സാഹിത്യ നൊബേല്‍:
രാജാവിന്റെ സമ്മാനത്തിന്
എന്ത് ജനാധിപത്യം
സാഹിത്യ നൊബേല്‍: രാജാവിന്റെ സമ്മാനത്തിന് എന്ത് ജനാധിപത്യം
8 Oct 2020, 05:16 PM
മുന്‍കാലങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ വീണ്ടും ചര്‍ച്ചയാവുകയാണ് നൊബേല്‍ സാഹിത്യ പുരസ്‌കാരം. മൂന്നുവര്‍ഷം മുമ്പ്, 2017ല്‍ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങളും സാമ്പത്തിക അഴിമതിയും 2019 ലെ പുരസ്‌കാര ജേതാവിന്റെ രാഷ്ട്രീയവും ആഗോളതലത്തില്‍ തന്നെ നൊബേല്‍ സാഹിത്യ പുരസ്‌കാരത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ തന്നെയാണ് അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ട് പുതിയ പുരസ്‌കാര പ്രഖ്യാപനവും വരുന്നത്.
നോബേല്‍ പുരസ്‌കാരം നിര്‍ണയിക്കുന്ന സ്വീഡിഷ് അക്കാദമിയിലെ 18 അംഗങ്ങളില്‍ ഒരാളുടെ ഭര്‍ത്താവിനെതിരെയായിരുന്നു 2017ല്‍ ലൈംഗികാരോപണം ഉയര്‍ന്നത്. അക്കാദമി അംഗമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ (Katarina Frostenson ) ഭര്‍ത്താവിനെതിരെ. കവിയായ കാതറിന ഫ്രോസ്റ്റെന്‍സണ്‍ 1992ലാണ് സ്വീഡിഷ് അക്കാദമിയില്‍ അംഗമായത്.

ഭര്‍ത്താവും ഫ്രഞ്ച് ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ് അര്‍നോള്‍ട്ടുമായി (Jean Claude Arnault) ചേര്‍ന്ന് അവര്‍ ഒരു കള്‍ച്ചറല്‍ ക്ലബ് നടത്തിയിരുന്നു. ഈ ഫോറത്തിന് ഫണ്ട് നല്‍കിയിരുന്നത് സ്വീഡിഷ് അക്കാദമിയായിരുന്നു. ഈഫോറത്തില്‍വെച്ച് അര്‍ണോള്‍ട്ടില്‍ നിന്നും ലൈംഗികാക്രമണം നേരിട്ടുവെന്നായിരുന്നു മീടൂ മുന്നേറ്റത്തിനിടെ 18 സ്ത്രീകള്‍ ഉന്നയിച്ച ആരോപണം.
ലൈംഗികാരോപണത്തിനു പുറമേ അര്‍ണോള്‍ട്ടിനെതിരെ മറ്റൊരു ആരോപണം കൂടിയുണ്ടായിരുന്നു. ഏഴ് നൊബേല്‍ ജേതാക്കളുടെ പേരുകള്‍ ചോര്‍ത്തി പരിചയക്കാരായ വാതുവെപ്പുകാരെ നേട്ടമുണ്ടാക്കാന്‍ സഹായിച്ചുവെന്നത്. ഭര്‍ത്താവിന്റെ ലൈംഗികാക്രമണത്തിനു മുമ്പില്‍ കണ്ണടച്ചതിന് കാതറിന് യാതൊരു നടപടിയും നേരിടേണ്ടി വന്നില്ല. കൂടാതെ പുരസ്‌കാര ജേതാക്കളുടെ പേരുവിവരങ്ങള്‍ പുറത്തായതിനു പിന്നിലും അവര്‍ക്ക് പങ്കുള്ളതായി സംശയമുണ്ടായിരുന്നു. ഈ സംഭവവികാസങ്ങളാണ് 2018ലെ സാഹിത്യ പുരസ്‌കാരം ഒരുവര്‍ഷം നീട്ടിവെക്കുന്നതിലേക്കു വഴിവെച്ചത്.

