മൈതാനങ്ങളുടെ മഹാഇടയൻ

മെസ്സി കളിക്കുമ്പോൾ അതൊരു ഒറ്റയാൾ പ്രകടനമല്ല, ചങ്കു പറിച്ചുനൽകാൻ നിൽക്കുന്ന ഒരു ടീമിനെ ഗോളെന്ന വാഗ്ദത്ത ഭൂമിയിലേക്കു അയാൾ നയിക്കുകയാണ്. സ്വന്തം കാലിലെ പന്തിനു മാത്രമല്ല, കൂടെ കളിക്കുന്നവർക്കും കാലുനൽകി മെസ്സി അവരെ കരകയറ്റുന്നു. മെസ്സിക്കുവേണ്ടി മരിക്കാനും തയ്യാറായ അവർ അലകടലാവുന്നു. ടീമംഗങ്ങളുടെ പിന്തുണ ഇത്രയധികം അനുഭവിക്കുന്ന മറ്റൊരു നായകനും ഈ ലോകകപ്പിൽ ഉണ്ടാകില്ല. അവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു - ഞങ്ങൾ മെസ്സിക്കു വേണ്ടി ഇതുനേടും.

(വായനക്കാർ സൂക്ഷിക്കുക, ഇതിൽ കവിത കടന്നുകൂടാൻ ഇടയുണ്ട്)
മെസ്സി പൊതുവെ അലസനും അയഞ്ഞവനുമാണ്. ഉറച്ചതല്ല മെസ്സിയുടെ ശരീരഭാഷ. പന്ത് കാലിൽ കൊരുക്കാത്തിടത്തോളം കാലം അപകടകരമെന്നു തോന്നിപ്പിക്കാത്ത ഉദാസീനതയാണ് മെസ്സി. പന്തിനുമേൽ മെസ്സി അധികാരം സ്ഥാപിക്കുകയല്ല; അതുമായി അഗാധമായൊരു സൗഹൃദത്തിൽ ഏർപ്പെടുകയാണ്. പന്ത് കാലിൽ വന്നുമുട്ടിക്കഴിഞ്ഞാൽ ലക്ഷ്യം മാത്രം കാണുന്ന കുത്തൊഴുക്കാവും മെസ്സി. പന്തിൽ നിന്നും കണ്ണെടുക്കാത്തപ്പോഴും സകലരെയും കാണുന്ന കണ്ണാവും. മെസ്സി പന്തിനെ മേയിച്ചുകൊണ്ടുപോകുന്നത് ഒരു കലാപം നയിക്കുന്നതുപോലെയല്ല, ഒരു കലാപരിപാടി അവതരിപ്പിക്കുന്നത് പോലെയാണ്. ഒരു നദി അതിന്റെ ഒഴുക്ക് കണ്ടെത്തുന്നതുപോലെ സർഗാത്മകമായാണ് മെസ്സി അതിനെ ആവിഷ്‌കരിക്കുന്നത്. ഒരിക്കലും മുറിഞ്ഞുപോകരുതേ എന്നു നമ്മൾ ആഗ്രഹിച്ചുപോകുന്ന അനുസ്യൂതമായൊരു അന്യോന്യം.

ഒരുപാടു വലിയ കളിക്കാർ മൈതാനം അടക്കി വാണിട്ടുണ്ട്, കാണികളെ ത്രസിപ്പിക്കുകയും, അവരുടെ ധമനികളിലേക്ക് കാലുകൊണ്ട് ആനന്ദം നിറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മെസ്സി കളിക്കുമ്പോൾ അതൊരു ഒറ്റയാൾ പ്രകടനമല്ല, ചങ്കു പറിച്ചുനൽകാൻ നിൽക്കുന്ന ഒരു ടീമിനെ ഗോളെന്ന വാഗ്ദത്ത ഭൂമിയിലേക്കു അയാൾ നയിക്കുകയാണ്. സ്വന്തം കാലിലെ പന്തിനു മാത്രമല്ല, കൂടെ കളിക്കുന്നവർക്കും കാലുനൽകി മെസ്സി അവരെ കരകയറ്റുന്നു. മെസ്സിക്കുവേണ്ടി മരിക്കാനും തയ്യാറായ അവർ അലകടലാവുന്നു.

ടീമംഗങ്ങളുടെ പിന്തുണ ഇത്രയധികം അനുഭവിക്കുന്ന മറ്റൊരു നായകനും ഈ ലോകകപ്പിൽ ഉണ്ടാകില്ല. അവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു - ഞങ്ങൾ മെസ്സിക്കു വേണ്ടി ഇതുനേടും. എത്രയധികം ഗോൾ നേടിയാലും, എത്രയധികം കപ്പ് കൈപ്പിടിയിൽ ഒതുക്കിയാലും, സ്വന്തം ടീമംഗങ്ങളുടെ ഇഷ്ടത്തിന്റെ വലകുലുക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ മൈതാനത്തു തനിച്ചാണ്. മെസ്സി ഒരിക്കലും തനിച്ചാവുന്നില്ല, അയാൾക്കു ചുറ്റിലും ചങ്കും ചങ്കിടിപ്പുമായി അവർ അലയടിക്കുന്നു.

അവരാണ് അർജന്റീനയെ അത്ഭുതങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത്, അവർ കളിക്കുന്നത് അർജന്റീനയ്ക്കു വേണ്ടി മാത്രമല്ല, അവരുടെ മെസ്സിക്കു വേണ്ടികൂടിയാണ്. ജയിച്ചേ മതിയാകൂ എന്നൊരു നിശ്ചയത്തെ അതവരുടെ കാലുകളിൽ വച്ചുകെട്ടുന്നു. അടുത്ത ലോകകപ്പിൽ മെസ്സി കൂടെ കളിക്കാനില്ല എന്നത് അവർ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത യാഥാർഥ്യമാണ്. എങ്കിലും അവർ കൈയും മെയ്യും മറക്കുകയാണ്, അവരുടെ കുട്ടിക്കാല നായകന്റെ ഫുട്‌ബോൾ ജീവിതത്തെ അനശ്വരമാക്കാൻ.

ഞങ്ങൾ കളിക്കുന്നത് ഈ ഇളംനീല ജഴ്സിക്കു വേണ്ടിയാണ്, എന്നാൽ മെസ്സിക്കു വേണ്ടി കൂടിയാണ് - റോഡ്രിഗോ ഡീപോൾ. ഈ ലോകകപ്പ് നേടിയാൽ, ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുക എനിക്കുവേണ്ടി ആയിരിക്കില്ല, മെസ്സിക്കു വേണ്ടിയാവും - ലിയാൻഡ്രോ പരേഡിസ്. എനിക്ക് അയാൾക്കെന്റെ ജീവൻ നൽകണം, അയാൾക്കുവേണ്ടി എനിക്കു മരിക്കണം - എമി മാർട്ടിനസ്, സെമിഫൈനലിൽ നിന്നും ഹോളണ്ടിനെ കൈകൊണ്ടു തട്ടിത്തെറിപ്പിച്ച് മൈതാനത്തു കമിഴ്ന്നുകിടന്നുകരഞ്ഞ ഗോളി മാർട്ടിനസിനെ ആശ്ലേഷിക്കാൻ ഓടിവന്ന മെസ്സി. കൂട്ടംതെറ്റിയ കുഞ്ഞാടിനെ തേടിവന്ന ഇടയനാകുന്നു അപ്പോൾ മെസ്സി.

അർജന്റീന ഈ ലോകകപ്പിൽ കളിക്കുന്ന ആദ്യത്തെ ഫൈനൽ ആയിരിക്കില്ല ഇത്, ഗ്രൂപ്പുതലം മുതൽ അവർ കളിച്ച എല്ലാ കളികളും അവർക്കു ഫൈനൽ തന്നെ ആയിരുന്നു. സൗദിയോടു തോറ്റതിനുശേഷം ഒരിക്കൽക്കൂടി തോൽക്കാൻ മനസ്സില്ലാത്ത ഒരു ജൈത്രയാത്രയിൽ പങ്കെടുക്കുകയായിരുന്നു അവർ. ആ നിശ്ചയമാണ് അവരുടെ ഏറ്റവും വലിയ സാധ്യതയും. കപ്പടിക്കുക കരുത്തോ കണക്കുകളോ കണക്കുകൂട്ടലുകളോ ആയിരിക്കില്ല, കാലമായിരിക്കും. 36 വർഷത്തെ അർജന്റീനയുടെ നിരാശ മെസ്സിയുടെ കാലുകൾ കാത്തുകിടക്കുന്നു. മറഡോണയ്ക്കു ശേഷം ബ്യുണസ് ഐറിസിലേക്ക് ലോകകപ്പ് എഴുന്നള്ളുന്നതു കാണാൻ ലോകമെമ്പാടുമുള്ള കവികൾ കാത്തിരിക്കുന്നു. അർജന്റീന അത്രയധികം കവികളെയാണ് ഈ ലോകത്തു സൃഷ്ടിച്ചത്.

ഒരിക്കലെങ്കിലും അയാളുടെ ചുണ്ടുകൾ ഈ കപ്പിനെ ചുംബിക്കാതെ പോയാൽ തിളക്കം കുറഞ്ഞുപോവുക ലോകത്തിന്റെ ഈ കനകക്കപ്പിനായിരിക്കും.

അസാധ്യങ്ങളുടെ പുണ്യാളാ, മെസ്സിക്കു വേണ്ടി അപേക്ഷിക്കേണമേ.

Comments