കടക്ക് പുറത്ത്
(ഒരു മാധ്യമപ്രവര്‍ത്തകന്റെ ആത്മഗതം)
കടക്ക് പുറത്ത് (ഒരു മാധ്യമപ്രവര്‍ത്തകന്റെ ആത്മഗതം)
അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രാജന്റെ മൃതദേഹം എന്തുചെയ്തു എന്ന് ഇന്നും ജീവിച്ചിരിക്കുന്ന പുലിക്കോടന്‍ നാരായണനെക്കൊണ്ട് പറയിക്കാന്‍ കഴിയാത്ത, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാന്‍ കഴിയാത്ത, പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബും, താഹ ഫസലും കുറ്റക്കാരാണോ അല്ലയോ എന്ന് കൃത്യമായി പറയാനാകാത്ത, ഇതുപോലെ ഒന്നിലും ഒരുറപ്പുമില്ലാത്ത, ചീഞ്ഞ മസ്തിഷ്‌കങ്ങളുടെ നാറ്റം വമിക്കുന്ന ന്യൂസ്‌റൂമുകളോട്, ആത്മനിന്ദയോടെ...
29 Apr 2020, 11:16 AM
വായനക്കാര്‍ സ്വതവേ ഹ്രസ്വദൃഷ്ടികളായിരിക്കും എന്നൊരു ബോധം അബോധത്തിലുള്ളതുകൊണ്ട് കഴിഞ്ഞുപോയവ ചികഞ്ഞെടുക്കാന്‍ അവര്‍ മെനക്കെടില്ല എന്നൊരു ധാര്‍ഷ്ട്യം പൊതുവെ ഞങ്ങള്‍ക്കുണ്ട്. ആ ഒരു ഇതുവെച്ചാണ് ഞങ്ങളൊഴിച്ചുള്ള പ്രപഞ്ചത്തിലെ എല്ലാവരെയും പരിഹസിക്കുന്ന ആക്ഷേപഹാസ്യം ദിവസവും വിളമ്പുന്നത്. പിണറായി വിജയന്‍ പണ്ടും ഇപ്പോഴും പറഞ്ഞതും ചെയ്തതും ഒരേ ഫ്രയ്മില്‍ വന്നാല്‍ അത് ഇപ്പോഴത്തെ പിണറായി വിജയനെ റദ്ദാക്കിക്കളയും എന്നൊരു തോന്നലുണ്ട് ഞങ്ങള്‍ക്ക്, അദ്ദേഹം മാത്രമല്ല ഉമ്മന്‍ചാണ്ടി മുതല്‍ കിം ജോങ് ഉന്നിനെവരെ ഇങ്ങനെ ഇല്ലാതാക്കിക്കളയാനുള്ള ആര്‍ക്കൈവ്‌സും പക്കലുണ്ട്. ഒരിക്കലും ഈ ആക്ഷേപഹാസ്യത്തുള്ളലിലെ ഒരു കഥാപാത്രമാകേണ്ടിവരില്ല എന്നൊരു "വിപതിധൈര്യം' ഞങ്ങള്‍ക്ക് സദാ ഉണ്ട്. അതുകൊണ്ടാണ് ഇന്നലെവരെ ഞങ്ങള്‍ നിന്നുപിഴയ്ക്കുന്നത്.
"ഇന്നലെ ചെയ്‌തോരബദ്ധം ഇന്നത്തെ ആചാരമായി' തീരുന്നതിനെക്കുറിച്ചാണ് ഈ ആമുഖം.
സാമാന്യബോധമുള്ള ഏതൊരു മനുഷ്യനെയും യുക്തിയിലേക്കും പലതരം തിരിച്ചറിവുകളിലേക്കും നയിക്കുന്ന ഒരു പ്രതിസന്ധിയിലാണ് കാലം. അത്തരമൊരു ഉണര്‍വിന്റെ കൊടിപ്പടമേന്തേണ്ട മാധ്യമപ്രവര്‍ത്തനം എന്തുകൊണ്ടാണ്, ഏറ്റവും മാരകമായ വൈറസിനേക്കാള്‍ മാരകമായി മാറുന്നത്?
ഇനിയും ഒരെത്തും പിടുത്തവും കിട്ടാത്ത ചില ദൃഷ്ടാന്തങ്ങള്‍(സ്വയം ലജ്ജയോടെ)
1. ഏപ്രില്‍ 20ന് പൊടുന്നനെ പൊട്ടിവീണ ഒരു വാര്‍ത്ത: കേരളത്തിലെ കോവിഡ് രോഗികളുടെ ഡാറ്റശേഖരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്പ്രിംക്ലര്‍ എന്ന കമ്പനിക്ക് അന്താരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസറുമായി ബന്ധം. ഇവര്‍ ആവശ്യപ്പെട്ടത് കൊറോണ രോഗികളുടെ വിവരം. ഇതിന്റെ തെളിവുകള്‍..... പുറത്തുവിട്ടു. ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നടത്തിയ അഭിമുഖത്തില്‍നിന്ന് ആര്‍ക്കും വായിച്ചെടുക്കാവുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തലായി കേരളത്തിലെ ചാനലുകള്‍ അവതരിപ്പിച്ചത്. സ്പ്രിംക്ലറും ഫൈസറും തമ്മില്‍ ബന്ധമുണ്ടെന്ന് കാണിക്കാന്‍ ഒരുതരത്തിലുള്ള സാഹസികതയും ആവശ്യമില്ല. തങ്ങളുടെ സോഷ്യല്‍ മീഡിയ ചാനലുകളിലെ ഉള്ളടക്കം കൈകാര്യം ചെയ്യാന്‍ സ്പ്രിക്ലറിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കമ്പനിയാണ് ഫൈസര്‍. ഇത് രഹസ്യവുമല്ല. ഈ വാര്‍ത്തയില്‍നിന്ന് അറിയാനുണ്ടായിരുന്നത് ഇത്രമാത്രം: സ്പ്രിംക്ലര്‍ ചോര്‍ത്തിയെന്ന് മാധ്യമങ്ങള്‍ പറയുന്ന കേരളത്തിലെ കോവിഡ് രോഗികളുടെ വിവരം ഫൈസറിന് കൈമാറിയിട്ടുണ്ടോ? ഉണ്ടെന്നവിധമായിരുന്നുവല്ലോ വാര്‍ത്തകള്‍. അതുകൊണ്ട്, ഇതിന് തെളിവ് നല്‍കേണ്ടതും ചാനലുകളായിരുന്നു. കാരണം, ഈ ആരോപണം പുറത്തുള്ള ആരെങ്കിലും ഉന്നയിച്ചതല്ല, ചാനലുകള്‍ തന്നെ "ബ്രേക്ക്' ചെയ്തതാണ്. തെളിവ് തേടി വായനക്കാര്‍ക്ക് നല്‍കുന്നതിനുപകരം രാത്രി ചര്‍ച്ച സംഘടിപ്പിക്കുകയായിരുന്നു ചാനലുകള്‍. ആടിനെ പട്ടിയാക്കുന്ന വിദ്യയാണല്ലോ പ്രൈംടൈം ചര്‍ച്ച, അവതാരകന്‍ നാലുപേര്‍ക്കൊപ്പമിരുന്ന് അലറിവിളിച്ച് ആ "ബ്രേക്കിങ്' ന്യൂസ് അവസാനിപ്പിച്ചു. സാധാരണ നിലക്ക് തലേന്നത്തെ ചാനല്‍ ബ്രേക്കുകള്‍ പിന്നേറ്റ് നൂറ്റൊന്നാവര്‍ത്തിക്കാറുള്ള പത്രങ്ങള്‍, ബ്രേക്കിട്ട അതേ ചാനലുകളുടെ കടലാസുകളില്‍ പോലും തെരഞ്ഞുതോറ്റു, തെളിവുകള്‍ക്കായി. ഒരു വരിപോലും ഇല്ലായിരുന്നു. അപ്പോള്‍ ഒരു സംശയം. ഈ വാര്‍ത്ത ആരുടെ ഉത്തരവാദിത്തമായിരുന്നു?
2. കോട്ടയത്തെ ഒരു കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വൈകിക്കുന്നു എന്ന ഒരു ബ്രേക്ക് ഏപ്രില്‍ 27ന് രാത്രി പ്രത്യക്ഷമായി. ആ വാര്‍ത്ത അദ്ദേഹം തന്നെ ചാനലിനോട് നിഷേധിച്ചു: "കുറച്ചു നേരം മുന്‍പ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിളിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത ആണ് അവര്‍ പറഞ്ഞത്. ഏകദേശം പതിനഞ്ച് മിനിറ്റ് മുമ്പ് മെഡിക്കല്‍ കോളേജില്‍ നിന്ന് വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് അയക്കുന്നുണ്ട് എന്നാണവര്‍ പറഞ്ഞത്'.
അദ്ദേഹത്തിന്റെ വീട്ടില്‍ ആംബുലന്‍സ് എത്താനുള്ള സമയം നല്‍കുന്നതിനുമുമ്പേ ചാനല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയായിരുന്നു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒരു മാസത്തിലേറെയായി നിരന്തരം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രാഥമികമായി അറിയേണ്ട ഒരു കാര്യമാണ്, രോഗം സ്ഥിരീകരിച്ചു എന്നാല്‍ എന്താണ്, സ്ഥിരീകരിച്ച രോഗിയെയും രോഗത്തെയും എങ്ങനെ കൈകാര്യം ചെയ്യണം എന്നത്.
"ഈ സമയത്ത് മാധ്യമങ്ങള്‍ ഈ ജാഗ്രത ഉയര്‍ത്തേണ്ട കാര്യമുണ്ട്. ഈ കടമയാണ് മാധ്യമങ്ങള്‍ കുറച്ചുനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്' എന്നു പറയുന്നുണ്ട് ഈ വാര്‍ത്ത അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍. അദ്ദേഹം അവതരിപ്പിക്കുന്ന വാര്‍ത്തയുടെ കാര്യത്തില്‍ ഇതേ ജാഗ്രത പുലര്‍ത്തേണ്ടതല്ലേ? വാര്‍ത്തയോട് പുലര്‍ത്താത്ത എന്ത് കടമയാണ് അദ്ദേഹത്തിന് സമൂഹത്തോട് നിറവേറ്റാനാകുക?
പ്രാഥമികമായ ആ വിവരം ഇതാണ്: രോഗം സ്ഥിരീകരിച്ചാലും 85% പേരിലും ഗുരുതര പ്രശ്‌നങ്ങളുണ്ടാകില്ല. അവരെ ആശുപത്രിയിലാക്കേണ്ടതില്ല. ഗുരുതരമായാല്‍ മാത്രം ആശുപത്രി-ഐ.സി.യു-വെന്റിലേറ്റര്‍ സൗകര്യം വേണ്ടിവരും. അല്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ക്വാറന്‍ൈറനില്‍ കഴിയാം. വാര്‍ത്തയിലെ നായകന്‍ തന്നെ പൊളിച്ചടുക്കിയ ഒരു വാര്‍ത്തയുടെമേല്‍ പിന്നെയും ചാനല്‍ കെട്ടിമറിയുന്ന ലജ്ജാകരമായ കാഴ്ച തുടര്‍ന്നു.
"ഈ സമയത്ത് മാധ്യമങ്ങള്‍ ഈ ജാഗ്രത ഉയര്‍ത്തേണ്ട കാര്യമുണ്ട്. ഈ കടമയാണ് മാധ്യമങ്ങള്‍ കുറച്ചുനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്' എന്നു പറയുന്നുണ്ട് ഈ വാര്‍ത്ത അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍. അദ്ദേഹം അവതരിപ്പിക്കുന്ന വാര്‍ത്തയുടെ കാര്യത്തില്‍ ഇതേ ജാഗ്രത പുലര്‍ത്തേണ്ടതല്ലേ? വാര്‍ത്തയോട് പുലര്‍ത്താത്ത എന്ത് കടമയാണ് അദ്ദേഹത്തിന് സമൂഹത്തോട് നിറവേറ്റാനാകുക?
3. മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍, അവര്‍ക്ക് പരിചിതമല്ലാത്ത, അറിവില്ലാത്ത ഒരു പുതിയ വിഷയം വരുമ്പോള്‍ എന്തുചെയ്യും? അതേക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ തേടിപ്പിടിക്കും, ദിവസേനയെന്നാണം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും, ആ മേഖലയിലുള്ളവരുമായി സംസാരിക്കും, മുന്നിലുള്ള കാര്യങ്ങളില്‍നിന്ന് യുക്തിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്തും, അങ്ങനെ അറിഞ്ഞ കാര്യങ്ങളെത്തന്നെ സ്വയം തിരുത്തി ഒരു കാഴ്ചപ്പാടും നിലപാടും രൂപപ്പെടുത്തിയെടുക്കും. സോഷ്യല്‍ മെഡിസിന്‍, വൈറോളജി, എപ്പിഡമോളജി തുടങ്ങിയവയെക്കുറിച്ച് കഴിഞ്ഞ 30 വര്‍ഷം കൊണ്ട് പഠിച്ചതിനേക്കാള്‍ കൂടുതല്‍ താന്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് പഠിച്ചതായി ഈയിടെ ഒരു അഭിമുഖത്തില്‍ ഡോ. ബി. ഇക്ബാല്‍ പറഞ്ഞത് ഓര്‍ക്കുന്നു. മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചും ഇത് കൃത്യമാണ്. കോവിഡ് എന്ന പുതിയൊരു രോഗത്തെക്കുറിച്ച് പ്രതിഭാശാലിയായ ഒരു ഡോക്ടര്‍ നടത്തുന്ന അന്വേഷണത്തിന്റെ അതേ ശ്രദ്ധ തന്നെ, കോവിഡിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും വേണം. മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു സാഹചര്യമായതിനാല്‍, കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പിഴവുണ്ടാകുക സ്വഭാവികമാണ്. കാരണം, കോവിഡിനെക്കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്, ലോകാരോഗ്യ സംഘടന തന്നെ ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കിടുന്നു,
വിദഗ്ധരടങ്ങിയ ഔദ്യോഗിക സംവിധാനം തന്നെ പല കാര്യങ്ങളും തിരുത്തിയാണ് മുന്നോട്ടുപോകുന്നത്. ഇതേ ആശയക്കുഴപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടാകാം.
എന്നാല്‍, സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയം ഇതുപോലെ ഒന്നല്ല. ബിഗ് ഡാറ്റ അനാലിസിസ്, ക്ലൗഡ്, Software ad a Service(SAAS) തുടങ്ങി ഇതുമായി ബന്ധപ്പെട്ടതെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. കാരണം, ഒരു സൈബര്‍പരിസരത്താണ് ഇന്ന് മാധ്യമപ്രവര്‍ത്തനം.
എന്നാല്‍, സംഭവിക്കുന്നത് എന്താണ്? ചര്‍ച്ചകള്‍ പലതുകഴിഞ്ഞു. ഹൈകോടതി വരെ ഇടപെട്ടു. വിവരശേഖരണത്തിന് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ തുടരാന്‍ കോടതി അനുവദിച്ചു. ഒപ്പം നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍: കൈമാറുന്ന വിവരങ്ങള്‍ വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധം രഹസ്യസ്വഭാവത്തിലുള്ളതാകണം, വിവരം കൈമാറരുത്, ഡേറ്റ സര്‍ക്കാറിന് തിരിച്ചുനല്‍കണം. ഇതെല്ലാം കമ്പനിയുമായി സംസ്ഥാന സര്‍ക്കാറുണ്ടാക്കിയ കരാറിലുണ്ട്. അതുകൊണ്ട്, അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കരാറിലെ ഇരുകക്ഷികളുടെയും ഉത്തരവാദിത്തം കൂടിയാണ്. അത് ലംഘിക്കപ്പെടുമെന്നതാണല്ലോ, രണ്ടാഴ്ചയായി നമ്മുടെ മാധ്യമങ്ങള്‍ പങ്കുവെക്കുന്ന ആശങ്ക. പ്രതിപക്ഷനേതാവിന്റെ വാര്‍ത്തസമ്മേളനത്തോടെ വാര്‍ത്താപ്രാധാന്യം നേടിയ ഈ ആശങ്കയെ പ്രസക്തമാക്കുന്ന ഒരു ഘടകം, വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവങ്ങളാണ്.
സ്വകാര്യതക്കുള്ള അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശത്തില്‍ അന്തര്‍ലീനമാണെന്നും ഭരണഘടന ഇത് ഉറപ്പുനല്‍കുന്നുണ്ടെന്നും സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത് സമീപകാലത്താണ്. പൗരന്മാരില്‍ അനഭിമതരായവരെ അപരന്മാരാക്കുന്ന ഒരു കേന്ദ്ര ഭരണകൂടം നിലനില്‍ക്കുമ്പോള്‍ ഇത്തരം ആശങ്കകള്‍ അനിവാര്യവുമാണ്. എന്നാല്‍, വ്യക്തിക്കെതിരായ ഇത്തരമൊരു കടന്നാക്രമണത്തിന്റെ തലത്തിലാണോ സ്പ്രിംക്ലറും സംസ്ഥാന സര്‍ക്കാറും തമ്മിലുണ്ടാക്കിയ കരാര്‍ വരുന്നത്. വിഷയത്തെക്കുറിച്ച് ശരിക്കും വിവരമുള്ളവരും വിവരമില്ലാത്തവരുമായി ഈ ചര്‍ച്ച വഴിതിരിയുന്നതാണ് മലയാളികള്‍ കണ്ടത്.
ഇതേക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഈ ആരോപണത്തെ വെറും വിവാദമാക്കാന്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ തിരക്കുകൂട്ടുന്നു എന്നതിനെക്കുറിച്ചാണ്. കാരണം വ്യക്തമാണ്, ഒരു വസ്തുതയെ അധികകാലം ആരോപണമായി നിലനിര്‍ത്താനാകില്ല, അതിന് തെളിവ് നല്‍കേണ്ടിവരും, ആരോപണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തെളിവ് നല്‍കാന്‍ ബാധ്യസ്ഥരാകും, അല്ലെങ്കില്‍, ആ ആരോപണത്തിന്റെയും അത് ഉന്നയിക്കുന്നവരുടെയും വിശ്വാസ്യത തകരും. വിവാദത്തിന്, ഈയൊരു റിസ്‌ക് ഇല്ല, പുകമറക്കുള്ളില്‍ അത് എക്കാലവും സുരക്ഷിതമായിരിക്കും, അങ്ങനെത്തന്നെ അതിന് എത്ര കാലം വേണമെങ്കിലും തുടരുകയും ചെയ്യാം. സ്പ്രിംക്ലര്‍ വിഷയത്തില്‍ ഈയൊരു തന്ത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ പയറ്റുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ ഇത് ഒരു വിവാദമായി ഉന്നയിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരോ വിശ്വാസ്യത ഒരു ബാധ്യതയായി അലങ്കരിക്കുന്നവരല്ല. തങ്ങള്‍ക്കും വിശ്വാസ്യത ഇന്ന് ഒരു അലങ്കാരം പോലുമാകേണ്ടതില്ല എന്ന് മാധ്യമങ്ങളും ഉറക്കെ വിളിച്ചുപറയുകയാണ്.

ഈ വിവാദത്തിന്റെ റിപ്പോര്‍ട്ടിംഗില്‍ പാലിക്കേണ്ട നൈതികത ഇതൊന്നുമല്ല. സ്പ്രിംക്ലര്‍ കമ്പനി ശേഖരിക്കുന്ന കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ മരുന്നുകമ്പനികള്‍ക്കും മറ്റും മറിച്ചുവില്‍ക്കുമെന്നാണേല്ലാ പ്രധാന ആരോപണം. ഈ ആരോപണത്തിന് ബലം കൂട്ടാന്‍ അവതരിപ്പിച്ച തിയറികളില്‍ പലതിനും വിശ്വസനീയമായ വിശദീകരണം നല്‍കപ്പെട്ടുകഴിഞ്ഞു. സര്‍ക്കാര്‍ ഹൈകോടതിയില്‍ നല്‍കിയ വിശദീകരണം ഇതാണ്: ഡാറ്റ ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാണ്, ആമസോണ്‍ ക്ലൗഡ് സെര്‍വറില്‍ ആണ് ഡാറ്റ ശേഖരിക്കുന്നത്, ഡാറ്റ ചോര്‍ച്ചയുണ്ടായാല്‍ ഇന്ത്യയില്‍ കേസ് കൊടുക്കാം, വ്യക്തികളുടെ പേരും വിലാസവും കമ്പനിക്ക് നല്‍കുന്നില്ല, ഫോണ്‍ നമ്പര്‍ ആണ് ഒരാളുടെ യൂണിക് ഐ.ഡി, അത് മാസ്‌ക് ചെയ്യാന്‍ കഴിയും, ആ വിവരം കമ്പനിയുടെ പക്കല്‍ എത്തുന്നില്ല.
ഒരു വസ്തുതയെ അധികകാലം ആരോപണമായി നിലനിര്‍ത്താനാകില്ല, അതിന് തെളിവ് നല്‍കേണ്ടിവരും, ആരോപണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തെളിവ് നല്‍കാന്‍ ബാധ്യസ്ഥരാകും, അല്ലെങ്കില്‍, ആ ആരോപണത്തിന്റെയും അത് ഉന്നയിക്കുന്നവരുടെയും വിശ്വാസ്യത തകരും.
ഇത്തരം ചില ഉറപ്പുകളുടെ ധൈര്യത്തില്‍ തന്നെയാണ് ഇന്നത്തെ സൈബര്‍ സേവനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് എന്നും ഓരോ വ്യക്തിയും അവയുടെ ഉപഭോക്താകളാകുന്നത് എന്നും ഓര്‍ക്കുക. വാദത്തിന് ഇവയെ നിഷേധിക്കുകയും ഉദാഹരണങ്ങളും സാധ്യതകളും നിരത്തുകയും ചെയ്യാം.
അത് വിവാദത്തിന്റെ കാര്യം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട് അപ്പോഴും അവശേഷിക്കുന്ന ചോദ്യം ഇതാണ്: കമ്പനി ഡാറ്റ മറിച്ചുവില്‍ക്കും എന്ന ആരോപണം സാധൂകരിക്കുന്ന വസ്തുതകള്‍ എവിടെ? ആരോപണം കൂടുതല്‍ ദുരൂഹമാക്കാനുള്ള സാഹചര്യവിവരണമല്ലാതെ ഡാറ്റ മറിച്ചുവില്‍ക്കും എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?
സ്പ്രിംക്ലര്‍ കമ്പനിയുടെ കൈവശം ഇപ്പോള്‍ തന്നെ കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ എത്തിയിട്ടുണ്ടാകുമല്ലോ. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ആരോപണത്തിന് അടിസ്ഥാനമുണ്ടെങ്കില്‍ കമ്പനി ഈ ഡാറ്റ ഏതെങ്കിലും മരുന്നുകമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ടാകുമല്ലോ. കാരണം, ലോകത്ത് നിരവധി കോര്‍പറേറ്റ് കമ്പനികളാണ് ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ ഗവേഷണത്തിന്റെയും മാര്‍ക്കറ്റിംഗിന്റെയും രംഗത്തുള്ളത്. യു.കെയില്‍ നടക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചാല്‍ അടുത്ത ഒക്ടോബറില്‍ വാക്‌സിന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആ നിലയ്ക്ക് രോഗികളുടെ ഡാറ്റകള്‍ ഇപ്പോള്‍ തന്നെ മരുന്നുകമ്പനികളുടെ കൈവശം എത്തിയിരിക്കാന്‍ സാധ്യതയുണ്ട്. അതില്ലാതെ അവര്‍ക്ക് വാക്‌സിന്റെ മാര്‍ക്കറ്റിംഗ് നടക്കില്ല.
ആ നിലക്ക് ഒരു അന്വേഷണം കേരളത്തിലെ മാധ്യമങ്ങള്‍ നടത്താത്ത് എന്തുകൊണ്ടാണ്? മലയാളിയായ ചാനല്‍ പ്രേക്ഷകര്‍, പത്രവായനക്കാര്‍ ഇന്ന് പ്രതീക്ഷിക്കുന്ന പ്രധാന വാര്‍ത്ത ഇതായിരിക്കും. 'സ്പ്രിംക്ലര്‍ കമ്പനി ഡാറ്റ ചോര്‍ത്തി'. ഒരു കമ്പനി ശേഖരിക്കുന്ന ഡാറ്റ മറിച്ചുവില്‍ക്കാനുള്ള സംവിധാനത്തെക്കുറിച്ച്, സാധ്യതകളെക്കുറിച്ച് ദിനേന ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ അതിന്റെ സംഭവ്യതയെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ട്? കേരളത്തിലെ ഒരു ജേണലിസ്റ്റിനെങ്കിലും 'അഞ്ചാംപാതിര' എന്ന സിനിമയിലെ ആ കഥാപാത്രമായെങ്കിലും മാറാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന് ഇക്കണ്ട ആരോപണങ്ങളെല്ലാം വിഴുങ്ങേണ്ടിവരുന്ന ഒരാള്‍ സംശയിച്ചാല്‍ കുറ്റം പറയാനാകുമോ? പണ്ട്, ഐ.എസ്.ആര്‍.ഒ ചാരക്കേസുണ്ടായപ്പോള്‍, മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും ജാതകം തപ്പിപ്പിടിക്കാന്‍ മാലിയിലേക്ക് വിമാനത്തിലും കപ്പലിലും റിപ്പോര്‍ട്ടര്‍മാരെ അയച്ച അതേ മാധ്യമ മാനേജുമെന്റുകളല്ലേ ഇപ്പോഴും കേരളത്തിലുള്ളത്? അവര്‍ കണ്ടെടുത്ത മറിയം റഷീദയുടെ പൂര്‍ണകായചിത്രം പോലത്തെ അമൂല്യനിധി തേടി സ്പ്രിംക്ലര്‍ കമ്പനിയുടെ അകത്തളങ്ങളിലേക്ക് ഒരു സൈബര്‍യാത്ര നടത്താന്‍ എന്തുകൊണ്ട് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല? ഡാറ്റ പ്രോസസിങ്ങിന്റെയും അനാലിസിന്റെയും അതിന്റെ കൈമാറ്റത്തിന്റെയുമൊക്കെ അതോറിറ്റികളാണ് ഞങ്ങള്‍ എന്നാണല്ലോ ഐ.ടി സെക്രട്ടറിയുമായൊക്കെ സംസാരിക്കുന്നതുകേട്ടപ്പോള്‍ തോന്നിയത്? ആ കോട്ടിട്ടുതന്നെ അവര്‍ക്ക് തങ്ങള്‍ പറയുന്നതിനെക്കുറിച്ചുതന്നെ ഒരു അന്വേഷണം നടത്തിക്കൂടേ? തങ്ങള്‍ പറയുന്നതിനെ സാധൂകരിക്കുന്ന തെളിവുകളുമായി അവര്‍ക്ക് പൊങ്ങിവരാമല്ലോ? ദിവസവും ആരോപണ സോഴ്‌സുകളുടെ ഉച്ഛിഷ്ടം കാത്തിരിക്കേണ്ടതുണ്ടോ?
കേരളത്തിന്റെ മാധ്യമപ്രവര്‍ത്തനം, ജേണലിസം അടിസ്ഥാനമാകേണ്ട ഇത്തരം വസ്തുനിഷ്ഠതകളില്‍ വിശ്വസിക്കാത്തതുകൊണ്ട്, ഇങ്ങനെയൊരു അന്വേഷണം ഈ വിഷയത്തില്‍ ഉണ്ടാകില്ല എന്നുറപ്പാണ്. മുന്‍കാല മാതൃകകള്‍ നിരവധിയാണ്. മാധ്യമങ്ങള്‍ മറന്നിട്ടുണ്ടാകുമെങ്കിലും റിച്ചാര്‍ഡ് ഫ്രാങ്കിയെ വായനക്കാര്‍ മറന്നിരിക്കില്ല. ജനകീയാസൂത്രണത്തിന്റെ സമയത്ത്, തൊണ്ണൂറുകളുടെ അവസാനത്തിലായിരുന്നു ഇടതുസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ആ വിവാദം. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസും ശാസ്ത്രസാഹിത്യ പരിഷത്തും മുഖേന വിദേശഫണ്ട് കേരളത്തിലേക്ക് ഒഴുകിയെന്നായിരുന്നു പ്രധാന ആരോപണം. ഡോ. തോമസ് ഐസക്കും ഫ്രാങ്കിക്കൊപ്പം ആരോപണനായകരായി.
പ്രൊഫ. എം.എന്‍. വിജയന്‍ എഡിറ്ററായ "പാഠം മാസിക' 2001ല്‍ പരിഷത്തിന്റെയും സി.ഡി.എസ്സിന്റെയും രേഖകള്‍ ഉദ്ധരിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി. രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് വിദേശ ഫണ്ട് കൂലിയായി കിട്ടുന്നു, ലോകബാങ്ക്, എ.ഡി.ബി തുടങ്ങിയ സാമ്രാജ്യത്വ ഏജന്‍സികളുടെ ഭരണതല ഇടപെടലിനു വഴിയൊരുക്കുന്നു, ഫ്രാങ്കിയുടെ ചാരശൃംഖലയിലെ സുപ്രധാന കണ്ണികളാണ് ഐസക്കും പരിഷത്തും തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍.
പരിഷത്ത്, എം.എന്‍ വിജയനും "പാഠ'ത്തിനുമെതിരെ മാനനഷ്ടക്കേസ് കൊടുത്തു. എം.എന്‍ വിജയനെപ്പോലെ ജനസ്വാധീനമുള്ള ഒരു ഇടതുപക്ഷ ബുദ്ധിജീവി തങ്ങളെ സാമ്രാജ്യത്വ ശക്തികളുടെ ഏജന്റുകളായി ചിത്രീകരിച്ചു എന്നായിരുന്നു ഹരജി. ചാരപ്രവര്‍ത്തനവും ഫ്രാങ്കിയുടെയും മറ്റു വിദേശ സംഘടനകളുടെയും ഇടപെടലും മുതലാളിത്തത്തിന്റെ ഭാഗമാണെന്ന് എം.എന്‍. വിജയനും 'പാഠ'വും നിലപാടെടുത്തു. സദുദ്ദേശത്തോടെയും പൊതുജനനന്മ ലാക്കാക്കിയും നിലപാടില്‍ ഉറച്ചുനിന്നു.
എം.എന്‍. വിജയനെയും 'പാഠ'ത്തിലെ പ്രഫ. എസ്. സുധീഷിനെയും വെറുതെവിട്ട കോടതി, അവരുടെ ചില പരാമര്‍ശങ്ങളിലും അതിന്റെ ന്യായാന്യായങ്ങളിലുമാണ് ഊന്നിയത്. ആരോപണത്തിന്റെ മര്‍മം അതായിരുന്നില്ലല്ലോ, തോമസ് ഐസക് ഫ്രാങ്കിക്കൊപ്പംചേര്‍ന്ന് നടത്തിയ ചാരപ്രവര്‍ത്തനം എന്താണ്, എത്ര കോടി രൂപ അങ്ങനെ കേരളത്തിലെത്തി, ജനകീയാസൂത്രണത്തിനുമേലുള്ള വിദേശ ഏജന്‍സികളുടെ ഇടപെടല്‍ എന്തായിരുന്നു എന്നീ ചോദ്യങ്ങള്‍ക്ക് രണ്ടു ദശകമായിട്ടും ഉത്തരമായിട്ടില്ല. മറ്റൊരു മറിയം റഷീദയായി റിച്ചാര്‍ഡ് ഫ്രാങ്കി മലയാളി വായനക്കാരുടെ ദുഃസ്വപ്നങ്ങളില്‍ ഗതികിട്ടാപ്രേതമായി അലഞ്ഞുനടക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രാജന്റെ മൃതദേഹം എന്തുചെയ്തു എന്ന് ഇന്നും ജീവിച്ചിരിക്കുന്ന പുലിക്കോടന്‍ നാരായണനെക്കൊണ്ട് പറയിക്കാന്‍ കഴിയാത്ത, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാന്‍ കഴിയാത്ത, പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബും, താഹ ഫസലും കുറ്റക്കാരാണോ അല്ലയോ എന്ന് കൃത്യമായി പറയാനാകാത്ത, ഇതുപോലെ ഒന്നിലും ഒരുറപ്പുമില്ലാത്ത, ചീഞ്ഞ മസ്തിഷ്‌കങ്ങളുടെ നാറ്റം വമിക്കുന്ന ന്യൂസ്‌റൂമുകളോട്, ആത്മനിന്ദയോടെ...
റഷീദ്
3 May 2020, 02:33 AM
ന്യൂസ് റൂം ഇത്തരത്തിലുള്ള ഉത്തരവാദിത്തങ്ങളിൽനിന്ന് എന്നോ പിൻവാങ്ങി എന്നറിയാത്ത ശുദ്ധ ഗതിക്കാരനാണെന്ന് തോന്നുന്നു ലേഖകൻ. അന്വേഷണാത്മക മാധ്യമപ്രവർത്തനം മരിച്ചിെട്ടാന്നുമില്ല. മുമ്പ് കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി രാജിവെക്കുംവരെ വാർത്തകൾ നൽകിയ ലേഖകനെ ചാനലിൽ നാം പിന്നീട് കാണുന്നത് വിദൂര ദേശത്ത് നിന്നാണ്. അത്തരത്തിൽ നമ്മുടെ സാമൂഹിക ഘടനക്ക് പരിക്കേൽപ്പിക്കുന്ന തരത്തിലുള്ള വാർത്തകളുടെ ആയുസ്സ് നോക്കിയാൽ മതി നമ്മുടെ മാധ്യമരംഗത്തിെൻറ ഗതി അറിയാൻ. ലേഖകരുടെ തുടർ അനുഭവങ്ങൾ കൂടി ചികഞഞാൽ ആവശ്യത്തിന് കിട്ടും. മാധ്യമപ്രവർത്തനം മറ്റൊരു മാഫിയയായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. നിറം,ജാതി, ആകാരം, ലിംഗം എന്നിവയൊക്കെ നോക്കിയാണ് പലയിടത്തും പ്രധാന ഇടങ്ങളിൽ ആളുകളെ നിശ്ചയിക്കുന്നത് തന്നെ. ദിവസവും കൊടുക്കുന്ന വാർത്തകളുടെ ഉത്തരവാദിത്തം മാധ്യമസ്ഥാപനങ്ങൾക്കുണ്ടോ എന്നതാണ് കാര്യം.കേരളത്തിെൻറ കാര്യത്തിലെങ്കിലും മാധ്യമ പ്രവർത്തകൻ അപൂർവ സ്പിഷീസായി മാറിക്കഴിഞ്ഞു.. ഉള്ളത് മാധ്യമ മാനേജ്മെൻറും തൊഴിലാളികളും മാത്രമാണ്. സ്വന്തം അസൈൻമൻറുകൾ കംപ്ലീറ്റ് ചെയ്യുന്നതിനപ്പുറത്തുള്ള അന്വേഷണങ്ങൾ കോമാളിത്തമായി പരിണമിക്കുന്ന അവസ്ഥയാണുള്ളത്.. പല സ്ഥാപനങ്ങളിലും മാധ്യമപ്രവർത്തകരേക്കാൾ ശക്തിയും സ്വാധീനവും ഉള്ളവരായി മറ്റു വിഭാഗങ്ങൾ മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും പരസ്യ വിഭാഗങ്ങൾ. അവർക്ക് വേണ്ട ചേരുവകൾ തീർക്കുന്നതിനപ്പുറത്തേക്ക് ഇന്നത്തെ മാധ്യമപ്രവർത്തകന് ചെയ്യാൻ കഴിയുന്നത് വളരെ വിരളമായ കാര്യങ്ങൾ മാത്രമാണ്. മാധ്യമപ്രവർത്തകെൻറ ജീവിതം കോടതിവരാന്തകളിലേക്ക് വിട്ടുകൊടുത്ത് നമുക്ക് ചാനലുകൾക്ക് മുന്നിൽ സുഖമായിരിക്കാം. പഴയ ജേണലിസം ടെക്സ്റ്റ് ബുക്കുകൾ വെച്ച് ഉദാത്ത മാധ്യമ പ്രവർത്തനത്തിെൻറ ഉേട്ടാപ്യൻ സ്വർഗങ്ങൾ കാണുന്നവർ മാധ്യമപ്രവർത്തനത്തിെൻറ ഇന്നത്തെ പതിതാവസ്ഥ കൂടുതൽ രൂക്ഷമാക്കുകയേ ചെയ്യുന്നുള്ളൂ
സജി കഴിച്ചാലിൽ
30 Apr 2020, 01:38 PM
പൊതുജനം ഇത്തരം അപൂർണ്ണമായ വ്യക്തമായും പല താല്പര്യങ്ങളുടേയും (ജനത്തിൻ്റെ താല്പര്യം അല്ല )അടിസ്ഥാനത്തിലുള്ള ജേർണലിസ്റ്റ് രീതിയെ എതിർക്കാത്തെടുത്തോളം ഇവര ഇത് തുടർന്ന് കൊണ്ടേയിരിക്കും ചികിത്സ വൈകിപ്പിച്ചു എന് അധാർമ്മികമായി റിപ്പോർട് ചെയ്തയാളെ സൈബർ ആക്രമണം നടത്തുന്നത് സംഭവത്തിൻ്റെ ഗൗരവം കുറക്കുകയേ ഉള്ളൂ. അതിനെതിരെ വരും ദിവസങ്ങളിൽ അർത്ഥപൂർണ്ണമായ വിമർശനങ്ങൾ ഉണ്ടാവുകയും അവതാരകൻ വന്ന് തിരുത്തുന്ന അവസ്ഥ ഉണ്ടാവുകയും വേണം. സ്പിംഗ്ലറും ഫൈസറും തമ്മിൽ ബന്ധം എന്ന് പറഞ്ഞ് ഒരു മുഴുവൻ ദിവസം തൻ്റെ മാധ്യമ ധർമ്മം നിർവ്വഹിച്ച് കൂലി വാങ്ങിയ ആ മാധ്യമ പ്രവർത്തകൻ സ്വയം വന്ന് ഏറ്റുപറയുന്ന അവസ്ഥ ഉണ്ടാവണം.
ഇയ്യ വളപട്ടണം
30 Apr 2020, 10:50 AM
ശരിയാണ് കണ്ണന്‍ പറയുന്നത്.മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞാല് പത്ര സമ്മേളനത്തില്‍ ഇരുന്ന റിപ്പോര്റെരുടെ സംസാരമുന്‍ ചാനലില്.മുഹ്ക്യമന്ത്രി പറഞ്ഞത് തന്നെ വീണ്ടും ഈ ചെറുപ്പക്കാര് ചര്ധിക്കും.അതുപോലെ പുറത്ത് റിപ്പോര്‍ട്ട്‌ട്ട്രമാര്‍ കാത്തു നില്‍ക്കുന്നു.അകത്തു ചര്‍ച്ചയാണ്. പറയൂ എന്തായിരിക്കും അകത്തു നടക്കുന്ന ചര്‍ച്ച.......ഇതാണ് ന്യൂസ് മുറിയുടെ ചോദ്യം.അകത്തുള്ളവര് സംസാരിക്കുന്നത് എന്തായിരിക്കും എന്നത് സംസാരിക്കുന്നവര്‍ക്ക് മാത്രമേ കൂടെ ഇരിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ.എന്നിട്ടും ന്യൂസ് മുറി ചോദിക്കുകയും റിപ്പോര്‍ട്ടര്‍ മറുപടി പറയുകയും ചെയ്യന്നു.അതുപോലെ മരിച്ചു കിടക്കുന്നമാഹാന്റെ വീടിനു മുന്നില്‍ നിന്നും പറയുമ്പോള്‍ അവരെ കുറിച്ച് എന്തെങ്കിലും അറിയണം.അറിയില്ലാ എന്ന് അവര് പറയുമ്പോള്‍ ഏതു മരപോട്ടനും പറയുന്നത് കേട്ടാല് മനസ്സിലാകും.ഇപ്പോള്‍ നമ്മള്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത് എന്ന് പറഞ്ഞതും ഞാനും കേട്ടിരുന്നു
ആർ.ചന്ദ്രബോസ്
29 Apr 2020, 04:13 PM
മാധ്യമ വിമർശനം കുറിക്കു കൊള്ളുന്നതു തന്നെ ജീർണ്ണതയും കൂട്ടിക്കൊടുപ്പും ഉത്തരവാദിത്വമില്ലായ്മയും മാപ്പർഹിക്കാത്ത പാപകർമ്മങ്ങളും വൈകൃതങ്ങളും അത്രേ മാധ്യമങ്ങൾ നിറയെ. മാധ്യമ ശരീരത്തെ ഗ്രസി ച്ചിരിക്കുന്ന വൈറസുകളെ ആരു ചികിത്സിക്കും.പ്രൊഫഷണലിസവും സാമൂഹ്യ പ്രതിബദ്ധതയും അന്വേഷണാത്മകതയും ഉള്ള ഒരു മാധ്യമ സംസ്കാരത്തിനായുള്ള അന്വേഷണമാകട്ടെ കണ്ണന്റെ എഴുത്ത്.
Shukkoor P.M
29 Apr 2020, 01:09 PM
കിംങ്ങ് ജോംങ്ങ് ഉന്നൊക്കെ മാധ്യമപ്രവർത്തകരുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ നിസ്സാരനാണ്.ചില മാധ്യപ്രവർത്തകരെ അറിയുമ്പോൾ തോന്നും ഈ മഹാനൊന്നും സ്റ്റാലിൻറെ കാലഘട്ടത്തിൽ ജനിക്കാതിരുന്നത് നന്നായി.ചിലരെ കാണുമ്പോൾ'മഹത്തായഒക്ടോബർ വിപ്ലവം'മോഡൽ ലെനിനെ ഓർമവരും.സ്റ്റാലിൻ പോലും ചാടിയെണീറ്റ് സല്യൂട്ടടിക്കുന്ന ഊഡായിപ്പല്ലേ കണ്ണാ ഈ മാധ്യമപ്രവർത്തനം?ക്ഷൗരംപോലെ ഒരു തൊഴിൽ.അല്ലാതെന്ത്?ഒരു മഹാവിപ്ലവകാരി പത്രപ്രവർത്തകൻ തൻറെ സ്വകാര്യ ചെയ്തിയെ വിമർശിച്ച ഒരാളോട് ചെയ്ത കടുങ്കൈ ഞാനിവിടെ പറയുന്നില്ല,മാധ്യമപ്രവർത്തനത്തിന് വേറെ ഒരർത്ഥം കൊടുക്കാമെന്ന് ആ പത്രപ്രവർത്തനെ വച്ച് പറയാം.പിമ്പിംഗ്,പിമ്പവൻ.
എം.സി.പ്രമോദ് വടകര
29 Apr 2020, 01:02 PM
ഈ വാർത്തകളെയെല്ലാം ഇവർ കൂരിരുട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്തിനാണ്?
കെ.ആർ. ഷിയാസ്
Apr 22, 2021
10 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Apr 22, 2021
7 Minutes Read
ഡോ : ജയകൃഷ്ണന്‍ ടി.
Apr 22, 2021
4 Minutes Read
എ.എം. ഷിനാസ്
Apr 21, 2021
11 Minutes Listening
പി. പ്രേമചന്ദ്രന്‍
Apr 21, 2021
10 Minutes Read
മനില സി.മോഹൻ
Apr 20, 2021
5 Minutes Wacth
എസ്. ഗോപാലകൃഷ്ണന്‍
Apr 19, 2021
4 Minutes Read
ഗഫൂർ കരുവണ്ണൂർ
5 May 2020, 03:08 PM
ആപത്ത് കാലത്ത് ആര് ഓടിയെത്തും .അത് ഭരണകൂടം തന്നെയാവുമ്പോഴുള്ള ആശ്വാസവും ആനന്ദവും സാധ്യമാക്കാൻ പിണറായി വിജയൻ എന്ന ഭരണാധികാരിക്ക് കഴിഞ്ഞിട്ടുണ്ട്. നിപ, രണ്ട് പ്രളയകാലം ,ഇപ്പോൾ കോവിഡ്. മാധ്യമങ്ങൾക്ക് ' മുഖം തരാത്ത ധാർഷ്ട്യക്കാരൻ, എന്നൊക്കെയുള്ള വില്ലൻ പരിവേഷം ചാർത്തിയവരെയൊന്നും ഏഴയലത്ത് കാണാത്ത നേരത്താേണ് .ഭരണാധികാരിയിലെ മനുഷ്യനേയും ,അതു പകരുന്ന സാന്ത്വനത്തേയും കേരളം തിരിച്ചറിഞ്ഞത്. സലാം ഭാഷാശാസ്ത്രമുപയോഗിച്ച് വാർത്താ സമ്മേളനം പ0ന വിധേയമാക്കുമ്പോൾ ,ചരിത്രകാരൻമാർ ഇക്കാലത്തെ എങ്ങനെയായിരിക്കും അടയാ ഇപ്പെടുത്തുക. അവശ്യ സന്ദർഭങ്ങളിൽ മാത്രം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരാൾ മനുഷ്യകുലത്തിനാകെ അപകടം വരുന്നു എന്ന ഘട്ടത്തിൽ അദ്ദേഹം കാണിച്ചു തന്ന നേതൃ പാടവം ,അറിയാതെ വിയോജിപ്പുകാരെ ക്കൂടി കേൾവിക്കാരാക്കി. ഭരണകൂടം ഉടൻ ഫലം കിട്ടാവുന്ന ഒരു ഘടനയാക്കി പരിഷ്ക്കരിച്ചു ഈ ഭരണാധികാരി. അവനവനെ സ്പർശിക്കുന്ന എന്തോ ഒന്ന് അതിലുണ്ട് എന്നതിനാൽ എല്ലാവരും കാത്തിരുന്ന് കേട്ടു വരുന്നു. അഞ്ച് മണിത്തള്ളെന്ന് ആക്ഷേപിച്ചവർ പോലും മുടങ്ങാതെ കേൾക്കുന്നുണ്ട് ധാർഷ്ട്യക്കാരന്റെ വാക്കുകൾ. വിയോജിപ്പുകാർ യോജിച്ചു വന്ന ഒരു ചരിത്ര സന്ദർഭം കൂടിയാണ് ഈ കൊറോണ കാലം.