truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
 Josh.jpg

Environment

Photo: Ishita Mishra, twitter

ജോഷിമഠ്:
താഴ്ന്നുപോയ മണ്ണിനടിയിലുണ്ട്
മനുഷ്യരുടെ നിലവിളികള്‍

ജോഷിമഠ്: താഴ്ന്നുപോയ മണ്ണിനടിയിലുണ്ട് മനുഷ്യരുടെ നിലവിളികള്‍

ഹിമാലയന്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ മാറ്റങ്ങളെക്കുറിച്ചും മനുഷ്യ ഇടപെടലുകളുടെ ഭാഗമായ ആഘാതങ്ങളെക്കുറിച്ചും നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ടായിട്ടുണ്ട്. അതീവ ദുര്‍ബല മേഖലയായതിനാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി സാഹചര്യത്തില്‍, മനുഷ്യ ഇടപെടലുകള്‍ക്ക് ആഴത്തിലുള്ള ശാസ്ത്രീയ അടിത്തറയുണ്ടായിരിക്കണം എന്ന് ഈ പഠനങ്ങളെല്ലാം അടിവരയിടുന്നുമുണ്ട്. അവയെയെല്ലാം ഒറ്റയടിച്ച്​ അവഗണിച്ചതിന്റെ ദുരന്തം കൂടിയാണ്​ ജോഷിമഠ്.

14 Jan 2023, 03:04 PM

കെ. കണ്ണന്‍

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങളും അതിന് ആക്കം കൂട്ടുന്ന മനുഷ്യഇടപെടലുകളും ഇത്തരം പ്രശ്‌നങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ വിമുഖരായ ഭരണകൂടങ്ങളും ചേര്‍ന്ന് ഒരുക്കിയ ദുരന്തമാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്.

ഭൗമശാസ്ത്രപരമായി തന്നെ അത്യന്തം അപകടാവസ്ഥയിലുള്ള പ്രദേശമായതിനാൽ ഇവിടെ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തേണ്ട ശാസ്ത്രീയമായ ജാഗ്രത നിര്‍ദേശിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിദഗ്ധ പഠനറിപ്പോര്‍ട്ടുകള്‍, അവ അവഗണിക്കപ്പെട്ടതിനെതുടര്‍ന്നുണ്ടായ ഭൂകമ്പങ്ങളും മണ്ണിടിച്ചിലുകളും, ജനങ്ങളുടെ നിരന്തര പരാതികള്‍ തുടങ്ങിയ വസ്തുതകളെല്ലാം മുന്നിലുണ്ടായിട്ടും, ഈ പ്രദേശത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വേണ്ടി ഭരണകൂടങ്ങളുടെ ചെറുവിരലനങ്ങിയില്ലെന്നുമാത്രമല്ല, ഭക്തിടൂറിസത്തിന്റെയും രാജ്യരക്ഷയുടെയും പേരിലുള്ള കരുതലുകളുടെ പേരില്‍ നയങ്ങള്‍ മാറ്റിയെഴുതപ്പെട്ടു, നീതിപീഠങ്ങള്‍ നിസ്സഹായ വിധികള്‍ പുറപ്പെടുവിച്ചു. ഇതിനൊപ്പം, ഏഷ്യയിലെ രണ്ടു പ്രധാന സൈനികശക്തികളുടെ അതിര്‍ത്തിസംരക്ഷണ ഇടപെടലുകളും ജോഷിമഠ് അടങ്ങുന്ന ഹിമാലയന്‍ ഇക്കോസിസ്റ്റത്തെ നിരന്തരം തകര്‍ത്തുകൊണ്ടിരുന്നു.

Photo: Ishita Mishra

ജോഷിമഠില്‍ സംഭവിക്കുന്നത്

സമുദ്രനിരപ്പില്‍നിന്ന് 1875 മീറ്റര്‍ ഉയരത്തിലാണ് ജോഷിമഠ്. ഉത്തരാഖണ്ഡില്‍ ചാമോലി ജില്ലയുടെ ഈ വടക്കുപടിഞ്ഞാറന്‍ മേഖല, ഹിമാലയ നിരകളിലേക്കുള്ള ട്രക്കിംഗ് റൂട്ടിന്റെ പ്രവേശന കവാടം കൂടിയാണ്. ഇന്ത്യ- ചൈന അതിര്‍ത്തിയായതിനാല്‍, തന്ത്രപ്രധാന സ്ഥലവുമാണ്. 
2022 ഡിസംബര്‍ 27നും ജനുവരി എട്ടിനുമിടയില്‍, 12 ദിവസം കൊണ്ട് ജോഷി മഠില്‍ 5.4 സെ.മീറ്റര്‍ ഭൂമിയാണ് താഴ്ന്നത്. ഐ.എസ്.ആര്‍.ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഇത് ദ്രുതഗതിയിലുള്ള താഴ്ചയാണ്. (എന്നാല്‍, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇടപെടലിനെതുടര്‍ന്ന് ഐ.എസ്.ആര്‍.ഒ ഈ റിപ്പോര്‍ട്ട് പിന്നീട് വെബ്‌സൈറ്റില്‍നിന്ന് നീക്കി. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് നീക്കിയതെന്നാണ് വിശദീകരണം). 

ALSO READ

കോര്‍പറേറ്റ് താല്‍പര്യങ്ങളല്ല, പരിസ്ഥിതിയാണ് സംരക്ഷിക്കപ്പെടേണ്ടത്

കഴിഞ്ഞ വര്‍ഷം ഏപ്രില്‍- നവംബര്‍ കാലത്ത്, ഏഴുമാസം കൊണ്ട് 8.9 സെ.മീറ്റര്‍ മാത്രമാണ് ഭൂമി താഴ്ന്നത്. ഇതുമായി താരതമ്യം ചെയ്താല്‍, ആശങ്കാജനകമാണ് ഇപ്പോഴത്തെ സ്ഥിതി. അതായത്, സമീപകാലത്ത്, അതിവേഗത്തിലുള്ള മണ്ണുമാറ്റമാണ് ആര്‍മി ഹെലിപാഡും ക്ഷേത്രവും സ്ഥിതി ചെയ്യുന്ന മധ്യ ജോഷിമഠ് പ്രദേശത്ത് സംഭവിക്കുന്നത്.

ജോഷിമഠ് പ്രദേശത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ഐ.എസ്.ആർ.ഒ. പുറത്തുവിട്ട ചിത്രം
ജോഷിമഠ് പ്രദേശത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ഐ.എസ്.ആർ.ഒ. പുറത്തുവിട്ട ചിത്രം

4000 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. 678 വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. ജോഷിമഠ് സ്ഥിതി ചെയ്യുന്ന ചാമോലി ജില്ലയില്‍ 22,000 പേരാണ് കഴിയുന്നത്. 3800 വലിയതും ചെറിയതുമായ കെട്ടിടങ്ങളുണ്ട്. ഇവയില്‍ പലതും വിള്ളലുവീണ് താമസയോഗ്യമല്ലാതായിക്കഴിഞ്ഞു. കെട്ടിടങ്ങളില്‍ മാത്രമല്ല, റോഡുകളിലും മറ്റു സഞ്ചാരപാതകളിലുമെല്ലാം വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പര്‍വതങ്ങളെ കീറിമുറിക്കുന്ന പദ്ധതികളും തീര്‍ഥാടക ടൂറിസവും

യാതൊരു ആസൂത്രണവുമില്ലാത്ത വന്‍കിട പദ്ധതികളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ്, സ്വതവേ അപകടകരമായ പാരിസ്ഥിതിക വ്യതിയാനമുള്ള ഈ മേഖലയില്‍ നടക്കുന്നത്. എന്‍.ടി.പി.സിയുടെ തപോവന്‍- വിഷ്ണുഗഡ് ജലവൈദ്യുതപദ്ധതി നിര്‍മാണമാണ് ദുരന്തം ഇത്ര വേഗത്തിലാക്കിയത്. അളകനന്ദ നദിക്കുകുറുകെയാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായ ടണലിംഗ് മണ്ണിടിച്ചല്‍ രൂക്ഷമാക്കിയതായി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ രവി ചോപ്ര പറയുന്നു. 2013ലെ പ്രളയത്തിന് ഹൈഡ്രോ ഇലക്​ട്രിക്​ പദ്ധതികള്‍ എങ്ങനെ കാരണമായി എന്ന് പഠിച്ച കമ്മിറ്റിയുടെ തലവനാണ് ചോപ്ര.

ജോഷിമഠില്‍ വാസയോഗ്യമല്ലാത്ത വീടുകളെ ചുവന്ന നിറത്തില്‍ ക്രോസ് ചെയ്ത് അടയാളെപ്പെടുത്തിയിരിക്കുന്നു. / Photo: Rahul Pandita
ജോഷിമഠില്‍ വാസയോഗ്യമല്ലാത്ത വീടുകളെ ചുവന്ന നിറത്തില്‍ ക്രോസ് ചെയ്ത് അടയാളെപ്പെടുത്തിയിരിക്കുന്നു. / Photo: Rahul Pandita

പവര്‍ പ്ലാന്റിനുവേണ്ടി പര്‍വതപ്രദേശങ്ങളില്‍ നടക്കുന്ന ഡ്രില്ലിംഗും സ്‌ഫോടനങ്ങളുമാണ് സ്ഥിതി രൂക്ഷമാക്കിയത്. ഭൂമിക്കടിയിലൂടെയുള്ള തുരങ്ക നിര്‍മാണം, ഭൂഗര്‍ഭ ജലസ്രോതസ്സുകളെ അസ്ഥിരമാക്കിക്കൊണ്ടിരിക്കുകയാണ്. തുരങ്ക നിര്‍മാണത്തിന്റെ ഫലമായുണ്ടായ ജലച്ചോര്‍ച്ച സെക്കന്റില്‍ 700 ലിറ്റര്‍ വരെയെത്തിയതിനെതുടര്‍ന്ന് പണി നിര്‍ത്തിവച്ചിരുന്നുവെങ്കിലും പത്തു മാസങ്ങള്‍ക്കുശേഷം പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍, പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 12കിലോമീറ്റര്‍ നീളമുള്ള തുരങ്കം ജോഷിമഠ് നഗരത്തില്‍നിന്ന് ഒരു കിലോമീറ്ററെങ്കിലും അടിയിലാണെന്നും അതുകൊണ്ട്, ഭൂമി ഇടിയലിന് തുരങ്ക നിര്‍മാണവുമായി ബന്ധമില്ലെന്നുമാണ് എന്‍.ടി.പി.സി വ്യക്തമാക്കുന്നത്. ഇത് വിദഗ്ധര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. 
പാരിസ്ഥിതിക- ഇക്കോളജിക്കല്‍ നഷ്ടവുമായി താരതമ്യപ്പെടുത്തിയാല്‍ ജലവൈദ്യുതപദ്ധതിയില്‍നിന്നുള്ള ലാഭം തുച്ഛമാണെന്ന് വിദഗ്ധര്‍ തന്നെ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. 

ALSO READ

തിരിച്ചറിയണം, പരിസ്ഥിതി സംരക്ഷണ ​​​​​​​രാഷ്​ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്​

ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 900 കിലോമീറ്റര്‍ നീളമുള്ള ചാര്‍ധാം പ്രൊജക്റ്റ് മറ്റൊരു ദുരന്ത കാരണമാണ്. പര്‍വതപ്രദേശത്തെ പരിസ്ഥിതിക്ക് വിരുദ്ധമായ നിര്‍മാണപ്രവര്‍ത്തനമാണ് റോഡ്- റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി നടക്കുന്നത്. ഈ പാതയുടെ 291 കിലോമീറ്റര്‍ പൂര്‍ത്തിയായി. ഫ്ലൈ ഓവറുകളും പാലങ്ങളുമെല്ലാം അടങ്ങിയ ഈ പാതക്കൊപ്പം ഋഷികേശ് മുതല്‍ കര്‍ണപ്രയാഗ്​ വരെ 126 കിലോമീറ്റര്‍ നീളത്തില്‍ ചാര്‍ധാം റെയില്‍വേ പദ്ധതിയുമുണ്ട്. ഇതിനായി പര്‍വതങ്ങള്‍ തുരന്നാണ് ടണലുകള്‍ നിര്‍മിക്കുന്നത്. 100 കിലോമീറ്റര്‍ ടണലുകളിലൂടെയാണ് സഞ്ചാരം. ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പര്‍വതമേഖലയുടെ പാരിസ്ഥിതിക ഘടനയെ അട്ടിമറിക്കുമെന്നും പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും ശാസ്ത്രജ്ഞരും സര്‍ക്കാറുകള്‍ നിയോഗിച്ച കമ്മിറ്റികളും നിരന്തരം റിപ്പോര്‍ട്ടുകള്‍ നല്‍കിക്കൊണ്ടിരുന്നിട്ടും ഫലമുണ്ടായില്ല.

കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയ ജോഷിമഠിലെ ഹോട്ടല്‍ മലാരി ഇന്‍. / Photo: Rahul Pandita
കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയ ജോഷിമഠിലെ ഹോട്ടല്‍ മലാരി ഇന്‍. / Photo: Rahul Pandita

ഒടുവില്‍, വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍ കേന്ദ്രം, അതിര്‍ത്തി സുരക്ഷ എന്ന ഒറ്റമൂലി പ്രയോഗിച്ചു. ചൈനീസ് അതിര്‍ത്തിയിലേക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന പാത എന്ന പ്രാധാന്യം പദ്ധതിക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹാരമില്ലാതെ തുടരുന്ന വിഷയമായതുകൊണ്ട്, സുപ്രീംകോടതി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി. സുപ്രീംകോടതി നിയോഗിച്ച ഹൈപവര്‍ കമ്മിറ്റിയുടെ തലവനും പരിസ്ഥിതി വിദഗ്ധനുമായ രവി ചോപ്ര, കമ്മിറ്റി സ്ഥാനം രാജിവച്ചാണ് ഈ വിധിക്കെതിരെ പ്രതിഷേധിച്ചത്.

യാതൊരു ആസൂത്രണവുമില്ലാത്ത തീര്‍ഥാടക ടൂറിസമാണ് ജോഷി മഠിന്റെ മറ്റൊരു ദുരന്തകാരണം. 2022ല്‍ ചാര്‍ധാം യാത്രയുടെ ഭാഗമായി 50 ലക്ഷം പേരാണ് ജോഷി മഠ് സന്ദര്‍ശിച്ചത്. 

ALSO READ

മൗലികവാദത്തിനും വസ്​തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ

ഓരോ സീസണിലും ചാര്‍ധാം യാത്രക്കെത്തുന്ന സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഖര- ദ്രവ- പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വന്‍ നിക്ഷേപം സംസ്‌കരിക്കാന്‍ പദ്ധതിയില്ലാത്തതിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച ജോയിൻറ്​ കമ്മിറ്റി അപലപിച്ചിരുന്നു. കാര്യക്ഷമായ മാലിന്യസംസ്‌കരണ സംവിധാനമില്ലാത്തവരാണ്, ജനസംഖ്യയില്‍ 90 ശതമാനവും. ആഴത്തില്‍ കുഴിയെടുത്താണ് ടോയ്‌ലറ്റുകളടക്കമുള്ളവ നിര്‍മിക്കുന്നത്. ഇത്തരം കുഴികളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ മണ്ണിലൂടെയുള്ള ജലച്ചോര്‍ച്ചക്ക് തടസമുണ്ടാക്കുന്നു. 

അപകടകരമായ ഭൗമ ഘടന

ജോഷിമഠിന്റെ സവിശേഷമായ ഭൗമഘടനയും പാരിസ്ഥിതികാഘാതത്തിന് കാരണമാകുന്നുണ്ട്. പല കാലങ്ങളിലായി സംഭവിച്ച ഉരുള്‍പൊട്ടലുകളിലൂടെ ഒഴുകിയെത്തിയ മണ്ണിനും പാറക്കും മാലിന്യങ്ങള്‍ക്കും മുകളിലാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്നതെന്ന് 1976ല്‍ സര്‍ക്കാര്‍ നിയമിച്ച മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിത്തറയ്ക്ക് പ്രധാന പാറയുമായി ബന്ധമില്ലെന്നുമാത്രമല്ല, അളകനന്ദ, ധൗളിഗംഗ നദികളിലെ പ്രവാഹങ്ങളും മണ്ണിടിച്ചിലിന് കാരണമാകുന്നു. 

Photo: Mohit Bhatt
Photo: Mohit Bhatt

ഭൗമപാളികളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൂടി ജോഷിമഠ് ദുരന്തം പൂര്‍ത്തിയാക്കുന്നു. ഇന്ത്യന്‍ ശിലാമണ്ഡല ഫലകം യൂറോപ്യന്‍ ശിലാമണ്ഡല ഫലകത്തിനിടയിലേക്കു കടക്കുന്നതിന്റെ ഫലമായാണ് ഈ മേഖലയില്‍ ഭൂകമ്പങ്ങളുണ്ടാകുന്നതെന്ന് പഠനങ്ങളുണ്ട്. ഈയിടെ ജി.പി.എസ് അടിസ്ഥാനമാക്കി നടത്തിയ ജിയോഡെറ്റിക് പഠനത്തില്‍ കണ്ടത്, ഇന്ത്യന്‍ ഭൂവല്‍ക്കപാളികളുടെ ചലനനിരക്ക് ഒരു വര്‍ഷം 5-14 മി.മീറ്ററാണ് എന്നാണ്. എന്നാല്‍, ഉത്തരാഖണ്ഡില്‍ ഗര്‍വാള്‍, കുമാവോണ്‍ ഹിമാലയ മേഖലകളില്‍ ഇത് 12- 14 മി.മീറ്ററാണ്. ഈ മേഖലയിലെ പര്‍വതനിരകളുടെ ബലഹീനതയെ സൂചിപ്പിക്കുന്ന നിരക്കാണിത്. പാറകളിലുണ്ടാകുന്ന സമ്മര്‍ദം ഏറ്റവും കൂടുതല്‍ ജോഷി മഠിലാണ്. ഇത് നിരവധി ചെറിയ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകള്‍

വീടുകള്‍ വിണ്ടുവരുന്ന കാര്യം വര്‍ഷങ്ങളായി തദ്ദേശവാസികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍, ഉത്തരാഖണ്ഡ് നിയോഗിച്ച, ശാസ്ത്രജ്ഞരും ജിയോളജിസ്റ്റുകളും ഗവേഷകരുമടങ്ങുന്ന സംഘം ജോഷിമഠില്‍ സര്‍വേ നടത്തിയിരുന്നു. ഇവരോടും നാട്ടുകാര്‍ വീടുകള്‍ക്കുണ്ടാകുന്ന വിള്ളലുകളെക്കുറിച്ച് പരാതിപ്പെട്ടു. 2021 ഒക്‌ടോബറിലെ കൊടും മഴക്കുശേഷം മണ്ണൊലിപ്പിലുണ്ടായ വര്‍ധനയും അവര്‍ ചൂണ്ടിക്കാട്ടി. വീടുകള്‍ പരിശോധിച്ച കമ്മിറ്റി, പലതും വാസയോഗ്യമല്ല എന്ന് കണ്ടെത്തുകയും ചെയ്തു.  ‘നഗരം ഇടിഞ്ഞുതാണുകൊണ്ടിരിക്കുകയാണെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍, കഴിഞ്ഞ ആഴ്ച വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പ്രശ്‌നം രൂക്ഷമായപ്പോള്‍, ജനുവരി അഞ്ചിനാണ്, തപോവന്‍ വിഷ്ണുഗഢ് പദ്ധതി അടക്കമുള്ള നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.

Photo: Arun Bothra, twitter
Photo: Arun Bothra, twitter

ഹിമാലയന്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ മാറ്റങ്ങളെക്കുറിച്ചും മനുഷ്യ ഇടപെടലുകളുടെ ഭാഗമായ ആഘാതങ്ങളെക്കുറിച്ചും നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ടായിട്ടുണ്ട്. അതീവ ദുര്‍ബല മേഖലയായതിനാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി സാഹചര്യത്തില്‍, മനുഷ്യ ഇടപെടലുകള്‍ക്ക് ആഴത്തിലുള്ള ശാസ്ത്രീയ അടിത്തറയുണ്ടായിരിക്കണം എന്ന് ഈ പഠനങ്ങളെല്ലാം അടിവരയിടുന്നുമുണ്ട്. ജനസംഖ്യയിലും വിനോദ സഞ്ചാരത്തിലുമുണ്ടായ വളര്‍ച്ചക്കൊപ്പം അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ വര്‍ധിച്ചുവരുന്ന സൈനികാവശ്യങ്ങള്‍ക്കുള്ള വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങളും ഖനനങ്ങളും വന്‍കിട പദ്ധതികളുമെല്ലാം പൂര്‍ത്തിയാക്കിയ ഒരു ദുരന്തമുഖമാണ് ജോഷിമഠ്.

ALSO READ

കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന്​ വിപ്ലവം പ്രതീക്ഷിക്കുന്നത്​ മണ്ടത്തരമാണ്​

1960കളിലാണ് വന്‍തോതിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചൈനയുമായുള്ള അതിര്‍ത്തിബന്ധങ്ങള്‍ നിരന്തരം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ, ചോദ്യം ചെയ്യപ്പെടാനാകാത്ത സൈനികപ്രാധാന്യവും ഈ മേഖലയ്ക്കുവന്നു. 1970ലുണ്ടായ വിനാശകാരിയായ അളകനന്ദ പ്രളയത്തിനുശേഷം, 1976ല്‍ യു.പി സര്‍ക്കാര്‍, എം.സി. മിശ്രയുടെ നേതൃത്വത്തില്‍ 18 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ജോഷി മഠ് ഒരു മണ്ണിടിച്ചില്‍ മേഖലയായി കണ്ട് കാര്യക്ഷമമായ മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ വേണമെന്നും മൈനിംഗും ചരിവുള്ള പ്രദേശങ്ങളിലെ കൃഷിയും നിയന്ത്രിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. ഒരു ഭരണകൂടം ചെയ്യേണ്ട അടിസ്ഥാനപരമായ ഈ നടപടികള്‍ പോലും അവഗണിക്കപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടുകള്‍, വിനാശകാരിയായ ടൂറിസം വികസനത്തിന്റെയും സൈനിക നിര്‍മാണങ്ങളുടെയും കാലമായിരുന്നു. ഇന്ത്യ മാത്രമല്ല, ചൈനയും അപ്പര്‍ ബേസിന്‍ റീജ്യനില്‍ നടത്തുന്ന വന്‍കിട നിര്‍മാണങ്ങളും മൈനിംഗ് ഓപ്പറേഷനുകളും മേഖലയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

രണ്ടു രാജ്യങ്ങളുടെ സൈനികപരം കൂടിയായ  ‘തന്ത്ര പ്രാധാന്യം' പാരിസ്ഥിതിക മുന്നറിയിപ്പുകളെ മറികടക്കാന്‍ ഭരണകൂടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വികസനത്തിന്റെയും രാജ്യസുരക്ഷയുടെയും അളവുകോലുകള്‍ നിരാശ്രയരായ ഒരു ജനതയുടെ ജീവിതത്തെ തന്നെ ഭൂമിക്കടിയിലേക്കമര്‍ത്തിക്കളയുന്നു, അതാണ് ജോഷി മഠില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  • Tags
  • #Environment
  • #Joshimath
  • #K. Kannan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
k kannan

UNMASKING

കെ. കണ്ണന്‍

അരികുകളിലെ മനുഷ്യരാല്‍ വീണ്ടെടുക്കപ്പെടേണ്ട റിപ്പബ്ലിക്

Jan 26, 2023

6 Minutes Watch

sreedev-suprakash-and-nandhakumar

Casteism

കെ. കണ്ണന്‍

‘ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിട്ട് കാണാം’, വിദ്യാർഥിക്ക്​ അധ്യാപകന്റെ ഭീഷണി, ക്ലാസിനെതിരായ പരാതിയാണ്​ കാര​ണമെന്ന്​ വിദ്യാർഥി

Jan 25, 2023

3 Minute Read

tiger

Wildlife

സതീഷ് കുമാർ

മയക്കുവെടിയേറ്റ്​ മയങ്ങുംമുമ്പ്​ കടുവയെ പൊതിയരുത്​ ആൾക്കൂട്ടമേ, അത്​ അപകടമാണ്​

Jan 14, 2023

3 Minute Read

pazhayidam Issue

Editorial

കെ. കണ്ണന്‍

പഴയിടത്തിന് സാമ്പാര്‍ ചെമ്പിന് മുന്നില്‍ വെക്കാനുള്ള വാക്കല്ല ഭയം

Jan 08, 2023

15 Minutes Watch

unmasking

UNMASKING

കെ. കണ്ണന്‍

ബ്രാഹ്മണ പാചകം നവോത്ഥാനമല്ല, കുലീന കുലത്തൊഴില്‍ തന്ത്രമാണ്

Jan 04, 2023

4 Minutes Watch

tp padmanabhan

buffer zone

ടി.പി. പത്മനാഭൻ

കോര്‍പറേറ്റ് താല്‍പര്യങ്ങളല്ല, പരിസ്ഥിതിയാണ് സംരക്ഷിക്കപ്പെടേണ്ടത്

Dec 27, 2022

10 Minutes Read

China Covid

Covid-19

ഡോ: ബി. ഇക്ബാല്‍

‘സീറോ കോവിഡ്​’: പ്രശ്​നം വഷളാക്കിയ ഒരു ചൈനീസ്​ മോഡൽ

Dec 25, 2022

6 Minutes Read

t g jacob

Memoir

ഒ.കെ. ജോണി

ടി.ജി. ജേക്കബ്​: ഒരു നഗ്​നപാദ മാർക്​സിസ്​റ്റ്​ ബുദ്ധിജീവി

Dec 25, 2022

3 Minutes Read

Next Article

മയക്കുവെടിയേറ്റ്​ മയങ്ങുംമുമ്പ്​ കടുവയെ പൊതിയരുത്​ ആൾക്കൂട്ടമേ, അത്​ അപകടമാണ്​

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster