വിവാഹമോചിത, നടി എന്നീ നിലകളിലുള്ള എന്റെ സ്വതന്ത്രവർഷങ്ങൾ

‘‘വിവാഹിതയായിരുന്നപ്പോൾ ഞാൻ ജീവിച്ച ജീവിതമല്ല, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ജീവിച്ചത്. മറ്റൊരാൾ നിയന്ത്രിക്കുന്ന ചരടിൻതുമ്പിലെ കുരങ്ങിനെ പോലെ, അതിരിനപ്പുറത്തേക്ക് കുതറാൻ ശ്രമിക്കുമ്പോഴെല്ലാം കഴുത്ത് മുറുകി ശ്വാസം കിട്ടാതെ പോകുന്ന ജീവിതമായിരുന്നു എന്റെ കല്യാണവർഷങ്ങൾ’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ലാലി പി.എം.​ എഴുതുന്നു.

രിക്കൽ രണ്ട് കള്ളന്മാർ ഒരു വീട്ടിൽ മോഷണത്തിന് പോയി. ഭാഗ്യമെന്ന് പറയട്ടെ, ആ വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. പക്ഷേ അവരിൽ ഒരു കള്ളൻ തുറന്ന ഗേറ്റിലൂടെ കയറാതെ മതിൽ ചാടി തന്നെ കടന്നു. മറ്റേയാൾ കാരണമന്വേഷിച്ചപ്പോൾ അതാണ് ശീലമെന്നും മതിൽ ചാടിയല്ലാതെ ചെയ്യുന്ന കളവിന് എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടെന്നും... എന്റെ ജീവിതത്തെ പറ്റി ഒന്ന് വിവരിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഈയൊരു തമാശ കൊണ്ട് ഞാനതിനെ അടയാളപ്പെടുത്തും.

കഴിഞ്ഞ ഒരു വർഷത്തെയല്ല എനിക്കടയാളപ്പെടുത്താനുള്ളത്. അല്ലെങ്കിൽ തന്നെ ജീവിതമെന്നതിനെ ഓരോ വർഷത്തേതുമെന്ന് വേർതിരിച്ചെടുക്കാനാവുമോ? ജീവിതം പലപ്പോഴും ഒരു നൈരന്തര്യമാണ്. ഒരു സംഭവവും പെട്ടെന്നുണ്ടാകുന്നതല്ല. എത്രയോ കാലം മുൻപ് അതിന് തുടക്കമുണ്ടായിക്കാണും. ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ ആയി ഒതുക്കിനിർത്തി രേഖപ്പെടുത്താവുന്നതല്ല മനുഷ്യജീവിതമെന്നതാണ് സത്യം. ഞാനെന്റെ ജീവിതത്തെ കോവിഡ് ലോക്ക് ഡൗണിലെ ഒരു പ്രത്യേക ദിവസത്തിനുമുൻപും ശേഷവുമെന്ന്, അല്ലെങ്കിൽ എന്റെ വിവാഹമോചനത്തിന് മുൻപും ശേഷവുമെന്ന് അടയാളപ്പെടുത്തും.

നേരത്തേയുണ്ടായിരുന്നതിനേക്കാൾ അത്രയേറെ എന്റെ ദൈനംദിന ജീവിതം വ്യത്യാസപ്പെട്ടിട്ടുണ്ട്, വിവാഹമോചനശേഷമുള്ള കാലത്ത്.

വിവാഹിതയായിരുന്നപ്പോൾ ഞാൻ ജീവിച്ച ജീവിതമല്ല, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ജീവിച്ചത്. മറ്റൊരാൾ നിയന്ത്രിക്കുന്ന ചരടിൻതുമ്പിലെ കുരങ്ങിനെ പോലെ, അതിരിനപ്പുറത്തേക്ക് കുതറാൻ ശ്രമിക്കുമ്പോഴെല്ലാം കഴുത്ത് മുറുകി ശ്വാസം കിട്ടാതെ പോകുന്ന ജീവിതമായിരുന്നു എന്റെ കല്യാണവർഷങ്ങൾ.

എങ്ങനെയാണാ ജീവിതത്തെ ഞാൻ വിവരിക്കുക? അതിൽ യാതൊരസാധാരണത്വവും ദർശിക്കാത്ത പൊതുസമൂഹത്തിനുമുന്നിൽ. അവർ പറയും, ജീവിതം അങ്ങനെയല്ലേ? ചിലപ്പോഴൊക്കെ ചില അഡ്ജസ്റ്റ്‌മെന്റുകൾ. ആ അഡജസ്റ്റ്‌മെന്റുകൾക്കു മുകളിലിരുന്ന് നല്ല ഭക്ഷണം കഴിച്ചില്ലേ സുരക്ഷിതമായി ഉറങ്ങിയില്ലേ? യാത്ര ചെയ്തില്ലേ?

ശരിയാണ്! കൂലിയില്ലാത്ത ഒരായിരം പണികൾ മുകളിൽ പറഞ്ഞ സൗകര്യങ്ങൾക്കുവേണ്ടി നടുവൊടിയെ ചെയ്യേണ്ടിവന്നിട്ടുണ്ട്. ചിലപ്പോഴൊക്കെയല്ല, എല്ലായ്‌പ്പോഴും.

രാവിലെ
ഉച്ചക്ക്
വൈകീട്ട്
വീണ്ടും രാവിലെ...
ഒന്നും രണ്ടുമല്ല 30 വർഷങ്ങൾ...

മക്കളോടൊപ്പം ലാലി അന്നും ഇന്നും

എന്താണ് എന്റെ വിവാഹജീവിതത്തിൽ മുന്തിച്ചുനിന്ന വികാരമെന്ന് ചോദിച്ചാൽ, ഞാൻ പറയും അത് ഭയമാണെന്ന്. പ്രണയമോ, സ്‌നേഹമോ, ബഹുമാനമോ ഒന്നുമായിരുന്നില്ല. ഓരോ പ്രവർത്തികളേയും നിയന്ത്രിക്കുന്ന എന്തിനെന്നറിയാത്ത ഭയം, തലക്കുമുകളിൽ തൂങ്ങിക്കിടക്കുന്ന ഡെമോക്ലസിന്റെ വാൾപോലെയായിരുന്നു അത്. അദൃശ്യമായതെങ്കിലും എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാമെന്ന് തോന്നിപ്പിക്കുന്നത്.

ചായക്ക് മധുരം കൂടിയാൽ, കുറഞ്ഞാൽ,
കറിക്ക് ഉപ്പ് കൂടിയാൽ, കുറഞ്ഞാൽ,
പുറത്ത് പോയി വരാൻ താമസിച്ചാൽ,
ഫോണിൽ സംസാരിച്ചാൽ,
ഇന്ന് അടി കിട്ടുമോ, അല്ല വഴക്ക് മാത്രമേ ഉണ്ടാവുകയുള്ളോ...
ഭയം...
ഭയം...
ഭയം മാത്രമായിരുന്നു എല്ലാ വികാരങ്ങൾക്കും മുകളിലുള്ള പൊതുവികാരം എന്ന് നിസ്സംശയം പറയാം.

അങ്ങനെയിരിക്കെ, എനിക്ക് വിവാഹമോചനത്തിന് ധൈര്യം കിട്ടുന്നു. ഇനിയും ആത്മാഭിമാനത്തെ മറ്റൊന്നിനും വേണ്ടി പണയം വക്കേണ്ടതില്ലെന്ന്, ഒറ്റക്ക് ജീവിക്കാമെന്ന്.

30 വർഷം ഏത് സ്ഥാപനത്തിലും ഒരു നീണ്ട സർവ്വീസാണ്. കല്യാണത്തിലാണെങ്കിൽ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള കൂലിയൊന്നുമില്ലാത്ത, ഇവിടെ മല മറിക്കുന്നോയെന്ന കളിയാക്കലും നിനക്ക് വേണ്ടത് മുകളിൽ കൂടിയും താഴെക്കൂടിയും കിട്ടുന്നില്ലേയെന്ന മുനവച്ച വർത്തമാനവുമല്ലാതെ അർഹിക്കുന്ന ബഹുമാനം പോലും തിരിച്ച് കിട്ടാത്ത 30 വർഷങ്ങൾ എന്തുകൊണ്ടും കൂടുതൽ തന്നെയാണ്.

ഹോ! ഈ സ്ത്രീകളെ സമ്മതിക്കണം.

ജീവിതം പൊടുന്നനേ അവിശ്വസനീയമാം വണ്ണം മാറിമറിയുകയാണ്. രാവിലെയെഴുന്നേറ്റ് ചായ വക്കണ്ട, രാവിലെ എന്തുണ്ടാക്കുമെന്നോർത്ത് തലേന്നേ തല പുകയ്ക്കണ്ട.
രാവിലെ 8.30 നും
ഉച്ചക്ക് 1.30 നും
രാത്രി 8.00 മണിക്കും ഭക്ഷണം റെഡിയാക്കണ്ട. ചിക്കൻ വറുത്താലാണോ, കറിവച്ചാലാണോ കൂടുതൽ ഇഷ്ടമാവുകയെന്ന് ചിന്തിച്ച് വിഷമിക്കണ്ട. അലക്കിയ ഷഢിയോ തേച്ച ഷർട്ടോ ഇല്ലല്ലോന്ന് ആധിപിടിക്കണ്ട. ഗുളിക കഴിക്കാൻ ഓർമിപ്പിച്ചില്ലല്ലോന്ന് കുറ്റപ്പെടുത്തൽ കേൾക്കണ്ട.

സത്യത്തിൽ ആദ്യമൊക്കെ ഒരു തരം അങ്കലാപ്പായിരുന്നു. എന്താണ് എങ്ങനെയാണ് ജീവിതത്തെ നേരിടുകയെന്ന്. ജീവിക്കാൻ കാശ് വേണ്ടേ? Alimony ആയിക്കിട്ടിയ വീടുകൊണ്ട് ചെലവ് നടക്കില്ലല്ലോ. എന്തായാലും കുട്ടികളെയും ഇനി ആശ്രയിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു.

ലാലിയുടെ ഒരു പഴയകാല ചിത്രം

അന്ന് മാത്രമല്ല മുൻപ് പലപ്പോഴും വരുമാനമില്ലായ്മ എന്ന അരക്ഷിതാവസ്ഥ അനുഭവിക്കുമ്പോഴെല്ലാം ഞാനോലോചിച്ചിരുന്നു, ഒരു വീട്ടു ജോലിക്കാരിയായി വേണമെങ്കിലും ഞാൻ ജീവിക്കുമെന്ന്. എനിക്കേറ്റവും നന്നായി ചെയ്യാൻ പറ്റുന്ന ജോലിയും അതാണ്. എക്​സലൻറ്​ അല്ലെങ്കിലും മോശമല്ലാതെ പാചകം ചെയ്യുന്ന, വീടും പരിസരവും അത്യാവശ്യം വൃത്തിയോടെ പരിപാലിക്കുന്ന, മിനിമൽ ഷോപ്പിംഗിൽ സംതൃപ്തി കണ്ടെത്തുന്ന എനിക്ക് വീട്ടു ജോലിക്കാരിയായി തിളങ്ങാനാവുമെന്ന്, ഇത്ര നാൾ ഒരു പ്രതിഫലവുമില്ലാതെ ചെയ്ത ഇതേ ജോലി പ്രതിഫലം മേടിച്ച് ചെയ്യാനാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. (ഇത് വായിക്കുന്ന സ്ത്രീകളോടും എനിക്ക് പറയാനുള്ളതിതാണ്. ജോലി ഇല്ലെന്നോർത്ത് വിഷമിക്കരുത്. സ്വന്തം അന്തസിനെ വിട്ട് കൊടുക്കാത്ത നിങ്ങൾക്കറിയാവുന്ന ഏത് ജോലിയും മഹത്തരമാണ്. യാതൊരു സ്‌കില്ലും ഇല്ലെങ്കിലും ചെയ്യുന്ന പണിയോടുള്ള ആത്മാർഥത മാത്രം മതി ഹൗസ്​ കീപ്പിങ്​ വിജയിക്കാൻ)

ഇങ്ങനെയൊക്കെ സ്വയം ശാക്തീകരണം നടത്തിയിട്ടും എന്റെ ജീവിതം തുടക്കത്തിൽ ഞാൻ പറഞ്ഞ കള്ളന്റെ അവസ്ഥയാണ്. ഇതാ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ മലക്കെ തുറന്ന് കിടക്കുകയാണ്. ഇഷ്ടമുള്ളതൊക്കെ ചെയ്യാം, എങ്ങോട്ട് വേണമെങ്കിലും പോകാം, എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം. യാത്ര ചെയ്യാം, സിനിമ കാണാം, നാട്ടിൽ പോകാം. പക്ഷേ ഞാനിപ്പോഴും ഭൂതകാലത്തിൽ നിന്ന്​ നീളുന്ന ചരടിന്റെ അറ്റത്തുനിന്ന്​ പിടിവിടാതെ വർത്തമാനകാലത്തും ജീവിക്കുകയാണ്. എനിക്ക് യാത്ര പോകുന്നതിലും ഇഷ്ടം വീട്ടിലിരിക്കാനാണ്. ഇനി എവിടെയെങ്കിലും പോയാലും എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നുള്ള തോന്നലാണ്. നാളുകൾ തുടലിൽ കിടന്ന പട്ടി തുടലഴിഞ്ഞാലും ഓടാത്തത് പോലെ.

2022 എന്നെ സംബന്ധിച്ച് ഏറ്റവും മനോഹരമായിരുന്നു. അഞ്ചോ പത്തോ മിനിറ്റിൽ തീരുന്ന വെള്ളിത്തിര ജീവിതത്തിൽ നിന്ന്​ ഒരു സിനിമയിലെ മുഴുവൻ സമയനടിയായത് ഈ വർഷമാണ്. ജിയോ ബേബിയുടെ ഓൾഡേജ് ഹോമിലെ വേഷം അത്രയും മനോഹരമായിരുന്നു. അതിലെ റിട്ടയേർഡ് ടീച്ചറിൽ ഞാനുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ രണ്ട് സിനിമകളിൽ അതിപ്രധാനമായ വേഷം ചെയ്തിട്ടുണ്ട്.

നേരവും കാലവും നോക്കാതെ കുറേയേറെ സിനിമകൾ ഒ.ടി.ടിയിൽ കണ്ടിട്ടുണ്ട്. വെളുപ്പാങ്കാലത്ത്, നട്ടുച്ചക്ക്, ഉറക്കം വരാതെ കിടക്കുന്ന നട്ടപ്പാതിരക്ക് ഒക്കെ സിനിമയോടുസിനിമയാണ്. എനിക്കിപ്പോൾ ഇറ്റലിക്കാരേയും സ്‌പെയിൻകാരേയും പലസ്തീനികളേയും മറ്റ് പല രാജ്യക്കാരേയും കണ്ടാൽ നല്ലപോലെ തിരിച്ചറിയാം. അത്രയേറെ വിദേശ സിനിമകൾ ഇക്കാലയളവിൽ കണ്ടുകഴിഞ്ഞു.

ഒന്നിനും സമയം കല്പിക്കാതെ നട്ടുച്ചക്ക് ചെടി നട്ടും രാത്രി ഇടക്കെഴുന്നേറ്റ് പൂച്ചയെ കളിപ്പിച്ചും തോന്നുമ്പോഴൊക്കെ സോഷ്യൽ മീഡിയയിലിടപെട്ടും എഴുതിയും തമാശ പറഞ്ഞും പുസ്തകം വായിച്ചും സുംബാ ഡാൻസ് ചെയ്തും ഉറക്കം വരുമ്പോൾ ഉറങ്ങിയും ഈ വീടിനെ ഞാനെന്റ രാജ്യമാക്കി മാറ്റി. ഇപ്പോൾ എന്റെ മുഴുവൻ സമയങ്ങൾക്കും ഞാനാണധിപ. ആരും ഇടങ്കോലിടാനില്ല. ആരും നിയന്ത്രിക്കാനുമില്ല. രാവിലെ പലഹാരം കഴിക്കണമെന്ന് ആർക്കാണ് നിർബന്ധം? ചോറും മീൻ കറിയുമായാലെന്താ പ്രശ്‌നം. ഉച്ചക്ക് മുട്ട പുഴുങ്ങിയാൽ പോരെ. വേണേൽ ഒരു ഗ്ലാസ് പാലും കുടിക്കാം. രാത്രി മർഹബയിൽ നിന്ന് കുഴി മന്തി ഓർഡർ ചെയ്യാം. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ദിവസവും വരി തെറ്റാതെ വയറ്റിലെത്തണമെന്ന് ആരാണ് തീരുമാനിച്ചത്?

ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ് 2022 ഉം കടന്ന്, 2023ലെത്തുമ്പോൾ എനിക്കൊരൊറ്റ ചലഞ്ചേ ഏറ്റെടുക്കാനുള്ളു. കഴിഞ്ഞ 52 വർഷങ്ങൾ കൊണ്ട് മതവും സമൂഹവും കുടുംബവും ബന്ധങ്ങളും എന്നിലടിച്ചേൽപ്പിച്ച കണ്ടീഷൻ ചെയ്ത എല്ലാ ശീലങ്ങളിൽ നിന്നും മോചനം നേടാൻ കഴിയണമെന്നത്. വീടിനോടും മക്കളോടും പൂച്ചകളോടും ചെടികളോടുമുള്ള അനാവശ്യമായ കരുതലുപേക്ഷിച്ച് ഇനിയുമിനിയും സ്വതന്ത്രയാകണമെന്ന്...

എല്ലാവർക്കും പുതുവൽസരാശംസകൾ.

Comments