കവണ | കഥ

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് ഒന്നിൽ പ്രസിദ്ധീകരിച്ച കഥ.

ബാബ്റി മസ്ജിദ് ശ്രീരാമനു നൽകണമെന്നു സുപ്രീംകോടതി പറഞ്ഞതിന്റെ ആറാം ദിവസമാണു ഞാൻ കൊച്ചച്ഛന്റെ മകൻ മുരളീമനോഹറിന്റെ വിവാഹനിശ്ചയത്തിനു ചിത്രയോടൊപ്പം ലഖ്നോവിൽ എത്തിയത്.

""ഇതിലിത്ര അതിശയിക്കാനൊന്നുമില്ല. സീസറിനുള്ളതു സീസറിന്. രാമനുള്ളതു രാമന്'' കൊച്ചച്ഛൻ പറഞ്ഞു.

അദ്ദേഹത്തിനകത്ത് ഒരു ജനസംഘക്കാരൻ ഒളിച്ചിരിപ്പുണ്ടെന്നു പണ്ടേ എനിക്കു തോന്നിയിരുന്നു.

മേലേവളപ്പിൽ തമ്പാൻ, ചെമ്പിലോട്ട് ശ്രീധരൻ, കുണ്ടേന കമ്മാരൻ എന്നീ കർസേവകർക്കൊപ്പം കാരാക്കോട്ടെ കണ്ടത്തിൽനിന്നു മുറിച്ചെടുത്ത ചുടുകട്ടയിൽ ‘ജയ് ശ്രീറാം'എന്ന അച്ചുകുത്തി അതും തലയിൽ വെച്ചോണ്ട് നളന്ദ ബസ്സ് കയറിപ്പോയ കൊച്ചച്ഛൻ പിന്നെ തിരിച്ചു നാട്ടിലേക്കു വന്നില്ല.

പള്ളിയുടെ മിനാരത്തിനടിയിൽ രണ്ടായിരം പേർക്കൊപ്പം മകനും അരഞ്ഞുപോയിക്കാണുമെന്നാണ് അച്ഛമ്മയടക്കം ഞങ്ങളെല്ലാവരും വിചാരിച്ചിരുന്നത്. ഒന്നൊന്നരമാസം കഴിഞ്ഞു തമ്പാനേട്ടൻ വന്ന് "മനോഹരൻ ഇപ്പൊ ലഖ്‌നോവിലുണ്ടെ'ന്നു പറഞ്ഞപ്പോഴാണ് അച്ഛമ്മയുടെ ശ്വാസം നേരെ വീണത്.

അന്നിവിടുന്ന് ഇഷ്ടികയുമായി ഇറങ്ങിയവരിൽ കൊച്ചച്ഛൻ ഒഴിച്ച് ബാക്കി ആർക്കും തന്നെ മദ്രാസിൽപോലും എത്താൻ സാധിച്ചില്ല.

കൊച്ചച്ഛൻ എങ്ങനെ യു.പി വരെയെത്തി എന്ന കാര്യം ഇന്നും പ്രഹേളികയാണ്.
മടക്കയാത്രയിൽ സേലം റെയിൽവേ സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ വെള്ളമെടുക്കാൻ ഇറങ്ങിയ കൂട്ടത്തിൽ ശ്രീധരേട്ടൻ ഇഷ്ടിക അവിടെ ഇട്ടിട്ടു പോന്നു.

"ഏതായാലും ഒരു വഴിക്കിറങ്ങിയതല്ലേ' എന്നും പറഞ്ഞ് തമിഴ്നാട്ടിലെ പേരുകേട്ട ചില ക്ഷേത്രങ്ങളിലൊക്കെ കറങ്ങാൻ തീരുമാനിച്ച തമ്പാനേട്ടൻ നേരെ തിരുവണ്ണാമലയിലേക്കു വിട്ടു. അതിനിടയിൽ രാമേശ്വരത്ത് വെച്ച്, തലയിണയായി കൂടെക്കൊണ്ടു നടന്ന ഇഷ്ടിക കാണാതായി.

പക്ഷേ, കമ്മാരേട്ടൻ മാത്രം അത് ഒരു പോറലുപോലുമില്ലാതെ തിരിച്ചുകൊണ്ടുവന്നു പടിഞ്ഞാറ്റയിൽ വെച്ചു. പൂവും വെള്ളവും നിത്യവും നേദിച്ച് വിളക്കുവെച്ചു പൂജിച്ചു. അയോധ്യയിൽ ക്ഷേത്രം ഉയരുന്നത്​ സ്വപ്നം കണ്ട്​ജീവിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതിയുടെ വിധി വരുന്നതിന് ഒരാഴ്ചമുമ്പ് കമ്മാരേട്ടൻ പ്ലാവിൽ നിന്നുവീണ്​ മരിച്ചുപോയി.

ചെറിയച്ഛനാകട്ടെ ഒരു യു.പിക്കാരിയേയും കെട്ടി ടയറിന്റെ ചെറിയ പരിപാടിയുമൊക്കെയായി അവിടത്തന്നെ കൂടി. മാസാമാസം അച്ഛമ്മയ്ക്ക് 1500 രൂപ മണിയോർഡർ അയച്ചു കൊടുത്തുകൊണ്ടിരുന്നു.

നാട്ടിലുള്ള സകലബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ ക്ഷണിച്ചു വരുത്തി വലിയ രീതിയിൽ ആസൂത്രണം ചെയ്ത നിശ്ചയത്തിന്റെ നൂറു കൂട്ടം കാര്യങ്ങളുമായി ഓടിപ്പാഞ്ഞുനടക്കുന്നതിനിടയിലും വീട്ടിലെ ചർച്ച മുഴുവൻ ആയിരത്തി നാല്പത്തിയഞ്ച് പേജുള്ള വിധി പ്രഖ്യാപനത്തെക്കുറിച്ചായിരുന്നു. ബന്ധുക്കളിൽ ഞാനും ചിത്രയും സ്വരൂപും ഒഴിച്ച് ബാക്കി എല്ലാവരും ആ സ്ഥലം രാമനു കിട്ടിയതിൽ അതീവ സന്തുഷ്ടരായിരുന്നു. അതിൽ സമ്മതിദാനാവകാശം കിട്ടിയ കാലംമുതൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്തു കൊണ്ടിരിക്കുന്ന ബാലമ്മാവന്റെ മൂത്തമകൻ സുധാകരട്ടേനും ഉണ്ടായിരുന്നു.

അയോധ്യയുടെ മുൻകാല ചരിത്രവും വിധിപ്രഖ്യാപനത്തിനുള്ളിലെ സുതാര്യമായ പഴുതുകളുമെല്ലാമെടുത്തു സംവാദത്തിനിടയിൽ ഒന്നൊന്നായി നിരത്താൻ തുടങ്ങിയതും ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി പഴയ ജനസംഘക്കാരന്റെ ചുറുചുറുക്കോടെ കൊച്ചച്ഛൻ ചിത്രയ്ക്കു നേരെ വിരൽ ചൂണ്ടി.

""നീയൊക്കെ എന്താ വിചാരിച്ചത്. നമ്മുടെ രാമന്റെ നെഞ്ചത്തോട്ടൊരു പള്ളി പണിതു വെക്കാമെന്നോ. നടക്കില്ലെന്നിപ്പോ മനസ്സിലായില്ലേ. വെറും മൂന്നുകൊല്ലംകൊണ്ട് ഹം അയോധ്യാമേം റാം മന്ദിർ പുനർസ്ഥാപിത് കരേങ്കേ....!''

""നിങ്ങൾ അമ്പലം കെട്ടിക്കോ'' , ചിത്ര എണീറ്റു. ""പക്ഷേ, എന്റെ നെഞ്ചിനകത്തു ബാബർ പണിത ഒരു പള്ളിയുണ്ട്. അതൊരുത്തനും തകർക്കാൻ പറ്റില്ല.''

താൻ ആതിഥേയനാണെന്ന കാര്യം തൽക്കാലത്തേക്കു മറന്നുപോയതിന്റെ വൈക്ലബ്യത്തോടെ ചെറിയച്ഛൻ മുണ്ടിന്റെ കുത്തഴിച്ച് കസേരയിൽ ഇരുന്നു. ചിത്ര എണീറ്റ് പുറത്തേക്കു നടന്നു.

പബ്ജി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കസിൻ സിസ്റ്റർ രേവതിയുടെ മകൻ പത്തുവയസ്സുകാരൻ സിദ്ധാർത്ഥ് മാത്രം ഗ്രൂപ്പിലുള്ള കൂട്ടുകാരനോട് ""കൊല്ലടാ അവനെ, എനിമിയെ ഗ്രോ ചെയ്യാൻ വിടരുത്, ഇഫ് യു ഗെറ്റ് എ ചാൻസ്, യു മസ്റ്റ് ഫിനിഷ് ഹിം'' എന്നൊക്കെ സെറ്റിയിൽ മലർന്നു കിടന്ന് അലറിവിളിച്ചുകൊണ്ടിരുന്നു.

നിശബ്ദത പെട്ടെന്നു ചിരിക്കു വഴിമാറി.

കൊച്ചച്ഛൻ പറഞ്ഞു: ""എല്ലാവരും ഇവിടംവരെ വന്ന സ്ഥിതിക്ക് നിശ്ചയത്തിനു മുമ്പ് നമ്മുക്കെല്ലാർക്കും അയോധ്യവരെ പോയി ഒന്നു തൊഴുതിട്ടു വരാം''

""ഞാനില്ല'' അന്നുരാത്രി നടവഴിയിലെ വേപ്പുമരത്തിനു ചുവട്ടിൽ തണുത്ത കാറ്റും കൊണ്ടിരിക്കുമ്പോൾ ചിത്ര പറഞ്ഞു. ""നിങ്ങൾ വേണേ പൊക്കോ.''

അയോധ്യ കാണാൻ അവൾ വരില്ലെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു. ഡൽഹിയിലെ മീഡിയ പരിപാടിയൊക്കെ നിർത്തി എംബ്രോയഡറിയും ബ്രൈഡൽ സാരിയുടെ ഷോറൂമുമൊക്കെയായി ബാംഗ്ലൂരിൽ കൂടിയിരിക്കുന്ന ഈ കാലത്തുപോലും അവളുടെ വാട്സ് ആപ്പ് എടുത്തു നോക്കിയാൽ ഡി.പിയിൽ ബാബ്റി മസ്ജിദിന്റെ പടം കാണാം. സുഹറയ്ക്കും നകുലിനുമൊപ്പം കെ.കെ. ചുല്ല്യാറ്റിന്റെ കീഴിൽ പത്രപ്രവർത്തനം തുടങ്ങിയ പാർട്ടിയാണ്.

ഡൽഹിയിലെ WAKE UP CAFE യിൽ ഇരുന്ന് ഐ.എ.എസ് മെയിൻ തോറ്റു പോയതിന്റെ സങ്കടം തീർക്കാൻ ഞാൻ തുടർച്ചയായി ടർക്കിഷ് കോഫി കുടിച്ചുകൊണ്ടിരുന്ന കാലത്താണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്. അന്ന് ചിത്രാ രാമകൃഷ്ണൻ ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തിന്റെ നേരെ എതിർവശത്തായിരുന്നു ഈ കോഫി ഷോപ്പ്. ഇഷ്ടികച്ചുമരിൽ പടർന്ന വള്ളിച്ചെടികളും മരബെഞ്ചും ഹരിക്കേൻ വിളക്കുമൊക്കെയായി എത്രനേരം ഇരുന്നാലും മടുക്കാത്ത ആ കാപ്പിക്കടയുടെ ഭിത്തിയിൽ എഴുതിവെച്ച NEAR YOU AS YOU RISE, WHO EVER REJECT YOU എന്ന വാചകം ഒന്നുമാത്രമാണു മൂന്നാമത്തെ ഇന്റർവ്യൂവിലും തള്ളിപ്പോയപ്പോൾ എന്നെ തളരാതെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. അവിടെവെച്ച് ചിത്രയുമായി പ്രണയത്തിലാകുമ്പോൾ സബ് എഡിറ്ററായി അവൾ ജോലിയിൽ കയറിയതേയുള്ളൂ. പക്ഷേ, മാഞ്ചസ്റ്റർ ഗാർഡിയനിൽ പത്രപ്രവർത്തനം ആരംഭിച്ച ചുല്ല്യാറ്റിനെ അദ്ദേഹം എഴുതിയ അതിഗംഭീരമായ ചില മുഖപ്രസംഗങ്ങളിലൂടെ എനിക്കു നേരത്തേ അറിയാമായിരുന്നു.

ആ മനുഷ്യനെ ഒന്നു കാണണം, സംസാരിക്കണം എന്നൊക്കെ പലപ്പോഴും ആഗ്രഹിച്ചിരുന്നതുമാണ്. പക്ഷേ, ചുണ്ടിലെ പൈപ്പിൽനിന്നു നിരന്തരം വലിച്ചുവിട്ട പുകയുടെ പുറന്തോടിനുള്ളിൽ ആർക്കും പിടികൊടുക്കാതെ സ്വയം ഉൾവലിയുന്ന ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടാവണം സീനിയർ സബ് എഡിറ്റർ നകുൽ കേൽക്കർ അദ്ദേഹത്തെ "ആമ' എന്നു വിശേഷിപ്പിച്ചത്.

അതൊരൊന്നാന്തരം പ്രയോഗമായിരുന്നു.

ചുല്ല്യാറ്റിനെ പരിചയപ്പെട്ട ദിവസം രാത്രി ഇന്നും എനിക്കോർമയുണ്ട്. കഫേക്കുള്ളിൽ പതിവില്ലാതെ പുകയിലയുടെ മണം പരന്നപ്പോൾ വാതിൽക്കലേക്ക് നോക്കാതെ തന്നെ ചിത്രയുടെ ചുണ്ടുകൾ വിറച്ചു.

""ചുല്ല്യാറ്റ്.''

ഞാൻ നോക്കുമ്പോൾ അകത്തേക്ക് ധാരാളമായി വന്നുകൊണ്ടിരുന്ന പുകമഞ്ഞിൽനിന്നും ആദ്യം ഒരു പൈപ്പ് പ്രത്യക്ഷപ്പെട്ടു. പിന്നാലെ രോമത്തൊപ്പിവെച്ച ഒരു തല. അതുകഴിഞ്ഞ് പൈപ്പിനെ അനുധാവനം ചെയ്തുകൊണ്ട് സ്വെറ്ററിൽ മൂടിയ ആ വലിയ ശരീരം.

ഞാൻ കപ്പിലെ ടർക്കിഷ് കാപ്പി ഒറ്റവലിക്ക് അകത്താക്കിക്കൊണ്ട് ചിത്രാ രാമകൃഷ്ണനെ നോക്കി.

""ഐ നീഡ് ടു ടോക് ടു ഹിം''

അവൾ എന്നേയും കൂട്ടി ചുല്ല്യാറ്റിന്റെ മേശയ്ക്കരികിലേക്കു നീങ്ങി.

ഐ.എ.എസ് പരീക്ഷയിൽ ഇന്റർവ്യൂ വരെ എത്തി എന്നൊക്കെ കേൾക്കുമ്പോൾ താല്പര്യജനകമായ ചെറിയൊരു നോട്ടമെങ്കിലും അദ്ദേഹം എന്റെ മേൽ ചൊരിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊക്കെ അസ്ഥാനത്താക്കുംവിധം ചുല്ല്യാറ്റ് ടിഷ്യൂപേപ്പർ എടുത്ത് പൈപ്പിന്റെ അറ്റത്തെ നനവ് തുടച്ചുകൊണ്ടിരുന്നു.

കോഫി വന്നപ്പോൾ അദ്ദേഹം ചോദിച്ചു.

""നാട്ടിൽ നിങ്ങൾക്ക് നിലമുണ്ടോ?''

""നാലഞ്ച് ഏക്കർ കാണും'', ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം പിടികിട്ടിയില്ലെങ്കിലും ഞാൻ പറഞ്ഞു.

""കൃഷിയുണ്ടോ'', അതാ വരുന്നു അടുത്ത ചോദ്യം.

""ഉവ്വ്'' ഞാൻ തലയാട്ടി, ""നെൽകൃഷിയാണ്.''

""ഉഴാൻ അറിയാമോ?''

""ചെറുതായിട്ട്'' ഞാൻ പറഞ്ഞു.

""മിസ്റ്റർ ശിവപ്രസാദ്... ഇവിടെ ഡൽഹീലും യു.പിയിലുമൊക്കെ നല്ല ഒന്നാന്തരം ഉഴവുകാരുണ്ട്. നുകത്തിൽ കാളയ്ക്ക് പകരം ഐ.എ.എസ്സുകാരെ കെട്ടിവെച്ചുകൊണ്ടാണ് അവർ നാടിനെ ഉഴുതു മറിക്കുന്നത്.''

ചുല്ല്യാറ്റ് കോഫിയിൽ നിന്നു മുഖമുയർത്തി എന്നെ നോക്കി.

""വെറുമൊരു കാളയാവാൻ വേണ്ടി ഇത്രയൊന്നും പഠിക്കണമെന്നില്ല'', എന്റെ നേരെ ഹസ്തദാനത്തിനായി കൈനീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു

""ഞാൻ ഓർമ്മപ്പെടുത്തി എന്നേയുള്ളൂ. ആൾ ദ് വെരി ബെസ്റ്റ്''

കൊടുംതണുപ്പിലും ആ കൈയ്ക്ക് നൂറ്റിമൂന്ന് ഡിഗ്രി ചൂടുണ്ടായിരുന്നു.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരുമാസം കഴിഞ്ഞപ്പോഴാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്.

അന്ന് റോഡ് മുറിച്ച് കടന്ന് കഫേയിലേക്ക് വന്ന് ഒരു കോഫിക്ക് ഓർഡർ ചെയ്തെങ്കിലും അത് തയ്യാറായി വരുംമുമ്പ് അതിന്റെ കാശ് മേശപ്പുറത്ത് വെച്ച് ചുല്ല്യാറ്റ് കാറിൽ കയറിപ്പോയി.

അന്നുരാത്രി തെരുവിൽ വീണ മഞ്ഞുതരികൾക്കു മേൽ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയും ശ്രീരാമകീർത്തനങ്ങളുമായി സുദീർഘമായ ഒരു ഘോഷയാത്ര കടന്നുപോവുകയും ചെയ്തു.

മേശപ്പുറത്തുവെച്ച ചുല്ല്യാറ്റിന്റെ കപ്പിൽനിന്നു ചൂട് മെല്ലെ മെല്ലെ ഒഴിഞ്ഞു പോയി. വൈകാതെ അതിനകത്തെ കാപ്പി ഐസ് പോലെ ഉറഞ്ഞു. കടയുടമ ഞങ്ങളോട് എഴുന്നേൽക്കാൻ അഭ്യർഥിച്ച് ഷട്ടർ വലിച്ചിട്ടു.

പിറ്റേന്നു ചിത്രയെ കണ്ടപ്പോഴാണു തലേന്ന് ഓഫീസിൽ നടന്ന കാര്യങ്ങളൊക്കെ അറിയുന്നത്. ചുല്ല്യാറ്റിന് അന്നും പനിയായിരുന്നു. ഇതുപോലുള്ള എല്ലാ ചരിത്രസന്ധികളിലും എഴുപതുകാരനായ ആ മനുഷ്യന് പനിപിടിച്ചിരുന്നുവെന്ന് എൻ.എസ്. മാധവൻ "തിരുത്ത്' എന്ന കഥയിൽ പിന്നീടു പറഞ്ഞതു വായിച്ചപ്പോൾ അന്ന് ആ മനുഷ്യൻ അനുഭവിച്ച ആത്മസംഘർഷങ്ങളുടെ ആഴമെന്താണെന്ന് എനിക്കു മനസ്സിലായി.

അന്നു കോഫി കുടിക്കാതെ കഫേയിൽനിന്നിറങ്ങിപ്പോയ ചുല്ല്യാറ്റ് പാതിരാത്രിയിലെപ്പോഴോ പത്രം ഇറങ്ങും മുമ്പ് തിരിച്ചുവന്നു; സുഹറ നൽകിയ "തർക്കമന്ദിരം തകർത്തു' എന്ന തലക്കെട്ട് നീലപ്പെൻസിൽകൊണ്ടു വെട്ടി ബാബ്റി മസ്ജിദ് എന്നാക്കി.

ചരിത്രപ്രസിദ്ധമായ ആ തിരുത്തിന്റെ യഥാർഥശക്തി ഞാൻ തിരിച്ചറിഞ്ഞത് എൻ.എസ്. മാധവൻ അതു കഥയാക്കി മാറ്റിയപ്പോഴാണ്. ചിത്രാ രാമകൃഷ്ണൻ അന്ന് എന്നോടു പറഞ്ഞതുപോലെ വിജയനോ നകുലോ അല്ലെങ്കിൽ ന്യൂസ് എഡിറ്റർ മല്ലിക്ക് നേരിട്ടു തന്നെയോ ഈ കാര്യങ്ങളൊക്കെ എഴുത്തുകാരനോടു വിശദീകരിച്ചു കാണും.

എങ്ങനെയാണെങ്കിലും ആ കഥയിലെ അവസാനത്തെ വരികൾ ഇരുപത്തിയെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കനൽപോലെ കെടാതെ എന്റെ മനസ്സിൽ കിടക്കുന്നുണ്ട്. ഒരു പത്രപ്രവർത്തകന് അയാളുടെ നിലപാടുകൾ കൊണ്ടും ഒരു എഴുത്തുകാരന് അയാളുടെ എഴുത്തിലൂടെയും ഇത്രയൊക്കെ ചെയ്യാൻ സാധിച്ചു എന്നതുതന്നെ വലിയ കാര്യമല്ലേ? ആ കഥയിലെ അവസാന വാചകങ്ങൾ ഇന്നും എനിക്കു കാണാപ്പാഠമാണ്.

"തർക്കമന്ദിരം തകർത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുകേപ്പിടിച്ചു പല തവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈകൾകൊണ്ട് പാർക്കിസണിസത്തിന്റെ ലാഞ്ചന കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിയ വാക്കിന്റെ മുകളിൽ എഴുതി; "ബാബ്റി മസ്ജിദ്'. സുഹറയുടെ വലിയ കണ്ണുകളിൽനിന്നു ചറം പോലെ കണ്ണീർ തുള്ളിതുള്ളിയായി ഒലിച്ചു. അവൾ ചുല്ല്യാറ്റിനെ നോക്കിപ്പറഞ്ഞു: ""നന്ദി സർ''

പത്രാധിപന്മാരുടെ കയ്യിലെ നീലപ്പെൻസിലുകൾക്ക് ഉളിയുടെ മൂർച്ചയുണ്ടെന്ന് അന്നാണെനിക്കു മനസ്സിലായത്. ചുല്ല്യാറ്റ് നീലപ്പെൻസിൽകൊണ്ടു തിരുത്തിയതുപോലെ ഓരോ മനുഷ്യനും വേണ്ടാത്തതിനെ ചെത്തിക്കളയാനും വേണ്ടതിനെ രൂപകൽപന ചെയ്യാനുമുള്ള അവകാശമുണ്ട്. അധികാരവും കൽപനകളുമൊക്കെ വെറും കല്ലാണെന്ന കാര്യം പലരും മറന്നുപോകുന്നു. തെറ്റാലിയിൽ നിന്നെന്നപോലെ അതു നമുക്കു നേരെ വന്നുകൊണ്ടിരിക്കും. ഒഴിഞ്ഞുമാറിയിട്ടു കാര്യമില്ല. പിടിച്ചെടുക്കണം. പെൻസിലോ ഉളിയോ പേനയോകൊണ്ടു ചെത്തി പുതിയ രൂപത്തിലാക്കി അക്രമിക്കുനേരെ തിരിച്ചയയ്ക്കണം. ഇതിൽ ഇങ്ങനെയൊരത്ഭുതവും ശക്തിയും പുതിയ കാഴ്ചകളുമൊക്കെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് അപ്പോഴേ അവർക്കു തിരിച്ചറിയാൻ പറ്റൂ.

ആയുധങ്ങൾ പ്രയോഗിക്കേണ്ട സമയത്തു പ്രയോഗിക്കണം. അല്ലെങ്കിൽ തുരുമ്പെടുത്തു പോകും.

ഏതായാലും ചുല്ല്യാറ്റ് വിരമിച്ച്​ നാലഞ്ചുവർഷത്തിനുള്ളിൽ ചിത്ര പത്രപ്രവർത്തനം മതിയാക്കി.

""നല്ല സാലറിയൊക്കെയല്ലേ. പിന്നെന്തിനാണ് ഈ ജോലി വിട്ടത്?'' എന്നു ചോദിച്ചവർക്ക് ‘‘മനുഷ്യന് അപ്പം മാത്രം പോരല്ലോ’’ എന്നവൾ ഫോണിലൂടെ മറുപടി കൊടുക്കുന്നതു ഞാൻ കേട്ടു. എന്നിട്ട് ഇത്രയും കൂടിപറഞ്ഞു: ""സാധാരണ ഒരു തുണിയിൽ എംബ്രോയഡറി ചെയ്ത് സുന്ദരമാക്കുംപോലെ പുറംമോടി മാത്രം മതിയെങ്കിൽ അതിന് പത്രം തന്നെ വേണമെന്നില്ലല്ലോ, എന്റെ ഈ പുതിയ ബ്രൈഡൽ സാരി ഷോറൂം പോരേ?''

മുതലാളിമാരുടെ നനുത്ത തൊലിയിൽ മുട്ടിയുരുമ്മിയും നക്കിയും വാലാട്ടിയുമൊക്കെ അങ്ങനെയങ്ങു വലിയ എടങ്ങേറില്ലാതെ പോയിരുന്ന പത്രങ്ങൾ മിക്കതും കോർപറേറ്റുകളുടെ തുടലിനകത്തേക്കു പൂർണമായി തലകയറ്റിക്കൊടുത്തതോടെ ഡിസംബർ ആറാം തീയതിയിലെ മഹയനീയമായ ആ തിരുത്തലിനു സാക്ഷിയായ തണുത്ത രാത്രിയെ ഓർത്ത് അഭിമാനത്താൽ ചിത്ര കരയുന്നതു ഞാൻ കണ്ടു, പലതവണ.

മഞ്ഞുകാലം എത്ര കഠിനമാണെങ്കിൽ കൂടിയും എല്ലാ ഡിസംബറിലും ചുല്ല്യാറ്റിനെ കാണാൻ അവൾ ഡൽഹിയിലേക്കു വിമാനം കയറി.

കരയിൽ പിടിച്ചിട്ട മൽസ്യത്തെപ്പോലെ പാർക്കിൻസൺസ് അദ്ദേഹത്തെ കിടക്കയിലിട്ടു കുടയുന്നതു കണ്ടു നിൽക്കാനാവാത്തതു കൊണ്ടാവണം കഴിഞ്ഞ വർഷത്തോടെ ചിത്ര ആ പതിവു സന്ദർശനം അവസാനിപ്പിച്ചു. ഇടവിട്ടു വരുന്ന പനിയും കുടിയൊഴിഞ്ഞുപോയ ഓർമകൾ ബാക്കിവെച്ച കടുത്ത ശൂന്യതയും നിസ്സഹായതയുമൊക്കെയുണ്ടെങ്കിലും ഒരു നീലപ്പെൻസിൽ തലയിണയ്ക്കടിയിൽ സ്ഥിരമായി സൂക്ഷിക്കാനുള്ള ശേഷി ഇപ്പോഴും അദ്ദേഹത്തിൽ ബാക്കിയുണ്ടെന്നു സുഹറ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് ചിത്ര എനിക്കു ഷെയർ ചെയ്തുതന്നു.

സ്വന്തമായി ട്രാവൽ ഏജൻസി നടത്തുന്ന ഒരു കൂട്ടുകാരനെ വിളിച്ച് കൊച്ചച്ഛൻ അയോധ്യയിലേക്ക് ഒരു എ.സി ബസ് ഏർപ്പാടാക്കി. ഫൈസാബാദിലെ വെജിറ്റേറിയൻ ഹോട്ടലിൽ നിന്നു ഞങ്ങൾ ആലു പൊറോട്ടയും തൈരും അച്ചാറും കഴിച്ചു. അതിലെ എരിവു കാരണം സിദ്ധാർത്ഥിന്റെ കണ്ണിൽനിന്നും മൂക്കിൽനിന്നും വെള്ളം വന്നു.

ഞാനതു കർച്ചീഫ് കൊണ്ട് തുടച്ചുകൊടുത്തു.

തണുപ്പു കാലമാണെങ്കിലും സരയൂ നദിക്കരയിലെ വെയിലിനു പതിനൊന്നു മണിയായപ്പോഴേക്കും ചൂടുപിടിച്ചു തുടങ്ങി. അയോധ്യയ്ക്കു പൊതുവേ നീണ്ട വേനൽക്കാലമാണുള്ളത്. കൂടെ പൊടിക്കാറ്റും. നദിയിലേക്കിറങ്ങുമ്പോൾ നാരായണമ്മാവനും ശോഭമ്മായിയും അധ്യാത്മരാമായണത്തിൽ അയോധ്യയെക്കുറിച്ച് പറയുന്ന ചില ഭാഗങ്ങളൊക്കെ എടുത്തു ചൊല്ലാൻ തുടങ്ങി.

"വിധവകളില്ലാത്ത, സ്ത്രീകളെ അപമാനിക്കാത്ത, ഇന്ദ്രിയ നിഗ്രഹം നടത്തിയ, രോഗപീഡകളില്ലാത്ത, അന്യന്റെ മുതൽ ആഗ്രഹിക്കാത്ത, ശത്രുഭയവും ബാലമരണങ്ങളുമില്ലാത്ത, ധാരാളമായി മഴപെയ്യുന്നതു മൂലം സസ്യപരിപൂർണയായി മേവുന്ന പഴയ കോസലത്തെപ്പറ്റി ആവോളം പുകഴ്ത്തിപ്പാടി ശോഭമ്മായി സരയുവിനെ കൈക്കുമ്പിളിൽ കോരിയെടുത്തു മൂർദ്ധാവിൽ കാണിച്ച് തീർഥം പോലെ കുടിച്ചു. എന്തുകൊണ്ടാണെന്നറിയില്ല എനിക്കു പെട്ടെന്നു ചിരിവന്നു. വായ പൊത്തിപ്പിടിച്ചിട്ടും ചിരി നിയന്ത്രിക്കാനാവാതെ ഞാൻ കുറേനേരം ഒരു മരത്തിനടിയിലേക്കു മാറിനിന്നു.

തൊട്ടപ്പുറത്തെ വലിയ ഫ്ളക്സിൽനിന്ന്​ യോഗി ആദിത്യനാഥ് എന്നെ സൂക്ഷിച്ചു നോക്കുന്നതു ഞാൻ കണ്ടു.

ഉത്തരേന്ത്യയിൽ പലസ്ഥലത്തും കറങ്ങിനടന്നിട്ടുണ്ടെങ്കിലും അയോധ്യയിൽ വരുന്നത് ആദ്യമായിട്ടാണ്. തെരുവിലേക്കിറങ്ങിയതും അവിടത്തെ കടകളിൽ നിരത്തിവെച്ച മഞ്ഞ ജിലേബിയിൽ ഈച്ചകൾ വന്നുപൊതിയുന്നതുപോലെ കുറേ ചെറുപ്പക്കാർ ഞങ്ങൾക്കു ചുറ്റും കൂടി. അവർ എല്ലാവരും അവകാശപ്പെടുന്നതു സർക്കാർ അംഗീകാരമുള്ള ഗൈഡുകൾ ആണെന്നാണ്. നൂറു രൂപ കൊടുത്താൽ ബാലഹനുമാന്റെ കോട്ടയും കനക് ഭവനും വിജയരാഘവ്ജി ക്ഷേത്രവും കാമുകിയായ നാഗകന്യകയ്ക്കു കുശൻ സമ്മാനമായിക്കൊടുത്ത നാഗേശ്വർനാഥ് ക്ഷേത്രവും ദശരഥന്റെ വീടും സീതാ കി റസോയിയും കാണിച്ചു തരാമെന്നു പറഞ്ഞു. അതിനിടയിൽ ഒരുത്തൻ നൂറു രൂപ പെട്ടെന്ന് അമ്പതാക്കി കുറച്ചു. കൊച്ചച്ഛൻ ബന്ധുക്കളേയും കൂട്ടി അവന്റെ പിന്നാലെ രാമജന്മഭൂമിയുടെ പ്രധാന കവാടത്തിലേക്കു നീങ്ങി.

മുന്നിൽ കാണുന്നതിനെപ്പറ്റിയൊക്കെ ഓരോന്നു ചോദിച്ചുകൊണ്ട് സിദ്ധാർത്ഥ് എന്റെ കൂടെ നടന്നു. കഥ കേൾക്കാൻ അവന്​ നല്ല ഇഷ്ടമാണ്.

നിറം മങ്ങിയ ഉടുപ്പുകളും എല്ലിച്ച ശരീരവും പൂജാദ്രവ്യങ്ങളുമായി പലതായി പിരിഞ്ഞ് എങ്ങോട്ടെന്നില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ടത്തെ നോക്കി ഞാൻ എന്നോടുതന്നെ ചോദിച്ചു; എന്താണ് ആരും ചിരിക്കാത്തത്.

യു.പിയുടെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന ദളിതരും കർഷകരുമായിരുന്നു അധികം പേരും. ഉയർന്ന ജാതിക്കാരന്റെ ബൈക്കിൽ ഒന്നു തൊട്ടുപോയതിന്, അവരുടെ തൊടിയിലെ ഒരു പൂവു പൊട്ടിച്ചതിന്, യജമാനൻ വണ്ടിയിൽ വന്നപ്പോൾ എണീറ്റു നിൽക്കാത്തതിന്, നല്ല കുപ്പായമിട്ടുപോയതിന്, ചിത്രപ്പണി ചെയ്ത ഒരു തുകൽ ഷൂസ് ധരിച്ചതിന്, ഇങ്ങനെയൊക്കെയുള്ള "പൊറുക്കാൻ പറ്റാത്ത' കുറ്റങ്ങൾ ചെയ്തു തല്ലു വാങ്ങിയും മൂത്രം കുടിച്ചും മടുത്തപ്പോൾ തുച്ഛമായ വരുമാനത്തിൽനിന്നു മിച്ചം പിടിച്ചു രാമനരികിൽ ഇവർ എത്തിയിരിക്കുന്നത് എന്ത് ആവശ്യപ്പെടാനായിരിക്കും? വേറൊന്നിനുമായിരിക്കില്ല. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവർക്കൊന്നു ചിരിക്കണം. മനസ്സുതുറന്നു സന്തോഷിക്കണം.
കയ്യിലുള്ളതെല്ലാം രാമനു മുമ്പിൽ വെച്ച്, നെഞ്ചു തുറന്നു കാണിച്ചുകൊണ്ടു പ്രാർഥിക്കണം. "രാമാ, പ്രജാവത്സല... ഈ ആയുസ്സിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം... അതെങ്കിലും ഞങ്ങൾക്കു നൽകൂ രാമാ...'

പള്ളി നിന്നിരുന്ന സ്ഥലത്തു താൽക്കാലികമായി നിർമിച്ച ഷെഡ്ഡിലാണു രാമൻ. കുറേക്കൊല്ലങ്ങളായി അങ്ങനെയാണ്.

കവാടത്തിൽ നിർത്തി പൊലീസുകാർ സന്ദർശകരുടെ മേലാസകലം അരിച്ചു പെറുക്കുകയാണ്. ക്യൂവിനു നല്ല നീളമുണ്ട്.

""അങ്കിൾ നോക്ക്'', രസകരമായ എന്തോ സംഗതി കണ്ടപോലെ സിദ്ധാർത്ഥ് എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.

അവന്റെ ചെന്നിയിലെ നനുത്ത രോമങ്ങളിലൂടെ വെയിൽ ഒരു വിയർപ്പുതുള്ളിയെ ഉരുട്ടി താഴേക്കു കൊണ്ടുവരുന്നതു ഞാൻ കണ്ടു.

"എന്താടാ' ഞാൻ ചോദിച്ചു.

അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കു നോക്കിയപ്പോൾ കട്ടിയിൽ വളർത്തിയ മീശയുടെ അറ്റം കൊമ്പുപോലെ പിരിച്ചുവെച്ച രണ്ട് ഓഫീസർമാരുടെ നേതൃത്വത്തിൽ കുറേ പൊലീസുകാർ കവണയുമായി കുരങ്ങന്മാരെ നേരിടുകയാണ്. മധുരപലഹാരങ്ങൾ അടങ്ങിയ നൈവേദ്യം ലക്ഷ്യമാക്കി ഭക്തരുടെ കൈകളിലേക്കു കുതിച്ചെത്തുന്ന വാനരസംഘത്തിനു നേരെ കവണയിൽ കല്ലു വെച്ച് എയ്തു വിടുകയാണവർ. ഏറു കൊണ്ടു ചിലത് ഉറക്കെ നിലവിളിച്ചു. പരിചയമ്പന്നരായ കുറേയെണ്ണം ആക്രമണത്തിൽനിന്നു വിദഗ്ധമായി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. ഒരുകാലത്ത് ഇതിനെയൊക്കെ നേരിട്ടു കുറേയേറെ മുറിവുകൾ ഏറ്റുവാങ്ങിയ പ്രായമായ ആളുകൾ കെട്ടിടങ്ങളുടെ മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് താഴെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ നിസ്സംഗമായി നോക്കുന്നതു ഞാൻ കണ്ടു.

ഇതിൽ സുഗ്രീവനും ബാലിയും ജാംബവാനുമൊക്കെയുണ്ടാകുമോ?

""അങ്കിൾ... അങ്കിൾ ,വാനരന്മാർ രാമന്റെ ഫ്രണ്ട്സല്ലേ. പിന്നെന്തിനാണു പൊലീസുകാർ ഇവരെ ഉപദ്രവിക്കുന്നത്?'' സിദ്ധാർത്ഥൻ ചോദിച്ചു.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും മധ്യഭാരതത്തിലെ ആദിവാസി ഗോത്രങ്ങൾക്കു നേരെ ആര്യന്മാർ നടത്തിയ പോക്രിത്തരത്തിന്റെ തുടർച്ചയാണിതെന്നുമൊക്കെ പത്തുവയസ്സുകാരനായ കുഞ്ഞിനോടു പറഞ്ഞാൽ മനസ്സിലാകുമോ? ആദ്യം ഒരു വിഷമമൊക്കെ തോന്നി അൽപനേരം മിണ്ടാതെനിന്നുവെങ്കിലും പൊലീസുകാരുടെ ഉത്സാഹത്തിൽ വേഗംതന്നെ അവനും പങ്കുചേർന്നു.

""ദാ അവിടെ ഒരുത്തി... ആ ബാരിക്കേഡിന്റെ മേളിരുന്ന് ഒരുത്തൻ സാറിനെ നോക്കി ചന്തി ചൊറിയുന്നതു കാണുന്നില്ലേ? അവന്റെ തലയ്ക്ക് ഒരെണ്ണം കൊടുക്ക്. താഴെയിട്'' എന്നൊക്കെ അവൻ പൊലീസ് ഓഫിസറുടെ മുഖത്തെ കാർക്കശ്യം വകവെയ്ക്കാതെ ഹിന്ദിയിൽ ഉറക്കെ വിളിച്ചു പറയുന്നതു കേട്ട് എല്ലാവരും ചിരിച്ചു. ഓഫീസർ വാത്സല്യത്തോടെ അവനെ അടുത്തേക്കു വിളിച്ചു. "കവണ വേണോ' എന്ന് ആംഗ്യഭാഷയിൽ ചോദിച്ചു.

അവൻ എന്നെ വിട്ടു പൊലീസുകാരുടെ അരികിലേക്ക് ഓടിപ്പോയി. കവണയിൽ കല്ല് വെച്ച് അതെങ്ങനെ ഒരു ആയുധമാക്കി മറ്റുള്ളവർക്കു നേരെ പ്രയോഗിക്കാമെന്ന് ഓഫീസർ സിദ്ധാർത്ഥിനു കാണിച്ച് കൊടുത്തു. കുറച്ചുനേരം കൊണ്ട് അവനതൊക്കെ പഠിച്ചെടുത്തു. റബ്ബർ ചരടിൽ കൊരുത്ത വീതികൂടിയ തുകൽ കഷ്ണത്തിനകത്തു കല്ല് പൊതിഞ്ഞുവെച്ച് ഇടതുകാൽ മണ്ണിൽകുത്തി വലതുതോൾ പിന്നോട്ടു തള്ളി കുരങ്ങുകൾക്കു നേരെ ഉന്നം പിടിച്ചുകൊണ്ടുള്ള അവന്റെ പ്രൗഢഗംഭീരമായ ആ നിൽപു കണ്ടപ്പോൾ തന്നെ അനുസരിക്കാത്ത കടലിനു നേരെ കുലച്ചവില്ലുമായി കലി പൂണ്ടുനിൽക്കുന്ന ശ്രീരാമനെയാണ് എനിക്കോർമ്മ വന്നത്.

ഓഫീസർ അവിടെക്കിടന്ന പഴയ കവണയെടുത്ത് സിദ്ധാർത്ഥനുകൊടുത്തു. അവന്റെ അക്രമണോത്സുകതയെ പ്രശംസിക്കുംപോലെ പുറത്തുതട്ടി യാത്രയാക്കി.
പട്ടാളക്കാർ ഉയർത്തിയ കൂറ്റൻ കമ്പിവേലികൾക്കും വാനരന്മാരുടെ വിശപ്പിനുമിടയിലൂടെ നടന്നു ഞങ്ങൾ രാമനെ കണ്ടു. പുറത്തിറങ്ങി.

"ഇനിയുമുണ്ട് ഒത്തിരി കാണാനെന്നും പറഞ്ഞ് കൊച്ചച്ഛൻ യന്ത്രത്തോക്കുകളുമായി നിൽക്കുന്ന കരിംപൂച്ചകളെ കടന്നു ധൃതിയിൽ രാംകഥാ കുഞ്ചിനു നേരെ നീങ്ങി. ക്ഷേത്രം വരുമ്പോൾ സ്ഥാപിക്കാനുള്ള നൂറോളം ശില്പങ്ങളാണ് അവിടെ ഉണ്ടാക്കാൻപോകുന്നത്. ക്ഷേത്രനിർമാണത്തിനായി വർഷങ്ങൾക്കുമുമ്പു കൊത്തി റെഡിയാക്കി വെച്ച കരിങ്കൽതൂണുകൾ വേറെ. എല്ലാറ്റിനുംപുറമേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു പൂജിച്ചു കൊണ്ടുവന്ന ഇഷ്ടികക്കൂമ്പാരങ്ങൾ!
കാരാക്കോട്ടെ കണ്ടത്തിൽനിന്നും താൻ മുറിച്ചെടുത്ത ഇഷ്ടിക ഒരു കേടുംകൂടാതെ അതുപോലെ അതിനകത്തുണ്ടെന്ന് കൊച്ചച്ഛൻ പറഞ്ഞത് കേട്ട് എല്ലാവരും ആവേശഭരിതരായി.

""ഒന്നും രണ്ടുമല്ല ആയിരം കോടിയാണു നിർമാണച്ചെലവ്''കൊച്ചച്ഛൻ പറഞ്ഞു.

""ഇതൊക്കെ കുറച്ചു ഞങ്ങൾക്കും അറിയാം മനോഹരേട്ടാ,''രാംദാസ് കൊച്ചച്ഛനെ കളിയാക്കി.

നടത്തത്തിനിടയിൽ ഞാനും സിദ്ധാർത്ഥും പിറകിലായി. വിചാരിക്കാതെ കൈവന്ന ആയുധത്തിലായിരുന്നു അവന്റെ ശ്രദ്ധയത്രയും.

""എടാ പഴയകാലത്തെ എ.കെ ഫോർട്ടിസെവനാണിത്''ഞാൻ പറഞ്ഞു.

അവൻ എന്നെ നോക്കാതെ അതിന്റെ മരപ്പിടിയിൽ തടവിക്കൊണ്ടിരുന്നു.

പെട്ടെന്നു തകരക്കാടുകൾക്കകത്തുനിന്നും കൈനീട്ടിക്കൊണ്ട് ഒരു കുട്ടി ഇറങ്ങി ഞങ്ങൾക്കു പിന്നാലെ വന്നു.

ജനിച്ചതിനുശേഷം വെള്ളം കാണാത്ത അവന്റെ തൊലിക്കും തലമുടിക്കും ചെമ്പിന്റെ നിറമായിരുന്നു. കീറിയ ഒരു ട്രൗസർ അരയിൽ കെട്ടിവെച്ചിട്ടുണ്ട്. ഒരു മരത്തിനടിയിലെങ്ങാനും അവനെ കണ്ടാൽ ചിലപ്പൊ കുരങ്ങാണോ എന്നുപോലും സംശയം തോന്നിയേക്കാം. താഴോട്ട് ഒലിച്ച മൂക്കിള ചുണ്ടിനുമേൽ ഉണങ്ങി പൊറ്റകെട്ടിക്കിടക്കുന്നു.

ശ്വാസമെടുക്കുമ്പോൾ അവന്റെ വാരിയെല്ലുകൾ ശരിക്കും കാണാം.
ഞാൻ തകരക്കാട്ടിനകത്തേക്കു നോക്കി.

അതിനകത്ത് കുറേ ആളുകൾ ഉണ്ട്. പിന്നെ തെരുവുനായ്ക്കളും. വഴിയാത്രക്കാർക്കു പോലും കാണാൻ പറ്റാത്തവണ്ണം ഒരു മാളത്തിനകത്തെന്നപോലെ ഒളിച്ചിരിക്കുകയാണവർ.

എന്തിന്?
ആരാണിവർ?
എവിടെനിന്നു വരുന്നു? ക്ഷേത്രം വരുന്നതോടെ ഇപ്പോഴുള്ള ഈ തകരക്കാടുകളും അവർക്കു നഷ്ടമാകുമോ?
പയ്യനിപ്പോഴും ഞങ്ങൾക്കു പിറകേയുണ്ട്. അവൻ ഒന്നും സംസാരിക്കുന്നില്ല. ചിലപ്പോൾ അവന്റെ ഭാഷ ഹിന്ദി പോലും ആയിരിക്കില്ല. അവാധി പോലെ, സബുൻഡേലി*1 പോലെ മെറ്റെന്തെങ്കിലുമായിരിക്കും.

എന്റെ പോക്കറ്റിലാണെങ്കിൽ അഞ്ഞൂറു രൂപയല്ലാതെ വേറെ ചില്ലറയൊന്നുമില്ല. അതൊന്നും പറഞ്ഞാൽ അവന്റെ തലയിൽ കയറുന്ന ലക്ഷണമില്ല.
ഏതാണ്ട് അര കിലോമീറ്റർ നടന്നതും കവണയിൽ ഒരു കല്ല് എടുത്തുവെച്ച് സിദ്ധാർത്ഥൻ ദേഷ്യത്തോടെ പയ്യനു നേരെ തിരിഞ്ഞ് അലറുംപോലെ ചോദിച്ചു:
""യേ... സാല സമഛ് മേ നെഹി ആത്താ?''

കവണ കണ്ടതും അപ്രതീക്ഷിതമായി മരണത്തിന്റെ ചൂണ്ടയിൽപെട്ടതുപോലെ അവനിൽനിന്നു വലിയൊരു നിലവിളി പുറത്തേക്കു ചാടി. അവനിൽ ബാക്കിയുണ്ടായിരുന്നത് ആ നിലവിളി മാത്രമായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ശരീരത്തേക്കാൾ ഉപരി ജീവിക്കുന്ന ഒരു നിലവിളിമാത്രമായിരുന്നു അവനെന്നും പറയാം. സിദ്ധാർത്ഥ് കവണ വലിക്കും മുമ്പ് അവൻ ഓടി തൊട്ടുത്തുള്ള തകരക്കാടുകൾക്കുള്ളിലേക്കു മറഞ്ഞു.

ഞാൻ നോക്കി... കനത്ത ചൂടിൽ അനങ്ങാതെ തലകുമ്പിട്ട്, മയക്കം പിടിച്ചു നിൽക്കുന്ന തകരച്ചെടികൾ. അതിലൊന്നായി എവിടെയെങ്കിലും അവനുമുണ്ടാകും. കയ്യെത്തും ദൂരത്തു വെച്ച് ഒരു ഇര വഴുതിപ്പോയതിന്റെ ദേഷ്യം തീർക്കാൻ സിദ്ധാർത്ഥൻ കവണയിലിരിക്കുന്ന കൈ ഉറക്കെക്കുടഞ്ഞു.

അരുതെന്നു തടയും മുമ്പ് അവൻ ഒന്നുകൂടി തെറ്റാലി*2 കുലച്ചു. അതിൽനിന്ന് ഒരു കല്ല് വെടിയുണ്ടപോലെ എന്റെ ചെവിടയച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ പാഞ്ഞുപോയി. തകരക്കാടുകളുടെ എതിർവശത്തെ ചിതലരിച്ചു തുടങ്ങിയ കെട്ടിടങ്ങളുടെ പ്രാചീനമായ നിഴലുകൾക്കകത്ത് എവിടെനിന്നോ... "യാ... അള്ളാ..' എന്നൊരു നിലവിളി ഞാൻ കേട്ടു.

കൊച്ചച്ഛനോടൊപ്പമെത്താൻ സിദ്ധാർത്ഥന്റെ കയ്യും പിടിച്ച് ഞാൻ ഓടി; തിരിഞ്ഞു നോക്കാതെ.

* 1. ഗോത്ര ഭാഷ
*2. കവണ


സന്തോഷ് ഏച്ചിക്കാനം

കഥാകൃത്ത്, തിരക്കഥാകൃത്ത്. കൊമാല, ശ്വാസം, ബിരിയാണി തുടങ്ങിയവ പ്രധാന കൃതികൾ. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപസ്, ആണും പെണ്ണും എന്ന ആന്തോളജിയിലെ സാവിത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.

Comments