കോർപ്പറ്റേറ്റുകൾക്ക് തീറെഴുതുമോ കേരളത്തിലെ തൊഴിലധിഷ്ഠിത പഠനം?

ഈ അധ്യയനവർഷം കേരളത്തിലെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് എന്ന എൻ.എസ്.ക്യു.എഫിലേക്ക് മാറുകയാണ്. ഇറ്റലിയിലെ ബൊളോഗ്ന യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് നടന്ന ചർച്ചകളിലൂടെ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ രൂപപ്പെടുത്തിയ യൂറോപ്യൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് ആണ് ഇന്ത്യയിൽ എൻ.എസ്.ക്യൂ.എഫ് ആയി മാറിയത്. യൂറോ കേന്ദ്രീകൃത അജണ്ടകളുമായെത്തുന്ന ഈ വിദ്യാഭ്യാസ പദ്ധതിക്കാണ് ഇടതുപക്ഷം വഴിതുറന്നുകൊടുക്കുന്നത്. നൈപുണി വിദ്യാഭ്യാസ പദ്ധതിക്കു പിന്നിലെ കോർപ്പറേറ്റ് അജണ്ടകളെക്കുറിച്ച് എസ്.സി.ഇ.ആർ.ടിയിൽ മുൻ റിസർച്ച് ഓഫീസറായ ലേഖകൻ എഴുതുന്നു.

പുതിയ അധ്യയനവർഷം കേരളത്തിലെ തൊഴിലധിഷ്ഠിത ഹയർസെക്കണ്ടറി വിദ്യാഭ്യാസം നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് എന്ന എൻ.എസ്.ക്യു.എഫിലേക്ക് വഴിമാറുകയാണ്. മൂന്നു പതിറ്റാണ്ടിലധികമായി തുടരുന്ന ഒരു വിദ്യാഭ്യാസ സംവിധാനമൊന്നാകെ, മാറിവരുന്ന കമ്പോളതാൽപര്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയതും ടെർമിനൽ സ്വഭാവത്തോടു കൂടിയതുമായ നൈപുണിയധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് ചുവടുമാറ്റുമ്പോൾ ഉയരുന്ന സംശയങ്ങൾ നിരവധിയാണ്.

തൊഴിൽ പരിശീലനത്തിന്റെ പേരിൽ, സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസക്രമത്തിൽ കേന്ദ്രഗവൺമെന്റ് നടത്തുന്ന അമിതാധികാര പ്രയോഗമായും, പൊതുവിദ്യാഭ്യാസത്തിൽ സ്വകാര്യമേഖലയുടെ താൽപര്യങ്ങൾ വിദഗ്ധമായി തുന്നിച്ചേർക്കാനുള്ള അവസരമായും എൻ.എസ്.ക്യൂ.എഫിനെ അക്കാദമിക്കുകൾ നിരീക്ഷിക്കുന്നുണ്ട്. വിദേശഫണ്ടിന്റെ വൻതോതിലുള്ള വിനിയോഗ സാധ്യതകളും, ആഴത്തിലുള്ള സാങ്കേതിക ജ്ഞാനാനുഭവങ്ങളുടെ അഭാവവും, കോർപ്പറേറ്റുകളുടെ അനിയന്ത്രിതമായ ഇടപെടലുകളും സ്ഥിരം അധ്യാപക നിയമനങ്ങളും, വ്യവസ്ഥാപിത സംവിധാനങ്ങളുമില്ലാത്ത അയഞ്ഞതും, വിപണി കേന്ദ്രീകൃതവുമായ കരിക്കുലവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മറയിൽ പൊതുവിദ്യാഭ്യാസത്തെ തന്നെ പൊളിച്ചെഴുതാനുള്ള അവസരമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

നൈപുണി വിദ്യാഭ്യാസം - യൂറോകേന്ദ്രീകൃത അജണ്ട

നൈപുണി വിദ്യാഭ്യാസം (skill education) മുതലാളിത്തത്തിന്റെ ആകർഷകമായ പരസ്യപ്പലകയാണ്. ചിലയിടങ്ങളിൽ ഘടനാപരമായ മാറ്റങ്ങളുടെ പ്രച്ഛന്ന ആവശ്യകതയുയർത്തിയും, മറ്റിടങ്ങളിൽ വിദ്യാഭ്യാസഗുണനിലവാരത്തിൽ വിള്ളലുകൾ വീഴ്ത്തിയും, പൊതുവിദ്യാഭ്യാസക്രമത്തിന്റെ ഓരങ്ങളിൽ നിൽക്കുന്ന കുട്ടികളെ അടർത്തി മാറ്റിയും ഒരു ആഗോളവിദ്യാഭ്യാസപദ്ധതി രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ സജീവമാണ്. അറിവിനേയും ചിന്തയേയും, വിദ്യാഭ്യാസവ്യവസ്ഥയേയും കേവലമായ നൈപുണികൾ ഉപയോഗപ്പെടുത്തി മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെ, പല രൂപങ്ങളിൽ, ഭാവങ്ങളിൽ അത് ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലേക്കും, ലാറ്റിനമേരിക്കയിലേക്കുമെല്ലാം നിർബാധം കടന്നുവരുന്നു.

