കോവിഡ് അത്ര കോമഡി അല്ല,
മരണമുഖത്തുനിന്ന് ഒരനുഭവം
കോവിഡ് അത്ര കോമഡി അല്ല, മരണമുഖത്ത് നിന്നൊരനുഭവം
‘എല്ലാം അവസാനിക്കുകയാണ്. അബി പോവുകയാണെടാ... ’ അവനോട് അത്രയെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ശബ്ദം പുറത്തേക്ക് വരുന്നില്ല. ചുണ്ടുകൾ വിറയ്ക്കുന്നു. കണ്ണുകൾ തുറന്നു പിടിക്കാൻ കഴിയാത്തവണ്ണം പിന്നിലേക്ക് മറിയുന്നു. ശ്വാസം കിട്ടാതെ പിടയുന്നപോലെ. അവനു നേരേ ഞാൻ കൈ നീട്ടി. അതങ്ങനെ നീട്ടിപ്പിടിക്കാൻ പോലും കഴിയാത്തവണ്ണം ദുർബലമായിരുന്നു അപ്പോൾ... കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് നിസ്സാരവൽക്കരിക്കുന്നവരോട് തീവ്രമായ ഒരുഭവം പങ്കിടുകയാണ് മാധ്യമപ്രവർത്തകനായ ലേഖകൻ
12 Nov 2020, 04:06 PM
കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം പറയാനുണ്ട്. അപ്പോൾ മനസ്സിലാവും കോവിഡ് അത്ര കോമഡിയല്ലെന്ന്. ഇന്ത്യയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിൽ പഠിക്കാൻ പോയി വന്ന തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ്. ഏതാണ്ട് ആ സമയത്തു തന്നെയാണ് അടിയന്തര ട്രാൻസ്ഫറായി ഞാനും തൃശൂർ എത്തുന്നത്. അന്നു മുതൽ ശരിക്കും കോവിഡും നമ്മളും തമ്മിൽ ഒരു കള്ളനും പോലീസും കളിയായിരുന്നു.
എപ്പോഴെങ്കിലും പിടിവീഴുമെന്ന ഭീഷണിയിൽ സാനിട്ടൈസറും കൈകഴുകലും മാസ്ക്കുമൊക്കെയായി ട്രെയിനിലും ബസിലുമെല്ലാം തുടർന്ന യാത്ര. ഏതാണ്ട് എട്ടു മാസത്തോളം പിടിച്ചുനിന്നു എന്നതുതന്നെ ആശ്വാസം.
ഇക്കഴിഞ്ഞ 20ന് പിടിവീണു. അതിനു മുമ്പ് ഒരു പ്രൈമറി കോണ്ടാക്ട് കാരണം ഒരാഴ്ച സെൽഫ് ക്വാറൻറൈയിനിൽ പോകേണ്ടവന്നു. പിന്നീട് വർക് ഫ്രം ഹോമിലായിരുന്നു. അപ്പോഴും വൈഫ് ഓഫീസിൽ പോകുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവൾക്ക് ചുമ ശക്തമായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതേ സമയത്ത് ശക്തമായ ചുമയുണ്ടായിരുന്നു. ഈ സമയങ്ങളിൽ പതിവായി എനിക്കും ചുമ വരാറുള്ളതാണ്. പാരമ്പര്യമായി കൈമാറിക്കിട്ടിയത് അതാണ്.
അതിന്റെ ആവർത്തനമാണോ ഇക്കുറി എന്നു സംശയമുണ്ടായിരുന്നു. എന്തായാലും കാത്തുനിൽക്കാതെ പിറ്റേന്നുതന്നെ RTPCR ടെസ്റ്റ് നടത്തി. അടുത്ത ദിവസം രണ്ടുപേരും നെഗറ്റീവായതായി റിപ്പോർട്ടും കിട്ടി.
ആ ധൈര്യത്തിലാണ് മൂന്നു ദിവസം കഴിഞ്ഞ് എറണാകുളത്ത് സഹോദരിയുടെ വീട്ടിൽ പോയത്. മക്കളും കൂടെയുണ്ടായിരുന്നു. മടങ്ങിവരുന്നവഴി ഡ്രൈവ് ചെയ്ത് പെരുമ്പിലാവ് എത്തിയപ്പോൾ നല്ല പനിയും കുളിരും അനുഭവപ്പെട്ടു. അതിനു ശേഷം എങ്ങനെ വീടുവരെ കാറോടിച്ചെത്തി എന്നത് എത്ര ഓർത്തിട്ടും പിടികിട്ടുന്നില്ല. പിറ്റേന്ന് ഒരു പ്രശ്നവും തോന്നിയില്ല. പക്ഷേ, അടുത്ത ദിവസമായപ്പോൾ വൈഫിന് ചുമയും ശരീരവേദനയും ശക്തമായി. പിറ്റേന്നുതന്നെ വീണ്ടും ടെസ്റ്റിനു പോയി. ഇക്കുറി ആൻറിജൻ ടെസ്റ്റായിരുന്നു. ഉച്ചയ്ക്കു തന്നെ റിസൽട്ട് കിട്ടി. ഒടുവിൽ അവൻ പിടികൂടിയിരിക്കുന്നു.
രണ്ടുപേരും കോവിഡ് പോസിറ്റീവ്...! വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചതനുസരിച്ച് പൾസ് ഓക്സി മീറ്ററും തെർമൽ മീറ്ററും വാങ്ങി കൃത്യമായി റിപ്പോർട്ട് ദിവസവും അയച്ചുകൊടുത്തുകൊണ്ടിരുന്നു. ആദ്യത്തെ ഏതാനും ദിവസങ്ങൾ ഒരു പ്രത്യേകതകളുമില്ലാതെ കടന്നുപോയി. പിന്നീട് പിന്നീട് ചുമ ശക്തമാകാൻ തുടങ്ങി. ഒരു ദിവസം വൈകുന്നേരം.
ചുമ കലശലായി. ശ്വാസം മുട്ടുന്നതുപോലെ. പൾസ് ഓക്സി മീറ്റർ എടുത്തു ലെവൽ നോക്കിയപ്പോൾ നോർമൽ. ഓക്സിജൻ ലെവൽ 97. പൾസ് 82. പക്ഷേ, ചുമ നിൽക്കുന്ന യാതൊരു ലക്ഷണവുമില്ല. ഡോക്ടർ കുറിച്ചുതന്ന കഫ് സിറപ്പ് കഴിച്ചുനോക്കി. ഒരു രക്ഷയുമില്ല. പെട്ടെന്ന് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. കട്ടിലിലേക്ക് വീണ എന്റെ കൈവിരലിൽ പൾസ് ഓക്സി മീറ്റർ ഘടിപ്പിച്ചു മോൾ ചെക്ക് ചെയ്തു നോക്കി. ഓക്സിജൻ ലെവൽ വല്ലാതെ താഴുന്നു. 97 ൽ നിന്ന് 78ലേക്ക് എത്തിയിരിക്കുന്നു. പൾസ് 120 കടന്നു.
ആരെയും സഹായത്തിനു വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ വൈഫ് എന്തൊക്കെയോ പറയുന്നു. ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നു. എന്റെ നെഞ്ചിടിപ്പിന്റെ പെരുമ്പറയൊച്ചയല്ലാതെ മറ്റൊന്നും എനിക്കു കേൾക്കാൻ വയ്യ. അത്രയും ഉഛസ്ഥായിയിൽ ഹൃദയം മിടിക്കുമെന്ന് ഞാനപ്പോൾ അറിഞ്ഞു.
കണ്ണിൽ ഇരുട്ടു കയറുന്നു. ശരീരമാകെ വിയർത്തൊഴുകുന്നു. പച്ച ജീവനോടെ ഹൃദയം ആരോ വലിച്ചുപറിക്കുന്നതുപോലെ വേദനിക്കുന്നു. എന്തൊക്കെയോ എനിക്ക് പറയണമെന്നുണ്ട്. മോളും പെങ്ങളുടെ മകളും ഒച്ചവെച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നു.
ഏഴു വയസ്സുകാരൻ മകൻ അടുത്തുവന്ന് അന്തംവിട്ടു നിൽക്കുകയാണ്. എന്നും എന്നെ കെട്ടിപ്പിടിച്ചു കിടന്നാലേ അവനുറങ്ങൂ എന്നത് വലിയൊരു നുണയാണ്. അവനെ കെട്ടിപ്പിടിച്ചു കിടന്നാലേ എനിക്കുറങ്ങാനാവൂ എന്നതാണ് സത്യം.
‘എല്ലാം അവസാനിക്കുകയാണ്. അബി പോവുകയാണെടാ... ’ അവനോട് അത്രയെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ശബ്ദം പുറത്തേക്ക് വരുന്നില്ല. ചുണ്ടുകൾ വിറയ്ക്കുന്നു. കണ്ണുകൾ തുറന്നു പിടിക്കാൻ കഴിയാത്തവണ്ണം പിന്നിലേക്ക് മറിയുന്നു. ശ്വാസം കിട്ടാതെ പിടയുന്നപോലെ. അവനു നേരേ ഞാൻ കൈ നീട്ടി. അതങ്ങനെ നീട്ടിപ്പിടിക്കാൻ പോലും കഴിയാത്തവണ്ണം ദുർബലമായിരുന്നു അപ്പോൾ.
കുറച്ചുനേരത്തേക്ക് എന്തുസംഭവിച്ചുവെന്നറിയില്ല. വീണ്ടും വൈഫിന്റെ ശബ്ദം. അവൾ നെഞ്ചിൽ ഇടിക്കുന്നുണ്ട്. ചെകിട്ടത്ത് തട്ടുന്നുണ്ട്... ‘പോകല്ലേ... പോകല്ലേ...’ എന്നവൾ നിലവിളിക്കുന്നു...
ഇരുട്ടുമാത്രം നിറഞ്ഞ ഒരു ആഴക്കിണറ്റിലേക്ക് ആണ്ടുപോകുന്നതുപോലെ.
പെട്ടെന്ന്, വളരെ പെട്ടെന്ന് എന്തിലോ പിടുത്തം കിട്ടി. ഒന്നു ദീർഘനിശ്വാസം വിടാനായി. ഉള്ളിലേക്ക് ഒരു കാറ്റ് കയറിവരുന്ന പോലെ. ആഞ്ഞൊരു ശ്വാസമെടുക്കൽ. ശരിക്കും അതായിരുന്നു ജീവശ്വാസം. നെഞ്ച് അപ്പോഴും വേദനിച്ച് കടയുന്നു.
ഒന്ന്... രണ്ട്.. മൂന്ന്... ചെറുതെങ്കിലും പെട്ടെന്ന് ഏതാനും ശ്വാസം ഉള്ളിലേക്കെടുക്കാനായി. ഒന്നു രണ്ട് കവിൽ ചൂടുവെള്ളവും കുടിച്ചു. നെഞ്ചിനുള്ളിൽ ഇത്തിരി സ്ഥലം കിട്ടിയപോലെ. അകമ്പടിയായി ഏതാനും ചുമ.
മോൾ വീണ്ടും പൾസ് ഓക്സി മീറ്റർ എടുത്തുവിരലിൽ ഘടിപ്പിച്ചു.. 82.... 84... 87... ശ്വാസഗതി മെച്ചപ്പെടുന്നു. 90 ഉം കടന്ന് മുകളിലേക്ക് ഉയരുന്നു. നെഞ്ചിടിപ്പു മാത്രം ഉച്ചത്തിൽ തന്നെ തുടരുന്നു.
അതിനിടയിൽ അവൾ മാമയുടെ മോനെ വിളിച്ചുവരുത്തിയിരുന്നു. പുറത്തു കിടക്കുന്ന കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് അവർ പറയുന്നു. വീട്ടിനുള്ളിലേക്ക് അവൻ കയറരുതെന്ന് ആവുന്നത്ര ശബ്ദമെടുത്ത് ഞാൻ പറയുന്നുണ്ടായിരുന്നു.
ശ്വാസംമുട്ടലുണ്ടായാൽ ഉപയോഗിക്കാനായി സുഹൃത്തായ ഡോക്ടർ നിർദേശിച്ച ഇൻഹേലറിന്റെ പ്രിസ്ക്രിപ്ഷൻ വൈഫ് അവന്റെ വാട്ട്സാപ്പിലേക്ക് അയച്ചുകൊടുത്തു. പെട്ടെന്നുതന്നെ അവൻ അതുമായി എത്തി. രണ്ടുമൂന്ന് ഇൻഹേൽ ചെയ്തപ്പോൾ നേരിയ ആശ്വാസമായി.
എങ്ങനെയും ആശുപത്രിയിലേക്ക് പോകാമെന്ന് തീരുമാനിച്ചപ്പോഴേക്കും ഞാനൊരു മയക്കത്തിലായി കഴിഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞ് ഉണരുമ്പോഴും ചുമയുണ്ടായിരുന്നുവെങ്കിലും തിരികെ ജീവിതത്തിലേക്ക് കയറിയെന്നു മനസ്സിലായി. ചാരിയിരിക്കാവുന്ന നിലയിലായി.
ശരിക്കും, ഞാൻ കടന്നുപോവുകയാണെന്നും എന്റെ അവസാന നിമിഷങ്ങളും ഒടുവിലത്തെ കാഴ്ചകളുമാണ് അതെന്നും ഞാൻ ഉറപ്പിച്ചിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. മരണത്തിനും ജീവിതത്തിനുമിടിയിൽ പിടിവിട്ടുപോകാവുന്ന ആ നിമിഷം മുന്നിൽ കണ്ടു.
ദൈവം തീരുമാനിച്ച ആ സമയം എത്തിയിട്ടില്ലായിരിക്കണം..!
സുഹൃത്തുക്കളേ,
കോവിഡ് അത്ര നിസ്സാരക്കാരനല്ല... പ്രത്യേകിച്ച് ശ്വാസംമുട്ടലിന്റെ പ്രശ്നമുള്ളവർക്ക്.
പലർക്കും നേരിയ ലക്ഷണങ്ങളോടെ കടന്നുപോയേക്കാം. എന്നുവെച്ച് എല്ലാവരിലും അങ്ങനെയാകണമെന്നില്ല.
കോവിഡ് കാരണം നാട്ടുകാരൊക്കെ വൈദ്യന്മാരായിട്ടുണ്ട്. അത് കലക്കി കുടിക്കൂ, ആവി പിടിക്കൂ, ഇഞ്ചി, കുരുമുളക്, മഞ്ഞൾ, വെളുത്തുള്ളി, കരിഞ്ചീരകം ഇതൊക്കെ തിളപ്പിച്ചു കുടിക്കൂ എന്നൊക്കെ ആരു വിളിച്ചാലും ഉപദേശിക്കാറുണ്ട്. അവർ അത് ചെയ്തു നോക്കിയിട്ടാണോ ഉപദേശിക്കുന്നത് എന്നൊന്നും അറിയില്ല. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗമാണ്. അതുകൊണ്ട് ആരു പറയുന്നതും മരുന്നാകാം. കുഴപ്പമില്ലാത്ത ഏർപ്പാടായതിനാൽ അതൊക്കെ ചെയ്യാവുന്നതാണ്.
എന്റെ അനുഭവത്തിൽ നിന്ന് പറയാനുള്ള ഒരുകാര്യമുണ്ട്. ശ്വാസതടസ്സമോ, ആസ്ത്മയോ ഉള്ളവർക്കാണ് കോവിഡ് ബാധിക്കുന്നതെങ്കിൽ ഏറ്റവും ശ്രദ്ധിക്കണം. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുന്നതിനെക്കാൾ അത്തരമാളുകൾ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻറിലോ ആശുപത്രിയിലോ ചികിത്സ തേടുന്നതാണ് നല്ലത്.
പതിവായി ഇൻഹേലർ ഉപയോഗിക്കുന്നവർ കോവിഡ് സ്ഥിരീകരിച്ചാൽ അതിൽ പുതിയ ഒരെണ്ണം വാങ്ങി കരുതേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ തന്നെ കഴിയുന്നവർ പൾസ് ഓക്സി മീറ്റർ വാങ്ങി ചെക് ചെയ്യണം. ആവി പിടിക്കുന്നത് നല്ലതാണെന്ന് പൊതുവേ എല്ലാവരും പറയുന്നുണ്ട്. എന്റെ കാര്യത്തിൽ അത് വിപരീത ഫലമാണുണ്ടാക്കിയത്. ആവി പിടിച്ചപ്പോഴൊക്കെ ചുമ ശക്തമായി.
എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. എപ്പോഴും വിളിപ്പുറത്ത് ഒരു ഡോക്ടർ ഉണ്ടാവുന്നത് നല്ലതാണ്. ആ നാളുകളിൽ പലരും വിളിച്ചപ്പോൾ ഫോൺ എടുക്കാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല. പ്രാർത്ഥനയിൽ കൂടെ കരുതിയ, വിവരങ്ങൾ സദാ അന്വേഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും നന്ദിയുണ്ട്.
എല്ലാറ്റിനെക്കാളും കടപ്പാട് VP Rajeena നിങ്ങളോടാണ്. നീയില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ അവസാനത്തെ ആ പോക്കങ്ങ് പോയേനേ...
വിനോദ് ശങ്കരൻ
12 Nov 2020, 06:06 PM
ഞാനും സമാനനുഭവസ്ഥൻ , കുത്തിക്കുത്തിയുള്ള ചുമ ,പിടിവിട്ടു പോകുമെന്നു തീർച്ചപ്പെടുത്തിയ ചില മണിക്കൂറുകൾ ,എന്നിട്ടും എങ്ങനയോ എങ്ങനയോ ഏതോ വിരൽ തുമ്പുകളിലൂടെ .... താങ്കൾ നന്നായ് പറഞ്ഞു ഈ തലക്കെട്ടൊരു താക്കീതാണ് . നന്ദി
Think
Mar 22, 2023
4 Minutes Read
ഡോ. പി. എം. മധു
Feb 25, 2023
9 Minutes Read
ലീനാ തോമസ് കാപ്പന്‍
Feb 16, 2023
8 minutes read
ഡോ. ജയകൃഷ്ണന്‍ ടി.
Feb 05, 2023
8 minutes read
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
Manikantan karyavattom
15 Nov 2020, 01:55 PM
സ്വന്തം അനുഭവം പോലെയാണ് അനുഭവപ്പെട്ടത്. കണ്ണുകൾ നിറഞ്ഞു. ഇത്രയും തീവ്രത. 5 മിനിറ്റ് വായിച്ചപ്പോള് ഇങ്ങനെ. അപ്പോൾ അനുഭവിച്ചവരുടെ കാര്യമോ . അതോർക്കുമ്പോൾ. ആലോചിക്കാൻ വയ്യ തന്നെ,