സുഗതകുമാരിയെ ഓര്‍ത്ത്
സച്ചിദാനന്ദന്‍ എഴുതുന്നു
സുഗതകുമാരിയെ ഓര്‍ത്ത് സച്ചിദാനന്ദന്‍ എഴുതുന്നു
സ്വാഭാവികമായും ചിലപ്പോള്‍ എനിക്ക് അവരുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ അവരോടു തന്നെയും പറയുകയോ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ആദ്യകാലത്ത്, വൈലോപ്പിള്ളിയ്ക്ക് എന്ന പോലെ, അവര്‍ക്ക് അടിയന്തിരാവസ്ഥയുടെ ജനാധിപത്യ വിരുദ്ധത മനസ്സിലായില്ല. എന്നാല്‍ രണ്ടുപേരും പിന്നീട് ആ തെറ്റു മനസ്സിലാക്കി തിരുത്തുകയും ചെയ്തു, കവിതകളിലൂടെ തന്നെ. കൂടുതല്‍ സമീപകാലത്ത് വലതുപക്ഷം അവരെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തി. പിന്നീട് ഒരു അഭിമുഖത്തില്‍ അവര്‍, തന്നെ ആര്‍.എസ്.എസുകാരിയും സ്ത്രീവിരുദ്ധയും ഒക്കെ ആക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു
23 Dec 2020, 04:55 PM
പതിനഞ്ചാമത്തെ വയസ്സിലാണ് ഞാന്‍ സുഗതകുമാരിയുടെ ‘മുത്തുച്ചിപ്പി' എന്ന സമാഹാരം വായിക്കുന്നത്, അതിനു മുന്‍പേ അവരുടെ പല കവിതകളും വാരികകളില്‍ വായിച്ചിട്ടുണ്ടായിരുന്നുവെങ്കിലും. അന്ന് ഞാന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ മാസികകളിലും നാട്ടിന്‍പുറത്തെ കയ്യെഴുത്തുമാസികകളിലും മാത്രം കവിതയെഴുതുന്ന കാലം. മാതൃഭൂമി വാരികയുടെ സ്ഥിരം വായനക്കാരന്‍. അതിലാണ് സുഗതകുമാരിയുടെ ആദ്യ കവിതകള്‍ പലതും വായിക്കുന്നത്. അല്‍പം സഹൃദയത്വവും കാവ്യപരിചയവുമുള്ള ഒരു സ്‌കൂള്‍കുട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സുതാര്യമായ കവിതകള്‍. ധിഷണയോടല്ല, ഹൃദയത്തോടാണ് അവ സംസാരിച്ചത്. തുടര്‍ന്ന് അവരുടെ കവിതകള്‍ വായിക്കുക ശീലത്തിന്റെ ഭാഗമായി.

വൈലോപ്പിള്ളി, ഇടശ്ശേരി, അക്കിത്തം, ഒളപ്പമണ്ണ , എന്‍.വി. കൃഷ്ണവാരിയര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഒ.എന്‍.വി, സുഗതകുമാരി തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രിയകവികള്‍. പിന്നാലെ അയ്യപ്പപണിക്കര്‍, എന്‍.എന്‍. കക്കാട്, മാധവന്‍ അയ്യപ്പത്ത്, ചെറിയാന്‍ കെ. ചെറിയാന്‍ തുടങ്ങിയവര്‍ വന്നു. ആധുനികകവിതയുടെ പ്രാഭവകാലത്തും ഞാന്‍ സുഗതകുമാരിയെ വിടാതെ വായിച്ചു. നിശാഗന്ധി, ഇരുള്‍ചിറകുകള്‍, രാത്രിമഴ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, കൊളോസസ്സ്, അത്ര മേല്‍ സ്‌നേഹിക്കയാല്‍, രാജലക്ഷ്മിയോട്, പാതിരാപ്പൂക്കള്‍, ധര്‍മ്മത്തിന്റെ നിറം കറുപ്പാണ്, പെണ്‍കുഞ്ഞ് '90, ജെസ്സി, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തലശ്ശേരികള്‍, പാദപ്രതിഷ്ഠ, തുലാവര്‍ഷപ്പച്ച, രാധയെവിടെ?, കൃഷ്ണ നീയെന്നെ അറിയില്ല, ദേവദാസി, കൊല്ലേണ്ടതെങ്ങിനെ, കടല്‍ കാണാന്‍ പോയവര്‍, ശ്യാമമുരളി, ഇരുപത്തിഒന്നാം നൂറ്റാണ്ടിനോട്.. സമീപകാലത്ത് എഴുതിയ സഹ്യനെക്കുറിച്ചുള്ള കവിത വരെ എത്രയോ രചനകള്‍ ഇന്നും മനസ്സില്‍ പച്ചപ്പോടെ നില്‍ക്കുന്നു.
