മിത്രഭാവേന വരുന്ന ചൂഷകരെ മുസ്​ലിം സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിൽ...

മുസ്‍ലിം വിരുദ്ധ പൊതുബോധത്തിലേക്ക് നിഷ്പക്ഷ മനസ്സുകളും, പുതിയ തലമുറയുമൊക്കെ സ്വയമറിയാതെ വഴുതുന്ന ദുഃഖകരമായ സാഹചര്യം നിലവിലുണ്ട്. അരക്ഷിത ബോധം പേറുന്ന ഒരു സമൂഹം ചതിക്കുഴികളിൽ വീഴാൻ എളുപ്പമാണ്. മിത്രഭാവം നടിച്ചും, പിന്തുണ നൽകിയുമൊക്കെ ചൂഷകർ കടന്നുവരുന്നുണ്ട്. വൈകാരിക ഒറ്റപ്പെടലുകളെ തീവ്രചിന്തയിലേക്ക് വഴി മാറ്റാൻ തക്കം പാർക്കുന്നവരുമുണ്ട്.

മുജാഹിദ് സമ്മേളനവും മന്നം ജയന്തി ആഘോഷവും സമാപിക്കുകയും മരാമൺ കൺവൻഷനുകൾ ആരംഭിക്കാനിരിക്കുകയുമാണ്. രാഷ്ട്രീയ കൗതുകങ്ങൾക്കുവേണ്ടിയുള്ള തിരച്ചിലുകളും, വിവാദങ്ങളും മിക്ക സമ്മേളനങ്ങൾക്കും കൂട്ടായുണ്ട്. ഇവ സംഘാടകർക്ക് പലപ്പോഴും അനുഗ്രഹമാകാറുണ്ടെങ്കിലും ലക്ഷ്യം വെക്കേണ്ട അടിസ്ഥാന ദൗത്യങ്ങൾ എത്രമാത്രം നിറവേറപ്പെടുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്.

വലതുപക്ഷ ഹിന്ദുത്വത്തിലേക്ക് രാജ്യത്തെ വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയം മറ നീക്കി പുറത്തുവരുമ്പോൾ ഇരകളാക്കപ്പെടുന്നവർ വലിയ അരക്ഷിതബോധത്തിലാണ്. മുഖ്യധാര മുസ്‍ലിം സംഘടനകളുടെയും, പണ്ഡിതലോകത്തിന്റെയും, നേതാക്കളുടെയും ചെറിയ ഇടപെടലുകൾക്കു പോലും ഈ സാഹചര്യത്തിൽ വലിയ പ്രാധാന്യവും മാനങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ മാസങ്ങളുടെ മുന്നൊരുക്കവും, സംഘാടക മികവും, ധനവ്യയവും ആവശ്യമായി വരുന്ന സമ്മേളനങ്ങൾ ലക്ഷ്യവേദിയാകുന്നതിൽ കുറഞ്ഞതൊന്നും അംഗീകരിക്കാവതല്ല.

ഇ.കെ. വിഭാഗം സമസ്ത കോഴിക്കോട് സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ നിന്ന്

പ്രവാചകനുശേഷമുള്ള ഇസ്‍ലാമിക ലോകം വികാസത്തിനും, പ്രതാപത്തിനുമോടൊപ്പം ആവോളം മലരികളും, ചുഴികളും താണ്ടിയാണ് മുന്നോട്ടു പോയിട്ടുള്ളത്. ഉമവി, അബ്ബാസിയ്യ മുതൽ ഒട്ടോമൻ വരെയുള്ള ഖിലാഫത്തുകളുടെയും, സമാന്തരമായി ഡസൻ കണക്കിന് ഇതര രാജവംശങ്ങളുടെയും കാലഘട്ടമായിരുന്നു അത്. വിജ്ഞാനപ്രപഞ്ചമായിരുന്ന ബഗ്ദാദിന്റെ പതനവും, കുരിശുയുദ്ധങ്ങളും, യൂറോപ്യൻ കോളനിവൽക്കരണവുമൊക്കെ ആ കാലഘട്ടങ്ങളിലെ സാധ്യതകളും, പ്രതിസന്ധികളുമായിരുന്നു. പണ്ഡിതശീർഷരും, മതനേതൃത്വവും നടത്തിയ ഫലപ്രദമായ ഇടപെടലുകൾ അന്നത്തെ മുസ്‍ലിം സമുദായത്തിനു ദിശാബോധം നൽകാൻ പര്യാപ്തമായിരുന്നു. വർത്തമാനകാല ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഇവയോട് സാമ്യമില്ലെങ്കിലും പരിഷ്കൃതാശയങ്ങൾക്കും, മനുഷ്യവകാശങ്ങൾക്കും വേണ്ടി വ്യവസ്ഥാപിതമായ ചട്ടങ്ങൾ രൂപപ്പെടുത്തിയ, സാങ്കേതികമായി ഏറെ പുരോഗമിച്ച ഒരു ആധുനിക ലോകത്തിന് ആശാസ്യമല്ലാത്ത പല വാർത്തകളും നമുക്കിടയിൽ നിന്നു വരുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ ഭയപ്പെടുത്തിയും, ഭീഷണി മുഴക്കിയും, തല്ലിയോടിച്ചും ഉപതിരഞ്ഞെടുപ്പ് ജയിക്കുന്ന രാംപൂർ മാതൃകയും, നാലായിരത്തിലധികം കുടുംബങ്ങളെ ഗഫൂർബസ്തിയിൽ നിന്ന്​ഇറക്കിവിടാനുള്ള ഉത്തരാഖണ്ഡിലെ നീക്കങ്ങളും നമുക്കിടയിലെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. മുസ്‍ലിം സംഘടനകൾക്കും, സമ്മേളനങ്ങൾക്കും പ്രസക്തിയേറുന്നത് ഈ സാഹചര്യത്തിലാണ്. ഇരയാക്കപ്പെടുന്നവരുടെ അരക്ഷിതബോധം വർദ്ധിപ്പിച്ച് വഴിതെറ്റിച്ചു കൊണ്ടു പോവാൻ തക്കം പാർക്കുന്ന പലരുമുണ്ട്. ഇരകൾക്ക് ആത്മവിശ്വാസവും, പിന്തുണയും നൽകി മുഖ്യധാരയിൽ ഉറപ്പിച്ചു നിർത്താൻ മുസ്‍ലിം സംഘടനകളിൽ നിന്നും, സമ്മേളനങ്ങളിൽ നിന്നും അതുകൊണ്ടു തന്നെ കാലം ഏറെ ആവശ്യപ്പെടുന്നുണ്ട്.

നൂറ്റാണ്ടുകൾക്കുമുമ്പു തന്നെ ബിട്ടീഷുകാർ പ്രയോഗിച്ച് പഴഞ്ചനായ ആശയങ്ങളാണ് ധ്രുവീകരണത്തിന്​ ഇന്നും സംഘപരിവാർ ഉപയോഗിക്കുന്നത്. പഴയകാല നാട്ടുരാജാക്കൻമാർ സമ്പത്ത് സുരക്ഷിതമായി ശേഖരിച്ചുവെച്ചിരുന്നത് ആരാധനാലയങ്ങളിലായിരുന്നു. രാജ്യങ്ങൾ തമ്മിൽ ആക്രമിച്ചു കീഴടക്കുമ്പോൾ ക്ഷേത്രങ്ങളും, ദേവാലയങ്ങളും ആക്രമിച്ച്​ സമ്പത്ത്​ കയ്യേറുന്നത് സ്ഥിരമായിരുന്നു. എന്നാൽ ഇതിന്​ മതത്തിന്റെ
നിറം ചാർത്താനുള്ള വക്രബുദ്ധി ആദ്യമായി പ്രയോഗിച്ചത് ബ്രിട്ടീഷ് ഗവർണ്ണർജനറലായിരുന്ന എഡ്വേർഡ് ലാ എലൻബർഗായിരുന്നു. 1842 ൽ
കാബൂളിൽ നിന്ന് സോമനാഥക്ഷേത്രത്തിന്റേതെന്ന പേരിൽ അവശിഷ്ടങ്ങൾ കൊണ്ടുവന്ന് ഉത്തരേന്ത്യയിലുടനീളം പ്രദർശിപ്പിക്കാൻ ഇദ്ദേഹം നേതൃത്വം നൽകി. ഗസ്നിയുടെ ആക്രമണത്തെ മുസ്‍ലിം കൈയ്യേറ്റമായാണ് ബ്രിട്ടീഷ് അധികാരികൾ പരിചയപ്പെടുത്തിയത്. ഗസ്​നി- ഗോറി- ഖിൽജി- മാമുൽക്ക്- തുഗ്ലക്ക് മുതൽ മുഗൾ സാമ്രാജ്യം വരെ നീണ്ടു നിൽക്കുന്ന ഡൽഹി സുൽത്താനേറ്റിനെ ഹിന്ദു- മുസ്‍ലിം കുടിപ്പകയുടെയും, കണക്കു തീർക്കലിന്റെയും വിത്തുമുളപ്പിക്കാൻ പാകത്തിലുള്ള ചരിത്രരചനയാക്കാൻ ഏലിയറ്റ്, എൽഫിൻസ്റ്റൺ, സ്മിത്ത് തുടങ്ങിയ ബ്രിട്ടീഷ് ചരിത്രകാരൻമാർ നേതൃത്വം നൽകി. ആ വിഷവിത്ത് മുളച്ച് വൃക്ഷമായപ്പോൾ ലക്ഷങ്ങളുടെ ജീവനപഹരിച്ച നൂറുകണക്കിന് വർഗീയ കലാപങ്ങൾക്കും, ഇന്ത്യ വിഭജനത്തിനും തൊട്ട് പുതിയകാല ധ്രുവീകരണ രാഷ്ട്രീയത്തിനുവരെ തണലേകി അതു വളരുക തന്നെയാണ്.

എട്ടാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടം ഇസ്‍ലാമിക വ്യവസ്ഥിതിയുടെ സുവർണ കാലമായാണ് ലോകചരിത്രം വിശേഷിപ്പിക്കുന്നത്. മംഗോളിയൻ യുദ്ധപ്രഭുവായ ഹുലഗു ഖാൻ 1258 ൽ ബാഗ്ദാദ് കയ്യേറി നിശ്ശേഷം തകർത്തതോടെ അതിന്​ താൽക്കാലിക വിരാമമായി. ഹൗസ് ഓഫ് വിസ്ഡം എന്നറിയപ്പെട്ട ബാഗ്ദാദിൽ സംഭരിക്കപ്പെട്ട ദശലക്ഷക്കണക്കിന് പുസ്തകങ്ങൾ നശിപ്പിക്കപ്പെട്ട് ടൈഗ്രീസ് നദിയിലൊഴുകിപ്പരന്നു. മഷിയുടെ കറുപ്പും, ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തത്തിന്റെ ചുവപ്പും ചേർന്ന നിറത്തിൽ മാസങ്ങളോളം ടൈഗ്രീസ് ഒഴുകി എന്നു പറയപ്പെടുന്നു. ഈ രൂക്ഷ പ്രതിസന്ധിയുടെ കാലത്ത് മുസ്‍ലിം സമൂഹത്തിന് ആത്മവിശ്വാസം നൽകി പിടിച്ചു നിൽക്കാൻ പ്രേരണ നൽകിയത് അക്കാലത്തെ പണ്ഡിത നേതൃത്വമാണ്. സുന്നി- ഷിയ- സെയ്ദി- ഇസ്മായിലി ഉലമകളുടെയും, സംഘത്തിന്റെയും സാന്ത്വനവും, പ്രബോധനങ്ങളും സമുദായത്തിന് ഐക്യവും, യാഥാർത്ഥ്യബോധവും നൽകി. കൊയ്റോ ആസ്ഥാനമാക്കി, ബാഗ്ദാദിന്റെ പതനത്തിനു മാസങ്ങൾക്കുള്ളിൽ അബ്ബാസിയ ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിലേക്ക് അതു നയിച്ചു. ഇസ്‌ലാമിന്റെ സുവർണകാലത്തിന് അന്ത്യം കുറിച്ച ഹുലഗുഖാന്റെ പിൻതലമുറക്കാരനായ മുഹമ്മദ് ബിൻ തുഗ്ലക്ക് ഡൽഹി ആക്രമിച്ചുകീഴടക്കിയപ്പോൾ അതിനെ മുസ്‍ലിം അധിനിവേശമായി ബ്രിട്ടീഷുകാർ പിൽക്കാലത്തു വിശേഷിപ്പിച്ചത് ഫലിതം നിറഞ്ഞ വിരോധാഭാസമായി അവശേഷിക്കുന്നു.

ഹൗസ് ഓഫ് വിസ്ഡം എന്നറിയപ്പെട്ട ബാഗ്ദാദിൽ സംഭരിക്കപ്പെട്ട ദശലക്ഷക്കണക്കിന് പുസ്തകങ്ങൾ നശിപ്പിക്കപ്പെട്ട് ടൈഗ്രീസ് നദിയിലൊഴുകിപ്പരന്നു

കൊളോണിയൽ ഇന്ത്യയുടെ നിലനിൽപ്പിന് ഹിന്ദു - മുസ്‍ലിം ഐക്യം വിഘാതമാണെന്ന് ബ്രിട്ടീഷുകാർ തുടക്കം മുതൽ തിരിച്ചറിഞ്ഞിരുന്നു. അതു പ്രകടമായ മുസ്‍ലിം വിരോധത്തിലേക്കും, അപരവൽക്കരണത്തിലേക്കും വഴിമാറിയത് 1857 -ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷമാണ്. സ്വത്തുക്കൾ പിടിച്ചെടുക്കുക, വ്യാപാര സ്ഥാപനങ്ങൾ സീൽ ചെയ്യുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുക, മുസ്‍ലിം ഉദ്യോഗസ്ഥരെ പിരിച്ചുവിടുക, യുവാക്കളെ അകാരണമായി ജയിലിലടക്കുക, സർക്കാരിന്റെ മുഴുവൻ പദ്ധതികളിൽ നിന്നും മാറ്റിനിർത്തുക തുടങ്ങിയ നയങ്ങൾ നിർബാധം അരങ്ങേറി. സാമ്പത്തികമായും, സാമൂഹ്യമായും, സാംസ്കാരികമായും ഇന്ത്യയിലെ മുസ്‍ലിംകളെ ജീർണ്ണാവസ്ഥയിലേക്ക് തള്ളിയിടാൻ ബ്രിട്ടീഷ് നയങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. ചരിത്രം വളച്ചൊടിച്ചും, ധ്രുവീകരണം പ്രോത്സാഹിപ്പിച്ചും അവർ വർഗ്ഗീയത വളർത്തി. അപരവൽക്കരിക്കപ്പെട്ട സമൂഹമായി മുസ്‍ലിംകൾ സാവധാനം മാറി. ഗുരുതരമായ ഈ പ്രതിസന്ധിയുടെ കാലത്ത് നിരവധി മുസ്‌ലിം സമുദായ മുന്നേറ്റങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യ സാക്ഷ്യം വഹിച്ചു. മത- രാഷ്ട്രീയ രംഗത്ത് അത്യുജ്ജ്വലരായ നേതാക്കളും, സംഘങ്ങളും അക്കാലത്ത് രൂപമെടുത്തത് അക്കാലത്തായിരുന്നു.

സർ സയ്യദ് അഹമ്മദ് ഖാൻ

1875ൽ ആംഗ്ലോ-മുഹമ്മദൻ ഓറിയന്റൽ കോളേജ് സ്ഥാപിച്ച സർ സയ്യദ് അഹമ്മദ് ഖാൻ സ്ത്രീ വിദ്യഭ്യാസത്തിന്റെ വലിയ പ്രചാരകനായിരുന്നു. ബഹുഭാര്യത്വത്തിനും, വിവാഹമോചനത്തിനുമായി ഇസ്‍ലാമിക നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. ശരിയുല്ലഹ് ബംഗാളിൽ തുടക്കമിട്ട ഫറയ്സി മുന്നേറ്റം ഇസ്‍ലാമിനുള്ളിലെ ജാതി വ്യവസ്ഥയെയും, കർഷക ചൂഷണത്തെയും ഇല്ലായ്മ ചെയ്യാൻ വലിയ പ്രവർത്തനങ്ങൾ നടത്തി. സെയ്ദ് അഹമ്മദ് ബറേൽവിയുടെ ബറേൽവി പ്രസ്ഥാനം, മുഹമ്മദുൽ ഹസ്സൻ സ്ഥാപിച്ച ദയൂബന്ദ് സ്ഥാപനങ്ങൾ, ഷാ വലിയുല്ലാഹിന്റെ വഹാബി പ്രചരണ മുന്നേറ്റങ്ങൾ, നഖ്ശബന്ദി, ചിസ്തി, ഖാദ് രിയ്യ ത്വരീഖത്തുകൾ തുടങ്ങിയവ പല വഴികളിലൂടെ പത്തൊൻപതാം നൂറ്റാണ്ടിലെ മുസ്​ലിം സമുദായത്തെ പ്രചോദിപ്പിക്കുകയും, ബ്രിട്ടീഷ് ഇന്ത്യയിലെ മുഖ്യധാരാ സമൂഹത്തിൽ അഭിമാനത്തോടെ നിലനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സംഘടനകളും വ്യക്തികളും തമ്മിൽ ആശയപരമായ പല ഭിന്നതകളുമുണ്ടായിരുന്നുവെങ്കിലും, പ്രജ്ഞയറ്റു കിടന്ന ഒരു ജനതയ്ക്കുള്ള മൃതസഞ്ജീവനിയായി അവർ മാറി. പിൽക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധതയെ ദേശീയ വികാരമാക്കി മാറ്റിയ ഗാന്ധിജിയുടെയും, കോൺഗ്രസിന്റെയും "സർവ്വ ധർമ്മ സമഭാവ്' മുന്നേറ്റത്തിൽ ബ്രിട്ടന്റെ മുസ്‍ലിം അപരവൽക്കരണത്തിന്റെ മുനയൊടിഞ്ഞു പോയി. ഖിലാഫത്ത് വികാരം സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന്റെ ഭാഗമാക്കി ഗാന്ധിജി മുന്നോട്ടു വന്നപ്പോൾ മുഴുവൻ മുസ്‍ലിംകളും മുഖ്യധാര ദേശീയതയുടെ മുന്നണിപ്പോരാളികളായി മാറി.

ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാർ പോലും ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ഓർക്കുമ്പോൾ മുസ്‍ലിം വിരുദ്ധ പൊതുബോധത്തിൽ ഗാന്ധി വരുത്തിയ മാറ്റത്തിന്റെ ആഴം ഊഹിക്കാവുന്നതാണ്. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് സമരമുന്നേത്തിനനുകൂലമായി ഭരത് വാഡയിൽ നടത്തിയ പ്രസംഗം രാജ്യദ്രോഹമെന്ന് മുദ്രകുത്തിയാണ് ഹെഡ്ഗേവാർ അറസ്റ്റ് ചെയ്യപ്പെട്ടത്. പൂനയ്ക്കടുത്തുള്ള അജാനി ജയിലിൽ 1921 ആഗസ്ത് മുതൽ 1922 ജൂലൈ വരെ അദ്ദേഹം ശിക്ഷ അനുഭവിച്ചു. എച്ച്.വി. ശേഷാദ്രി രചിച്ച് 1981ൽ ആർ.എസ്.എസ് പ്രസിദ്ധീകരിച്ച ഡോ.ഹെഡ്ഗേവാറിന്റെ ജീവചരിത്രത്തിൽ ഇത്​ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ജാമിയ മില്ലിയ്യ ഇസ്ലാമിയയിലെ വിദ്യാർത്ഥികൾ സി.എ.എ വിരുദ്ധ സമരത്തിനിടെ / Photo: Wikipedia

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ബ്രിട്ടീഷുകാർ ചരിത്രത്തെ വർഗീയമാക്കിയും, വർഗീയതയെ സൈദ്ധാന്തികവൽക്കരിച്ചും മുന്നോട്ടു നീങ്ങിയത് സ്വന്തം നിലനിൽപ്പിന് വേണ്ടിയാണ്. മുസ്‍ലിംകളെ അപരവൽക്കരിക്കാനുള്ള പരസ്യ നയപരിപാടികൾ ഇരയെയും അതുവഴി ശത്രുവിനെയും നിർമ്മിക്കാനായിരുന്നു. പുതിയ കാലത്തെ സംഘ് രാഷ്ട്രീയം ഇതിനെ പദാനുപദം മാതൃകയാക്കിയാണ് മുന്നോട്ടു പോവുന്നത്. മുസ്‍ലിം വിരുദ്ധ പൊതുബോധത്തിലേക്ക് നിക്ഷ്പക്ഷ മനസ്സുകളും, പുതിയ തലമുറയുമൊക്കെ സ്വയമറിയാതെ വഴുതുന്ന ദുഃഖകരമായ സാഹചര്യം നിലവിലുണ്ട്. അരക്ഷിത ബോധം പേറുന്ന ഒരു സമൂഹം ചതിക്കുഴികളിൽ വീഴാൻ എളുപ്പമാണ്. മിത്രഭാവം നടിച്ചും, പിന്തുണ നൽകിയുമൊക്കെ ചൂഷകർ കടന്നുവരുന്നുണ്ട്. വൈകാരിക ഒറ്റപ്പെടലുകളെ തീവ്രചിന്തയിലേക്ക് വഴി മാറ്റാൻ തക്കം പാർക്കുന്നവരുമുണ്ട്. ഭക്ഷണം, വസ്ത്രം, പ്രണയം, വിവാഹം, ഉച്ചഭാഷിണികൾ, മതപരിവർത്തനം, സിവിൽകോഡ്, സംവരണം തുടങ്ങി പല തലങ്ങളുള്ള വിഷയങ്ങൾ പലപ്പോഴും മുസ്‍ലിം വിഷയമായി മാത്രം മാറുന്ന കാഴ്ച സാധാരണയായി. മത സംഘടനകൾക്കും, പണ്ഡിത സഭകൾക്കും ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഇവിടെ നിർവ്വഹിക്കാനുണ്ട്. സമുദായത്തിന് ആത്മവിശ്വാസം പകരാൻ അവർക്ക് കഴിയേണ്ടതുണ്ട്. ജനാധിപത്യപരമായി, സഹിഷ്‌ണുതപൂർവ്വം വിഷയങ്ങളെ സമീപിക്കാനും പൊതുസമൂഹത്തിന്റെ പിന്തുണ നേടാൻ പാകത്തിൽ നയനിലപാടുകൾ കൃത്യമാക്കാനും സമുദായാംഗങ്ങളെ സജ്ജമാക്കേണ്ടത് മതനേതൃത്വമാണ്. ചരിത്രത്തിൽ നിന്നുള്ള സമാനതകളും, അനുഭവ പാഠങ്ങളും, റഫറൻസുകളും ഇന്നിന്റെ സാഹചര്യങ്ങളെ മറികടക്കാൻ പാകത്തിൽ രൂപപ്പെടുത്താൻ ധിഷണശാലികളായ പണ്ഡിതനേതൃത്വത്തിന് കഴിയുമെന്നത് തീർച്ചയാണ്. ആ ഗണത്തിലുള്ള നയങ്ങളുടെ ആവിഷ്ക്കാരമാണ് മഹാസമ്മേളനങ്ങളിലും, യോഗങ്ങളിലും നടക്കേണ്ടത്. ലക്ഷ്യബോധത്തിലെ സമാനത ഐക്യപ്പെടലിനു കാരണമാകണം. പരസ്പരം പഴികൾ ചാർത്തി തങ്ങളുടെ പക്ഷം മാത്രമാണ് ശരി എന്നു സ്ഥാപിക്കുന്ന പതിവുശീലം ഇപ്പോഴെങ്കിലും കൈവെടിഞ്ഞില്ലെങ്കിൽ നാളെ തിരുത്താൻ അവസരമുണ്ടാകണമെന്നില്ല.

Comments