പഴ​യൊരു പുസ്​തകം, മാസിക ഡിജിറ്റലാകുമ്പോൾ സംഭവിക്കുന്നത്​

അച്ചടികേന്ദ്രിത വിജ്ഞാനോല്പാദനത്തിൽ ഒഴിവാക്കപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങൾക്കും ഡിജിറ്റൽ ലോകം പുതിയ സാധ്യത തുറന്നിട്ടിരിക്കുന്നു. ഇത്​ തിരിച്ചറിഞ്ഞ്​ പഴയ പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൽ സാന്നിധ്യമാകേണ്ടതുണ്ട്​. അതിലൂടെ, ഭൂരിപക്ഷ- ന്യൂനപക്ഷ മാധ്യമവേർതിരിവില്ലാതാവുകയും ആരുടെയും പ്രാതിനിധ്യം മാധ്യമചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. മൺമറഞ്ഞ പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റൽ അതിജീവന സാധ്യതയും പ്രസക്തിയും, ‘മാപ്പിള റവ്യൂ’ എന്ന പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ പതിപ്പിനെ അടിസ്​ഥാനമാക്കി വിശകലനം ചെയ്യുന്നു.

ഭൂതകാല വിനിമയത്തിൽ കേരളം എത്രത്തോളം നീതിപുലർത്തുന്നുവെന്ന് പരിശോധിക്കുമ്പോൾ, മറവിയുടെയും ഒഴിവാക്കലിന്റെയും ചിത്രം നാം അറിയുന്ന ചരിത്രത്തെക്കാൾ കൂടുതലാണെന്ന് വ്യക്തമാവും. ഓർമ, ചരിത്രം, മറവി ഇവയെല്ലാം പരസ്പരബന്ധിതമായ അനുഭവലോകങ്ങളാണ്. ഓർമയുടെയും മറവിയുടെയും കാര്യകാരണബന്ധം പരിശോധിക്കുമ്പോൾ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം തെളിയും. ആർക്കൈവുകളും മ്യൂസിയങ്ങളും നമ്മുടെ മറവിയെയും അജ്ഞതയെയും കാക്കുന്നയിടങ്ങളാണ്. ഓർമയുടെയുംഅറിവിന്റെയും പരിമിതിയെ ബോധ്യപെടുത്തുന്നതോടൊപ്പം ഭൂതകാല വിനിമയം സാധ്യമാക്കുന്ന ഇടങ്ങളുമാണ് അവ.

ഡിജിറ്റൽ കാലത്ത് ഡിജിറ്റൽ ആർക്കൈവുകൾ യാഥാർഥ്യമായിട്ടുണ്ട്. ചരിത്രത്തെ ഡിജിറ്റൽ വർത്തമാനകാലമാക്കി പുനരവതരിപ്പിക്കുന്ന ഷിജു അലക്‌സിന്റെ ശ്രമങ്ങളോട് മലയാളികളായ എല്ലാവരും കടപ്പെട്ടിരിക്കുന്നു. വിസ്മൃതിയിലാണ്ട ഉപാദാനങ്ങളെ തേടിപ്പിടിച്ച്​ സ്‌കാൻ ചെയ്ത് പൊതുസഞ്ചയമാക്കി ലഭ്യമാക്കുന്ന ഷിജു അലക്‌സിന്റെ പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഗവേഷണപ്രാധാന്യം ചെറുതല്ല.

ഷിജു അലെക്‌സിന്റെ ബ്ലോഗ്‌

‘കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ' എന്ന പദ്ധതിയാണ് ഷിജു യാഥാർഥ്യമാക്കിയിരിക്കുന്നത്. കേരളവുമായി ബന്ധപ്പെട്ട്​, പൊതുസഞ്ചയത്തിലോ സ്വതന്ത്ര ലൈസൻസിലുള്ളതോ ആയ രേഖകളുടെ സ്‌കാനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികളും അനുബന്ധവിവരങ്ങളുമാണ്​ തന്റെ ബ്ലോഗിൽ (https://shijualex.in/) ശേഖരിച്ച് ക്രോഡീകരിച്ചിരിക്കുന്നത്. ‘1960നു മുൻപ് അച്ചടിച്ച ഒരു പുസ്തകമോ മാസികയോ അതിന്റെ സ്‌കാനോ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ ദയവായി [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക’ എന്ന ഷിജുവിന്റെ അഭ്യർത്ഥന മാനിച്ച്​, ഈ പരിശ്രമത്തിന്​സഹകരണം ഉറപ്പുവരുത്തേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണ്. ഷിജു തയ്യാറാക്കി ലോക ഡിജിറ്റൽ ആർകൈവിൽ (https://archive.org/details/kerala-periodicals) ലഭ്യമാക്കിയ പ്രസിദ്ധീകരണങ്ങളിൽ നിന്ന് മാപ്പിള റവ്യൂ എന്ന പ്രസിദ്ധീകരണം തിരഞ്ഞെടുത്ത്​, മൺമറഞ്ഞ പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റൽ അതിജീവനത്തിന്റെ സാധ്യതയും പ്രസക്തിയും ചർച്ച ചെയ്യുകയാണിവിടെ.

മാപ്പിള റവ്യൂ

ഈ മാസിക പരിചയപ്പെടുന്നതിന് ആമുഖമായി, ഈ മാസിക പിറന്ന മാധ്യമ പരിസ്ഥിതിയെ കുറിച്ച് സാമാന്യമായി അറിയുന്നത് തുടർചർച്ചകൾക്ക് അനിവാര്യമാണ്.

മുസ്​ലിം പത്രപ്രവർത്തന ചരിത്രം (അബ്ദുറഹ്മാൻ മാങ്ങാട് ), കേരള മുസ്ലിമുകളും പത്രപ്രവർത്തനവും (അബ്ദു മജീദ് കൊണ്ടോട്ടി ) എന്നിങ്ങനെയുള്ള ചില ലേഖനങ്ങളിലൂടെയാണ് അച്ചടി, മലയാളം, മുസ്​ലിംകൾ എന്നിങ്ങനെയുള്ള താക്കോൽപദബന്ധം നിർവചിച്ചുകാണുന്നത്. മലയാളത്തിന്റെ അച്ചടിമാധ്യമ ചരിത്രത്തിൽ ഒരു മതവിഭാഗത്തിന്റെ സംഭാവനാ സാന്നിധ്യത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ സ്​പഷ്​ടമാകുന്നത്.

ജനാധിപത്യവ്യവസ്ഥയിൽ ഓരോ വിഭാഗങ്ങളും അവരവരുടെ വിഭവശേഷിയും ചരിത്രവും നിർണയിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചും ജനാധിപത്യം ഭൂരിപക്ഷ സാംസ്‌കാരിക- സാങ്കേതിക ദേശീയതയുമായി ഏകപക്ഷീയമായി മുന്നേറുമ്പോൾ. ഉൾച്ചേർക്കാത്ത, സംസ്‌കാരികവും സാങ്കേതികവുമായ ന്യൂനപക്ഷ മൂലധനം നിർവചിച്ചുറപ്പിക്കേണ്ടതും പൊതുധാരയുടെ ഭാഗമാക്കേണ്ടതും പൗരധർമമാണ്. ആ നിലയിൽ മലയാള മാധ്യമ ചരിത്രത്തിലെ ഇസ്​ലാമിക സാന്നിധ്യത്തെക്കുറിച്ച്​ കൂടുതൽ ആഴത്തിൽ ഗവേഷണം നടക്കേണ്ടതും പൊതുധാരയുമായി ഉൾച്ചേർക്കപ്പെടേണ്ടതുമാണ്. അതിലേക്കായുള്ള സമഗ്രഗവേഷണം ആവശ്യമാണ്. അറബിമലയാള പ്രസിദ്ധീ കരണചരിത്രം മുതലിങ്ങോട്ടുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും പ്രസ് ചരിത്രവും എല്ലാം അടങ്ങുന്ന ഒരു സഞ്ചയരേഖ ഉണ്ടാകേണ്ടതുണ്ട്. ആ രേഖയുടെ സാന്നിധ്യത്തിൽ പൊതുധാരാ പ്രസിദ്ധീകരണചരിത്രത്തിലെ ഇടം അടയാളപ്പെടുത്തേണ്ടതുണ്ട്. കാലതാമസം കൂടാതെ സംഭവിക്കേണ്ട കാര്യമായതുകൊണ്ട് ബന്ധപ്പെട്ടവർ അതേറ്റെടുത്തു ചെയ്യുമെന്ന വിശ്വാസമുണ്ട്. മലയാള മാധ്യമചരിത്രത്തിൽ ഒഴിവാക്കാനാകാത്ത ഒരു അടര് എന്നനിലയിലാണ് അത് സവിശേഷമാകുന്നത്. മറിച്ച്​, ഒരു മത വിഭാഗത്തിന്റെ പ്രസിദ്ധീകരണചരിത്രം എന്ന നിലയിൽ മാത്രമല്ല.

നടത്തിപ്പുകാരും എഴുത്തുകാരും മുസ്​ലിം മതവിശ്വാസികളാകുന്നതുകൊണ്ട് ഒരു പ്രസിദ്ധീകരണം ഇസ്​ലാമികമാകുന്നില്ല. പൊതു പ്രസിദ്ധീകരണമായിട്ടുതന്നെയാണ് അത് നിലനിൽക്കുന്നത്. എന്നാൽ മതവിശ്വാസികൾക്കിടയിൽ മതപരമായോ അല്ലാതെയോ ആഭ്യന്തര വിനിമയവുമായി ബന്ധപ്പെട്ടുള്ളവ പൊതുപ്രസിദ്ധീകരണങ്ങളല്ല. ‘ഇസ്​ലാം മീഡിയ’ എന്ന് അവയെ മാത്രമേ വിശേഷിപ്പിക്കാനാവൂ. അതായത്, മുസ്​ലിംകളും മാധ്യമചരിത്രവും പരിശോധിക്കുമ്പോൾ രണ്ട് കൈവഴികളിലൂടെയുള്ള അന്വേഷണം അനിവാര്യമാകുന്നു. ആഭ്യന്തര വിനിമയ സ്രോതസുകളും പൊതുധാരാ വിനിമയ സ്രോതസുകളും എന്നിങ്ങനെ വേർതിരിച്ചു മനസിലാക്കേണ്ടതുണ്ട്.

Photo: Biju Ibrahim

പൊതുധാരാ വിനിമയ സ്രോതസുകൊണ്ട് അർത്ഥമാക്കുന്നത്, സമാന്തര മാധ്യമ ഇടങ്ങളായി നിലകൊള്ളുന്നവയും പൊതുമാധ്യമയിടത്തിന്റെ ഭാഗമായുള്ളവയും എന്നാണ്. സമാന്തര മാധ്യമ ഇടങ്ങളെ ഇസ്​ലാമിക മാധ്യമ ഇടങ്ങളായി പരിഗണിക്കുമ്പോൾ തന്നെ അവക്ക് പൊതുമാധ്യമധാരയുമായുള്ള സമാന്തരബന്ധം വിസ്മരിക്കാവുന്നതല്ല. സാമ്പത്തികവും സർഗാത്മകവുമായ ശേഷി ഏതു വിഭാഗത്തിന്റെതാണെങ്കിലും പൊതുമാധ്യമസ്വഭാവത്തെ ഇങ്ങനെ രണ്ടായി തിരിച്ചു കാണാം: ഉദ്ദേശ്യം കൊണ്ട് മുസ്​ലിം സമുദായത്തിന്റെ ഉന്നമനമാണ് ലക്ഷ്യം വച്ചതെങ്കിലും വിനിമയ സ്വഭാവം കൊണ്ട് മാപ്പിള റവ്യൂ സമാന്തര പ്രസിദ്ധീകരണമായി പൊതു പ്രചാരം നേടിയിരുന്നു.
അറബിമലയാള മാധ്യമത്തിൽ പ്രകാശിതമായ പത്രങ്ങളും മാസികളും (15 ) അതിനുശേഷമുണ്ടായ മലയാള പ്രസിദ്ധീകരണങ്ങളായ 144 എണ്ണവും ഇപ്പോഴുള്ള 31 എണ്ണവും ഷറഫുദീൻ ഇ. സി. (2015 ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ 144 എണ്ണത്തിലെ ഒന്നുമാത്രമാണ് മാപ്പിള റവ്യൂ.

1947 നുമുമ്പുള്ളവയായി 64 പ്രസിദ്ധീകരങ്ങളുണ്ട്. അക്കൂട്ടത്തിൽ 47 ആണിതിന്റെ സ്ഥാനം. ഇത്രയും സമ്പന്നമായ പ്രസിദ്ധീകരണചരിത്രത്തിൽ നിന്ന് ഇതുമാത്രമായി എടുത്തു ചർച്ചചെയ്യുന്നത്, അതും അപൂർണമായ ലക്കങ്ങളുടെ അടിസ്ഥാനത്തിൽ, എന്നതിന്റെ സാംഗത്യം ചോദ്യംചെയ്യാവുന്നതാണ്. പരിമിതി അംഗീകരിച്ചുകൊണ്ടുതന്നെ ഞാൻ ഈ ഉദ്യമത്തിലേക്ക് കടക്കുന്നത് രണ്ട് ഉദ്ദേശ്യങ്ങൾ മുൻനിറുത്തിയാണ്. ആദ്യത്തേത്, ഡിജിറ്റൽ ആർക്കെവ് തരുന്ന സാധ്യത പ്രയോജനപ്പെടുത്തി പഴയ പ്രസിദ്ധീകരണങ്ങൾ പൊതുസഞ്ചയ രേഖയാക്കുന്നതിലെ അതിജീവന സാധ്യത ബോധ്യപ്പെടുത്തുക. രണ്ടാമതായി, ഭൂതകാല വിനിമയത്തിൽ നമ്മുടെ അനാസ്ഥ ബോധ്യപ്പെടുത്തി ഇവയുടെ ഗവേഷണപ്രധാന്യം വെളിപ്പെടുത്തുക.

മലയാളത്തിന്റെ അതിജീവനം ഡിജിറ്റൽ മാധ്യമത്തിലാണെന്നും അതിനുള്ള ശേഷിനിർമിതിയിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൽ സ്രോതസ്സാകാതെ വിസ്മൃതിയിലായാൽ വരാവുന്ന സാംസ്‌കാരികചരിത്രനഷ്ടത്തെ ഓർമിപ്പിക്കാനുമാണിവിടെ ശ്രമിക്കുന്നത്.

1941 മുതൽ 1946 വരെ കോഴിക്കോട്ടുനിന്ന്​ ഖാൻ ബഹാദൂർ കെ. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായിരുന്നു മാപ്പിള റവ്യൂ എന്ന മാസിക. കെ. അബുബക്കർ, വക്കം അബ്ദുൾ മൗലവി എന്നിവർ ഇതിന്റെ പത്രാധിപർമാരായിരുന്നു. ബ്രിട്ടീഷ്‌ കാലത്ത്​, 1925 മുതൽ ഖാൻ ബഹാദൂർ കെ. മുഹമ്മദ് സാഹിബ് മലബാർ ജില്ല വിദ്യാഭ്യാസ ഓഫീസറും മാപ്പിളമാരുടെ സ്പെഷ്യൽ വിദ്യാഭ്യാസ ഓഫീസറും ആയിരുന്നു. ഇംഗ്ലണ്ടിൽ പഠിച്ച ആദ്യത്തെ മാപ്പിള മലയാളിയാണദ്ദേഹം. സമുദായസേവനേച്ഛകൊണ്ടാണ് മാപ്പിള റവ്യൂ ആരംഭിച്ചത്. ‘മാപ്പിളമാർ എങ്ങോട്ട് 'എന്ന ഗ്രന്ഥവും 1956 ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.

മതം, ചരിത്രം, സാമൂഹിക- സാംസ്‌കാരിക വിഷയങ്ങൾ, ശാസ്ത്രം, ചെറുകഥ, കവിത എന്നിവയോടൊപ്പം ഖാൻ സാഹിബ് ലണ്ടനിൽനിന്ന്​ പഠനകാലത്ത്​അയച്ച കത്തുകളും പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് മനസ്സിലാക്കാനാവുന്നത്. 23 ലക്കങ്ങളാണ് ഇന്റർനെറ്റ് ആർക്കൈവിൽ ലഭ്യമായിട്ടുള്ളത്. (1942 മാർച്ച്, 1944 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ,1945 ജനുവരി, ഫെബ്രുവരി - മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, 1946 ജനുവരി). മണ്ണാർക്കാട്ടെ കെ. ജി. ടി. എം സൗഹൃദലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി സ്‌കാൻ ചെയ്ത ലക്കങ്ങളാണ് ഇവിടെ പഠനവിധേയമാക്കിയിട്ടുള്ളത്. ആറു വർഷത്തിനുള്ളിൽ എത്ര ലക്കം പ്രസിദ്ധീകരിച്ചുവെന്ന വിവരം ലഭ്യമല്ല. മറ്റു കോപ്പികൾ അന്ന്വേഷിച്ചു കണ്ടെത്താനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് 23 ലക്കങ്ങൾ മാത്രം കേന്ദ്രീകരിച്ച്​ ഈ പഠനം പരിമിതപ്പെടുത്തുകയാണ്.
തുടക്കത്തിൽ 52 പേജുള്ള പ്രസിദ്ധീകരണമായിരുന്നെങ്കിലും രണ്ടാം ലോകമഹയുദ്ധകാലത്തെ പേപ്പർ ക്ഷാമം കാരണം 32 പേജായി ഒതുക്കുകയാണുണ്ടായതെന്ന് പത്രാധിപരുടെ പ്രസ്താവനയിൽ വ്യക്തമാണ്.

മാപ്പിളസമുദായത്തിന് നവീനവിദ്യാഭ്യാസത്തിൽ അഭിരുചിയുണ്ടാക്കിത്തീർക്കുക, അഭ്യസ്തവിദ്യരായ മാപ്പിളമാർക്ക് തങ്ങളുടെ ആശയങ്ങളെയും അഭ്യർത്ഥനകളെയും പ്രസിദ്ധീകരിക്കാൻ ഒരു രംഗം നൽകുക, സമുദായോദ്ധാരണാർത്ഥം നിർമിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം ചെയ്യാൻ മാപ്പിള ധനാഢ്യന്മാരെ പ്രേരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക, വിജ്ഞാനത്തിലും സംസ്‌കാരത്തിലും മാപ്പിളസമുദായത്തെ ഉന്നമിപ്പിക്കുക, അവരും ഇതര സമുദായങ്ങളും തമ്മിൽ സുദൃഢമായ സൗഹാർദം സ്ഥാപിച്ച്​ കേരളത്തിന്റെ പൊതുജീവിതത്തെ ഉത്തേജിപ്പിക്കുക എന്നിവയാണ് മാപ്പിള റവ്യൂവിന്റെ ഉദ്ദേശ്യമായി കാണുന്നത്.

photo: Biju Ibrahim

വിജ്ഞാനപ്രദങ്ങളായ ഇസ്​ലാമിക ലേഖനങ്ങൾ പൊതുജനശ്രദ്ധ ആകർഷിക്കുകയും ഇസ്​ലാമിക സിദ്ധാന്തങ്ങളുടെ വിശാലതയെപ്പറ്റി ഇതര സമുദായങ്ങളിൽ അനുഭാവ മനസ്ഥിതി ഉളവാക്കുകയും ചെയ്തിട്ടുണ്ടെന്ന് നാലാം വർഷത്തിൽ വിലയിരുത്തുന്നതോടൊപ്പം, റവ്യൂവിന്റെ അമുസ്​ലിം വായനക്കാർ വർദ്ധിക്കുന്നുതുകൊണ്ട് ഐക്യമനോഭാവം ഉത്ഭവിക്കുമെന്ന് ഖാൻ സാഹിബ് പ്രത്യാശിക്കുന്നതായി അദ്ദേഹത്തിന്റെ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മാപ്പിള സമുദായത്തിന്റെ ഉന്നമനത്തിന് വിഘാതമായവയായി അദ്ദേഹം തിരിച്ചറിയുന്നത് ഇവയെല്ലാമാണ്​: പൂർവ്വകാലങ്ങളിൽ നവീന വിദ്യാസത്തിൽ കാണിച്ച അലസത നിമിത്തം അവർക്ക് നേതൃത്വം നൽകാനുള്ള വിദ്വാന്മാരെ സൃഷ്ടിക്കുവാൻ സാധിക്കാത്തത്​, ഈ നേതൃത്വത്തിന്റെ അഭാവം മൂലം സമുദായത്തിന്റെ കഴിവുകളെ സമുദായോന്നമനാർത്ഥമുള്ള പാന്ഥാവിലേക്ക്​തിരിക്കുവാൻ കഴിയാത്തത്​.

ഇസ്​ലാമിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നതുതന്നെ വിജ്ഞാനവിതരണത്തിലും സമുദായ സംഘടനയിലും ശരിയായ ഒരു ധനവിതരണ പദ്ധതിയിലുമാണെല്ലോ. ആധുനിക വിദ്യാഭ്യാസത്തിന്റെ അവശ്യകത ബോധ്യപ്പെടുത്തി, കൂടുതൽ വിദ്യാഭ്യാസതൃഷ്ണയുള്ളവരാക്കി തീർക്കുക എന്നിവയൊക്കെ റവ്യൂവിന്റെ ചുമതലയാണ്. (1994 മെയ് ലക്കം 1 )
മാപ്പിളമാർ എങ്ങോട്ട് എന്ന ഗ്രന്ഥത്തിൽ ഖാൻ ബഹാദൂർ കെ. മുഹമ്മദ് സാഹിബ് മാപ്പിള റവ്യൂവുമായി ബന്ധപ്പെട്ട രണ്ടു പ്രധാന നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. ‘മാപ്പിള വിദ്യാഭ്യാസ പുരോഗമനാർത്ഥം പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്ത്​, ഈ സമുദായത്തിന്റെ സാക്ഷരത്വം വർദ്ധിച്ചുവരുന്നതോടുകൂടി, അവരുടെ മാനസിക വികസനത്തിനും വളർച്ചക്കും ഉതകുമാറുള്ള പാരായണാസക്തി വളർത്തേണ്ടത് അത്യാവശ്യമാണെന്ന ധാരണയിൽ മാപ്പിള റവ്യൂ എന്ന ഒരു മാസിക തുടങ്ങുവാൻ ഞാൻ തുണക്കുകയുണ്ടായി' എന്നും, ‘സാംസ്‌കാരികമായ സമ്മേളനം കൊണ്ടല്ലാതെ ഒരു രാഷ്ട്രത്തിലെ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദവും രാഷ്ട്രീയ ഐക്യവും സ്ഥാപിക്കാൻ സാധിക്കുകയില്ലെന്ന് പൂർണമായും വിശ്വസിക്കുന്നവരിൽ ഒരാളാണ് ഞാൻ' എന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

മാപ്പിളമാരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം നിർദേശിച്ചുകൊണ്ടുള്ള കർമപരിപാടികൾ മാപ്പിള നവോത്ഥാന നായകന്മാരെല്ലാം മുന്നോട്ടുവച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനിന്നതിനു കാരണം, അറബിമലയാള പഠനമാണെന്ന് മക്തി തങ്ങൾ വിമർശിച്ചിരുന്നു. മുസ്​ലിം വിദ്യാഭ്യാസത്തിന്റെ ആധുനികീകരണം ഉറപ്പുവരുത്താൻ മക്തി തങ്ങൾ ശ്രമിച്ചു. കൂടാതെ, ചാലികത്ത്​ കുഞ്ഞഹമ്മദ് ഹാജി, ഷെയ്ഖ് മുഹമ്മദ് മാഹിൻ ഹമദാനി തങ്ങൾ, വക്കം മൗലവി തുടങ്ങിയവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായിവേണം ഖാൻ ബഹദൂർ കെ. മുഹമ്മദിന്റെ മാപ്പിള റവ്യൂവിന്റെ പ്രവർത്തനങ്ങളെയും കാണാൻ. മാപ്പിളയെ കൊളോണിയൽ ആധുനികതയുമായി ബന്ധിപ്പിക്കുക ലക്ഷ്യം വച്ചതുകൊണ്ടാകാം പേരുതന്നെ മലയാള - ഇംഗ്ലീഷ് സങ്കരമായതെന്ന് മനസ്സിലാക്കാം. അത്തരമൊരു സങ്കരമനോഭാവം തന്നെ ആധുനികതയെ തൊട്ടറിയുന്നുണ്ട്. അക്കാലത്ത്​, മറ്റൊരു പ്രസിദ്ധീകരണവും ഈ നയം സ്വികരിച്ചുകാണുന്നില്ല എന്നതും ഓർക്കേണ്ടതാണ്.

മേല്പറഞ്ഞ ആശയങ്ങളുമായി യോജിക്കുന്ന തരത്തിലാണ് മാപ്പിള റവ്യൂവിന്റെ ഉള്ളടക്കം സംവിധാനം ചെയ്തിട്ടുള്ളെതെന്നുകാണാം. പൊതുവിൽ ഉള്ളടക്കഘടന പരിശോധിച്ചാൽ അതൊരു ആധുനിക മാസികയാണെന്നും സമൂഹത്തിന്റെ ജ്ഞാനപോഷണം ലക്ഷ്യം വച്ചുള്ളതാണെന്നും വ്യക്തമാകുന്നുണ്ട്. അതോടൊപ്പം, അക്കാലത്ത്​ ക്രൈസ്തവ പാതിരിമാർ നടത്തിയ ഇസ്​ലാം മതദൂഷണത്തെയും അതുവഴി, ഇസ്​ലാം മതത്തെയും വിശ്വാസികളെയും കുറിച്ച്​ രൂപപ്പെട്ട ദുർധാരണകളെയും അല്പധാരണകളെയും സമൂഹത്തിൽനിന്ന് തുടച്ചുനീക്കി, യഥാർത്ഥ ഇസ്​ലാം മതചിന്തയും ഇസ്​ലാം സംസ്‌കാരവും മലയാളികൾക്കിടയിൽ ബോധ്യപ്പെടുത്താനും മാപ്പിള റവ്യൂ താല്പര്യം കാണിക്കുന്നതായി എല്ലാ ലക്കങ്ങളിലെയും ആദ്യ ലേഖനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉദാഹരണമായി, ലോകോൽപ്പത്തിയെ കുറിച്ചുള്ള ഇസ്​ലാമിക ചിന്തയാണ് 1942 ലെ 11 -0 ലക്കത്തിൽ കാണുന്നത്. തുടർന്ന് ആഗോളീയ വിഷയങ്ങൾ; വിൻസ്റ്റൻ ചർച്ചിലിനെ പരിചയപ്പെടുത്തുന്നതോടൊപ്പം പ്രേമവും ജീവിതവും ചർച്ചചെയ്യുന്നു. എസ്. കെ. പൊറ്റെക്കാട്ട്​ ആഗ്ര കോട്ടയെ സഞ്ചാരസാഹിത്യത്തിന്റെ മൂശയിൽ വിവരിക്കുന്നു. വിദ്യാർത്ഥികളുടെ ഉറക്കംതൂങ്ങലിന്റെ സാമൂഹ്യശാസ്ത്രം ബി. കല്യാണിയമ്മ വിശദമാക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട് മലബന്ധ നിവാരണം, വിദ്യാഭ്യാസ പുരോഗതിയും വ്യവസായലോകവും പ്രമേയമാക്കിയുള്ള ലേഖനങ്ങൾ, വിവരങ്ങളും വിശേഷങ്ങളും, പസഫിക് യുദ്ധരംഗം, സാമൂതിരിപ്പാടും മുഹമ്മദീയരും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന പി. സി. മാനവവിക്രമരാജയുടെ പഠനം, ബാലപംക്തി, ഖാൻമുഹമ്മദ് സാഹിബിന്റെ കപ്പലിൽനിന്നുള്ള കത്ത്, മറ്റുചില കുറിപ്പുകൾ എന്നിവയോടൊപ്പം കഥയും കവിതയും ഈ ലക്കത്തിന്റെ വിഭവസമ്പന്നത വ്യക്തമാക്കുന്നുണ്ട്.

ഉള്ളടക്കവിവരം നൽകുന്നത് ദ്വിഭാഷയിലാണ്; ഇംഗ്ലീഷിലും മലയാളത്തിലും. ചില ലക്കങ്ങളിൽ പൂർണമായും ഇംഗ്ലീഷ് ശീർഷകങ്ങൾ മാത്രമായും കാണുന്നുണ്ട്. മാഗസിനിൽ ലേഖനങ്ങളും കുറിപ്പുകളുമെല്ലാം മലയാളത്തിൽ തന്നെയാണ് നൽകിയിട്ടുള്ളത്. തുടർന്നുള്ള ലക്കങ്ങളിലുള്ള ഉള്ളടക്കം പൊതുവായി മാത്രമേ അവതരിപ്പിക്കുന്നുള്ളൂ. ലേഖനങ്ങൾ പലതും തുടരുന്നവയാണ്​. ഇന്ത്യയും ഇസ്​ലാം സംസ്‌കാരവും, ഇസ്​ലാമും പുരോഗതിയും, ഇസ്​ലാം മതവും സമുദായിക നിയമങ്ങളും, മതവും ശാസ്ത്രവും, മുഹമ്മദ് നബിയും സഹിഷ്ണുതയും, നബി (സ)യുടെ ഏറ്റവും ആനന്ദകരമായ ‘ഈദ്’, ഇസ്​ലാമിക രാജ്യഭരണരീതി, നബിദിനം, പരിശുദ്ധ റംസാൻ, മുഗൾ വാസ്തുശിൽപചരിത്രം, യുവാക്കളോട് പ്രവാചകന്റെ സന്ദേശം എന്നിവയൊക്കെ ഈ ലക്കങ്ങളിലെ ആമുഖ ലേഖനങ്ങളാണ്.

ശാസ്ത്രസംബന്ധമായി യുദ്ധകാലത്തെ കണ്ടുപിടുത്തങ്ങളെക്കുറിച്ചും കടൽപക്ഷികളെക്കുറിച്ചും മുതലയെക്കുറിച്ചും മൺസൂണിനെകുറിച്ചും മനുഷ്യശാസ്ത്രത്തെക്കുറിച്ചും ടെലഗ്രാഫിയെക്കുറിച്ചും അറ്റോമിക് മാഹാത്മ്യത്തെക്കുറിച്ചുമൊക്കെ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എ. അയ്യപ്പനാണ് മനുഷ്യശാസ്ത്രത്തെ (നരവംശശാസ്ത്രം) കുറിച്ചുള്ള ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. കെ കുരിയാക്കോസ് തോട്ടിങ്ങലിന്റെ മലയാള ഭാഷാഭ്യാസനത്തെക്കുറിച്ചുള്ള ലേഖനപപരമ്പരയുണ്ട്. പ്ലേറ്റോ, സോക്രട്ടീസ്, ചർച്ചിൽ, റൂസ്​വെൽറ്റ്​, ട്രൂമാൻ, ടാഗോർ തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങളും കാണാം. കൂടാതെ, ഇസ്​ലാമിൽ സ്ത്രീകൾക്കുള്ള സ്ഥാനത്തെക്കുറിച്ചും സ്ത്രീവിദ്യാഭ്യസത്തെക്കുറിച്ചും മുസ്​ലിം സ്ത്രീകളുടെ പാരതന്ത്ര്യത്തെ കുറിച്ചുമുള്ള ലേഖനങ്ങൾ പുരുഷന്മാരും സ്ത്രീകളും എഴുതിയിരുന്നു. രണ്ടാംലോകമഹായുദ്ധവുമായി ബന്ധപ്പെട്ടതും ലോകനേതാക്കളെ പരിചയപ്പെടുത്തുന്നതുമായ ‘ലോകകാര്യങ്ങൾ’ (മോസ്‌കോയിലെ കുട്ടികളുടെ ഗ്രന്ഥശാലകൾ), ജപ്പാനെകുറിച്ചും സോവിയറ്റുയൂണിയനിലെ പ്രസിദ്ധീകരണശാലകളെ കുറിച്ചും ചൈനയിലെ പ്രാചീനചാര്യനെക്കുറിച്ചും യവന മഹിമയെകുറിച്ചുമൊക്കെയുള്ള ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതലാളിത്തത്തിന്റെ ഉത്ഭവവും വളർച്ചയും പരിചയപ്പെടുത്തുന്നതോടൊപ്പം സോവിയറ്റ്​ റഷ്യയിലെ വിദ്യാഭ്യാസത്തെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. ഇതോടൊപ്പം, ഇന്ത്യയുടെ പഞ്ചസാര, സ്രാവ് എണ്ണ വ്യവസായത്തെക്കുറിച്ചും വ്യാവസായിക സ്വപ്നത്തെക്കുറിച്ചുമുള്ള ചിന്തയും പങ്കിടുന്നുണ്ട്.

ചുരുക്കത്തിൽ, മാപ്പിളമലയാളികൾക്കു മാത്രമായുള്ള പ്രസിദ്ധീകരണമായിരുന്നില്ല മാപ്പിള റവ്യൂ എന്ന്​ വ്യക്തമാണ്. എഴുത്തുകാരുടെ എണ്ണം പരിശോധിച്ചാലും സർവ്വ മതസ്തരും അതിൽ ഒന്നുചേർന്നിരുന്നു വെന്നു കാണാം. മുസ്​ലിംകളേക്കാൾ അധികം മറ്റുള്ളവരായിരുന്നുവെന്ന് നിസ്സംശയം പറയാം. ഇതൊരു മുസ്​ലിം പ്രസിദ്ധീകരണമായിരുന്നുവെന്നതിനേക്കാൾ മാപ്പിള സമുദായോദ്ധാരണം ലക്ഷ്യം വച്ചുള്ള സമാന്തര മലയാള പ്രസിദ്ധീകരണമായിരുന്നുവെന്നാണ് മനസിലാക്കാൻ കഴിയുക. ഇസ്​ലാം മതതത്വങ്ങളെ മലയാളികളെ പരിചയപ്പെടുത്തുന്നതും പരസ്പര സൗഹൃദം വളർത്തുന്നതിന് ഉതകുന്നതുമാണിതെന്ന്​ ഉള്ളൂർ സാക്ഷ്യപ്പെടുത്തുന്നതും അതുകൊണ്ടാണ്.

അക്കാലത്തെ പരസ്യങ്ങളുടെ പൊതുസ്വഭാവവും മനസിലാക്കാൻ ഈ മാഗസിൻ സഹായിക്കും. സർക്കാർ പരസ്യങ്ങളും വാണിജ്യ പരസ്യങ്ങളും കാണാം. യുദ്ധകാല ഫണ്ടുസമാഹരണ പരസ്യങ്ങളുമുണ്ട്​. തീവണ്ടി യാത്ര കുറയ്ക്കുക, സമ്പാദ്യ പദ്ധതിയിൽ അംഗമാവുക തുടങ്ങിയ അറിയിപ്പു പരസ്യങ്ങളും വിവിധ ലക്കങ്ങളിൽ കാണാം. രണ്ടാം ലോക മഹായുദ്ധകാലവുമായി ബന്ധപ്പെട്ട പ്രത്യേക പരസ്യവും ചില ലക്കങ്ങളിൽ കാണാം. ഉള്ളടക്ക സ്വഭാവം, ലേ- ഔട്ട്, അച്ചടിരീതി, അക്കാലത്തെ മാധ്യമപരിസ്ഥിതിയിൽ ഇതിന്റെ സ്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഇത്തരം പ്രസിദ്ധീകരണങ്ങളിൽ നിന്ന്​ ഗവേഷണപ്രധാന്യത്തോടെ പഠിക്കപ്പെടേണ്ടതാണ്.

ഡിജിറ്റൽ മൂലധന നിർമിതി

വാമൊഴിയിൽനിന്ന് വരമൊഴിയിലേക്കും അച്ചടിസാങ്കേതികതയിലേക്കും വളർന്ന സംവേദന മാധ്യമ ചരിത്രം ഡിജിറ്റൽ കാലമായതോടെ അതിജീവനം തിരമൊഴിയിലൂടെയായി തീർന്നു. ഇതോടെ, അച്ചടിയിലൂടെയുള്ള അതിജീവന സാധ്യതകൾക്ക്​ മങ്ങലേറ്റിരിക്കുന്നു. മലയാളഭാഷയുടെ നിലനിൽപ്പുതന്നെ ഡിജിറ്റൽ സാന്നിധ്യത്തിലൂന്നിക്കൊണ്ടായിരിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ ഭാഷാവിഭവങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോ​മിലേക്കു മാറേണ്ടത് അനിവാര്യമാണ്. ഈ അടിയന്തര പ്രാധാന്യം, കേരളത്തിലെ സർവകലാശാലകൾക്കുമുമ്പ് മണ്ണാർക്കാട്ടെ കെ.ജി. ടി. എം സൗഹൃദയ ഗ്രന്ഥശാല മനസ്സിലാക്കുകയും ഡിജിറ്റൈസേഷൻ പദ്ധതി നടപ്പിലാക്കുകയും ചെയ്​തു എന്നത് അഭിനന്ദനീയമാണ്. അതുവഴിയാണ് മാപ്പിള റവ്യൂവിന്റെ ലക്കങ്ങൾ എനിക്ക് പരിചയപ്പെടാനായത്.

പല പ്രസിദ്ധീകരണങ്ങളും മൺമറഞ്ഞുവെങ്കിലും അവയുടെ ഡിജിറ്റൽ സാന്നിധ്യം ഉറപ്പായാൽ ഗവേഷണ സാഹചര്യം ഒരുങ്ങും. കൂടാതെ അത്തരം പൊതുസഞ്ചയത്തിന്റെ വിനിമയവ്യാപ്തിയും വർദ്ധിക്കും. പുതുതലമുറയ്ക്ക് മുതൽക്കൂട്ടാവുന്ന പഴയകാല പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റൈസഷൻ പ്രവർത്തനങ്ങൾ വ്യക്തികളോ സംഘടനകളോ പ്രസ്ഥാനങ്ങളോ സംഘടിതമായും അടിയന്തരമായും ഏറ്റെടുക്കണം. അച്ചടികേന്ദ്രിത വിജ്ഞാനോല്പാദനത്തിൽ ഒഴിവാക്കപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങൾക്കും ഡിജിറ്റൽ ലോകം പുതിയ സാധ്യത തുറന്നിട്ടിരിക്കുന്നു. ഇത്​ തിരിച്ചറിഞ്ഞ്​ പഴയ പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൽ സാന്നിധ്യമാകേണ്ടതുണ്ട്​. അതിലൂടെ, ഭൂരിപക്ഷ- ന്യൂനപക്ഷ മാധ്യമവേർതിരിവില്ലാതാവുകയും ആരുടെയും പ്രാതിനിധ്യം മാധ്യമചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. വരുംതലമുറക്കുള്ള പൊതുമൂലധന നിർമിതിയിൽ അസാന്നിധ്യങ്ങളെക്കാൾ സാന്നിധ്യങ്ങൾക്ക്​ സാധ്യത കൈവരണമെങ്കിൽ പഴയ അച്ചടിസ്രോതസ്സുകൾ ഡിജിറ്റൽ വർത്തമാനത്തിലേക്ക്​ പ്രവേശിച്ചേ മതിയാവൂ എന്ന് മണ്ണാർക്കാട്ടെ കെ. ജി. ടി. എം സൗഹൃദ ഗ്രന്ഥശാലക്കുണ്ടായ ബോധ്യം മലയാളികൾക്കുള്ള പൊതുപാഠം കൂടിയാണ്​ പങ്കിടുന്നത്.

ഗ്രന്ഥസൂചി:
അബ്ദുറഹ്മാൻ മാങ്ങാട്, 2009, മുസ്ലിം പത്രപ്രവർത്തനചരിത്രം, പ്രബോധനം , 60ാം വാർഷികപ്പതിപ്പ്.
ഖാൻ ബഹുദുർ കെ. മുഹമ്മദ്,1956, മാപ്പിളമാർ എങ്ങോട്ട്, മംഗളോദയം, തൃശ്ശിവപേരൂർ.
പ്രകാശ് വി. കെ., 2009, മുസ്ലിം മീഡിയയുടെ വർത്തമാനം, പ്രബോധനം, 60ാം വാർഷികപ്പതിപ്പ്.
മോയിൻ മലയമ്മ, 1998, പ്രബോധനം നവോത്ഥാനപതിപ്പ്.
ഷറഫുദീൻ ഇ. സി., 2015, Muslim Media in Kerala: History and Evolution; An Analytical Study, (പ്രബന്ധം), മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.
മാപ്പിളറ വ്യൂ (https://archive.org/details/kerala-periodicals).


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments