാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളോട് നേരിട്ട് സംസാരിക്കുവാന്‍ ഒന്നുംതന്നെയില്ല എന്നതുകൊണ്ടാണ് മോദി എന്ന വ്യക്തിയെ കെട്ടിയൊരുക്കിക്കൊണ്ടും അദ്ദേഹത്തെ മുന്‍നിര്‍ത്തിയും മാത്രമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അവര്‍ക്ക് നടത്തേണ്ടിവന്നത്. പക്ഷെ മോദി മാജിക്ക് ഏറ്റില്ലെന്നുമാത്രമല്ല, ഹിന്ദുത്വവിഷയങ്ങള്‍ക്ക് പിന്തുണയും ബീഹാര്‍ ജനത നല്‍കിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ബിഹാര്‍ ജനതയെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനുപിറകില്‍ സി.പി.ഐ (എം.എല്‍.) ലിബറേഷന്‍ എന്ന പാര്‍ട്ടിയുടെ അഞ്ചോളം പതിറ്റാണ്ടുകളുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യമായ രാഷ്ട്രീയം വിലയിരുത്തുകയാണ് കേരളത്തിലെ സി.പി.ഐ (എം.എല്‍.) ലിബറേഷന്‍ സ്റ്റേറ്റ് ലീഡിങ് ടീം അംഗമായ കെ.എം. വേണുഗോപാലന്‍ ഈ അഭിമുഖത്തില്‍. ഡോ. എ.കെ. രാമകൃഷ്ണനുമായി ചേര്‍ന്ന് സ്ത്രീവിമോചനം: ചരിത്രം, സിദ്ധാന്തം സമീപനം എന്ന കൃതി രചിച്ചിട്ടുണ്ട് അദ്ദേഹം. ഇത് കേരളത്തിലെ ആദ്യ ആധികാരിക ഫെമിനിസ്റ്റ് സൈദ്ധാന്തിക കൃതിയായി പരിഗണിക്കപ്പെടുന്നു. ഇസ്‌ലാമും സ്ത്രീകളും എന്ന പേരില്‍ ഫാത്തിമ മെര്‍നീസിയുടെ പ്രധാനപ്പെട്ട ഒരു കൃതിയുടെ മലയാളപരിഭാഷ ഉള്‍പ്പെടെ ധാരാളം കൃതികളും എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്.
നന്ദലാല്‍ ആര്‍: എന്‍.ഡി.എയെ സംബന്ധിച്ച് ആഹ്ലാദിക്കേണ്ടതായ വലിയ കാര്യങ്ങളൊന്നും ബിഹാര്‍ വിജയത്തിലില്ല. പല മണ്ഡലങ്ങളിലും 1000 വോട്ടിലും താഴെയായിരുന്നു വിജയികളുടെ ഭൂരിപക്ഷം. എങ്കിലും ഭരണം കയ്യില്‍ കിട്ടി എന്നത് വാസ്തവമാണ്. എന്തുകൊണ്ടാണ്, പ്രവചിക്കപ്പെട്ടതുപോലെ, പ്രതീക്ഷിക്കപ്പെട്ടതുപോലെ മഹാഗഡ്ബന്ധന് വിജയിക്കാന്‍ കഴിയാതിരുന്നത്? അതോടൊപ്പം, താങ്കളുടെ പാര്‍ട്ടി മഹാഗഡ്ബന്ധനിലെ സഖ്യകക്ഷിയാവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കൂടി അറിയണം.
കെ.എം. വേണുഗോപാലന്‍: ബിഹാറില്‍ വളരെക്കാലം മുമ്പേ മഹാസഖ്യം എന്ന സങ്കല്‍പം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് അവര്‍ക്കെതിരായ മഹാസഖ്യം, കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചശേഷം ബി.ജെ.പിക്കെതിരായ മഹാസഖ്യം ഒക്കെയുണ്ടായിരുന്നു. മഹാസഖ്യം ഉണ്ടാകുമ്പോഴെല്ലാം മിക്ക മണ്ഡലങ്ങളിലും നടന്നിരുന്നത് ത്രികോണ മത്സരമോ ചതുഷ്‌കോണ മത്സരമോ ബഹുകോണ മത്സരമോ ആയിരുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെ മഹാഗഡ്ബന്ധന്റെ (എം.ജി.ബി) പ്രധാന പ്രത്യേകത, കോണ്‍ഗ്രസ് ഏതാണ്ട് പൂര്‍ണമായും നാമാവശേഷമായിക്കഴിഞ്ഞശഷമാണ് ഈ സഖ്യം ഉണ്ടാകുന്നത് എന്നതാണ്.
കേരളത്തിലൊക്കെ ഇപ്പോഴും പ്രസക്തി നിലനിര്‍ത്തുന്നുണ്ടെങ്കിലും, വടക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു മതേതരപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഇല്ലാതായിരിക്കുകയാണ് എന്നുതന്നെ പറയാം. യു.പി.യിലും ബീഹാറിലുമൊക്കെ അവരുടെ വിശ്വാസ്യതക്ക് വന്‍തോതില്‍ ഇടിവ് സംഭവിച്ചിട്ടുമുണ്ട്. കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ പലപ്പോഴും യു.പി., ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളെല്ലാം ഹിന്ദി ഹൃദയഭൂമി എന്ന് കണക്കാക്കുന്ന ഒരു രീതിയുണ്ട്. എന്നാല്‍ രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ ബിഹാര്‍ ഇതില്‍ പെടുന്നില്ല.
എഴുപതുകളിലെ ജെ.പി പ്രസ്ഥാനത്തിന്റെ കാലം തൊട്ടേ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ടുനില്‍ക്കുന്ന പാത ബിഹാര്‍ കാണിച്ചുതരുന്നുണ്ട്. പിന്നീട് ബിഹാറില്‍ ശക്തിപ്പെട്ട നക്‌സല്‍ബാരിയുടെ സ്വാധീനവും ഈ വ്യത്യസ്തത തന്നെയാണ് എടുത്തുകാണിക്കുന്നത്. ദളിതര്‍, അധഃസ്ഥിതര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ ശക്തമായ പ്രതിരോധങ്ങള്‍ ഉയര്‍ന്ന സ്ഥലമാണിത്.
ഈ പ്രതിരോധങ്ങള്‍ക്കെതിരായി ഭൂവുടമകളുടെ നേതൃത്വത്തില്‍ രണ്‍വീര്‍സേന പോലെയുള്ള സ്വകാര്യ സായുധവിഭാഗങ്ങള്‍ നടത്തിയ കൂട്ടക്കൊലകളുടെ ചിരിത്രവും ബിഹാറിനുണ്ട്. മിക്ക രാഷ്ട്രീയകക്ഷികളും ഒളിഞ്ഞോ തെളിഞ്ഞോ രണ്‍വീര്‍സേനയെ പല രീതിയിലും പിന്തുണക്കുകയും ചെയ്തിരുന്നു. ജന്മിത്ത-ഫ്യൂഡല്‍ വിഭാഗം ആയുധങ്ങളുള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും നല്‍കിക്കൊണ്ടാണ് ഈ സ്വകാര്യസായുധസേനയെ നിലനിര്‍ത്തിയിരുന്നത്. ഇതിനെതിരായി കോണ്‍ഗ്രസ് ഉള്‍പ്പെട്ട രാഷ്ട്രീയകക്ഷികള്‍ ഒന്നും ചെയ്തിരുന്നില്ല.
അതുപോലെ ദളിത്-മുസ്‌ലിം കൂട്ടക്കൊലകളും ഈ മേഖലയില്‍ ധാരാളം നടന്നു. വിവാഹിതരായ യുവതികളെ ആദ്യദിവസം ജമീന്ദാര്‍മാര്‍ക്ക് വിട്ടുകൊടുക്കണം എന്നത് ഒരാചാരമായിത്തന്നെ പല ബിഹാര്‍ ഗ്രാമങ്ങളിലുമുണ്ടായിരുന്നു. ബ്രാഹ്മണ്യത്തിന്റെ, ജന്മിത്വത്തിന്റെ, ആണ്‍കോയ്മയുടെ ഒക്കെ ഇത്തരം മര്‍ദനങ്ങള്‍ക്കെതിരെ പ്രതിരോധിക്കാതെ നിലനില്‍ക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണ്.

ഇതിനൊക്കെ എതിരായി, ഒരു തരത്തില്‍ വര്‍ഗസമരം എന്നു വിശേഷിപ്പിക്കാവുന്ന സായുധപ്രതിരോധമായിരുന്നു അവിടെ ഉയര്‍ന്നുവന്നിരുന്നത്. നക്‌സല്‍ബാരിയെ തുടര്‍ന്നുവന്ന പല റാഡിക്കല്‍ ഗ്രൂപ്പുകളുമാണ് ഈ പ്രതിരോധം ഏറ്റെടുത്തത്. ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് ജനങ്ങളെ സഹായിക്കുകയും അതിനായി പ്രത്യയശാസ്ത്രപരമായി അവരെ തയ്യാറാക്കുകയും ചെയ്തു എന്നിടത്താണ് ബിഹാറില്‍ സി.പി.ഐ (എം.എല്‍) ലിബറേഷന്‍ എന്ന പാര്‍ട്ടി പ്രസക്തമാകുന്നത്. ഭോജ്പൂര്‍ പോലെയുള്ള നിരവധി പ്രദേശങ്ങളില്‍ ലിബറേഷന്റെ ബഹുജനാടിത്തറ ശക്തമായതും ഇതുകൊണ്ടൊക്കെത്തന്നെയാണ്.
നേരത്തേ പറഞ്ഞതുപോലെ പല മഹാസഖ്യങ്ങളും കണ്ട ഒരു സംസ്ഥാനമാണ് ബിഹാര്‍. എന്നാല്‍ ലിബറേഷന്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു മഹാഗഡ്ബന്ധന്റെ ഭാഗമാവുന്നത്. ബി.ജെ.പി/ഹിന്ദുത്വ വിരുദ്ധതയുടെ ഏകോപനം എന്ന വളരെ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് എം.ജി.ബിയില്‍ ലിബറേഷന്‍ ഭാഗമാവുന്നതും. കോര്‍പറേറ്റ്- ഫാസിസ്റ്റ്- മനുവാദി കൂട്ടുകെട്ടിനെതിരെ പോരാടാന്‍ ജനങ്ങളെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് ലിബറേഷന്‍ നിലകൊള്ളുന്നത്. അവിഭക്ത ബിഹാറില്‍ എട്ട് സീറ്റുകള്‍ ഒറ്റക്കുതന്നെ നേടിയ പാര്‍ട്ടിയാണ് ലിബറേഷന്‍.
2015ലെ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന്റെ ഭാഗമായി നിന്നും ലിബറേഷന്‍ സീറ്റുകള്‍ നേടിയിട്ടുണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും പാര്‍ട്ടിക്ക് അതിന്റെ ഐഡന്റിറ്റി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കോര്‍പറേറ്റുകളുടെയും പിന്തുണയാണ് ബി.ജെ.പിയെ പ്രദേശികപാര്‍ട്ടികളുമായുള്ള ബാന്ധവത്തിന് സഹായിക്കുന്നത്. ഭരണഘടനയെ വെല്ലുവിളിക്കുകയും ഭരണഘടനക്ക് അതീതമായി രണ്‍വീര്‍സേന പോലെയുള്ള സ്വകാര്യസായുധ മാടമ്പിപ്രസ്ഥാനങ്ങളെ വളര്‍ത്തുകയും ചെയ്യുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലാണ്. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രമാണ് ഇവിടെ കൃത്യമായി ബി.ജെ.പി ഉപയോഗിക്കുന്നതും. ഇങ്ങനെയുള്ള സാഹചര്യമാണ് എം.ജി.ബിയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചത്.
ലിബറേഷന്റെ പത്താം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സന്ദേശം തന്നെ ഫാസിസത്തെ പരാജയപ്പെടുത്തുക, ജനങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ്. ആ കോണ്‍ഗ്രസില്‍ ഈയൊരു കരട് പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നിരുന്നു. ഫാസിസത്തിനെതിരായുള്ള ഐക്യത്തില്‍ ആര്‍.ജെ.ഡി പോലെയുള്ള പ്രാദേശിക പാര്‍ട്ടികളുമായുള്ള സഹകരണം സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദചര്‍ച്ചക്കുശേഷമാണ് തീരുമാനമായത്.
ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വം വഹിക്കുന്ന വന്‍കിട നുണഫാക്ടറികളോടാണ് നമുക്ക് പോരടിക്കേണ്ടിവരുന്നത്. തീവ്രഹിന്ദുത്വവാദം, ഗോരക്ഷ, ലൗ ജിഹാദ്, ആള്‍ക്കൂട്ടക്കൊല എന്നിവയുടെയെല്ലാം പേരില്‍ ആയിരക്കണക്കിനാളുകള്‍ ഇന്ത്യയിലെമ്പാടും കൊല ചെയ്യപ്പെടുകയുണ്ടായി. നിരവധി വിവരാവകാശപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. യു.പിപോലെയുള്ള സംസ്ഥാനങ്ങളില്‍ യോഗി ആദിത്യനാഥും മറ്റും ഇന്ത്യക്കാര്‍ മനുസ്മൃതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജാതിയും മതവും മാറിയുള്ള വിവാഹങ്ങളുടെ പേരില്‍ ലൗ ജിഹാദാണെന്ന പേരില്‍ കൊല്ലപ്പെട്ടവര്‍ അനേകമാണ്.
ഹാഥ്‌റസില്‍ നടന്ന ജാതീയഹിംസയും ലൈംഗികാക്രമണ കൊലയുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലെല്ലാം കുറ്റവാളികളെ "കുറ്റമറ്റ' രീതിയില്‍ സംരക്ഷിക്കുന്ന നടപടികളാണ് ഹിന്ദുത്വഭരണകൂടം സ്വീകരിച്ചിരുന്നത്. അത്തരം കുറ്റവാളികളെ നിരന്തരം സംരക്ഷിക്കുവാനുള്ള ലൈസന്‍സ്, ജാതി/സവര്‍ണ സംഘടനകള്‍ക്ക് നല്‍കുകയായിരുന്നു. ഈ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വയലന്‍സിനെ പൂര്‍ണമനസ്സോടെ അംഗീകരിക്കുകയും അതിന് പൊലീസും മറ്റ് ഭരണകൂട ഏജന്‍സികളും പിന്തുണ നല്‍കുകയും ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകരെ കാണാതാവുക, അവര്‍ കൊല ചെയ്യപ്പെടുക തുടങ്ങിയ സംഭവങ്ങളും വിരളമല്ല.
ഇങ്ങനെയൊരു സവിശേഷസാഹചര്യത്തില്‍, ബീഹാറിനെ മറ്റൊരു യു.പി.യാകാന്‍ അനുവദിക്കാതിരിക്കുക എന്നതിനായിരുന്നു ലിബറേഷനും എം.ജി.ബിയും പ്രചാരണവേളയില്‍ പരമമായ പ്രാധാന്യം നല്‍കിയത്. സ്വന്തം ശക്തിയുടെയും ജനപിന്തുണയുടെയും ആശയാടിത്തറയുടെയും അടിസ്ഥാനത്തിലാണ് എം.ജി.ബിയുടെ രൂപീകരണത്തില്‍ ലിബറേഷന്‍ പങ്കാളിയായത്.
ബിഹാറില്‍ ഫാസിസത്തിനെതിരായ ഒരേയൊരു ബദല്‍ ഈ സഖ്യം മാത്രമാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ ലിബറേഷന് സാധിച്ചു. എം.ജി.ബി തയ്യാറാക്കിയ ഇരുപത്തഞ്ചിന പൊതുമിനിമം പരിപാടിയില്‍ പ്രധാന സംഭാവന ലിബറേഷന്റേതായിരുന്നു. തൊഴിലില്ലായ്മ, പശ്ചാത്തല സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസം, നികത്താതെ കിടക്കുന്ന ഒഴിവുകള്‍, സ്ത്രീകളുടെ സേവനത്തെ അവമതിക്കുന്ന ഭരണകൂടനയങ്ങള്‍ തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങളെ മാത്രം പരിഗണിച്ചുകൊണ്ടായിരുന്നു പൊതുമിനിമം പരിപാടി തയ്യാറാക്കിയത്.
ഇതേ മിനിമം പരിപാടിയെ അടിസ്ഥാനമാക്കി മികച്ച ഒരു പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് എം.ജി.ബിയുടെ അടുത്ത തീരുമാനമെന്ന് ഞങ്ങളുടെ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ പറഞ്ഞിട്ടുണ്ട്.
ചോദ്യം: വോട്ടെണ്ണലിലെ പിഴവുകളെക്കുറിച്ചും വ്യാപക ആരോപണങ്ങളുണ്ടല്ലോ?
ഉണ്ട്. പോസ്റ്റല്‍ വോട്ടുകളിലെ മുന്‍തൂക്കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭോരെ മണ്ഡലത്തില്‍ ജെ.ഡി(യു) സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രഖ്യാപിക്കപ്പെടുന്നതിനുമുന്‍പ് ആ പാര്‍ട്ടിയുടെ എം.പി., തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ സംബന്ധിച്ച ഹാന്‍ഡ് ബുക്കിലെ 16.23.18 പ്രകാരമുള്ള നിയമത്തിന് വിരുദ്ധമായി, വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശിച്ചതിനെതിരെ ബിഹാര്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി സമര്‍പ്പിക്കപ്പെട്ടു. വോട്ടെണ്ണല്‍ പ്രക്രിയയില്‍, വീണ്ടും എണ്ണാനുള്ള ആവശ്യം ഉള്‍പ്പെടെ എം.ജി.ബി ഉന്നയിച്ച പല പരാതികളും അവഗണിക്കപ്പെട്ടു.
സി.പി.ഐ (എം.എല്‍) ലിബറേഷന്റെ ഒരു സ്ഥാനാര്‍ഥി അഞ്ഞൂറില്‍ താഴെ വോട്ടിനും, ആര്‍.ജെ.ഡി.യുടെ പത്ത് സ്ഥാനാര്‍ഥികളെങ്കിലും 500 ല്‍ താഴെ വോട്ടുകള്‍ക്കും പരാജയപ്പെട്ടപ്പോള്‍ അവിടെ വീണ്ടും വോട്ടെണ്ണമെന്ന ഞങ്ങളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയാണുണ്ടായത്. എന്നാല്‍ സമാനസാഹചര്യങ്ങളില്‍, എന്‍.ഡി.എയുടെ ഭാഗത്തുനിന്നുണ്ടായ ആവശ്യങ്ങള്‍ സ്വീകരിക്കപ്പെടുകയും ചെയ്തു.
ചോദ്യം: പ്രവാസി തൊഴിലാളികള്‍, കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പ്രധാനവിഷയമായി എടുത്തിരുന്നു അല്ലേ?
തീര്‍ച്ചയായും. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ തന്നെയായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം. നമുക്കറിയാം, ബിഹാറിലെ തൊഴിലാളികള്‍ മഹാരാഷ്ട്ര, പഞ്ചാബ്, കേരളം എന്നിവയുള്‍പ്പെടെയുള്ള അനേകം സംസ്ഥാനങ്ങളില്‍ ജോലി നോക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷങ്ങളിലെ ഭരണം കൊണ്ട് നിതീഷ് കുമാറിനോ അദ്ദേഹത്തെ പിന്തുണക്കുന്ന എന്‍.ഡി.എക്കോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റിയിട്ടുമില്ല.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ വന്നതിന് തൊട്ടുപിറകേ തന്നെ എ.പി.എം.സികള്‍ (Agricultural Produce Market Committees) ആദ്യം നിര്‍ത്തലാക്കിയ സംസ്ഥാനം ബിഹാര്‍ ആയിരുന്നു.
കൃഷി, തൊഴില്‍, ഭക്ഷണം തുടങ്ങിയ, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെ പാടേ അവഗണിക്കുകയും അത്തരം കാര്യങ്ങള്‍ക്ക് പകരം വിടേക്ക് ക്ഷേത്രനിര്‍മാണം, രാജ്യരക്ഷ, വിദേശശക്തികളുടെ സുരക്ഷാഭീഷണി, ഭീകരാക്രമണം തുടങ്ങിയവ പ്രധാന വിഷയങ്ങളായി ഇറക്കുമതി നടത്തുകയും ചെയ്യുക എന്നതാണ് ഹിന്ദുത്വത്തിന്റെ പതിവ് തിരഞ്ഞെടുപ്പ് പ്രചരാണരീതി.
എന്നാലിത് ബിഹാറില്‍ വിലപ്പോയില്ല എന്നുവേണം തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകനത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍. ഉദാഹരണത്തിന്, പൊതുമിനിമം പരിപാടിയില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ എം.ജി.ബി വാദ്ഗാനം ചെയ്തപ്പോള്‍, എന്‍.ഡി.എ പ്രതികരിച്ചത് പത്തൊമ്പത് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കും എന്ന പ്രചാരണത്തിലൂടെയാണ്. അങ്ങനെ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ തന്നെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരത്തിലേക്ക് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി.

കോണ്‍ഗ്രസിന് 70 സീറ്റ് നല്‍കിയത് വലിയ തെറ്റായിപ്പോയി എന്ന് ലിബറേഷൻ ജനറൽ സെക്രട്ടറി സഖാവ് ദീപാങ്കര്‍ ഭട്ടാചാര്യ പറയുന്നുണ്ട്. ദേശീയതലത്തില്‍ തന്നെ നോക്കിയാല്‍, പ്രത്യയശാസ്ത്രപരമായി മതേതരത്വത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; പ്രയോഗത്തില്‍ കാര്യമായി അത് കാണാനില്ലെങ്കിലും. സെക്യുലറിസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ വ്യവഹാരങ്ങള്‍ മാറ്റിപ്പണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നേരത്തെ തന്നെ ദീപാങ്കര്‍ പറഞ്ഞിരുന്നതാണ്.
2013ലെ റാഞ്ചി കോണ്‍ഗ്രസില്‍ അത്തരത്തിലുള്ള ഒരു നിരീക്ഷണം അദ്ദേഹം നടത്തിയിരുന്നു. സെക്യുലറിസം പറഞ്ഞുകൊണ്ടിരിക്കെ തന്നേ ജാതീയമായും മതപരമായും ഉള്ള ഒട്ടേറെ അതിക്രമങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. എന്നിട്ട് സെക്യുലറിസത്തിന്റെ കാലഹരണപ്പെട്ട വ്യവഹാരരൂപങ്ങള്‍ ഉപയോഗിച്ചുതന്നെ അതിനെ മൂടിവെക്കുകയും ചെയ്യുന്നു.
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 40 സീറ്റുകളില്‍ മാത്രം മത്സരിച്ചാല്‍ ഫലം മെച്ചപ്പെട്ടേനെ എന്നതാണ് വാസ്തവം. 40 മണ്ഡലങ്ങളില്‍ മാത്രം അവര്‍ മത്സരിക്കുകയും ബാക്കി സീറ്റുകളില്‍ 10 എണ്ണം വിതം ആര്‍.ജെ.ഡിക്കും സി.പി.ഐ(എം.എല്‍.)ക്കും നല്‍കുകയും ബാക്കി പത്ത് സീറ്റുകള്‍ സി.പിഎമ്മിനും സി.പി.ഐക്കും നല്‍കിയിരുന്നുവെങ്കില്‍ ഫലം മാറിപ്പോയേനെ. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാനും മഹാഗഡ്ബന്ധന് സാധിച്ചേനെ.
ചോദ്യം: അതേസമയം അസദ്ദുദീന്‍ ഒവെയ്‌സിയുടെ നിലപാടുകള്‍ എം.ജി.ബിയുടെ പരാജയത്തിന് കാരണമായി എന്ന രീതിയില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ ചര്‍ച്ച വന്നിരുന്നു. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
കേരളത്തില്‍ നിന്നടക്കം പലയാളുകളും ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന്റെ (All India Majlis-e-Ittehadul Muslimeen) നിലപാടുകളാണ് പരാജയത്തിന് കാരണമായത് എന്ന് പറയുന്നത് കേട്ടു. അസദ്ദുദീന്‍ ഒവെയ്‌സി മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന വ്യക്തിയാണെന്നോ ബി.ജെ.പി- ആര്‍.എസ്.എസ് ചാരനാണെന്നോ ഒന്നും ഞങ്ങള്‍ കരുതുന്നില്ല.
ഇത് ജനാധിപത്യമാണ്. അവരുടേത് ഒരു പാര്‍ട്ടിയാണ്, അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. അവര്‍ അഞ്ച് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. എന്ത് പറയാന്‍ കഴിയും? അവരെ കേള്‍ക്കുന്ന കുറേ ജനങ്ങളുണ്ടെന്നാണ് അതിനര്‍ത്ഥം. അവര്‍ക്കൊരു മണ്ഡലമുണ്ട്. എ.ഐ.എം.ഐ.എമ്മിനെ കുറ്റം പറയുകയോ ജനങ്ങളെ കുറ്റം പറയുകയോ ചെയ്യുന്നതിനുപകരം എന്തുകൊണ്ടാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നതെന്ന കാര്യം പരിശോധിക്കുകയാണ് വേണ്ടത്.
വലിയ വിഭാഗം മുസ്ലിംകള്‍ കരുതുന്നത് മുഖ്യധാരാ പാര്‍ട്ടികള്‍ അവരെ ഉപയോഗിക്കുന്നുവെന്നാണ്. തങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യധാരാ പാര്‍ട്ടികള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അവര്‍ കരുതുന്നു. അതുകൊണ്ട് എ.ഐ.എം.ഐ.എമ്മിനെ കുറ്റപ്പെടുത്തുന്നതിനുപകരം ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യാനിടയാക്കിയ കാരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് വേണ്ടത്. ഒരേയൊരു സീറ്റില്‍ മാത്രമാണ് ഒവെയ്‌സിയുടെ പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍ കാരണം എം.ജി.ബിയുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെടുന്നതിനിടയായത്. അതുവെച്ച് മാത്രം വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതല്ല.
കോണ്‍ഗ്രസിന്റെ നിലവിലുള്ള ശക്തിക്കും സ്വാധീനശേഷിക്കും അനുസരിച്ച് മാത്രം സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ ചിത്രം തീര്‍ത്തും വ്യത്യസ്തമായേനെ എന്നതില്‍ ഊന്നുവാനും സീറ്റ് വിഭജനത്തിലെ പാളിച്ച സൂചിപ്പിക്കുവാനുമാണ് ഇത് പറയുന്നത്.
ചോദ്യം: എം.ജി.ബി പരാജയപ്പെട്ടുവെങ്കിലും ഇടതുപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന സി.പി.ഐ (എം.എല്‍.) ലിബറേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്‍.ഡി.എ വിരുദ്ധസഖ്യം എന്ന നിലയില്‍ വിശാലമായ ഒരു മുന്നണിയോടൊപ്പമായിരുന്നു താങ്കളുടെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സഖ്യം. എം.ജി.ബിക്ക് ഭരണം കിട്ടാതിരുന്ന സാഹചര്യത്തില്‍ നിന്നുകൊണ്ട്, താങ്കളുടെ പാര്‍ട്ടിയുടെ നേട്ടത്തെ എങ്ങനെ നോക്കിക്കാണാനാണ് ആഗ്രഹിക്കുന്നത്?
ഗ്രാസ്‌റൂട്ട് ലെവലിലുള്ള പ്രവര്‍ത്തനമാണ് ബിഹാറില്‍ ഞങ്ങളുടെ പാര്‍ട്ടി കുറേ കാലമായി ചെയ്യുന്നത്. 1970കളില്‍ നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സി.പി.ഐ(എം.എല്‍.) ലിബറേഷന്‍ 1980കളിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നത്. എഴുപതുകളുടെ രണ്ടാം പകുതിയോടെ പല നക്‌സലൈറ്റ് പാര്‍ട്ടികളും സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന രീതിയില്‍ തിരിച്ചടികള്‍ നല്‍കിയതിനുശേഷം കളം വിട്ടുപോകുന്നുണ്ട്. അല്ലാത്ത പക്ഷം അതിക്രൂരമായ പൊലീസ് നടപടികള്‍ അവര്‍ക്ക് നേരിടേണ്ടിവരുമായിരുന്നു.
ബഹുജന അടിത്തറയില്ലായ്മ ഇത്തരം കക്ഷികളുടെ പ്രധാന ന്യൂനതയായിരുന്നു. എന്നാല്‍ ഇവരൊക്കെ രംഗം വിട്ടപ്പോഴും, ഉറച്ചുനിന്ന് ജനങ്ങള്‍ക്ക് പ്രതിരോധിക്കുവാനുള്ള കരുത്തും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തത് എം.എല്‍ ലിബറേഷന്‍ ആയിരുന്നു. ഇതൊക്കെ വിജയരമാക്കാന്‍ സാധിച്ചത് ലിബറേഷന്റെ റാഡിക്കല്‍ രാഷ്ട്രീയത്തിന്റെ പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള പ്രത്യേക തരത്തിലുള്ള സംയോജനം മൂലമാണ്. നല്ല സിദ്ധാന്തത്തിനേ നല്ല പ്രയോഗം വികസിപ്പിക്കാന്‍ പറ്റൂ. അതുപോലെ നല്ല പ്രയോഗത്തില്‍ നിന്നേ നല്ല സിദ്ധാന്തങ്ങള്‍ ഉണ്ടാവൂ. അതിനുള്ള ഇമാജിനേഷന്‍ ജനങ്ങള്‍ക്കുണ്ടാക്കിക്കൊടുക്കുന്നതില്‍ വലിയ രീതിയിലുള്ള കാല്‍വെപ്പ് എന്ന നിലയില്‍ ഇന്ന് ഇന്ത്യയാകമാനം അതിന്റെ ഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്.

അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പ്. സീറ്റുകളുടെ എണ്ണത്തിനപ്പുറമുള്ള ഒരു കാര്യമാണിത്.
ബീഹാറിലെ പാവപ്പെട്ട ഗ്രാമീണജനതയുടെ മുഖമാണ് ഈ പാര്‍ട്ടിക്കുള്ളത്. ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ് ലിബറേഷനിലൂടെ ബിഹാര്‍ ജനത കണ്ടത്. സ്വകാര്യവല്‍ക്കരണശ്രമങ്ങളെപ്പോലും ജാതിയുമായും സംവരണവുമായും ബന്ധിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി ജനങ്ങളെ സമീപിച്ചത്.
അനേകം ദശാബ്ദങ്ങളായി നടത്തിവരുന്ന കഠിനമായ പോരാട്ടങ്ങളില്‍ ഏറ്റവും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ഒപ്പം നിന്നതിന്റെ ഫലമായി ആര്‍ജ്ജിച്ച വിശ്വാസവും, ഹിന്ദുത്വ ആശയങ്ങള്‍ക്കും, മുസ്‌ലിംവിരുദ്ധ വിദ്വേഷം പരത്തുന്ന പ്രചാരവേലകള്‍ക്കും എതിരെ എടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഞങ്ങളുടെ നേട്ടത്തിന്റെ പ്രധാന ഘടകമാണ്.
ലഭിച്ച സീറ്റുകളുടെ എണ്ണത്തേക്കാളും പ്രസക്തമായ കാര്യം ഞങ്ങളുടെ വോട്ടുകള്‍ ബിഹാറിലും ഇന്ത്യക്കാകമാനവും ബാധകമായ ഒരു മാറ്റത്തിനു വേണ്ടിയുള്ള പുതിയ ദിശാബോധത്തിന്റെ സൂചനയായി പരിഗണിക്കപ്പെട്ടുവെന്നതാണ്. പക്ഷേ, അതുകൊണ്ട് എല്ലാമായി എന്ന് കരുതുന്നില്ല.
ചോദ്യം: ആര്‍.ജെ.ഡി. പോലെ, പല ഭരണവീഴ്ചകളും ഉണ്ടായിട്ടുള്ള ഒരു പാര്‍ട്ടിയുടെ കൂടെ സഖ്യത്തിലേര്‍പ്പെടുമ്പോള്‍, വോട്ടര്‍മാരായ ജനങ്ങളില്‍ നിന്നുണ്ടായ പ്രതികരണം പ്രധാനമായും എങ്ങിനെയായിരുന്നു? അതിനെ എങ്ങനെയാണ് നേരിട്ടത്?
ഞങ്ങള്‍ക്ക് പറയാനുള്ളത് കൃത്യമായിട്ടുള്ള രണ്ട് കാര്യങ്ങളായിരുന്നു. അതിലൊന്ന്, നേരത്തെ സൂചിപ്പിച്ചതുപോലെ, ബിഹാറിനെ മറ്റൊരു യു.പിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഹിന്ദുത്വമുന്നണിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നതാണ്. അത് അനുവദിക്കാതിരിക്കണമെങ്കില്‍ എം.ജി.ബിയെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന കാര്യത്തിലാണ് ഞങ്ങള്‍ പ്രധാനമായും ഊന്നിയത്.
രണ്ടാമത്തെ കാര്യം ആര്‍.ജെ.ഡി.യാണ് ബിഹാറില്‍ വര്‍ഷങ്ങളായി സംഘപരിവാറിനെതിരായ രാഷ്ടീയനിലപാടുകള്‍ കൃത്യമായി എടുത്തിട്ടുള്ളത് എന്നതായിരുന്നു. ബ്രാഹ്മണിക്കല്‍ ആയ ആശയസംഹിതകളുടെ അടിസ്ഥാനത്തില്‍, ഭരണഘടനയെ അവഗണിച്ച് ഫ്യൂഡല്‍ശക്തികളെ രാജ്യവ്യാപകമായി വളര്‍ത്തുന്ന രീതിയിലുള്ള സംഘാടനത്തിന് വഴിമരുന്നിട്ടത് തൊണ്ണൂറുകളുടെ തുടക്കത്തില്‍ അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടത്തിയ രഥയാത്രയായിരുന്നു.
ഈ രഥയാത്രയുടെ വര്‍ഗീയ അജണ്ട കൃത്യമായി തിരിച്ചറിഞ്ഞ്, അതിന് ബീഹാറിലേക്ക് പ്രവേശനാനുമതി നിഷേധിക്കുകയും, ബീഹാറിലേക്ക് കടന്ന രഥയാത്ര തടയുകയും സമസ്തിപൂരില്‍ വച്ച് അദ്വാനിയെയും അനുയായികളെയും അറസ്റ്റു ചെയ്യുകയും ചെയ്ത ലാലുപ്രസാദ് യാദവ് രൂപം നല്‍കിയ പാര്‍ട്ടിയാണ് ആര്‍.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും പ്രാദേശിക പാർട്ടികള്‍, ബി.ജെ.പിയെ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചപ്പോള്‍, നിരന്തരമായി ബി.ജെ.പിയുടെ എതിര്‍ചേരിയില്‍ അവര്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നിട്ടുനിന്ന പാര്‍ട്ടി കൂടിയാണ് ആര്‍.ജെ.ഡി.

ലാലു പ്രസാദ് യാദവ്, 1988ല്‍ സോന്‍പൂരില്‍ നിന്നുള്ള ചിത്രം
രാംവിലാസ് പസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ തന്നെ ഇപ്പോഴത്തെ നിലപാട് നോക്കൂ. ബി.ജെ.പിയോട് യാതൊരെതിര്‍പ്പുമില്ല, എന്നാല്‍ നിതീഷ് കുമാറിനെ എതിര്‍ക്കുന്നു എന്ന നിലപാടാണ് അവരുടേത്. ഈ നിലപാട് ബി.ജെ.പിക്ക് അനുകൂലമായ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു എന്നതല്ലാതെ എല്‍.ജെ.പിക്ക് ഒരു ഗുണവും ചെയ്തില്ല. ഇന്ത്യയിലാകമാനം ബി.ജെ.പിയെ പിന്തുണച്ച പ്രദേശിക പാര്‍ട്ടികളുടെയെല്ലാം സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്. ജെ.ഡി(യു)യുവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
സ്വാഭാവികമായും ഇനിയങ്ങോട്ട് നിതീഷ് കുമാറിനെപ്പോലുള്ളവരും തഴയപ്പെടും. ബംഗാളില്‍ മമതയുടെയും തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയും ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെയും ഒക്കെ മുന്‍കാലത്തെ ബി.ജെ.പി ബാന്ധവത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും. തങ്ങളുടെ കാര്യത്തിന് പ്രാദേശിക പാര്‍ട്ടികളെ ഉപയോഗിക്കുകയും പിന്നീട് അവയെ അവഗണിക്കുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ സ്വാഭാവികരീതിയാണ്.
ഈ ഒരു രാഷ്ട്രീയപശ്ചാത്തലം കൂടിയാണ്, ആര്‍.ജെ.ഡി എന്ന, നിരന്തരമായി ബി.ജെ.പി, വിരുദ്ധനിലപാടുകള്‍ മാത്രം എടുത്തിരുന്ന പ്രാദേശിക രാഷ്ട്രീയപാര്‍ട്ടിയുമായി ചേര്‍ന്നുകൊണ്ടുള്ള സഖ്യത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. ഞാനാദ്യം പറഞ്ഞതുപോലെ ഫാസിസത്തിനെതിരെ ഏതെങ്കിലും രീതിയിലുള്ള ചെറുത്തുനില്‍പ്പുകള്‍ നമുക്ക് ഒരു കാരണവശാലും ഒഴിവാക്കാനാവില്ല. അങ്ങിനെവരുമ്പോള്‍ അത്തരം ചെറുത്തുനില്‍പ്പുകളില്‍ നേരത്തെ തന്നെ സജീവമായ ഒരു രാഷ്ട്രീയപാര്‍ട്ടിയോടൊപ്പം സഖ്യത്തിലേര്‍പ്പെടുന്നത് നിലപാടുകളിലുള്ള ഞങ്ങളുടെ തന്നെ സത്യസന്ധതയാണ് കാണിക്കുന്നത്. ഇത് ബീഹാറിലെ ജനങ്ങള്‍ക്കും വ്യക്തമായിട്ടുണ്ട് എന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നതും.
ചോദ്യം: നിതീഷ് കുമാറിന്റെ ജെഡി(യു)-വിന് വലിയ ആശ്വാസത്തിന് വകയില്ലെങ്കിലും, ബി.ജെ.പി നില വളരെ മെച്ചപ്പെടുത്തിയിട്ടുള്ളതായി കാണാം. പതിവ് വര്‍ഗീയ ധ്രുവീകരണം അവിടെ കാര്യമായി നടന്നിട്ടുണ്ടോ? അതിനെ നേരിടാന്‍ മഹാഗഡ്ബന്ധന് സാധിക്കാതെ പോയതെന്തുകൊണ്ടാണ്?
ഇത് തീര്‍ച്ചയായും ഒരു വിരോധാഭാസമാണ്. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരണനേതൃത്വത്തില്‍ ഉണ്ടായിട്ടും നിതീഷ് കുമാറിന്റെ ജെ.ഡി(യു)വിന് വിദ്യാഭ്യാസ സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വ്യവസായവല്‍ക്കരണം, കാര്‍ഷികരംഗം ഇവയിലെല്ലാമുള്ള പിന്നാക്കനിലക്ക് ഒരു തരത്തിലുമുള്ള പരിഹാരം കാണാന്‍ സാധിച്ചില്ല എന്നതും, ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ച കുടിയേറ്റത്തൊഴിലാളികള്‍ ഏതു വിധേനയും നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിച്ചപ്പോള്‍ അവരെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടതും കാരണം ബിഹാര്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്ന ഭരണവിരുദ്ധ ജനവികാരം മുഖ്യമായും കേന്ദ്രീകരിക്കാനിടയായത് നിതീഷ് കുമാറിന് എതിരേയായിരുന്നു.
പ്രധാന സഖ്യകക്ഷിയായിരുന്നിട്ടും ബി.ജെ.പിക്കെതിരെ ഇത് തിരിച്ചുവിടപ്പെട്ടില്ല എന്ന് തോന്നുന്നു. ആര്‍.ജെ.ഡിയുടെയും ഇടതുപക്ഷത്തിന്റെയും ബഹുജനാടിത്തറ അത്ര ശക്തമല്ലാത്ത ഒട്ടേറെ മണ്ഡലങ്ങളില്‍ എം.ജി.ബിയെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. എം.ജി.ബി സഖ്യം നല്‍കിയ 70 സീറ്റുകളില്‍ മത്സരിക്കാന്‍ മാത്രം യഥാര്‍ത്ഥത്തില്‍ ബഹുജനാടിത്തറ കോണ്‍ഗ്രസിന് ഉണ്ടായിരുന്നോ എന്നത് ആരും അത്ര കാര്യമാക്കിയിരുന്നില്ല എന്ന് തോന്നുന്നു.
അങ്ങനെയൊരു അസാധാരണ സാഹചര്യം മൂലമാണ് ബി.ജെ.പിക്ക് കാര്യങ്ങള്‍ അനുകൂലമായി വന്നത്. അല്ലാതെ, ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ഇറക്കുമതി വിഷയങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാം എന്ന അവരുടെ ആശയങ്ങളൊന്നും ബിഹാറില്‍ വിലപ്പോയിട്ടില്ല.
370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്നത് രാജ്യദ്രോഹം ആണെന്നും പാക്കിസ്ഥാന്‍ അനുകൂല നിലപാട് ആണെന്നും, ഞങ്ങള്‍ തുക്‌ഡേ തുക്‌ഡേ ഗാങ്ങില്‍ പെട്ടവരാണ് എന്നും തീവ്രഇടതുപക്ഷമാണെന്നും എല്ലാം ആരോപിച്ച ബി.ജെ.പി. നേതാക്കള്‍ക്ക്, ഞങ്ങളുടെ സ്വാധീന മേഖലകളില്‍ ജനങ്ങള്‍ കൃത്യമായി തിരിച്ചടി നല്‍കി. കാശ്മീരില്‍ വസ്തു വാങ്ങുന്നതിന് ബിഹാര്‍ സ്വദേശികള്‍ക്ക് ഇനി തടസ്സമില്ലെന്ന് പ്രസംഗിച്ചവരോട് ഞങ്ങള്‍ ചോദിച്ചത് ഏത് ബിഹാറിയാണ് കാശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്നത് എന്നായിരുന്നു.
ചോദ്യം: മോദിസര്‍ക്കാറിന്റെ ഹിതപരിശോധനയാകാന്‍ സാധ്യതയുള്ള ഒരു തിരഞ്ഞെടുപ്പാണിത് എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ എന്ന മനുഷ്യരെ ഒന്നടങ്കം അടിച്ചമര്‍ത്തുവാന്‍ പ്രയോഗിക്കപ്പെട്ട നടപടിക്കുശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. എന്നാല്‍ മോദി എന്ന വ്യക്തിയുടെ, അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഒക്കെ വിജയമായിട്ടാണ് ഈ വിജയം ആഘോഷിക്കപ്പെടുന്നത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
ഏത് തിരഞ്ഞെടുപ്പ് വിജയത്തെയും ബി.ജെ.പി ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നത് മോദിയുടെയും മോദിയുടെ നയങ്ങളുടെയും വിജയം എന്ന ഒരു വാചകം പൊക്കിപ്പിടിച്ചുകൊണ്ടാണ്. മറ്റൊന്നും പറയാനില്ല എന്ന് അവര്‍ക്കുതന്നെ അറിയാവുന്നതുകൊണ്ടാണ് ഇതേ വാചകം തന്നെ എല്ലാ സ്ഥലങ്ങളിലും, പഴയ റെക്കോഡ് പ്ലെയറിന്റെ സൂചി സ്റ്റക്കായതുപോലെ, ഇങ്ങിനെ പാടിക്കൊണ്ടേയിരിക്കുന്നത്.

നോക്കൂ, മോദിയുടെ ഇപ്പറഞ്ഞ പ്രഭാവം വന്‍സ്വാധീനമായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ ബിഹാറിന്റെ സ്ഥിതി? അങ്ങനെയാണെങ്കില്‍ അവിടത്തെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് ക്ലീന്‍ സ്വീപ്പ് ആവേണ്ടതായിരുന്നില്ലേ? മോദി എന്നത് ഇത്തവണത്തെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കാര്യമായ ഘടകമേ ആയിരുന്നില്ല എന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. 2015ലും അത് അങ്ങനെ തന്നെയായിരുന്നു.
അതേസമയം, മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന്റെയോ ജി.എസ്.ടി പരിഷ്‌കരണങ്ങളുടെയോ പൗരത്വ ബില്ലിന്റെയോ കാര്‍ഷിക പരിഷ്‌കരണ നയങ്ങളുടെയോ അതുപോലെയുള്ള അങ്ങേയറ്റം ജനവിരുദ്ധമായ ഏത് നയങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയിലങ്ങോളമിങ്ങോളം വ്യാപകമായി അലയടിക്കുന്ന മോദിവിരുദ്ധതരംഗത്തിന്റെ പ്രതിഫലനം ഇവിടെയും വ്യക്തമായി കാണാമായിരുന്നു. അത് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇത്.
ചോദ്യം: അടിയന്തിരാവസ്ഥക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍, പൊതുവില്‍ രാജ്യം മുഴുവന്‍ ഇന്ദിരാ ഗാന്ധിയ്‌ക്കെതിരായി വോട്ട് ചെയ്ത ഒരു സവിശേഷചരിത്രം നമുക്കുണ്ട്. നോട്ട് നിരോധനം, കാര്‍ഷിക നിയമങ്ങള്‍, ജി.എസ്.ടി. പരിഷ്‌കാരങ്ങള്‍ തുടങ്ങി പൗരത്വ ഭേദഗതി നിയമത്തിലും ലോക്ക്ഡൗണിലും എത്തിനില്‍ക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായുള്ള ഒരു വികാരമായി ഈ തിരഞ്ഞെടുപ്പ് മാറാതിരുന്നതെന്തുകൊണ്ടാണ്? 1970കളില്‍ നിന്നും 80കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പൗരസമൂഹമായി നമ്മള്‍ മാറിപ്പോയതായോ നമ്മുടെ രാഷ്ട്രീയനിലപാടുകള്‍ മാറിപ്പോയതായോ സംശയിക്കേണ്ടതുണ്ടോ?
തീര്‍ച്ചയായും ആഴത്തില്‍ ചിന്തിക്കേണ്ടുന്ന ഒരു പ്രധാനവിഷയം തന്നെയാണിത്. 70കളില്‍ നിന്നും 80കളില്‍ നിന്നും ഒക്കെ വ്യത്യസ്തമായി, രാജ്യത്തെ സ്റ്റാര്‍ മീഡിയകളില്‍ പലതിന്റെയും പരിപൂര്‍ണ പിന്തുണയോടെ നിരന്തരം നുണപ്രചാരണം നടത്താന്‍ ഹിന്ദുത്വമുന്നണിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. മീഡിയയിലുള്ള ഈ സ്വാധീനമാണ് സമ്മതനിര്‍മാണം എന്ന അവരുടെ ലക്ഷ്യം അതിന്റെ പൂണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കുവാനുള്ള അധികാരം അവര്‍ക്ക് നല്‍കുന്നത്.
അതോടൊപ്പം മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളൊന്നും പരിഹരിക്കുന്നതിനോ പരിഗണിക്കുന്നതിന് പോലുമോ നില്‍ക്കാതെ പകരം രാജ്യരക്ഷ പോലെയുള്ള ഇറക്കുമതി വിഷയങ്ങളാണ് എല്ലാറ്റിലും പ്രധാനമെന്ന തോന്നല്‍ ഭൂരിഭാഗം ആളുകളിലും ഉണ്ടാക്കിയെടുക്കുന്നതില്‍ ഈ മാര്‍ഗങ്ങളിലൂടെ അവര്‍ ഏറെ ദൂരം മുന്നോട്ടുപോയിട്ടുണ്ട്. മോദിയുടെ ലോക്ക്ഡൗണ്‍, അടിയന്തരാവസ്ഥയേക്കാള്‍ എന്തുമാത്രം ഭീകരമായിരുന്നു എന്നത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നമുക്ക് വ്യക്തമാകും.
അത് കൃത്യമായും ഒരു പരീക്ഷണമായിരുന്നു. പ്രഖ്യാപിച്ചേക്കാവുന്ന അടിയന്തരാവസ്ഥയുടെ ഒരു മാതൃക. കഴിഞ്ഞ പത്തുനൂറ് വര്‍ഷങ്ങളായി ക്ഷമയോടെയുള്ള പ്രവര്‍ത്തനപദ്ധതികള്‍ ഘട്ടംഘട്ടംമായി നടപ്പിലാക്കിക്കൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഇന്നത്തെ നിലയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ അവരെ എതിര്‍ക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയബോധവും ബോധ്യങ്ങളും അത്രയേറെ ആഴത്തില്‍ ഉറച്ചതും, ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ടുള്ളതുമായിരിക്കണം. ആ ഒരു രാഷ്ട്രീയബോധത്തെ പോഷിപ്പിക്കാനാണ് ലിബറേഷന്‍ ഇന്ന് ഇന്ത്യയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ചോദ്യം: യോഗേന്ദ്രയാദവിനെപ്പോലെയുള്ള തിരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍ പറയുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ബിഹാര്‍ അത്ര വലിയ വിഷയമൊന്നുമല്ലെന്നാണ്. അതുപോലെ ഇപ്പോള്‍ സംസ്ഥാനരാഷ്ട്രീയം, ദേശീയരാഷ്ട്രീയത്തെ സംബന്ധിച്ച് അത്ര പ്രധാനമൊന്നുമല്ലെന്നും തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങള്‍ ജനാധിപത്യത്തെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ടതല്ലാതായിക്കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?
യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ നടത്തുന്ന നിരീക്ഷണങ്ങളില്‍ ഒരേസമയം കുറച്ചു ശരികളും അതിലേറെ തെറ്റുകളും ഉണ്ട് എന്ന് വിചാരിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ പ്രസക്തമല്ലെന്നും, ഒരു വിധത്തിലും അത് മറ്റ് സംസ്ഥാനങ്ങളില്‍ അനുരണനങ്ങള്‍ ഉണ്ടാക്കുകയില്ലെന്നും ഉള്ള നിലപാട് പ്രത്യക്ഷത്തില്‍ത്തന്നെ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
രാജ്യത്താകമാനം, ഇങ്ങ് തെക്ക് കിടക്കുന്ന നമ്മുടെ സംസ്ഥാനത്തുതന്നെ ഇത്രയേറെ താല്‍പ്പര്യമുണര്‍ത്തിയ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്ത കാലത്തൊന്നും നടന്നിട്ടില്ല.
പിന്നെ, ഒരു നിയോലിബറല്‍ ആഗോളക്രമത്തിലെ കൂടുതല്‍ കരുത്തരായ രാജ്യങ്ങളും സ്ഥാപനങ്ങളും ഭൂഖണ്ഡാന്തര കോര്‍പ്പറേറ്റ് ഒലിഗാര്‍ക്കികളും ചേര്‍ന്ന് പരമാധികാര റിപ്പബ്ലിക്കുകള്‍ക്ക് മേലെ ലോകത്തെവിടെയായാലും ചെലുത്തുന്ന ആധിപത്യത്തിന്റെ തോതിനനുസരിച്ച് തെരഞ്ഞെടുപ്പുകളും ദേശീയ പാര്‍ലമെന്റുകളും ജനകീയ സര്‍ക്കാരുകളും കൂടുതല്‍ കൂടുതല്‍ പ്രഹസനങ്ങള്‍ ആകുന്നു എന്ന അര്‍ത്ഥത്തില്‍, ഇതില്‍ ഒരു വശം സത്യമാണ്.
ഒരു ഉദാഹരണത്തിന് കശ്മീര്‍ വിഷയം എടുക്കുക. ഇന്ത്യയുടെ ആഭ്യന്തരകാര്യമായി ഭരണവര്‍ഗങ്ങളും അവര്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വിശേഷിപ്പിക്കുന്നതുകൊണ്ട് മാത്രം കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഭരണകൂട അടിച്ചര്‍ത്തലിനെയും AFSPA പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാലമായി നിലനിര്‍ത്തുന്ന സൈനിക സ്വേച്ഛാധിപത്യത്തേയും ഫെഡറല്‍ അവകാശങ്ങളും പ്രത്യേക സംസ്ഥാന പദവിയും ഒറ്റയടിക്ക് റദ്ദാക്കുന്ന ഭരണഘടനാഭേദഗതിയേയും ഇന്ത്യയിലെ പുരോഗമന കക്ഷികള്‍ അംഗീകരിക്കുമോ?
പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യക്ക് ഏത് സ്വഭാവത്തില്‍ ഉള്ളതായിരിക്കണം എന്ന് നിശ്ചയിക്കപ്പെടുന്നത് ഭരണത്തിലുള്ള പാര്‍ട്ടിയുടെയോ മുന്നണിയുടെയോ കേവലമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അപ്പുറത്തുള്ള മറ്റ് ഘടകങ്ങളുടെ കൂടി സ്വാധീനപ്രകാരം ആയിരിക്കും. ആ അര്‍ത്ഥത്തില്‍, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനചട്ടക്കൂടില്‍ നിന്നും ഇന്ത്യാ റിപ്പബ്ലിക്കിന്റെ മൗലികനിലപാട് ആയ ചേരിചേരാ നയത്തില്‍നിന്നും ഏറെ അകന്നുപോയതും, ഏറെക്കുറെ തുറന്ന രീതിയില്‍ അമേരിക്കന്‍ - നേറ്റോ ശക്തികളോട് വിധേയത്വം പുലര്‍ത്തുന്നതുമായ ഒരു വിദേശനയം കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ പിന്തുടരുന്നു.
ഇതിന്റെ പ്രത്യയശാസ്ത്ര അനുബന്ധം പോലെ ആധുനികതയുടെ മൂല്യപരിസരത്ത് നിന്ന് ഐക്യരാഷ്ട്രസഭ ഒരിക്കല്‍ വിളംബരം ചെയ്ത സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തേയും മറ്റും കാറ്റില്‍ പറത്തുന്ന തീവ്ര വലത് ആശയങ്ങള്‍ക്കൊപ്പം സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ്-ഇടതുപക്ഷ-പുരോഗമന രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള ന്യായം

(ലെജിറ്റിമസി) തന്നെ ചോദ്യം ചെയ്യുന്ന വീക്ഷണങ്ങള്‍ നിയോലിബറല്‍ ലോകക്രമത്തിന്റെ പ്രത്യയശാസ്ത്ര ഉപരിഘടനയില്‍ പുതിയ സാധാരണത്വം ആയി ഉറപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നു.
മേല്‍പ്പറഞ്ഞ അര്‍ത്ഥത്തില്‍ ആണെങ്കില്‍ മാത്രം യോഗേന്ദ്രയാദവ് പ്രകടിപ്പിച്ച അഭിപ്രായത്തില്‍ ശരിയുടെ അംശം ഉണ്ടെന്ന് അംഗീകരിക്കാം. എന്നാല്‍പ്പോലും, ഇതിനെ മാറ്റിത്തീര്‍ക്കാന്‍ മര്‍ദ്ദിതരായ ഭൂരിപക്ഷത്തിന്റെ മുന്നില്‍ എന്താണ് വഴി എന്ന ചോദ്യം ഉണ്ട്. നീതിരഹിതമായ ഒരു വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം ഫലം കാണണമെങ്കില്‍ മര്‍ദ്ദിത ഭൂരിപക്ഷം പ്രതിരോധത്തില്‍ ഐക്യപ്പെടുകയും അതിനായി പ്രത്യയശാസ്ത്രപരമായി ആയുധമണിയുകയും വേണം.
ചോദ്യം: ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ പോലും അതിര്‍ത്തികള്‍ വിശാലമാക്കപ്പെട്ടതായി താങ്കളുടെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ദീപങ്കര്‍ ഭട്ടാചാര്യ ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അതിന്റെ ഭാഗമായിട്ടാണ് നേരത്തെ സ്വത്വപ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന സംഘടനകള്‍ പലതും ഇപ്പോള്‍ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള സാമൂഹിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ നിലവിലെ സ്വത്വരാഷ്ട്രീയപശ്ചാത്തലത്തില്‍ ഇതൊന്ന് വിശദമാക്കാമോ?
രാജസ്ഥാനില്‍, രൂപ് കന്‍വര്‍ എന്ന പതിനെട്ടുകാരിയെ, അവര്‍ എട്ടുമാസം മുമ്പ് വിവാഹം ചെയ്ത ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് അയാളുടെ ചിതയിലേക്ക് വലിച്ചെറിഞ്ഞ് ചുട്ടുകൊന്നത് 1987ലാണ്. തൊട്ടുപിറകേ 1989ല്‍ രാജസ്ഥാന്‍ ഹൈക്കോടതിക്ക് മുന്നില്‍ മനുസ്മൃതികാരനായ മനുവിന്റെ പ്രതിമ സ്ഥാപിക്കുന്നു. സംസ്ഥാനത്ത് ജുഡീഷ്യറിയുടെ പരമോന്നതസ്ഥാനമായ സ്ഥാപനത്തിന്റെ മുന്നിലാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ഇതെല്ലാം നടക്കുന്നത് ബി.ജെ.പി അധികാരത്തിലുള്ള സമയത്തല്ല എന്നത് പ്രത്യേകം ഓര്‍ക്കണം.
വേണമെങ്കില്‍ അന്നത്തെ സര്‍ക്കാറുകള്‍ക്ക് ഇതെല്ലാം തടയാമായിരുന്നു. പക്ഷെ അന്ന് ഭരണകര്‍ത്താക്കള്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തോട് മൃദുസമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. മനുസ്മൃതി നമ്മള്‍ വായിച്ചാലും ഇല്ലെങ്കിലും അതിലുള്ള പ്രമാണങ്ങള്‍, സ്ത്രീകളെക്കുറിച്ചും അധഃസ്ഥിതജാതികളെക്കുറിച്ചും ഒക്കെ അത് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ എന്നിവയെല്ലാം അങ്ങേയറ്റം പ്രതിലോമകരമായവയാണ്; അവ പല രൂപത്തിലും സമൂഹത്തില്‍ നിലനില്‍ക്കുന്നുമുണ്ട്.
പക്ഷെ ഈ ആശയങ്ങളെയും അതിന്റെ സ്ഥാപനത്തെയുമാണ് മനുവിന്റെ പ്രതിമ അവിടെ സ്ഥാപിച്ചവര്‍ മുതല്‍ യോഗി ആദിത്യനാഥ് വരെയുള്ളവര്‍ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള പ്രചാരണമാണ് അവര്‍ നാടെങ്ങും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ഇപ്പോള്‍ വളരെ കാര്യമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധനിലപാടുകളും അതിന്റെ ആശയപിന്‍ബലവും എല്ലാം മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ബ്രാഹ്മണ്യധാരണകളുടെ മേലെ കെട്ടിപ്പൊക്കിയതാണ്.
സംവരണവിരുദ്ധതയെ ഇന്ത്യയിലെ മിക്ക കമ്യൂണിസ്റ്റ് പാര്‍ട്ടികളും അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുത്തിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. സംവരണത്തിന്റെ ലക്ഷ്യമെന്താണ് എന്നോ ഭരണഘടനയില്‍ എന്തുകൊണ്ടാണ് സംവരണത്തെക്കുറിച്ച് ഇത്ര കാര്യമായി എഴുതിച്ചേര്‍ത്തിട്ടുള്ളതെന്നോ പലപ്പോഴും ആലോചിക്കപ്പെടുന്നേയില്ല. ജനസംഖ്യക്ക് ആനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തമാണ് സംവരണം എന്നതുകൊണ്ട് ഭരണഘടന ലക്ഷ്യമാക്കുന്നത്. അല്ലാതെ സോഷ്യലിസത്തിന്റെ ഒരു ബദലല്ല സംവരണം; സാമ്പത്തികസമത്വമല്ല ഇതിന്റെ ഉദ്ദേശ്യം.
രാഷ്ട്രീയാധികാരത്തില്‍ ജനസംഖ്യക്ക് ആനുപാതികമായ സാമുദായിക പങ്കാളിത്തത്തോടെ സാമൂഹ്യനീതി എന്ന തത്വമാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഇത് പലപ്പോഴും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് സാമ്പത്തികസംവരണം എന്ന ആശയം മുന്നോട്ടുവക്കപ്പെടുന്നത്. ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള ഒരു സര്‍ക്കാറാണ് സംവരണത്തെ അപ്പാടെ അട്ടിമറിക്കുന്ന ഇത്തരം ഒരു ഭരണഘടനാഭേദഗതി പാര്‍ലമെന്റില്‍ മുന്നോട്ടുവെക്കുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആ ബില്ലിനെ എതിര്‍ത്തത് മൂന്നേ മൂന്ന് എം.പി.മാരാണ് എന്നത് നമ്മള്‍ പ്രത്യേകം ഓര്‍ക്കണം. രണ്ട് മുസ്‌ലിംലീഗ് എം.പി.മാരും ഒവെയ്‌സിയുമായിരുന്നു ഇതിനെ എതിര്‍ത്ത എം.പി.മാര്‍. പിന്നാക്കജാതികളോ ദളിത് കക്ഷികള്‍ എന്ന് അവകാശപ്പെടുന്ന ബി.എസ്.പി പോലുമോ ഈ ഭേദഗതിയെ എതിര്‍ത്തിട്ടില്ല. സി.പി.ഐ (എം.എല്‍.) ലിബറേഷന് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കില്‍ 103-ാം ഭരണ ഘടനാഭേദഗതിയിലൂടെ "സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍ക്ക്' എന്ന പേരില്‍ സംവരണം ഏര്‍പ്പെടുത്തിയതിനെ ഞങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുമായിരുന്നു.
ചോദ്യം: ബീഹാര്‍ തിരഞ്ഞെടുപ്പിനെയും ഫലത്തെയും പാര്‍ട്ടി എങ്ങനെയാണ് വിലയിരുത്തുന്നത്?
പൊതുവില്‍ ഇടതുപക്ഷവും ഞങ്ങളുടെ പാര്‍ട്ടിയും താഴേക്കിടയില്‍ - ദരിദ്രഗ്രാമീണര്‍ക്കിടയിലും അസംഘടിത തൊഴിലാളികള്‍ക്കിടയിലും കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അതുപോലുള്ള ആയിരക്കണക്കിന് ആളുകള്‍ക്കിടയിലും ഒക്കെ - നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കുന്ന ഫലമാണിത് എന്നതാണ് ഏറ്റവും പ്രധാന കാര്യം. മൂന്ന് D കളിലായിരുന്നു ഞങ്ങളുടെ അജണ്ട കേന്ദ്രീകരിച്ചിരിക്കുന്നത്. Dignity (അന്തസ്സ്), Development (വികസനം), Democracy (ജനാധിപത്യം).
ഒട്ടും ഭയമില്ലാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉദാഹരണമായി, മുസ്‌ലിം യുവതയുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ മിക്ക പാര്‍ട്ടികള്‍ക്കും മനംപിരട്ടും. ഇത്തരം സാഹചര്യങ്ങളെ മികച്ച രീതിയില്‍ അതിജീവിക്കുവാന്‍ വേണ്ട ധീരതയും രാഷ്ട്രീയനിലപാടുകളില്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയുമാണ് ഈ വിജയത്തിലേക്ക് ഞങ്ങളെ നയിച്ചിട്ടുള്ളത്.
അടിസ്ഥാനവര്‍ഗത്തിനിടയില്‍ നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തന്നെയാണ് ഈ വിജയത്തിലേക്കുള്ള ഞങ്ങളുടെ ചുവട്, അല്ലാതെ ഏതെങ്കിലും ഒരു നേതാവിന്റെ നെഞ്ചളവോ, പ്രസംഗമോ ഒന്നുമല്ല. ഇടതുപക്ഷം വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സുദീര്‍ഘവും നിശബ്ദവുമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും തന്നെയാണ് വിജയത്തിലേക്കുള്ള പടികളായി വര്‍ത്തിച്ചിട്ടുള്ളത്.
ചോദ്യം: അടുത്ത വര്‍ഷം പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ പശ്ചിമബംഗാള്‍ എന്തായാലും താങ്കളുടെ പാര്‍ട്ടിയുടെ സവിശേഷ പരിഗണനയിലുണ്ടാകുമല്ലോ. അതുമായി ബന്ധപ്പെട്ട സ്ട്രാറ്റജികള്‍ പ്ലാന്‍ ചെയ്ത് തുടങ്ങിയിട്ടുണ്ടോ?
ഞങ്ങളെ സംബന്ധിച്ച് ബംഗാളിലാണെങ്കിലും ഇന്ത്യയില്‍ എവിടെയാണെങ്കിലും ബി.ജെ.പിയും അതുള്‍പ്പെടുന്ന ഹിന്ദുത്വമുന്നണിയും തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയ ശത്രു. ബംഗാളില്‍ ഇപ്പോള്‍ അധികാരത്തിലുള്ളത് തൃണമൂല്‍ കോണ്‍ഗ്രസാണ്. തീര്‍ച്ചയായും ഇടതുപക്ഷത്തിന്റെ എതിര്‍ചേരിയില്‍ പെടുന്ന, നിര്‍ബന്ധമായും എതിര്‍ക്കപ്പെടേണ്ടുന്ന പാര്‍ട്ടി തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
എന്നുവച്ച് ബി.ജെ.പിയെയും ടി.എം.സിയെയും ഒരേ നുകത്തിന് കെട്ടാം എന്ന് ഞങ്ങള്‍ കരുതുന്നില്ല. നാളെ ബംഗാളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണം ഉണ്ടായേക്കാമെന്ന ഭീഷണി ഞങ്ങള്‍ തള്ളിക്കളയുന്നില്ല. അങ്ങനെ വരികയാണെങ്കില്‍ മറ്റെന്തിനെക്കാളും ഭീകരമായ വെല്ലുവിളിയായിരിക്കും അതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
അതേസമയം ബംഗാളില്‍ സി.പി.എമ്മും മറ്റ് ഇടത് കക്ഷികളും ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് വേണ്ടത്ര ജാഗ്രത കാണിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ ലിബറേഷനെ സംബന്ധിച്ച ഏറ്റവും വലിയ വേവലാതി ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ കുറയുന്നതോടൊപ്പം അവരുടെ ചെലവില്‍ ബി.ജെ.പിക്ക് വോട്ട് വര്‍ദ്ധിക്കുന്നു എന്നുള്ളതാണ്. അതുപോലെ അവിടെയുള്ള ഇടത്-കോണ്‍ഗ്രസ് ധാരണകളെ സ്വന്തം അധീനതയിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മറ്റ് ഇടതുകക്ഷികള്‍ ഇക്കാര്യത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല.
ചോദ്യം: അവിടെ കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കാനിടയില്ല എന്നാണോ അപ്പറഞ്ഞതിന്റെയര്‍ത്ഥം?
അങ്ങനെ അസന്ദിഗ്ദ്ധമായി പറയാനാവില്ല. ബംഗാളില്‍ കോണ്‍ഗ്രസിന് ഒരു വല്യേട്ടന്‍ മനോഭാവമുണ്ട്. ഇതേ കോണ്‍ഗ്രസ്, ഇതേ മനോഭാവത്തോടെ നിന്നുകൊണ്ട് തന്നെയാണ് ബിഹാറില്‍ 70 സീറ്റുകളില്‍ മത്സരിക്കുന്നതും അതില്‍ വെറും 19 സീറ്റുകള്‍ മാത്രം നേടുന്നതും. ബംഗാളില്‍, കോണ്‍ഗ്രസിന്റെ ഈ വല്യേട്ടന്‍ ചമയലിന് ഇടതുപക്ഷം കീഴടങ്ങേണ്ടിവന്നാല്‍ അത് ബംഗാളിനെ സംബന്ധിച്ച് അങ്ങേയറ്റം ആത്മഹത്യാപരമായ ഒരു നീക്കമാവും എന്ന കാര്യത്തില്‍ സംശയമേയില്ല.
നിങ്ങള്‍ തമിഴ്‌നാടിനെ പറ്റി സൂചിപ്പിച്ചല്ലോ. അവിടത്തെ അവസ്ഥയൊന്ന് നോക്കൂ. അരുന്ധതി റോയിയുടെ വാക്കിങ് വിഥ് ദ് കോമ്രേഡ്‌സ് എന്ന പുസ്തകം ഇംഗ്ലീഷ് ബിരുദാനന്തരബിരുദ പഠനത്തിന്റെ സിലബസില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ് തിരുനെല്‍വേലിയിലെ മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാല. എ.ബി.വി.പിയെപ്പോലെയുള്ള ഒരു തീവ്ര സവര്‍ണ ഹിന്ദുത്വരാഷ്ട്രീയ സംഘത്തിന്റെ തിട്ടൂരങ്ങള്‍ക്ക് വഴിപ്പെട്ടുപോവുകയാണ്, ദ്രാവിഡരാഷ്ട്രീയത്തിന്റെ അപരിമേയമായ സാധ്യതകളെ മുന്നോട്ടുവച്ച സംസ്ഥാനത്തിലെ ഒരു സര്‍വകലാശാല എന്നത് എന്തുമാത്രം ഞെട്ടിപ്പിക്കുന്നതാണ്.
ഇത്തരം വഴങ്ങിക്കൊടുക്കലുകളെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന ജനാധിപത്യ രാഷ്ട്രീയബോധ്യങ്ങളിലേക്ക് ഓരോ പ്രദേശവും സമൂഹവും വ്യക്തികളും ഉണരേണ്ടതുണ്ട് എന്നതിലേക്ക് തന്നെയാണ് ഇക്കാര്യവും വിരല്‍ ചൂണ്ടുന്നത്. ഞങ്ങളുടെ ശ്രമവും അത് തന്നെയാണ്.
ചോദ്യം: കേരളത്തിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാവാന്‍ പോവുന്ന ഒന്നായിരിക്കും. ഹിന്ദുത്വ അജണ്ടക്ക് കാര്യമായ മുന്നേറ്റം ഇന്നുവരെയും തീരെ ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന ഒരു സംസ്ഥാനമാണ് കേരളം. ഈ തിരഞ്ഞെടുപ്പില്‍ ഒറ്റക്കോ മുന്നണികളുടെ ഭാഗമായോ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എന്താണ് അതിനെക്കുറിച്ച് പൊതുവെ പറയാനുള്ളത്?
ജനങ്ങളെ വോട്ട് ബാങ്കുകളായി കാണുന്ന ഒരു രീതിയാണ് കേരളത്തില്‍. അധികാരത്തിനുവേണ്ടിയുള്ള അവസരവാദപരമായ നീക്കങ്ങളാണ് അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്നതും. അത് മാറി യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങളെ പരിഗണിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് വരണം. ഇതിനാദ്യം ജനങ്ങളെ വോട്ട് ബാങ്കുകളായി കാണുന്ന രീതി ഒഴിവാക്കിയേ പറ്റൂ.
ഇസ്‌ലാമോഫോബിയയും മറ്റും വളര്‍ത്തുന്ന രീതിയിലുള്ള കാലഹരണപ്പെട്ട സെക്യുലറിസ്റ്റ് വ്യവഹാരങ്ങളാണ് മാറേണ്ടത്; അല്ലാതെ സെക്യുലറിസം പാഴായ ആശയമാണ് എന്ന് വിലപിക്കുകയല്ല വേണ്ടത്. മതവിശ്വാസത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാടുകളൊക്കെയായിരിക്കണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍ക്ക് മതങ്ങളോടുള്ള സമീപനത്തെ രൂപപ്പെടുത്തേണ്ടതില്‍ ഉണ്ടായിരിക്കേണ്ടത്. മതം ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത സാഹചര്യങ്ങളിലെ ആത്മാവും മര്‍ദിതരുടെ നെടുവീര്‍പ്പും ‘ജനങ്ങളുടെ കറുപ്പും' ആണെന്ന് മാര്‍ക്‌സ് നിരീക്ഷച്ചതിനേക്കാള്‍ നന്നായി അക്കാര്യത്തെക്കുറിച്ച് പിന്നീടാരും ലോകത്തിതുവരെ പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.
കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഏത് രീതിയിലുള്ള സമീപനം എടുക്കണം എന്നത് സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗിക നിലപാട് എടുത്തിട്ടില്ല. അതിന് ശേഷം മാത്രമേ അതിനെക്കുറിച്ച് എന്തെങ്കിലും പറയാനാവൂ. യഥാര്‍ത്ഥ ഇടതുപക്ഷശക്തികളുടെ ഐക്യം വികസിപ്പിക്കാനും ഫാസിസ്റ്റ് ഹിന്ദുത്വത്തെ പരാജയപ്പെടുത്താനും സാധ്യമായതിന്റെ പരമാവധി സംഭാവന നല്‍കുക എന്നതാണ് ഞങ്ങളുടെ നയം.
സുകന്യ
20 Nov 2020, 04:04 PM
വേണുവാട്ടാ നന്നായി പറഞ്ഞു .... ഇത് അത്ര യും ഉൾക്കൊള്ളാൻ എനിക്ക് കഴിഞൊ എന്ന് എനിക്കറിയില്ല ... എന്നാലും കുറെയൊക്കെ മനസ്സിലായിട്ടുണ്ട് .... നന്നായിരുന്നു ... 👍👍
അഭിനവ്
15 Nov 2020, 04:27 PM
വളരെ കൃത്യതയും ക്ലാരിറ്റിയുമുള്ള നിലപാടുകൾ, അതീവ പ്രസക്തവും.
അഭിനവ്
15 Nov 2020, 04:27 PM
വളരെ കൃത്യതയും ക്ലാരിറ്റിയുമുള്ള നിലപാടുകൾ, അതീവ പ്രസക്തവും.
Thankachan
14 Nov 2020, 06:30 PM
GOOD
Rajan
14 Nov 2020, 05:23 PM
അഭിമുഖം നന്നായിരിക്കുന്നു. ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും യോജിച്ച പ്രവർത്തനവും കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നാണ്. വളരെ ഫ്ലക്സിബ്ൾ ആയ ഒരു സമീപനവും ഇതിനാവശ്യമാണ്. തീർച്ചയായും തെരഞ്ഞെടുപ്പും അതിൻ്റെ ഭാഗമാണുതാനും. അതോടൊപ്പം തന്നെ രാജ്യത്ത് വളർന്നു വരേണ്ട വർഗ-ബഹുജനസമരങ്ങൾക്കുനേതൃത്വം കൊടുക്കുകയും അതിൻ്റെ അലകൾ രാജ്യമെമ്പാടുമെത്തിക്കുന്നതിലും ഇടതുപക്ഷ ഐക്യം വളരേണ്ടതുണ്ട്.ഇത്തരം പ്രശ്നങ്ങളിലാണ് ഇതൊരു വെല്ലുവിളിയായി മാറുക. പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്നു കൊണ്ട് കേന്ദ്ര മോഡി ഗവ: നയങ്ങൾ അതേ ആവേശത്താൽ നടപ്പിലാക്കുകയാണ് സി.പി.ഐ, സി.പി.ഐ (എം) പാർട്ടികൾ. നിയോലിബറലിസവും പാർല്ലമെൻറി അധികാര വ്യവസ്ഥയുമായി സന്ധി ചെയ്ത മുഖ്യധാരാ ഇടതുപക്ഷം കേരളത്തിൻ്റെ തന്നെ ഇടതു മതേതര പാരമ്പര്യത്തിനും പുരോഗമന ചിന്തകൾക്കും വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിഷയത്തെക്കൂടി അഭിസംബോധന ചെയ്യാതെ നമുക്കു മുന്നേറുക അസാധ്യമാവും.
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
പി.ടി. ജോണ്‍ / മനില സി. മോഹന്‍
Dec 09, 2020
49 Minutes Watch
അനുരാധ സാരംഗ്
Nov 27, 2020
7 Minutes Read
രേഖാ രാജ്
Nov 27, 2020
15 Minutes Read
Praveen
13 Dec 2020, 04:03 PM
Well said. All the best.