‘ഭാരതപ്പുഴ’: ഒരു സെക്​സ്​ വർക്കറുടെ കഥ,
സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാരലോകം

ഒരു സെക്​സ്​ വർക്കറുടെ കഥയിലൂടെ ഒരു സ്ത്രീയുടെ സ്വതന്ത്ര സഞ്ചാരം രേഖപ്പെടുത്തുകയാണ്​ ‘ഭാരതപ്പുഴ’ എന്ന സിനിമ. സ്ത്രീകളെ ആകെ സാംശീകരിച്ചുകൊണ്ടുള്ള ഒരു ലോകം എന്ന രീതിയിലാണ് താൻ സിനിമ സങ്കൽപ്പിച്ചത് എന്നും തന്റെ അമ്മയടക്കം തന്നെ തൊട്ട എല്ലാ സ്ത്രീകളുടേയും ആത്മാംശം സുഗന്ധി എന്ന കേന്ദ്രകഥാപാത്രത്തിലുണ്ടെന്നും സംവിധായകൻ മണിലാൽ. അദ്ദേഹവുമായി മാധ്യമപ്രവർത്തക രഞ്ജിനി മേനോൻ സംസാരിക്കുന്നു.

കാശത്തെ പ്രണയിക്കുന്നവരാണ് നമ്മളെല്ലാം. അതുകൊണ്ടാണല്ലൊ ചിറകിനായി വെമ്പുന്നത്; വായിച്ച് മനസിൽ പതിഞ്ഞ ഈ വരികളാണ് മണിലാൽ സംവിധാനം ചെയ്ത ഭാരതപ്പുഴ കണ്ടുകഴിഞ്ഞപ്പോൾ ഓർമയിൽ വന്നത്. തടയണ കെട്ടാത്ത പുഴയ്ക്ക് ഒഴുകാതിരിക്കാനാവാത്തതുപോലെ, ചിറകുള്ള പക്ഷിക്ക് പറക്കാതിരിക്കാൻ ആവാത്തതുപോലെ അകമെ കനലുകൾ എരിയുന്ന മനുഷ്യർക്ക് ഒതുക്കം പറ്റാത്തതും അതുകൊണ്ടുതന്നെ.
ഭാരതപ്പുഴയിലെ നായികയെ- സുഗന്ധിയെ- തിരശീലയിൽ ഉപേക്ഷിച്ചുപോരാൻ കഴിയുന്നില്ല. നമ്മുടെയുള്ളിൽ, നമുക്കിടയിൽ അവരുണ്ട്. എന്നാൽ അവൾ കണ്ടെത്തുന്ന സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളെ എത്ര ആഗ്രഹിച്ചാലും ശരാശരി സ്ത്രീക്ക് സ്വന്തമാക്കാൻ സാധിക്കാത്തതുമാണ്. സുഗന്ധിയിലേക്ക് എത്തപ്പെടുന്ന ഒട്ടുമിക്ക പുരുഷന്മാരും പ്രകടമാക്കുന്ന ചോദന ഒന്നുതന്നെയാണെങ്കിലും അവളുടെ തീരുമാനത്തിനാണ് പ്രസക്തി.

തെരഞ്ഞെടുപ്പിനുള്ള അവകാശം, ഇഷ്ടങ്ങൾ പ്രകടമാക്കാനുള്ള തന്റേടം, തന്റെ ശരികളിലും അറിവിലുമുള്ള ആത്മവിശ്വാസം- അതാണ് സുഗന്ധി. സെക്‌സ് വർക്കറാണ് സുഗന്ധി, അത് സ്ത്രീയെന്ന നിലയിൽ എന്നെ ബാധിച്ചതേയില്ല. അടിസ്ഥാനപരമായി അവർ സ്ത്രീയാണ്. സ്ത്രീയെന്ന നിലയിൽ അവർ അനുഭവിക്കുന്നത് പൊതുവെ സ്ത്രീയെന്ന നിലയിൽ എല്ലാവരും നേരിടുന്നത്. വീട്ടിലായാലും തെരുവിലായാലും അവർ പുരുഷന്മാരെപ്പോലെയല്ല. തെരുവിലെ സ്ത്രീ തെരുവിലെ സ്ത്രീ മാത്രമാണ്. എന്നാൽ തെരുവിലെ പുരുഷൻ അങ്ങനെയല്ല, അയാൾ വീട്ടിലും എവിടേയും ഒരുപോലെ സ്വീകാര്യനാണ്.
സർവ്വജനീനയായ സ്ത്രീയെ അവതരിപ്പിക്കുന്നു, അതിൽ വിജയം നേടുന്നു മണിലാൽ ഭാരതപ്പുഴയിലൂടെ.

ഭാരതപ്പുഴയിൽ നിന്നുള്ള രംഗം

കഥാപാത്രങ്ങളെയെല്ലാം തന്റെ ചുറ്റുപാടുകളിൽ നിന്നായിരിക്കാം മണിലാൽ കണ്ടെത്തിയിട്ടുണ്ടാവുക. അത്രക്ക് മണ്ണിൽ തൊട്ടവരാകുന്നു ഭാരതപ്പുഴയിലെ കഥാപാത്രങ്ങൾ.

സിനിമാപ്രക്രിയയിലുടനീളം ആർദ്രമായ (പെൺ)മനസ് ഇടപെടുന്നതുപോലുണ്ട്. അല്ലാതെ ഇത്ര കണ്ട് സ്ത്രീപക്ഷവും ആയതിനാൽതന്നെ മനുഷ്യപക്ഷവുമായ സിനിമ ഉണ്ടാവാനിടയില്ല. ഏതുപ്രകാരത്തിലും ഇത് പൊളിറ്റിക്കൽ സിനിമയാകുന്നു.
മണിലാലുമായി ഒരു സംസാരം.

രഞ്ജിനി മേനോൻ:പുഴ എപ്പോഴും ഒരു പ്രതീകമാണ്. തുടർച്ചയുടെ, ഇടർച്ചയുടെ, മാറ്റത്തിന്റെ, ശക്തിയുടെ പ്രവചനാതീതമായ ഒന്ന്. ഭാരതപ്പുഴ എന്ന ടൈറ്റിലിലേക്കുള്ള അർത്ഥപൂർണമായ അന്വേഷണമുണ്ടാവുമല്ലോ.

മണിലാൽ: അന്വേഷണവുമുണ്ട്, യാദൃശ്ചികതയുമുണ്ട്. നമ്മൾ അകമഴിഞ്ഞ് ചെയ്യുന്ന ഒരു വർക്കിന് പേര് വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. അത് വിഷയത്തിന്റെ സമഗ്രതയിലേക്കൂന്നുന്നതായിരിക്കണം. ഈ സിനിമയുടെ ഭൂമിക സാർവലൗകികമാണ്. ഒരു സ്ത്രീയുടെ സ്വതന്ത്രമായ സഞ്ചാരത്തിന്റെ കഥ. സെക്‌സ് വർക്കറുടെ കഥയാണ്, സ്ത്രീകളെ ആകെ സാംശീകരിച്ചുകൊണ്ടുള്ള ഒരു ലോകം എന്ന രീതിയിലാണ് ഞാൻ സിനിമ സങ്കൽപ്പിച്ചത്, പുരുഷൻ എന്ന പരിമിതികളുണ്ടെങ്കിലും. എന്റെ അമ്മയടക്കം എന്നെ തൊട്ട എല്ലാ സ്ത്രീകളുടേയും ആത്മാംശം സുഗന്ധി എന്ന കേന്ദ്രകഥാപാത്രത്തിലുണ്ട്.

വർഷങ്ങൾക്കുമുമ്പ് മൈത്രേയൻ, ജയശ്രീ, നളിനി ജമീല, സാവിത്രി ടീച്ചർ, സന്തോഷ് ചന്ദ്രൻ തുടങ്ങിയ സുഹൃത്തുക്കൾക്കൊപ്പമാണ് കൊൽക്കൊത്തയിൽ സെക്‌സ് വർക്കേഴ്‌സിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തത്. അവിടെ പങ്കെടുത്ത ജനാവലി എന്നെ കീഴ്‌മേൽ മറിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിൽപ്പരം സ്ത്രീകളാണ് അന്നത്തെ റാലിയിലുണ്ടായിരുന്നത്. സെക്‌സ് വർക്കേഴ്‌സിന്റെ കേന്ദ്രമായ സോണാഗച്ചിയിലും ഞങ്ങൾ പോയിരുന്നു. ഒരു സമ്മേളനത്തിന്റെ സ്വാഭാവികമായ ആവേശം എല്ലാവരിലും ഉണ്ടായിരുന്നുവെങ്കിലും ദൈന്യതയുടെ ഒരു ഇന്ത്യൻ മഹാസമുദ്രം അവിടെ അലയടിക്കുന്നത് ഞാൻ കണ്ടു. വിഷയാത്തിന്റെ സമഗ്രത എന്ന നിലയിൽ ഭാരതപ്പുഴ എന്ന പേരിലേക്കെത്തിയതിന്റെ ഒരു ചിന്ത ഈ അനുഭവത്തിൽ നിന്നുകൂടിയായിരിക്കാം.

ഈ തീമിലേക്ക് എത്തിയത് വിശദീകരിക്കാമോ.

എന്നെ ആകർഷിച്ച ആദ്യത്തെ സ്വതന്ത്ര്യം നാട്ടിലെ തങ്ക എന്ന സ്ത്രീയാണ്. അവർക്ക് കള്ളിത്തങ്ക, ഓളംവെട്ടിത്തങ്ക എന്നിങ്ങനെ ധാരളം പേരുകളുണ്ടായിരുന്നു. അവർ തെരുവിൽ ജീവിച്ച സ്ത്രീയാണ്. എന്റെ കുട്ടിക്കാലമാണ് അവരുടെ കാലം. അവരെ ഞാൻ കണ്ടത് ചാരായഷാപ്പിനുമുന്നിലും വിശാലമായ കശുമാവിൻ തോപ്പിലും സൈക്കിൾ യഞ്ജക്കരുടെ രാത്രികളിലുമൊക്കെയാണ്. അവർ ഷർട്ടും മുണ്ടും ധരിച്ചിരുന്നു.

