മതങ്ങൾ പെണ്ണുങ്ങളെ ഭയക്കുന്നു, ഇടതുപക്ഷത്തെയും ഭയക്കുന്നു

പുതിയ കാലത്ത്, മതപഠനത്തിനും പരിശീലത്തിനും പുറത്ത് സ്ത്രീകൾ നേടുന്ന വിദ്യാഭ്യാസം, മതത്തിന്റെ യാഥാസ്ഥിതിക ഘടനയെ പലയളവിൽ പൊളിക്കുന്നതാണ്. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകൾക്കു കൈവരുന്ന ഈയൊരു സ്വതന്ത്രനില ആൺകോയ്മാ കുടുംബസംവിധാനങ്ങളും മതവും ഒരുപോലെ ഭയപ്പെടുന്നുണ്ട്.

Truecopy Webzine

തത്തെ നിഷേധിക്കുന്ന കമ്യൂണിസത്തിനെതിരെ നിലപാടെടുക്കണമെന്ന സമസ്തയുടെ ആഹ്വാനം, കേവലം തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തെയോ, മുസ്​ലിം വിഭാഗത്തിനകത്ത് കമ്യൂണിസ്റ്റ് പാർട്ടി നേടിയെടുക്കുന്ന സ്വാധീനത്തെയോ പരിഗണിച്ചുകൊണ്ടുള്ള നിലപാടു മാത്രമല്ലെന്നും മുസ്​ലിംലീഗിന്റെ വനിതാ വിദ്യാർത്ഥി വിഭാഗമായ ‘ഹരിത' ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൂടി ഈ കാമ്പയിനിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടതുണ്ടെന്നും ഗവേഷകയും എഴുത്തുകാരിയുമായ കെ.എസ്. ഇന്ദുലേഖ. ട്രൂ കോപ്പി വെബ്‌സീൻ 41ാം പാക്കറ്റിലാണ് ലേഖനം.

പുതിയ കാലത്ത്, മതപഠനത്തിനും പരിശീലത്തിനും പുറത്ത് സ്ത്രീകൾ നേടുന്ന വിദ്യാഭ്യാസം, മതത്തിന്റെ യാഥാസ്ഥിതിക ഘടനയെ പലയളവിൽ പൊളിക്കുന്നതാണ്. പാരമ്പര്യത്തിനെതിരെ യുക്ത്യധിഷ്ഠിതവും പുരോഗമനപരവുമായ മൂല്യങ്ങളെ പകരം വച്ചു കൊണ്ടാണ്, കുടുംബവും മതവും രൂപപ്പെടുത്തുന്ന മൂല്യവ്യവസ്ഥയെ സ്ത്രീകൾ വെല്ലുവിളിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകൾക്കു കൈവരുന്ന ഈയൊരു സ്വതന്ത്രനില ആൺകോയ്മാ കുടുംബസംവിധാനങ്ങളും മതവും ഒരുപോലെ ഭയപ്പെടുന്നുണ്ട്.
എം.എസ്.എഫ്. സംസ്ഥാന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ എഴുതി തയ്യാറാക്കിയ അഞ്ച് പേജുകളുള്ള പരാതി, യഥാർത്ഥത്തിൽ വിദ്യാഭ്യാസം നേടിയ മുസ്ലിം സ്ത്രീയുടെ സ്വത്വപ്രഖ്യാപന രേഖ കൂടിയാണ്. പരാതിയുടെ ഒരു ഭാഗം നോക്കുക: ‘‘ഹരിതയുടെ പ്രവർത്തകർ വിവാഹം കഴിക്കാൻ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവാൻ സമ്മതിക്കാത്തവരാണെന്നും, ഇത്തരത്തിൽ ഒരു പ്രത്യേകതരം ഫെമിനിസം പാർട്ടിയിൽ വളർത്തുകയാണ് എന്നും ഞങ്ങളെക്കുറിച്ച് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ ചില പേരറിയാവുന്ന ഭാരവാഹികളും പറഞ്ഞുനടക്കുന്നതായി ഉത്തരവാദിത്തപ്പെട്ട സംസ്ഥാന, ജില്ലാ ഭാരവാഹികളും കേട്ടതായി പറയുന്നു. മറ്റു പലയിടങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കുവരെ ഞങ്ങളെക്കുറിച്ചു ഇങ്ങനെ കേൾക്കാൻ ഇടയായിട്ടുണ്ട് . പാർട്ടിയിൽ പ്രവർത്തിക്കുന്നത് കൊണ്ടു മാത്രം കേൾക്കേണ്ടി വരുന്ന ദുരനുഭവങ്ങളാണിത്.''

അടുത്ത കാലത്തായി, സമസ്തയുടെ നേതൃത്വത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ പ്രഖ്യാപിച്ച മൂന്നു മാസം നീണ്ടുനിൽക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്റാബ്' എന്ന കാമ്പയിൻ നോക്കുക. സമസ്ത നേതാവും ദാറുല് ഹുദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാൻസിലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സുപ്രഭാതം, ചന്ദ്രിക പത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നത് കുടുംബം, മതം മുതലായ സ്ഥാപനങ്ങളെ സ്ഥിരമായി നിലനിർത്തുന്നതിനാണെന്ന സൂചനയുണ്ട്.

സമീപകാലത്ത് സ്ഥാപനമതങ്ങളും മതമേലധികാരികളും ഇടതുരാഷ്ട്രീയത്തോടു പുലർത്തുന്ന വിയോജിപ്പുകളുടെ അടിസ്ഥാനമാകുന്നത് കുടുംബം, സ്ത്രീ വിദ്യാഭ്യാസം, മുതലാളിത്തം, ശാസ്ത്രബോധം, വ്യക്തിചിന്ത, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ മാർക്സിയൻ രീതിശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകളാണെന്നു കാണാം.
സ്വതന്ത്രവ്യക്തിയെ / കർതൃത്വമുള്ള സ്ത്രീയെ സ്ഥാപനമതങ്ങൾ ഭയക്കുന്നുണ്ട്. ഈ ഭീതിയാണ് യാഥാർത്ഥത്തിൽ സ്വതന്ത്ര ലിബറൽ ചിന്തകൾക്കും പുരോഗമനമൂല്യങ്ങൾക്കും ഇടതുപക്ഷത്തിനുമെതിരായ കാമ്പയിനുകളായി രൂപമാർജ്ജിക്കുന്നത്.

മതം ചൂഷണങ്ങൾക്കുള്ള ഉപാധിയായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് ഇടതുരാഷ്ട്രീയത്തിന്റെ മതവിമർശനത്തിന് അടിസ്ഥാനം. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മതബോധനങ്ങൾ ‘സന്മാർഗ' ജീവിതത്തിന് മനുഷ്യരെ പ്രേരിപ്പിക്കുന്നുവെന്നാണ് പൗരോഹിത്യം അവകാശപ്പെടുന്നത്. സന്മാർഗം എന്ന സങ്കല്പനത്തോട് വിമർശനാത്മകമായിരിക്കുമ്പോൾ തന്നെ സത്യം, സ്നേഹം, ദയ, കരുണ, ത്യാഗം, സേവന സന്നദ്ധത തുടങ്ങിയ മാനുഷിക മൂല്യങ്ങളെ മതത്തിന്റെ ധാർമിക പ്രേരണയായി കാണുന്നതിനെ ഇടതുരാഷ്ട്രീയം എതിർക്കുന്നില്ല. അതേസമയം, മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വാഗ്ദാനം ചൂഷണങ്ങളോടു പ്രതികരിക്കുന്നതിൽ നിന്ന് മനുഷ്യരെ പിൻതിരിപ്പിക്കുകയോ ചൂഷണത്തിനുള്ള ഉപാധിയായി മാറ്റിത്തീർക്കുകയോ ചെയ്യുന്നതിനെ തടസ്സപ്പെടുത്തേണ്ടുന്ന ബാധ്യതയും ഇടതുപക്ഷത്തിനുണ്ട്.
പുതിയകാലത്ത്, സാമ്പത്തിക അസമത്വങ്ങളെ മുൻനിർത്തി മാത്രമല്ല, സാമൂഹ്യബന്ധങ്ങളിലെ മേൽക്കോയ്മകളെ മുൻനിർത്തിയും ഇടതുരാഷ്ട്രീയത്തിന് സ്ഥാപനമതവുമായി വിയോജിക്കേണ്ടതുണ്ട്- ഇന്ദുലേഖ എഴുതുന്നു.

മതങ്ങൾ പെണ്ണുങ്ങളെ ഭയക്കുന്നു, ഇടതുപക്ഷത്തെയും ഭയക്കുന്നു
കെ.എസ്. ഇന്ദുലേഖ എഴുതിയ ലേഖനം
വായിക്കാം, കേൾക്കാം; ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 41

Comments