പാശ്ചാത്യസാഹിത്യത്തിലെ മികച്ചത് ഏതാണെന്ന ഹിതപരിശോധനയാണ് നൊബേല്‍ എന്ന വിമര്‍ശനം പൊതുവിലുണ്ട്. കൂടാതെ സ്വീഡിഷ് അക്കാദമിയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ അക്കാദമിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ട് അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്തരമൊരു പ്രതിസന്ധി നേരിട്ടത്. അക്കാദമിയിലെ പുരുഷന്മാരായ അംഗങ്ങള്‍ മരിക്കുമ്പോള്‍ പകരക്കാരായി സ്ത്രീകളെ പുതിയ അംഗങ്ങളായി നിയമിക്കാന്‍ തുടങ്ങി. 2015ല്‍ അക്കാദമിയുടെ സാറാ ഡാനിയസിനെ (Sara Danius) അക്കാാദമിയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി നിയമിച്ചു. അര്‍നോള്‍ട്ടിന് പങ്കാളിത്തമുള്ള ഫോറവുമായി അക്കാദമിക്കുള്ള ബന്ധം വിശദീകരിച്ചതും കാതറിനെ അക്കാദമിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും അവരായിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉടലെടുക്കുകയും പ്രമേയം പരാജയപ്പെടുകയും ചെയ്തു.

ഇത് പിന്നീട് അക്കാദമിയിലെ പഴയ അംഗങ്ങളും പുതിയ അംഗങ്ങളും തമ്മിലുള്ള പ്രശ്നമായി മാറി. തുടര്‍ന്ന് സാറ അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കുകയും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അതുപോലെ ഫ്രോസ്റ്റന്‍സണും മറ്റുപലരും അക്കാദമിയില്‍ നിന്ന് പുറത്തായി. അക്കാദമിയുടെ ബൈലോ പ്രകാരം യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് രാജിവെക്കാനോ പകരക്കാരെ വെക്കാനോ കഴിയില്ലയെന്നതിനാല്‍ത്തന്നെ കാര്യപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മതിയായ അംഗങ്ങളില്ലാതെ അക്കാദമി വളരെയധികം ബുദ്ധിമുട്ടി. പിന്നീട് 2018മെയ് 2ന് സ്വീഡിഷ് രാജാവ് അക്കാദമി നിയമങ്ങള്‍ കൊണ്ടുവന്നശേഷമാണ് അംഗങ്ങള്‍ക്ക് രാജിവെക്കല്‍ സാധ്യമായത്.
വിവാദങ്ങളെ തുടര്‍ന്ന് നീട്ടിവെച്ച പുരസ്‌കാരം 2019ല്‍ ലഭിച്ചത് ആസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും കവിയും തിരക്കഥാകൃത്തുമൊക്കെയായ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് (Peter Handke) ആയിരുന്നു.
ബോസ്‌നിയന്‍ കൂട്ടക്കൊലയെ അപലപിക്കാതിരുന്ന എഴുത്തുകാരന് ഇത്തരമൊരു ബഹുമതി നല്‍കിയത് പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചു. 1992-95 വരെയുള്ള കാലഘട്ടത്തില്‍ ബോസ്‌നിയന്‍ സെര്‍ബ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന മേഖലയില്‍ നടന്ന വംശഹത്യയില്‍ 8000ത്തിലേറെ ബോസ്‌നിയന്‍ മുസ്‌ലീങ്ങളാണ് കൊല്ലപ്പെട്ടത്. ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ സെര്‍ബുകള്‍ നടത്തിയ വംശഹത്യയെ നിഷേധിച്ചുകൊണ്ട് അരഡസനോളം പുസ്തകങ്ങളും നാടകങ്ങളുമാണ് ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ അദ്ദേഹം രചിച്ചത്. മുസ്‌ലീങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് മുസ്‌ലീങ്ങള്‍ ഭീഷണിയാണെന്ന ധാരണ സൃഷ്ടിക്കുന്നതായിരുന്നു ഇവയിലേറെയും.

യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിക്കപ്പെട്ട സെര്‍ബിയന്‍ പ്രസിഡന്റായിരുന്ന സ്ലോബോദന്‍ മിലോസെവിച്ചിന്റെ (Slobodan Miloševic) ആരാധകനായാണ് ഹാന്‍ഡ്‌കെ അറിയപ്പെടുന്നത്. യുദ്ധകുറ്റങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നതിനിടെ മരണപ്പെട്ട മിലോസെവിച്ചിന്റെ സംസ്‌കാര ചടങ്ങില്‍ ഹാന്‍ഡ്‌കെ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. 1991ല്‍ യൂഗോസ്ലാവിയ തകരാന്‍ തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധ പരമ്പരയ്ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു വ്യത്യസ്ത കാലഘട്ടത്തില്‍ യൂഗോസ്ലാവിയയുടെയും സെര്‍ബിയയുടെയും പ്രസിഡന്റായിരുന്നു മിലോസെവിച്ച്.
യൂറോപ്പിലെയും യു.എസിലെയും വെള്ളക്കാരായ തീവ്രവാദികള്‍ ഹീറോകളായി ആരാധിക്കുന്നവരാണ് സെര്‍ബിയന്‍ തീവ്രദേശീയവാദികള്‍. ഇവരെയാണ് ഹാന്‍ഡ്‌കെ തന്റെ കൃതികളിലൂടെ പ്രതിരോധിക്കുന്നത്. അങ്ങനെയൊരാള്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കുന്നതിലൂടെ സ്വന്തം രചനകളിലൂടെ അദ്ദേഹം ഒളിച്ചുകടത്തുന്ന ഗൂഢാലോചനാ സിദ്ധാന്തത്തെ ശരിവെക്കുകയാണ് സ്വീഡിഷ് അക്കാദമി ചെയ്തതെന്നായിരുന്നു വിമര്‍ശനം. തന്റെ നിലപാടുകളില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഹാന്‍ഡ്‌കെ ഒരിക്കലും തയ്യാറായിട്ടില്ല. മറിച്ച് 'ജസ്റ്റിസ് ഫോര്‍ സെര്‍ബിയ' എന്നത് മാത്രമാണ് തന്റെ ആശങ്കയെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. പുരസ്‌കാരം തിരിച്ചെടുക്കാന്‍ സ്വീഡിഷ് അക്കാദമിയും ഇതുവരെ തയ്യാറായിട്ടില്ല.
2018ന് മുമ്പ് 1964ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ സ്വീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വന്നത്. അന്ന് പുരസ്‌കാരത്തിന് അര്‍ഹനായ എഴുത്തുകാരന്‍ ഴാങ് പോള്‍ സാര്‍ത്ര് (Jean-Paul Sartre) പുരസ്‌കാരം തിരസ്‌കരിച്ചുകൊണ്ട് അക്കാദമിക്ക് കത്തയക്കുകയാണുണ്ടായത്. തന്റെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും വ്യവസ്ഥിതിയുടെ ആധികാരികത ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഈ നിഷേധം. ' തന്റേതായ വഴികളിലൂടെ മാത്രമേ ഒരു എഴുത്തുകാരന്‍ അയാളുടെ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ നിലപാടുകള്‍ വെളിപ്പെടുത്തേണ്ടതുള്ളൂ, എഴുതപ്പെട്ട വാക്കുകളാണ് ആ വഴി' എന്നാണ് അദ്ദേഹം സ്വീഡിഷ് അക്കാദമിയെ അറിയിച്ചത്.

'ലഭിക്കുന്നയാളുടെ ഇഷ്ടം എന്താവുമെന്ന് നോക്കിയല്ല അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കുന്നത്, 18 അംഗങ്ങളുടെ തീരുമാനം മാത്രം ആശ്രയിച്ചാണ്' എന്ന മറുപടിയാണ് സാര്‍ത്രിന്റെ കത്തിന് അന്ന് അക്കാദമി സെക്രട്ടറിയായിരുന്ന കാള്‍ രാഗ്‌നര്‍ ഗിയറോ (Karl Ragnar Gi-erow)മറുപടി നല്‍കിയത്. നൊബേല്‍ തിരസ്‌കരിച്ച സാര്‍ത്രിന്റെ പേരില്‍ ടൈംസ് ലിറ്റററി സപ്ലിമെന്റ് ജീന്‍ പോള്‍ സാര്‍ത്ര് പ്രൈസ് ഫോര്‍ പ്രൈസ് റഫ്യൂസല്‍ എന്ന പേരില്‍ ഒരു പുരസ്‌കാരം നല്‍കുന്നുണ്ട്. പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ചവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
1958ല്‍ റഷ്യന്‍ എഴുത്തുകാരനായ ബോറിസ് പാസ്റ്റര്‍നാകും (Boris Pasternak) നൊബെല്‍ പുരസ്‌കാരം തിരസ്‌കരിച്ചിരുന്നു. സ്വന്തം താല്‍പര്യപ്രകാരമായിരുന്നില്ലെന്നുമാത്രം. സോവിയറ്റ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കാരണം ആ തീരുമാനമെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. അദ്ദേഹത്തിന്റെ Doctor Zhivago എന്ന നോവലിന്‍റെ പ്രസിദ്ധീകരണം സോവിയറ്റ് വിരുദ്ധ സന്ദേശങ്ങളുടെ പേരില്‍ യു.എസ്.എസ്.ആര്‍ തടഞ്ഞിരുന്നു. ഇതിന്റെ കയ്യെഴുത്തുപ്രതികള്‍ ഇറ്റലിയിലേക്ക് കടത്തി 1957ല്‍ ഇറ്റലിയിലാണ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. മരണംവരെ അദ്ദേഹത്തിന് ഈ പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1988ല്‍ Doctor Zhivago സോവിയറ്റ് യൂണിയനില്‍ പ്രസിദ്ധീകരിച്ചശേഷം, അദ്ദേഹത്തിന്റെ ബന്ധുക്കളാണ് നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

നൊബേല്‍ പുരസ്‌കാര നിര്‍ണയത്തില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ അനിവാര്യത തുറന്നുകാട്ടുന്നതായിരുന്നു ഈ വിവാദങ്ങള്‍. നൊബേല്‍ പോലൊരു അന്താരാഷ്ട്രപുരസ്‌കാരം നിര്‍ണിയക്കുന്നത് വെറും 18 സ്വീഡിഷ് അംഗങ്ങള്‍ മാത്രമുള്ള ഒരു അക്കാദമിയാണ് എന്നതാണ് പ്രധാന പ്രശ്നം. വിചിത്രമായ സംഘടനാ സംവിധാനമാണ് നൊബേല്‍ പുരസ്‌കാരം നിര്‍ണയിക്കുന്ന സ്വീഡിഷ് അക്കാദമിയുടേത്. 18 അംഗങ്ങളുള്ള ഈ സംഘടനയില്‍ അംഗങ്ങളെ അജീവനാന്തകാലത്തേക്കാണ് നിയമിക്കുന്നത്. ഏതെങ്കിലും അംഗങ്ങള്‍ മരിച്ചാല്‍ രഹസ്യബാലറ്റിലൂടെ പുതിയ അംഗത്തെ തെരഞ്ഞെടുക്കും. സ്വീഡനിലെ രാജാവിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതിയ അംഗവും കമ്മിറ്റിയിലുള്‍പ്പെടും. 2018ല്‍ മാത്രമാണ് അംഗങ്ങള്‍ക്ക് രാജിവെക്കാമെന്ന വ്യവസ്ഥവന്നത്. സ്വീഡ് സാഹിത്യം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇത്തരമൊരു അക്കാദമി ആരംഭിച്ചത്. 1901ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആരംഭിച്ചശേഷം പുരസ്‌കാരം നേടിയവരില്‍ ഏഴുപേര്‍ സ്വീഡിഷ് എഴുത്തുകാരാണ്.
ലോകസാഹിത്യവുമായി ബന്ധപ്പെട്ട ഒരു പുരസ്‌കാരമാണ് നോബെല്‍ എന്നതുകൊണ്ടുതന്നെ ആ ജൂറിയില്‍ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള സാഹിത്യകാരുടെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്. അത് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നൊബെല്‍ പ്രൈസ് ഫൗണ്ടേഷന്റെ ഭാഗത്തുനിന്നുമുണ്ടാവണം. അതില്ലാത്തപക്ഷം നൊബേല്‍ സാഹിത്യ പുരസ്‌കാരത്തിന്റെ വിശ്വസ്യത ഉയര്‍ത്തിപ്പിടിക്കാനോ വിവാദങ്ങള്‍ ഒഴിവാക്കാനോ കഴിയില്ല.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read