യൂറോ- കേന്ദ്രീകൃത അജണ്ടകളുമായി അതിർത്തികൾ കടന്നെത്തുന്ന നൈപുണിവിദ്യാഭ്യാസ പദ്ധതിയ്ക്ക് ഇടതുപക്ഷം വാതിൽ തുറന്നിടുമ്പോൾ രാഷ്ട്രീയത്തിലെ ഇടതുപക്ഷം വിദ്യാഭ്യാസത്തിലെ വലതുപക്ഷമാവുമോയെന്ന കാതലായ ചോദ്യം ഉയരുന്നുണ്ട്.

വിദ്യാഭ്യാസപ്രക്രിയ അതതു പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്കും സാംസ്‌കാരിക ജീവിതപരിസരങ്ങൾക്കും അനുസൃതമാണെന്നിരിക്കെ, ആഗോളമായി രൂപപ്പെടുത്തുന്ന ആശയങ്ങളും, ചട്ടക്കൂടുകളും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരിൽ മുന്നോട്ടുവയ്ക്കുന്ന സങ്കൽപ്പങ്ങൾ വിജ്ഞാന വിരുദ്ധമായ ട്രേഡ്കൾച്ചറിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ഇറ്റലിയിലെ ബൊളോഗ്‌ന യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് നടന്ന ചർച്ചകളിലൂടെ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ രൂപപ്പെടുത്തിയ യൂറോപ്യൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് ഇന്ത്യയിൽ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കായി (എൻ.എസ്.ക്യൂ.എഫ്) മാറുന്നതും, പുതിയ അധ്യയനവർഷം മുതൽ കേരളത്തിലെ 389 തൊഴിലധിഷ്ഠിത ഹയർസെക്കണ്ടറി സ്‌കൂളുകളിൽ നടപ്പിലാക്കാൻ പോകുന്നതും വിദ്യാഭ്യാസത്തെ സംബന്ധിച്ച് അത്ര നിഷ്‌കളങ്കമായ കാര്യമല്ല. യൂറോ- കേന്ദ്രീകൃത അജണ്ടകളുമായി അതിർത്തികൾ കടന്നെത്തുന്ന നൈപുണിവിദ്യാഭ്യാസ പദ്ധതിയ്ക്ക് ഇടതുപക്ഷം വാതിൽ തുറന്നിടുമ്പോൾ രാഷ്ട്രീയത്തിലെ ഇടതുപക്ഷം വിദ്യാഭ്യാസത്തിലെ വലതുപക്ഷമാവുമോയെന്ന കാതലായ ചോദ്യം ഉയരുന്നുണ്ട്.

ജോൺ ഡ്യൂയിയും അന്റോണിയോ ഗ്രാംഷിയും പറയുന്നത്

വിദ്യാഭ്യാസ പ്രക്രിയയിൽ നിലനിന്നിരുന്ന വൈജ്ഞാനിക-തൊഴിൽ വിദ്യാഭ്യാസ വിഭജനത്തെക്കുറിച്ചുള്ള ശ്രദ്ധേയനിരീക്ഷണങ്ങളിലൊന്ന് വിദ്യാഭ്യാസ പ്രായോഗിക വാദത്തിന്റെ വക്താവും പ്രവർത്തനാധിഷ്ഠിത സമീപനത്തിന്റെ ഉപജ്ഞാതാവുമായ ജോൺ ഡ്യൂയിയുടേതാണ്. പുരാതന ഗ്രീസിലെ നഗരരാഷ്ട്രങ്ങളുടെ കാലം മുതൽ രണ്ടുതരം വിദ്യാഭ്യാസപദ്ധതികൾ നിലനിന്നിരുന്നെന്നും അത് അവിടുത്തെ വർഗവ്യത്യാസത്തെ സാധൂകരിക്കുന്നതായിരുന്നെന്നും ഡ്യൂയി ഡമോക്രസി ആന്റ് എഡ്യുക്കേഷൻ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.

തത്ത്വചിന്തയും, ഗണിതവും, ജ്യോതിശാസ്ത്രവും പഠിച്ചിരുന്ന കുലീനവർഗം കായികതൊഴിലുകളിൽ ഏർപ്പെടുന്നവരോട് പുലർത്തിയിരുന്ന കീഴാള മനോഭാവം വൈജ്ഞാനിക-വൈജ്ഞാനികേതര വിദ്യാഭ്യാസ വ്യവസ്ഥകൾ തമ്മിലുള്ള വേർതിരിവിന്റെ ഉദാഹരണമായി ഡ്യൂയി വ്യക്തമാക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ വിദ്യാഭ്യാസമെന്നല്ല അപ്രന്റീസ്ഷിപ്പ് എന്നാണ് വിളിക്കേണ്ടത് എന്ന് ഡ്യൂയി തുടർന്നു സൂചിപ്പിക്കുന്നുണ്ട്. സിദ്ധാന്തത്തിലും പ്രയോഗത്തിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ട്രേഡ് വിദ്യാഭ്യാസമായി വ്യാഖ്യാനിക്കുന്നതിന്റെ അപകടങ്ങളും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. (There is a danger that vocational education will be interpreting in theory and practice as trade education - Democracy & Education).

സമാനമായ മറ്റൊരു നിരീക്ഷണം ഇറ്റാലിയൻ വിദ്യാഭ്യാസ പദ്ധതിയെ മുൻനിർത്തി അന്റോണിയോ ഗ്രാംഷി നടത്തുന്നുണ്ട്. വൊക്കേഷണൽ സ്‌കൂളുകൾ തൊഴിലാളി വിഭാഗങ്ങൾക്കും ക്ലാസിക്കൽ സ്‌കൂളുകൾ അഭിജാതവർഗത്തിനും, ബുദ്ധിജീവികൾക്കുമെന്നത് അക്കാലത്തെ യുക്തസഹമായ ഫോർമുലയായിരുന്നെന്ന മാർക്‌സിയൻ ചിന്താപദ്ധതിയി ലൂന്നിയ നിരീക്ഷണം ഡ്യൂയിയുമായി ചേർന്നുപോകുന്നതാണ്.

തൊഴിലധിഷ്ഠിതധാരയിലേക്ക് വന്നെത്തുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള വരും, കർഷക, തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരുമാണെന്ന് കുട്ടികളുടെ സാമൂഹികാവസ്ഥ സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യൻ വിദ്യാഭ്യാസത്തിലും ഈ ദ്വന്ദ്വം ശക്തമായി പ്രവർത്തിക്കുന്നുണ്ട്. തൊഴിലധിഷ്ഠിതധാരയിലേക്ക് വന്നെത്തുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള വരും, കർഷക, തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരുമാണെന്ന് കുട്ടികളുടെ സാമൂഹികാവസ്ഥ സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസധാരയിൽ തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തെ ഉൾച്ചേർക്കാനുള്ള ശ്രദ്ധേയമായ ഇടപെടലുകളിലൊന്ന് ഗാന്ധിയുടെ അടിസ്ഥാന വിദ്യാഭ്യാസപദ്ധതിയുടേതായിരുന്നു. ഹസ്ത-ഹൃദയ-മസ്തിഷ്‌ക-സമന്വിത വിദ്യാഭ്യാസം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. പക്ഷേ, ആശയതലത്തിനപ്പുറം പ്രായോഗികമായി, ബ്രിട്ടീഷ് വിദ്യാഭ്യാസം ഇന്ത്യയിൽ അവശേഷിപ്പിച്ച വിദ്യാഭ്യാസഘടനയുടെയോ, ലക്ഷ്യങ്ങളുടെയോ ബോധനശാസ്ത്ര സമീപനങ്ങളുടെയോ കൊളോണിയൽ ഹാങ്ഓവർ മറികടക്കാൻ ഗാന്ധിയൻ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിക്കു കഴിഞ്ഞില്ല. എന്നാൽ എൻ.എസ്.ക്യൂ.എഫ് ആയി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന "കഫറ്റേരിയൻ മോഡൽ' യൂറോ-കേന്ദ്രീകൃത നൈപുണിവിദ്യാഭ്യാസത്തിന് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുമായി ഒരു ബന്ധവുമില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

എൻ.എസ്.ക്യൂ.എഫ്. എന്ത്? എന്തിന്?

ലോകബാങ്കിന്റെ കാർമ്മികത്വത്തിൽ, ഇറ്റലിയിലെ ബൊളോഗ്‌ന യൂണിവേഴ്‌സിറ്റി കേന്ദ്രമാക്കി നടന്ന 48 യൂറോപ്യൻ രാജ്യങ്ങളിലെ കൂട്ടായ്മയിലാണ് "ബൊളോഗ്‌ന പ്രക്രിയ' എന്നറിയപ്പെടുന്ന യൂറോപ്യൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപപ്പെടുത്തിയത്. ഔപചാരിക വിദ്യാഭ്യാസത്തെ (Formal Education) വിജ്ഞാനത്തിൽ നിന്നടർത്തി മാറ്റി, നൈപുണീവൽക്കരിച്ച് ഏകീകൃതമായ സ്റ്റാൻഡേർഡുകളും, പഠനസമ്പ്രദായങ്ങളും സ്വീകരിച്ച് കമ്പോളത്തിനാവശ്യമായ, വിലപേശൽശേഷി കുറഞ്ഞ തൊഴിൽശക്തിയെ രൂപപ്പെടുത്തുകയുമായിരുന്നു ബൊളോഗ്‌ന പ്രക്രിയയുടെ ലക്ഷ്യം.

സോവിയറ്റാനന്തര കാലഘട്ടത്തിലെ ഷോക്ക്‌തെറാപ്പി മാതൃകയിൽ വായ്പകളും, ആകർഷക സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചു കൊണ്ടാണ് യൂറോപ്യൻ യൂണിയനും, മറ്റ് അന്തർദേശീയ സംഘടനകളും ബൊളോഗ്‌ന പ്രക്രിയയെ ഒരു ഏകീകൃത വ്യവസ്ഥയാക്കി മാറ്റാൻ ശ്രമിച്ചത്. ഇതിന്റെ ചുവടുപിടിച്ച്, ലോകത്തെ വിവിധ രാജ്യങ്ങൾ അവരുടേതായ നൈപുണികേന്ദ്രീകൃത ഫ്രെയിംവർക്കുകൾ തയ്യാറാക്കുകയുണ്ടായി. ലോകത്തെ എല്ലാ രാജ്യങ്ങളും ഇതിനോട് സഹകരിച്ചിരുന്നില്ല എന്നതും ശ്രദ്ധിക്കണം. കോടിക്കണക്കിനു രൂപയുടെ വിദേശഫണ്ട് ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഈ പദ്ധതിയിൽ പങ്കാളിയാകുന്നത്. ഇന്ത്യയിൽ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയ NVQF(National Vocational Qualification Frame work) am\hhn`htijn a{ ́meb ̄nsâ NVEQF(National Vocational Educational Qualification Frame work) എന്നിവ സംയോജിച്ചാണ് ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി എൻ.എസ്.ക്യൂ.എഫ് തയ്യാറാക്കിയത്. നാഷണൽ സ്‌കിൽ ഡവലപ്പ്‌മെന്റ് കൗൺസിലിന്റെയും, നാഷണൽ സ്‌കിൽ ഡവലപ്പ്‌മെന്റ് ബോർഡിന്റെയും നേതൃത്വത്തിലാണ് NCERT യുടെ ഭാഗമായ ഭോപ്പാലിലെ പണ്ഢിറ്റ് സുന്ദർലാൽ ശർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യുക്കേഷൻ (PSSIVE) നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് രൂപപ്പെടുത്തിയത്.

പൊതുവിദ്യാഭ്യാസ ക്രമത്തിൽ നൈപുണിയധിഷ്ഠിത കോഴ്‌സുകൾ ഉൾച്ചേർത്ത് പഠനം കഴിയുമ്പോൾ വിദ്യാർത്ഥിയെ ഏതെങ്കിലും തൊഴിലിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് എൻ.എസ്.ക്യൂ.എഫ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം. ഒമ്പതാം ക്ലാസിൽ ലെവൽ ഒന്നിൽ തുടങ്ങി, ഗവേഷണ പഠനത്തിന്റെ അവസാനം ലെവൽ പത്തിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലെവൽ ഒന്നുമുതൽ നാലുവരെ സ്‌കൂൾ-ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിലാണെങ്കിൽ, ലെവൽ അഞ്ചുമുതൽ കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.

കേരളത്തിലെ ഏതാനും കോളേജുകളിൽ ആരംഭിച്ചിട്ടുള്ള ആഢീര കോഴ്‌സുകൾ നൈപുണിവിദ്യാഭ്യാസ ചട്ടക്കൂടിന്റെ ഉന്നത വിദ്യാഭ്യാസപതിപ്പാണ്. ഐ.ടി.ഐ, ടെക്‌നിക്കൽ സ്‌കൂളുകൾ, പോളിടെക്‌നിക്കുകൾ, എഞ്ചിനീയറിംഗ് കോളേജു കൾ എന്നിവിടങ്ങളിലെ തൊഴിലധിഷ്ഠിതപഠനത്തെ ശാക്തീകരിക്കാതെ പൊതുവിദ്യാഭ്യാസത്തെ അപ്പാടെ നൈപുണീവത്ക്കരിക്കാനാണ് എൻ.എസ്.ക്യൂ.എഫ് ശ്രമിക്കുന്നത്. 2013-ൽ പുറത്തിറക്കിയ കേന്ദ്രഗവൺമെന്റിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നത് എൻ.എസ്.ക്യൂ.എഫ് ആരംഭിച്ചതിനുശേഷവും അഞ്ചുവർഷം പൂർത്തിയാവുന്ന 27/12/2018 നു മുമ്പ് ഇന്ത്യയിലെ എല്ലാ കോഴ്‌സുകളും നിർബന്ധമായും എൻ.എസ്. ക്യൂ.എഫിലേക്ക് മാറിയിരിക്കണമെന്നാണ്.

i) It shall be mandatory for all training /educational programmes / courses to be NSQF complaint.
ii) All training and educational institutions shall define eligibility criteria for admission to various courses in terms of NSQF.

എൻ.എസ്.ക്യൂ.എഫിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ പ്രഖ്യാപിച്ചതുപോലെ ഇന്ത്യയിലെവിടെയും നിയമനങ്ങളിൽ എൻ.എസ്.ക്യൂ.എഫ് സർട്ടിഫിക്കറ്റ് നിഷ്‌ക്കർഷിച്ചിട്ടില്ല എന്നിരിക്കെ ഇന്ത്യയൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കാൻ MHRD സ്വീകരിച്ച തിടുക്കത്തിന്റെ കാരണമെന്താണ്?

വിവിധ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെ തൊഴിലുകൾക്ക് എൻ.എസ്.ക്യൂ.എഫ് സർട്ടിഫിക്കറ്റ് അടിസ്ഥാനയോഗ്യതയും നിർബന്ധവുമാക്കുമെന്നും നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾക്ക് വൻഫണ്ട് അനുവദിക്കുമെന്നുമുള്ള ആകർഷകമായ സാധ്യതയുയർത്തിയാണ് നൈപുണിയധിഷ്ഠിത കോഴ്‌സുകളുടെ ഫ്രെയിംവർക്ക് അവതരിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നൈപുണിയധിഷ്ഠിത ചട്ടക്കൂടിനോട് അനുകൂലമായല്ല പ്രതികരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോഴും ഹരിയാന ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ കുട്ടികളുടെ രണ്ടോമൂന്നോ ശതമാനത്തിനു മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ എൻ.എസ്.ക്യൂ.എഫ് നടപ്പിലാക്കിയത്. എൻ.എസ്.ക്യൂ.എഫിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ പ്രഖ്യാപിച്ചതുപോലെ ഇന്ത്യയിലെവിടെയും നിയമനങ്ങളിൽ എൻ.എസ്.ക്യൂ.എഫ് സർട്ടിഫിക്കറ്റ് നിഷ്‌ക്കർഷിച്ചിട്ടില്ല എന്നിരിക്കെ ഇന്ത്യയൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കാൻ MHRD സ്വീകരിച്ച തിടുക്കത്തിന്റെ കാരണമെന്താണ്?

അംബാനിയും, ബിർളയും വിദ്യാഭ്യാസം തീരുമാനിച്ച കാലം

എൻ.എസ്.ക്യൂ.എഫിനെ സൂക്ഷ്മമായി വായിക്കുമ്പോൾ നാം വാജ്‌പേയി കാലഘട്ടത്തിലെ അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ടിലെത്തുന്നത് ഒട്ടും യാദൃച്ഛികമാവാൻ തരമില്ല. കോർപ്പറേറ്റുകളുടെ കച്ചവടതാൽപര്യങ്ങൾ വിദ്യാഭ്യാസപ്രക്രിയയിൽ പ്രത്യക്ഷ ഇടപെടൽ നടത്തുന്നത് 2000-ത്തിലെ മുകേഷ്

അംബാനിയും ബിർളയും

അംബാനി കൺവീനറും, കുമാരമംഗലം ബിർള അംഗവുമായിരുന്ന A Policy Framework for Reforms in Education എന്ന റിപ്പോർട്ടിലൂടെയാണ്. മൂലധനതാൽപര്യങ്ങൾ അതിനുമുമ്പും വിദ്യാഭ്യാസപ്രക്രിയയിൽ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും ഒരു വിദ്യാഭ്യാസകമ്മീഷനെയൊന്നാകെ, അതുവരെ കോർപ്പറേറ്റുകൾക്കു വിലയ്ക്കുവാങ്ങാൻ കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ വ്യവസ്ഥയുടെ ഉള്ളടക്കവും, പഠനസൗകര്യങ്ങളും വിപണിയുടെ താൽപര്യം പരിഗണിച്ച് രൂപപ്പെടുത്തണമെന്നും, വിദ്യാലയങ്ങളെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കണമെന്നും വിദ്യാഭ്യാസലക്ഷ്യങ്ങൾ പുനർനിർവചിച്ച് കമ്പോളത്തിനാവശ്യമായ തൊഴിൽസേനയെ ലഭ്യമാക്കണമെന്നും, വിദ്യാർത്ഥി രാഷ്ട്രീയം ഉന്മൂലനം ചെയ്യണമെന്നും, ഫീസ് നിരക്കുകൾ കൂട്ടി വിദ്യാഭ്യാസം ക്രയശേഷിയുള്ളവർക്കുമാത്രമായി പരിമിതപ്പെടുത്തണമെന്നുമുള്ള കച്ചവടാധിഷ്ഠിത നിർദ്ദേശങ്ങളുടെ സമാഹാരമായിരുന്നു അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ട്. വിദ്യാഭ്യാസത്തെ ഒരു none merit good ആയി പരിഗണിക്കണമെന്നും വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്ന പണം പുനരുൽപ്പാദന ശേഷി ഇല്ലാത്തതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി.
"Schools of learning must be encouraged to constantly upgrade content and facilities in order to make them more market oriented. Because the formal education system, is not awake to the needs of society, therefore a non-formal system of self -financing institutions has filled the need.'

വിദ്യാഭ്യാസ വ്യവസ്ഥയുടെ ഉള്ളടക്കവും, പഠനസൗകര്യങ്ങളും വിപണിയുടെ താൽപര്യം പരിഗണിച്ച് രൂപപ്പെടുത്തണമെന്നും, വിദ്യാലയങ്ങളെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കണമെന്നും വിദ്യാഭ്യാസലക്ഷ്യങ്ങൾ പുനർനിർവചിച്ച് കമ്പോളത്തിനാവശ്യമായ തൊഴിൽസേനയെ ലഭ്യമാക്കണമെന്നും, വിദ്യാർത്ഥി രാഷ്ട്രീയം ഉന്മൂലനം ചെയ്യണമെന്നും, ഫീസ് നിരക്കുകൾ കൂട്ടി വിദ്യാഭ്യാസം ക്രയശേഷിയുള്ളവർക്കുമാത്രമായി പരിമിതപ്പെടുത്തണമെന്നുമുള്ള കച്ചവടാധിഷ്ഠിത നിർദ്ദേശങ്ങളുടെ സമാഹാരമായിരുന്നു അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ട്.

2002-ൽ ലോകബാങ്ക് തയ്യാറാക്കിയ Knowledge Societies; New challenges for Tertiary Education എന്ന റിപ്പോർട്ടിനെ അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ടുമായി ചേർത്തു വായിക്കുമ്പോൾ ഭാഷാ-മാനവിക വിഷയമേഖലകളെയും വിജ്ഞാനത്തെയും റിപ്ലേയ്‌സ് ചെയ്ത് കേവല നൈപുണികളെ പ്രതിഷ്ഠിക്കാനുള്ള നിയോ-ലിബറൽ നീരാളി കൈകളുടെ ആഴവും വ്യാപ്തിയും വ്യക്തമാകും. ഈ റിപ്പോർട്ടുകളുടെ തുടർച്ചയാണ് NSQF, ASAP(ഇപ്പോൾ കോളേജുകളിലും, ഹയർ സെക്കണ്ടറികളിലും നടന്നുവരുന്ന അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം) എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ പ്രത്യക്ഷപ്പെടുന്ന നൈപുണിയധിഷ്ഠിത പാക്കേജുകൾ.

എൻ.എസ്.ക്യു.എഫ് വരികൾക്കിടയിൽ വായിക്കുമ്പോൾ വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന, പ്രാഥമിക സാക്ഷരതാ നിലവാരം മാത്രമുള്ള സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് നൈപുണിവിദ്യാഭ്യാസ ചട്ടക്കൂട് തയ്യാറാക്കിയതെന്ന വിമർശനം ശക്തമാണ്.