പുരുഷന്മാരെപ്പോലെ മുണ്ട് മടക്കിക്കുത്തി, ബീഡി വലിച്ച്, നെഞ്ചുനിവർത്തി തെരുവിനെ ഗുണിച്ചും ഹരിച്ചും ജീവിച്ചു. ഞാനവരെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. വീട്ടിലും നാട്ടിലുമൊക്കെ അവരെക്കുറിച്ച് കഥകൾ നിരവധിയായിരുന്നു. അവരെക്കുറിച്ച് കുറെ എഴുതിയിട്ടുണ്ട്, എന്നിട്ടും ഒഴിയാബാധ പോലെ എന്റെ ജീവിതത്തിൽ അവരുണ്ട്. ഈ സിനിമ അവർക്കുള്ള സമർപ്പണം കൂടിയാണ്. നളിനിച്ചേച്ചിയുമായി (നളിനി ജമീല) കൂട്ടാവുന്നതോടെ സെക്‌സ് വർക്കേർസിന്റെ കഥ മറ്റൊരു തരത്തിലാവുന്നു.

തൃശൂർ ഭാഷ ഇന്ന് മലയാളസിനിമയിൽ ഒരു ട്രെൻഡ് ആണല്ലോ. തൃശൂരിന്റെ സൂക്ഷ്മാംശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ സ്ഥിരം ട്രെൻഡിനൊപ്പം പോയിട്ടുമില്ല. സിനിമയിലെ ഭാഷ പ്രമേയത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുമുണ്ട്.

ബോധപൂർവ്വം തൃശൂർഭാഷ ഇതിൽ ഇല്ല, ഭാഷാപ്രയോഗം പ്രേക്ഷകർക്ക് ഒരു ബാധ്യതയാകരുത് എന്ന നിർബ്ബന്ധമുണ്ടായിരുന്നു. പക്ഷെ തൃശൂരിന്റെ ഭൂപരതയിലും മനുഷ്യവൈവിധ്യങ്ങളിലുമാണ് ഈ സിനിമയുടെ യാത്രയും വളർച്ചയും. ഇന്നാട്ടുകാരൻ, യാത്രക്കാരൻ എന്ന നിലകളിൽ എന്നെ ബാധിച്ച സ്ഥലങ്ങളിലൂടെ ഈ സിനിമ സഞ്ചരിക്കുന്നു, സുഗന്ധിക്കൊപ്പം. തിരക്കഥ എഴുതുമ്പോൾ കാഥാപാത്രങ്ങളുടെ സ്വഭാവത്തെപ്പോലെ ലോക്കേഷനും ആലോചനയിൽ സജീവമായിരുന്നു.ലോക്കേഷൻ മനസിൽ ഉണ്ടാവുന്നത് സിനിമയെഴുത്തിൽ വളരെ ഗുണം ചെയ്യും.

മണിലാൽ

സമൂഹത്തെ നിരീക്ഷിക്കുന്ന ഒരാൾ, എഴുത്തിലൂടെയും മറ്റും അത് വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരാൾ, പൊളിറ്റിക്കലി അലർട്ടും ആണ്. അത്തരം ഇടപെടലുകളേയും അനുഭവങ്ങളേയും സിനിമയുമായി ഇണക്കുന്നതെങ്ങിനെയാണ്.

അത് തികച്ചും സ്വാഭാവികമാണ്. സംവിധായകന്റെ കുപ്പായമണിയുമ്പോൾ പുതിയൊരാളല്ല, നമ്മൾ മദിച്ച സാമൂഹ്യജീവിതത്തിന്റെ തുടർച്ചയാണത്. നമ്മുടെ ആകെ ജീവിതത്തെ സിനിമക്ക് ആവശ്യമുള്ള അളവിൽ ഹരിച്ചെടുക്കുകയോ അരിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. സംവിധായകനെന്ന നിലയിൽ പൂർണ്ണനാവണമെങ്കിൽ സിനിമക്കുള്ള എഴുത്തും സ്വയം ചെയ്യേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

മണപ്പുറം തീരദേശ കാഴ്ചകൾ ധാരാളമുണ്ട് സിനിമയിൽ. സ്വന്തം ഭൂമികയിൽ അഭിരമിക്കുന്നുണ്ടോ?.

ഒരിക്കലുമില്ല. കുറെ കഥാപാത്രങ്ങൾ, കുറെ സംഭവങ്ങൾ, കുറെ സ്ഥലങ്ങൾ. അങ്ങിനെയാണ് സിനിമയൂടെ നരേറ്റീവ് സ്​ട്രക്​ചർ. ഇതിനുപറ്റിയ സ്ഥലങ്ങൾ തൃശൂരിൽ നിന്നുതന്നെ കണ്ടുപിടിക്കേണ്ടതായി വന്നു. തൃശൂരിൽ നിന്ന് പുറത്തേക്ക് സിനിമ പോവേണ്ടെന്നും ഉറപ്പിച്ചിരുന്നു.

ഞാൻ കൂടുതൽ ഇടകലർന്ന നാടെന്ന നിലയിൽ മണപ്പുറവും വന്നു. ചേറ്റുവയിലൊക്കെ ഷൂട്ട് ചെയ്യുമ്പോൾ രാമുകാര്യാട്ട് അടക്കം കുട്ടിക്കാലത്ത് എന്നെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത വ്യക്തികളൊക്കെ കൂടെയുണ്ടായിരുന്നു എന്ന തോന്നലിലായിരുന്നു.

ഭാരതപ്പുഴയിൽ കുറെ കഥാപാത്രങ്ങൾ അതിജീവനത്തിന്റെ പ്രതീകങ്ങളായി അവതരിപ്പിക്കുന്നു. കടലിൽ പോകുന്ന സ്ത്രീ, നായകന്റെ അമ്മ, സഹോദരി, കുപ്പിയും പാട്ടയും പെറുക്കുന്ന സ്ത്രീ....

സത്യത്തിൽ ഈ സിനിമ ഒരു സഞ്ചാരമായിരുന്നു. യാത്രയിൽ കണ്ടെത്തിയവരാണ് ചെറിയ ചെറിയ ഭാഗങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനം കഴിഞ്ഞ് സന്ധ്യക്ക് കുപ്പി പെറുക്കി വിൽക്കുന്ന സ്ത്രീ തേക്കിൻ കാട്ടിൽനിന്നാണ് കാമറക്ക് മുന്നിലെത്തുന്നത്. ചേറ്റുവ പുളിമുട്ടിൽ ഷൂട്ട് ചെയ്യുമ്പോഴാണ് കടലിൽ മീൻ പിടിക്കാൻ പോകുന്ന രേഖയെ കണ്ടുമുട്ടുന്നത്. ഇന്ത്യയിൽ കടലിൽ പോകാൻ ആദ്യമായി ലൈസൻസ് നേടുന്ന സ്ത്രീ കൂടിയാണ് രേഖ. ഒരു സീനിന്റെ സമ്പന്നതക്കുവേണ്ടി ബോട്ടുമായി ആഴക്കടലിലേക്ക് അവരെ ഒറ്റക്ക് ഇറക്കുകയായിരുന്നു. കടലേറ്റം ഉണ്ടായിട്ടും അവർ സിനിമയോട് സഹകരിക്കുകയായിരുന്നു.

മുഖ്യധാരാ സിനിമകളിൽ പാട്ടിനുവേണ്ടി തന്നെ സന്ദർഭങ്ങൾ ഒരുക്കറുണ്ട്. സിനിമയെ വേറിട്ട രീതിയിൽ സമീപിക്കുന്ന ഭാരതപ്പുഴയിലും പാട്ടുണ്ട്.

പാട്ട് സിനിമയെ എങ്ങനെ ബാധിക്കും എന്ന ആശങ്കയുണ്ടായിരുന്നു. നീണ്ട ആലോചനകൾക്കുശേഷമാണ് തീരുമാനമായത്. പക്ഷെ സിനിമയുടെ സിഗ്‌നേച്ചറായി അത് മാറി. വരികൾ എഴുതിയ റഫീക്ക് അഹമ്മദും, സംഗീതം ചെയ്ത സുനിൽ കുമാറും ശബ്ദം നൽകിയ നാരായണി ഗോപനും സ്വാഭാവികമായും ഭാരതപ്പുഴയുടെ ഗതിവിഗതികളിൽ ഒട്ടിച്ചേർന്നവരാകുന്നു.

മനസിൽ കണ്ട ഭാരതപ്പുഴയും സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ കണ്ട ഭാരതപ്പുഴയും എത്ര വ്യത്യാസമുണ്ട്?

കുറെനാൾ മനസിൽ കിടന്ന് വളർന്നത് അതേപടി നിർമിച്ചെടുക്കുക വലിയ സന്നാഹം ആവശ്യപ്പെടുന്ന കാര്യമാണ്. നമ്മൾ പരിമിതികളിൽ നിന്നാണ് എല്ലാം ചെയ്തത്.അതുകൊണ്ട് മനസിൽ കണ്ട സിനിമയും സ്‌ക്രീനിൽ തെളിഞ്ഞ സിനിമയും തമ്മിൽ വ്യത്യാസമുണ്ട്. കണ്ടൻറിന്റെ കാര്യത്തിലല്ല, അവതരണത്തിന്റെ കാര്യത്തിൽ.

മണിലാൽ ഒരെഴുത്തുകാരനും കുറെയേറെ ഡോക്യുമെന്ററികളുടെ സംവിധായകനുമാണ്. ഫീച്ചർഫിലിം ചെയ്യുമ്പോൾ സ്വാതന്ത്ര്യം കുറയുന്നുണ്ടോ, കൂടുന്നുണ്ടോ?. ഉദാഹരണമായി കരിമുകൾ , ഇൻജസ്റ്റീസ് ഇൻകാമറ, പുഴയുടെ അവകാശികൾ തുടങ്ങിയ കൃത്യമായി രാഷ്ട്രീയം പറയുന്ന ഡോക്യൂമെന്ററികൾ ചെയ്തിട്ടുള്ള ആൾ എന്ന നിലയിൽ.

സ്വാതന്ത്ര്യം രണ്ടു ഫോർമാറ്റിലും വ്യത്യസ്തമാണ്. പക്ഷെ സാഹചര്യം അനുവദിക്കുമെങ്കിൽ രണ്ടുയാത്രകളും സ്വാതന്ത്ര്യത്തിന്റെ ലഹരി തരുന്നു. ഏതൊരു കലയും അങ്ങനെയായിരിക്കണം. കലയിൽ മാത്രമല്ല സകലകാര്യങ്ങളും സ്വതന്ത്രവും സർഗ്ഗാത്മകവുമായിരിക്കണമെന്നാണ് എന്റെ സങ്കൽപ്പവും ആഗ്രഹവും.

താങ്കളിൽ സജീവമായ ഒരു സ്ത്രീമനസുണ്ടോ?

ഭാരതപ്പുഴയെ സ്ത്രീപക്ഷ സിനിമയേക്കാൾ മനുഷ്യപക്ഷ സിനിമ എന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. മനുഷ്യരുടെ സഞ്ചാരം കൂടുതൽ കൂടുതൽ മനുഷ്യത്വത്തിലേക്കായിരിക്കണം. സ്വാഭാവികമായും ലിംഗസമത്വമെന്ന സൗന്ദര്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും അത് പകർന്നാടേണ്ടതുണ്ട്.

ക്ലീഷേകളെ ബ്രേക്ക് ചെയ്യാനുള്ളശ്രമം ഈ സിനിമയിൽ ധാരാളമുണ്ട്. ഉദാഹരണമായി കുമ്പസാരക്കൂട് തന്നെ.

മാതൃകകളെ തള്ളുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് കരുതുന്നു; കലയിൽ പ്രത്യേകിച്ചും. വായിച്ച പുസ്തകങ്ങളിൽ നിന്നുള്ള ഒരു വാചകമോ കണ്ട സിനിമകളിൽ നിന്നുള്ള ഒരു ദൃശ്യമോ ഞാൻ ഓർമയുടെ ആർക്കൈവ്‌സിൽ സൂക്ഷിച്ചുവെക്കാറില്ല. അതെങ്ങാനും എപ്പോഴെങ്കിലും പൊന്തിവന്നാൽ പോലും അത് വകവെക്കാറില്ല. അതെത്ര എന്നെ സ്വാധിനിച്ചിട്ടുള്ളതാണെങ്കിലും. പരോക്ഷമായി ഒരുപക്ഷെ സംഭവിക്കാം, പക്ഷെ ബോധപൂർവ്വമായി അതുണ്ടാവില്ല.
കുമ്പസാരക്കൂടിന് ഒരു പള്ളിയുടെ പശ്ചാത്തലം പോലുമില്ല. വെട്ടുകല്ലുപയോഗിച്ച് പണിത ഒരൊഴിഞ്ഞ കളപ്പുരയാണ് അതിന് തെരഞ്ഞെടുത്തത്. അവിടുത്തെ ഡയലോഗുകൾ മറ്റൊരു തലത്തിലുള്ളതാവണമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. സിങ്ക് സൗണ്ട് ആയിരിക്കെത്തന്നെ ഈ സീനിലെ പശ്ചാത്തല ശബ്ദങ്ങൾ ക്രിയേറ്റഡ് ആണ്. മണികണ്ഠൻ പട്ടാമ്പിയുടെ മാസ്റ്റർ പെർഫോമൻസും കൂടിയായപ്പോൾ ആ സീൻ എന്റെ പ്രിയപ്പെട്ടതായിത്തീരുകയും ചെയ്തു.

സിനിമയിൽ നിന്നുള്ള നടന്മാരെ ഉൾപ്പെടുത്തി. എന്നാൽ സ്ത്രീകഥാപാത്രങ്ങളായി വരുന്നവർ എല്ലാം നാടകരംഗത്തുള്ളവരോ അമേച്വർ ആയിട്ടുള്ളവരൊക്കെയാണ്.

ഞങ്ങളുടെ അന്വേഷണം പല വഴിക്കായിരുന്നു. ഇതിൽ അഭിനയിച്ച നടൻമാരെല്ലം സൗഹൃദത്തിലുള്ളവരാണ്, സിനിമക്കകത്തും പുറത്തുമുള്ളവർ. അവർ സഹകരിക്കുകയായിരുന്നു. സ്ത്രീ അഭിനേതാക്കളുടേയും കാര്യത്തിൽ അങ്ങനെ തന്നെയായിരുന്നു. സൗഹൃദത്തിൽ പിറന്ന സിനിമയാണ് സത്യത്തിൽ ഭാരതപ്പുഴ.

ഞാൻ ഈ സിനിമയിലേക്കെത്തുന്നതുതന്നെ മസ്‌ക്കറ്റിലെ തൃശൂർക്കാരുടെ സൗഹൃദങ്ങളിൽ കൂടിയാണ്. ഷാജി കുണ്ടായിൽ, നിയാസ് കൊടുങ്ങല്ലൂർ, സച്ചിൻ ജനാർദ്ദനൻ, സജി, ജോഷി ചെറിയാൻ, റാഫി, ദിനേശ് തുടങ്ങിയ സുഹൃത്തുക്കൾ തീരുമാനിച്ചതാണ് ഈ പ്രൊജക്ട്. ഞാനതിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു.

പ്രധാന റോളിൽ വരുന്ന നടിയേയും നടനേയും കുറിച്ച് അറിയാൻ താല്പര്യമുണ്ട്. ഇവരെ ഞാൻ വളരെ താല്പര്യത്തോടെയാണ് സ്‌ക്രീനിൽ കണ്ടുകൊണ്ടിരുന്നത്.

ദിനേശ് മസ്‌കറ്റിലെ നാടകപ്രവർത്തകനാണ്. പൊതുകാര്യങ്ങളിലും സജീവം. ദിനേശിന്റെ നടത്തമാണ് എന്നെ ആകർഷിച്ചത്, മുഖവും. എഴുതുമ്പോൾ മാതൃകയായി കണ്ട ഓട്ടോഡ്രൈവർമാരുമായി ദിനേശിന്റെ സ്വാഭാവികമായ ചേഷ്ടകൾ ഒത്തുപോകുന്നുണ്ട്. സുഗന്ധിയായി അഭിനയിക്കുന്ന സിജി പ്രദീപ് നാടകരംഗത്തുനിന്നാണ്. നാടകപഠനത്തിൽ ഏറെ മുന്നോട്ടുപോയ ആളാണ്. കഥാപാത്രത്തെ ഉള്ളിലേക്കെടുക്കാനാണ് ഞാൻ ഇവരോടൊക്കെ ആവശ്യപ്പെട്ടത്, മത്സരിച്ച് അഭിനയിക്കാനല്ല. സിനിമയുടെ ടോട്ടൽ ഫീലിംഗിലേക്ക് എല്ലാവരേയും അണിചേർക്കുക എന്നുള്ളതാണ്. അഭിനേതാക്കൾ മാത്രമല്ല ടെക്‌നീഷ്യന്മാരും അതുപോലെത്തന്നെ.

നമ്മുടെ സമൂഹത്തിൽ പുരുഷന്മാർക്കൊരു ലോകമുണ്ട്, സ്ത്രീകൾക്ക് മറ്റൊരു ലോകവും. അവർക്കൊരുമിച്ച് മനോഹരമായ ഒരു ലോകം എന്ന സങ്കല്പം ഈ സിനിമ മുന്നോട്ടുവെക്കുന്നുണ്ടോ?

സ്ത്രീയും പുരുഷനും രണ്ട് ഭൂഖണ്ഡങ്ങളാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.അത്രയേറെ വ്യത്യസ്തതയുണ്ട് അവരവരുടെ അനുഭവപരിസരങ്ങളിൽ. മാറ്റം വരുന്നുണ്ടാവും, പൊതുവെ അങ്ങനെയാണെനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. മനുഷ്യർ എന്ന സുന്ദരമായ സങ്കല്പം ഈ സിനിമയുടെ അടിസ്ഥാന പ്രേരണയായി പ്രവർത്തിക്കുന്നുണ്ട്.

താങ്കൾക്ക് ജീവിതത്തിൽ സൗഹൃദവും ആഘോഷവും കരുതലുകളും വളരെ പ്രധാനപ്പെട്ടതാണെന്ന് സുഹൃത്ത് എന്ന നിലയിൽ എനിക്കറിയാം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമ എന്തെല്ലാമാണ്?

സിനിമയെടുക്കുമ്പോഴും ഞാൻ മറ്റൊരാളല്ല. കുറെ പേരുമായുള്ള കൈകോർക്കലല്ലെ നാടകവും സിനിമയുമൊക്കെ, ജീവിതവും. സിനിമ ചെയ്യൽ നമ്മുടെ എല്ലാ ഫാക്കൽറ്റികളേയും തുറക്കുന്ന സമയമാണ്. എഴുത്ത്, സംഗീതം, അനുഭവങ്ങൾ, പഠനങ്ങൾ, സൗഹൃദങ്ങൾ എല്ലാറ്റിനേയും ഉണർത്തിയും എകോപിപ്പിച്ചും കൊണ്ടുപോകുന്ന സന്ദർഭമാണത്. എല്ലാ അർത്ഥത്തിലും യാത്ര പൂർണതയിലേക്കെന്ന് ഭ്രമിപ്പിക്കുന്ന ഒരവസ്ഥ.

എല്ലാറ്റിന്റേയും അടിസ്ഥാനം സൗഹൃദമാണെന്ന് വിശ്വസിക്കുന്നു.
സൗഹൃദം എന്നത് സാമൂഹികപരവും പ്രകൃതിപരവും കൂടിയാണ്. പ്രിയപ്പെട്ടതിനോട് സാത്മ്യം പ്രാപിക്കുന്ന അവസ്ഥയാണത്. അല്ലെങ്കിൽ എല്ലാറ്റിനേയും നമ്മളിലേക്ക് വലിച്ചെടുക്കുന്ന വിദ്യ, ഇന്ന് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ഇടുക്കങ്ങളിൽ നിന്നുമുള്ള ഉറയൂരൽ കൂടിയാണത്.

നിലവിലെ നരേറ്റീവ് സ്​ട്രക്​ചറിനെ നിങ്ങൾ തെറ്റിക്കുന്നുണ്ട് ഈ സിനിമയിൽ. ഉദാഹരണമായി സുഗന്ധി ജീവിതം പറയുന്ന ഭാഗം.

സുഗന്ധി തന്റെ ജീവിതം പറയുന്നത് വ്യത്യസ്തമായിരിക്കണം എന്ന് ആലോചിച്ചപ്പോഴാണ് ഇൻസ്റ്റൻറ്​ നാടകവേദിയും അതിന്റെ അമരക്കാരായ ജോസേട്ടനും രാധേച്ചിയും സംഘവുമൊക്കെ തെളിയുന്നത്.ഇൻസ്റ്റൻറ്​ നാടകവേദി സുഗന്ധിയുടെ ജീവിതം പറയാൻ നല്ല ഒരു സങ്കേതമായി തോന്നി. സദാചാരത്തെക്കുറിച്ച് പറയാൻ കുമ്പസാരക്കൂട് പശ്ചാത്തലമായത് പോലെ.

മാർജ്ജാരൻ, ബാർബേറിയൻസ് തുടങ്ങി എഴുത്തുകളിലൂടെയുള്ള താങ്കളെ എനിക്കറിയാം. സാമൂഹ്യപ്രാധാന്യമുള്ള ഡോക്യുമെന്ററികളിലൂടെയും, പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം, മഴയോടൊപ്പം മായുന്നത് തുടങ്ങിയ ഹൃസ്വസിനിമകളിലൂടെയും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. എഴുത്തിലൂടെ നിങ്ങൾ വിസ്തൃതമായ ലോകത്തേയും അനാവരണം ചെയ്യുന്നുണ്ട്. ഡോക്യൂമെന്ററി-ഹൃസ്വസിനിമകളാവട്ടെ പ്രകൃതിയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.ഈ യാത്ര ഭാരത പ്പുഴയിലെത്തുമ്പോൾ?

ഇതൊക്കെ ഓർമപ്പെടുത്തുമ്പോഴാണ് ഞാൻ ഈ തുടർച്ചയെക്കുറിച്ച് ആലോചിക്കുന്നത്. പിന്നിട്ട വഴികളുടെ തുടർച്ച ഭാരതപ്പുഴയിലുണ്ട്. പ്രകൃതിയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും,പുരുഷകേന്ദ്രീകൃത സമൂഹത്തെക്കുറിച്ചും, സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം ഈ സിനിമ സംസാരിക്കുന്നുണ്ട്, എല്ലാറ്റിനുമുപരി മനുഷ്യർ തിരിച്ച് അണിയേണ്ട മനുഷ്യത്വത്തെക്കുറിച്ചാണ് ഈ സിനിമ.

ഡയലോഗ് പൊതുവെ ചുരുക്കിയാണ് ഉപയോഗിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ പൂർണ നിശബ്ദതയും ഉണ്ട്.

ഒരു വയലിൻ ആവ്യശ്യമുള്ളിടത്ത് രണ്ട് വയലിൻ ഉപയോഗിക്കാതിരിക്കുക, എന്നെ ഏറ്റവും സ്വാധീനിച്ച ചിന്തയാണത്, ബ്രെസോണിന്റെ. ദൃശ്യം സംസാരിക്കുന്നിടത്ത് സംഭാഷണത്തിന്റെ ആവശ്യമേ വരില്ലല്ലോ. ചിലയിടങ്ങളിൽ വാക്കുകൾ കൊണ്ടുതന്നെ പൂർണമാവും. ഈ സിനിമയിലെ ശില്പി രാജന്റെ സീൻ തന്നെയെടുക്കാം. ഒരു വാക്കുപോലും ഇല്ലാതെയാണത് ആ ഭാഗം നിർമ്മിച്ചത്. ഡയലോഗ് ഇല്ലെങ്കിലും കഥാപാത്രങ്ങളുടെ മാനസികവ്യാപാരം ലളിതമായി ഈ സീനിൽ വായിച്ചെടുക്കാം. പ്രേക്ഷകശ്രദ്ധ ഉണർത്തുന്ന ഒരു രീതിയെന്നും ഇതിനെ വായിച്ചെടുക്കാം. പെയിന്റിംഗ് തുടങ്ങിയ ദൃശ്യമാധ്യമങ്ങൾ കാഴ്ചക്കാരനെ വലിച്ചെടുക്കുന്നതുപോലെ ഒന്ന്.

സിനിമാജീവിതത്തിൽ സ്വാധീനിച്ച, അനുകരിക്കാൻ തോന്നിയ സംവിധായകർ?

നിരവധി പേർക്കൊപ്പം സിനിമാജീവിതം പങ്കുവെച്ചിട്ടുണ്ട്.എം.ആർ.രാജന്റെ ഡോക്യുമെന്ററികളിൽ പ്രവർത്തിച്ചാണ് തുടക്കം. ചെന്നെയിലെ പ്രസാദ് ലാബിൽ നിന്നും സിനിമാഗന്ധം അനുഭവിച്ചതിന്റെ ഓർമയും ലഹരിയും ഇന്നുമുണ്ട്. പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആർ.മോഹനൻ, സി.എസ്.വെങ്കിടേശ്വരൻ, വി.കെ. ശ്രീരാമൻ, കെ.പി.കുമാരൻ, ടി.വി.ചന്ദ്രൻ, കെ.ജി.ജയൻ, ആർ.വി.രമണി, സൗദാമിനി, സണ്ണി ജോസഫ്, എഡിറ്റർ വേണുഗോപാൽ തുടങ്ങിയ നിരവധിപേർ സിനിമയൂടെ വിസ്തൃതലോകത്തേക്കുള്ള ഊർജ്ജം പകർന്നവരാണ്.

ആഗസ്റ്റ് ലൂമിയർ, ലൂയിസ് ലൂമിയർ എന്നിവരിൽ നിന്നു തുടങ്ങി എനിക്ക് തൊട്ടുമുമ്പേ സിനിമ ചെയ്ത ആൾവരെ സ്വാധീനം ചെലുത്തിയെന്നുവരാം. മാസ്റ്റേഴ്​സ്​ എണ്ണിയാലൊതുങ്ങാത്ത അത്രക്കുണ്ട്. ഫിലിം സൊസൈറ്റിക്കാലത്ത് തകരപ്പെട്ടികളിൽ ലോകസിനിമയെ ചുമന്നു കൊണ്ടുനടന്ന കാലം മുതലെ അനുഭവിച്ചുതുടങ്ങിയതാണ് അവരുമായുള്ള ആത്മബന്ധം. അതിൽ നിന്ന്​ കുറച്ചുപേരെ ഇവിടെ പരാമർശിച്ചാൽ അത് എന്റെ അനുഭവവിസ്തൃതിയെ കുറച്ചുകാണിക്കലാകും.

ഭാരതപ്പുഴ റിലീസ് എങ്ങനെയാണ് ഉദ്ദേശിക്കുന്നത്?

തിയ്യറ്റർ അനുഭവം എന്ന നിലയിൽത്തന്നെയാണ് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തത്. ലൈറ്റിംഗ്, സൗണ്ട് എന്നീ കാര്യങ്ങളിൽ തീരെ കോംപമൈസ്​ചെയ്യാത്ത സിനിമയാണ്.

പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, ഒരു സിനിമ ഉണ്ടാവുന്നതിന് പിന്നിലെ സാമ്പത്തികവും ധാർമികവുമായ പിന്തുണ.

നിർമ്മാതാക്കളുടെ ഉപാധികളില്ലാത്ത പിന്തുണയാണ് ഭാരതപ്പുഴ എന്ന സിനിമ സാധ്യമാവാൻ കാരണം. കാമറാമാൻ ജോമോൻ, എഡിറ്റർ വിനു, സൗണ്ട് ഡിസൈനർ ആനന്ദരാഗ് വേയാട്ടുമ്മൽ, സംഗീതസംവിധായകൻ സുനിൽകുമാർ, സഹസംവിധായകരായ നിധിൻ വിശ്വംഭരൻ, സുനിൽ ബാലകൃഷ്ണൻ, പ്രൊജ്ക്ട് ഡിസൈനർ രതി പതിശേരി, സി.എസ്.വെങ്കിടേശ്വരൻ, കെ.വി.ബാബു തുടങ്ങിയവർ അവസാനനമിമിഷംവരെ സിനിമയോട് ചേർന്നുനിന്നവരാണ്.


Comments