കൊല്ലപ്പെട്ടത്​ 138 ബന്ധിത ആനകൾ, ‘നാട്ടാനയാക്കൽ’ ഉത്സവത്തിന്​ എന്നാണ്​ കൊടിയിറക്കം?

2018 നും 2023 നും ഇടയിൽ കേരളത്തിൽ 138 ആനകൾ അനന്തമായ പീഢനങ്ങളും ഉപദ്രവങ്ങളും കാരണം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഇന്നേവരെ ഒരു തരത്തിലുള്ള അന്വേഷണങ്ങളും നടന്നിട്ടില്ല. ഈ അതിക്രമം അവസാനിപ്പിക്കാനും ആനകളുടെ വംശഹത്യ-വംശനാശത്തിന് പോലും കാരണമായേക്കാവുന്ന ‘നാട്ടാനയാക്കൽ' പ്രക്രിയയ്ക്ക് അറുതി വരുത്താനും സർക്കാർ അടിയന്തരമായി ഇടപെടണം. കേരളത്തിൽ ചത്തൊടുങ്ങിയ ബന്ധിത ആനകളെ കുറിച്ച് സെന്റർ ഫോർ റിസർച്ച് ഇൻ അനിമൽ റൈറ്റ്‌സ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്ത്.

മ്പലങ്ങളിലെ ഉത്സവങ്ങൾക്ക് ആനകളെ എത്തിക്കുന്ന രീതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന വ്യവസായത്തെപ്പറ്റിയുള്ള ഞങ്ങളുടെ ആകുലതകൾ പങ്കുവക്കുകയാണ്​. ഈ വിഷയത്തിൽ ഞങ്ങൾ നടത്തിയ വിശദ അന്വേഷണങ്ങളുടെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിൽ ചില വസ്തുതകൾ ചൂണ്ടിക്കാണിക്ക​ട്ടെ. മൃഗങ്ങളെ വെറും വില്പനച്ചരക്കാക്കി കാണുന്ന ഒരു പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് വർഷങ്ങളായി തുടർന്നുപോരുന്ന ഒരു വലിയ തെറ്റ് തിരുത്താനുള്ള ചരിത്രപരമായ ചുവടുവെപ്പ്​ നടത്താൻ ഈ നിവേദനം താങ്കളെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ബന്ധിത ആനകളെ സംരക്ഷിക്കാതെയും മൃഗസംരക്ഷണ നിയമങ്ങളെ കാറ്റിൽപ്പറത്തിയും നടന്നു വരുന്ന ഗുരുതര വീഴ്ചകൾക്ക് സാക്ഷികളാണ് ഞങ്ങൾ. ആനകളെ ചങ്ങലകളാൽ ബന്ധിച്ച് പൂരങ്ങൾക്ക് എഴുന്നള്ളിക്കുന്ന രീതി പൂർണമായി അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. ആനകളോടുള്ള അനുകമ്പയുടെ പേരിൽ മാത്രമല്ല, കേരളത്തിന്റെ തിലകക്കുറിയായ നവോത്ഥാനത്തിനോടനുബന്ധിച്ച് നടത്തുന്ന ഒരു സാമൂഹിക പരിഷ്‌ക്കരണ പ്രക്രിയയായും കൂടി ഈ നടപടിയെ പരിഗണിക്കാം.

തൃശൂർ പൂരം എന്ന ആന പീഡനോത്സവം

2022 മെയിൽ നടന്ന തൃശ്ശൂർ പൂരത്തിൽ ഞങ്ങളുടെ സംഘത്തിൽ നിന്നുള്ള ചിലരും പങ്കെടുത്തിരുന്നു. പൂരത്തിന്റെ മാസ്മരികതയും ഗാംഭീര്യവും എന്തായിരിക്കുമെന്ന് ഞങ്ങൾക്ക് നല്ല ധാരണയുണ്ടായിരുന്നു. എന്നാൽ പൂരത്തിന് അണിനിരക്കുന്ന ആനകൾ അനുഭവിക്കുന്ന ക്രൂരതകളുടെ ആഴം എത്ര വലുതാണെന്ന് അന്നാണ് ഞങ്ങൾക്ക് നേരിൽക്കണ്ട് മനസിലാക്കിയത്. ഓരോ ആനകളുടെയും പുറത്ത് നാല് പേരെങ്കിലും നിരന്നിരിക്കുന്നുണ്ടായിരുന്നു. അവരെക്കൂടാതെ, ഏറെ ഭാരമേറിയ കുട, തിടമ്പ്, നെറ്റിപ്പട്ടം പോലുള്ള സാധനസാമഗ്രികളും ഓരോ ആനകളുടെയും പുറത്തു വെച്ചിരുന്നു. അവശത കൊണ്ട് തന്റെ ഭാരം കൂടി തൊട്ടടുത്തുള്ള ആനയുടെമേൽ ചാരിയായിരുന്നു പല ആനകളുടെയും നിൽപ്. കാലുകൾ കൂച്ചുവിലങ്ങുകളാൽ ബന്ധിക്കപ്പെട്ട്, മണിക്കൂറുകളോളം ഒരേ നിൽപ്​ നിൽക്കുന്ന ആനകളുടെ കാഴ്ച ദയനീയമായിരുന്നു. അനങ്ങാൻ വയ്യാതെ ചങ്ങലക്കിട്ടതിനാൽ ആനകൾ കാലിലെ മരവിപ്പും വേദനയും മാറ്റാൻ ഒരു അമരത്തിൽനിന്ന് മറ്റേ അമരത്തേക്കു ചാഞ്ചാടിക്കൊണ്ടേയിരിക്കുകയായിരുന്നു. ആനകൾ തമ്മിൽ കഷ്ടിച്ച് ഒന്നോ രണ്ടോ ഇഞ്ച് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. കൊമ്പനാനകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന സാഹചര്യങ്ങളാണിത്.

ഞങ്ങൾ കണ്ട മിക്ക ആനകളുടെയും മുതുകത്തും കാലിലും അടുത്ത കാലത്തുണ്ടായ വലിയ മുറിവുകളും ചതവുകളും ദൃശ്യമായിരുന്നു. മിക്ക മുറിവുകളും നിരന്തരം ചങ്ങലക്കിട്ടതുകൊണ്ടും പാപ്പാന്മാർ കുന്തകോലും തോട്ടിയും വച്ചു ഉടക്കിയും ഇടിച്ചും ഉണ്ടാകയിതാണെന്നു വ്യക്തമാണ്. കാതടപ്പിക്കുന്ന മേളവും വെറും നൂറടി മാത്രം അകലെ പൊട്ടിത്തെറിക്കുന്ന വെടിക്കെട്ടിന്റെ പ്രകമ്പനങ്ങളും സഹിച്ചാണ് ഇത്രയേറെ ആനകൾ പൂര മൈതാനിയിൽ ജനസാഗരത്തിന്റെ നടുവിൽ നിരന്നുനില്കുന്നത്. പൂരം കണ്ടിറങ്ങിയ ഞങ്ങൾക്ക് തോന്നിയത് ഒറ്റകാര്യം: ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് ആന ഇടയാത്തതും അതേതുടർന്നുണ്ടാവുന്ന ഉന്തിലും തള്ളിലും ആളുകൾ മരിച്ചുവീഴാത്തതും.

തൃശ്ശൂർ പൂരം, അതിൽ എഴുന്നളിക്കപ്പെടുന്ന ആനകൾക്ക് ദുസ്സഹമായ പീഢകളുടെ ഇടം മാത്രമാണെന്ന് മൃഗക്ഷേമവകുപ്പും (Animal Welfare Board of India - AWBI) മൃഗാവകാശ സംഘടനയായ PETA (People for the Ethical Treatment of Animals) യും അനേകം റിപ്പോർട്ടുകൾ വഴി ഇതിനകം വ്യക്തമാക്കിയ കാര്യമാണ്. ഈ മേഖലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്ന ക്രൂരതകളുടെ പട്ടിക താഴെ ചേർക്കുന്നു:

1) തോട്ടി പോലുള്ള നിരോധിത ആയുധങ്ങൾ ഉപയോഗിച്ച് ആനകളെ കുത്തിയുടക്കി വലിക്കുകയും, മെരുക്കാൻവേണ്ടി ഉപദ്രവിക്കുകയും ചെയ്യുന്നു.

2) സത്യത്തിൽ മതപരമായ ചടങ്ങുകളുടെ പേരിലല്ല, ആനകളെ പൂരപ്പറമ്പിൽ നിരത്തിനിർത്തുന്നത്. പൊതുജനങ്ങൾക്കുമുൻപിൽ കേവലം പ്രദർശന വസ്തുക്കളായും അവരുടെ വിനോദ വസ്തുക്കളായും മാത്രമാണ് ആനകളെ എഴുന്നള്ളിക്കുന്നത്. അസ്വാഭാവികമായ പ്രവർത്തികൾ ചെയ്യാൻ ആനകൾ നിർബന്ധിതരാവുന്ന കാഴ്ചയും അപൂർവ്വമല്ല. ‘ഉപചാരം ചൊല്ലൽ' പോലുള്ള ചടങ്ങുകളുടെ പേരിൽ തുമ്പിക്കൈ ഉയർത്താനായി ആനകളെ പാപ്പാന്മാർ കോലും തോട്ടിയും ഉപയോഗിച്ച് ഉപദ്രവിക്കാറുണ്ട്. ഇത്തരം ചേഷ്ടകൾക്കായി ക്രൂരമായ മാർഗങ്ങളുപയോഗിച്ച് ആനകളെ പരിശീലിപ്പിക്കുന്ന രീതി വ്യപകമാണെന്ന് ഇത് വ്യക്തമാക്കുന്നു.

3) ആവശ്യത്തിന് തണലോ കൃത്യമായ ഇടവേളകളിൽ ദാഹമകറ്റാൻ വേണ്ട വെള്ളമോ ലഭ്യമല്ലാത്ത വിധത്തിൽ കൊടും ചൂടിലാണ് ആനകൾ പൂരപ്പറമ്പിൽ നിർത്തുന്നത്. പാപ്പാന്മാർ ആനയുടെ തണലത്തിരുന്നു വിശ്രമിക്കുന്നു. അതേസമയം, കത്തിനിൽക്കുന്ന സൂര്യന് കീഴിലോ ചുട്ടുപഴുത്ത ടാറിട്ട റോഡിലോ ആണ് പലപ്പോഴും ആനകളുടെ സ്ഥാനം.

4) ആനകളുടെ ഫിറ്റ്‌നസ് തെളിയിച്ച്​ നൽകുന്ന സർട്ടിഫിക്കറ്റിൽ പലപ്പോഴും അവയുടെ മാനസിക, ശാരീരിക ആരോഗ്യാവസ്ഥയെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങളുണ്ടാവാറില്ല. വലിയ പരിക്കുകളോടെയും മുടന്തുന്ന കാലുകളുമായാണ് ആനകളെ പൂരപ്പറമ്പിൽ മിക്കവാറും കാണാറ്​. ഇത്തരം ആനകളെയാണ് തൃശ്ശൂർ പൂരം പോലെ ജനങ്ങൾ ഒഴുകിയെത്തുന്ന ഉത്സവങ്ങളിൽ കൊണ്ടുനിർത്തുന്നത്. അനാരോഗ്യം, തിക്കും തിരക്കും, ഒച്ചയുള്ള ശബ്ദങ്ങൾ, തൊട്ടുരുമ്മി നിർത്തിയിരിക്കുന്ന മറ്റു വലിയ ആനകൾ, ഇതെല്ലാം ആനകളെ പരിഭ്രാന്തിയിലേക്കു നയിക്കുന്ന കാരണങ്ങളാണ്.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്ന തട്ടിപ്പ്​

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന രീതി തന്നെ പ്രാബല്യത്തിൽ വരുന്നത് എഴുന്നള്ളിപ്പിക്കാനുള്ള ശരീരക്ഷമത ഇല്ലാത്ത ആനകളെ പൂരനടത്തിപ്പിന്റെ പേരിൽ ക്രൂശിക്കാതിരിക്കാനാണ്. എന്നാൽ ഇത്തരം പരിപാടികളിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ കാരണം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പോലും നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കഴിഞ്ഞു. മംഗലംകുന്ന് കർണൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്നീ ആനകൾക്ക് വ്യാജ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയെന്ന് തെളിയിക്കപ്പെട്ടതോടെ 2019 ൽ ചീഫ് വൈൽഡ്​ലൈഫ്​ വാർഡൻ അറിയപ്പെടുന്ന ഒരു മൃഗഡോക്ടറെ കരിമ്പട്ടികയിൽപ്പെടുത്തുന്ന സ്ഥിതി പോലുമുണ്ടായി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിപാടികളിൽ എഴുന്നള്ളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് 2022 സെപ്റ്റംബറിൽ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെ സമ്പൂർണമായി ലംഘിച്ച്​കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളിലെ പൂരങ്ങളിൽ ഈ ആനയെ എഴുന്നള്ളിക്കുന്ന കാഴ്ചയാണ് പിന്നീട് പലപ്പോഴും കണ്ടത്. കാഴ്ചശക്തി ഇല്ലാത്ത, തികച്ചും ഒരു രോഗിയായിത്തീർന്ന രാമചന്ദ്രനെ കേരളത്തിലെ ഏതെങ്കിലും ഫോറസ്​റ്റ്​ റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ പാർപ്പിച്ച് വിശ്രമജീവിതം നയിക്കാൻ അനുവദിക്കുന്നതാണ് ആ ആനയുടെയും നമ്മളെപ്പോലുള്ള മനുഷ്യരുടെയുമൊക്കെ ജീവന് നല്ലത് എന്നതാണ് വാസ്തവം. കേരളത്തിലെ പ്രമുഖ മൃഗഡോക്ടർ ജേക്കബ്ബ് ചീരൻ പറഞ്ഞതുപോലെ, ‘രാമചന്ദ്രനെപ്പോലെയൊരു അന്ധനായ ആനയെ ഇനിയും പൂരപ്പറമ്പുകളിൽ എഴുന്നള്ളിക്കുന്നത് ആ മൃഗത്തോട് ചെയ്യുന്ന കൊടിയ പീഡനമാണ്.'

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന. Photo : Thechikkottukavu Ramachandran / facebook.

ആനയെ അസ്വസ്ഥപ്പെടുത്തുമെന്നും പരിഭ്രാന്തനാകുമെന്നും അറിയാവുന്ന അതെ സാഹചര്യങ്ങളിൽ നമ്മൾ അവരെ മനഃപൂർവം കൊണ്ടുനിർത്തുന്നു. ഇത് നമ്മുടെ സമൂഹത്തിന്റെ ധാർമിക പതനത്തിനെ അല്ലാതെ വേറെന്തിനെയാണ് ദൃഷ്ടമാക്കുന്നത്. ഈ പൂരം സീസണിൽ മാത്രം 27 തവണ ആനകൾ സഹികെട്ട് ഇടഞ്ഞോടിയ സംഭവങ്ങളുണ്ടായതായി ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2018 നും 2023 നും ഇടയിൽ കേരളത്തിൽ 138 ആനകൾ അനന്തമായ പീഢനങ്ങളും ഉപദ്രവങ്ങളും കാരണം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഇന്നേവരെ ഒരു തരത്തിലുള്ള അന്വേഷണങ്ങളും നടന്നിട്ടില്ല. ചെറുപ്രായത്തിലാണ് മിക്ക നാട്ടാനകളും കൊല്ലപ്പെട്ടതെന്നും പാദരോഗം, ഇരണ്ടകെട്ട് പോലുള്ള രോഗങ്ങളും പിന്നെ കൊടിയ മർദനവുമാണ് മരണകാരണമെന്നും കൂടി ചേർത്തുവായിക്കുമ്പോഴാണ് ഇതിലെ അപകടത്തിന്റെ ആഴം മനസിലാക്കാനാവുക. ഇതേ ആനകളുടെ കൂടെ ജനിച്ച്, കാട്ടിൽ ജീവിച്ച മറ്റ് ആനകൾക്കിടയിൽ ഈ പ്രശ്‌നങ്ങളില്ലെന്നതും അവ കൂടുതൽ കാലം ജീവിക്കുന്നുണ്ടെന്നതും ഇവിടെ ശ്രദ്ധേയമാണ്. അതായത്. കേരളത്തിലെ ആനകളുടെ മരണത്തിന്റെ സുപ്രധാന കാരണം അവയെ പിടികൂടി നാട്ടാനകളാക്കാൻ നടത്തുന്ന ശ്രമങ്ങളാണെന്ന് വ്യക്തമാണ്.

എത്രയോ വർഷങ്ങളായി ആനകൾക്കുമേൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാനും അവയുടെ വംശഹത്യ-വംശനാശത്തിന് പോലും കാരണമായേക്കാവുന്ന ഈ ‘നാട്ടാനയാക്കൽ' പ്രക്രിയയ്ക്ക് അറുതി വരുത്താനും ഇനിയെങ്കിലും നാം തയ്യാറാവേണ്ടതുണ്ട്.

കെട്ടിയഴി എന്ന ക്രൂരതയ്ക്ക് ഇരയായ പാണഞ്ചേരി അഭിമന്യു എന്ന ആനയുടെ കാലിലെ വ്രണം. Photo: elephantcruelty / facebook

മൂന്ന്​ ബന്ധിത ആനകളുടെ അനുഭവം

ആനകളെ മെരുക്കുന്ന പ്രക്രിയ നയതന്ത്രപരമായി അവസാനിപ്പിക്കുകയാണ് വേണ്ടത്​. അടുത്ത കാലത്ത് മരിച്ച മൂന്ന് ബന്ധിത ആനകളുടെ ഉദാഹരണം വിശദീകരിച്ചാൽത്തന്നെ ഈ ആവശ്യത്തിന്റെ ഗൗരവം മനസിലാവും.

ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ: 36-ാം വയസിലാണ് വിഷ്ണുശങ്കർ കൊല്ലപ്പെട്ടത്. വർഷാവർഷം തുടർന്നു വന്നിരുന്ന ‘കെട്ടിയഴീക്കൽ' വഴി കാലുകളിൽ ഗുരുതരമായ വൃണം ബാധിച്ചതാണ് വിഷ്ണുശങ്കറിന്റെ ആരോഗ്യം മോശമാവാൻ കാരണമായത്. പൂരപ്പറമ്പുകളിൽ നിയന്ത്രിക്കാൻ പ്രയാസമുള്ള വിഷ്ണുവിനെ വില്ലൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തന്റെ പാപ്പാന്മാരിൽ ഒരാളെ ഈ ആന കൊലപ്പെടുത്തിയിട്ടുമുണ്ട്.

അഖോരി പരമേശ്വരൻ: 2022 ലെ പൂരക്കാലത്തിന് തുടക്കം കുറിച്ച് നടത്തിയ തിരുവില്വാമല അമ്പലത്തിലെ നിറമാല ചടങ്ങിൽ പങ്കെടുക്കുമ്പോൾ അഖോരി പരമേശ്വരൻ നിയമവിരുദ്ധ ഉടമസ്ഥതയിലാണുണ്ടായിരുന്നത്. ചടങ്ങിനിടെ പരമേശ്വരൻ വേദനയും അസ്വസ്ഥതയും സഹിക്കവയ്യാതെ ഇടഞ്ഞോടുകയും ദീപസ്തംഭം മറിച്ചിടുകയും ചെയ്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇതിന്റെ പേരിൽ ആനയെ നിർദാക്ഷണ്യം അടിച്ചൊതുക്കുകയും കടുത്ത വേനൽച്ചൂടിൽ റോഡിലൂടെ നടത്തിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. പിന്നീട് പരമേശ്വരനെ ഒരു തടി മില്ലിൽ അനധികൃതമായി ജോലിക്കായി എത്തിക്കുകയും ഇതേത്തുടർന്ന് ആന എല്ലും തോലും മാത്രമായി മാറുന്ന സ്ഥിതിയാണ് കണ്ടത്. ‘കൊമ്പൻ' ബസ് ഗ്രൂപ്പ് ഉടമ പരമേശ്വരനെ വാങ്ങിയതോടെ ആനയുടെ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും പുതിയൊരു പാപ്പാൻ ചുമതലയേറ്റ്​ അധികം ദിവസമാകും മു​​മ്പ്​ പരമേശ്വരൻ ചരിഞ്ഞു. ജീവിതമുടനീളം ഏറ്റുവാങ്ങിയ ക്രൂര പീഡനങ്ങൾക്കൊടുവിൽ തന്റെ 46-ാം വയസ്സിലാണ് അവൻ ചത്തുപോയത്.

വിഷ്ണുശങ്കരനും പരമേശ്വരനും പാപ്പാന്മാരുടെ ആധിപത്യത്തിനുമുന്നിൽ വിട്ടുകൊടുക്കാത്ത ആനകളായിരുന്നു. എന്നാൽ കേരളത്തിലെ ആന വ്യവസായത്തിന്റെ ഉപോല്പന്നമായ അടിമത്തത്തിൽ നിന്ന് രക്ഷ നേടാൻ ഈ കാർക്കശ്യം അവയെ സഹായിച്ചില്ല എന്നതാണ് ദൗർഭാഗ്യകരമായ സത്യം. മാത്രവുമല്ല, പാപ്പാന്മാരുടെ ചൊൽപ്പടിക്കുനിൽക്കാത്ത സ്വഭാവം ആ ആനകളുടെ ജീവിതം കൂടുതൽ ദുരിതമയാമാക്കുകയും ചെയ്തു. തുടരെ തുടരെ അരങ്ങേറുന്ന കെട്ടിയഴിക്കൽ അവരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ സാരമായി ബാധിച്ചു. അവയെ പൂരപ്പറമ്പുകളിലേക്കെത്തിക്കാൻ സഹായിക്കുന്ന ഏതൊരു അതിക്രമവും നീതീകരിക്കപ്പെട്ടു. അവർ മനുഷ്യരെ കൊല്ലുന്ന സംഭവങ്ങളെന്തെങ്കിലും ഉണ്ടായാൽ, അതോടെ കൊലയാളി ആന എന്ന പേര് എന്നെന്നേക്കുമായി അവയുടെ തലയിൽ വീഴുകയും പിന്നീട് മരിക്കുന്നത് വരെ കെട്ടുതറിയിൽനിന്നു അഴിക്കാതെ നിർത്തും. വേച്ചും വലഞ്ഞും വർഷങ്ങൾ പാഴാക്കിക്കൊണ്ടുമാണ് പിന്നീട് ഈ ആനകൾ ജീവിക്കേണ്ടി വരുന്നത്. ഗുരുവായൂർ മുകുന്ദൻ ആണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം

കുഴൂർ സ്വാമിനാഥൻ: കുഴുരിലേക്ക്​ എത്തിക്കുന്നതിന് മുൻപ് നിരവധി തവണ സ്വാമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഉടമസ്ഥനും പാപ്പാന്മാരും തമ്മിലുള്ള പ്രശ്​നം കാരണം ഒരു വ്യക്തിയുടെ പറമ്പിൽ, വെറുമൊരു ടാർപോളീൻ ഷീറ്റിന് താഴെ തള്ളപ്പെടാനായിരുന്നു സ്വാമിയുടെ വിധി. പട്ടിണി കിടന്ന് മെലിഞ്ഞ് പോയ സ്വാമിയുടെ വാരിയെല്ലുകളും തലയോട്ടിയും തെളിഞ്ഞു കാണാമായിരുന്നു. ഭീകരമർദ്ദനമേറ്റ പാടുകൾ ആനയുടെ ശരീരത്തിലുടനീളം കാണാമായിരുന്നു. റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന അരി കൊണ്ടുണ്ടാക്കിയ കഞ്ഞിയായിരുന്നു ഏക ഭക്ഷണം. അതുതന്നെ സമീപത്ത് താമസിച്ചിരുന്ന ഒരു സ്ത്രീക്ക് ആനയോട് അനുകമ്പ തോന്നിയത് കാരണം അവർ നൽകിയിരുന്ന ഭക്ഷണമായിരുന്നു. അവഗണനക്കറുതി വരുത്തി, തന്റെ 50-ാം വയസ്സിൽ, 2020ൽ സ്വാമി ചരിഞ്ഞു. സന്ധിവാതമായിരുന്നു മരണകാരണം എന്ന തെറ്റായ വിവരമാണ് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടത്.

Photo : Dreamstime

അന്തമില്ലാത്ത ക്രൂരതകൾക്കൊടുവിൽ നരകിച്ച് കൊല്ലപ്പെടുന്ന ഈ ആനകളെ സംരക്ഷിക്കാൻ കേരള സർക്കാർ പ്രാബല്യത്തിൽ വരുത്തിയ ഒരു മൃഗക്ഷേമ നിയമങ്ങളും തികയാതെ വരുമെന്ന് ഇതിൽ നിന്ന് തന്നെ മനസിലാക്കാം. പൂരങ്ങൾക്കും മറ്റുമായി കാട്ടിൽ നിന്ന് നാട്ടിലെത്തിച്ച് മെരുക്കിയെടുക്കുന്ന ആനകളുടെ ഉള്ളിൽ ക്രൂരമായ പരിശീലന മുറകളിലൂടെ സൃഷ്ടിക്കുന്ന ഭീതിയാണ് ആനകളെ ‘അനുസരണ' ഉള്ളവരാക്കി മാറ്റുന്നത്. പാപ്പാന്മാർക്ക് കീഴടങ്ങുന്നതുവരെ ആനകളെ നിരന്തരമായ ക്രൂരതകൾക്ക് വിധേയമാക്കിയാലേ ഒടുവിൽ അവ പൂരങ്ങൾക്കായി പാകപ്പെടുകയുള്ളൂ. ഇതിൽ എങ്ങിനെയാണ് ആനക്ഷേമനിയമങ്ങൾ നടപ്പിലാക്കുക?

പാപ്പാന്മാരുടെ ജീവിതം

പാപ്പാന്മാർ കൊല്ലപ്പെടുന്നതും ഗുരുതരമായി പരിക്കേല്ക്കുന്നതുമാണ് ആനപണിയിലെ മറ്റൊരു വലിയ ആശങ്ക. നാട്ടാനകൾ അവയുടെ ഉടമസ്ഥരെയോ പാപ്പാന്മാരെയോ അതുമല്ലെങ്കിൽ കാണികളെയോ ആക്രമിച്ച ഏകദേശം 50ഓളം സംഭവങ്ങൾ 2014 നും 2021 നും ഇടയിൽ കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും സമ്മർദ്ദമോ ഭീതിയോ കാരണമാണ് ഈ ആനകൾ ഇത്തരം അതിക്രമങ്ങൾ കാട്ടുന്നത്. പാപ്പാന്മാരുടെ കാര്യമെടുത്താൽ, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളതും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്നതുമായ ജീവിത പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവരാണ് പാപ്പാന്മാരിലധികവും. തങ്ങളുടെ ജോലിയുടെ ഭാഗമായി അവർക്ക് നേരിടേണ്ടി വരുന്ന അപകടഭീഷണികളുമായി തട്ടിച്ച് നോക്കുമ്പോൾ വളരെ ചെറിയ ശമ്പളം മാത്രമാണ് പാപ്പാന്മാർക്ക് ലഭിക്കുന്നത്. കേരളത്തിലെ ഏറ്റവും അനുഭവ സമ്പന്നരായ പാപ്പാന്മാർക്ക് പോലും മാസത്തിൽ 8000 രൂപയിലധികം ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, അനാചാരങ്ങൾ എന്നിവയെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുന്നതിൽ കേരളം കൈവരിച്ച നേട്ടവും ലിംഗ തുല്യത, LGBTQ- ലൈംഗിക ന്യുനപക്ഷങ്ങളെ കുറിച്ച്​ സമൂഹത്തിൽ അനുകൂല മനോഭാവം ഉണ്ടാക്കിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കി വരുന്ന പദ്ധതികൾ, തൊഴിലാളി വിഭാഗങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിന് സംസ്ഥാനം പുലർത്തുന്ന നിതാന്ത ജാഗ്രത തുടങ്ങിയവയെല്ലാം കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രമാത്രം സമത്വത്തിലൂന്നിയ കാഴ്ചപ്പാടുകളുള്ള നാടാണെന്ന വസ്തുതയ്ക്ക് ദൃഷ്ടാന്തങ്ങളാണ്. അങ്ങനെയൊരു സംസ്ഥാനത്ത് മൃഗങ്ങളെ വളരെ ക്രൂരമായി ഉപദ്രവിക്കുന്നതും അവയെ വലിയ ദുരിതങ്ങൾക്ക് വിട്ടുകൊടുക്കുന്നതുമായ രീതികൾ ഇന്നും ഉണ്ടെന്നതും അതിനെ ചുറ്റിപ്പറ്റി ഒരു വ്യവസായ മേഖല തന്നെ വളരുന്നുണ്ടെന്നതും കേരളം പോലൊരു പുരോഗമന സംസ്ഥാനത്തിന് തീരാ കളങ്കമാണ്.

'PETA INDIA' നടയ്ക്കിരുത്തിയ ഇരിങ്ങാടപ്പിള്ളി രാമൻ എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രോണിക് ആന . Photo : Facebook

മേൽപ്പറഞ്ഞ പിന്തിരിപ്പൻ ചിന്താഗതികളിൽ നിന്ന് കേരളം മുക്തി നേടിയത് പോലെ പൂരം എന്ന പാരമ്പര്യത്തെയും പുനർവിചിന്തനം ചെയ്യാൻ പറ്റുന്നൊരു രാഷ്ട്രീയനേതൃത്വത്തെയാണ് ഇനി വേണ്ടത്. ‘കുതിരവേല' പോലുള്ള രൂപങ്ങളെ പല ക്ഷേത്രങ്ങളുടെ ഉത്സവങ്ങളിലും മറ്റും കാണുന്നത് വളരെ സാധാരണമായ കാഴ്ചയാണല്ലോ. റബ്ബറിൽ തീർത്ത കാഴ്ചയ്ക്ക് യഥാർത്ഥമെന്നുതന്നെ തോന്നുന്ന റോബോട്ടിക് ആനകളെ അടുത്തിടെ തൃശ്ശൂരിലെ പോട്ടയിലുള്ള ഒരു കൂട്ടം യുവാക്കൾ വികസിപ്പിച്ചിരുന്നു. ഇത്തരം റോബോട്ടിക് ആനകളെ പൂരങ്ങൾക്കായും മറ്റും ഉപയോഗിക്കുന്നത് ഹിംസ ഇല്ലാത്ത, അപകടങ്ങൾ ക്ഷണിച്ചുവരുത്താത്ത പുതിയൊരു പൂരസംസ്‌ക്കാരത്തിന് കേരളത്തിൽ തുടക്കം കുറിക്കാൻ സഹായിക്കും എന്നുറപ്പാണ്.

കൃത്യമായ ആസൂത്രണങ്ങളോടെയും നയരൂപീകരണത്തിന്റെ സഹായത്തോടെയും ഈ മാറ്റത്തിന് തുടക്കം കുറിക്കാനായാൽ, ആനകളെ കാട്ടിൽ നിന്നെത്തിച്ച് മെരുക്കി നാട്ടാനകളാക്കുന്ന പ്രാകൃത പ്രവൃത്തിക്ക്​അന്ത്യം കുറിക്കാനാവും. അതിലേക്കായി, മൂന്ന് നിർദേശങ്ങൾ അവതരിപ്പിക്കുകയാണ്​.

1) 2018 നും 2023 നും ഇടയിൽ സ്വകാര്യ ഉടമസ്ഥതയിലിരിക്കെ കൊല്ലപ്പെട്ടതും പൂരങ്ങൾക്ക് എഴുന്നള്ളിക്കാറുള്ളവരുമായ 138 ആനകളുടെ മരണങ്ങളെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് ഇറക്കണം

2) 60 വയസിനുമുകളിൽ പ്രായമുള്ളവരും പ്രായാധിക്യ സംബന്ധമായ രോഗങ്ങളുള്ളവരുമായ ആനകളെ എഴുന്നള്ളത്തിൽ നിന്ന് എത്രയും വേഗം വിരമിപ്പിച്ച് മികച്ച മൃഗ പരിചരണ സംവിധാനങ്ങളുള്ള പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റണം. അവിടെ അവയ്ക്ക് സ്വതന്ത്രമായും പ്രകൃതിയോട് ഇഴുകിച്ചേർന്നും ചങ്ങലകളുടെ ബന്ധനമില്ലാതെയും പണിയില്ലാതെയും ജീവിക്കാനുള്ള അവസരം നൽകുന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണം.

3) പൂരം ആഘോഷങ്ങൾക്കായി ഹിംസാതമകം അല്ലാത്തതും ചെലവ് കുറഞ്ഞതുമായ, കേരളത്തിൽത്തന്നെ വികസിപ്പിച്ച യന്ത്ര/റോബോട്ടിക് ആനകളെ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണം.

(വിവർത്തനം: സിന്ധു മരിയ നെപ്പോളിയൻ)

Comments