എൻ.എസ്.ക്യൂ.എഫ് മുന്നോട്ടുവയ്ക്കുന്ന ജോബ്‌റോളുകൾ (ഗാർഡനർ, മേസൻ, വാഷർമാൻ, സെക്യൂരിറ്റി എന്നിങ്ങനെ) വിദ്യാഭ്യാസപരമായി മുന്നേറിയ സമൂഹങ്ങൾ സ്വീകരിക്കാനിടയില്ല. ടയർ ഇൻഫ്‌ളേഷൻ അറ്റന്റഡന്റ് എന്നൊരു ക്വാളിഫിക്കേഷൻ പാക്കിനെക്കുറിച്ച് എൻ.എസ്.ക്യൂ.എഫ്. ജോബ്‌റോളിൽ പറയുന്നുണ്ട്. വാഹനങ്ങളുടെ ടയറിന് എയർ നിറക്കുന്നതുപോലുള്ള നൈപുണികളെയാണ് നാഷണൽ ഒക്യുപേഷൻ സ്റ്റാൻഡേർഡ് ആയി (NOS) നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിലെ ഒന്നാംതലമുറ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾ ഇതംഗീകരിച്ചേക്കാം. എന്നാൽ കേരളം പോലെയൊരു വൈജ്ഞാനികസമൂഹം ഇതു സ്വീകരിക്കാനിടയില്ല. എൻ.എസ്.ക്യൂ.എഫിനെ പ്രാദേശികമായി കസ്റ്റമൈസ് ചെയ്യുന്നില്ലെങ്കിൽ വിദ്യാർത്ഥികൾ തൊഴിലധിഷ്ഠിത പഠനമുപേക്ഷിച്ച് മറ്റു വഴികൾ തേടിപ്പോകാനിടയുണ്ട്. സ്ഥിരം അധ്യാപകരോ പരീക്ഷാസംവിധാനമോ, ഡിപ്പാർട്ട്‌മെന്റോ ഒന്നുമില്ലാത്ത അയഞ്ഞതും തൊഴിൽകാലാവസ്ഥയ്ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതുമായ താൽക്കാലിക സംവിധാനങ്ങളാണ് എൻ.എസ്.ക്യൂ.എഫിനുള്ളത്. പോസ്റ്റ്‌ഗ്ലോബലൈസ്ഡ് കാലത്തെ പൊതുരീതിയായ കോൺട്രാക്ട്-ഗസ്റ്റ് അധ്യാപക നിയമനങ്ങളാണ് ഫ്രെയിംവർക്ക് അവതരിപ്പിക്കുന്നത്.

പ്രധാനമായും സ്വകാര്യ സംരംഭകരാലും കോർപ്പറേറ്റുകളാലും നിയന്ത്രിക്കപ്പെടുന്ന സെക്ടർ സ്‌കിൽ കൗൺസിലുകളാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതും തൊഴിൽ വൈദഗ്ധ്യം പരിശോധിക്കുന്നതും. നൈപുണി വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന NSDC അമ്പത്തിയൊന്ന് ശതമാനം ഓഹരികൾ സ്വകാര്യമേഖലകൾക്ക് നൽകുന്ന ഒരു പ്രൈവറ്റ്-പബ്ലിക്ക് പാർട്ണർഷിപ്പാണ് എന്നതും ശ്രദ്ധിക്കണം. സ്വകാര്യസ്ഥാപനങ്ങൾക്ക് കുറഞ്ഞ കൂലിയ്ക്ക് തൊഴിലാളികളെ ലഭ്യമാക്കുന്ന പദ്ധതിയായി ഇത് ഭാവിയിൽ മാറാ നിടയുണ്ട്.

എൻ.എസ്.ക്യൂ.എഫ് നടപ്പിലാക്കി ഏഴുവർഷം കഴിഞ്ഞിട്ടും, സി.ബി.എസ്.ഇ. സ്‌കൂളുകൾ, കേന്ദ്രീയവിദ്യാലയങ്ങൾ, നവോദയവിദ്യാലയങ്ങൾ, മറ്റ് കേന്ദ്രഗവൺമെന്റ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നടപ്പിലാക്കാത്തത് പദ്ധതിയെ സംബന്ധിച്ച് നിരവധി സംശയങ്ങളുയർത്തുന്നുണ്ട്. (DPEP കാലത്തും ഇതായിരുന്നു സ്ഥിതി).

പൊതുവിദ്യാഭ്യാസത്തിൽ തൊഴിൽപഠനം ഉൾച്ചേർക്കുന്നത് വിദ്യാഭ്യാസ ഗുണനിലവാരത്തെയും ആഴത്തിലുള്ള തൊഴിൽ വൈദഗ്ധ്യത്തേയും ബാധിക്കാനിടയുണ്ട്. ആത്യന്തികമായി ഭാഷാ-ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ പഠനസമയവും പ്രാധാന്യവും കുറയുകയും അതേ സമയം സവിശേഷമായ പ്രായോഗിക തൊഴിൽപഠനം സാധ്യമാവാതെ വരികയും ചെയ്യും. ഫലത്തിൽ ഗൗരവപഠനവുമില്ല, തൊഴിലുമില്ല എന്നതിലേക്കെത്തും കാര്യങ്ങൾ.

ഒരു അക്കാദമികപദ്ധതി എന്നതിലുപരി നൈപുണിയധിഷ്ഠിത പാക്കേജെന്ന നിലയിലാണ് എൻ.എസ്.ക്യൂ.എഫ് വിലയിരുത്തപ്പെടുന്നത്. മാനവശേഷി വികസനമന്ത്രാലയത്തിനു പകരം തൊഴിൽ സംരംഭകത്വമന്ത്രാലയമാണ് എൻ.എസ്.ക്യൂ.എഫുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിലനിൽക്കുന്ന പഠന- ബോധനരീതികളുമായൊന്നും എൻ.എസ്.ക്യൂ.എഫിന് ബന്ധമില്ല. അതുകൊണ്ടാവാം കേരളം ഒമ്പതാംക്ലാസ്സ് മുതലുള്ള പൊതുവിദ്യാഭ്യാസധാരയിൽനിന്ന് എൻ.എസ്.ക്യൂ.എഫിനെ മാറ്റി നിർത്തിയത്.

തൊഴിലധിഷ്ഠിത പഠനം എൻ.എസ്.ക്യൂ.എഫിലേക്കു മാറുമ്പോൾ

ടി.എം. ജേക്കബ് വിദ്യാഭ്യാസമന്ത്രി ആയിരുന്ന 1983-84 കാലഘട്ടത്തിലാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം കേരളത്തിൽ ആരംഭിക്കുന്നത്. പത്താം ക്ലാസ് പിന്നിടുന്ന കുട്ടികളിൽ തൊഴിൽ-സംരംഭകത്വമനോഭാവവും, തൊഴിൽ വൈദഗ്ധ്യവും ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. തുടക്കത്തിൽ വൊക്കേഷണൽ കോഴ്‌സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് 1985-ലാണ് അക്കാദമിക വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി തൊഴിലധിഷ്ഠിത പഠനത്തിന് വെർട്ടിക്കൽ മൊബിലിറ്റി ഉറപ്പുവരുത്തുന്നത്. കേരളത്തിന്റെ പൊതുസാഹചര്യവും സാമൂഹതാൽപര്യവും പരിഗണിച്ചുള്ള തീരുമാനമായിരുന്നു അത്.

തൊഴിലധിഷ്ഠിത പഠനവും, തുടർപഠനസാധ്യതകളും സംയോജിപ്പിച്ച് ആരംഭിച്ച മൾട്ടി സ്‌കിൽ കോഴ്‌സുകൾ ആവേശപൂർവ്വമാണ് തുടക്കത്തിൽ കേരളസമൂഹം സ്വീകരിച്ചിരുന്നത്. പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്ററുകളും (PTC), ഓൺ ദ ജോബ് ട്രെയിനിംഗും (OJT), ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇന്ത്യയിലെ തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിനു മാതൃകയായിരുന്നു കേരളത്തിലെ തൊഴിൽപഠനം. എന്നാൽ കാലാനുസൃതമായ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനും, തൊഴിൽവൈദഗ്ധ്യത്തിനും അധ്യാപകപരിശീലനത്തിനും വിധേയമാകാതെ ഒരിടക്കാലത്ത്, തൊഴിലധിഷ്ഠിതപഠനം അനാകർഷകമായി.

മുപ്പതുവർഷങ്ങൾക്കുശേഷം 2013-ലാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിൽ കാര്യമായ പരിഷ്‌കരണമുണ്ടാവുന്നത്. 42 വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തി 35 എണ്ണമാക്കി കുറച്ചും, തൊഴിൽ-ഉപരി പഠനസാധ്യതകൾക്ക് തുല്യ അവസരമൊരുക്കിയും രണ്ടുവർഷകോഴ്‌സിനെ നാലു മൊഡ്യൂളുകളാക്കിയും, ഹയർസെക്കണ്ടറി ഇക്വലൻസിയും, പി.എസ്.സി. അംഗീകാരവും ഉറപ്പുവരുത്തിയും നടത്തിയ മാറ്റങ്ങൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ എന്റോൾമെന്റ് വർധനയ്ക്കു കാരണമായിട്ടുണ്ട്. പരിഷ്‌കരണശേഷം തുടർവർഷങ്ങളിൽ 5% സീറ്റ് വർധിപ്പിക്കേണ്ടിവന്നത് ഇതിനുദാഹരണമാണ്. ഇതര സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ എൻ.എസ്.ക്യൂ.എഫ് കരിക്കുലത്തേക്കാൾ ശക്തവും, സമഗ്രവും തൊഴിൽ-തുടർപഠന സാധ്യതകൾക്ക് അവസരമൊരുക്കുന്നതുമാണ് കേരളത്തിലെ തൊഴിലധിഷ്ഠിതപഠനം. വിദേശരാജ്യങ്ങളിൽ കമ്മ്യൂണിറ്റി കോളേജുകളിലും അനൗപചാരിക പഠനകേന്ദ്രങ്ങളിലും തുടങ്ങിയ നൈപുണിവിദ്യാഭ്യാസപദ്ധതി കേരളത്തിന്റെ ഔപചാരികപഠനമേഖലയിലേക്ക് വ്യാപിപ്പിക്കുമ്പോൾ അതു നമ്മുടെ വൊക്കേഷണൽ വിദ്യാഭ്യാസത്തിന്റെ മൗലികഘടനയ്ക്കും, സമീപനങ്ങൾക്കും ചരമക്കുറിപ്പെഴുതുമെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും ആശങ്കപ്പെടുന്നത്.

വിദേശരാജ്യങ്ങളിൽ കമ്മ്യൂണിറ്റി കോളേജുകളിലും അനൗപചാരിക പഠനകേന്ദ്രങ്ങളിലും തുടങ്ങിയ നൈപുണിവിദ്യാഭ്യാസപദ്ധതി കേരളത്തിന്റെ ഔപചാരികപഠനമേഖലയിലേക്ക് വ്യാപിപ്പിക്കുമ്പോൾ നമ്മുടെ വൊക്കേഷണൽ വിദ്യാഭ്യാസത്തിന്റെ മൗലികഘടനയ്ക്കും, സമീപനങ്ങൾക്കും ചരമക്കുറിപ്പെഴുതുമെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും ആശങ്കപ്പെടുന്നത്.

ഇന്ത്യയിലെ എല്ലാ സ്വകാര്യ-പൊതുനിയമനങ്ങൾക്കും എൻ.എസ്.ക്യൂ.എഫ് സർട്ടിഫിക്കറ്റുകൾ 17-12-2018 നു ശേഷം നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിട്ട് രണ്ടുവർഷം പൂർത്തിയാവുമ്പോഴും ഒരൊറ്റ നിയമനങ്ങൾക്കുപോലും അത് ബാധകമാവാത്തത് നൈപുണിയധിഷ്ഠിത കോഴ്‌സുകൾ പഠിച്ചിറങ്ങിയ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കും. കേരളത്തിലെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ എൻ.എസ്.ക്യൂ.എഫ്-ലേക്കു മാറുമ്പോൾ നിലവിലുള്ള കോഴ്‌സുകളുടെ PSC അംഗീകാരവും ചില മേഖലകളിൽ തുടർപഠനത്തിനുള്ള അവസരങ്ങളും റിസർവേഷനും നഷ്ടപ്പെടാനിടയുണ്ട്. ഒപ്പം ലാബുകളിലും വർക്ക്‌ഷെഡ്ഡുകളിലും തൊഴിൽസാഹചര്യങ്ങളിലും മാറ്റം അനിവാര്യമാണ്. ആഴ്ചയിൽ 17 മണിക്കൂർ വീതം ഒരു വർഷം ഒ.ജെ.ടി.യുടെ 100 മണിക്കൂർ ഉൾപ്പെടെ 780 പഠന മണിക്കൂറുകളാണ് കേരളത്തിലെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറിയിലുള്ളത്. അങ്ങനെ രണ്ടുവർഷം 1460 പഠന മണിക്കൂറുകൾ. എൻ.എസ്.ക്യൂ.എഫിൽ ഒരു വർഷം ഒ.ജെ.ടി. ഉൾപ്പെടെ 300 മണിക്കൂറുകൾ മാത്രം. അങ്ങനെ രണ്ടു വർഷം 600 പഠനമണിക്കൂറുകൾ. എൻ.എസ്.ക്യൂ.എഫിലേക്കു മാറുമ്പോഴുള്ള പഠനസമയത്തിലെ 50% ത്തിലധികം കുറവ് എങ്ങനെ പരിഹരിക്കും എന്നതിൽ വ്യക്തതയില്ല. പര്യാപ്തമായ പഠനസമയമില്ലെങ്കിൽ വൈദഗ്ധ്യമുള്ള തൊഴിൽപഠനം സാധ്യമാവില്ല എന്നതുറപ്പാണ്. പഠനസമയത്തിലെ കുറവ് ഹയർസെക്കണ്ടറിയുമായുള്ള തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറിയുടെ ഇക്വലൻസിയെ ബാധിച്ചേക്കാം. ഇത്തരം പ്രായോഗികപ്രശ്‌നങ്ങൾ പരിഹരിക്കാതെയാണ് നാം എൻ.എസ്.ക്യൂ.എഫിന് തൊഴിലധിഷ്ഠിത പഠനത്തെ എറിഞ്ഞു കൊടുക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും, സമീപനവും

ട്രാൻസ്‌നാഷണൽ കോർപ്പറേഷനുകളും, ആഗോളസാമ്പത്തിക കൂട്ടായ്മകളും

അൽത്തൂസർ

തീരുമാനിക്കുന്ന കാലഘട്ടത്തിൽ, ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമാണ് വിദ്യാഭ്യാസമെന്ന (Ideological state apparatus)

അൽത്തൂസറിന്റെ നിരീക്ഷണം ഏറെ പ്രസക്തമാവുന്നുണ്ട്. പ്രാദേശികമായതെല്ലാം ആഗോളമാണ്, ആഗോളമായതെല്ലാം പ്രാദേശികവുമാണ് എന്നതാണല്ലോ ആഗോളീകൃതാനന്തര സുവിശേഷം. ആ സുവിശേഷത്തിന്റെ ഉൽപ്പന്നമാണ് ദേശീയ നൈപുണി വിദ്യാഭ്യാസ പദ്ധതി. മനുഷ്യവ്യക്തിത്വത്തിന്റെയും അന്തസിന്റെയും രൂപീകരണമാണ് വിദ്യാഭ്യാസമെന്ന സങ്കൽപ്പങ്ങളെ കടപുഴക്കി കേവല കായികപരിശീലനമായും, കമ്പോളത്തിൽ കുറഞ്ഞ കൂലിക്ക് ആളെക്കൂട്ടുന്ന സംവിധാനമായും വിദ്യാഭ്യാസം മാറുമ്പോൾ പ്രതിരോധിക്കേണ്ടവർ നടത്തിപ്പുകാരായുണ്ട് എന്നതാണ് കാലഘട്ടത്തിന്റെ ദുരന്തം.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments