മുലായം സിംങ് യാദവ്,
സെക്കുലര്‍ ഇന്ത്യയ്ക്ക് കാവല്‍
നിന്ന നേതാവ്
മുലായം സിംങ് യാദവ്, സെക്കുലര്‍ ഇന്ത്യയ്ക്ക് കാവല്‍ നിന്ന നേതാവ്
1990 - ല്‍ വി.പി. സിംങ് ഗവണ്‍മെന്റ് താഴെ വീഴും എന്നൊരു ഘട്ടം വന്നപ്പോള്‍, അധികാരം പോയാലും വര്‍ഗീയകക്ഷികള്‍ക്ക് കീഴടങ്ങരുത് എന്ന വലിയൊരു സന്ദേശം, അന്ന് പ്രധാന മന്ത്രിയായിരുന്ന വി.പി. സിങ്ങിന് നല്‍കിയത് മുലായം സിംങ് യാദവും ലാലു പ്രസാദ് യാദവുമാണ്.
10 Oct 2022, 03:51 PM
ഹിന്ദി ഹൃദയഭൂമിയുടെ രാഷ്ട്രീയത്തില്‍ അതുല്യമായ സംഭാവന നല്‍കിയിട്ടുള്ള സോഷ്യലിസ്റ്റ് നേതാവാണ് മുലായം സിങ്ങ് യാദവ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ട് ഇടത്തിലാണ് മുലായം സിങ്ങിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ വിലമതിക്കുന്നത്.
ഒന്ന്, ആര്‍എസ്എസ്- ബിജെപി വര്‍ഗീയതയ്‌ക്കെതിരെ ശക്തമായി പോരാടിയിട്ടുള്ള നേതാവാണ് അദ്ദേഹം. ബിജെപി കെട്ടിപ്പൊക്കിയ അയോധ്യാ പ്രസ്ഥാനത്തെ എത്രയോ വര്‍ഷങ്ങള്‍ അദ്ദേഹം നിശ്ചയദാര്‍ഢ്യത്തോടെ പ്രതിരോധിച്ചു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടി ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് യുപിയില്‍ ശിഥിലമായപ്പോള്‍ വര്‍ഗീയ കക്ഷികള്‍ക്ക് വലിയൊരു വളര്‍ച്ചയുണ്ടാകാതെ പ്രതിരോധം തീര്‍ക്കാന്‍ മുലായം സിങ്ങ് യാദവ് എന്ന നേതാവിന് കഴിഞ്ഞു. അതില്‍ മുലായത്തിനൊപ്പം തന്നെ ഓര്‍മ്മിക്കപ്പെടേണ്ട ഒരു പേര് ലാലു പ്രസാദ് യാദവിന്റേതാണ്. കാരണം ബിഹാറും യുപിയും കൂടി ഒന്നിച്ചു ചേരുമ്പോള്‍ മാത്രമാണ് ആ പോരാട്ടം കൂടുതല്‍ ശക്തമാകുന്നത്.
രണ്ട്, പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന ജാതി അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനപ്രവര്‍ത്തനത്തില്‍ ഒരു നെടുംതൂണായി പ്രവര്‍ത്തിച്ചു. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലുമായി തുടങ്ങിയ മണ്ഢല്‍ റവല്യൂഷന്റെ പ്രചോദകനായിരുന്നു യാദവ്. പിന്നാക്ക വിഭാഗങ്ങളെ മുന്‍നിരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഒരു ചാലകശക്തിയായിത്തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ നൂറ്റാണ്ടിനു മുന്‍പ് തന്നെ ജാതി അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യുപിയിലും ബീഹാറിലുമൊക്കെ അത് സംഭവിച്ചത് മുലായത്തെപ്പോലുള്ള ചില നേതാക്കളുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. ഈ രണ്ട് സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ മുലായം സിങ്ങിനെ ഒരു തിളക്കമുള്ള നേതാവായി തന്നെ ചരിത്രം അടയാളപ്പെടുത്തും.

മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വര്‍ഗീയ ശക്തികളോടുള്ള പോരാട്ടത്തിലും പിന്നാക്കവിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന കാര്യത്തിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. 1990 - ല്‍ വിപി സിംങ് ഗവണ്‍മെന്റ് താഴെ വീഴും എന്നൊരു ഘട്ടം വന്നപ്പോള്‍, അധികാരം പോയാലും വര്‍ഗീയകക്ഷികള്‍ക്ക് കീഴടങ്ങരുത് എന്ന വലിയൊരു സന്ദേശം, അന്ന് പ്രധാന മന്ത്രിയായിരുന്ന വി.പി. സിങ്ങിന് നല്‍കിയത് മുലായം സിംങ് യാദവും ലാലു പ്രസാദ് യാദവുമാണ്. ആ ഒരു ധൈര്യമാണ് യഥാര്‍ഥത്തില്‍ വി.പി. സിങ്ങിനെ ബിജെപിയ്‌ക്കെതിരെ, നിലകൊള്ളാനും ഭരണം പോയാലും കുഴപ്പമില്ല എന്നു ചിന്തിക്കാനും പ്രേരിപ്പിച്ചത്.
ഇവരൊക്കെ വലിയ അധികാര മോഹികളാണെന്നു പറയുമ്പോള്‍ പോലും, കേന്ദ്രത്തില്‍ ലഭിച്ച അധികാരം ബിജെപിയ്ക്കു മുന്‍പില്‍ ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ നിലനിര്‍ത്താം എന്നു വന്നപ്പോള്‍ അധികാരം വേണ്ട, വര്‍ഗീയവാദികളോട് സന്ധിയ്ക്കില്ല എന്ന ഉറച്ച നിലപാട് എടുക്കാന്‍ ഈ രണ്ടു നേതാക്കളും തയാറായി എന്നുകൂടി അറിയണം.
ഷാബാനു കേസിലും, ബാബറി മസ്ജിദ് വിഷയത്തിലും രാജീവ് ഗാന്ധിയ്ക്ക് സാധിക്കാതെ പോയതും ഇതാണ്. ബാബറി മസ്ജിദിന്റെ പൂട്ട് വര്‍ഗീയ കക്ഷികള്‍ക്ക് തുറന്നു കൊടുത്തു. ഇത്തരത്തിലുള്ള സന്ധികളിലൂടെയാണ് അദ്ദേഹം അധികാരം സംരക്ഷിക്കാന്‍ ശ്രമിച്ചത്.

തൊണ്ണൂറുകളില്‍ എല്‍.കെ. അധ്വാനിയുടെ രഥയാത്ര ആരംഭിക്കുമ്പോള്‍, യാത്ര നടക്കട്ടെ, അയോധ്യയിലേയ്ക്കു പോയി അവിടെ അവസാനിക്കട്ടെ എന്ന രീതിയില്‍ ഒത്തുതീര്‍പ്പുകളൊക്കെ വന്നിരുന്നു. എന്നാല്‍ ഒരിക്കലും ആ യാത്ര സംഭവിക്കാന്‍ പാടില്ല എന്ന് ഉറച്ച തീരുമാനമെടുത്ത രണ്ടു നേതാക്കള്‍ മുലായം സിങ്ങ് യാദവും ലാലു പ്രസാദ് യാദവും ആണ്. ദൂരവ്യാപകമായ ഭവിഷത്തുകള്‍ അധ്വാനിയുടെ രഥയാത്ര സൃഷ്ടിക്കുമെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു.
രഥയാത്രയെ തടഞ്ഞില്ലെങ്കില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും മരണങ്ങളും സംഭവിക്കുമെന്നും, ഉത്തരേന്ത്യയില്‍ ഈ യാത്ര ചോരപ്പുഴ സൃഷ്ടിക്കുമെന്നും പരസ്യമായി പറയുവാന്‍ ഈ രണ്ടു നേതാക്കളും തയാറായി. അങ്ങനെയാണ് രഥയാത്ര സമസ്തപൂര്‍ വച്ച് ലാലു പ്രസാദ് യാദവ് തടയുന്നത്. അതിനു പിന്നിലും മുലായം സിങ്ങ് യാദവിന്റെ പ്രചോദനം ഉണ്ടായിരുന്നു. രഥയാത്ര തടഞ്ഞതിനു ശേഷവും, തൊണ്ണൂറുകളുടെ അവസാനത്തിലൊക്കെ യുപിയില്‍ എത്രയോ കലാപങ്ങള്‍ അവര്‍ സൃഷ്ടിച്ചു, പക്ഷേ അതിനെയൊക്കെ അമര്‍ച്ച ചെയ്യാന്‍ മുലായം സിങ്ങിനു കഴിഞ്ഞു.

വര്‍ഗീയവാദികള്‍ ബാബ്‌റി മസ്ജിദിലേയ്ക്ക് ഇരച്ചു കയറിയപ്പോള്‍ മുലായം സിങ്ങ് യാദവ് പറഞ്ഞു - "എന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല'. അതിനു വേണ്ടി വെടിവയ്‌പ്പിലേയ്ക്ക് നീങ്ങേണ്ടി വന്നു മുലായത്തിന്. ഇതിന്റെ ഫലമായി ഒരുപാട് പേരെ കൊന്നു എന്ന പേരില്‍ ഒരു ദുഷിച്ച പ്രചരണം മുലായം സിംങ്ങിന് നേരിടേണ്ടി വന്നു. മരിക്കാത്ത ആളുകളുടെ ചിത്രം വരെ ഉള്‍പ്പെടുത്തി വലിയൊരു പ്രചാരണം, ഹിന്ദി മാധ്യമങ്ങളുടെ പിന്‍തുണയോടെ വിശ്വഹിന്ദു പരിഷത്ത് അഴിച്ചു വിട്ടു. എന്നിട്ടും വിട്ടുവീഴ്ച ചെയ്യാനോ തലകുനിക്കാനോ തയാറായില്ല എന്നതാണ് മുലായത്തിന്റെ വിജയം. മുലായം സിംങ് യാദവ് സംരക്ഷിച്ച ബാബറി മസ്ജിദ് തകര്‍ന്നു വീണത് നരസിംഹ റാവുവിന്റെയും കല്യാണ്‍ സിംഗിന്റെയും കൂട്ടായ പരിശ്രമത്തിലാണ് എന്നതു കൂടി നമ്മള്‍ മനസ്സിലാക്കണം.
പതിറ്റാണ്ടുകളോളം നീണ്ട ജാതി അടിമത്തത്തിന്റെ ചരിത്രമുണ്ട് ബീഹാറിനും യുപിയ്ക്കും. മേല്‍ ജാതിയിലുള്ളവര്‍ പിന്നാക്ക - ദലിത് ജാതിയിലുള്ള ആളുകള്‍ താമസിക്കുന്ന ഗ്രാമങ്ങളൊക്കെ ചുട്ടു ചാമ്പലാക്കുകയും, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളുകളെ നിരന്തരം കൊന്നൊടുക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. ഇവിടെയാണ് മുലായം സിങ്ങ് യാദവിനെ പോലൊരു പിന്നാക്ക നേതാവിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്. ആ ശക്തിയ്ക്ക് അടിത്തറപാകിയ നേതാക്കളില്‍ ഒരാളാണ് മുലായം.
ഉത്തര്‍പ്രദേശില്‍ ഏറ്റവുമധികം വിവേചനം നേരിടുന്ന വിഭാഗമാണ് മുസ്‌ലിം ന്യൂനപക്ഷം. മുസ്‌ലിം സമുദായത്തെ മുലായം ചേര്‍ത്തു നിര്‍ത്തിയിരുന്നു. അദ്ദേഹത്തെ "മൗലാനാം മുലായം' എന്നു വിളിച്ച് ആര്‍എസ്എസ് പരിഹസിച്ചു. "നിര്‍ധന വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തിയതിന്റെ പേരില്‍ നിങ്ങള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചാല്‍, എന്റെ തൊപ്പിയിലെ തൂവലായി ഞാന്‍ അതിനെ കണക്കാക്കും' എന്നാണ് മുലായം ഈ പരിഹാസത്തോട് പ്രതികരിച്ചത്.
ദേവഗൗഡയ്ക്കു ശേഷം ഐ. കെ. ഗുജ്‌റാള്‍ പ്രധാനമന്ത്രിയായ കാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരെ മുലായത്തിന്റെ പേര് പരിഗണിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്തുകൊണ്ടോ അന്ന് അത് നടന്നില്ല. ആ ചര്‍ച്ചകള്‍ അനുകൂലമായി പരിണമിച്ചിരുന്നെങ്കില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒരു സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു.
ദീദി ദാമോദരന്‍
Mar 27, 2023
3 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read