ആംബുലൻസ് കാത്തിരുന്നു മരിക്കുന്ന ഗൾഫിലെ പ്രവാസികൾ

ന്ത്യയുടെ കോവിഡുകാലം, നിശ്ചലമായ രാജ്യപാതകൾക്കു സമാന്തരമായി കുടിയേറ്റ തൊഴിലാളികൾ നടന്നു തീർത്ത നൂറുകണക്കിനോ ആയിരക്കണക്കിനോ കിലോമീറ്റർ ദൂരങ്ങളുടെ ദുരിത കാലം കൂടിയാണ്. ഇന്ത്യയിൽ ഇതുവരെയുണ്ടായ വികസനത്തിന്റെ പാരാമീറ്റർ കുടിയേറ്റത്തൊഴിലാളികൾ ഈ കാലത്തു തിരിച്ചുപിടിച്ച് കാണിച്ചുതന്നത് ഈ ബഹുദൂര പാതകളെ അളന്ന് അപ്രസക്തമാക്കുന്ന അനുഭവങ്ങൾ കൊണ്ടാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കുടിയേറ്റ ജീവിതത്തിന്റെ നേർചിത്രമാണെങ്കിൽ രാജ്യാതിർത്തികടന്നുള്ള കുടിയേറ്റ ജീവിതത്തിന്റെ കോവിഡ് കാല അവസ്ഥാന്തരങ്ങൾ ഇനിയും വേണ്ടത്ര കണ്ടെടുക്കപ്പെട്ടിട്ടില്ല. ഔദ്യോഗിക ഡാറ്റയെ ആശ്രയിച്ചുള്ള വാർത്താ റിപ്പോർട്ടിങ്ങിനപ്പുറം യാഥാർത്ഥ്യം പല നാടുകളിൽ നിന്നും പുറത്തുവരുന്നില്ല. ഇന്ത്യയിൽ നിന്ന് (പ്രത്യേകിച്ചു കേരളത്തിൽ നിന്ന്) വലിയതോതിൽ തൊഴിലാളികൾ കുടിയേറിയ ഗൾഫ് നാടുകളിലെ പ്രവാസി ജീവിതത്തിന്റെ നേരവസ്ഥകൾ അതേപടി രേഖപ്പെടുത്തുക എന്നത് പ്രയാസകരമാണ്. ഭരണകൂടത്തിന്റെ അസന്തുഷ്ടി വിളിച്ചു വരുത്തുമോ എന്ന ഭയത്താൽ സ്വയം തന്നെ സെൻസറിങ്ങിന് ഓരോ വാർത്തയും വർത്തമാനവും വിധേയപ്പെടുന്നു. ലോകത്തെങ്ങും കൊറോണ കാലം അതിന്റെ നരേഷനുകളിൽ വിവിധങ്ങളായ (സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, വർഗ്ഗപരം, വംശീയം, സാങ്കേതികം തുടങ്ങിയ) യാഥാർഥ്യങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത് ഓരോ കാലവും അതിന്റെ സവിശേഷമായ രേഖപ്പെടുത്തലുകൾ നടത്തുന്ന ചരിത്ര പ്രക്രിയയുടെ ഭാഗമാണ്. ആ നിലയിൽ ഇത് ഈ കൊറോണാ കാലത്തിന്റെ സ്വയം രേഖപ്പടുത്തലാണ്. ഓരോ സമൂഹവും അതാതിന്റെ പ്രതിനിധാനങ്ങളിൽ നിന്നുകൊണ്ട് ഈ കാലവുമായി ബന്ധപ്പെട്ട അനുഭവങ്ങളെ രേഖപ്പെടുത്തി വയ്ക്കുകയാണ്. ഇത് ഓരോ നാടുകളിലും ഭരണകൂട വ്യവസ്ഥ വരച്ചുവച്ചിട്ടുള്ള ആവിഷ്കാരത്തിന്റെ ഗ്രിഡിനുള്ളിൽ നിന്നുകൊണ്ടുള്ള ആഖ്യാനം മാത്രമായി ഒതുങ്ങാൻ പാടില്ല. അതിനപ്പുറവും പ്രദേശത്തിന്റെയോ സമൂഹത്തിന്റെയോ സവിശേഷാവസ്ഥകളിൽ നിന്ന് ജീവിതത്തിന്റെ രേഖപ്പെടുത്തലുകൾ ഉണ്ടാകേണ്ടതുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം വിദേശ രാജ്യങ്ങളിൽ ഇതിനോടകം നൂറിലേറെ മലയാളികൾ കോവിഡ് കാരണം മരിച്ചു കഴിഞ്ഞു. ഇതിൽ അറുപത് ശതമാനത്തിലധികം ഗൾഫ് നാടുകളിലാണ്. ആനുപാതികമായി നോക്കുമ്പോൾ അതിൽ അതിശയോക്തിക്ക് ഇടയില്ല. ഗൾഫ് നാടുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 80-90 ശതമാനം വിദേശികളാണ്. സ്വദേശികൾ തുലോം കുറവ്. മരണപ്പെടുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം കുറവല്ല എന്നത് മതിയായ ചികിത്സ കിട്ടാത്തതിന്റെയോ ചികിത്സ വൈകിമാത്രം കിട്ടുന്നതിന്റെയോ സൂചനയായി മനസ്സിലാക്കാവുന്നതാണ്. ഇത് ഗൾഫിൽ കോവിഡ് മരണങ്ങൾ തുടങ്ങുന്ന ഘട്ടം മുതലേയുള്ള സൂചനയാണ്. രോഗവ്യാപനം കൂടിയതോടെ സംഭവിച്ച ചികിത്സാ ലഭ്യതയുടെ അപര്യാപ്തതയായിരിക്കില്ല തുടക്കം മുതലേയുള്ള ഈ ചെറുപ്പക്കാരുടെ മരണങ്ങൾക്കു കാരണം എന്ന് വ്യക്തമാണ്! ഒന്നുകിൽ വിദേശികൾ ചികിത്സ തേടുന്നതിൽ താമസം വരുന്നു. അതല്ലെങ്കിൽ അവർക്ക് മതിയായ ചികിത്സ കിട്ടുന്നില്ല. ഇതിൽ ഏതാവും ശരിയായ കാരണം?

രാജകല്പനകൾ സ്വദേശി-വിദേശി വ്യത്യാസം കൂടാതെ തന്നെ സൗജന്യമായി ചികിത്സ നൽകും എന്ന് ആദ്യം മുതലേ വന്നിരുന്നു. അതിൽത്തന്നെ സൗദിയിലാണെങ്കിൽ താമസ രേഖകൾ (റെസിഡൻസ് ഐഡി) ഇല്ലാത്ത "അനധികൃത താമസക്കാരെ' വരെ മാറ്റി നിർത്തില്ല എന്നും പ്രത്യേകം പറഞ്ഞിരുന്നു. അത്തരം ഭയപ്പാടുകൾ കൂടാതെ രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്ന നിർദ്ദേശം അധികൃതർ നൽകിയിരുന്നു. പ്രഖ്യാപനങ്ങൾക്കും പരസ്യവാക്യങ്ങൾക്കുമപ്പുറം ഇതൊക്കെ എത്രത്തോളം നടപ്പിലാക്കപ്പെടുന്നു എന്നത് അഥവാ ഇനി ബോധപൂർവ്വമല്ലെങ്കിൽപ്പോലും വിദേശികൾ എത്രത്തോളം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് അധികാര മേൽത്തട്ടിനെ സംബന്ധിച്ചിടത്തോളം വേണ്ടത്ര ഗൗനിക്കാത്തതും താഴേത്തട്ടിലെ പ്രവാസികളെ സംബന്ധിച്ചാണെങ്കിൽ ആത്മഗതങ്ങൾക്കപ്പുറം പബ്ലിക് ഡൊമൈനിൽ ആവിഷ്കരിക്കാനാവാത്തതുമായ നിശ്ശബ്ദമായ അവസ്ഥകളാണ്. ഇത് കോവിഡ് കാലത്തിന്റെ മാത്രം പ്രത്യേകതയല്ല, സദാ നിലനിൽക്കുന്നതും ഈ സമയത്ത് രൂക്ഷമായതുമായ അവസ്ഥയാണ്. ഏതൊരു രാജ്യത്തെയും അവഗണിക്കപ്പെടുന്ന സമൂഹങ്ങളുടെ ഗതി ഇതായിരിക്കും. ഇന്ത്യയിൽ ദളിതരും അമേരിക്കയിൽ നീഗ്രോകളും എന്നതുപോലെ ഗൾഫ് നാടുകളിൽ അത് മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ആയിരിക്കും. ഓരോ നാടിന്റെയും അനുഭവങ്ങളിൽ വ്യത്യാസമുണ്ടാവുമെങ്കിലും സാമൂഹ്യ നിലയിലെ ഈ രണ്ടാം തരവും അവഗണനയും നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്.

മരണപ്പെടുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം കുറവല്ല എന്നത് മതിയായ ചികിത്സ കിട്ടാത്തതിന്റെയോ ചികിത്സ വൈകിമാത്രം കിട്ടുന്നതിന്റെയോ സൂചനയായി മനസ്സിലാക്കാവുന്നതാണ്. ഇത് ഗൾഫിൽ കോവിഡ് മരണങ്ങൾ തുടങ്ങുന്ന ഘട്ടം മുതലേയുള്ള സൂചനയാണ്.

കോവിഡ് കോൾ സെന്ററിലേക്ക് വിളിച്ചാൽ കൃത്യമായി ഫോണെടുക്കാറില്ല, എടുത്താലും കഴിയുന്നത്ര വീട്ടിൽത്തന്നെ തുടരാനുള്ള നിർദ്ദേശം, ആംബുലൻസിന് കാത്തിരുന്നിട്ടും എത്താത്ത സാഹചര്യം ഇതൊക്കെ ഇവിടെ നിലനിൽക്കുന്നുണ്ട്. പൊതുവേ ഇന്ത്യക്കാരായ പ്രവാസികൾ ഇത്തരം കോൾ സെന്ററിലേക്ക് വിളിക്കാൻ തന്നെ വിമുഖരാണ്‌ എന്നൊരു പ്രശ്നവുമുണ്ട്. ഭാഷാപരമായ പ്രശ്നമായിരിക്കാം കാരണം. അത് പരിഹരിക്കാനുള്ള ഒരിടപെടലും അധികൃതർ നടത്തിയതിന്റെ ലക്ഷണം കണ്ടിട്ടില്ല. ഇത്രയധികം രാജ്യക്കാരും വിവിധ ഭാഷകളിലുള്ളവരും ജീവിക്കുന്ന നാട്ടിൽ ഇതുപോലൊരു മഹാമാരി വരുമ്പോൾ അതിൽ ദുരിതത്തിന്റെ അളവ് കുറയ്‌ക്കാനായി മുൻകരുതൽ എന്ന നിലയിൽ വ്യത്യസ്ത ഭാഷകൾ കൈകാര്യം ചെയ്യുന്ന മൾട്ടി ലിങ്ഗ്വൽ കോൾസെന്റർ, വിവിധ ഭാഷകളിലുള്ള കമ്യൂണിക്കേഷൻ മെറ്റീരിയലുകൾ, വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന സന്നദ്ധ-സഹായ സംഘങ്ങൾ, ഇവയൊക്കെ അത്യാവശ്യമാണ്. എന്നാൽ തുടക്കത്തിൽ പ്രാദേശിക ഭാഷകളിലുള്ള ചില SMS സന്ദേശങ്ങളും ചുരുക്കം ചില പ്രാദേശിക ഭാഷകളിൽ സോഷ്യൽ മീഡിയാ പോസ്റ്റുകളും നടന്നതൊഴിച്ചാൽ അതിൽ തുടർച്ചയോ പുരോഗതിയോ ഉണ്ടായിട്ടില്ല.
സൗദിയിൽ "കുൽനാ മസ്ഊൽ" (We are all responsible), "ഇഷ് ബിസിഹ്ഹ" (Live well) എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടു ക്യാമ്പയിനുകൾ കോവിഡുമായി ബന്ധപ്പെട്ട് ഗവണ്മെന്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. തുടക്കത്തിൽ ഇവയിലൂടെ പല ഭാഷകളിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അതൊക്കെ എന്താണ് ഈ മഹാമാരി എന്നും എങ്ങനെ ഇതിനെ ചെറുക്കാം എന്നതു സംബന്ധിച്ചുമുള്ള പ്രാഥമിക വിവരങ്ങളടങ്ങിയ ശുചിത്വം, അകലം, കോൾസെന്റർ നമ്പർ എന്നിവ ഉള്ളടക്കം ചെയ്ത ഗൈഡ് ലൈനുകൾ മാത്രമായിരുന്നു. അതിനപ്പുറം അതുവഴി യാതൊന്നും വിദേശികൾക്കുവേണ്ടി കമ്യൂണിക്കേറ്റ് ചെയ്യുന്ന തരത്തിൽ സൃഷ്ടിക്കപ്പെട്ടില്ല. ഈ ക്യാമ്പയിനുകൾ ആകട്ടെ അറബികളല്ലാത്ത വിദേശികൾക്കിടയിൽ തീരെയെത്തിയതുമില്ല. പൊതുവേ ഇവിടെ ഇത്തരം ക്യാമ്പയിനുകൾ സ്വദേശികളെ ടാർഗറ്റ് ഓഡിയൻസായി മുന്നിൽക്കണ്ട് നിർമ്മിക്കപ്പെടുന്നവയാണ്. കൂട്ടത്തിൽ മറ്റ് അറബ് നാടുകളിൽ നിന്ന് കുടിയേറിയ അറബ് കമ്യൂണിറ്റിയും ഉൾപ്പെട്ടു എന്നുവരാം. ഈയൊരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ബഹുഭൂരിഭാഗം പ്രവാസികളെയും സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതിൽ എന്നും തടസ്സമായി നിൽക്കുന്നു.
നീണ്ട പതിറ്റാണ്ടുകളുടെ തൊഴിൽ കുടിയേറ്റ ചരിത്രമുള്ള ഗൾഫ് രാജ്യങ്ങൾ നാളിതുവരെ ഏതെങ്കിലും ഒരു ക്ഷേമ പദ്ധതി വിദേശികൾക്കായി ആവിഷ്കരിച്ചിട്ടുണ്ടോ എന്നുചോദിച്ചാൽ ഇല്ല എന്നുമാത്രമാണ് ഉത്തരം. ആകെയുള്ളത് ഏതാനും വർഷങ്ങൾക്കു മുൻപ് നിർബ്ബന്ധമാക്കിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയാണ്. അതാകട്ടെ റെസിഡൻസ് ഐഡി ഇഷ്യൂ ചെയ്യണമെങ്കിലോ പുതുക്കണമെങ്കിലോ ഇതു നിർബ്ബന്ധമാണ് എന്ന വ്യവസ്ഥയിൽ തൊഴിലുടമയുടെ ബാദ്ധ്യതയായി ഏർപ്പെടുത്തിയതാണ്. ഇത് പലപ്പോഴും ഫ്രീ വിസകളിൽ വന്നു തൊഴിൽ തേടുന്ന അടിസ്ഥാന തൊഴിൽ സമൂഹത്തെ സംബന്ധിച്ച് അവരുടെ തന്നെ ബാദ്ധ്യതയായിട്ടാണ് ഫലത്തിൽ വരുന്നത്. അതുകൊണ്ട് ഇക്കാമ ഇഷ്യൂ ചെയ്യൽ/പുതുക്കൽ നടത്തുന്നതിനു വേണ്ടി തൽക്കാലത്തേക്ക് തട്ടിക്കൂട്ടിയ ഇൻഷുറൻസ് പ്രീമിയം ഓരോ വർഷവും ചടങ്ങുപോലെ എടുക്കുകയാണ് പലരും ചെയ്യുക. അത്തരം കാർഡുകൾ വഴി ചികിത്സയോ മരുന്നോ കാര്യമായി ലഭിക്കില്ല. ചുരുക്കത്തിൽ ഈ നാടുകളുടെ നിർമ്മാണപ്രക്രിയയിൽ അദ്ധ്വാനവും ആയുസ്സും ചിലവഴിക്കുന്ന മൂന്നാം ലോകരാജ്യങ്ങളിൽ നിന്നു കുടിയേറിയ വിദേശികൾക്കുവേണ്ടി ഇവിടത്തെ ഗവൺമെന്റുകൾ ഇതുവരെ അവരെ "മര്യാദ പഠിപ്പിക്കുന്ന' ഏതാനും നിയമ പരിഷ്കാരങ്ങളല്ലാതെ യാതൊരു ക്ഷേമ പദ്ധതിയിലും അവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് എന്തുകൊണ്ടായിരിക്കും ഇതുവരെ എവിടെയും ചർച്ചയാകാതെ നിശ്ശബ്ദമായിക്കിടക്കുന്നത്?!.

കാൾ സെന്ററിലേക്കു വിളിച്ചാൽ കിട്ടാതാവുകയോ ആംബുലൻസിനു കാത്തിരുന്നു വരാതാവുകയോ ആശുപത്രിയിൽ എത്താൻ വഴിയില്ലാതാവുകയോ ഒക്കെയായി വലഞ്ഞുപോകുന്ന മനുഷ്യർ മാനസികവും ശാരീരികവുമായ വ്യഥയിലും ഗതികേടിലും ഇങ്ങനെ മരിച്ചുപോവുകയാണ്.

വീട്ടുജോലിക്കാർ ഒഴികെ, സർക്കാരിൻ പൊതുജനാരോഗ്യ പദ്ധതിയുടെ ഭാഗമായ സൗജന്യ ചികിത്സയിൽ വിദേശികൾ പെടുന്നില്ല. അതുകൊണ്ടുതന്നെ ഗവൺമന്റ് ആശുപത്രികൾ പൊതുവേ വിദേശികൾ കയറുന്ന ഇടമല്ല. എമർജൻസി സേവനം വിദേശികൾക്കും ലഭ്യമാണ് എങ്കിലും അതിന്റെയും ബുദ്ധിമുട്ടു കണക്കിലെടുത്ത് കഴിയുന്നതും ആളുകൾ അതൊഴിവാക്കി മറ്റു വഴികൾ തേടുകയാണ് പതിവ്. എപ്പോഴെങ്കിലും എമർജൻസിക്ക്‌ നിങ്ങൾ ഒരു സർക്കാർ ആശുപത്രിയെ സമീപിക്കേണ്ടി വരുകയാണെങ്കിൽ നിങ്ങൾ കൂടുതൽ അഭിനയിച്ചു കാണിക്കണം. എന്നാലേ എൻട്രി കിട്ടൂ എന്നത് ഇവിടെ സ്വദേശികൾ പോലും വിദേശികളെ ഉപദേശിക്കാറുള്ള കാര്യമാണ്. ഇവിടത്തെ മലയാളി സാമൂഹിക സംഘടനകളുടെ പ്രവർത്തകർക്കൊക്കെ ഇക്കാര്യം അറിവുള്ളതുമാണ്.
മരണം:

റിയാദിലെ സെക്കന്റ് ഇൻഡസ്‌ട്രിയൽ സിറ്റിയിൽ രണ്ടു ദിവസം മുൻപുണ്ടായ ഒരനുഭവം അതിൽ ബന്ധപ്പെട്ട സുഹൃത്ത് വിവരിക്കുന്നത് ഇങ്ങനെ: താനടങ്ങുന്ന മലയാളികൾക്കിടയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിലെ ഒരംഗം സുഹൃത്തായ ഇദ്ദേഹത്തെ വിളിച്ച് രോഗിയായ ഒരാൾക്കു സഹായം നല്കുന്നതിനുവേണ്ട വഴിയന്വേഷിക്കുന്നു. സുഹൃത്ത് രോഗിയുടെ നമ്പർ വാങ്ങി അയാളെ വിളിക്കുന്നു. വിവരങ്ങളന്വേഷിച്ചപ്പോൾ അതൊരു പ്ലാസ്റ്റിക് കമ്പനിയുടെ ലേബർ ക്യാമ്പാണെന്നും അവിടെ രണ്ടു ബംഗ്ലാദേശികൾ മുന്നേ കോവിഡ് ബാധിച്ച് മരിക്കുകയും ഇയാളും മുൻപ് ചികിത്സ തേടിയിരുന്ന ആളാണെന്നും അറിയുന്നു. നിലവിൽ അയാൾ ആരോഗ്യപരമായി മോശം അവസ്ഥയിലാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. മാനസികമായി തകർന്ന രോഗിയായ ഈ ആൾക്ക് കൂടുതൽ സംസാരിക്കാനോ കാര്യങ്ങൾ വിശദീകരിക്കാനോ ബുദ്ധിമുട്ടുള്ളതിനാൽ നാട്ടിലെ തന്റെ അനുജന്റെ നമ്പർ നൽകി, അതിൽ വിളിക്കാമോ എന്നു ചോദിക്കുകയും ചെയ്തു. അങ്ങനെ വിളിച്ചാണ് വിശദ വിവരങ്ങളറിയാൻ സുഹൃത്തിനു കഴിഞ്ഞത്. രോഗിയുടെ കൂടെയുള്ളത് രണ്ടു ബംഗ്ലാദേശികളാണ്. അവർ വഴി ക്യാമ്പിലെ മറ്റൊരു മലയാളിയെ ബന്ധപ്പെട്ടുവെങ്കിലും ഒഴികഴിവുകൾ പറഞ്ഞ് അയാൾ പോയി. കർഫ്യൂ ടൈം ആയതിനാൽ ആ സമയത്ത് വണ്ടിയോടിച്ചു ചെല്ലാൻ ബുദ്ധിമുട്ടുള്ളതിനാൽ താൻ നാളെ വരാമെന്നും അതിനിടയിൽ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്നും വിഷമിക്കരുതെന്നും സുഹൃത്ത് രോഗിയായ ആൾക്ക് ഉറപ്പു കൊടുക്കുന്നു. പിറ്റേന്നു രാവിലെ നാട്ടിൽ നിന്നും രോഗിയുടെ അനുജന്റെ കോൾ, അയാൾ മരിച്ചുപോയി എന്നറിയിച്ചുകൊണ്ട്. കൂടെയുള്ള ബംഗ്ലാദേശികളെ വിളിച്ചു വിവരം അന്വേഷിച്ചപ്പോൾ അയാൾ തലേന്നു രാത്രിയിൽ കസേരയിൽ ഇരുന്ന ഇരുപ്പിൽത്തന്നെ മരിച്ച് ഇരിക്കുന്നതാണ് രാവിലെ കണ്ടതെന്നു പറഞ്ഞു.

കാൾ സെന്ററിലേക്കു വിളിച്ചാൽ കിട്ടാതാവുകയോ ആംബുലൻസിനു കാത്തിരുന്നു വരാതാവുകയോ ആശുപത്രിയിൽ എത്താൻ വഴിയില്ലാതാവുകയോ ഒക്കെയായി വലഞ്ഞുപോകുന്ന മനുഷ്യർ മാനസികവും ശാരീരികവുമായ വ്യഥയിലും ഗതികേടിലും ഇങ്ങനെ മരിച്ചുപോവുകയാണ്. പിറ്റേന്നത്തെ കോവിഡ് മരണങ്ങളുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. മരണ കാരണം ഹാർട്ട് അറ്റാക്ക് എന്നു രേഖപ്പെടുത്തി. അതിന്റെ തലേദിവസമാണ് റിയാദിൽ ഒരു മലയാളി നഴ്‌സും മരണപ്പെട്ടത്. മൂന്നു ദിവസം ആംബുലൻസിനു കാത്തിരുന്നാണ് അവർ മരിച്ചുപോയത് എന്നറിയുന്നു. ജിദ്ദയിൽ ഒരു മലയാളി ഡോക്ടർ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചതും അന്നാണ്. അന്നോ അതിന്റെ തലേന്നോ അബുദാബിയിൽ ഒരു മലയാളി നഴ്‌സും മരണപ്പെട്ടു.
കോവിഡ് ബാധിച്ചു മരിക്കുന്നത് മാത്രമേ കോവിഡിന്റെ പേരിൽ എണ്ണപ്പെടുന്നുള്ളൂ. അനുബന്ധ മരണങ്ങൾ കോവിഡിന് വെളിയിലാണ്. പട്ടികയ്‌ക്കു പുറത്താവുകയാണ് ആ മരണങ്ങൾ. അങ്ങനെ ധാരാളം മരണങ്ങൾ ഇക്കഴിഞ്ഞ മാസങ്ങളിൽ ഗൾഫ് പ്രവാസലോകം കണ്ടു കഴിഞ്ഞു. കൂട്ടമായി അടച്ചിരിക്കുന്നതിന്റെ മാനസികാവസ്ഥയിൽ ക്ഷമ നശിച്ച ആളുകളിൽ പരസ്പരം വഴക്കിടുന്നതിന്റെയും സൗഹൃദത്തിന്റെ താളം തെറ്റുന്നതിന്റെയും അനുഭവം കുവൈറ്റിൽ സഹതൊഴിലാളികൾക്കൊപ്പം മുറി പങ്കിടുന്ന ഒരു ബന്ധു വിഷമത്തോടെ കഴിഞ്ഞ ദിവസം പറഞ്ഞു. കുടുംബങ്ങളിൽ നിന്ന് അകന്നും ഒറ്റപ്പെട്ടും അടച്ചിരുന്നും മനസ്സിന്റെ താളം തെറ്റിയ മനുഷ്യർ, ജീവിതശൈലീ രോഗങ്ങളുള്ളവർ, മുൻപ് നടക്കാൻ പോയിരുന്നവർ പുറത്തിറങ്ങാൻ പറ്റാതായ സാഹചര്യത്തിൽ രോഗം മൂർച്ഛിക്കുന്നവർ, ആശുപത്രികളിൽ പോകാൻ ഭയന്ന് ഇൻഷുറൻസ് കാർഡ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തുടർ മരുന്നുകൾ വാങ്ങാനാവാതെ രോഗങ്ങൾ മൂർച്ഛിക്കുന്ന ഷുഗർ രോഗികളും തൈ‌റോയിഡ്‌ രോഗികളും ഹൃദ്രോഗികളും ഒക്കെ, ഇങ്ങനെ ശാരീരികവും മാനസികവുമായ രോഗാവസ്ഥകളിൽപ്പെട്ട് ഹൃദയാഘാതമോ മറ്റസുഖങ്ങളാലോ പെട്ടെന്ന് മരിച്ചുപോകുന്നവർ, ഇതൊക്കെ നിത്യ സംഭവങ്ങളായിരിക്കുകയാണ്.
സാന്ത്വനം:
സാന്ത്വനത്തിന്റെ വഴികളൊന്നും തുറക്കാതെ അകപ്പെട്ടുപോയ മനുഷ്യർ പലതരം അവസ്ഥകളിലൂടെ മരണത്തിന്റെ പടികടന്നുപോവുകയാണ്. ജീവനോപാധികൾ നിലച്ച് മാനസിക നില തെറ്റി വഴിയാധാരമായവരും ഉണ്ട്. മുൻപ് മെച്ചപ്പെട്ട തൊഴിൽ ചെയ്തിരുന്ന ഒരു UPക്കാരൻ അയൽവാസിയെക്കുറിച്ച് റിയാദിലെ മലസിൽ നിന്ന് ഒരു സുഹൃത്ത് അറിയിക്കുന്നു. മാനസിക നില പാടേ തകർന്ന് ഇയാൾ പള്ളി മുറ്റങ്ങളിലും വഴിയോരങ്ങളിലും അഭയം തേടുന്നു. ചിലർ കാരുണ്യത്തോടെ ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെങ്കിലും ചിലർ കൊറോണ ഭയത്താൽ ആട്ടിയോടിക്കുകയും ചെയ്യുന്നു. രക്ഷപ്പെടുത്താനായി സമീപിച്ചാലും ഇയാളിപ്പോൾ ഇങ്ങോട്ട് ആക്രമിക്കുന്ന സ്ഥിതിയാണത്രേ. ഇടയ്ക്ക് ചിലർ ഇദ്ദേഹത്തെ ആംബുലൻസിൽ കയറ്റി വിട്ടുവെങ്കിലും ഇയാൾ എങ്ങനെയോ വഴിയിൽ ഇറങ്ങി നടന്നു തിരിച്ചെത്തുകയായിരുന്നു. അത് ആംബുലൻസിലുള്ളവർ അയാളെ ഇറക്കിവിട്ടതാകാനും മതി.
റിയാദിൽ താരതമ്യേന സമ്പന്നമായ ജീവിതം നയിച്ചിരുന്ന ഒരു മലയാളി കുടുംബം കഴിഞ്ഞ ഏതാനും ദിവസം പട്ടിണിയിലായിരുന്നു എന്ന വിവരം സാമൂഹികപ്രവർത്തകർ വൈകിയാണ് അറിഞ്ഞത്. സാമാന്യം ഉയർന്ന നിലയിൽ ജീവിച്ച അവരുടെ നിലവിലെ സാമ്പത്തിക സ്ഥിതി ആരും അന്വേഷിച്ചില്ല. അവർ കഴിഞ്ഞിരുന്ന സാമ്പത്തിക നില വച്ച് അവർക്ക് ആരോടും പറയാനും കഴിഞ്ഞിട്ടുണ്ടാവില്ല.
ആശുപത്രികളിൽ എത്തിപ്പെടുന്ന രോഗികൾക്ക് നഴ്‌സുമാരും സ്റ്റാഫുകളും നൽകുന്ന ധൈര്യവും സാന്ത്വനവും മറ്റു സഹായങ്ങളും ആശ്വാസമേകുന്നുണ്ട്. ഇതിൽ മലയാളികളായ നഴ്‌സുമാരുടെ കാര്യം പ്രത്യേകം എടുത്തുപറയാവുന്നതാണ്. അവരുടെ ഭാഷയും പെരുമാറ്റവും സാമീപ്യവും ജീവിതത്തിലേക്കുള്ള വിസ പുതുക്കി നൽകുന്ന അനുഭവമാണ് പല പ്രവാസികൾക്കും. എത്രയോ മരണത്തിന്റെ പടിവാതിൽക്കലെത്തിയവരെ അവർ ഇങ്ങനെ തിരിച്ചു വിളിച്ചിരിക്കുന്നു. കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, പൊതുവെ ഏതെങ്കിലുമൊരു സർക്കാർ ആശുപത്രിയിലോ അല്ലെങ്കിൽ വലിയ പ്രൈവറ്റ് ആശുപത്രികളിലോ സാധാരണക്കാരായ പ്രവാസികൾക്ക് ആശയവിനിമയത്തിന്റെ രക്ഷയാവുന്നത് ഇങ്ങനെ ഒരു മലയാളി നഴ്‌സ് ആയിരിക്കുമെന്നുള്ളത് കോവിഡ് കാലത്തെ മാത്രമല്ല എന്നത്തേയും അനുഭവമാണ്.
റിയാദിലെ ബത്തയിൽ താമസിക്കുന്ന സുഹൃത്തിന്റെ മധ്യവയസ്സെത്തിയ സഹ താമസക്കാരൻ രോഗലക്ഷണങ്ങൾ കാണിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തപ്പോൾ സുഹൃത്ത് തന്റെ കാറിൽ കിടത്തി കുറച്ചകലെ നഗര പ്രാന്തത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നു. കോവിഡ് ടെസ്റ്റിനുള്ള സാമ്പിൾ ഒക്കെയെടുത്ത് ആളെ ICU വിൽ അഡ്മിറ്റ് ചെയ്ത് തിരികെ പോന്നു. നേരത്തേ തന്നെ ഷുഗർ പേഷ്യന്റ് ആയിരുന്ന അദ്ദേഹം അൽപം ഗുരുതരാവസ്ഥയിലാണ്. റിസൾട്ട് പോസിറ്റീവ്. മലയാളിയായ രണ്ടു നഴ്‌സുമാരുടെ സാന്നിദ്ധ്യവും പരിചരണവും അതോടൊപ്പം വാട്സാപ്പ് വഴി അവർ നൽകുന്ന വിവരങ്ങളുമാണ് ആശ്വാസം. ഓക്സിജൻ മാസ്‌ക് വെച്ചാണ് ആൾ ശ്വസിക്കുന്നത്. ഭക്ഷണം കഴിക്കാൻ കൂടി അതെടുത്താൽ സാച്ചുറേഷൻ ലെവൽ 80ൽ താഴെ പോകുന്നു. ചെസ്റ്റിൽ കഫം നിറഞ്ഞു കിടപ്പുണ്ട്, അതുകാരണം ബ്രീത്തിങ് തടസ്സപ്പെടുന്നു. ഷുഗർ ലെവൽ ഉയർന്നു നിൽക്കുന്നു. ഭക്ഷണ പ്രിയനായ ഇദ്ദേഹത്തിന് അല്പം ചോറ് കഴിച്ചാൽ കൊള്ളാമെന്ന് ആഗ്രഹം പറഞ്ഞതനുസരിച്ച് ഈ സിസ്റ്റർമാരിലൊരാൾ വീട്ടിൽ നിന്ന് ചോറുണ്ടാക്കി കൊണ്ടുവന്നു കൊടുത്തു. കഷ്ടപ്പെട്ട് ഓക്സിജൻ മാസ്ക് ഊരി കൊതിയോടെ ചോറുകഴിച്ച അദ്ദേഹത്തെ സിസ്റ്റർ സ്നേഹത്തോടെ ഉപദേശിച്ചു പറഞ്ഞു, ഷുഗർ വളരെ കൂടുതലാണ് ഇനി അടുത്തൊന്നും ചോറ് വേണമെന്നു പറയരുത്. സുഹൃത്തിനെ സിസ്റ്റർ വാട്സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചതാണ് ഇത്. ഇന്നലെ മുതൽ ഈ സുഹൃത്തും പോസിറ്റീവ് ആണെന്നു റിസൾട്ട് കിട്ടി റൂമിലിരിക്കുകയാണ്.
സമാനമായി ചില രോഗികളെ ശുശ്രൂഷിച്ചത് സംബന്ധിച്ച് ദമ്മാമിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സിന്റെ അനുഭവങ്ങൾ അവരും പറയാറുണ്ട്. അവരുടെ ശ്രമഫലമായി രണ്ടു രോഗികൾ മരണത്തിൽ നിന്ന് നീന്തി കരകയറി.

റിയാദിൽ നിന്ന് നൂറു കിലോമീറ്റർ അകലെ ദമ്മാമിലേക്കുള്ള വഴിയിൽ ഒരു ആടുവളർത്തൽ ഫാമിൽ ജോലി ചെയ്യുന്ന മദ്ധ്യവയസ്കനായ ഒരാളുടെ സന്ദേശം ദമ്മാമിലുള്ള ഒരു ഒരു പ്രാർത്ഥനാ ഗ്രൂപ്പിന്റെ വാട്ട്സാപ്പിൽ വരുന്നു. തനിക്കു ഭക്ഷണവും വെള്ളവും എത്തിച്ചു തരാനൊക്കുമോ എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സന്ദേശം. കൂടെയുള്ളത് ഒരു ബംഗാളി മാത്രമാണ്. കോവിഡ് ഭീഷണി തുടങ്ങിയതിൽപ്പിന്നെ സ്പോൺസർ അങ്ങോട്ടു ചെന്നിട്ടില്ലത്രേ. ദമ്മാമിലുള്ളവർ ഈ വിവരം അവരുമായി ബന്ധമുള്ള റിയാദിലെ പ്രാർത്ഥനാ ഗ്രൂപ്പിന് കൈമാറുകയും അവർ ഈ രണ്ടാളുകൾക്കു വേണ്ട സഹായം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
എന്നാൽ മാനസിക നില തകർന്ന മനുഷ്യരെ ആശ്വാസ വാക്കുകൾ കൊണ്ടോ മറ്റോ ജീവിതത്തിൽ പിടിച്ചു നിർത്തുന്നതിന് കൂട്ടായ പരിശ്രമം ഗവൺമെന്റൽ ആയോ എംബസ്സികളുടെ മുൻകൈയിലോ സാമൂഹിക-സാംസ്‌കാരിക സംഘടനകൾ വഴിയോ പ്രവാസികൾക്കിടയിൽ എവിടെയും നടക്കുന്നതായി ഒരറിവും ഇതുവരെയില്ല. ഒറ്റപ്പെട്ട ചില വ്യക്തികൾ അത് ചെയ്യുന്നുണ്ട് എന്നുമാത്രം.
സന്നദ്ധ പ്രവർത്തനം
മലയാളി കുടിയേറിയ ഇടത്തൊക്കെ മലയാളിയുടെ സഹായ-സഹകരണ ശീലവും സംഘാടനവും കുടിയേറിപ്പോയിട്ടുണ്ട് എന്നത് നേരത്തേ പ്രസിദ്ധമാണ്. ഈ കോവിഡ് കാലത്തും ഒരു പക്ഷേ തദ്ദേശീയരെക്കാൾ ഊർജസ്വലവും ആത്മാർത്ഥവുമായ സന്നദ്ധ സേവനം മാതൃകാ പ്രവർത്തനമെന്നനിലയിൽ നടത്തുന്നത് മലയാളികളാണ്. അതിൽത്തന്നെ എടുത്തുപറയേണ്ടത് കെഎംസിസിയുടെ പ്രവർത്തനമാണ്. ദുബായിൽ കെഎംസിസിയുടെ സേവനത്തിൽ 3000 പേരെ ക്വാറന്റൈൻ ചെയ്യാനുള്ള ക്യാമ്പ് അവർ തുടക്കം മുതലേ ഒരുക്കി. ലേബർ ക്യാമ്പുകളിൽ ഭക്ഷണം-കുടിവെള്ളം-മരുന്ന് ഇവ വിതരണം നടത്തുന്നു. ഇതൊക്കെ മലയാളികൾക്കുവേണ്ടി മാത്രമല്ല ക്യാമ്പുകളിലുള്ള മനുഷ്യരെ വിഭാഗീയമായി കാണാതെ ഏതു ദേശങ്ങളിൽ നിന്നും കുടിയേറിയ മനുഷ്യർക്കു വേണ്ടിയുള്ളതാണ്. ഇതിനു ഫണ്ട് കണ്ടെത്തുന്നതും കൂടുതലും മലയാളികളായ ചെറുകിട-ഇടത്തരം വ്യാപാരികളിൽ നിന്നൊക്കെയാണ്. ബക്കാലകളും (ഗ്രോസറി ഷോപ്പ്), ബൂഫിയകളും (ചായക്കടകൾ), റെസ്‌റ്റോറന്റുകളും നടത്തുന്ന മലയാളികൾ തങ്ങൾക്കു കിട്ടുന്നതിൽ നിന്ന് കൈയയച്ച് ഇവരെ സഹായിക്കുന്നു. സർക്കാർ/സ്വദേശി വോളന്റീർസിനെ വരെ ലീഡ് ചെയ്യുന്ന തരത്തിൽ പല ഘട്ടങ്ങളിലും ഈ മലയാളി സന്നദ്ധസേവകർ പ്രവർത്തിച്ചിട്ടുണ്ട്
.

Sheik Mansoor holds remote meeting with Dubai's COVID-19 Command and Control Centre. / Photo: Twitter

റിയാദിലും ആംബുലൻസിന്റെ ദൗർലഭ്യത്തിൽ സ്വന്തം പ്രൈവറ്റ് വാഹനങ്ങൾ അംബുലൻസിന് സമാനമായി ഉപയോഗിച്ച് രോഗികളെ ആശുപത്രികളിലെത്തിക്കുന്ന മലയാളികളുണ്ട്. ദിവസങ്ങളോളം അംബുലൻസിന് കാത്തിരുന്നിട്ട് ഒടുവിൽ ഇങ്ങനെ സന്നദ്ധ പ്രവർത്തകരായ വ്യക്തികളെ വിളിച്ച് ആശുപത്രിയിലെത്തിയ രോഗികൾ ജീവിതത്തിലേക്ക് തിരിച്ചു കയറിക്കൊണ്ടിരിക്കുന്നു. കൂടെയുള്ള ഒരാൾക്ക് രോഗലക്ഷണം കണ്ടാൽ അയാളെ എവിടെക്കാണ് കൊണ്ടുപോകേണ്ടത് എന്ന അന്ധാളിപ്പിൽ പകച്ചുനില്ക്കുന്നവരാണ് അഭ്യസ്ത വിദ്യരും ഭേദപ്പെട്ട ജോലികൾ ചെയ്യുന്നവരുമായ മലയാളികൾ പോലും. അപ്പോൾ അത്രപോലും മെച്ചപ്പെട്ട ജീവിതാവസ്ഥകളില്ലാതെ കഴിയുന്നവരുടെ കാര്യം എത്രയോ കഷ്ടമാണ്. കോവിഡ് കാലത്തുമാത്രമല്ല, മുമ്പും റിയാദിൽ സാധാരണയായി ഒരു മലയാളിക്കോ ഏഷ്യൻ തൊഴിലാളിക്കോ അസുഖം വന്നാലോ അപകടം പറ്റിയാലോ അവർ ഓടിയെത്തുന്നത് ബത്തയിലുള്ള മലയാളികൾ നടത്തുന്ന ക്ലിനിക്കുകളിലാണ്. മെച്ചപ്പെട്ട ചികിത്സ എന്നതിനേക്കാൾ കമ്യൂണിക്കേഷൻ തന്നെയാണ് മുഖ്യമായും അങ്ങനെയൊരു തിരഞ്ഞെടുപ്പിലേക്ക് അവരെ നയിക്കുന്നത്. മലയാളികളെക്കൂടാതെ മറ്റുള്ളവരും ഭാഷാഭേദങ്ങളോടെയെങ്കിലും സ്വന്തം നാട്ടിൽ എന്നതുപോലെ ഈയിടങ്ങളിൽ ആശയവിനിമയ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് എന്നതിനാലാണ് അവരിങ്ങനെ തിങ്ങിനിറഞ്ഞു വന്നുകൊണ്ടിരിക്കുന്നത്. വലിയ പ്രൈവറ്റ് ആശുപത്രികളിലോ സർക്കാർ ആശുപത്രികളിലോ അവർ ഈ ഭാഷാ വിനിമയ സ്വാതന്ത്ര്യത്തിൽ നിന്ന് ഏറെ അകലെയാണ്. തങ്ങളുടെ രൂപമോ വേഷമോ ഭാഷയോ പെരുമാറ്റമോ ഒക്കെ തദ്ദേശീയർക്കു മുന്നിൽ സ്വയം അപകർഷം അനുഭവിപ്പിക്കുന്നുണ്ട് ഈയിടങ്ങളിൽ അവരെ. അതുകൊണ്ടുതന്നെ അത്തരം ഇടങ്ങളിൽ ഹിന്ദികളും (ഇന്ത്യക്കാർ) ബംഗ്ലാദേശികളും പാക്കിസ്ഥാനികളും ഇങ്ങോട്ടുവരില്ല എന്ന "സൗകര്യം' ഇന്നാട്ടിലെ "വരേണ്യർ' അനുഭവിക്കുന്നുമുണ്ടാവണം. അങ്ങനെ ഭൂരിഭാഗം ഏഷ്യൻ തൊഴിലാളികളും കാലങ്ങൾക്കു മുൻപേ പരിമിതമെങ്കിലും അവർ കണ്ടെത്തിയ ഇടുക്കങ്ങളുടെ സൗഖ്യത്തിന്റെയും സൗകര്യത്തിന്റെയും തടവിലോ തണലിലോ ആണ് കഴിഞ്ഞുപോകുന്നത്. റിയാദിലെ ബത്ത, ജിദ്ദയിലെ ഷറഫിയ്യ, ദമ്മാമിലെ സീക്കോ, ദുബായിലെ ദേര ഒക്കെ ഇങ്ങനെയുള്ള ഇടങ്ങളാണ്.

ഇതുവരെ എല്ലാ ഗൾഫ് നഗരങ്ങളിൽ നിന്നും ഇന്ത്യയിലേക്കു പുറപ്പെട്ട വിമാനങ്ങളിൽ അർഹരായവർ തുലോം കുറവായിരുന്നു. എംബസ്സി ഉദോഗസ്ഥരുമായി അടുപ്പമുള്ളവരും രാഷ്ട്രീയമോ സാമ്പത്തികമോ ആയി സ്വാധീനമുള്ളവരും മുൻപേ പറക്കുകയാണ്.

(ഇത്തരത്തിൽ റിയാദിലെ ബത്തയിൽ പ്രവർത്തിച്ചിരുന്ന, ഏറ്റവും സാധാരണക്കാരായ പ്രവാസികൾ ചികിത്സയ്‌ക്ക് ആശ്രയിച്ചിരുന്ന സഫാമക്ക പോളിക്ലിനിക് മൂന്നാഴ്ച മുൻപ് അടച്ചു. സ്റ്റാഫുകളിൽ ചിലർക്ക് കോവിഡ് ബാധയുണ്ടായതിനെത്തുടർന്നാണിത്. റിയാദിൽ അവധിദിവസങ്ങളിലും മറ്റും വിദേശികൾ തടിച്ചുകൂടുന്ന നഗരഹൃദയത്തിലെ ഈ ക്ലിനിക്കിൽ എക്കാലത്തും വൻ തിരക്കായിരുന്നു. ഇത് വൈകാതെ പ്രവർത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.)
മടക്ക യാത്ര
കോവിഡിന്റെ ദുരിതം വലിയൊരു ശതമാനം പ്രവാസികളേയും നാടണയാൻ പ്രേരിപ്പിക്കുന്നുണ്ട്. നാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് എടുക്കാൻ ശേഷിയില്ലാത്ത വലിയൊരു ശതമാനം മനുഷ്യർ ഇവിടെ കഴിയുന്നുണ്ട്. ടിക്കറ്റെടുക്കാൻ ശേഷിയുള്ളവരും ഇല്ലാത്തവരും ഒക്കെ എംബസ്സികളിലും കോൺസുലേറ്റുകളിലും മടക്ക യാത്രയ്ക്ക് അപേക്ഷ കൊടുത്ത് കാത്ത് നിൽക്കുകയാണ്. ഗർഭിണികൾ, രോഗികൾ, വൃദ്ധർ എന്നിങ്ങനെയാണ് മുൻഗണനാ പട്ടികയുടെ നിര. എന്നാൽ ഇതുവരെ എല്ലാ ഗൾഫ് നഗരങ്ങളിൽ നിന്നും ഇന്ത്യയിലേക്കു പുറപ്പെട്ട വിമാനങ്ങളിൽ അർഹരായവർ തുലോം കുറവായിരുന്നു. എംബസ്സി ഉദോഗസ്ഥരുമായി അടുപ്പമുള്ളവരും രാഷ്ട്രീയമോ സാമ്പത്തികമോ ആയി സ്വാധീനമുള്ളവരും മുൻപേ പറക്കുകയാണ്. അർഹരായ സാധുക്കൾ നിസ്സഹായരായി നിൽക്കുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കുള്ള വിമാനത്തിൽ പോയ ഒരു ഉത്തരാഖണ്ഡ് സ്വദേശിക്ക് ഡൽഹിയിൽ ക്വാറന്റൈൻ ഫീസായി മുപ്പത്തെട്ടായിരം രൂപ അടയ്‌ക്കേണ്ടിവന്ന വിവരവും കിട്ടിയിരുന്നു. ഫീസ് അടയ്ക്കാൻ കാശില്ലാത്തവരുടെ പാസ്പോർട്ട് കസ്റ്റഡിയിൽ വാങ്ങിയിട്ടാണത്രേ അവരെ ക്വാറന്റൈൻ ചെയ്യുന്നത്. പിന്നീട് പണമടച്ച് പാസ്പോർട്ട് തിരികെ വാങ്ങാമെന്ന വ്യവസ്ഥയിൽ.
സാമ്പത്തികമായി ശേഷിയില്ലാത്തവരെ നാട്ടിലെത്തിക്കുന്നതിന്, എംബസികളിൽ പ്രവാസികളുടെ ഇത്തരം ആവശ്യങ്ങൾക്ക് എന്ന പേരിൽ വ്യവസ്ഥ ചെയ്തിട്ടുള്ള, പ്രവാസികളിൽ നിന്നുതന്നെ പിരിച്ചു സ്വരൂപിച്ച വെൽഫെയർ ഫണ്ടിൽ (Indian Community Welfare Fund- ICWF) നിന്ന് പണമെടുത്ത് ടിക്കറ്റ് കൊടുക്കില്ല എന്നാണ് അംബാസഡർമാർ വാശിപിടിക്കുന്നത്. കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞത്, വിമാന ടിക്കറ്റിന്റെ ആവശ്യം പ്രവാസികൾ ഉന്നയിച്ചിരുന്നില്ല, വിമാനവും യാത്രാ അനുമതിയും മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ എന്നും, അതുകൊണ്ട് വിമാന ടിക്കറ്റ് കൊടുക്കാൻ കഴിയില്ല എന്നുമാണ്. കഴിഞ്ഞ മൂന്നു മാസക്കാലത്തെ ലോക്ഡൗൺ കാരണമുണ്ടായ തൊഴിൽ നഷ്ടവും വരുമാനമില്ലാത്ത അവസ്ഥയും ഭേദപ്പെട്ട ജീവിതം നയിച്ചവരെയും ദുരിതത്തിലാക്കിയിട്ടുണ്ട്. കോവിഡ് വരുത്തിവെച്ച സാമ്പത്തിക ദുരിതം എല്ലാ വർഗ്ഗങ്ങളെയും ബാധിച്ചിട്ടുണ്ട്. തിരിച്ചുപോക്കിന് ഗതിയില്ലാത്തവരെ സ്വദേശത്തെയും വിദേശത്തെയും സർക്കാരുകൾ കൂടി ഇങ്ങനെ കൈയൊഴിയുന്ന കാഴ്ചയാണ് കാണുന്നത്. സർക്കാരുകൾ കൈയൊഴിയുകയും, എംബസികളാവട്ടെ പ്രവാസികൾക്കവകാശപ്പെട്ട ഫണ്ട് കൈയടക്കി വച്ച് അവരോട് അനീതി തുടർന്നുകൊണ്ട് ചുമതലകളെല്ലാം പ്രവാസി സംഘടനകളുടേയും സംരംഭകരുടെയും ചുമലിൽ വച്ചുകൊടുക്കുകയുമാണ്. ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷണത്തിനോ മരുന്നിനോ പോലും മേൽപ്പറഞ്ഞ ഫണ്ടിൽ നിന്നും എംബസ്സികൾ എന്തെങ്കിലും ചിലവഴിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

സർക്കാരുകൾ കൈയൊഴിയുകയും, എംബസികളാവട്ടെ പ്രവാസികൾക്കവകാശപ്പെട്ട ഫണ്ട് കൈയടക്കി വച്ച് അവരോട് അനീതി തുടർന്നുകൊണ്ട് ചുമതലകളെല്ലാം പ്രവാസി സംഘടനകളുടേയും സംരംഭകരുടെയും ചുമലിൽ വച്ചുകൊടുക്കുകയുമാണ്.

പ്രവാസികളുടെ പ്രശ്നങ്ങൾ കാരുണ്യപ്രവർത്തനത്തിന്റെ തണലിലേ നടക്കൂ എന്ന സ്ഥിതിയാണ് കാലങ്ങളായി നിലനിൽക്കുന്നത്. പ്രവാസികളുടെ അജണ്ട ആരാണ് നിശ്ചയിക്കുന്നത് എന്ന് എഴുത്തുകാരനും മുൻ പ്രവാസിയുമായ വി.മുസഫർ അഹമ്മദ് അടുത്തിടെ കോവിഡിന്റെ പശ്ചാത്തലത്തിൽ മസ്‌കത്തിലെ "വേദി' സംഘടിപ്പിച്ച ഒരു വെബിനാറിൽ ചോദിച്ചിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ തണലിൽ നാട്ടിലെ മാതൃസംഘടനകളുടെ വാലായി നിന്നുകൊണ്ട് പ്രവാസികളുടെ പ്രശ്നങ്ങളിൽ കാതലായി ഇടപെടാനും ഉയർന്നുവരേണ്ട ശരിയായ പ്രവാസിരാഷ്ട്രീയത്തെ ഉയർത്താനും കഴിയുമോ എന്നകാര്യം പ്രവാസികൾ തന്നെ സ്വയം ചോദിക്കേണ്ട ചോദ്യമാണ് എന്നായിരുന്നു മുസഫർ പറഞ്ഞത്. ഈ അടിയന്തര ഘട്ടത്തിൽ പ്രവാസികളുടെ യാത്രാച്ചെലവും ICWF വിനിയോഗവും, നാട്ടിലേക്കുള്ള യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിൽ അർഹരായവരെ തഴഞ്ഞ് സ്വാധീനമുള്ളവരെ കയറ്റിവിടുന്നതും സംബന്ധിച്ച് എംബസ്സികൾക്കെതിരെ ജനവികാരം ഇപ്പോൾ ഉണർന്നിട്ടുണ്ട്. സൗദി-യുഎഇ-ഖത്തർ എന്നീ രാജ്യങ്ങളിലെ ചില പ്രവാസി സംഘടനകൾ രാഷ്ട്രീയലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇല്ലാതെ, പ്രവാസികളുടെ പൊതുവായ താല്പര്യത്തെ മുൻനിർത്തി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈയൊരുണർവ്വ് ഇപ്പോൾ പ്രകടമായിരിക്കുന്നത്. ഹൈക്കോടതിയിൽ ICWF സംബന്ധിച്ച് ഒരു കേസുണ്ടാവുകയും ഈ ഫണ്ടിൽ നിന്ന് നിർധനരായ പ്രവാസികൾക്ക് വിമാനയാത്രക്കൂലി കൊടുക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് ഒടുവിൽ കോടതിയിൽ ഉറപ്പുകൊടുക്കേണ്ടി വന്നു. ഇത് പ്രവാസി രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവാണ്.
ഇന്ത്യയിൽ കുടിയേറ്റത്തൊഴിലാളിയെ രാജ്യം അടച്ചുപൂട്ടി വഴിയിലുപേക്ഷിച്ചതിനു സമാനമായ അശരണത്വം ഇവിടെയും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തൊഴിൽ സമൂഹം അനുഭവിക്കുന്നു. കുടിയേറ്റ സമൂഹം എവിടെയും ഒരേ അനിശ്ചിതത്വവും അലച്ചിലും മനസ്സിൽ പേറുന്നു. അകലെയായിരിക്കുമ്പോഴും അവരുടെ അടുപ്പം സ്വദേശങ്ങളിലായിരിക്കും. കുടിയേറിയ നാടും അവരും തമ്മിൽ നിലനിൽക്കുന്ന കമ്യൂണിക്കേഷൻ ഗ്യാപ്പ് തന്നെയായിരിക്കും അവരെ സംബന്ധിച്ച് ദൂരക്കൂടുതൽ. അതുകൊണ്ടായിരിക്കണം സ്വദേശങ്ങളിലേക്കുള്ള ആയിരക്കണക്കിന് കിലോമീറ്ററുകളുടെ നടപ്പാതകൾ ക്ലേശിച്ചെങ്കിലും അവർക്ക് ആത്മവിശ്വാസത്തോടെ നടന്നു താണ്ടാനാവുന്നത്. തൊട്ടടുത്തുള്ള ഭാഷയുടെ ദൂരം ബാലികേറാമലയാകുന്നതും. രാജ്യങ്ങളുടെ അതിർത്തികൾ കുറുകെ വേലികെട്ടി കിടന്നിരുന്നില്ലെങ്കിൽ വിദേശങ്ങളിൽ നിന്നും ഈ മനുഷ്യർ നടന്നേനെ. ഒരുപക്ഷേ ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റത്തിൽ നിന്ന് ഗൾഫ് കുടിയേറ്റത്തിന്റെ അനുഭവത്തെ വ്യത്യസ്തമാക്കുന്നത് ഈ രാജ്യാന്തര അതിർത്തികൾ മാത്രമാണ്.

Comments