കൂഴങ്കൽ: സിനിമാ ഭൂപടത്തിലെ തെളിവെള്ളം

നാലാം ക്ലാസിൽ പഠനം നിർത്തി തിരുപ്പൂരിൽ തുണിമില്ലിൽ പണിക്കുപോയ ഒരു ചെറുപ്പക്കാരനാണ് കഴിഞ്ഞവർഷത്തെ ഓസ്കാർ എൻട്രിയിലേക്ക് ഇന്ത്യക്ക് പ്രവേശനം സാധ്യമാക്കിയ "കൂഴങ്കൽ' (Pebbles) എന്ന തമിഴ് ചിത്രത്തിന്റെ
സംവിധായകൻ. ചിലരങ്ങനെയാണ്; സിനിമയെ വെല്ലുന്ന കഥകളോടൊപ്പം ജീവിച്ച ഒരു ഭൂതകാലമുണ്ടാവുമവർക്ക്. പൊള്ളുന്ന ആ ഭൂതകാലങ്ങളിൽ ചിലത് നമ്മുടെ ചലച്ചിത്ര ചരിത്രത്തെതന്നെ മാറ്റിയെഴുതിക്കളയും. വിനോദ് രാജ് എന്ന തമിഴ് സംവിധായകൻ അങ്ങനെയൊരാളാണ്. ഒൻപതാം വയസിൽ അച്ഛനെ നഷ്ടപ്പെട്ട വിനോദ് രാജ് തന്റെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പോയ തുണിമില്ലിൽ നിന്ന് പക്ഷെ നെയ്തെടുത്തത് വസ്ത്രങ്ങളായിരുന്നില്ല. മറിച്ച് ചലച്ചിത്രത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നങ്ങളിലൊന്നായ കൂഴങ്കലിനാണ് ഇന്നലെ സമാപിച്ച Iffk യിലെ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചത്.

മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം, രാജ്യാന്തര മത്സരവിഭാഗത്തിലെ ജൂറി പുരസ്കാരം, പ്രേക്ഷക പുരസ്കാരം എന്നിവയാണവ. കൂഴങ്കലിനു കിട്ടിയ ആദ്യ പുരസ്കാരമല്ലിത്. ഇതുവരെയായി അൻപതോളം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്ത ഈ ചിത്രത്തിന് റോട്ടർഡാം മേളയിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ടൈഗർ പുരസ്കാരമുൾപ്പെടെ അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ifkkയിൽ പുരസ്കാരമേറ്റുവാങ്ങുമ്പോൾ അങ്ങ് മധുര ടൗണിൽ ഇഡ്ഡലി വിൽക്കുന്ന തെരുവിലെ കച്ചവടക്കാരിയായ വിനോദ് രാജിന്റെ അമ്മയുടെ കണ്ണീരിനുണ്ടായ ഒരു ഉരുളൻകല്ലിന്റെ (Pebbles) തിളക്കം ഇങ്ങേയറ്റത്തു നിന്ന് പ്രേക്ഷകരായ നമുക്കും കാണാം. അതെ; അദ്ദേഹത്തിന്റെ മുൻകാലങ്ങളിലേക്ക് നോക്കിയാൽ തമിഴ് സിനിമയിലേക്ക് വെയിലിന്റെ കുതിരമേലേറിവന്ന സൂര്യവെളിച്ചമാണയാളെന്ന് ഇന്ന് നാമറിയും.

വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള ഒരുകുട്ടിയുടെയും അവന്റെ മദ്യപാനിയായ അച്ഛന്റെയും യാത്രയാണ് കൂഴങ്കൽ എന്ന സിനിമയുടെ ഇതിവൃത്തം. ഒപ്പം ഊഷരമായ പ്രകൃതി എങ്ങനെയാണ് മനുഷ്യന്റെ അസ്തിത്വത്തിന്റെ നിർണായക ഉള്ളടക്കമായി മാറുന്നതെന്ന അന്വേഷണവും കൂടിയാവുന്നുണ്ട് ഈ ചിത്രം. ഊഷരമായ പുരുഷപ്രകൃതിയും നീരുറവപോലെയുള്ള സ്ത്രീപ്രകൃതിയും അനേക വൈരുദ്ധ്യങ്ങൾക്കിടയിലും എങ്ങനെയാണ് പൊള്ളുന്ന ദൈനംദിന ജീവിതത്തിന്റെ തുടർയാത്ര സാധ്യമാക്കുന്നതെന്നു കാണിക്കുകയാണ് കൂഴങ്കൽ. തന്റെ ആദ്യസിനിമയ്ക്കുള്ള ഈ കഥയ്ക്ക് വിനോദ് രാജ് തന്റെ വീടിനു പുറത്തേക്കല്ല നോക്കിയത്. മറിച്ച് വീട്ടിലേക്കു തന്നെയാണ്. 2015 ൽ ഒരുദിവസം രാത്രിയിൽ തന്റെ സഹോദരി അവളുടെ രണ്ട് വയസുള്ള കൈക്കുഞ്ഞുമായി പതിമൂന്ന് കിലോമീറ്റർ ദൂരെയുള്ള ഭർത്താവിന്റെ വീട്ടിൽനിന്നും വിനോദ് രാജിന്റെ വീട്ടിലേക്ക് വന്നപ്പോഴുണ്ടായ ഞെട്ടലിൽ നിന്നും പേടിയിൽ നിന്നും കൂടിയാണ് തന്റെ ആദ്യ സിനിമയായ ഈ "കൂഴങ്കലു'ണ്ടായത്.

എത്രയോ അപകട സാധ്യതകളിലൂടെയാണ് തന്റെ പെങ്ങൾ അന്ന് വീട്ടിലേക്കെത്തിയത്. തനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത കഷ്ടരാത്രി. പിന്നീട് ഭർത്താവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തെങ്കിലും ആ സംഭവം അയാളെ ചിന്തിപ്പിച്ചുകൊണ്ടേയിരുന്നു. അയാൾ ആലോചിച്ചു. ഇതേ സാഹചര്യത്തിൽ കുഞ്ഞുമായി നടന്നുവരുന്നത് ഭർത്താവാണെങ്കിലോ? ആ ചിന്തയിൽ നിന്നാണ് ഈ സിനിമയുണ്ടായത്. ഒപ്പം കഠിനമായ വെയിലത്ത് നടന്നാൽ ദുഷ്ടശക്തികൾ കൂടെയുണ്ടാവുമെന്ന ഒരു നാട്ടുവിശ്വാസം തമിഴ് ഗ്രാമങ്ങളിലുണ്ട്. ആകെട്ടുകഥയുടെ സ്വാധീനംകൂടി ഈ ചിത്രത്തിന്റെ ഭൂപടത്തെ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നഗ്നപാദരായ അച്ഛനും മകനും മധുരയ്ക്കടുത്തുള്ള മരുഭൂമിപോലുള്ള പ്രദേശത്തുകൂടി നടത്തുന്ന യാത്രയും കൂടിയാണ് ഈ സിനിമ. എന്നാൽ കേവലമായ ഒരു കുടുംബ ജീവിതത്തിന്റെ കഥ പറയുകയല്ല ഈ സിനിമയിൽ മറിച്ച് ലാൻസ്കേപ്പിനെ കൂടി ഉൾപ്പെടുത്തിയാണ് കഥ പറയുന്നത്. അതുകൊണ്ടുതന്നെ ലാൻഡ്സ്കേപ്പ് ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന്. ചുട്ടുപൊള്ളുന്ന ഭൂപ്രകൃതിയും പ്രധാന കഥാപാത്രമായ ഗണപതിയുടെ (കറുത്തടയാൻ) കോപവും ചേർത്തുവെച്ചു കൊണ്ടാണ് മനുഷ്യരിൽ ലാൻഡ്സ്കേപ് ചെലുത്തുന്ന സ്വാധീനം സംവിധായകൻ അന്വേഷിക്കുന്നത്. ഒരു പക്ഷിനോട്ടത്തിന്റെ കാഴ്ചയ്ക്ക് സമാനമായ ഊഷരമായ ആ ലാൻഡ്സ്കേപ്പിന്റെ വിദൂരമായ ദൃശ്യങ്ങൾക്കൊപ്പം ആൾനോട്ടത്തിന്റെ ചെറിയ ചെറിയ വിശദാംശങ്ങളിലേക്കും സിനിമ സസൂക്ഷ്മം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിജനമായ പ്രകൃതി, വിശാലമായ പാറ, പുകയുന്ന സൂര്യനു കീഴെയുള്ള നടപ്പും കാലടികളും, ചുട്ടുപൊള്ളുന്ന മണ്ണ്, ഉണങ്ങിക്കൊണ്ടിരിക്കുന്ന മരങ്ങൾ, തകർന്ന കണ്ണാടി, വറ്റിവരണ്ട കനാൽ, എലിയെ പിടിച്ച് ചുട്ടു തിന്നുന്ന കുടുംബം, അങ്ങനെയുള്ള അനേകം ദൃശ്യങ്ങളെ ചേർത്തുവെക്കുമ്പോൾ ഒരു വരൾച്ചബാധിത ഗ്രാമത്തിന്റെ ശൂന്യത കൂടിയാണ് ഇവിടെ വെളിവാകുന്നത്. ചിത്രത്തിൽ അപൂർവമായി മാത്രമേ സംഭാഷണങ്ങൾ ഉപയോഗിക്കുന്നുള്ളൂ. സംഭാഷണങ്ങളെ പരമാവധി കുറച്ചുകൊണ്ട് കഥാപാത്രങ്ങൾക്കു ചുറ്റിലുമുള്ള പ്രകൃതിയെ ചേർത്തുവെച്ചുകൊണ്ട് വൈകാരികതയുടെ നേർത്ത നൂലിഴകളാൽ കഥ പറയാനുള്ള ചലച്ചിത്രഭാഷയുടെ സൂക്ഷ്മമായ സാധ്യതയാണ് സംവിധായകൻ ആദ്യാവസാനം തേടുന്നത്.

ഈ സിനിമയുടെ ലിംഗപരമായ വായനയിലേക്കു കടന്നാൽ ഇത് ഈ കാലത്തിന്റെ മാത്രം ചിത്രമല്ലെന്നു ബോധ്യമാവും. നമ്മുടെ സമൂഹത്തിന്റെ അധികാരഘടനയും അതുണ്ടാക്കുന്ന അസ്വസ്ഥതകളും ഈ ചിത്രത്തിന്റെ അടിയടരായി പ്രവർത്തിക്കുന്നതു കാണാം. ഇതിലെ പുരുഷൻമാർ മദ്യപാനവും ചീട്ടുകളിയും അലസതയും പാരുഷ്യവുമായിക്കഴിയുമ്പോൾ സ്ത്രീകൾ തങ്ങളുടെ ദൈനംദിനത്തിന്റെ ദാരിദ്ര്യത്തെയും പുരുഷാധികാരത്തെയും മറികടക്കാനുള്ള ശ്രമത്തിലാണ്.

വിനോദ് രാജ്

ഉപജീവനത്തിനായുള്ള സ്ത്രീകളുടെ നിതാന്തമായ അധ്വാനത്തിന്റെയും പുരുഷൻമാരുടെ രോഷത്തിന്റെയും ലോകം പരസ്പരം ചേർത്തുവെച്ച് സ്ത്രീപുരുഷ ദർശനത്തിന്റെ ആഴങ്ങളിലേക്ക് സിനിമ വെളിച്ചപ്പെടുന്നുണ്ട്.

കൂഴങ്കലിലെ മറ്റൊരു പ്രധാന കഥാപാത്രം വിഘ്നേഷ്കുമുളെയുടെയും പാർത്ഥിബന്റെയും ക്യാമറയാണ്. സൂക്ഷ്മമായി നോക്കുമ്പോൾ അത് പ്രേക്ഷകരായ നമ്മളാണെന്ന് തിരിച്ചറിയാം. ചിത്രത്തിലെ അച്ഛനിൽ നിന്നും മാറി നടക്കുന്ന മകന്റെ നോട്ടങ്ങളെല്ലാം കാഴ്ചയിൽ നമ്മുടെ നോട്ടമായി പരിണമിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന ഭൂമിയിൽക്കൂടി അച്ഛനും മകനും ചേർന്നു മാത്രമുള്ള നടപ്പല്ല ഇത്. മറിച്ച് അവരോടൊപ്പമുള്ള നടപ്പ് നമ്മുടേത് കൂടിയാവുന്നത് ക്യാമറാനോട്ടത്തിന്റെ വിസ്മയകരമായ പരിചരണം കൊണ്ടുകൂടിയാണ്.

ഈ സിനിമ നൽകുന്ന മറ്റൊരാഹ്ലാദം തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻതാരയും വിഘ്നേഷ് ശിവനുമാണ് ഇതിന്റെ നിർമ്മാതാക്കൾ എന്നതാണ്. തീർച്ചയായും അരങ്ങേറ്റ സിനിമയ്ക്ക് മാസ്റ്റർ പീസാകാനുള്ള അവസരമൊരുക്കിയതിന് ഇന്ത്യൻ ചലച്ചിത്ര ലോകം അവരോടും കടപ്പെട്ടിരിക്കും. കച്ചവട സിനിമകൾക്ക് മേൽക്കൈയുള്ള ഇന്ത്യൻ ചലച്ചിത്രലോകത്തു നിന്ന് നോക്കിയാൽ കൂഴങ്കലിലെ അവസാന ദൃശ്യം പ്രതീകാത്മകമായ മറ്റൊരു സൂചന കൂടിയാണെന്നു കാണാം. സിനിമയുടെ അവസാനത്തിൽ ഭൂമിയിൽ നിന്ന് ഉറവയായി വരുന്ന ചെളി കലർന്ന വെള്ളത്തിൽ നിന്ന് പാത്രത്തിലേക്ക് തെളിഞ്ഞ വെള്ളം ശേഖരിക്കുന്ന സ്ത്രീകളുടെ ദൃശ്യമാണ്. അതെ; സമകാലിക ഇന്ത്യൻ സിനിമ ആ കലക്കു വെള്ളമാണെങ്കിൽ അതിൽ നിന്ന് പ്രതീക്ഷയോടെ തെളിഞ്ഞ വെള്ളം ശേഖരിക്കുന്ന കലാകാരനാണ് കൂഴങ്കലിന്റെ സംവിധായകൻ വിനോദ് രാജ്. വിനോദ് രാജിന് iffk ഡെലിഗേറ്റ്സിന്റെ ബിഗ്സല്യൂട്ട്.

Comments