തൊമ്മിമാരെ മാത്രം പ്രതീക്ഷിക്കുന്ന രണ്ട് പട്ടേലർമാർ

അടൂർ ഗോപാലകൃഷ്ണൻ, താങ്കൾ എത്ര പതുക്കെയാണ് കാലത്തിൽ സഞ്ചരിക്കുന്നത്? ഇത്രയധികം അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടും ശുചീകരണ തൊഴിലാളികൾ അവരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചപ്പോൾ ഉടുത്തൊരുങ്ങി വന്ന സ്റ്റാർസ് എന്ന് പരിഹസിക്കാനുള്ള വിഷ്വൽ സെൻസേ താങ്കൾക്ക് ആർജിക്കാൻ കഴിഞ്ഞിട്ടുള്ളോ?

രണ്ട് ജാതിവാദികൾ, ജാതി ബോധങ്ങൾ അധികാരശ്രേണിയുടെ തുഞ്ചത്ത് കയറിനിന്ന് പാരമ്പര്യത്തിന്റെ കിരീടവും അയിത്തത്തിന്റെ പൂണൂലും അവജ്ഞയുടെയും അനുസരിപ്പിക്കലിന്റേയും ചെങ്കോലും പിടിച്ച് താഴേക്ക് നോക്കുന്ന നോട്ടം കണ്ടോ?

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്ട്സ് എന്ന, സിനിമ പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ചെയർമാനായ പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും ഡയറക്ടറായ ശങ്കർ മോഹനുമാണ് അവിടത്തെ വിദ്യാർത്ഥികളോട്, തൊഴിലാളി സ്ത്രീകളോട് തുപ്പൽ കോളാമ്പിയും ആട്ടുകട്ടിലും നടുമുറ്റവുമുള്ള ഫ്രെയിമിലിരുന്ന് ജാതി തുപ്പുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ കുറച്ചേറെ നാളുകളായി വിദ്യാർത്ഥികൾ സമരത്തിലാണ്. ഒരു പാട് കാരണങ്ങളുണ്ട് സമരത്തിന്. അഡ്മിഷനിൽ സംവരണ തത്വം പാലിക്കാത്തതും അതിന്റെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾ ഹൈക്കോടതി വരെയെത്തിയ കേസും ഇ-ഗ്രാൻഡ് വൈകിപ്പിക്കലും കാന്റീനിലെ ഭക്ഷണത്തിന്റെ ചാർജും ദളിത് വിഭാഗത്തിൽപ്പെട്ട ക്ലാർക്കിന് നേരിടേണ്ടി വന്ന വിവേചനവും പഠനം പാതിവഴി നിർത്തേണ്ടി വന്ന വിദ്യാർത്ഥികളും തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ. അതിനൊപ്പമാണ് സ്വീപ്പിങ്ങ് തൊഴിലാളികളായ സ്ത്രീകളെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള ഡയറക്ടറുടെ
വീട്ടിൽ ക്ലീനിങ്ങിനായി അയച്ച വിഷയം. അവരവിടെ നേരിട്ട മനുഷ്യത്വ വിരുദ്ധമായ അനുഭവങ്ങളെക്കുറിച്ച് വിദ്യാർത്ഥികളോടും മാധ്യമങ്ങളോടും പറയുകയും വിഷയം ശക്തമായ സമരത്തിലേക്ക് നീങ്ങുകയും ചെയ്തു. ബ്രഷുപയോഗിക്കാൻ അനുവദിക്കാതെ ചെറിയ സ്ക്രബറുപയോഗിച്ച് കൈ കൊണ്ട് ക്ലോസറ്റ് കഴുകിച്ച അനുഭവം തൊഴിലാളി സ്ത്രീകൾ തുറന്നു പറഞ്ഞിട്ടുണ്ട്.

വിദ്യാർത്ഥികളുമായോ തൊഴിലാളികളുമായോ ഒരിക്കൽപ്പോലും അടൂരും ശങ്കർ മോഹനും ചർച്ച നടത്തിയിട്ടില്ല. ആദ്യമൊന്നും പ്രതികരണങ്ങൾ നടത്താതിരുന്ന ചെയർമാനും ഡയറക്ടറും ഒടുവിൽ പ്രതികരിച്ചു. കുട്ടികളും തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് മനസ്സിലാവാൻ ഇവർ നൽകിയ പ്രതികരണ അഭിമുഖങ്ങൾ കണ്ടാൽ മതിയാവും.

അടൂർ ഗോപാലകൃഷ്ണൻ പറയുകയാണ്: "നാലഞ്ച് പെണ്ണുങ്ങളുണ്ട് അവിടെ, ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നത്. പച്ചക്കള്ളമാണ് അവര് പറയുന്നത്. പഠിപ്പിച്ച് വിട്ടിരിക്കുകയാണ്. ടി.വി.യുടെ മുന്നിലൊക്കെ പോയിട്ട്, ഇപ്പോ സ്റ്റാർസാ അവര്. നാലഞ്ച് പെണ്ണുങ്ങള്. നല്ലോണം ഉടുത്തൊരുങ്ങിയാണ് എല്ലാവരൂടെ പോവുന്നത്. വിമെൻസ് ഗ്രൂപ്പുണ്ടല്ലോ WCC എന്നൊക്കെ പറയുന്നെ. അവരിലൊരാളാന്ന് തോന്നും കണ്ടു കഴിഞ്ഞാൽ. അത്ര വളരെ സ്റ്റെലായിപ്പോയി. താരങ്ങളായി മാറി. ദിവസവും ഇന്റർവ്യൂവിന് ആളുകളെത്തുന്നു. പഠിച്ചു കഴിഞ്ഞു അവര്. നേരത്തെ ഇതൊന്നും പറയാൻ കഴിവുളളവരായിരുന്നില്ല. ട്രെയിൻ ചെയ്തു കഴിഞ്ഞു. "

അന്താരാഷ്ട്ര ഖ്യാതിയും പുരസ്കാരങ്ങളുമൊക്കെ ലഭിച്ച ഒരു ഫിലിം മേക്കറുടെ ഉള്ളിൽ നിന്നും വന്ന വിഷവാക്കുകളാണ്. സ്വീപ്പിങ്ങ് തൊഴിലാളികളായ സ്ത്രീകൾ ഉടുത്തൊരുങ്ങിയാണ് വരുന്നതെന്ന്. പുച്ഛത്തോടെ പട്ടേലരുടെ തോക്കും പിടിച്ച് അടൂർ പറയുകയാണ് അവർ സ്റ്റാറായി എന്ന്.

അടൂർ ഗോപാലകൃഷ്ണന്റെ വിനീത വിധേയനായ ശങ്കർ മോഹൻ പറയുന്നു:

"ഞാൻ നോക്കിയത് ഡിസിപ്ലിൻ മാത്രമാണ്. ജാതി എന്ന വാക്കു തന്നെ എനിക്ക് വളരെ തെറ്റായി തോന്നുന്നുണ്ട്. പ്രത്യേകിച്ച് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഈ വാക്കുകൾ നമ്മൾ ഉച്ചരിക്കാൻ പാടില്ല. പ്രത്യേകിച്ച് സിനിമ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ ഒരിക്കലും ഇത് പറയാൻ പാടില്ല. ഒരു ഇൻറർ നാഷണൽ മനോഭാവമാണ് ഉണ്ടാവേണ്ടത് സിനിമ പഠിക്കുമ്പോ. അവിടെ ഇങ്ങനത്തെ വാക്കുകൾ ഉപയോഗിക്കുന്നത് തന്നെ ശരിയല്ല. ആ രീതിയിലല്ല ഞാനീ പിള്ളേരെ നോക്കുന്നത് ഒരിക്കലും ഞാനങ്ങനെ നോക്കിയിട്ടുമില്ല. എന്റെ പേരിന്റെ കൂടെ ഒരു വാലില്ലല്ലോ എനിക്കങ്ങനെയൊരു ബോധമുണ്ടായിട്ടില്ല."

ജാതി വിവേചനത്തെക്കുറിച്ച് അടിസ്ഥാന ധാരണയില്ലാത്ത, ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറയുകയാണ് ജാതി എന്ന വാക്ക് തനിക്ക് തെറ്റായി തോന്നുന്നു, ഉച്ചരിക്കാൻ പാടില്ല എന്ന്. തന്റെ പേരിന്റെ കൂടെ ഒരു വാലില്ലല്ലോ എന്ന് ഒരു സവർണ പുരുഷൻ വിനയാന്വിതനാവുന്നു. നാണം തോന്നുന്നില്ലേ താങ്കൾക്ക്? ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ലാത്തവർക്ക് വിശപ്പിന്റെ പേരിൽ ഒരിക്കലും സമരം ചെയ്യേണ്ടി വന്നിട്ടില്ല ശങ്കർ മോഹൻ. നിങ്ങളുടെ വീട്ടിൽ കക്കൂസ് കഴുകാൻ വരുന്ന ഒരു തൊഴിലാളി സ്ത്രീയോട് ബ്രഷ് ഉപയോഗിക്കണ്ട, എന്ന് പറയുന്നതിലെ ജാതി നിങ്ങൾക്ക് മനസ്സിലാവില്ല. പുറത്ത് വെച്ചിരിക്കുന്ന ഗ്ലാസിലേക്ക് നിങ്ങൾ അകത്തു വെച്ചിരിക്കുന്ന ഗ്ലാസിൽ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്നതിലെ ജാതിയും നിങ്ങൾക്ക് തിരിച്ചറിയാനാവില്ല.

സിനിമ പഠിക്കാൻ വന്ന ഒരു ദളിത് വിദ്യാർത്ഥിയ്ക്ക് നിങ്ങൾ, നിങ്ങൾ തന്നെ നിശ്ചയിച്ച മെറിറ്റിന്റെ മാനദണ്ഡങ്ങൾ പ്രകാരം അഡ്മിഷൻ നിഷേധിക്കുമ്പോൾ, സംവരണം എന്തിന് ഈ രാജ്യത്ത് വേണമെന്ന് ഭരണഘടനാ വിഷനറിമാർ നിബന്ധന വെച്ചു എന്നത് താങ്കൾക്ക് ഒരു കാലത്തും മനസ്സിലാവുന്ന രാഷ്ട്രീയമല്ല എന്ന് പൊതു സമൂഹം തിരിച്ചറിയുകയാണ്.

അടൂർ ഗോപാലകൃഷ്ണൻ, താങ്കൾ എത്ര പതുക്കെയാണ് കാലത്തിൽ സഞ്ചരിക്കുന്നത്? ഇത്രയധികം അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടും ശുചീകരണ തൊഴിലാളികൾ അവരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചപ്പോൾ ഉടുത്തൊരുങ്ങി വന്ന സ്റ്റാർസ് എന്ന് പരിഹസിക്കാനുള്ള വിഷ്വൽ സെൻസേ താങ്കൾക്ക് ആർജിക്കാൻ കഴിഞ്ഞിട്ടുള്ളോ? ശങ്കർ മോഹന്റെ കുലീനതയെ ബഹുമാനിക്കാൻ സ്വാഭാവികമായി തയ്യാറായ താങ്കൾ ശുചീകരണത്തൊഴിലാളികളെക്കുറിച്ച് അതിലും സ്വാഭാവികമായിപ്പറഞ്ഞ ഉടുത്തൊരുങ്ങലെന്ന വിശേഷണമില്ലേ, അതിന്റെ പേരാണ് ജാതി. ലൈഫ് മിഷന് ഭൂമി ദാനം ചെയ്താലൊന്നും തലയിൽ നിന്ന് പോവുന്ന ബോധമല്ല അത്.

സർക്കാർ നിയോഗിച്ച കമ്മീഷൻ ഇപ്പോൾ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. കമ്മീഷൻ അടൂരിന്റെയും ശങ്കർ മോഹന്റെയും പ്രതികരണ അഭിമുഖങ്ങൾ കൂടി കാണണം. ഇത്രയൊന്നും വൈകിപ്പിക്കേണ്ട അന്വേഷണമല്ല അത്. കുട്ടികൾ സിനിമ പഠിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ വരുന്നത്. അടൂരും ശങ്കർ മോഹനും നല്ല പഠന മാതൃകകളേയല്ല എന്ന് അവർ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. സർക്കാർ ശക്തമായ നിലപാടെടുക്ക്കേണ്ട സമയം കഴിഞ്ഞു. കുട്ടികളുടെയും തൊഴിലാളികളുടേയും ആരോപണങ്ങൾ സത്യമാണ്. അവർക്കൊപ്പം തന്നെയാണ് ഒരു ഇടതുപക്ഷ സർക്കാർ നിൽക്കേണ്ടത്. ഇടത് യുവജന സംഘടനകൾ പോസ്റ്റർ -പ്രസ്താവനകളിൽ നിന്ന് ഇറങ്ങി വരണം. സമര ചരിത്രങ്ങൾക്ക് തുടർച്ചയുണ്ടാവണം.

Comments