അല്‍പം മുതിര്‍ന്ന കാലം മുതല്‍ ഞങ്ങള്‍ പല കവിസമ്മേളനങ്ങളിലും ഒന്നിച്ച് പങ്കെടുക്കാന്‍ തുടങ്ങി. കുറച്ചുകൂടി മുതിര്‍ന്നതോടെ അവര്‍ എന്നെ സഹോദരകവിയായി അംഗീകരിച്ചു. ഇനിയീ മനസ്സില്‍ കവിതയില്ല എന്ന അവരുടെ കവിതയോട് പ്രതികരിച്ചുകൊണ്ട് ഞാന്‍ സുഗതകുമാരിയോട് എന്ന കവിതയെഴുതി.
കൈ പിടിക്കുക സോദരീ, സോദരീ,
കൈത പൂത്ത വരമ്പില്‍ വഴുക്കുമേ
എന്നുതുടങ്ങി
പോകയായ് ഇരുള്‍സ്സോദരി, സോദരീ,
ചോരയാണു വരമ്പില്‍, വഴുക്കുമേ
എന്നവസാനിക്കുന്ന ആ കവിത ഞങ്ങളുടെ സൌഭ്രാത്രം അരക്കിട്ടുറപ്പിച്ചുവെന്നു പറയാം.
പിന്നെ തിരുവനന്തപുരത്ത് പോകുമ്പോള്‍ അവരെ ‘വരദ' യില്‍ പോയി സന്ദര്‍ശിക്കുക ഏതാണ്ടൊരു പതിവായി. ഒരു കുറി അവര്‍ ആശുപത്രിയിലായിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കയായിരുന്നു. എന്നോട് ചില കവിതകള്‍ വായിച്ചു കേള്‍പ്പിക്കാന്‍ പറയുകയും കയ്യിലുണ്ടായിരുന്ന ചിലത് ഞാന്‍ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. അവര്‍ മുന്നിട്ടിറങ്ങിയ പരിസ്ഥിതി സമരങ്ങളില്‍ ഞാന്‍ നേരിട്ടോ പരോക്ഷമായോ പങ്കെടുത്തു. എന്റെ ബഹുരൂപി എന്ന കവിതാസമാഹാരം അവരാണ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് . അവര്‍ക്ക് ‘സരസ്വതീ സമ്മാന്‍ ' ലഭിച്ചപ്പോള്‍ ദൂരദര്‍ശനുവേണ്ടി അവരുമായി അഭിമുഖസംഭാഷണം നടത്തിയതും ഞാനായിരുന്നു. ദുബായിയില്‍ ഞങ്ങള്‍ ഒന്നിച്ച് ആറന്മുള വിമാനത്താവളത്തിന്നെതിരായ ഒരു സമ്മേളനത്തില്‍ പങ്കെടുത്തു. ഒടുവില്‍ ബിന്ദുവിനോടൊപ്പം പോയികണ്ടപ്പോള്‍ അവര്‍ സുജാതാദേവിയുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്നിരിക്കുകയായിരുന്നു. അതിനു മുന്‍പ് ഹൃദയകുമാരിയും, സ്വന്തം ഭര്‍ത്താവും മരിച്ചിരുന്നു. മകള്‍ക്ക് തുല്യയായിരുന്ന, ഒന്നിച്ച് താമസിച്ചിരുന്ന, അനുജത്തിയുടെ മരണം കൂടി താങ്ങുക അവര്‍ക്ക് പ്രയാസമായിരുന്നു.

സുഗതകുമാരിയുടെ ധാര്‍മികജീവിതത്തെ നയിച്ചിരുന്നത് ഗാന്ധിയന്‍ മൂല്യങ്ങളായിരുന്നു. അത് അച്ഛന്‍ ബോധേശ്വരന്‍ വഴി കൂടി വന്നതാകാം. ത്യാഗം - ബുദ്ധിസ്റ്റ് ഭാഷയില്‍ ‘ഉപേക്ഷ' -അവര്‍ക്ക് പ്രിയപ്പെട്ട മൂല്യമായിരുന്നു. അതുകൊണ്ടാണല്ലോ എം.എക്കു ഒന്നാംറാങ്ക് കിട്ടി യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടിട്ടും ബാലഭവനില്‍ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന ജോലി അവര്‍ തിരഞ്ഞെടുത്തത്. അതോടൊപ്പം കരുണ കൂടി ചേര്‍ന്നതോടെ സുഗതയുടെ കവിത ആദ്യകാലത്തെ ആത്മപീഡനപ്രണയം വിട്ടു ദീനരിലേക്കും പ്രകൃതിയിലേക്കും ഒഴുകിപ്പരന്നു. ചരാചരങ്ങളുടെ സൌഭ്രാത്രം അവരുടെ ദര്‍ശനത്തിന്റെ ഭാഗമായി മാറി. ഈ പ്രകൃതിസ്‌നേഹത്തില്‍ നിന്ന് വന്നതാണ് അവരുടെ പരിസ്ഥിതിസമരങ്ങളുടെ ഊര്‍ജ്ജം. അത് ആദ്യമായി ശക്തമായി പ്രകടമായത് സൈലന്റ് വാലി പ്രക്ഷോഭത്തിലായിരുന്നു.
ട്രേഡ് യൂണിയനുകള്‍ എതിര്‍ നിന്നിട്ടും ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള സംഘടനകള്‍ അതിനെ പിന്തുണച്ചതോടെ സമരത്തിന് ജനകീയ സ്വഭാവം കൈവന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേരിട്ടുള്ള ഇടപെടല്‍ തന്നെയാണ് ഒടുവില്‍ അത് വിജയിക്കാന്‍ സഹായിച്ചത്. പിന്നീട് എത്രയോ വനസംരക്ഷണ സമരങ്ങള്‍, ആദിവാസികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍, അനാഥകളായ സ്ത്രീകള്‍ക്കും മാനസികപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വേണ്ടിയുള്ള അഭയകേന്ദ്രങ്ങള്‍.. കവിതയിലെ വിഷാദത്തെ പ്രവര്‍ത്തനത്തിലെ ഇച്ഛാശക്തി കൊണ്ട് നേരിടുകയായിരുന്നു അവര്‍.
സ്വാഭാവികമായും ചിലപ്പോള്‍ എനിക്ക് അവരുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ അവരോടു തന്നെയും പറയുകയോ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ആദ്യകാലത്ത്, വൈലോപ്പിള്ളിയ്ക്ക് എന്ന പോലെ, അവര്‍ക്ക് അടിയന്തരാവസ്ഥയുടെ ജനാധിപത്യ വിരുദ്ധത മനസ്സിലായില്ല. എന്നാല്‍ രണ്ടുപേരും പിന്നീട് ആ തെറ്റു മനസ്സിലാക്കി തിരുത്തുകയും ചെയ്തു, കവിതകളിലൂടെ തന്നെ. കൂടുതല്‍ സമീപകാലത്ത് വലതുപക്ഷം അവരെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തി. അത് അവരെ ആദരിക്കുന്ന എന്നെപ്പോലെ പലരെയും വല്ലാതെ വേദനിപ്പിച്ചു. അവര്‍ നയിച്ച ആറന്മുള സമരം പോലുള്ള ചിലതിനു പിന്തുണയുമായി വന്നാണ് അവരെ വിലയ്‌ക്കെടുക്കാന്‍ സ്വയംസേവകര്‍ ശ്രമിച്ചത്. ജന്മഭൂമിയില്‍ സുഗതകുമാരി ലീലാമേനോന് നല്‍കിയ അഭിമുഖം എന്നെ വല്ലാതെ പ്രക്ഷുബ്ധനാക്കി, ആ പത്രത്തിന് അഭിമുഖം നല്‍കിയത് തെറ്റ്, അതില്‍ പ്രകടമായ മുസ്‌ലിം വിരോധം അതിലും വലിയ തെറ്റ്, എന്ന് എനിക്ക് തോന്നി, അത് ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുകയും ചെയ്തു. പിന്നീട് അവരെ കാണാന്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞ് അവര്‍ അത് അറിഞ്ഞിരുന്നു. പറഞ്ഞയാള്‍ അല്‍പ്പം എരിവു കൂട്ടി പറയുകയും ചെയ്തിരുന്നു എന്ന് സംസാരത്തില്‍ നിന്ന് ബോധ്യമായി.
താന്‍ അവര്‍ക്ക് അഭിമുഖ സംഭാഷണമൊന്നും നല്‍കിയിട്ടില്ലെന്നും ലീലാ മേനോന്‍ ഒന്ന് കാണണം എന്ന് പറഞ്ഞു എന്തൊക്കെയോ സംസാരിക്കുകയും അത് അവരുടെ ചില കൂട്ടിച്ചേര്‍ക്കലുകളോടെ അഭിമുഖസംഭാഷണമായി നല്‍കുകയുമാണ് ചെയ്തതെന്നും സുഗതകുമാരി വിശദീകരിച്ചു. പിന്നീട് ഒരു അഭിമുഖത്തില്‍ അവര്‍, തന്നെ ആര്‍.എസ്.എസ്‌കാരിയും സ്ത്രീവിരുദ്ധയും ഒക്കെ ആക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു.

ഏതായാലും ഇപ്പോള്‍ നമുക്കു മുമ്പിലുള്ളത് അവരുടെ കവിതകളാണ്. അവ തലമുറകളോട് സംസാരിച്ചു കൊണ്ടിരിക്കുമെന്നും മനുഷ്യവംശത്തിന്റെ ആത്മഹത്യയിലേക്കുള്ള നീക്കത്തിനെതിരെ ശക്തസുന്ദരമായ ഒരു താക്കീതായി നിലനില്‍ക്കുമെന്നും തീര്‍ച്ചയാണ്. പ്രളയവും മഹാമാരികളും ആഗോള താപനവും കാലാവസ്ഥാമാറ്റവും മറ്റും വഴി പ്രകൃതി തന്നെ നമുക്കു വിപദ്‌സന്ദേശങ്ങള്‍ നല്‍കുന്ന കാലമാണിത്. മനുഷ്യന്‍ പ്രകൃതിയെ സ്വലാഭത്തിന്നായി ചൂഷണം ചെയ്യുന്നത് നിര്‍ത്തണം എന്നും ജൈവശൃംഖലയില്‍ വിള്ളലുകള്‍ വീഴ്ത്തരുതെന്നും, മനുഷ്യര്‍ ലോകത്തിന്റെ പ്രഭുക്കളല്ലെന്നും ഭൂമി ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാനെന്നും മനുഷ്യചരിത്രം പ്രപഞ്ചചരിത്രത്തില്‍ ഒരു ചെറിയ വാക്ക് മാത്രമാണെന്നും പ്രകൃതി നമ്മോടു പറയുന്നു. ഈ വംശ പ്രതിസന്ധിയിലെങ്കിലും നാം നമ്മുടെ പ്രിയപ്പെട്ട കവി നമ്മോടു നിരന്തരം പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ ഗൗരവമായി എടുക്കുകയും നമ്മുടെ ‘വികസന' സങ്കല്‍പങ്ങള്‍ പുനഃപരിശോധിക്കുകയും വേണ്ടതുണ്ട് .
ആ അര്‍ത്ഥത്തില്‍ സുഗതകുമാരി ഭൂതകാലത്തിന്റെ കവിയല്ല, നീതിബോധവും ലാവണ്യബോധവും രണ്ടല്ലാത്ത ഭാവിയുടെ കവിയാണ്.
ശ്രീകുമാര്‍ കരിയാട്
23 Dec 2020, 08:06 PM
സുഗതകുമാരിയോട് പൊളിറ്റിക്കലായി യോജിക്കാഞ്ഞത് സ്വാഭാവികം. അഭിപ്രായങ്ങൾ പറയുമ്പോൾ അവർ പുലർത്തുന്ന ഓവർ ഇമോഷണാലിറ്റി പലപ്പോഴും യുക്തിക്കുനിരക്കുന്നതുമായിരുന്നില്ല. നിലപാടുകൾ പറയുമ്പോൾ താത്വികമായ സം യ മ നം പാലിക്കാൻ ടീച്ചർ തയ്യാറാകാറില്ല എന്നു നിരീക്ഷിച്ചിട്ടുണ്ട്. ഈ അതി വൈകാരികതകൊണ്ടുതന്നെ ഒട്ടേറെ വിവാദങ്ങളും ഉ|ണ്ടായിട്ടുണ്ട്. എന്നാൽ, എന്തൊക്കെ പോരായ്മകൾ ഉൺടെങ്കിലും, ഒരൊറ്റയാൾപ്പട്ടാളം എന്ന നിലയിൽ സാമൂഹ്യനീതിയു|ടേയും പരിസ്ഥിതിയുടേയുമൊക്കെ മണ്ഡലങ്ങളിൽ അവർ ചെലുത്തിയ സ്വാധീനം വളരെ വലുതുതന്നെ. സ്ത്രീകൾക്കെതിരെയുളള പുരുഷന്മാരുടെ മുഷ്കിനെ എത്രയോ വട്ടം ടീച്ചർ എതിരിട്ടിട്ടുണ്ട്. മാനസിക വൈകല്യമനുഭവിക്കുന്നവർക്ക് തണലായി ഒരു സ്ഥാപനം തന്നെ നടത്തുന്നുണ്ട് ടീച്ചർ.. അനാഥരും ഗ്രാമീണരുമായ പെൺ കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും പീ|ഡാനുഭവങ്ങളെപ്പറ്റി ഒരു കാലത്ത് കേരളസമൂഹം അറിഞ്ഞത് സുഗതകുമാരി പറഞ്ഞാണ്. കവിതയിലും അവർ റൂറൽ ലൈഫിനു ഇടം കൊടുത്തിട്ടുണ്ട്.അവരുടെ ഭക്തി കലർന്ന കൃഷ്ണകവിതകളിലും ഈ റൂറൽ ഇത്തോസ് നിറഞ്ഞുനിൽക്കുന്നതായും കാണുന്നു.. പല കാര്യങ്ങളിലും നമുക്കെതിരെ നിൽക്കുന്ന ഒരു സുഗതകുമാരി ഉ|ണ്ടെന്നതു സത്യം തന്നെ. എന്നാൽ പുരുഷ സിങ്കങ്ങൾ സാമൂഹ്യകാര്യങ്ങളിൽ അധരവ്യായാമത്തിൽ മാത്രം ഒതുങ്ങിയപ്പോൾ എൺപതുകളുടെ തു|ടക്കത്തിൽ ത്തന്നെ തെരുവിലേക്ക് നേരിട്ടി|റങ്ങി ഇടപെട്ട വ്യക്തിയാണ് സുഗതകുമാരി. അന്തർമുഖകവിതകൾ അനേകമെഴുതിയ ഒരു സ്ത്രീകവി പുരുഷന്മാരെക്കാൾ വളരെ മുൻപു നടന്നു പോകുന്നത് മലയാ|ളി സമൂഹം എത്ര അഭിമാനത്തോടെയാണു കണ്ടത്? അതുകൊണ്ടുതന്നെ അവരുടെ അധികപ്രസംഗങ്ങളെ പലപ്പോഴും അവഗണിക്കുകയും ചെയ്തു. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ സുഗതകുമാരിയുടെ സോഷ്യൽ ആക്റ്റിവിസം ഒരു പഠനവിഷയം തന്നെയാണ്. അതിന്റെ ഗാന്ധിയൻ ഉളളടക്കത്തെയും തള്ളിക്കളയാവുന്നതല്ല. ആക്റ്റിവിസത്തിന്റെ തീപിടിച്ച ദിനങ്ങളിൽ കവിതയെ മെല്ലെ വശത്തേക്ക് മാറ്റി വെയ്ക്കാനും മലയാളത്തിലെ ആ നല്ല കവി തയ്യാറായി. അത് സത്യത്തിൽ ഒരു ത്യാഗം തന്നെയല്ലെ.? പൊളിറ്റിക്കലായി സുഗതകുമാരിയുടെ ഭാഗത്തുനിന്നുണ്ടായ ഭ്രംശങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ അതിനപ്പുറമുളള ഒരു പൊതു ഇടത്തിൽ തന്റെ സാധുത തെളിയിക്കാനും സുഗതകുമാരിക്കുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇടതുപക്ഷമടക്കമുളള രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും അവരെ ഉചിതമായ രീതിയിൽ ബഹുമാനിച്ചു. ഏതാണ്ട് നാല്പതുവർഷക്കാലം സാമൂഹ്യ സേവനരംഗത്ത് അനാരോഗ്യത്തിനിടയിലും മുഴുസമയ പ്രവർത്തകയാകാൻ കഴിഞ്ഞ പ്രതിഭാധനയായ ഈ കവി നമുക്ക് അഭിമാനകരം തന്നെ. സുഗതകുമാരിക്ക് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കേണ്ടത് സ്ത്രീ സമൂഹത്തോടുചെയ്യുന്ന ഒരു മര്യാദകൂടിയാണ്. ആക്റ്റിവിസത്തിന്റെ മഹത്തായ ഒരുദാഹരണം തന്നെയാണ് സുഗതകുമാരി.
വിജു നായരങ്ങാടി
Dec 24, 2020
7 minutes read
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
പ്രശാന്ത്. എ ബി
24 Dec 2020, 10:49 PM
ജന്മഭൂമിക്ക് നൽകിയ അഭിമുഖം സച്ചിദാനന്ദൻ്റെ ടേബിളിൽ പറഞ്ഞു തീർക്കേണ്ട അത്രയും ചെറുതായിരുന്നു എന്ന് തോന്നുന്നില്ല