മലയാള മാധ്യമ
ചരിത്രത്തിലുടനീളം
ജനിതകമായ ഇടത് വിരുദ്ധതയുണ്ട്
മലയാള മാധ്യമ ചരിത്രത്തിലുടനീളം ജനിതകമായ ഇടത് വിരുദ്ധതയുണ്ട്
സംഘപരിവാര്‍ സ്വാധീനം, മാനേജുമെന്റ് താല്‍പര്യങ്ങളുടെ ഇടപെടല്‍, ഇടതുവിരുദ്ധത, സെന്‍സേഷണലിസത്തിലൂന്നിയുള്ള റിപ്പോര്‍ട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തില്‍നിന്നും മാധ്യമങ്ങള്‍ക്കകത്തുനിന്നും വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ന്യൂസ്റപ്റ്റ് മലയാളം ചീഫ് എഡിറ്റർ എം.പി. ബഷീർ സംസാരിക്കുന്നു.
21 Jun 2022, 05:50 PM
ഷഫീഖ് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആര്‍.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കുമുള്ള ആവശ്യകത വര്‍ധിക്കുകയാണെന്നുമുള്ള തരത്തില്‍ ആരോപണങ്ങള്‍ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളില്‍ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?
എം.പി. ബഷീർ: എല്ലാ സാമൂഹിക ഉപകരണങ്ങളെയും സ്വാധീനിക്കലും വരുതിയിലാക്കലും ഫാസിസത്തിന്റെ സ്വഭാവമാണ്. കേരളത്തിലെ ഹിന്ദു സമുദായ സംഘടനകളെയും ക്രൈസ്തവ സഭകളെയും മുസ്ലിം സമുദായത്തിലെ ചില വിഭാഗങ്ങളെപ്പോലും അവരങ്ങനെ സമീപിക്കുന്നുണ്ട്. ചില സംഘടനകള്‍, വ്യവസായ ഗ്രൂപ്പുകള്‍ തുടങ്ങിയവയൊക്കെ വരുതിയില്‍ ആകുന്നുമുണ്ട്. മാധ്യമപ്രവര്‍ത്തനത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യമായി അതിനെ കാണേണ്ടതില്ല. ഒരുപക്ഷേ ജനങ്ങളെ സ്വാധീനിക്കാനുള്ള ഉപകരണങ്ങളെന്ന നിലയില്‍ മാധ്യമങ്ങള്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകാം. ഏഷ്യാനെറ്റിന്റെയും ന്യൂസ് 18 ചാനലിന്റെയും ഉടമസ്ഥതയില്‍തന്നെ ആ പിടിയുണ്ട്. മറ്റുസ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെയും സമ്മര്‍ദ്ദപ്പെടുത്തുന്നുണ്ടാകണം. മലയാള മനോരമയുടെ "ദ വീക്ക്' പോലൊരു സ്ഥാപനത്തിന് സവര്‍ക്കറെക്കുറിച്ച് നല്‍കിയ ഒരു അന്വേഷണ റിപ്പോര്‍ട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിന്‍വലിക്കുകയും മാപ്പുപറയുകയും ചെയ്യേണ്ടി വരുന്നത് അത്തരം സമ്മര്‍ദ്ദങ്ങളുടെ പുറത്താകാം. '24 ന്യൂസ്' പോലുള്ള സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരായ വാര്‍ത്തകളോട് കാണിക്കുന്ന വിമുഖതയും പ്രകടമാണ്.
എന്നാല്‍, ഇതൊക്കെയാണെങ്കിലും, കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരുമാകെ സംഘപരിവാര്‍ ആശയത്തോട് വിധേയപ്പെടുകയാണ് എന്ന വിമര്‍ശനം തീര്‍ത്തും തെറ്റാണ്, തൊഴിലാളി വിരുദ്ധവും. ന്യൂസ് റൂമുകളുടെ വര്‍ക്കിംഗ് മെക്കാനിസത്തെക്കുറിച്ചുള്ള വികല ധാരണയാണത്. വ്യക്തിഗതമായും കൂട്ടായും സംഘപരിവാറിനെ നേരിടാനുള്ള ശ്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ്. മാധ്യമപ്രവര്‍ത്തകരാകെ സംഘപരിവാറിന്റെ തടവിലായി എന്നുപറയുന്നത് ആ ശ്രമങ്ങളെ ഡിസ്‌ക്രഡിറ്റ് ചെയ്യാനേ സഹായിക്കൂ. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം നടക്കുന്നുണ്ട്. ഇത്രയും പറഞ്ഞതിന് അര്‍ഥം സംഘിമനസുള്ള മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരുമില്ല എന്നല്ല. മാധ്യമ സമൂഹമാകെ കീഴ്പ്പെട്ടുകഴിഞ്ഞു എന്നത് അത്ര നിഷ്‌കളങ്കമായ ഒരു ആശങ്കയുമല്ല. വന്‍ ബിസിനസ് താത്പര്യങ്ങളുള്ള വന്‍കിട മാധ്യമങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുന്നുണ്ടെങ്കില്‍, അതിന് സമാന്തരമായി രാജ്യത്തെ മറ്റിടങ്ങളില്‍ എന്നപോലെ മലയാളത്തിലും ചെറുകിട മാധ്യമസംരംഭങ്ങള്‍ ഉണ്ടാകുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ ഒന്നാകെ വിമര്‍ശിക്കുമ്പോള്‍ അതിന്റെ സമഗ്രതയില്‍ കാണണം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തുല്യപ്രാതിനിധ്യം നേടാന്‍ ടെലിവിഷന്‍ ന്യൂസ്റൂമുകള്‍ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?
കേരളത്തിന്റെ രാഷ്ട്രീയ പ്രതലത്തെ മൂന്നായി പകുത്ത് അതിലൊന്ന് ബി.ജെ.പിക്ക് അനുവദിച്ചുകൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒരു ഘട്ടത്തില്‍ 15 ശതമാനം കടന്ന ഒരു വോട്ട് ഷെയറിനെ പാടെ അവഗണിക്കണമെന്നല്ല, ബി.ജെ.പിക്ക് കെട്ടിവെച്ച പണം തിരിച്ചുകിട്ടാത്ത മണ്ഡലങ്ങളില്‍പോലും ത്രികോണ മത്സരമെന്നാണ് എന്ന് ചിത്രീകരിക്കപ്പെടുന്നത്. ഇത് ടെലിവിഷനും മുന്‍പ് തുടങ്ങിയതാണ്. 1980കളിലും 90കളിലും ബി.ജെ.പിയുടെ വോട്ട് ഷെയര്‍ അഞ്ചുശതമാനത്തില്‍ നില്‍ക്കുമ്പോള്‍ പോലും മലയാള മനോരമയും മാതൃഭൂമിയും പല മണ്ഡലങ്ങളിലും മൂന്നുസ്ഥാനാര്‍ത്ഥികളുടെയും ഫോട്ടോ വെച്ച് ത്രികോണ ചിത്രീകരണം നടത്തിയിട്ടുണ്ട്. ഒപ്പം എല്‍.ഡി.എഫും യു.ഡി.എഫും ഭരണത്തിലിരിക്കുമ്പോള്‍ അതത് കാലത്ത് പ്രതിപക്ഷ നിരയില്‍ നില്‍ക്കുന്ന ബി.ജെ.പിയെ കവറേജില്‍ അവഗണിക്കാനാവാത്ത സാഹചര്യവുമുണ്ട്.

ഇത്തരം കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ സങ്കീര്‍ണ്ണതകളും ധര്‍മ്മസങ്കടങ്ങളും അത്ര എളുപ്പത്തില്‍ മനസിലാക്കപ്പെടുന്നില്ല. ടെലിവിഷന്‍ വന്നപ്പോള്‍ വളരെ വോക്കലായ സംഘപരിവാര്‍ പ്രതിനിധികള്‍ സ്‌ക്രീന്‍ സ്പേസ് നേടിയെന്നത് ശരിയാണ്. ഇപ്പോള്‍ ഈ വിമര്‍ശനം ഉന്നയിച്ച എം.വി. നികേഷ്‌കുമാര്‍ ഉള്‍പ്പടെ മലയാളത്തില്‍ വാര്‍ത്താ ടെലിവിഷന്റെ തുടക്കകാലത്തെ നടത്തിപ്പുകാര്‍ക്ക് അതില്‍ പങ്കുണ്ട്. കുമ്മനം രാജശേഖരന്‍, പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ടെലിവിഷന്‍ ചതുരത്തിലാണ് ഉയര്‍ന്നുവന്നത്. പി.സി. ജോര്‍ജ് ഒരുപക്ഷേ നികേഷ് കുമാറിന്റെ മാത്രം സൃഷ്ടിയാണെന്നുപോലും പറയാം. ഇക്കാര്യത്തില്‍ ആത്മ വിമര്‍ശനത്തിന്റെ ആവശ്യമുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് മറ്റൊരു അഭിപ്രായമുണ്ട്. ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടാല്‍ ഇല്ലാതാവുന്നതല്ല ഫാസിസം. ടെലിവിഷനിലേക്ക് എത്തുമ്പോള്‍ അവര്‍ തുറന്നുകാട്ടപ്പെടുകകൂടി ചെയ്യും. അത് നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. മാധ്യമങ്ങളില്‍ നിന്ന് ആരെയെങ്കിലും മാറ്റിനിര്‍ത്തിയോ മാധ്യമങ്ങളെ ബഹിഷ്‌കരിച്ചോ ഒരു രാഷ്ട്രീയ പ്രക്രിയയും സാധ്യമല്ല.
മാനേജ്മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളില്‍ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
മാനേജ്മെന്റുകളുടെ സ്വാധീനം കണ്ടന്റ് ഫിലോസഫിയിലുണ്ടാവുക എന്നത് സ്വാഭാവികമാണ്. പല മാധ്യമസ്ഥാപനങ്ങളും തുടങ്ങിയത് തന്നെ ചില സാമൂഹിക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും ഭാഗമായാണ്. അത് അറിഞ്ഞുതന്നെയാണ് അവിടെ മാധ്യമപ്രവര്‍ത്തകര്‍ ജോലിക്ക് എത്തുന്നതും. എന്നാല്‍ ജേണലിസത്തിന്റെ അടിസ്ഥാന സംഹിതകളില്‍ നിന്ന് മാറിപ്പോവാതിരിക്കുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ മാത്രം ഉത്തരവാദിത്വമാണ്. കെട്ടിവരിയാന്‍ പാകത്തിന് അവരരവരുടെ കൈകള്‍ വെച്ചുകൊടുക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ ജാഗ്രത. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും ആ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്, പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍.
മനോരമ ന്യൂസിലെയും ഏഷ്യാനെറ്റിലെയും സഹപ്രവര്‍ത്തകരുടെ ജോലിയെ സസൂഷ്മം നിരീക്ഷിച്ചാല്‍ അത് മനസിലാക്കാം. മാനേജ്മെന്റുകളുടെ തോട്ടക്കാരാകാന്‍ വിസമ്മതിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ രണ്ട് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരില്‍ അധികവും- ഏഷ്യാനെറ്റിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. മോദി മന്ത്രിസഭയിലെ ഒരു അംഗം ഉടമസ്ഥനായിരിക്കുന്ന ഏഷ്യാനെറ്റില്‍, ആ ഗ്രൂപ്പിന് കീഴിലെ പല സ്ഥാപനങ്ങളും സംഘപരിവാറിന്റെ ഉപകരണമാക്കപ്പെട്ടതിന് ശേഷവും, വാര്‍ത്താ ഉള്ളടക്കം കുറേയൊക്കെ സെക്കുലര്‍ സ്വഭാവം നിലനിര്‍ത്തുന്നു എന്നത് ചെറിയ കാര്യമല്ല. ഭൂതകാലത്തും ഇപ്പോഴും ആ ന്യൂസ് ടീമില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കളക്ടീവായ ധീരതയായാണ് ഞാന്‍ അതിനെ കാണുന്നത്.
മാനേജ്മെന്റിനും ന്യൂസ് റൂമിനുമിടയില്‍ തീരുമാനം എടുക്കേണ്ട പൊസിഷനില്‍ ഞാന്‍ ജോലി ചെയ്തത് ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന നാലുവര്‍ഷമാണ്. ഒറ്റ എഡിറ്റോറിയല്‍ മീറ്റിംഗിലും മാനേജ്മെന്റ് പ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടില്ല. സംപ്രേഷണം ചെയ്യണമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ച ഒരു വാര്‍ത്തയും മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കൊടുക്കാതിരുന്നിട്ടുമില്ല. അതിനര്‍ഥം അവിടെ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നില്ല എന്നല്ല. കേരളത്തിലെ രാഷ്ട്രീയ രംഗത്തും ബിസിനസ് രംഗത്തുമുള്ള പന്ത്രണ്ട് പേരായിരുന്നു അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നുകൂടി ഓര്‍ക്കണം. അവിടെ മാനേജ്മെന്റുമായുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് ഇവിടെ വിസ്തരിച്ചുപറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രതിരോധം ഒറ്റപ്പെട്ട വ്യക്തികളുടെ സവിശേഷതയൊന്നുമല്ല. ഇന്ത്യാവിഷന്‍ വാര്‍ത്താസംഘത്തിന്റെ ഒരു പൊതുസ്വാഭാവം അങ്ങനെയായിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങളില്‍ പൊതുവായിതന്നെ മാനേജ്മെന്റിന്റെ അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യങ്ങളാകാന്‍ ശ്രമിക്കുന്നവര്‍ കുറച്ചുപേര്‍ മാത്രമാണ്. അവരെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ ഒരു തൊഴില്‍ മേഖലയെ ഒന്നാകെ ഭര്‍ത്സിക്കുന്നത്.
ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമ ധര്‍മം നിര്‍വഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടത് വിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങള്‍ക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
ദീപികയും മലയാള മനോരമയും മുതല്‍ മലയാള മാധ്യമ മേഖലയുടെ മാനേജ്മെന്റ് ചരിത്രത്തിലുടനീളം ജനിതകമായിതന്നെ ഇടതുപക്ഷ വിരുദ്ധതയുണ്ട്. മാതൃഭൂമിയിലും ഒരു കാലത്തും ഇടതുപക്ഷ ആഭിമുഖ്യമുള്ള മാനേജ്മെന്റായിരുന്നില്ല. ഈ അടുത്തകാലത്ത് ഉദയംകൊണ്ട മാധ്യമത്തിനും മീഡിയാ വണ്ണിനും പ്രത്യയശാസ്ത്രപരമായി തന്നെ ഇടതുപക്ഷ വിരുദ്ധതയുണ്ട്. എന്നാല്‍ മലയാളത്തിലെ ഇടതുപക്ഷ നീരീക്ഷകരുടെയും സൈബര്‍ പോരാളികളുടെയും കണ്ണിലെ കരടാകുന്നത് കൂടുതലായും ഇന്‍ഡിവിജ്വല്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ്. ഉദാഹരണത്തിന് പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അസൈന്‍ ചെയ്യപ്പെട്ട അജയ ഘോഷിനോട്. മാധ്യമപ്രവര്‍ത്തകരെ ഒന്നാകെയോ ഒറ്റതിരിഞ്ഞോ അക്രമിക്കുക എന്ന പ്രതിരോധം മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. അത് പലപ്പോഴും പിണറായി വിജയനോടുള്ള ഭക്തിയില്‍ അധിഷ്ഠിതമാണ്. അത്തരം സൈബര്‍ വിമര്‍ശകരില്‍ പലരും ഈ സംവിധാനത്തിന്റെ ആനുകൂല്യം പറ്റുന്നവരുമാണ്. അതില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട് എന്നതാണ് ഖേദകരം.
ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും പ്രതിരോധത്തിലാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നതും ഇടതുപക്ഷ വിരുദ്ധതയായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അതിന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. 2004-ലെ ഐസ്‌ക്രീം കേസുമുതല്‍ ഇങ്ങോട്ടാണ് മാധ്യമമേഖലയെ ഡിസ്‌ക്രഡിറ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായത്. തൊട്ടടുത്ത വര്‍ഷം എസ്.എന്‍.സി ലാവ്ലിന്‍ കേസുകൂടി വന്നപ്പോള്‍ അത് സി.പി.എമ്മും ഏറ്റെടുത്തു എന്നുമാത്രം. വന്നുവന്ന്, സി.പി.എമ്മിന് ഹിതകരമായത് മാത്രമാണ് മഹത്തരമായ ജേണലിസം എന്ന നിലവന്നിട്ടുണ്ട് സാമൂഹികമാധ്യമങ്ങളില്‍. ചില ജേണലിസ്റ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങളിലെ പ്രമോട്ടര്‍മാരെ കണ്ടെത്താനുള്ള വഴിയാണ് അത്. ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ചിട്ടും, പതിറ്റാണ്ടുകളോളം ന്യൂസ് റൂമുകളില്‍ പ്രവര്‍ത്തിച്ചിട്ടും ക്യാമ്പസിലെ എസ്.എഫ്.ഐ മനസില്‍ നിന്ന് വിടുതല്‍ നേടാത്ത ചിലരുണ്ട്. അക്കൂട്ടത്തില്‍ മുന്തിയ എഡിറ്റര്‍മാര്‍ പോലുമുണ്ട്. ഈ പ്രൊഫഷന് അത്തരമൊരു വിടുതല്‍ അത്യാവശ്യമാണെന്ന് അവര്‍ അറിയുന്നില്ല.
കേരളത്തിലെ ടെലിവിഷന്‍ ജേണലിസം ശരിയായ പാതയില്‍ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം, റിപ്പോര്‍ട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?
സ്വര്‍ണ്ണക്കടത്ത് കേസിലെ മാധ്യമങ്ങളുടെ സമീപനത്തെ തുടക്കം മുതലെ വിമര്‍ശിച്ച ആളാണ് ഞാന്‍. ഒരു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ വീഴ്ചയില്‍ സംഭവിച്ച ഒരു കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും, കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സംഘപരിവാറിന് അനുകൂലമായി കളമൊരുക്കാനും ആസൂത്രിതമായി നീക്കം നടന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്വേഷണ ഏജന്‍സികളില്‍ നിന്ന് റിപ്പോര്‍ട്ടര്‍മാരിലേക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കപ്പെട്ട രീതി അതിനുമുന്‍പ് സംഭവിച്ചിട്ടില്ലാത്തതാണ്. ആ വാര്‍ത്താ പ്രളയം നടക്കുന്ന രാഷ്ട്രീയ പശ്ചാത്തലം മാധ്യമങ്ങള്‍ പരിഗണിച്ചില്ല എന്നതാണ് അവരുടെ ഭാഗത്തുണ്ടായ വീഴ്ച. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പുതിയ പല്ലും നഖവും നല്‍കുന്നത് അവര്‍ കണ്ടില്ല. തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പ്രതിപക്ഷ സംസ്ഥാനത്തിന് നേരെ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന രാഷ്ട്രീയ അത്യാചാരമായി അത് കാണേണ്ടിയിരുന്നു. കവറേജിന്റെ അനുപാതവും സ്വഭാവവും അതിന് അനുസരിച്ച് ക്രമീകരിക്കപ്പെടേണ്ടിയിരുന്നു. അതുണ്ടായില്ല എന്നത് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ വലിയ വീഴ്ച തന്നെയാണ്. ഇപ്പോഴത്തെ സ്വപ്ന കേസിലും ഈ അവധാനത നഷ്ടപ്പെടുന്നുണ്ട്. ഷാജ് കിരണും സ്വപ്നയുമൊക്കെ മുന്നോട്ടുവയ്ക്കുന്ന വാര്‍ത്തകളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന തലക്കെട്ടുകളും അതിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന സൂപ്പര്‍ലേറ്റീവ് പ്രയോഗങ്ങളും മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ക്കും.
ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി എന്തെങ്കിലും രോഗബാധയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നമ്മുടെ ദൈനംദിന രാഷ്ട്രീയത്തിന്റെ നടത്തിപ്പുക്കാരുടെ മുഖം തെളിയുന്നതും വാക്കുകള്‍ കേള്‍ക്കുന്നതും ടെലിവിഷനിലായതുകൊണ്ട് സംഭവിക്കുന്നതാണത്. 24 മണിക്കൂര്‍ ലൈവായി നില്‍ക്കുന്ന ഒരു സ്‌ക്രീനില്‍ എഡിറ്ററുടെ ഇടപെടലിന് പരിമിതിയുണ്ട്. എന്നാല്‍ എല്ലാ വാര്‍ത്താസംഘങ്ങള്‍ക്കും ലിഖിതമായ എഡിറ്റോറിയല്‍ പോളസി ഉണ്ടാക്കിയും റിപ്പോര്‍ട്ടര്‍മാര്‍ക്ക് എത്തിക്കലായ തൊഴില്‍ സംഹിത നിര്‍ബന്ധമാക്കിയും പരിഹരിക്കേണ്ട പ്രശ്നമാണിത്. ചാനലുകളിലെ പരിചയം വന്ന റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇതില്‍ മുന്‍കൈ എടുക്കാന്‍ സാധിക്കും. ഇപ്പോഴത്തെ ഈ വിശ്വാസ പ്രതിസന്ധിയെ മലയാള മാധ്യമ മേഖലയ്ക്ക്, അതിലെ ജേണലിസ്റ്റുകളുടെ തൊഴില്‍പരമായ കരുത്തിന്റെ പിന്‍ബലത്തില്‍, മറികടക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.
മുഖ്യധാരാ മാധ്യമങ്ങളുടെ എളുപ്പത്തില്‍ വിധേയപ്പെടുന്ന മാനേജ്മെന്റുകളിലോ അവരോട് ചങ്ങാത്തത്തിലായ രാഷ്ട്രീയ പാര്‍ട്ടികളിലോ അല്ല എന്റെ വിശ്വാസം. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ അനുഭവമുള്ള മലയാള മാധ്യമപ്രവര്‍ത്തനത്തിലാണ്, അത് സൂക്ഷ്മതയോടെ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരിലാണ്.
ചീഫ് എഡിറ്റർ, ന്യൂസ്റപ്റ്റ് മലയാളം.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
കുഞ്ഞിരാമൻ എ.പി.
21 Jun 2022, 06:52 PM
പറഞ്ഞതൊക്കെയും വസ്തുതാപരമാണ്.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 03, 2023
6 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
ജെയ്ക് സി. തോമസ്
Dec 07, 2022
6 Minutes Read
കെ. കണ്ണന്‍
Dec 01, 2022
8 minutes read
നിരഞ്ജൻ ടി.ജി.
Nov 26, 2022
5 Minutes Read
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
21 Jun 2022, 09:42 PM
കാര്യമാത്ര പ്രസക്തമായ നിരീക്ഷണമാണ് എം.പി.ബഷീറിൻ്റേത്.