truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
kerala police

STATE AND POLICING

ഓരോ മനുഷ്യരേയും
ഒറ്റുകാരാകാന്‍ ക്ഷണിക്കുന്ന
ഭരണകൂടം

ഓരോ മനുഷ്യരേയും ഒറ്റുകാരാകാന്‍ ക്ഷണിക്കുന്ന ഭരണകൂടം

പരസ്പരസന്ദേഹത്തിലും അവിശ്വാസത്തിലും തൊട്ടുമുട്ടാതെയും കണ്ണിൽനോക്കാതെയും നടക്കുന്നൊരു ജനസമൂഹം സമഗ്രാധിപത്യഭരണകൂടങ്ങളുടെ ആദർശലോകമാണ്. അയൽക്കാരന്റെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കാനല്ല കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളോടാവശ്യപ്പെടുന്നത്, പൗരാവകാശങ്ങളുടെ രക്തം നുണയാനാണ്. ഞങ്ങൾക്കൊപ്പം ചേരൂ, ഈ വേട്ടയിൽ പങ്കാളിയാകൂ എന്നാണ്.

6 Nov 2022, 05:30 PM

പ്രമോദ് പുഴങ്കര

സദാസമയവും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തോന്നൽ മതി മഹാഭൂരിപക്ഷം മനുഷ്യരെയും ഭയം നിറഞ്ഞ വിധേയത്വത്തിന്റെ ജീവിതത്തിലേക്ക് കടത്തിയിരുത്താനെന്ന് ഭരണകൂടത്തോളം അറിയുന്ന മറ്റെന്തുണ്ട്! അതുകൊണ്ടുതന്നെ അയൽക്കാരനെ നിരീക്ഷിക്കുക (Watch your neighbour ) എന്ന കേരള പൊലീസിന്റെ/ കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ (ആ വകുപ്പ് പിണറായി വിജയൻ എന്നൊരു മന്ത്രിയാണ് ഭരിക്കുന്നതെന്ന് പറഞ്ഞറിയുന്നു) ജനമൈത്രി പൊലീസ് പദ്ധതി കേരളത്തിനെ ഒരു Police state ആക്കി മാറ്റാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമങ്ങളിലെ ഏറ്റവും പുതിയ നീക്കമാണെന്ന് കാണാം.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

സമൂഹത്തെ പരമാവധി ഹിംസാത്മകമാക്കുക എന്നതൊരു ഫാഷിസ്റ്റ് രാഷ്ട്രീയതന്ത്രമാണ്. ഓരോ മനുഷ്യനിലും പരമാവധി ക്രൗര്യം നിറയ്ക്കുകയും ഓരോരുത്തരേയും താനൊരു കുഞ്ഞു ഹിറ്റ്‍ലറാണെന്നോ കുഞ്ഞു മോദിയാണെന്നോ ഇരട്ടച്ചങ്കില്ലെങ്കിലും ഒന്നരച്ചങ്കെങ്കിലുമുണ്ടെന്നോ തോന്നിപ്പിക്കുന്നതോടെ തന്റെ വേട്ടപ്പല്ലുകളാഴ്ത്താൻ പാകത്തിലുള്ള ഇരകളെത്തേടി അവർ അക്ഷമരാകും. അത്തരത്തിൽ പാകപ്പെടുത്തിയ മനുഷ്യർക്ക് മുന്നിലേക്കാണ് "ശത്രുക്കളുടെ' പട്ടിക ഭരണകൂടം ഇട്ടുകൊടുക്കുന്നത്. അത് ജൂതനാകാം, കമ്യൂണിസ്റ്റുകാരനാകാം, മുസ്‍ലിമാകാം. ഇരയെ കടിച്ചുകുടഞ്ഞുകീറുന്ന രസം പിടിക്കുന്ന മനുഷ്യർ പുല്ലിലും പുഴുവിലും പുൽച്ചാടിയിലും മുതൽ അഭിപ്രായഭിന്നതകളിലും പ്രതിപക്ഷത്തിലും പ്രതിഷേധങ്ങളിലും അയൽക്കാരിലും സുഹൃത്തിലും പങ്കാളിയിലും വരെ ശത്രുവിന്റെ ഛായാമുഖങ്ങൾ തേടിക്കൊണ്ടിരിക്കും. പരസ്പരസന്ദേഹത്തിലും അവിശ്വാസത്തിലും തൊട്ടുമുട്ടാതെയും കണ്ണിൽനോക്കാതെയും നടക്കുന്നൊരു ജനസമൂഹം സമഗ്രാധിപത്യഭരണകൂടങ്ങളുടെ ആദർശലോകമാണ്. അയൽക്കാരന്റെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കാനല്ല കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളോടാവശ്യപ്പെടുന്നത്, പൗരാവകാശങ്ങളുടെ രക്തം നുണയാനാണ്. ഞങ്ങൾക്കൊപ്പം ചേരൂ, ഈ വേട്ടയിൽ പങ്കാളിയാകൂ എന്നാണ്. അധികാരത്തിന്റെ പെറുക്കിത്തീനികളായ നൂറുകണക്കിന് വാഴ്ത്തുപാട്ടുകാരും കടന്നൽസംഘങ്ങളും ഉണ്ടായിവന്നെങ്കിൽ കേരളമാകെ പരന്നുകിടക്കുന്ന അദൃശ്യരായ "informer'/ ഒറ്റുകാർ ഞങ്ങളിതാ എന്നുപറഞ്ഞു ചുരമാന്തുമെന്ന് ഭരണകൂടത്തിനറിയാം.

kerala police

 

State surveillance എന്നത് എക്കാലത്തും ഭരണകൂടവും ജനസമൂഹവും തമ്മിലുള്ള വിട്ടുവീഴ്ചയില്ലാത്ത തർക്കമാണ്. സ്വതന്ത്രരായ മനുഷ്യരെ ഭരണകൂടത്തിന് ഭയമാണ്. ഇവിടെ ആരെന്തുചെയ്യുന്നു എന്നറിഞ്ഞില്ലെങ്കിൽ അതിന് നിലനിൽപ്പില്ല. “Macbeth shall never vanquished be until / Great Birnam Wood to high Dunsinane Hill / Shall come against him” എന്ന പ്രവചനത്തിന്റെ അസംഭാവ്യതയിൽ വിശ്വസിച്ച് "I will not be afraid of death and bane,/ Till Birnam forest come to Dunsinane' എന്നും കരുതിക്കഴിയുന്ന മാക്ബെത്തല്ല ആധുനിക ഭരണകൂടം. അത് നിങ്ങൾക്കും സുഹൃത്തിനുമിടയിൽ നിങ്ങളുടെ പേനക്കും എഴുത്തിനുമിടയിൽ ചിന്തയ്ക്കും വാക്കിനുമിടയിൽ ഓർമ്മയ്ക്കും മറവിക്കുമിടയിലെല്ലാം ഒരു മഷിക്കടലാസ് വെച്ചിരിക്കുന്നു. നിങ്ങളറിയാതെ നിങ്ങളെ ഒപ്പിയെടുക്കുന്നു. അതിന് ഭരണകൂടത്തിന് തൊപ്പിവെച്ച പൊലീസുകാർ മാത്രം പോര. ഓരോ വീടും ഭരണകൂടത്തിന്റെ checkpost -കളാകണം. ഓരോ മനുഷ്യനും ഒരൊറ്റുകാരനാകാം എന്ന സാധ്യതയിൽ കളവുകൾക്കും അർദ്ധസത്യങ്ങൾക്കുമിടയിൽ അടക്കിയ വെപ്രാളങ്ങൾക്കിടയിൽ സുരക്ഷിതനാകാനുള്ള ഏറ്റവും എളുപ്പമുള്ള വഴി "അവനെ/അവളെ ' ചൂണ്ടിക്കാണിക്കുന്നതാണ്. അല്ലെങ്കിൽ "അവൻ/അവൾ' നിങ്ങളെ ഒറ്റിയേക്കാം എന്ന ഭീതി നിറഞ്ഞ സാധ്യതയെക്കൾ എന്തുകൊണ്ടും ആകർഷകമാണത്!

ALSO READ

ബ്രിട്ടീഷ് പൊലീസില്‍ നിന്ന് ഇതുവരെ നിയമസ്വാതന്ത്ര്യം കിട്ടാത്ത കേരള പൊലീസ്

ചരിത്രത്തിൽ ഇതൊന്നും ആദ്യമല്ല. എങ്ങനെയാണ് ഒരു ജനസമൂഹത്തെ വെറുപ്പിന്റെ കാവൽക്കാരാക്കുക എന്നതിന്റെ പരീക്ഷണങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. "രാഷ്ട്രീയത്തെ ഹിന്ദുത്വവത്കരിക്കുകയും ഹിന്ദുക്കളെ സൈനികവത്ക്കരിക്കുകയും' ചെയ്യാനാണ് വി.ഡി. സവർക്കർ ആവശ്യപ്പെട്ടത്. ഹിംസ കേവലമായ ശാരീരികാഭ്യാസം മാത്രമല്ല അതൊരു സാമൂഹ്യാധീശത്വമാണെന്നും അതിനു നിലനിൽക്കാനും വളരാനും ജനസമൂഹത്തിന്റെ സാമൂഹ്യശരീരം കൂടിയേതീരൂ എന്നതും ഫാഷിസത്തിന്റെ പ്രാഥമിക രാഷ്ട്രീയജ്ഞാനമാണ്. അയൽക്കാരനിലേക്ക് ഭരണകൂടനിരീക്ഷണത്തിന്റെ കണ്ണാകാൻ ആവശ്യപ്പെടുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പ് സമഗ്രാധിപത്യഭരണകൂടത്തിന്റെ ഹിംസയുടെ വിരുന്നിലെ എച്ചിൽ കഴിക്കാനാണ് ജനങ്ങളെ വിളിക്കുന്നത്. ജനാധിപത്യസമൂഹത്തിന്റെ രക്തവും മാംസവുമാണത്, "He broke it, and gave it to them, and said, “Take it; this is My body.”

book

നാസി ജർമ്മനിയിലെ ഭരണകൂടത്തിന്റെ കണ്ണുകളും കാതുകളും ഗെസ്റ്റപ്പോ എന്ന രഹസ്യപ്പോലീസ് മാത്രമായിരുന്നില്ല. നാസി ഭരണകൂടത്തിനുവേണ്ടി ഒറ്റുകാരായി പ്രവർത്തിച്ച ആയിരക്കണക്കിന് സാധാരണ ജർമ്മൻകാരായിരുന്നു. 1944-ൽ അതിന്റെ ഏറ്റവും ശക്തമായ കാലത്തുപോലും ഗെസ്റ്റപ്പൊയിൽ 16000 ജീവനക്കാരാണുണ്ടായിരുന്നത്. ജർമ്മനിയിൽ 66 ദശലക്ഷം മനുഷ്യരുണ്ടായിരുന്നു. നിങ്ങളുടെ വീട്ടിൽ വരെ രഹസ്യപ്പോലീസിന്റെ കണ്ണും കാതുമായി ഒരൊറ്റുകാരൻ/ ഒറ്റുകാരി ഉണ്ടാകാം എന്ന ഏറ്റവും അടുത്ത സാധ്യതയിലാണ് നാസികൾ ജർമ്മനിയെ കയ്യിലൊതുക്കിനിർത്തിയത്. ഓരോ കമ്മ്യൂണിസ്റ്റുകാരനും ഓരോ ജൂതനും അയാളുടെ അയൽക്കാരാൽ, സുഹൃത്തുക്കളാൽ, കച്ചവടപങ്കാളികളാൽ, അസൂയ നിറഞ്ഞ എതിരാളികളാൽ, വെറുപ്പ് തലയിൽക്കയറിയ മനുഷ്യരാൽ ഒറ്റുകൊടുക്കപ്പെട്ടു. ഒറ്റുകാർ അദൃശ്യരായിരുന്നു. Hitler's Willing Executioners: Ordinary Germans and the Holocaust ( Daniel Jonah Goldhagen) എന്ന പുസ്തകത്തിൽ എങ്ങനെയാണ് ജർമ്മൻകാർ ഒരു സമൂഹമെന്ന നിലയിൽ നാസി ഭീകരതയുടെ നടത്തിപ്പുകാരായത് എന്ന് പറയുന്നുണ്ട് (നാസികൾക്കെതിരായ ജർമ്മൻ ചെറുത്തുനില്പിനെ തമസ്കരിക്കുന്നു എന്ന ന്യായമായ വിമർശനം ഇതിനെതിരെയുണ്ട്). Ordinary Men: Reserve Police Battalion 101 and the Final Solution in Poland(Christopher Browning) എന്ന പുസ്തകവും സമാനമായ ഒന്നാണ്.

police

ഗെസ്റ്റപ്പോയുടെ ഒറ്റുവിവരങ്ങളുടെ 70% വും കമ്യൂണിസ്റ്റുകാരായിരുന്നു എന്നത് കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ഭരിക്കുന്നു എന്ന് പറഞ്ഞുകേൾക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പി ബി അംഗമായ പിണറായി വിജയന് ഗൗരവത്തിനിടയിലും ഒരു മന്ദസ്മിതത്തിനുള്ള വകയുണ്ടാക്കിയെങ്കിൽ അത്രയെങ്കിലും ചരിത്രം സഫലമാകും. 1933-ൽത്തന്നെ ആറു ലക്ഷത്തോളം കമ്യൂണിസ്റ്റുകാർ തടവിലാക്കപ്പെട്ടു. അവരിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഗെസ്റ്റപ്പോയുടെ സ്വന്തം അന്വേഷണങ്ങളുടെ ഫലമായി 15% ആളുകളെയാണ് പിടികൂടിയത്. ബാക്കിയെല്ലാം ജനങ്ങൾക്കിടയിലെ "informers' നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വ്യക്തിപരമായ വിവരം നല്കലായിരുന്നു 40% വും എന്ന ഗസ്റ്റപ്പോ രേഖകൾ കാണിക്കുന്നു. തനിക്ക് ലൈംഗിക രോഗം പിടികൂടാൻ കാരണക്കാരിയായ ഒരു ലൈംഗികത്തൊഴിലാളിയെ ഭരണകൂടവിരുദ്ധയായി ഒരുത്തൻ ഒറ്റുകൊടുത്തു. വിവാഹബന്ധങ്ങളിലെ ഉലച്ചിലുകളും പ്രണയബന്ധങ്ങളിലെ തകർച്ചയും വരെ കോണ്‍സെന്‍ട്രേഷൻ ക്യാംപിലെ അന്തേവാസികളുടെ എണ്ണം കൂട്ടി. ഒപ്പം രാഷ്ട്രീയപ്രതിഷേധത്തിന്റെ എല്ലാ സാധ്യതകളെയും അതടച്ചുകൊണ്ടിരുന്നു. മറ്റൊരാളുടെ മരണം തന്റെ ജീവിതമാണെന്ന് തിരിച്ചറിയുന്ന മനുഷ്യരുടെ സമൂഹം എത്ര ഭീകരമായ നിശ്ശബ്ദതയായിരിക്കും പേറുക എന്നതിന് നാസി ജർമ്മനി ചരിത്രസാക്ഷ്യമായി.

ALSO READ

പിണറായി വിജയന്‍ നീതിയെക്കുറിച്ച് ഇനി വാചകമടിക്കരുത്, 'സിവില്‍ സര്‍‌വീസ് മനുസ്മൃതി' നിയമമാക്കൂ...

അയൽവീട്ടിൽ ചുമരിനോട് ചെവി ചേർത്താൽ അയൽക്കാരൻ വിദേശ റേഡിയോ നിലയങ്ങളിലെ വാർത്ത കേൾക്കുന്നത് കണ്ടെത്തിയാൽ നിങ്ങൾക്ക് രാജ്യസ്നേഹിയാകാം എന്നുവന്നു. ബിബിസി വാർത്ത കേട്ടതിനു ഹെലൻ സ്റ്റാഫൽ തന്റെ അയൽക്കാരനായ പുസ്തകവില്പനക്കാരൻ പീറ്റർ ഹോൾഡൻബെർഗിനെ ഒറ്റുകൊടുത്തു. മറ്റൊരയൽക്കാരി ഇംഗാഡ് പിയേഴ്സ് കൂട്ടുമൊഴി നൽകി. അന്ന് വൈകീട്ട് ഗെസ്റ്റപ്പോയുടെ തടവുമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഹോൾഡൻബർഗ് അടുത്ത ദിവസം മരിച്ചു.

ആളുകൾ വളരെവേഗം തങ്ങൾക്കുചുറ്റുമുള്ള അദൃശ്യനിരീക്ഷണവുമായി പൊരുത്തപ്പെടും. 1933-ൽ ജർമ്മൻ നഗരമായ ഓഗ്സ്ബർഗിൽ 75% കേസുകളും പൊതുസ്ഥലങ്ങളിലും മറ്റുമുള്ള നാസി വിരുദ്ധ പ്രസ്താവനകളുടെ പേരിലായിരുന്നുവെങ്കിൽ 1939-ൽ അത് 10% ആയി കുറഞ്ഞു. ജനങ്ങളെ വേണ്ടതുമാത്രം സംസാരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അവർ സംസാരിക്കുന്നതെല്ലാം ഭരണകൂടം കേൾക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയോ തോന്നിപ്പിക്കുകയോ മാത്രമാണ്.

cctv

ഇന്ത്യയൊട്ടാകെ ഒരൊറ്റ പൊലീസ് മതി എന്ന ലക്‌ഷ്യം കേന്ദ്ര ആഭ്യന്തര മന്ത്രി ഒളിഞ്ഞും തെളിഞ്ഞും പറയുമ്പോഴാണ് കേരളീയരോട് പോലീസിന്റെ കണ്ണും കാതുമായി അയൽക്കാരെ നിരീക്ഷിക്കാൻ പോലീസ് ആവശ്യപ്പെടുന്നത്. അയൽക്കാരൻ മുസ്ലീമാണെങ്കിൽ, മുഖ്യധാരാ ഇടതുപക്ഷത്തിന് പുറത്തുള്ള ഇടതുപക്ഷ രാഷ്ട്രീയക്കാരനാണെങ്കിൽ ഒരു ഭീകരവാദിയെ, രാജ്യദ്രോഹിയെ, വികസനവിരുദ്ധനെ പിടിച്ചുകൊടുത്ത് മികവ് തെളിയിക്കാനുള്ള നിങ്ങളുടെ സാധ്യത വളരെ കൂടുതലാണ്. ആർക്കറിയാം മികച്ച "informer'മാർക്ക് കേരള ശ്രീ നൽകുന്ന കാലം വരില്ലെന്ന്!

ALSO READ

ഇടതുനേതാക്കളേ, ഇടികൊണ്ട് തുപ്പിയ അവരുടെ ചോര നിങ്ങളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ട്

പുട്ടസ്വാമി വിധിക്ക് ശേഷം (2017) പൗരന്റെ സ്വകാര്യതയെ സംബന്ധിച്ച ഭരണഘടനാ, നിയമ സങ്കല്പങ്ങൾത്തന്നെ പുരോഗമനപരമായ പൊളിച്ചെഴുത്തിന് വിധേയമാകുന്ന കാലത്താണ് ഇന്ത്യയിലെ ഏറ്റവും കടന്നുകയറുന്ന ഒരു ഭരണകൂടത്തിന് കീഴിൽ നമ്മൾ ജീവിക്കുന്നത്. പെഗാസസ് എന്ന ചാര സോഫ്ട്‍വേര്‍ ഉപയോഗിച്ച് ഇന്ത്യൻ ഭരണകൂടം 300-ഓളം രാഷ്ട്രീയ പ്രവർത്തകർ, പൗരാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ കംപ്യൂട്ടറുകളിലും വിവരവിനിമയ സംവിധാനങ്ങളിലും നുഴഞ്ഞുകയറി വിവരം ചോർത്തിയ വിഷയം മറക്കാൻ കാലമായില്ല. എന്തുകൊണ്ടായിരിക്കും കേന്ദ്രത്തിലെ സംഘപരിവാർ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സമാനയുക്തികൾ കേരളത്തിലെ പിണറായി വിജയന്റെ കീഴിലുള്ള പൊലീസിന് എന്നാലോചിക്കാനും അതിന്റെ അധികാരബന്ധങ്ങളുടെ സ്വഭാവം മനസിലാക്കാനും കഴിയാതെവരുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് യുക്തികളുടെ തുമ്പത്ത് കെട്ടിയിട്ട കേവലവാഗ്‌വ്യാപാരമായി രാഷ്ട്രീയത്തെ മാറ്റിയതുകൊണ്ടാണ്.

കുളമ്പടി ശബ്ദങ്ങൾ കേൾക്കുമ്പോൾ അത് മേയാൻ പോയ പശുക്കൾ തിരികെ വരുന്നതായിരിക്കും എന്നെപ്പോഴും കരുതരുത്, അത് കുതിരപ്പുറത്തുവരുന്ന പടയാളികളുമാകാം. നിങ്ങൾ കാടാണോ കാണുന്നത് അതോ സൈന്യത്തെയാണോ കാണുന്നത് എന്നത് മാക്ബെത്തിന്റെ നാടകീയ സന്ദേഹമാണ്. ഒരു ജനാധിപത്യസമൂഹം ആ നാടകീയസന്ദിഗ്ധതകൾക്ക് നൽകുന്ന വില ഏറെ വലുതായിരിക്കും.

  • Tags
  • #Kerala Police
  • #Watch your neighbour
  • # Police state
  • #Hitler
  • #Pinarayi Vijayan
  • #Pramod Puzhankara
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

k kannan

UNMASKING

കെ. കണ്ണന്‍

കെ.വി. തോമസ് പിണറായിക്കുവേണ്ടി മോദിയോട് എങ്ങനെ, എന്ത്?

Jan 20, 2023

5 Minutes Watch

Muslim Women

Opinion

പ്രമോദ് പുഴങ്കര

മുസ്​ലിം സ്​ത്രീകൾക്ക്​ തുല്യ സ്വത്ത്​: മതനേതൃത്വത്തെ മ​തേതര സമൂഹം എ​ങ്ങനെ നേരിടണം?

Dec 13, 2022

10 Minutes Read

adani

Vizhinjam Port Protest

പ്രമോദ് പുഴങ്കര

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

Dec 09, 2022

10 Minutes Read

shajahan

Vizhinjam Port Protest

ഷാജഹാന്‍ മാടമ്പാട്ട്

വിഴിഞ്ഞത്തെ മുൻനിർത്തി, രോഗാതുരമായ കേരളത്തെക്കുറിച്ച്​ ചില വിചാരങ്ങൾ

Dec 08, 2022

5 Minutes Read

Vizhinjam

Vizhinjam Port Protest

എന്‍.സുബ്രഹ്മണ്യന്‍

വിഴിഞ്ഞം തുറമുഖം: സർക്കാർ പറയുന്ന നുണകൾ

Dec 05, 2022

15 Minutes Read

Vizhinjam

Governance

പ്രമോദ് പുഴങ്കര

വിഴിഞ്ഞത്ത് അദാനിയുടെയും മോദിയുടെയും വാലാകുന്ന ഇടതുപക്ഷം

Nov 28, 2022

5 minute read

Pinarayi Vijayan

Kerala Politics

താഹ മാടായി

കാലം പിണറായി വിജയനൊപ്പം

Nov 16, 2022

4 Minutes Read

Next Article

ആരിഫ് മുഹമ്മദ് ഖാന്‍, നിങ്ങള്‍ ഏകാധിപതിയല്ല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster