ധീരയായ ആ പെൺകുഞ്ഞിനെയും
കുടുംബത്തെയും നാം
ചേർത്തുപിടിക്കേണ്ടേ?
ധീരയായ ആ പെൺകുഞ്ഞിനെയും കുടുംബത്തെയും നാം ചേർത്തുപിടിക്കേണ്ടേ?
25 Jul 2020, 02:45 PM
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ അതേ സ്‌കൂളിലെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചേര്‍ത്ത് തൊണ്ണൂറാം ദിവസം കുറ്റപത്രം നല്‍കി ജാമ്യം ലഭിക്കാന്‍ അവസരം നല്‍കിയ സംഭവം സമാനതകളില്ലാത്തതാണ്.
അധ്യാപകന്‍ തന്റെ വിദ്യാര്‍ഥിയെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയാക്കുന്ന സംഭവം കേരളത്തില്‍ ആദ്യമല്ല. അധ്യാപകന്‍ എന്ന സൗകര്യവും അധികാരവും ഉപയോഗിച്ച് തന്ത്രപൂര്‍വം മറച്ചുവെക്കാനും ഭീഷണിപ്പെടുത്തി മൂടിവെക്കാനും കഴിയുന്നതുകൊണ്ട് അത്തരം സംഭവങ്ങള്‍ പുറത്ത് അറിയാറില്ല. മാനസിക സംഘര്‍ഷങ്ങളുടെ നടുവില്‍ കുട്ടി സ്‌കൂളില്‍ പോകാന്‍ മടികാണിക്കുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്ന ചുരുക്കം ചില ലൈംഗികാക്രമണങ്ങള്‍ മാത്രമാണ് പുറത്തുവരാറുള്ളത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഒന്നരമാസത്തിലധികം സ്‌കൂളില്‍ പോകാന്‍ നാലാം ക്ലാസുകാരി മടിച്ചപ്പോഴാണ് കുട്ടിയുടെ ബന്ധു വിവരം അറിയുന്നത്. ഉടന്‍, 2019 മാര്‍ച്ച് 17ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തലശ്ശേരി ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കി.
വൈകിപ്പോയ അറസ്റ്റ്
സാധാരണ നടക്കുന്നതുപോലെ തന്നെ ചൈല്‍ഡ്‌ലൈന്‍ അംഗങ്ങള്‍ മൊഴിയെടുക്കുകയും പാനൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയും പോക്‌സോ നിയമത്തിലെ 5f, 5i, 5m, 6 എന്നീ ശക്തമായ വകുപ്പുകളും ഐ.പി.സി 376 (2)l, 376 (2)f ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളാണ് കേസില്‍ പ്രതിയായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ എന്ന അധ്യാപകന്‍.
പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചേര്‍ത്ത് തൊണ്ണൂറാം ദിവസം കുറ്റപത്രം നല്‍കി ജാമ്യം ലഭിക്കാന്‍ അവസരം നല്‍കിയ സംഭവം സമാനതകളില്ലാത്തതാണ്
ബി.ജെ.പിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യുവിന്റെ നേതാവ് തുടങ്ങിയ പദവി വഹിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാന്‍ പൊലീസ് മടികാണിച്ചതിന് പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ തന്നെയായിരുന്നു കാരണം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി കേരള മന്ത്രിസഭയില്‍ ഒരുവകുപ്പ് തന്നെ ഉണ്ടായത് എല്‍.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണ്. വകുപ്പ് മന്ത്രി കൂടിയായ കെ.കെ. ശൈലജടീച്ചറുടെ മണ്ഡലത്തിലാണ് പാലത്തായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും ഒരുമാസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതിരുന്നത് താന്‍ അറിഞ്ഞിട്ടില്ല എന്ന മന്ത്രിയുടെ പ്രസ്താവന ആ വകുപ്പിന്റെ കാര്യക്ഷമതയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു.
ഒടുവിൽ, പോക്‌സോ ഒഴിവാക്കി കുറ്റപത്രം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മനസികവും ശാരീരികവുമായ സുരക്ഷിതത്വവും നിര്‍ഭയമായി മൊഴികൊടുക്കാനുള്ള സാഹചര്യവും പരിഗണിച്ച് ഉണ്ടാക്കിയ പോക്‌സോ നിയമത്തിലെ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ലംഘനമായിരുന്നു കേസന്വേഷണത്തിലെ ഓരോ ഘട്ടത്തിലും ലോക്കല്‍ പൊലീസ് നടത്തിയത്. കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുക, യൂണിഫോം ധരിച്ച പൊലീസുകാര്‍ മൊഴിയെടുക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് നടന്നത്. പ്രതിയെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ്, കണ്ണൂരില്‍ കൗണ്‍സിലിംഗ് കേന്ദ്രമുണ്ടായിട്ടും കോഴിക്കോട് ഇംഹാന്‍സില്‍ കൊണ്ടുപോയി കുട്ടിയുടെ മാനസിക പരിശോധന നടത്തിയതും വിവാദമായിരുന്നു. കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന്റെ ഈ നടപടിയെ വിമര്‍ശിച്ചിരുന്നു.

പൊലീസന്വേഷണം നീതിപൂര്‍വ്വമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കുട്ടിയുടെ മാതാവ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. ഏപ്രില്‍ 24നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പ്പിച്ച്ഉത്തരവിറങ്ങുന്നത്. 24ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ ജൂലൈ 14നാണ് ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇക്കാലയളവിനിടയില്‍ തലശ്ശേരി സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് തള്ളുകയാണുണ്ടായത്.
മൊഴിയെടുക്കാന്‍ പറ്റാത്ത മനസികനിലയാണ് ലൈംഗികാക്രമണത്തിന് ഇരയായ പത്തുവയസുകാരി മൂന്ന് മാസത്തോളമായി ഉള്ളതെങ്കില്‍ എത്ര ഗുരുതരമാണ് സ്ഥിതി?
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുന്നില്ലെങ്കില്‍ സ്വാഭാവികമായും പ്രതിയ്ക്ക് ജാമ്യം കിട്ടും എന്ന അവസ്ഥയിലാണ് കുറ്റപത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട്ഓണ്ലൈന് കാമ്പയിനുകള്‍ നടക്കുന്നത്. വിചിത്രമായ ഒരു കുറ്റപത്രമാണ് 90 ദിവസം തികയുന്നതിനു തൊട്ടുമുമ്പ് പൊലീസ് കോടതിയില്‍ നല്‍കിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 എന്നീ വകുപ്പുകളും ഐ.പി.സി 323, 324 വകുപ്പുകളും മാത്രം ചേര്‍ത്ത് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു കുറ്റപത്രം. അതിന് പറഞ്ഞ ന്യായീകരണമാവട്ടെ കുട്ടിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല എന്നതും. മൂന്ന് മാസത്തോളം സമയമുണ്ടായിട്ടും കുട്ടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണോദ്യോഗസ്ഥന്‍ തയ്യാറാകാതിരുന്നതെന്തുകൊണ്ടാണ്? കുട്ടിയുടെ മൊഴിയെടുക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന വിശദീകരണം ക്രൈംബ്രാഞ്ച് നടത്തിയിരുന്നെങ്കിലും മെഡിക്കല്‍ രേഖകള്‍, കുട്ടിയുടെ ആദ്യമൊഴികള്‍, സാക്ഷിമൊഴി ഇവയൊക്കെ മതി പോക്‌സോ ചുമത്തി കുറ്റപത്രം നല്‍കാന്‍ എന്ന നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഏതെങ്കിലും മെഡിക്കല്‍ രേഖകളുടെ പിന്‍ബലത്തിലാണോ കുട്ടിയുടെ മാനസിക നില ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്? മൊഴിയെടുക്കാന്‍ പറ്റാത്ത മനസികനിലയാണ് ലൈംഗികാക്രമണത്തിന് ഇരയായ പത്തുവയസുകാരി മൂന്ന് മാസത്തോളമായി ഉള്ളതെങ്കില്‍ എത്ര ഗുരുതരമാണ് സ്ഥിതി. കുട്ടിയുടെ മനസിക നില സാധാരണ നിലയിലാക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കാണ്?
അന്വേഷണ ഉദ്യോഗസ്ഥന്റെ നിയമലംഘനം
കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഐ.ജി ശ്രീജിത്ത്. ശ്രീജിത്തിന്റെ ഫോണ്‍വിളിയുടെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അദ്ദേഹം നിഷേധിച്ചിട്ടില്ല. കേസിന്റെ വസ്തുത അറിയാന്‍ വിളിച്ച ഒരാളോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ലഭ്യമായ രഹസ്യവിവരങ്ങള്‍ കൈമാറുന്നതാണ് ഈ ഓഡിയോ. കുട്ടി പറഞ്ഞ തിയ്യതികളിലെ പൊരുത്തക്കേടുകളും കുട്ടികൊടുത്ത മൊഴികളിലെ വൈരുദ്ധ്യങ്ങളും പരസ്യമാക്കി ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തില്‍ അവഹേളിക്കുകയും പോക്‌സോ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തുകയുമാണ് ഈ ഉദ്യോഗസ്ഥന്‍.
കുട്ടി പറഞ്ഞ തിയ്യതികളിലെ പൊരുത്തക്കേടുകളും മൊഴികളിലെ വൈരുദ്ധ്യങ്ങളും പരസ്യമാക്കി പെണ്‍കുട്ടിയെ അവഹേളിക്കുകയും പോക്‌സോ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തുകയുമാണ് ഈ ഉദ്യോഗസ്ഥന്‍
അധ്യാപകന്റെ പീഡനത്തിനിരയായി ഭയന്ന ഒരു പത്തുവയസുകാരി കൃത്യമായി തിയ്യതികള്‍ ഓര്‍ത്തുവെക്കാതിരുന്നത്, തന്റെ വായമൂടിക്കെട്ടിയ മുണ്ട് പ്രതിയാണ് അഴിച്ചെടുത്തത്, സ്‌കൂളിലെ ശുചിമുറിയുടെ കൊളുത്ത് ഇളകിയതായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തത്, അധ്യാപിക തന്റെ പാഡ് മാറ്റിത്തന്ന തിയ്യതിയിലെ കൃത്യത തുടങ്ങി ഒരന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യപ്പെടുത്തിയ കണ്ടെത്തലുകള്‍ ആ പദവിയിലിരിക്കാന്‍ അദ്ദേഹത്തെ അയോഗ്യനാക്കുകയാണ്.
പിഞ്ചുകുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന കേസുകളുടെ അന്വേഷണ ചുമതല വഹിക്കാന്‍ അയോഗ്യനായ ഈ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തുകയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് മനസാക്ഷിയുള്ളവര്‍ ആവശ്യപ്പെടേണ്ടത്.

പോക്‌സോ ജിഹാദ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പ്രതിയെ രക്ഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടു വരുമ്പോള്‍ എതിര്‍പക്ഷത്ത് നില്‍ക്കേണ്ട പുരോഗമന സംഘടനകള്‍ നിശബ്ദരാകുമ്പോള്‍ മതസംഘടനകളായിരിക്കും അത് ഏറ്റെടുക്കുക. കേസിന് വര്‍ഗ്ഗീയമാനം നല്‍കാനുള്ള ബി.ജെ.പി ശ്രമം പാഴാകുന്നില്ലെന്നതിന് തെളിവാണ് സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ എഫ്.ബി പോസ്റ്റുകളില്‍ പോലും പാലത്തായി കേസില്‍ പൊലീസ് നടപടികളെ വിമര്‍ശിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പ്രചരണം.
ലൈംഗിക പീഡനക്കേസുകള്‍ മൂടിവെക്കാനുള്ള സദാചാര മാനസികാവസ്ഥ പുലര്‍ത്തുന്ന സമൂഹത്തില്‍ നിയമത്തിനു മുന്നിലെത്തുന്നത് വളരെക്കുറച്ച് പീഡനങ്ങള്‍ മാത്രമാണ്. കുറ്റകൃത്യത്തിന്റെ നേര് ചികയുന്ന സോഷ്യല്‍ മീഡിയ കമന്റുകളും പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളും കുറ്റകൃത്യത്തിന് ഇരയായ പിഞ്ചുകുട്ടികളുടെ മാനസിക നിലപോലും പരിഗണിക്കുന്നില്ല. രക്ഷകരാകേണ്ട അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ലൈംഗിക പീഡനങ്ങള്‍ പുറത്തുപറയാന്‍ തയ്യാറാകുന്ന കുഞ്ഞുങ്ങളെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന ജനാധിപത്യ ബോധം പൊതുസമൂഹത്തില്‍ നിന്നും അന്വേഷണോദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവുന്നില്ലെങ്കില്‍ ജനാധിപത്യസമൂഹം എന്ന വിശേഷണത്തിന് നാം യോഗ്യരല്ല.
എം പി ഷാജൻ
25 Jul 2020, 03:17 PM
ക്രൂരനായ അധ്യാപകനും , എന്നും സംശയത്തിന്റെ കറുത്ത നിഴൽ പതിച്ചിട്ടുള്ള ശ്രീജിത്ത് ഐ ജി യും ശിക്ഷിക്കപ്പെടണം .
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
ഫസൽ തങ്ങൾ നടുവണ്ണൂർ
25 Jul 2020, 08:18 PM
ഇനിയങ്കിലും 'ഇക്കാര്യത്തിൽ കേരളീയ പൊതുബോധം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട് ഒര് പിഞ്ചുകുഞ്ഞി നെ പിച്ചിചീന്തിയിട്ട് ........ അവന് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്ത .... ഇവിടെത്തെ പോലീസ് ,വനിതാ ശിശുക്ഷേ വകുപ്പ് ,എന്നിവയോട് പുഛ 0 മാത്രം