ആ വേദിയിലിരുന്ന ലീഗിന്റെ എം.എല്‍.എമാര്‍
എങ്ങനെയാണ് ഇനി നിയമസഭയെ
അഭിസംബോധന ചെയ്യുക
ആ വേദിയിലിരുന്ന ലീഗിന്റെ എം.എല്‍.എമാര്‍ എങ്ങനെയാണ് ഇനി നിയമസഭയെ അഭിസംബോധന ചെയ്യുക
11 Dec 2021, 11:04 AM
ശബരിമല സമരകാലത്ത് കേട്ട ഒരു മുദ്രാവാക്യം കഴിഞ്ഞദിവസം ഒരിക്കല്‍ കൂടി കോഴിക്കോട്ടുനിന്ന് ഉയര്‍ന്നുകേട്ടു. മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയില്‍ ചെത്തുകാരന്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് വിളിച്ചുപറഞ്ഞത്. മാത്രമല്ല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ അബ്ദുറഹിമാന്‍ കല്ലായി പൊതുപരിപാടിയില്‍ വെച്ച് മറ്റൊരു ഗുരതരമായ ആരോപണം കൂടി ഉന്നയിച്ചു. പൊതുമരാമത്ത് മന്ത്രി റിയാസിന്റേത് വിവാഹം അല്ലെന്നും വ്യഭിചാരമാണെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇസ്ലാമിക നിയമപ്രകാരം ഒരാള്‍ക്ക് അമുസ്ലിം സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ല എന്നതാണ് അയാളുടെ ആരോപണത്തിന്റെ കാതല്‍. ഇത് പരസ്യമായി പറയാന്‍ കഴിയണമെന്നും സി.എച്ച്. അങ്ങനെ പറയുന്ന ആളായിരുന്നുവെന്നുമാണ് കല്ലായി അബ്ദുറഹിമാന്‍ പറഞ്ഞവസാനിപ്പിച്ചത്. ഇത് കേവലം റിയാസിനെതിരെയുള്ള അക്രമം മാത്രമല്ല ഞങ്ങളുടെ രാഷ്ട്രീയം ഇതാണെന്ന് ഉറക്കെ പറയുന്നിടത്താണ് ഇതൊരു ഗുരുതരമായ രാഷ്ട്രീയപ്രശ്‌നമായി മാറുന്നത്.
മിശ്രവിവാഹത്തിന് നിയമപിന്‍ബലമുള്ള ഒരു രാജ്യത്ത് പൊതുവേദിയില്‍ ഒരു മുഖ്യാധാര രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധി തന്നെ ഇങ്ങനെ വിളിച്ചുപറയുമ്പോള്‍ അതുണ്ടാക്കുന്ന രാഷ്ട്രീയദാരിദ്ര്യം തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരു മതരാഷ്ട്രവാദ സംഘടനയായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു എന്നതിന്റെ സാക്ഷ്യമായിരുന്നു അതിനെ തിരുത്താതിരുന്ന നിയമസഭാ സാമാജികരടക്കമിരുന്ന വേദി. എങ്ങനെയാണ് ഇനി ആ വേദിയിലിരുന്ന എം.എ.എ.മാര്‍ നമ്മുടെ നിയമസഭയെ അഭിസംബോധന ചെയ്യുക എന്ന വലിയ ചോദ്യവും ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. വഖഫ് വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കുശേഷം ക്യാമ്പെയിന്‍ നടത്താനുള്ള തീരുമാനം വിമര്‍ശിക്കപ്പെട്ടതും ലീഗ് ഈ വിഷയത്തെ സമീപിച്ച രീതികൊണ്ടുമാത്രമാണ്. വഖഫ് മതപ്രശ്‌നമല്ലേ അത് പള്ളികളില്ലേ പറയേണ്ടത് എന്ന പി.എം.എ. സലാമിന്റെ ചോദ്യത്തോട് നിഷ്‌കളങ്കമായി ഐക്യപ്പെടാന്‍ മാത്രം ദുര്‍ബലമായ ജനസമൂഹമാണ് നമ്മുടേത് എന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി. ആ സമൂഹത്തോടാണ് അതേ വേദിയില്‍ വെച്ച് കെ.എം. ഷാജി ഇസ്ലാമിന്റെ ബൗദ്ധിക കേന്ദ്രങ്ങളായിരുന്ന പൊന്നാണിയിലും കൊടുങ്ങല്ലൂരും തലശ്ശേരിയും കമ്മ്യൂണിസ്റ്റുകള്‍ സമുദായത്തെ വഴിതെറ്റിച്ചെന്നും അത് സമുദായത്തിന്റെ ഇസ്സത്ത് (അഭിമാനം) നശിപ്പിച്ചു എന്നുമൊക്കെ വിളിച്ചുകൂവുന്നത്. കമ്മ്യൂണിസം മതവിരുദ്ധമാണെന്ന പഴയ ഫത്വയാണ് കമ്മ്യൂണിസ്റ്റുകള്‍കൊപ്പം അധികാരം പങ്കിട്ട കാലം മറന്നുകൊണ്ട് ഷാജി ഉളുപ്പില്ലാതെ പുതിയ രൂപത്തില്‍ ഉദ്ധരിക്കുന്നത്. തങ്ങള്‍ മതമാണോ രാഷ്ട്രീയമാണോ പറയേണ്ടത് എന്ന് നിശ്ചയമില്ലാത്തവിധം ഇരുട്ടില്‍ തപ്പുന്നിടത്താണ് സമസ്ത കേരള ജംഇത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലീഗിനെ തിരുത്തുന്നതും. ജിഫ്രി തങ്ങള്‍ ലീഗിനെ മതവും രാഷ്ട്രീയവും ഒരുപോലെ പഠിപ്പിക്കുകയാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് സമരത്തിന് ഞങ്ങളില്ലെന്ന് പറയുന്നതോടൊപ്പം ലീഗിന്റേത് രാഷ്ട്രീയ റാലിയാണെന്നും മുത്തുക്കോയ തങ്ങള്‍ മറയില്ലാതെ പറഞ്ഞു. സമസ്ത സമരത്തിനില്ലേ എന്ന് ആവര്‍ത്തിച്ച് ചോദിച്ച മാധ്യമങ്ങളോട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട് ഞങ്ങള്‍ സമരത്തിനില്ല എന്നുകൂടി ഉറപ്പിച്ചുപറയുകയായിരുന്നു തങ്ങള്‍ ചെയ്തത്.

ശബരിമലയില്‍ സംഘപരിവാര്‍ പരീക്ഷിച്ചു പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോള്‍ മുസ്ലിം ലീഗ് വഖഫ് വിഷയത്തില്‍ പയറ്റികൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു മതപ്രശ്‌നമായി അടയാളം വെക്കാന്‍ കഴിയില്ല. മാത്രമല്ല ഇത് വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുള്ള ഒരു പ്രവര്‍ത്തനപദ്ധതി കൂടിയാണ് എന്നുതന്നെ പറയേണ്ടതുണ്ട്. ഇത് അപകടകരമായ ഒരു വര്‍ഗീയ ധ്രുവീകരണത്തിലേക്കാവും മതേതര കേരളത്തെ കൊണ്ടെത്തിക്കുക. ഇതിനെ പ്രതിരോധിക്കേണ്ടത് ഇപ്പോള്‍ മതേതര കേളത്തിന്റെ ബാധ്യതയായി മാറുകയാണ്.
എന്താണ് വഖഫ് ?
വഖഫ് സ്വത്ത് എന്നാല്‍ ഒരു പ്രത്യേക ഉദ്ദേശലക്ഷ്യത്തോടുകൂടി ദാനം ചെയ്യപ്പെടുന്ന വസ്തു എന്നാണ്. ദാനം ചെയ്യുന്നയാള്‍ ഏത് ഉദ്ദേശത്തിലാണോ അത് ചെയ്യുന്നത് ആ നിലയ്ക്ക് ആ സ്വത്ത് ആജീവനാന്തം പരിപാലിച്ചുപോരുക എന്നതാണ് അതിന്റെ ശരീഅത്ത് നിയമം. മതപരവും ജീവകാരുണ്യവുമായ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ നല്‍കിയ സ്വത്ത് എന്നും ഇതിനെ നിര്‍വചിക്കാം. നിയമപരമായി പറഞ്ഞാല്‍ മുസ്ലിം നിയമപ്രകാരം ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയി അംഗീകരിക്കപ്പെട്ട ഏതെങ്കിലും ഉദ്ദേശ്യത്തിനായി മുസ്ലിമാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ സ്ഥിരമായ സമര്‍പ്പണം. സാധാരണയായി മുസ്ലിം പള്ളികള്‍, കബര്‍സ്ഥാനുകള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍, തുടങ്ങിയവയ്ക്കുവേണ്ടിയാണ് വിശ്വാസികള്‍ ഇത്തരം ദാനധര്‍മങ്ങള്‍ ചെയ്യാറുള്ളത്, വഖഫ് ചെയ്യുന്ന വ്യക്തി വാഖിഫ് എന്നും അറിയപ്പെടുന്നു.
എന്താണ് വഖഫ് ബോര്‍ഡ്?
വഖഫ് സ്വത്തുക്കളുടെ ആജീവനാന്ത സംരക്ഷണത്തിനുവേണ്ടി നിര്‍മിക്കപ്പെട്ട നിയമങ്ങളാണ് വഖഫ് നിയമങ്ങള്‍. ഈ നിയമത്തിന് കീഴില്‍ സ്ഥാപിക്കപ്പെട്ട ഭരണസംവിധാനമാണ് വഖഫ് ബോര്‍ഡ്. 1995-ലെ വഖഫ് നിയമപ്രകാരമാണ് ഇന്ത്യയിലെ വഖഫുകള്‍ ഭരിക്കപ്പെടുന്നത്. ഈ നിയമത്തിന് കീഴിലുള്ള ഒരു സര്‍വേ കമ്മീഷണര്‍ പ്രാദേശിക അന്വേഷണം നടത്തി സാക്ഷികളെ വിളിച്ചുവരുത്തി പൊതുരേഖകള്‍ ആവശ്യപ്പെട്ട് വഖഫ് ആയി പ്രഖ്യാപിച്ച എല്ലാ സ്വത്തുക്കളും പട്ടികപ്പെടുത്തുന്നു. സൂപ്പര്‍വൈസറായി പ്രവര്‍ത്തിക്കുന്ന ഒരു മുതവല്ലിയാണ് വഖഫ് നിയന്ത്രിക്കുന്നത്. ഇത് 1882-ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം സ്ഥാപിതമായ ട്രസ്റ്റിന് സമാനവുമാണ്. സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനും അത്തരം സ്വത്ത് കൈമാറ്റം ചെയ്യാനും അധികാരമുള്ള ഒരു നിയമപരമായ ട്രസ്റ്റാണ് വഖഫ് ബോര്‍ഡ്.
ഓരോ സംസ്ഥാനത്തിനും ഒരു ചെയര്‍പേഴ്‌സണ്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഒന്നോ രണ്ടോ നോമിനികള്‍, മുസ്ലിം നിയമസഭാംഗങ്ങള്‍, പാര്‍ലമെന്റംഗങ്ങള്‍, സംസ്ഥാന ബാര്‍ കൗണ്‍സിലിലെ മുസ്ലിം അംഗങ്ങള്‍, അംഗീകൃത ഇസ്ലാമിക ദൈവശാസ്ത്ര പണ്ഡിതന്മാര്‍, വഖഫുകളിലെ മുതവല്ലികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വഖഫ് ബോര്‍ഡ് ഉണ്ട്. വഖഫ് ബോര്‍ഡിന് നിയമപ്രകാരം സ്വത്ത് കൈകാര്യം ചെയ്യാനും നഷ്ടപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുക്കാനും, വില്‍പന, സമ്മാനം, പണയം, കൈമാറ്റം അല്ലെങ്കില്‍ പാട്ടം എന്നിവ മുഖേന വഖഫിന്റെ സ്ഥാവര സ്വത്ത് കൈമാറ്റം ചെയ്യാനും അനുമതിയുണ്ട്. എന്നിരുന്നാലും വഖഫ് ബോര്‍ഡിലെ മൂന്നില്‍ രണ്ട് അംഗങ്ങളെങ്കിലും അത്തരം ഇടപാടിന് അനുകൂലമായി വോട്ട് ചെയ്യുന്നില്ലെങ്കില്‍ അനുമതി നല്‍കില്ല. ഇങ്ങനെയാണ് വഖഫ് ചട്ടങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്താലേ അത് വഖഫ് ആകൂ എന്നൊന്നും ഇല്ല. മതപരമായി ഒരാള്‍ അങ്ങനെ കരുതി ദാനം നടത്തിയാല്‍ തന്നെ ഇസ്ലാമിക നിയമപ്രകാരം അത് വഖഫാണ്. അതിന് ഇന്ത്യന്‍ നിയമസംവിധാനങ്ങളിലൂടെ പിന്തുണ ലഭിക്കുക എന്ന ഉദ്ദേശ്യത്തിലാണ് വഖഫ് ബോര്‍ഡില്‍ ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ഇപ്പോഴത്തെ വിവാദവും വസ്തുതകളും
വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സലഫി സംഘടനകളും ജമാഅത്ത് ഇസ്ലാമിയും അടക്കമുള്ളവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. അമുസ്ലിങ്ങളായ ആളുകള്‍ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാവുന്നത് സ്വത്ത് അന്യാധീനപ്പെട്ടുപോകാന്‍ ഇടയാക്കുമെന്നാണ് ഇവരുടെ പ്രധാന വാദം. എന്നാല്‍ കേരളത്തില ഏറ്റവും വലിയ മതസംഘടനയായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായ ഇ.കെ. വിഭാഗവും രണ്ടാമത്തെ വലിയ സംഘടനയായ കാന്തപുരം വിഭാഗവും വിഷയത്തില്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഒരു സമരരംഗത്തേക്കില്ല എന്ന നിലപാടിലാണ് കാന്തപുരം വിഭാഗവും ജിഫ്രി തങ്ങളും. നഷ്ടപ്പെട്ട വഖഫ് സ്വത്തുകള്‍ വാഖിഫിന്റെ ഉദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പലരും കൈയടക്കി വെച്ചിട്ടുണ്ട് അത് തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നുകൂടി ഇവര്‍ പറയുന്നുണ്ട്. വഖഫ് ബോര്‍ഡിലെ പരിഷ്‌കരണങ്ങള്‍ വഖഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കാനാണെന്നാണ് വഖഫ് മന്ത്രി വി. അബ്ദുറഹിമാനും പറയുന്നത്. അങ്ങനെ വരുമ്പോള്‍ അത് ലീഗിന്റെ സ്വാധീനം ഉപയോഗിച്ച് സുന്നി പള്ളികള്‍ കൈയടക്കിവെച്ച സലഫികള്‍ക്കുള്ള കൊട്ടായാണ് ഇരുവിഭാഗം സുന്നികളും കാണുന്നത്. അതുകൊണ്ടാണ് അവര്‍ ഈ സമരത്തില്‍ ലീഗിനോട് അയിത്തം കാണിക്കുന്നതും
സര്‍ക്കാര്‍ നടപടിയില്‍ ലീഗിന് എന്താണ് നഷ്ടം?
കാലങ്ങളായി വഖഫ് ബോര്‍ഡില്‍ നിയമങ്ങള്‍ നടത്തുന്നത് ബോര്‍ഡാണ് ബോര്‍ഡില്‍ ആധിപത്യമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക് ലീഗിന് ഈ നിയമനങ്ങളിലെ അധികാരവും സ്വാതന്ത്ര്യവും നഷ്ടപ്പടും. മാത്രമല്ല, കേരളത്തില്‍ ലീഗിന്റെ ഓരം ചേര്‍ന്ന് വളരുന്ന സലഫി വിഭാഗം പരാമ്പര്യ മുസ്ലിങ്ങളായ സുന്നികളുടേതായി ഇപ്പോള്‍ കൈയടക്കിവെച്ച വഖഫ് സ്വത്തുകള്‍ കൈവിട്ടുപോകുമോ എന്ന ആശങ്കയും ലീഗിനുണ്ട്. കോഴിക്കോട് ജില്ലയില്‍ പട്ടാള പള്ളി, മുഹ്യദ്ധീന്‍ പള്ളി, ശാദുലിപള്ളി അടക്കം 11 പുരാതന പള്ളികള്‍ തന്നെ ഇന്ന് സലഫികളുടെ നിയന്ത്രണത്തിലാണ്. ഈ പള്ളികളില്‍ പലതും കേരളത്തില്‍ സലഫി പ്രസ്ഥാനം ജനിക്കുന്നതിന് മുമ്പേയുള്ളതുമാണ്. അതുകൊണ്ടുതന്നെ ഇത്തരം പള്ളികള്‍ വഖഫിന്റെ ഉദ്ദേശ്യത്തിലല്ല പ്രവര്‍ത്തിച്ചുപോരുന്നത് എന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ല. ഖബര്‍ സിയറാത്തും ഖബര്‍സ്ഥാനിലെ കുര്‍ഹാന്‍ പാരായണവും മൗലീദുകളും വരെ സുന്നി വിശ്വാസം പ്രകാശം നടന്നുപോന്നിരുന്ന പലതും സലഫിലളുടെ കൈയിലായപ്പോള്‍ അവിടങ്ങളില്‍ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കേരളത്തില്‍ സമസ്തയുടെ പ്രധാന ആസ്ഥാനകേന്ദ്രവും ഒട്ടേറെ ചരിത്രസംഭവങ്ങളുടെ സാക്ഷിയും സുന്നി വഖഫുമായിരുന്ന വാഴക്കാട് ദാറുല്‍ ഉലൂം എന്ന സ്ഥാപനം അടക്കം പലതും ലീഗിന്റെ സ്വാധീനം ഉപയോഗിച്ച് സലഫികള്‍ സ്വാകര്യ ട്രസ്റ്റ് രൂപത്തില്‍ കൈയടക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളൊക്കെയും വഖഫിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റെ ശ്രമം മുന്നോട്ടുപോയാല്‍ അത് സുന്നി-സലഫി പോരുകൂടിയായി മാറാനും സാധ്യതയുണ്ട്. അത് ലീഗിന്റെ വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്ന് കണ്ടാണ് സലഫികളെയും ജമാഅത്ത് ഇസ്ലാമിയെയും കൂട്ടുപിടിച്ച് മുസ്ലിം ഉമ്മത്തിന്റെ പ്രശ്‌നമാണിതെന്ന് ചിത്രീകരിച്ചുകൊണ്ട് ലീഗ് ഈ കൈവിട്ട കളിക്ക് ഗ്രൗണ്ട് ഒരുക്കുന്നത്.
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 17, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 10, 2023
3 Minute Read