കാട്ടിലെ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതിന് കാരണം മനുഷ്യന്‍ കാട്ടിലേക്ക് കയറുന്നതാണെന്ന പരമ്പരാഗത പാരിസ്ഥിതിക യുക്തികളെ അപ്പാടെ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ പ്രശ്‌നത്തെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴിതിരിച്ചുവിടുന്നുമുണ്ട്. ഏറ്റവുമൊടുവില്‍ വയനാട്ടില്‍ നിന്ന് വരുന്ന കടുവയുടെ കണക്കുകളടക്കം മുന്നോട്ടുവെക്കുന്നത് മുന്‍കാലങ്ങളില്‍ നാം ചര്‍ച്ച ചെയ്യാതിരുന്ന ചില പ്രശ്‌നങ്ങള്‍ കൂടിയാണ്.
14 Jan 2023, 04:45 PM
കേരളത്തിന്റെ മലയോര ഗ്രാമങ്ങളില്‍ നിന്ന് വന്യജീവി ആക്രമണങ്ങളുടെ തുടര്‍ച്ചയായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെ, ഇക്കഴിഞ്ഞ ദിവസവും വയനാട്ടില്‍ ഒരു കര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പേര് തോമസ്. സാലുച്ചായന്‍ എന്നാണ് അദ്ദേഹത്തെ നാട്ടുകാര്‍ വിളിച്ചിരുന്നത്. സാലുച്ചായന്റെ അച്ഛന്‍ ചുമ്മാറും അമ്മ ഏലിയാമ്മയും നാല്‍പതുകളില്‍ തൊടുപുഴയില്‍ നിന്നും കടുത്തുരുത്തിയില്‍ നിന്നും കുടിയേറിയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
മനുഷ്യര്‍ക്ക് വിശപ്പടക്കാന്‍, നാട്ടില്‍ അരിയും ഗോതമ്പുമൊന്നുമില്ലാതിരുന്ന കാലത്ത്, തിരുവിതാംകൂറുകാരോട് മലകയറി കപ്പയും കാച്ചിലും നടാനായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. അങ്ങനെ ഹൈറേഞ്ചിലേക്കും മലബാറിലെ മലകളിലേക്കും കുടുംബങ്ങള്‍ കൂട്ടമായി ചുരം കയറിയ കുടിയേറ്റ കാലത്താണ് ചുമ്മാറിന്റെയും ഏലിയാമ്മയുടെയും കുടുബം വയനാട്ടിലെത്തിയത്. കുന്നിന് മുകളില്‍ കൃഷി ചെയ്ത് കൂരകെട്ടി അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഏലിയാമ്മ പത്ത് മക്കളെ പ്രസവിച്ചെങ്കിലും അതില്‍ അഞ്ച് പേര്‍ മാത്രമാണ് ജീവിച്ചത്. അവരില്‍ രണ്ടാമനായിരുന്നു സാലുച്ചായന്‍. പത്ത് മക്കളെ പെറ്റാല്‍ അതില്‍ അഞ്ച് പേര്‍ മാത്രം അതിജീവിക്കുമായിരുന്ന ആ കാലത്തെ സകല ജീവിതദുരിതങ്ങളോടും നേര്‍ക്കുനേര്‍ നിന്ന്, അര നൂറ്റാണ്ടിലധികം കാലം വയനാട്ടിലെ തൊണ്ടര്‍നാട് ഭാഗത്ത് കൃഷി ചെയ്ത് ജീവിച്ച, ഇപ്പോള്‍ എണ്‍പത് വയസ്സുള്ള ചുമ്മാര്‍ അച്ചായന് തന്റെ ജീവിതത്തിലൊരിക്കലും കാട്ടുമൃഗങ്ങള്‍ ഒരു പ്രശ്‌നമേ ആയിരുന്നില്ല.
എന്നാല്‍, അമ്പത് വയസ്സുള്ള അദ്ദേഹത്തിന്റെ മകന്‍, സാലു എന്ന തോമസിനെ, കാട്ടില്‍ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയുള്ള അവരുടെ കൃഷിയിടത്തില്‍ വെച്ച് ഒരു കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി സ്ഥലത്തെത്തിയ മാധ്യമങ്ങളോടെല്ലാം ആ നാട്ടുകാര്‍ പറഞ്ഞത് ഇക്കാലം വരെ ഒരു കുരങ്ങിന്റെയോ പന്നിയുടെയോ പോലും ശല്യമില്ലാതിരുന്ന ഈ നാട്ടിലാണ് ഇപ്പോള്‍ കടുവയിറങ്ങിയിരിക്കുന്നത് എന്നാണ്. തൊണ്ടര്‍നാട്ടെ മനുഷ്യരുടെ ഈ വാക്കുകളില്‍ നിന്ന് വേണം കേരളത്തിന്റെ മലയോരങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്ന മനുഷ്യവന്യജീവി സംഘര്‍ഷങ്ങളുടെ വര്‍ത്തമാന കാല സാഹചര്യങ്ങളെ പരിശോധിക്കാനും വിലയിരുത്താനും.
മുന്‍കാലങ്ങളിലൊക്കെ വന്യജീവി ആക്രമണങ്ങള്‍ക്കിരയാകുന്നത് വനത്തിനകത്തോ വനാതിര്‍ത്തികളിലോ ഒക്കെ ജീവിക്കുന്നവരും അല്ലെങ്കില്‍ എന്തെങ്കിലും സവിശേഷമായ ആവശ്യങ്ങള്‍ക്കായി വനത്തിനകത്ത് പ്രവേശിക്കുന്നവരുമൊക്കെയായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. വനവും വനാര്‍തിര്‍ത്തി പ്രദേശങ്ങളും പിന്നിട്ട് സാധാരണ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും, പോരാത്തതിന് നഗരകേന്ദ്രങ്ങളില്‍ വരെ ഇന്ന് വന്യജീവികളെത്തുന്നുണ്ട്.
കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, തിരുവന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം വനവുമായി യാതൊരു ബന്ധവുമില്ലാത്ത, നഗരസമാനമായ പ്രദേശങ്ങളില്‍ വരെ വന്യജീവി
ആക്രമണങ്ങളുണ്ടാകുന്നുണ്ട്, അതില്‍ ആളുകള്‍ കൊല്ലപ്പെടുന്നുമുണ്ട്. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്തോളം വാര്‍ഡുകളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാന ഇറങ്ങിയതിനെത്തുടര്‍ന്ന് നിരോധനാജ്ഞ വരെ പ്രഖ്യാപിക്കപ്പെട്ടു. പല പ്രദേശങ്ങളിലും പ്രാദേശിക ഹര്‍ത്താലുകള്‍ വരെ ഈ വിഷയത്തില് നടന്നു. വനംവകുപ്പിന്റെ ദ്രുതകര്‍മസേനയും നാട്ടുകാരും ചേര്‍ന്ന് രാവും പകലും വന്യജീവികളെ പ്രതിരോധിക്കാനായി പെടാപാട് പെടുകയാണ്.
വിവരാവകാശ നിയമപ്രകാരം കേരള ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഫാര്‍മേഴ്‌സ് അസോസിയേഷന് വനംവകുപ്പില്‍ നിന്ന് ലഭിച്ച മറുപടിയനുസരിച്ച്, 2008 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം കേരളത്തില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേര്‍ക്ക് ഇക്കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഈ കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരമാണ്. അതായത്, കേരളത്തില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്‍ വീതം വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേര്‍ക്ക് വീതം വിവിധങ്ങളായ വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നുമുണ്ട്.
34875 വന്യജീവി ആക്രമണങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വനംവകുപ്പ് പറയുന്നത്. അങ്ങനെയെങ്കില്‍, പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നുണ്ട്. ഇത്രയധികം ജീവഹാനിയും വിഭവനാശവും സൃഷ്ടിക്കുന്ന, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നില്‍ക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നമ്മുടെ ഭരണകൂടം എന്ത് ശ്രമങ്ങള്‍ നടത്തി എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉയരേണ്ടത്.
580 കിലോമീറ്റര്‍ നീളത്തിലും ശരാശരി 75 കിലോമീറ്റര്‍ വീതിയിലുമുള്ള കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റില്‍മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും ഈ പറയുന്ന വനമേഖലയുടെ അതിര്‍ത്തിക്കുള്ളില്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങള്‍ കേരളത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളിലും കഴിയുന്നുണ്ട്. ഈ മനുഷ്യരുടെയെല്ലാം ജീവിതത്തെ അടിമുടി ബാധിച്ചിരിക്കുന്ന ഒരു പ്രശ്‌നമായി മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ മാറിയിരിക്കുകയാണ്.
ഓരോ വര്‍ഷം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ആനയും കടുവയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും മയിലുമെല്ലാം ജനവാസമേഖലകളിലിറങ്ങി സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുടെ വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കാട്ടാനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന മനുഷ്യരുടെ കണക്കാണ് അതിലേറ്റവും ഭീകരം. അക്ഷരാര്‍ത്ഥത്തില്‍ ജീവഭയത്തിലാണ് ഇന്ന് കേരളത്തിന്റെ മലയോരമേഖല. ഇത്തരം സംഘര്‍ഷ പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ പടരുന്ന ഭയത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് നമുക്ക് വിവരിക്കാന്‍ പോലും സാധിക്കില്ല.
ജോലിക്കും പഠാനവശ്യങ്ങള്‍ക്കുമെല്ലാമായി പുറത്തിറങ്ങുന്നവര്‍ വഴിയിലുടനീളം അനുഭവിക്കുന്ന പേടി, അവര്‍ തിരിച്ചെത്തുന്നത് വരെ വീടുകളിലുള്ളവര്‍ അനുഭവിക്കുന്ന അസ്വസ്ഥതകള്‍, ഏത് നിമിഷയും ആനയുടെയോ കടുവയുടെയോ ഒക്കെ മുന്നില്‍ പെട്ടേക്കാമെന്ന ഭയത്തില്‍ കഴിയുന്നവര്‍,
വനാതിര്‍ത്തി ഗ്രാമങ്ങളിലെ കുട്ടികളും വൃദ്ധരും സ്ത്രീകളുമെല്ലാമടങ്ങുന്നവര്‍ ഗുരുതരമായ മാനസ്സിക പ്രയാസങ്ങളെക്കൂടിയാണ് അതിജീവിക്കേണ്ടി വരുന്നത്. അടച്ചുറപ്പില്ലാത്തതും ചുറ്റുമതിലുകളില്ലാത്തതുമായ വീടുകളില്‍ കഴിയുന്ന ദരിദ്ര കുടുംബങ്ങളും, കോളനികളില്‍ കഴിയുന്നവരുമെല്ലാമാണ് വന്യമൃഗ ആക്രമണങ്ങളുടെ നേരിട്ടുള്ള ഇരകളായി മാറുന്നത്.
ആള്‍നാശത്തിനും രൂക്ഷമായ കൃഷിനാശത്തിനും പുറമെ വീടുകളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം വന്യജീവികളാല്‍ തകര്‍ക്കപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. കാര്‍ഷിക ഗ്രാമങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ വഷളാകുന്നത് പല പ്രദേശങ്ങളുടെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിക്കുന്നു, അത് ആത്മഹത്യകള്‍ക്ക് വരെ കാരണമാകുന്നു. മുന്‍കാലങ്ങളില്‍ സമ്പദ്‌സമൃദ്ധമായിരുന്ന പല കാര്‍ഷിക ഗ്രാമങ്ങളും ഇന്ന് കൃഷിയും കച്ചവടവുമൊന്നുമില്ലാതെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
അതിജീവനത്തിനായി മലകയറിവന്ന കുടിയേറ്റ ജനത മണ്ണില്‍ വിയര്‍പ്പൊഴുക്കി നേടിയെടുത്ത ജീവിതപുരോഗതിയുടെ പ്രതിഫലനമായി മലയോരഗ്രാമങ്ങളുടെ ഭൗതികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ ഘട്ടം ഘട്ടമായി വികസിക്കുന്നതായിരുന്നു മുന്‍കാല കാഴ്ചകളെങ്കില്‍ ഇന്നതല്ല സ്ഥിതി. വന്യമൃഗ ഭീഷണിക്കും പ്രകൃതിദുരന്തങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കുടിയേറ്റ നാടുകള്‍ ഇന്ന് മലയിറങ്ങുകയാണ്. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും സ്വയം കുടിയൊഴിഞ്ഞുപോകാന്‍ സന്നദ്ധരായി വനംവകുപ്പിനെ സമീപിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ സ്ഥലം വനംവകുപ്പ് ഏറ്റെടുത്ത് പകരം നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കാം എന്നാണ് ഈ കുടുംബങ്ങള്‍ പറയുന്നത്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്ന് ഇത്തരത്തിലുള്ള നൂറുകണക്കിന് അപേക്ഷകള്‍ സര്‍ക്കാറിന് മുന്നിലുണ്ട്. ഇതിനകം തന്നെ സര്‍ക്കാര്‍ ഭൂമിയേറ്റെടുത്തതിനാല്‍ കുടിയൊഴിഞ്ഞുപോയ കുടുംബങ്ങളുമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കലപ്പയും കൈക്കോട്ടും മാത്രം കൈമുതലായി മലകയറി വന്ന കുടുംബങ്ങള്‍ അവരുടെ ആയുസ്സിന്റെ സമ്പാദ്യങ്ങളുപേക്ഷിച്ച് ഒന്നുമില്ലാതെ മലയിറങ്ങുന്ന സ്ഥിതി.
കാട്ടിലെ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതിന് കാരണം മനുഷ്യന്‍ കാട്ടിലേക്ക് കയറുന്നതാണെന്ന പരമ്പരാഗത പാരിസ്ഥിതിക യുക്തികളെ അപ്പാടെ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ പ്രശ്‌നത്തെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴിതിരിച്ചുവിടുന്നുമുണ്ട്. ഏറ്റവുമൊടുവില്‍ വയനാട്ടില്‍ നിന്ന് വരുന്ന കടുവയുടെ കണക്കുകളടക്കം മുന്നോട്ടുവെക്കുന്നത് മുന്‍കാലങ്ങളില്‍ നാം ചര്‍ച്ച ചെയ്യാതിരുന്ന ചില പ്രശ്‌നങ്ങള്‍ കൂടിയാണ്.
വനംവകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച വൈല്‍ഡ്‌ലൈഫ് സെന്‍സസ് ഡാറ്റ പ്രകാരം 1993 ല്‍ നിന്ന് 2011 ല്‍ എത്തിയപ്പോഴേക്കും വരയാടുകളടക്കമുള്ള ഏതാനും ജീവികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, കേരളത്തിലെ കാടുകളിലെ മൊത്തം വന്യജീവികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ധനവാണുണ്ടായിട്ടുള്ളത്. 2022 ല്‍ വയനാട്ടില്‍ നടന്ന കടുവ സെന്‍സസ് പ്രകാരം നിലവില്‍ വയനാട്ടില്‍ 157 കടുവകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് വനംവകുപ്പിലെ ചീഫ് വെറ്റിനറി സര്‍ജനായ ഡോ. അരുണ്‍ സക്കറിയ പറയുന്നത്. ഇതില്‍ 130 ഓളം കടുവകള്‍ വയനാട് വന്യജീവി സങ്കേതത്തിനുള്ളിലാണെന്നാണ് അനുമാനിക്കുന്നത്. 344 കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള വനത്തില്‍ 130 ഓളം കടുവകള്‍ അധിവസിക്കുന്നു എന്നതിനര്‍ത്ഥം ഒരു കടുവയ്ക്ക് 2.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ആവാസ മേഖലയായി ലഭിക്കുന്നത് എന്നതാണ്. സ്വാഭാവികമായും ഇത്തരമൊരു സാഹചര്യത്തില്‍ കടുവകള്‍ ജനവാസ മേഖലകളിലേക്കിറങ്ങും എന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങളാണ് നാം സ്വീകരിക്കേണ്ടത്.
കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളെ മനുഷ്യവന്യജീവി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനവും മറ്റും വനത്തിന്റെ സ്വാഭാവികതയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍, വനത്തിനകത്തെ ഭക്ഷ്യ-ജല ലഭ്യതയിലെ ശോഷണം, വനമേഖലയോട് ചേര്‍ന്നുള്ള കാര്‍ഷിക മേഖലകളിലെ വിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം, വനമേഖലകളിലെ അധിനിവേശ സസ്യങ്ങളുടെ കടന്നുവരവ് വന ആവാസ വ്യവസ്ഥയെയും തദ്ദേശീയ ജൈവവൈവിധ്യത്തെയും വന്‍തോതില്‍ തകര്‍ക്കുന്നത്, യൂക്കാലി, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ ഏകവിളത്തോട്ടങ്ങളുടെ വര്‍ധനവ്, കരിമ്പ്, വാഴ, ഈറ്റ തുടങ്ങി ആനയടക്കമുള്ള വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിളകള്‍ വ്യാപകമായത്, ആനകള്‍ സ്ഥിരായി സഞ്ചരിച്ചുകൊണ്ടിരുന്ന ആനത്താരകള്‍ കൊട്ടിയടച്ചുകൊണ്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമാണ് വന്യജീവി സംഘര്‍ഷങ്ങളുടെ പ്രധാന കാരണങ്ങളായി വനംവകുപ്പ് വിലയിരുത്തുന്നത്. അതോടൊപ്പം സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും വേട്ടനിരോധനങ്ങളുടെയുമെല്ലാം ഫലമായി ആനയും കടുവയുമടക്കമുള്ള വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചത് സ്വാഭാവികമായും ഈ സംഘര്‍ഷങ്ങള്‍ക്ക് കൂടി കാരണമായി എന്ന് വനംവകുപ്പ് പറയുന്നുണ്ട്. 2022 ഫെബ്രുവരിയില്‍ വനംവകുപ്പ് സംസ്ഥാന സര്‍ക്കാറിന് നല്‍കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ലക്ഷക്കണക്കിന് വരുന്ന മനുഷ്യരുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു അടിയന്തര പ്രശ്‌നമായി കേരളത്തിലെ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളെ നമ്മുടെ സര്‍ക്കാരുകള്‍ ഇനിയും കണക്കിലെടുത്തിട്ടില്ല എന്നതാണ് ഇതിലേറ്റവും സങ്കടകരം. സൗരോര്‍ജവേലി, കിടങ്ങ് നിര്‍മാണം, എംഎസ്എസ് അലര്‍ട്ട് സിസ്റ്റം പോലുള്ള ചില പ്രതിരോധമാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെങ്കിലും പലയിടത്തും ഇതെല്ലാം പരാജയപ്പെടുകയാണ്.
ജനവാസമേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാവുന്ന 620 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയതായി വനംവകുപ്പ് മന്ത്രി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നുവെങ്കിലും അതിന്‍മേല്‍ തുടര്‍നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാരം പോലും നല്‍കാതിരിക്കാനാണ് പലപ്പോഴും വനംവകുപ്പ് ശ്രമിക്കുന്നത്.
2015 ല്‍ പതിമൂന്നാം കേരള നിയമസഭയുടെ നിര്‍ദേശ പ്രകാരം അന്നത്തെ വനംവകുപ്പ് മന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ ഒരു കമ്മിറ്റി വനത്തിനുള്ളിലും സമീപപ്രദേശങ്ങളിലും അധിവസിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന വൈഷ്യമങ്ങള്‍ എന്ന വിഷയത്തില്‍ പ്രത്യേകമായ ഒരു പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യര്‍ അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട്, ഇതര പ്രദേശങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ധാരാളം പ്രയാസങ്ങള്‍ അധികം നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വിഭവവിനയോഗം, ഭൂമിയുടെ ക്രയവിക്രയം, വൈദ്യുതി - ജലലഭ്യത - ഗതാഗതം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിടയക്കമുള്ള നിര്‍മാണങ്ങള്‍ തുടങ്ങിയവയിലെല്ലാമുള്ള സവിശേഷമായ നിയന്ത്രണങ്ങള്‍ ഈ മേഖലയിലെ ജനങ്ങളുടെ സാമൂഹിക വികാസത്തിന് തടസ്സമായി മാറുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരേ ഭരണകൂടത്തിന് കീഴില്‍ തുല്യമായ അവകാശത്തോടെയും അധികാരത്തോടെയും ജീവിക്കാനുള്ള മലയോര മനുഷ്യരുടെ അതിജീവന സ്വപ്‌നങ്ങളെ തകര്‍ത്തുകൊണ്ടാണ് നിലവില്‍ അവരനുഭവിക്കുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പുറമെ നമ്മുടെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള കലുഷിതമായ സംഘര്‍ഷങ്ങളുടെ ഭൂമിയായിക്കൊണ്ടിരിക്കുന്നത്.
തീര്‍ച്ചയായും ലോകത്തെ ജൈവസമ്പത്തിന്റെയും മനുഷ്യരാശിയുടെയും നിലനില്‍പിന് വേണ്ടി വനവും വന്യജീവികളുമടക്കമുള്ള പ്രകൃതിവിഭങ്ങള്‍ നാം സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ വന്യജീവികളും മനുഷ്യരും തമ്മില്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത് ഒരു വലിയ സാമൂഹിക പ്രശ്‌നമായി മാറുമ്പോള്‍, ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. മലയോരങ്ങളിലെ മനുഷ്യരുടെ ജീവനും വിലയുണ്ട് എന്ന പ്രാഥമിക നീതിബോധം നമ്മുടെ അധികാരികള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
കൃഷ്ണനുണ്ണി ഹരി
Mar 05, 2023
8 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch