truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
 kp.jpg

Police Brutality

ബ്രിട്ടീഷ് പൊലീസില്‍ നിന്ന്
ഇതുവരെ നിയമസ്വാതന്ത്ര്യം കിട്ടാത്ത
കേരള പൊലീസ്

ബ്രിട്ടീഷ് പൊലീസില്‍ നിന്ന് ഇതുവരെ നിയമസ്വാതന്ത്ര്യം കിട്ടാത്ത കേരള പൊലീസ്

പരമാവധി നികുതി വരുമാനം ഉണ്ടാക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിനെയും അവരുടെ ഉദ്യോഗസ്ഥരെയും സഹായിക്കുക എന്നത് മാത്രമായിരുന്നു ഇംപീരിയല്‍ പൊലീസിന്റെ ലക്ഷ്യം. സാധാരണക്കാരുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷയോ, അവകാശലംഘനങ്ങളോ നീതിനിഷേധങ്ങളോ ഒന്നും ഇംപീരിയല്‍ പൊലീസിനെ സംബന്ധിച്ച് കാര്യമായ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. 1861 ല്‍ ബ്രിട്ടന്‍ അവരുടെ പാര്‍ലമെന്റില്‍ പാസാക്കിയ ഇന്ത്യന്‍ കൗണ്‍സില്‍സ് നിയമത്തെ അടിസ്ഥാനമാക്കിയാണ് കേരളവും നിയമ നിര്‍മ്മാണം നടത്തിയിട്ടുള്ളത്.

23 Oct 2022, 03:26 PM

അഡ്വ. ഷഹീൻ പിലാക്കൽ

“എല്ലാം മുൻപ് പറഞ്ഞിട്ടുണ്ട് പക്ഷേ ആരും കേൾക്കുന്നില്ല നമ്മൾ വീണ്ടും തുടങ്ങേണ്ടതുണ്ട്” എന്ന ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ആന്ദ്രേ ഗൈഡിന്റെ  ഉദ്ധരണിയോടു കൂടിയാണ് മളീമഠ് കമ്മറ്റി റിപ്പോർട്ട് തുടങ്ങുന്നത്.

ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണത്തിന്റെ സാധ്യതകളെപ്പറ്റി പഠിക്കാനാണ് രണ്ടായിരത്തിൽ എൻ.ഡി.എ. സർക്കാർ കർണാടകയിലും കേരള ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് മളീമഠിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. 2003 ൽ അന്നത്തെ ഉപ-പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ എൽ.കെ. അദ്വാനിക്കു മുൻപാകെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ഇത്തരം ഒരു കമ്മിറ്റി നിയോഗിക്കപ്പെടാനുണ്ടായ സാഹചര്യത്തെപ്പറ്റി കമ്മിറ്റി റിപ്പോർട്ടിന്റെ പന്ത്രണ്ടാമത്തെ പേജിൽ ഇങ്ങനെയാണ് വിലയിരുത്തുന്നത്:   “കമ്മിറ്റി നിയോഗിക്കപ്പെട്ട നോട്ടിഫിക്കേഷനിൽ കമ്മിറ്റി നിയോഗിക്കപ്പെടാൻ ഉണ്ടായ കാരണത്തെക്കുറിച്ച് വിശദമായി ഒന്നും പറയുന്നില്ല.'' ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പരിഷ്കരിക്കുക എന്ന ഒറ്റവാചകം മാത്രമേ നോട്ടിഫിക്കേഷനിൽ പറയുന്നുള്ളൂ. ഇതുതന്നെ നിലവിൽ ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥ വളരെ മോശം അവസ്ഥയിലാണ് എന്നുള്ളതിന്റെ തെളിവാണ്. ഒരു മുൻ ചീഫ് ജസ്റ്റിസ് ഒരു പതിറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥ തകരാൻ പോവുകയാണെന്ന് മുന്നറിയിപ്പ് തന്നിരുന്നു. വലിയ രീതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നതും കേസുകൾ തീർപ്പാക്കാൻ കാലതാമസം വരുന്നതും ആണ് ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പ്രധാന രണ്ടു പ്രശ്നങ്ങൾ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മാത്രമല്ല കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ ലഭിക്കുന്ന തോത് വളരെ കുറവുമാണ്. ഇത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. വന്യവും സംഘടിതവുമായ കുറ്റകൃത്യങ്ങൾ ഇന്ന് സാമൂഹ്യക്രമം ആയി മാറിയിരിക്കുന്നു. ശിക്ഷിക്കപ്പെടാൻ ഉള്ള സാഹചര്യം വളരെ കുറവാണെന്നിരിക്കെ, കുറ്റം ചെയ്യുക എന്നത് ലാഭകരമായ ഒരു കച്ചവടം ആയിരിക്കുന്നു. ജീവിതം വളരെ അരക്ഷിതത്വത്തിലും ജനങ്ങൾ നിതാന്ത ഭീതിയിലും ആണ്. ക്രമസമാധാനം ശുഷ്കമായിരിക്കുകയും സാധാരണ പൗരന്മാർക്ക് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

മുകളിൽ ഉദ്ധരിക്കപ്പെട്ടത് കേവല വൈകാരികതയിലുള്ള ഒരു സാധാരണക്കാരന്റെ വാക്കുകളല്ല. മറിച്ച് വർഷങ്ങളോളം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും മനുഷ്യാവകാശ കമ്മീഷനുകളുടെയും ഉയർന്ന തലങ്ങളിൽ സേവനമനുഷ്ഠിച്ചവരുൾപ്പെട്ട ഉത്തരവാദിത്തപ്പെട്ട ഒരു കമ്മിറ്റിയുടെ ആധികാരികമായ അഭിപ്രായമാണ്. 

മളീമഠ്
ജസ്റ്റിസ് മളീമഠ് 

പൊലീസ് ക്രൂരതകളും കടന്നുകയറ്റങ്ങളും മർദ്ദനങ്ങളും പൊലീസിനുള്ളിലെ അഴിമതികളും ഈ രാജ്യത്ത് നിരന്തരമായി നടക്കുന്നുണ്ടെങ്കിൽ പോലും, ഏതെങ്കിലും ഒരു പത്രമാധ്യമം ഇത്തരം വിഷയം പുറത്തുകൊണ്ടുവരുമ്പോൾ മാത്രം ഒന്നോ രണ്ടോ ദിവസമോ,  കൂടി വന്നാൽ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നതു വരെയോ വിവാദങ്ങളും ചർച്ചകളും നിലനിൽക്കുന്നു. പിന്നീട് മറ്റെല്ലാ വിവാദങ്ങളെയും പോലെ അതും കെട്ടടങ്ങുന്നു. യഥാർഥത്തിൽ എന്താണ് കാരണമെന്ന് അറിയാനോ, അന്വേഷിക്കാനോ ഉത്തരവാദിത്തപ്പെട്ടവർക്കോ പത്രമാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ താല്പര്യം ഉണ്ടാകുന്നില്ല. ഇതുതന്നെയാണ് ബ്രിട്ടീഷ് കോളനി ഭരണ കാലത്ത് പാവപ്പെട്ട കർഷകരെയും തൊഴിലാളികളെയും പിഴിഞ്ഞ് നികുതി പിരിക്കാൻ ഏർപ്പാടാക്കിയ പൊലീസ് സംവിധാനത്തിന്റെ  മാനസിക നിലവാരത്തിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നും വരാതിരിക്കാനുള്ള പ്രധാന കാരണം. 

ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ അന്വേഷണം, വിചാരണ, ശിക്ഷാനടപടികൾ തുടങ്ങിയവയെക്കുറിച്ചും ഇന്ത്യൻ ശിക്ഷാനിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടിക്രമം തുടങ്ങിയവയെകുറിച്ചുമെല്ലാം സമൂലമായും വിമർശനാത്മകമായും പഠനം നടത്തിയിട്ടുള്ളത് ഒരു പക്ഷേ മളീമഠ് കമ്മിറ്റി ആയിരിക്കണം. എന്തായാലും കമ്മിറ്റിയുടെ 158 ഓളം വരുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ പലതും വിവാദങ്ങൾക്കു കാരണമായെങ്കിലും കാര്യമാത്ര പ്രസക്തമായ പല നിർദ്ദേശങ്ങളും പരിഗണിക്കപ്പെടാതെ നിൽക്കുന്നു.

ALSO READ

പിണറായി വിജയന്‍ നീതിയെക്കുറിച്ച് ഇനി വാചകമടിക്കരുത്, 'സിവില്‍ സര്‍‌വീസ് മനുസ്മൃതി' നിയമമാക്കൂ...

പൊലീസിങ് എന്നത് ഭരണഘടനാപരമായി സ്റ്റേറ്റ് ലിസ്റ്റിൽ പെട്ടതാണ്. അതാത് സംസ്ഥാന സർക്കാരുകൾക്ക് പൊലീസിങ്ങുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താം എന്നിരിക്കെ,  കേരളമടക്കം വരുന്ന മുഴുവൻ സംസ്ഥാനങ്ങളും നിയമ നിർമ്മാണം നടത്തിയിട്ടുള്ളത് ഒരു കോളനിക്ക് വേണ്ടി അധിനിവേശ രാഷ്ട്രമായ ബ്രിട്ടൻ അവരുടെ പാർലമെന്റിൽ പാസാക്കിയ 1861 ലെ ഇന്ത്യൻ കൗൺസിൽസ് നിയമത്തെ കേന്ദ്രീകരിച്ചു മാത്രമാണ്. അന്ന് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ നിന്നും പരമാവധി വരുമാനം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ജില്ലയുടെ ആസ്ഥാനത്ത് അവർ കളക്ടറെ ചുമതലപ്പെടുത്തിയത് നികുതി പിരിക്കുക, വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. "കളക്ടർ' എന്ന ഇംഗ്ലീഷ് പദത്തിൻറെ മലയാളം "പിരിവുകാരൻ' എന്നതാണ്. പരമാവധി നികുതി വരുമാനം ഉണ്ടാക്കുന്നതിന് കൊളോണിയൽ സർക്കാരിനെയും അവരുടെ ഉദ്യോഗസ്ഥരെയും സഹായിക്കുക എന്നത് മാത്രമായിരുന്നു ഇംപീരിയൽ പൊലീസിന്റെ ലക്ഷ്യം. സാധാരണക്കാരുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷയോ, അവകാശലംഘനങ്ങളോ നീതിനിഷേധങ്ങളോ ഒന്നും ഇംപീരിയൽ പൊലീസിനെ സംബന്ധിച്ച് കാര്യമായ പ്രശ്നങ്ങൾ ആയിരുന്നില്ല. കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കൊളോണിയൽ ഭരണത്തിന് അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഘട്ടം വരുമ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടിരുന്നത്. 

police_3.jpg

ആദ്യകാലഘട്ടങ്ങളിൽ ഇംപീരിയൽ പൊലീസിൽ ഇന്ത്യക്കാർക്ക് നിയമനം നിഷേധിച്ചിരുന്നു. പിന്നീട് വന്ന വ്യത്യസ്തമായ നിയമ പരിഷ്കരണങ്ങളിലൂടെയാണ് പൊലീസ് സർവീസിലേക്ക് ഇന്ത്യക്കാർക്ക് അനുമതി ലഭിക്കുന്നത്. നമ്മുടെ രാജ്യം സ്വതന്ത്രമായി ഏഴ് പതിറ്റാണ്ട് പിന്നിട്ടപ്പോഴും നമ്മൾ മുന്നോട്ടുവെയ്ക്കുന്ന പൊലീസിങ് പഴയ കോളനി ഭരണ കാലത്തിൻറെ പ്രേതബാധയുള്ളതാണ്. പൗരന്മാരെ ആദരിക്കുന്ന, മനുഷ്യാവകാശങ്ങളെ പരമപ്രധാനമായി കാണുന്ന, വ്യക്തികളുടെ സ്വകാര്യതയെയും, സ്വാതന്ത്ര്യത്തെയും മാനിക്കുന്ന, ഒരു പരിഷ്കൃത ജനാധിപത്യ രാജ്യത്തിന് ആവശ്യമായ പൊലീസിങ്ങിലേക്ക് നമ്മൾ ഇപ്പോഴും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട്.

മളീമഠ് കമ്മിറ്റി റിപ്പോർട്ടിലെ പതിനഞ്ചാമത്തെ നിർദ്ദേശം, അന്വേഷണ വിഭാഗത്തെ ക്രമസമാധാന വിഭാഗത്തിൽ നിന്നും വേർപെടുത്തി സ്വതന്ത്രമായ ഒരു വിഭാഗം ആക്കി നിർത്തണമെന്നതായിരുന്നു. എന്നാൽ വളരെ ചുരുക്കം ചില സംസ്ഥാനങ്ങൾ ഒഴികെ മറ്റാരും ഈ നിർദ്ദേശത്തെ കാര്യമായി പരിഗണിച്ചിട്ടില്ല കേരളത്തിൽ പോലും സ്ഥിതിഗതികൾ മറിച്ചല്ല.  ഒരു സർക്കാറിന് ഭരണത്തുടർച്ച ഉണ്ടായിട്ടു കൂടി പൊലീസിൽ കാര്യമായ പരിഷ്കരണങ്ങൾ നടന്നിട്ടില്ല. ഇപ്പോഴും ആളുകളെ അധികാരം കാട്ടിയും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തി നിർത്തുകയാണ് തങ്ങളെ സർക്കാർ ഏൽപ്പിച്ച പണി എന്ന മട്ടിൽ പണിയെടുക്കുന്നവരാണ് പൊലീസിൽ അധികവും.

ALSO READ

ഇടതുനേതാക്കളേ, ഇടികൊണ്ട് തുപ്പിയ അവരുടെ ചോര നിങ്ങളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ട്

അടിസ്ഥാന വിദ്യാഭ്യാസം മാത്രം യോഗ്യതയുള്ളവർക്ക്‌, മത്സരപ്പരീക്ഷക്കുള്ള ഒറ്റവാക്കിൽ  ഉത്തരം അറിയുക, നിർദ്ദേശിക്കപ്പെട്ട കായിക ക്ഷമത ഉണ്ടാവുക എന്നീ കാര്യങ്ങൾ മാത്രം മതി പൊലീസിൽ ജോലി ലഭിക്കാൻ. മറിച്ച്,  സമൂഹത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ  മനുഷ്യരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ അവകാശങ്ങളെ കുറിച്ചോ നിയമങ്ങളെ കുറിച്ചോ അവബോധമോ മാനവികതയോ ഉണ്ടാകണമെന്നില്ല. അത്തരം കാര്യങ്ങൾ പരിശോധിക്കാനുള്ള അഭിരുചി പരീക്ഷകൾ നടത്തുന്നുമില്ല. ഇത്തരത്തിൽ നിയമിതനാകുന്ന പൊതുബോധം പേറുന്ന വ്യക്തികളിൽ നിന്നും ഇതില്‍ കൂടുതലായി എന്താണ് പ്രതീക്ഷിക്കാനുള്ളത്?  നിയമനം കിട്ടുന്ന സമയത്ത് ഉള്ള ഉദ്യോഗാർഥിയുടെ മാനസിക നിലവാരം ഒരു വാദത്തിനുവേണ്ടി മാറ്റിവച്ചാൽ പോലും സേനയിൽ നിയമിതനായതിനു ശേഷവും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തരത്തിലേക്കുള്ള ഒരു പൊലീസിനെ പര്യാപ്തമാക്കാൻ തക്ക പരിശീലനവും ലഭിക്കുന്നില്ല. 

2017 ലെ കണക്കുപ്രകാരം ഇന്ത്യയിൽ പൊലീസിലേക്ക് 2.8 ലക്ഷം ആളുകൾ വേണ്ടിടത്ത് വെറും 1.9 ലക്ഷം ആളുകളെ മാത്രമേ നിയമിച്ചിട്ടുള്ളൂ. മുപ്പതു ശതമാനത്തോളം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ഒരു ലക്ഷം ജനങ്ങളുടെ സേവനത്തിന് മിനിമം 222 പൊലീസുകാരെങ്കിലും വേണമെന്നതാണ് ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശം. ഇത്തരത്തിൽ ഒരു അനുപാതം ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണയിച്ചിട്ടുള്ളത്. പല പരിഷ്കൃത രാജ്യങ്ങളിലും 222 നേക്കാൾ കൂടുതലാണ് പൊലീസ് സേനയിലെ ആളുകളുടെ എണ്ണം. എന്നാൽ ഇന്ത്യയിലിത് 181 മാത്രമാണ്. അതായത് പൊലീസ് സേനയുടെ എണ്ണം വളരെ പരിമിതമാണെന്ന് സാരം. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ, ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യാൻ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ നിർബന്ധിതരാകും. അത്തരം സമ്മർദ്ദങ്ങളുടെ പ്രതിഫലനമാണ് പലപ്പോഴും സേനക്കുള്ളിലുള്ളവരോടും പുറത്തുള്ളവരോടും പൊലീസ് ജീവനക്കാർ കാണിക്കുന്നത്. പഠനങ്ങൾ പ്രകാരം ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ താങ്ങാൻ ആകാതെ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക് ഇന്ത്യയിൽ വളരെ കൂടുതലുമാണ്. 

Photo: Shafeeq Thamarassery
Photo: Shafeeq Thamarassery

ജോലിയുടെ സ്വഭാവമനുസരിച്ചു ശാസ്ത്രീയമായ തൊഴിൽ വിഭജനം ഇപ്പോഴും പൊലീസിൽ നടന്നിട്ടില്ല. ക്രമസമാധാന പാലനവും കുറ്റാന്വേഷണവും ഒരേ തരത്തിലുള്ള ജോലികൾ അല്ല. കുറ്റാന്വേഷണത്തിന് അന്വേഷണ ബുദ്ധിയും ശാസ്ത്രീയ നിരീക്ഷണ പാടവവും അനിവാര്യമാണ്. എന്നാൽ വളരെ അവധാനതയോടു കൂടി ചെയ്യേണ്ട ഒരു പ്രക്രിയയെ കാര്യപ്രാപ്തിയില്ലാത്തവർ ചെയ്യേണ്ടി വരുമ്പോൾ വളരെ പെട്ടെന്ന് ജോലി തീർക്കുന്ന സമീപനങ്ങൾ ഉണ്ടാകും. ഒരു കുറ്റം നടന്നാൽ എങ്ങനെയെങ്കിലും അതിനോട് ബന്ധപ്പെട്ട് ഒരു കുറ്റവാളിയെ ഉണ്ടാക്കിയെടുക്കാനാകും അവരുടെ ശ്രമം. അങ്ങനെ കോടതിയിൽ പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ബലപ്രയോഗത്തിലൂടെയും മർദ്ദനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഒരു കുറ്റ സമ്മത മൊഴി ഒപ്പിച്ചെടുക്കുന്നു. പലപ്പോഴും നിരുത്തരവാദപരമായ ഈ സമീപനത്തിലൂടെ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടുന്നു. ഇനി അഥവാ യഥാർഥത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ വിചാരണ കോടതിയിൽ കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ, സാക്ഷി മൊഴികൾ, എന്നിവ ശേഖരിക്കുന്നതിനും അവ യഥാക്രമം കോടതിയിൽ ഹാജരാക്കുന്നതിനും വലിയൊരു വിഭാഗം പൊലീസുകാരും അലംഭാവം കാണിക്കുന്നു. 

സിനിമ പോലെ വളരെ സ്വാധീനമുള്ള മാധ്യമങ്ങൾ പോലും നന്മയുടെ ഭാഗമായി അവതരിപ്പിക്കുന്നത് "ഇടിയൻ' പൊലീസുകാരെയാണ്. കുറ്റം ചെയ്തു എന്ന് ഉറപ്പുണ്ടെങ്കിൽ കുറ്റം സമ്മതിപ്പിക്കാനും തെളിവുകൾ ശേഖരിക്കാനും പ്രതിയെ ഏതറ്റം വരെയും മർദ്ദിക്കുന്നതിൽ തെറ്റില്ല എന്നാണ് പൊലീസിലെയും സമൂഹത്തിലെയും ബഹുഭൂരിപക്ഷവും കരുതുന്നത്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതനെ നിഷ്കളങ്കനായി മാത്രമേ കാണാവൂ എന്ന പൊതു തത്വം ഒന്നും നമ്മുടെ സമൂഹത്തിന് വേണ്ടത്ര മനസ്സിലായിട്ടില്ല. മാത്രമല്ല ഒരു കേസിൽ കുറ്റാരോപിതനാകുന്നത് തന്നെ നമ്മുടെ വ്യവസ്ഥയിൽ ശിക്ഷയുടെ ഭാഗമായാണ് കാണുന്നത്.

ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ നിന്ന്
ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ നിന്ന്

ആയതിനാലാണ് അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നതൊക്കെ വലിയ പാതകമായി നമ്മുടെ മാധ്യമങ്ങളും പൊതു സമൂഹം ഉയർത്തിപ്പിടിക്കുന്നതും. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നെല്ലാം വളരെ ആലങ്കാരികമായി പൊതു സമൂഹം അഭിപ്രായപ്പെടുമെങ്കിലും പ്രായോഗികമായി മനുഷ്യരുടെ സ്വാതന്ത്ര്യത്തെ പറ്റിയോ മൗലികാവകാശങ്ങളെപ്പറ്റിയോ ചിന്തിക്കുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ സാമൂഹ്യ മനസ്ഥിതി എത്തിച്ചേർന്നിട്ടില്ല. ഇന്ത്യൻ സമൂഹം ശിക്ഷകളുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രതികാരവാഞ്‍ഛയിലധിഷ്ഠിതമായ ഗോത്ര ബോധത്തിൽ തന്നെയാണ്. 

ALSO READ

കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പൊലീസില്‍ സ്ഥാനം ഉണ്ടാവില്ല

ഭരണഘടനാപരമായി വ്യക്തി എന്ന നിലക്കും, കുറ്റാരോപിതൻ എന്ന നിലക്കും ലഭിക്കേണ്ടുന്ന അവകാശങ്ങളെ ഹനിച്ചു കൊണ്ടാണ് പല നിയമ നിർമാണങ്ങളും നടന്നു കൊണ്ടിരിക്കുന്നത്. പോസ്‍കോ നിയമം, ദേശീയ സുരക്ഷാ നിയമം, എൻ.ഡി.പി.എസ് നിയമങ്ങൾ, യു.എ.പി.എ തുടങ്ങിയ ഒരു പിടി കരി നിയമങ്ങൾ കൃത്യമായ ഭരണഘടനാ ലംഘനങ്ങളാണ്. ഇത്തരം ഒരു കേസുമായി ബന്ധപ്പെട്ടു പ്രതി ചേർക്കപ്പെട്ടാൽ ഏറ്റവും ചുരുങ്ങിയത് ഒരു മാസമെങ്കിലും തടവിൽ കിടക്കേണ്ടിവരുന്നു. കുറ്റം തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയായി കണക്കാക്കപ്പെടേണ്ടയാളെ കൊടുംകുറ്റവാളികളോടൊപ്പം തടവിലിടുന്നു. അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ഇതൊക്കെ പരിശോധിക്കേണ്ട ഭൂരിഭാഗം കോടതികളും പൊതുബോധത്തിന്റെ മുൻവിധികൾ പേറി വിചാരണ തടവുകാലത്തിന് അവർക്കു തോന്നിയപോലെ കാലഗണന നിശ്ചയിക്കുന്നു. “പോക്‍സോ ആണോ എങ്കിൽ മിനിമം മൂന്നു മാസം കിടക്കേണ്ടി വരും, മയക്കു മരുന്ന് കേസാണോ എങ്കിൽ മിനിമം ആറു മാസം കിടക്കേണ്ടി വരും ജാമ്യം കിട്ടാൻ” എന്നൊക്കെയുള്ള അലിഖിത ധാരണകൾ ഏതു നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്? കുറ്റാരോപിതൻ നിയമവുമായും അന്വേഷണവുമായും പൂർണമായി സഹകരിക്കുന്നുണ്ടെങ്കിലും, അന്വേക്ഷണം പൂർത്തിയായിട്ടുണ്ടെങ്കിലും ഒരു വ്യക്തിയെ അനാവശ്യമായി തടവിൽ പാർപ്പിക്കുന്നതെന്തിനാണ്? പിന്നീട് അയാൾ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടാൽ അയാളുടെ നഷ്ടപ്പെട്ട ദിവസ്സങ്ങൾ ആരാണ് തിരിച്ചു കൊടുക്കുക? വിചാരണ കഴിഞ്ഞാൽ ശിക്ഷിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നുള്ളതു കൊണ്ടല്ലേ വിചാരണക്ക് മുൻപേ തന്നെ ന്യായാധിപർ വിചാരണാ തടവ് ശിക്ഷയായി നൽകുന്നത്. ന്യായാധിപർക്കു പോലും നിലവിലെ അന്വേഷണ വ്യവസ്ഥിതിയിൽ വിശ്വാസമില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? കോടതികളുടെ ഇത്തരം അസ്വസ്ഥതകൾ നീതി തേടി വരുന്ന സാധാരണ മനുഷ്യരുടെ മേൽ പ്രകടിപ്പിക്കുന്നതിന് എന്ത് നീതീകരണമാണുള്ളത്?

പൊലീസ് കാണിക്കുന്ന നിയമലംഘനങ്ങളിൽ ഇടപെടേണ്ട കോടതികളുടെ അവസ്ഥ അതിലും പരിതാപകരമാണെങ്കിൽ പിന്നെ ആരോടാണ് പരാതി പറയുക?  നമ്മുടെ രാജ്യത്ത് പൊലീസിന് അമിതമായ അധികാരങ്ങളാണുള്ളത്. മാത്രമല്ല അവർക്കു ദുരുപയോഗം ചെയ്യാൻ ഒരു പിടി നിയമങ്ങളും ജനപ്രതിനിധികൾ എന്നു പറയുന്നവർ ഉണ്ടാക്കികൊടുത്തിട്ടുണ്ട്. കേവലമായ കുറ്റാരോപണങ്ങൾ മാത്രം മതി ഒരാളുടെ ജീവിതം മൊത്തമായി നശിപ്പിക്കാൻ. പൊലീസിന് പൗരന്മാർ നൽകിയ അധികാരം ഭൂരിഭാഗവും ഭസ്മാസുരന് കിട്ടിയ വരം പോലെയാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സ്വാധീനമുള്ളവരും സെലിബ്രിറ്റികളുമെല്ലാം അവരുടെ സ്വാധീനവും പണവുമുപയോഗപ്പെടുത്തി വലിയ വക്കീലന്മാരെയൊക്കെ ഏർപ്പെടുത്തി പലപ്പോഴും രക്ഷപ്പെടാറുണ്ടെങ്കിലും നിരപരാധികളായ എത്ര സാധാരണക്കാരുടെ ജീവിതമാണ് നമ്മുടെ ഈ വ്യവസ്ഥ തകർത്തു കളഞ്ഞിട്ടുള്ളത്? ഈയിടെ കൊല്ലത്ത് നടന്ന ജവാനടക്കമുള്ള രണ്ടു സഹോദരന്മാരുടെ അനുഭവം അതിൽ ഒന്ന് മാത്രമാണ്. പൊരുതി നിൽക്കാൻ അവർ തയ്യാറായതു കൊണ്ടു മാത്രം കാര്യങ്ങൾ പുറം ലോകമറിഞ്ഞു. 

കിളിക്കൊല്ലൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസ് മര്‍ദനത്തിനിരയായ യുവാക്കള്‍
കിളിക്കൊല്ലൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസ് മര്‍ദനത്തിനിരയായ യുവാക്കള്‍

ഇന്ത്യയിലെ പൊലീസിങ്ങിന്റെ ചരിത്രം കൊളോണിയൽ പൊലീസിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ തിരുവിതാംകൂറിൽ അത് രാജാവിന്റെ പടയാളികളിൽ നിന്നുള്ളതാണ്. അതിൽ ജാതീയതയും ഗോത്രീയതയും എല്ലാം വളരെ സ്വാഭാവികമാണ്. ദിവാൻ ഭരണകാലത്ത് പൊലീസ് തല്ലിച്ചതച്ച മനുഷ്യർക്ക് കയ്യും കണക്കുമില്ല. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് നടപ്പിലാക്കിയ ചില പരിഷ്കരണങ്ങൾ പൊലീസിൽ ചില നല്ല മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്ന് വന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാലത്തും അതിന്റെ ഒരു തുടർച്ചയൊക്കെ നിലനിന്നെങ്കിലും പിണറായി വിജയന്റെ പൊലീസ് കാലം അതിനെയെല്ലാം അട്ടിമറിക്കുന്നതായിരുന്നു. പിണറായി പൊലീസ് തുടങ്ങിയതു തന്നെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെയായിരുന്നു. പിന്നെ നാളിതുവരേയ്ക്കും നടന്ന കസ്റ്റഡി മരണങ്ങൾ, പൊലീസ് മർദ്ദനങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. സമീപ കാലത്ത് കേരളം നേരിട്ട വലിയ ദുരന്തങ്ങൾ പൊലീസിനു ഒരു രക്ഷക പരിവേഷം ഉണ്ടാകാൻ കാരണമായിരുന്നു. പൊലീസ് മുൻപോട്ടു വെക്കുന്ന പല കടുത്ത നിർദ്ദേശങ്ങളും സുരക്ഷയെയും ജീവനെയും മുൻ നിർത്തി ഭൂരിപക്ഷം പേരും അന്ധമായി പിന്തുടരാൻ തയ്യാറായിരുന്നു. കൊറോണ തുടങ്ങിയ സമയം രോഗം പടരാതിരിക്കാനെന്ന പേരിൽ മനുഷ്യരെ തല്ലിച്ചതക്കുന്നതും അസഭ്യം വിളിക്കുന്നതുമെല്ലാം പൊതുസമൂഹം കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു. മർദ്ദനമേറ്റവർ പോലും "എന്റെ ജീവൻ രക്ഷിക്കാനല്ലേ' എന്ന മട്ടിൽ സ്വയം സമാധാനിച്ചു. ഇത് പൊലീസിന്റെ പ്രവർത്തികളെ ചോദ്യം ചെയ്യപ്പെടാനാകാത്ത വിധമുള്ള ഒരു പൊതുവികാരം ഉണ്ടാകുന്നതിനു കാരണമായി. ഒരു പരിഷ്‌കൃത സമൂഹം ഇങ്ങനെയാണോ മനുഷ്യരെ കൈകാര്യം ചെയ്യേണ്ടതെന്ന് ചോദിച്ചവരെയൊക്കെ അന്ന് സമൂഹം ഒറ്റപ്പെടുത്തുകയാണുണ്ടായത്. 

തുടർച്ചയായി വന്ന ദുരന്തങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ പ്രതിന്ധിയിലാക്കിയപ്പോൾ സർക്കാരിന് കൂടുതൽ വരുമാനം ഉണ്ടാക്കേണ്ട അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. അങ്ങനെയാണ് അതുവരെ മഹാമാരി പടരാതിരിക്കാനുള്ള നിയന്ത്രണം എന്ന ഉദ്ദേശത്തിൽ പാസാക്കിയ ഓർഡിനൻസുകൾ വരുമാനത്തിനുള്ള ഒരു മാർഗ്ഗവുമാണെന്നു സർക്കാർ തിരിച്ചറിയുന്നത്. പൊലീസ് സ്റ്റേഷനുകൾ അടിസ്ഥാനപ്പെടുത്തി കോട്ട നിശ്ചയിച്ച് പിരിക്കാനുള്ള അനൗദ്യോഗിക നിർദേശങ്ങൾ വന്നു. പൊലീസുകാർ കണ്ണിൽ കണ്ടവർക്കെതിരെയൊക്കെ പിഴ ചുമത്തി. അപ്പോൾ മാത്രമാണ് അന്ധമായി പോലീസിനെ പിന്തുണച്ചിരുന്ന പലർക്കും ബോധോദയമുണ്ടാകുന്നത്. ഇപ്പോൾ പൊലീസുകാർക്ക് മാസം ഇത്ര രൂപ സർക്കാരിന് പിരിച്ചു കൊടുക്കണമെന്ന കർശനനിർദ്ദേശമുണ്ട്. പഴയ കൊളോണിയൽ പൊലീസിനെ പോലെ തന്നെ സാധാരണക്കാരനിൽ നിന്നും പരമാവധി പിരിക്കുക എന്നതാണ് നിലവിലെ പൊലീസിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്‌താൽ ചുരുങ്ങിയത് അസഭ്യ വർഷം മുതൽ പരമാവധി ജീവഹാനിക്കുള്ള അവസരങ്ങൾ വരെ അവർ സൃഷ്ടിക്കുന്നു.  

ഇന്നും പൊലീസ് സ്റ്റേഷനുകളിലേക്കു നിർഭയമായി എത്ര പേർക്ക് പോകാൻ കഴിയും? ഒരു രാഷ്ട്രീയക്കാരന്റെയോ ഉന്നതന്റെയോ സാമീപ്യമോ ശുപാർശകളോ ഇല്ലാതെ ജനങ്ങളുടെ ഒരു ഓഫീസ് എന്ന നിലയ്ക്ക് അവിടെ ആർക്കാണ് കയറിച്ചെല്ലാനാകുക? പലപ്പോഴും ഇത്തരം സംവിധാനങ്ങൾ നിലനിൽക്കേണ്ടത് രാഷ്ട്രീയക്കാരന്റെ ആവശ്യം കൂടിയാണ്. പാറാവ്, ഉന്നതരുടെ സംരക്ഷണം, ഉന്നതങ്ങളിൽ നിന്നും വിളിച്ചു പറയുന്നതിനനുസരിച്ചുള്ള മധ്യസ്ഥ ചർച്ചകൾ തുടങ്ങി ഒട്ടനവധി ജോലിത്തിരക്കും സമ്മർദ്ദങ്ങളുമുള്ളവർ ഓഫീസുകളിൽ പൊതു ജനങ്ങൾ അവരുടെ സങ്കടങ്ങളുമായി എത്തുന്നത് ഇഷ്ടപ്പെടുന്നില്ല. നിലവിൽ എങ്ങുമെത്താതെ കെട്ടിക്കിടക്കുന്ന കേസുകൾ അനവധിയുള്ളപ്പോൾ ചെറിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തു പണി കൂട്ടാൻ അവർ ഇഷ്ടപ്പെടുന്നില്ല. പലപ്പോഴും പലരും ഇപ്പോൾ പൊലീസിൽ പരാതിപ്പെടുന്നത് ഔദ്യോഗികമായ ഒരു ചടങ്ങു തീർക്കുക എന്നതിന് മാത്രമായാണ്. നീതിലഭിക്കുമെന്ന പ്രതീക്ഷയൊന്നും ഭൂരിപക്ഷം പേർക്കുമില്ല. ‘എടാ പോടാ’ വിളികൾ ഒഴിവാക്കണമെന്നും, മനുഷ്യരോട് മാന്യമായി പെരുമാറണമെന്നും, വ്യക്തികൾക്കിടയിലെ സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്നും സർക്കുലറുകളും നിർദ്ദേശങ്ങളും ഉണ്ടായിട്ടും മനപ്പൂർവം കരാറുകൾ ഒപ്പിടീപ്പിക്കാനും സിവിൽ തർക്കങ്ങൾ ഭീഷണിപ്പെടുത്തി ഏകപക്ഷീയമായി തീർപ്പാക്കാനുമുള്ള കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകൾ നിർബാധം പ്രവർത്തിക്കുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ഒരു കോക്കസ് പ്രവർത്തിക്കുന്നത് കാണാം. രാഷ്ട്രീയക്കാർ, കച്ചവടക്കാർ, പിന്നെ മണ്ണ്-മണൽ മാഫിയകൾ, കള്ളപ്പണക്കാർ തുടങ്ങിയവരൊക്കെ ഈ കോക്കസിന്റെ ഭാഗമായിരിക്കും.

നടപ്പിലാക്കപ്പെടാത്ത നിയമങ്ങൾ വെള്ളക്കടലാസിൽ എഴുതിയ കറുത്ത അക്ഷരങ്ങൾ മാത്രമാണ്. നിയമങ്ങൾ കാലഘട്ടങ്ങൾക്കനുസരിച്ചുള്ളതായിരിക്കണം. നമുക്ക് വേണ്ടത് ഏകാധിപത്യ നിയമങ്ങളല്ല. മനുഷ്യന്റെ മൗലികാവകാശങ്ങളും അന്തസ്സും പരിഗണിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനുള്ള നിയമങ്ങളായിരിക്കണം. ഉള്ള പുരോഗമനപരമായ നിയമങ്ങൾ പോലും നടപ്പിലാക്കുന്നില്ല എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് പലയിടത്തും പ്രവർത്തിക്കാത്ത പൊലീസ് കംപ്ലയിന്റ് അതോറിറ്റികൾ. പൊലീസിൽ കാര്യക്ഷമരായ ജീവനക്കാരെ നിയമിക്കണം. അമിതാധികാരം നിയമപരമായി നിയന്ത്രിക്കപ്പെടണം. പൊലീസിനുള്ളിലെ ക്രിമിനലുകളെ കൃത്യമായി കണ്ടെത്താനുള്ള സംവിധാനങ്ങൾ രൂപീകരിക്കണം. രഹസ്യ സ്വഭാവത്തിൽ വേണ്ട കുറ്റാന്വേഷണമൊഴിച്ചു ബാക്കി എല്ലാ പ്രവർത്തികളും സുതാര്യമാക്കണം. ആയതിന്റെ ഭാഗമായി പൊലീസിനെ ക്രമസമാധാന വിഭാഗം, കുറ്റാന്വേഷണ വിഭാഗം എന്നിങ്ങനെയായി വിഭജിക്കണം. പൗരന്മാർക്ക് നിർഭയത്തോടെ സ്റ്റേഷനുള്ളിലേക്കു പോകാനുള്ള അവസരമുണ്ടാകണം. ഗാർഹികപീഡനം പോലുള്ള പരാതികൾ കേൾക്കാൻ സ്റ്റേഷനുകളിൽ ഒരു കൗൺസിലറെ നിയമിക്കണം. മനുഷ്യർക്ക് നിർഭയത്തോടെ പരാതി പറയാനുള്ള സാഹചര്യം ഒരുക്കണം. ഇതിനെല്ലാം വേണ്ട മാനസികമായ പരിശീലനം പൊലീസിന് നൽകണം. പൊലീസ് ഒരു ഉപകരണം മാത്രമാണ്. ആ ഉപകരണത്തെ താങ്ങി നിർത്തുന്ന വ്യവസ്ഥിതിയിൽ പുരോഗമനപരമായ മാറ്റം വരുത്താതെ വല്ലപ്പോഴും വിവാദങ്ങളുണ്ടാകുമ്പോഴോ ചർച്ചയാകുമ്പോഴോ,  ഒന്നോ രണ്ടോ ഉദ്യോഗസ്ഥന്മാരെ ജോലിയിൽ നിന്നു താൽക്കാലികമായി മാറ്റി നിര്‍ത്തിയതുകൊണ്ടൊന്നും രാജ്യത്തെ പൊലീസിങ് മാറാൻ പോകുന്നില്ല. 

“ഭാരതഭരണഘടനയോട് കൂറുപുലർത്തി അച്ചടക്കവും, ആദർശധീരതയും ഉൾക്കരുത്താക്കി, മനുഷ്യാവകാശങ്ങൾ മാനിച്ച് ജനങ്ങളുടെ ജീവനും, സ്വത്തും അന്തസ്സും സംരക്ഷിച്ചു ന്യായമായും, നിഷ്പക്ഷമായും, നിയമം നടപ്പാക്കി, അക്ഷോഭ്യരായി, അക്രമം അമർച്ച ചെയ്ത്, വിമർശനങ്ങൾ ഉൾക്കൊണ്ട് ആത്മപരിശോധന നടത്തി, ജനങ്ങളുടെ ഭാഗമായി ജനങ്ങൾക്കുവേണ്ടി ജനങ്ങളോടൊത്ത് പ്രവർത്തിച്ച് ക്രമസമാധാനം കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഞങ്ങൾ.” എന്നത് കേരള പൊലീസിന്റെ ദൗത്യ പ്രഖ്യാപനമാണെന്ന് ഇടയ്ക്കിടയ്ക്ക് അധികാരികളെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം.

അഡ്വ. ഷഹീൻ പിലാക്കൽ  

അഭിഭാഷകനാണ്. നിയമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • Tags
  • #Kerala Police
  • #Police Brutality
  • #Adv. Shaheen Pilakkal
  • #Pinarayi Vijayan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 banner_8.jpg

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

സൂക്ഷിക്കണം, വഴിയില്‍ പൊലീസുണ്ട്

Mar 26, 2023

5 Minutes Watch

pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

ullekh n p

Kerala Politics

ഉല്ലേഖ് എന്‍.പി.

കണ്ണൂരിലെ പാർട്ടി മറ്റൊന്നായതിന് കരണങ്ങളുണ്ട്

Feb 21, 2023

54 Minutes Watch

citizens diary

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

മുത്തങ്ങയെ കുറിച്ച് ചോദിച്ചാല്‍ ഗൂഗിള്‍ / ചാറ്റ് ജി.പി.ടി എന്ത് പറയും?

Feb 19, 2023

10 Minutes Watch

k kannan

UNMASKING

കെ. കണ്ണന്‍

കെ.വി. തോമസ് പിണറായിക്കുവേണ്ടി മോദിയോട് എങ്ങനെ, എന്ത്?

Jan 20, 2023

5 Minutes Watch

adani

Vizhinjam Port Protest

പ്രമോദ് പുഴങ്കര

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

Dec 09, 2022

10 Minutes Read

shajahan

Vizhinjam Port Protest

ഷാജഹാന്‍ മാടമ്പാട്ട്

വിഴിഞ്ഞത്തെ മുൻനിർത്തി, രോഗാതുരമായ കേരളത്തെക്കുറിച്ച്​ ചില വിചാരങ്ങൾ

Dec 08, 2022

5 Minutes Read

Vizhinjam

Vizhinjam Port Protest

എന്‍.സുബ്രഹ്മണ്യന്‍

വിഴിഞ്ഞം തുറമുഖം: സർക്കാർ പറയുന്ന നുണകൾ

Dec 05, 2022

15 Minutes Read

Next Article

പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും കരുതേണ്ട, ഗവര്‍ണറോട് മുഖ്യമന്ത്രി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster