ജന ഗണ മന: രാഷ്​ട്രീയം പറയുന്ന മലയാള സിനിമ

ഫാസിസത്തിന്റെ സർവ അധികാരങ്ങളും ഉപയോഗിച്ച് പ്രതികരിക്കുന്നവരെ രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്ന സമയത്ത് ജന ഗണ മന എന്ന സിനിമ ഒരു പ്രതിരോധക്കാഴ്​ചയാണ്​.

ലയാള സിനിമയിൽ രാഷ്ട്രീയത്തെ അവതരിപ്പിക്കുമ്പോൾ നമ്മുടെ പതിവുകാഴ്ച എത്തുക അധികാരത്തെ നിയന്ത്രിക്കുന്ന നേതാക്കളിലാണ്. അവരുടെ ബിസിനസ്, കള്ളക്കടത്ത്, തെരഞ്ഞെടുപ്പിൽ പ്രകടമാകുന്ന പ്രച്ഛന്ന വേഷങ്ങൾ തുടങ്ങിയവ നിരന്തരം ആവർത്തിക്കപ്പെടുന്നതാണ്. ശ്രിനിവാസന്റെ സന്ദേശത്തിൽ കമ്യൂണിസ്റ്റ് അപചയങ്ങളെ കാണിക്കുമ്പോൾ നേതാവ്, അധികാരം എന്നിവ പ്രകടിത ചിഹ്നമായി കത്തിക്കയറുന്നുണ്ട്. തുടർന്നുവന്ന നിരവധി സിനിമയിലും നേതാവിനെ മുൻ നിർത്തി രാഷ്ട്രീയത്തിലെ ജീർണ്ണതകളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ് പതിവ്. അവിടെയൊന്നും തിരക്കഥാകാരനും സംവിധായകനും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അതാത് കാലത്തെ സാമൂഹികാവസ്ഥയെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാൻ തയ്യാറാവാറില്ല. അപൂർവ്വമായി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അതിൽ ജാതിയുടെ രാഷ്ട്രീയത്തെ യാഥാർത്ഥ്യ ഫ്രയിമിൽ രൂപപ്പെടുത്താൻ ധൈര്യം കാണിക്കാറില്ല. പകരം ആറാം തമ്പുരാനും നായർ തറവാടിത്തത്തിന്റെ മഹിമയും അല്ലെങ്കിൽ അതിൽ സംഭവിച്ച മാറ്റങ്ങളെയും നഷ്ട സമ്പന്നതയായിട്ടാണ് കാണിക്കാറ്. അപ്പോഴും തമിഴ് സിനിമയിൽ ജാതിയുടെ ഭീകരത പറയുന്ന നിരവധി സിനിമകളുണ്ടാവുന്നു.

ഈ പശ്ചാത്തലത്തിലാണ് ഷാരീസ് മുഹമ്മദ് തിരക്കഥയും ഡിജോ ജോസ് ആന്റണി സംവിധാനവും നിർവ്വഹിച്ച ജന ഗണ മനപറഞ്ഞ രാഷ്ട്രീയത്തെ പരിശോധിക്കേണ്ടത്. പൃഥിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന്​ നിർമ്മിച്ച ഈ സിനിമയുടെ കാഴ്ചയെ വിശകലനം ചെയ്യേണ്ടത് ഇന്ത്യൻ വാർത്തമാനത്തിൽ നിന്നു തന്നെയാണ്.

മലയാളത്തിന്റെ അതിരുകളെ ഭേദിച്ച് സിനിമക്ക് ഇന്ത്യൻ കാഴ്ചയുടെ പരിസരം ഒരുങ്ങുന്നത് പല കാരണത്താലാണ്. അതിലൊന്ന്​, സമകാലിന ദേശീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അധികാര മണ്ഡലത്തെ സിനിമ സധൈര്യം തൊട്ട് നിന്ന് സംസാരിക്കുന്നു എന്നതാണ്. മറ്റൊന്ന് കാഴ്ചയ്ക്കോ, കേൾവിയ്ക്കോ ഒരു തരി പോറ​ലേൽക്കാതെ തമിഴും, കന്നഡയും , ഹിന്ദിയും കടന്നുപോകുമ്പോൾ "ജന ഗണ മന' കേരള ഭൂപരിധിയെ അനായാസം മറികടക്കുന്നു. അതാകട്ടെ ഒരു കോമേഴ്സ്യൽ സിനിമയുടെ വിജയത്തിനുവേണ്ടി ചേർത്ത മസാലയല്ല. മറിച്ച് രാജ്യത്തെ സെൻറർ യൂണിവേഴ്സിറ്റികളിൽ എങ്ങനെയാണ് രാഷ്ട്രീയവും ജാതിയും ഭരണകൂട താത്പര്യത്താൽ ശക്തമാകുന്നത് എന്നു കാണിച്ചു കൊണ്ടാണ്.

രോഹിത് വെമുല

പ്രമേയ പരിസരത്തെപ്പോലെ ഭാഷയുടെ പരിസരം ഇന്ത്യ എന്ന തലത്തിലേക്ക് വികാസം പ്രാപിക്കുമ്പോൾ സമീപ - ഭൂത കാലത്തെ ചില സംഭവങ്ങൾ നമ്മെ പിടിച്ചുകുലുക്കും. ഹൈദരബാദ് യുണിവേഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയെയും മദ്രാസ് ഐ. ഐ. ടിയിൽ ആത്മഹത്യ ചെയ്ത മലയാളിയായ ഫാത്തിമ ലത്തീഫിനെയും ഓർക്കാം. ആ പേരുകൾക്കൊപ്പം, നൂറിൽ കൂടുതൽ വിദ്യാർത്ഥികളുണ്ടെന്നു കൂടി ഓർക്കേണ്ടതുണ്ട്. സിനിമ കൃത്യമായി അഭിസംബോധന ചെയ്യുന്നത് അത്തരം ആത്മഹത്യകളുടെ അടിസ്ഥാന കാരണങ്ങളെയാണ്.

സുരാജ് വെഞ്ഞാറ്മൂട് അവതരിപ്പിച്ച സജ്ജൻ കുമാർ എന്ന എ. സി. പി യും പൃഥിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥ് എന്ന വക്കീലും ഇന്ത്യൻ വർത്തമാന രാഷ്ട്രീയവസ്ഥയിലേക്ക് ഇറങ്ങിനിൽക്കുമ്പോൾ ജന ഗണ മന ഫാസിസ്റ്റ് വിരുദ്ധരുടെ കൈയ്യടിയിൽ അമരുന്നു. അവിടെ പ്രതികരണത്തിന് വലിയ പ്രാധാന്യമുണ്ട്. സിനിമ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൊളിറ്റിക്സ് ക്ലാസിൽ നിറയെ വിദ്യാർത്ഥികളെ കണ്ടപ്പോൾ അധ്യാപകൻ പറയുന്നുണ്ട്, ‘പൊളിറ്റിക്സിൽ തിയ്യറിയല്ല, പ്രാക്ടിക്കലും പ്രധാനമാണ്​’ എന്ന്​. ആ പറച്ചിൽ വിദ്യാർത്ഥികളെ സമരരംഗത്തേക്ക് എടുത്തിടുന്നുണ്ട്.

കോളേജിലെ എല്ലാ കുട്ടികൾക്കും പ്രിയങ്കരിയായ അദ്ധ്യാപിക സബ മറിയത്തിന്റെ (മമത മോഹൻദാസ്) മരണം സ്വാഭാവികമല്ല എന്ന് സ്ഥാപിക്കുന്നത് മീഡിയയാണ്‌. ബലാൽസംഗത്തെ തുടർന്ന് കത്തിച്ച സബക്ക്​​​ ​നീതി കിട്ടുന്നതിനുവേണ്ടിയുള്ള പോരാട്ടമാണ് ഇന്ത്യൻ കാമ്പസിനകത്തെ ജാതിക്കോട്ടകളിലേക്ക് പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുകെട്ടുന്നത്. ഒപ്പം പ്രതികളെക്കുറിച്ചുള്ള പൊതുബോധം എങ്ങനെ നീതിയെ വ്യഖ്യാനിക്കാതെ തീർപ്പുണ്ടാകുന്നു എന്നതും.

2019-ൽ 29- വയസ്സുള്ള സ്​ത്രീ ഹൈദരാബാദിൽ ലൈംഗികാക്രമണത്തിനിരയായതും പ്രതികൾ ഏറ്റുമുട്ടലിൽ കൊല ചെയ്യപ്പെട്ടതും മധുരം നൽകി ആഘോഷിച്ചവരാണ് നമ്മളിൽ ഭൂരിപക്ഷവും. അവിടെ നീതിവിചാരണക്ക് പ്രസക്തിയില്ലാതാകുന്നത് കുറ്റത്തിന്റെ കാഠിന്യം കൊണ്ടാണ്. സബയുടെ (ടീച്ചർ) മരണകാരണവും ലൈംഗികാക്രമണവും തുടർന്നുള്ള കത്തിക്കലുമാണ്. പ്രതികളായി അവതരിപ്പിച്ച നാല് യുവാക്കളെ വെടിവെച്ച് കൊല്ലാൻ സജ്ജൻ കുമാർ എന്ന പോലിസ് ഉദ്യോഗസ്ഥൻ തയ്യാറായപ്പോഴും മധുരം നൽകി അത് ആഘോഷിച്ചു. പക്ഷെ അതിനിടയിൽ നീതിവിചാരണ എന്തുകൊണ്ട് നടക്കാതെ പോകുന്നു എന്നതാണ് ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരമാണ് ജന ഗണ മന.

സിനിമയിൽ ഇരയ്ക്ക് വേണ്ടിയുള്ള ഒന്നിപ്പ് മർദ്ദകന്റെ മുന്നിൽ ധിക്കാരമായി മാറുന്നു. ഇത് രോഹിത് വെമുലയുടെ കാര്യത്തിലും പൗരത്വ വിഷയത്തിൽ ജെ. എൻ. യുവിലും നാം കണ്ടതാണ്. സിനിമയിൽ സബ തന്റെ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ദലിത്​ വിദ്യാർഥി വിദ്യക്ക്​ നീതി ലഭ്യമാക്കാൻ പുറപ്പെടുമ്പോൾ 2014-നു ശേഷം (ഈ തിയ്യതി സിനിമ തുടങ്ങുമ്പോൾ തന്നെ കാണിക്കുന്നുണ്ട്.) കേന്ദ്ര സർവ്വകലാശാലകളിൽ നടക്കുന്ന ജാതിവേട്ടയുടെ ചിത്രം ഒന്നൊന്നായി നാം കാണുകയാണ്.

കോടതിയിലെ വാദത്തിനിടയിൽ അഡ്വ. അരവിന്ദ് സ്വാമിനാഥ് പറയുന്നുണ്ട്, കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്ര സർവ്വകലാശാലയിൽ 52 ആത്മഹത്യകൾ നടന്നു എന്ന്.( സർക്കാർ കണക്കിൽ അത് 110- മുകളിലാണ് ) വിദ്യ എന്ന ദലിത് പെൺകുട്ടി തന്റെ പി എച്ച് ഡി കൃത്യമായി തയ്യാറാക്കിയിട്ടും അതിനെ അംഗീകരിക്കാൻ പ്രൊഫ. വിദ്യാധരൻ തയ്യാറല്ല. അതിനുകാരണം, വിദ്യയുടെ നിറമാണ്, ജാതിയാണ്. പ്രൊഫസർ വിദ്യയോട് കണ്ണാടിയിലേക്ക് നോക്കാൻ പറയുന്നുണ്ട്. എന്നു മാത്രമല്ല കക്കൂസ് കഴുകുന്നവർക്ക് കിട്ടേണ്ടതല്ല പി എച്ച് ഡി എന്ന് വിദ്യാർത്ഥിയുടെ മുഖത്തുനോക്കിയാണ് പറഞ്ഞത്. സിനിമക്കു പുറത്ത് എന്തുമാത്രം വർണ, വംശീയതയാണ് രാജ്യത്തെ സെൻറർ യൂണിവേഴ്സിറ്റികളിൽ നടക്കുന്നത്. അത് പലപ്പോഴും പുറത്തുവരാത്തത് ഇരകൾ തങ്ങൾക്ക് ചുറ്റുമുള്ള വർണ്ണാധികാര ഘടനയെ ഭയക്കുന്നതുകൊണ്ടാണ്. വിദ്യയുടെ അച്ഛൻ, മകളുടെ ആത്മഹത്യക്ക് പ്രേരകമായ കാരണം അറിയാൻ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ അയാളുടെ മുഖത്ത് ആ ഭയം നാം കാണുന്നുണ്ട്. തനിക്ക് പരാതിയില്ല എന്ന് എഴുതിക്കൊടുക്കാൻ നിർബന്ധിക്കുന്ന പൊലിസുകാരന്റെ മുമ്പിൽ പൊട്ടിക്കരയുന്ന അച്ഛൻ ഒരാൾ മാത്രമല്ല. ആ ഭയത്തെ തന്റെ ജ്ഞാനബോധം കൊണ്ട് മറികടന്ന സബക്കും കിട്ടി മരണം.

ഡിജോ ജോസ് ആന്റണി

സബക്ക് എങ്ങനെ നീതീക്കൊപ്പം നിൽക്കാൻ ധൈര്യം വന്നു എന്നതിലും മറ്റൊരു സ്വത്വത്തിന്റെ കൈയ്യൊപ്പുണ്ട്. അത് വേഷത്താൽ ചിഹ്നവൽക്കരിക്കപ്പെട്ട മുസ്​ലിം സ്വത്വമാണ്. അതിന്റെ അപകടമായ അവസ്ഥ നാം കാണുന്നത് സ്റ്റാഫ് മീറ്റിങ്ങിൽ വിദ്യ എന്ന ഗവേഷണ വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് കാരണം ഈ കാമ്പസ് ആണെന്ന സബയുടെ തുറന്നു പറച്ചിലാണ്. അത്തരം പ്രഖ്യാപനം നടത്താൻ ധൈര്യം കാണിച്ചത് സബ മാത്രമാണ്. ഇവിടെ ജനാധിപത്യമുണ്ട് എന്നു പറഞ്ഞ് സബയെ അനുകൂലിക്കുന്നവർ എത്രയുണ്ടെന്ന് ചാൻസലർ വെല്ലുവിളിക്കുന്നുണ്ട്. ആ വെല്ലുവിളിക്കുമുമ്പിൽ സബ മറിയമല്ലാതെ മറ്റൊരു അധ്യാപകരും എഴുന്നേറ്റ് നിൽക്കുന്നില്ല. അതിന് കാരണം, ആ ആത്മഹത്യക്ക് ഉത്തരവാദിയായ പ്രഫസറുടെ ഉന്നത ജാതി തന്നെ. ഇതേ പ്രഫസറാണ് ജാതി ചൂണ്ടിക്കാണിച്ച് ക്വാളിറ്റിയെ കുറിച്ച്​ വിദ്യയോട് തട്ടിക്കയറുന്നതും. പാടത്തും കുപ്പതൊട്ടിയിലും പണിയെടുക്കുന്നവരെ എത്രകണ്ട് ഇന്നത്തെ ഭരണകൂടം അടിച്ചമർത്തുന്നുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് ജന ഗണ മന വ്യവസ്ഥിതിയെ അഡ്രസ്സ് ചെയ്യുന്ന ഇന്ത്യൻ സിനിമയായി മാറുന്നത്. ഇവിടെ പൊലീസും കോടതിയും സ്ഥിരംകാഴ്ചയുടെ ഭാഗമാകുമ്പോഴും സമകാലീനാവസ്ഥയെ ചേർത്ത് വെച്ച് മറ്റൊരു വ്യവഹാര ബോധത്തിലേക്ക് പ്രേക്ഷകശ്രദ്ധയെ സിനിമ പിടിച്ചിരുത്തുന്നുണ്ട്.

രണ്ടാം ഭാഗത്ത് പൃഥിരാജ് അവതരിപ്പിക്കുന്ന അഡ്വ. അരവിന്ദ സ്വാമിനാഥും സ്​പെഷൽ പ്രോസിക്യൂട്ടറായി വന്ന ഷമ്മി തിലകനും തമ്മിൽ നടക്കുന്ന വാദങ്ങൾക്കിടയിലാണ് പ്രേക്ഷകരുടെ കൈയ്യടി ഏറ്റവും ഉയരത്തിലെത്തുന്നത്. അവിടെ ‘എന്തുകൊണ്ട്’ എന്നതിന് പ്രസക്തിയില്ല. ഭരണകൂടം ജാതിയും മതവും നോക്കി ഇരവേട്ട നടത്തുമ്പോൾ നിശ്ശബ്ദരായി ഇരിക്കാൻ വിധിക്കപ്പെട്ടവരുടെതാണ് ഈ കയ്യടി. അതിൽ കാര്യമില്ല എന്ന്​ സിനിമ തന്നെ പറയുന്നുണ്ട്. കലുഷിതമായ കാമ്പസ് അവസ്ഥയിൽ ഉയരത്തിൽ നിന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനിയോട് ഫ്ലാഷ് ബാക്കിൽ വന്ന് സബ ടീച്ചർ പറയുന്നുണ്ട്, താഴെ, ഗ്രൗണ്ടിൽ നിന്ന് പ്രതികരിക്കൂ എന്ന്. ഇതേ വാക്കാണ് പൊളിറ്റിക്ക്സ് ക്ലാസിൽ അധ്യാപകൻ പറഞ്ഞതും. ഇതിന് കഴിയാത്ത വിധം നിർജ്ജീവമായ മനസ്സിന്റെ വലുപ്പം കൊണ്ട് വീർത്തുവരുന്ന ഇന്ത്യയെ നോക്കിയാണ് അഡ്വ. അരവിന്ദ് സ്വാമിനാഥൻ പറയുന്നത്, നാലുപേരെ ഉടുവസ്ത്രം അഴിച്ച് തെരുവിൽ തല്ലുന്നു, അതങ്ങ് ബീഹാറിലല്ലേ, മാംസം കടത്തിയതിന് ഒരാളെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നു, അത് യു.പിയിലല്ലേ, പൊലീസ് മർദ്ദനമേറ്റ് കസ്റ്റഡിയിൽ രണ്ടുപേർ കൊല്ലപ്പെടുന്നു, അതങ്ങ് തൂത്തുക്കുടിയിലല്ലേ, വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചതിന് ഒരു ആദിവാസി യുവാവിനെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നു, അത് കേരളത്തിലല്ലേ... അല്ല ഇതെല്ലാം നടന്നത് ഇന്ത്യയിലാണ് എന്ന് പറയുന്നിടത്താണ് സിനിമ അതിന്റെ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നത്.

ഈ വീക്ഷണം സിനിമ സമർത്ഥിക്കുന്നത് അധികാരത്തെ മുൻനിർത്തിയാണ്. അവിടെ പൊലീസ് എങ്ങനെയാണ് ഭരണകൂട സേവകരായി മാറുന്നത് എന്നത് ഭംഗിയായി എ. സി. പി സജ്ജൻ കാണിച്ചുതരുന്നു. അതിനുവേണ്ടി മീഡിയ ഉണ്ടാക്കുന്ന പൊതുബോധനിർമിതിയുടെ രോഗകോശങ്ങളെ കൃത്യമായി ഓപ്പറേറ്റ്​ ചെയ്ത് പ്രേക്ഷകർക്ക് കാണിക്കുന്നതിൽ ജന ഗണ മന പൂർണ വിജയമാണ്.

മീഡിയ പറയുന്നതാണോ സത്യം എന്ന ചോദ്യത്തിന്റെ ഉത്തരമായി ജഡ്ജിയുടെ പരാമർശം - പ്രതികളെ കണ്ടാൽ, അതായത് അവരുടെ വേഷം, നിറം, പേര് ഇവ നോക്കി കുറ്റവാളികളെ തിരിച്ചറിയാം എന്നാണ്. നമ്മുടെ ജുഡിഷ്യറിയുടെ ന്യായവാദത്തെ പൊതുബോധം സ്വാധീനിച്ചതിന്റെ ഇരകൾ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് പെരുകുന്ന ഘട്ടത്തിലാണ് ഈ പരാമർശം. ഇതേ കോടതിയോട്​ ജനം ചോദ്യം ചോദിക്കുക തന്നെ ചെയ്യും. രാജ്യം ഒരു ഭരണാധികാരിയുടെയും തന്തയുടേതല്ലെന്നും ന്യായാധിപൻ പറയുന്നുണ്ട്​.

കോടതിയിൽ ഒന്നിൽ കൂടുതൽ തവണ കേൾക്കുന്നുണ്ട് ഇൻസ്റ്റൻറ്​ ജസ്റ്റിസ് എന്ന വാക്ക്. ജൂഡീഷറി ഭരണകൂട താത്പര്യത്തെ താങ്ങാൻ വിധിക്കപ്പെട്ട ജനാധിപത്യത്തിലെ തൂണായി മാറുമ്പോൾ ന്യായവിധിയിൽ വിശ്വാസം നഷ്ടമാവുക സ്വാഭാവികം. അതാണ് സത്യം എന്ന് സിനിമക്ക് വിളിച്ചു പറയാൻ ധൈര്യം ആവശ്യമുള്ള കാലമാണിത്. ‘ഓരോ പതിനഞ്ച് മിനിറ്റിലും രാജ്യത്ത് ഒരു ലൈംഗികാക്രമണം നടക്കുന്നു, അതായത് ഒരു ദിവസം 96 ലൈംഗികാക്രമണം’ എന്ന് കോടതിയിൽ നിന്ന്​ പറയുമ്പോൾ കൈയ്യടി നിറഞ്ഞ തിയേറ്റർ പൊടുന്നനെ നെടുവീർപ്പിലമരുന്നുണ്ട്.

ഈ സത്യം അറിയാത്തവരല്ല പ്രേക്ഷകർ. എന്നാൽ അത്തരം റേപ്പ്​ മരണങ്ങളുടെ പുറകിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ബ്യൂറോക്രസിയുടെയും വംശീയതയുടെയും ജാതിയുടെയും ഇടപെടൽ കാഴ്ചക്കാരെ ഒന്നുകൂടി പേടിപ്പെടുത്തുന്നുണ്ട്. ഇങ്ങനെയാണ് സ്വന്തം രാജ്യത്ത് പൗരന്മാർക്ക് നിതീനിഷേധിക്കപ്പെടുന്നത് എന്നറിയുമ്പോൾ, സിനിമ അത് കാണിക്കുമ്പോൾ ഉണ്ടാകുന്ന നിസ്സഹായവസ്ഥയിൽ നിന്നാണ് ആ നെടുവീർപ്പ്.

ഫാസിസത്തിന്റെ സർവ അധികാരങ്ങളും ഉപയോഗിച്ച് പ്രതികരിക്കുന്നവരെ രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്ന സമയത്ത് ജന ഗണ മന ഒരു പ്രതിരോധ കാഴ്ചയാണ്. അതിനെ മനോഹരമാക്കിയ അണിയറ പ്രവർത്തകർ, സുദീപ് ഇളമണലിന്റെ ഛായഗ്രഹണവും, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങും സിനിമയെ നയനസുന്ദരമാക്കിയിട്ടുണ്ട്. ഷമ്മി തിലകന്റെ അഭിനയം പലപ്പോഴും തിലകനെ ഓർമിപ്പിക്കുന്നു. നെറികെട്ട വ്യവസ്ഥിതിക്കെതിരെ ഇനിയും ചോദ്യങ്ങൾ ചോദിക്കും എന്നുപറയാൻ ധൈര്യം കാണിച്ച ജന ഗണ മനയുടെ പ്രധാന നടന്മാരിൽ ഒരാളും നിർമ്മാതാവുമായ പൃഥിരാജിനാകട്ടെ കൂട്ട കൈയ്യടി.

Comments