വിദ്യാലയ പരിസരങ്ങളിലെ
സദാചാര പോലീസ് സ്‌റ്റേഷനുകൾ
വിദ്യാലയ പരിസരങ്ങളിലെ സദാചാര പോലീസ് സ്‌റ്റേഷനുകൾ
26 Jul 2022, 10:47 AM
പൊതു ഇടങ്ങളിലുള്ള ഒളിഞ്ഞു നോട്ടക്കാര്‍ ഇപ്പോള്‍ സ്‌കൂള്‍ കോമ്പൗണ്ടുകളിലും സ്‌കൂളിനു പുറത്തെ ബസ്സ്‌റ്റോപ്പുകളിലും നിലയുറപ്പിച്ച് സദാചാര സംരക്ഷണത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് പാലക്കാട് ജില്ലയിലെ കരിമ്പ ഗവണ്‍മെൻറ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നത്. അതാകട്ടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മിക്‌സ്ഡ് സ്‌കൂളുകളാക്കി മാറ്റാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവു വന്ന അടുത്ത ദിവസമാണെന്ന ആകസ്മികതയും ഉണ്ട്.
സ്‌കൂളുകളില്‍ സാധാരണ സംഭവിക്കുന്ന അച്ചടക്ക പ്രശ്‌നങ്ങളെ സദാചാരവുമായി ബന്ധപ്പെടുത്തി ആണ്‍ പെണ്‍ സൗഹൃദങ്ങളെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാനാണ് ഈ സദാചാര സംരക്ഷകര്‍ ശ്രമിക്കുന്നത്. ഇതിന് ഉപോല്‍ബലകമായി ധാരാളം തെളിവുകള്‍ അവര്‍ നിരത്തും. ബസ് സ്റ്റോപ്പുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതിന്റെ ലൈവ് വീഡിയോ പകര്‍ത്തും. കൂടുതല്‍ സമയം ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരെ പ്രത്യേകം നോട്ടമിടും. അവരാണ് സദാചാര കമ്മറ്റിയുടെ അന്തിമ തീര്‍പ്പിന് വിധേയരാകേണ്ടവര്‍. ഉത്തരേന്ത്യയിലെ കാപ്പു പഞ്ചായത്തുകളുടെ മാതൃകയില്‍ നമ്മുടെ നാട്ടിലെ സ്‌കൂളുകളുെട ബസ് സ്‌റ്റോപ്പുകളില്‍ ഇത്തരം സദാചാരക്കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അക്രമാസക്തരായ ഈ കൂട്ടരാണ് ജൂലായ് 22ന് വൈകിട്ട് കരിമ്പ പനയമ്പാടം ബസ് സ്റ്റോപ്പില്‍ കുട്ടികള്‍ക്ക് സമീപം ഭീഷണിയുമായി പാഞ്ഞെത്തിയത്. കുട്ടികളോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന അധ്യാപകന്റെ സാന്നിധ്യത്തില്‍ ഈ അക്രമിക്കൂട്ടം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമള്ള വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയു ചെയ്തു. അവര്‍ ചെയ്ത കുറ്റം ബസ് സ്റ്റോപ്പില്‍ അടുത്തടുത്തിരുന്നു സംസാരിച്ചു എന്നതാണ്. അധ്യാപകന്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമത്തില്‍ നിന്ന് അവര്‍ പിന്മാറിയില്ല. ആള്‍ക്കൂട്ടത്തിന്റെ വിചാരണക്കും മര്‍ദ്ദനത്തിനും പാത്രമാകുന്ന ഈ വിദ്യാര്‍ത്ഥികള്‍ ഇവിടെ ഇരകളായി മാറുകയാണ്. ആണധികാരത്തിന്റെയും കൃത്രിമ രക്ഷാകര്‍തൃത്വത്തിന്റെയും ബലിയാടുകളായിത്തീരാന്‍ വിധിക്കപ്പെട്ടവരായി നമ്മുടെ കുട്ടികള്‍ മാറുന്നു. ഇത് കേവലം കേരളത്തിലെ കരിമ്പ സ്‌കൂളില്‍ മാത്രം സംഭവിക്കുന്ന ഒറ്റപ്പെട്ട കാര്യമല്ല. മിക്ക ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെയും മുന്നിലുള്ള ബസ് സ്റ്റോപ്പുകളിലും നിരീക്ഷിച്ചാല്‍ ഇത്തരം സദാചാരമാമന്‍മാരുടെ വിളയാട്ടം കാണാന്‍ കഴിയും. സ്കൂളിലെ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയോട് പൊതു ഇടത്തില്‍ സംസാരിച്ചു നിന്നാല്‍ അത് അല്‍പ്പസമയം നീണ്ടുപോയാല്‍ ഇവരുടെ ആണ്‍ അഹന്തകളൊക്കെ പുറത്തു ചാടും. കരിമ്പയിലെ സംഭവത്തിനുശേഷം സ്‌കൂളിന്റെ പി.ടി.എ. എക്‌സിക്യുട്ടീവ് അംഗം കുട്ടികള്‍ക്കുനേരെ നടത്തിയ അധിക്ഷേപവും കാണാതിരിക്കാനാവില്ല.
സദാചാര ആക്രമണം നേരിട്ട വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തിയ കരിമ്പ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡൻറ് എ.എസ്. ജാഫർ അലി പിന്നീട് രാജിവക്കുകയും ചെയ്തു. ഇയാൾക്കെതിരെ പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്ന സാഹചര്യത്തിലായിരുന്നു രാജി.
കുട്ടികള്‍ അനാശാസ്യപ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെടുന്നതെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഇതു പറയാന്‍ അദ്ദേഹത്തിന് ധൈര്യം സിദ്ധിച്ചത് നമ്മുടെ സമൂഹത്തില്‍ അതിശയകരമാം വിധം വേരുറച്ചുപോയ വികലചിന്തയില്‍ നിന്നാണ്. ഈ പ്രസ്താവന അദ്ദേഹം ചാനലുകള്‍ക്കു മുന്നില്‍ നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിക്കേണ്ടതായിരുന്നു. കുട്ടികളെ മര്‍ദ്ദിക്കാനുള്ള പശ്ചാത്തലമെന്തായിരുന്നുവെന്ന് ന്യായീകരണം ചമക്കുകയായിരുന്നു ഉടനീളം.സംഭവത്തില്‍ നേരിട്ടുള്‍പ്പെട്ടിട്ടില്ലെങ്കിലും ഇദ്ദേഹത്തെപ്പോലുള്ളവരുടെ അറുവഷളൻ ബോധ്യങ്ങളാണ് കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ഒരു പക്ഷേ ഇന്ധനമായിത്തീര്‍ന്നിട്ടുണ്ടാവുകയെന്ന് ഊഹിക്കണം.

നമ്മള്‍ ലിംഗസമത്വത്തെക്കുറിച്ചും തുല്യതാബോധത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ സദാചാരവാദികള്‍ ഇതിനെയൊക്കെ പുച്ഛത്തോടെയാണ് കാണുന്നത്. ആണും പെണ്ണും ബയോളജിക്കലി രണ്ടാണെന്നാണ് ഇവരുടെ വാദം. അതുകൊണ്ട് ലിംഗസമത്വമെന്നത് മിഥ്യാധാരണയില്‍ നിന്നുടലെടുക്കുന്ന ആശയമാണെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. ഒരു മനുഷ്യന്റെ ജൈവികഘടനയാണോ അയാളുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതെന്നാണ് അവരോടുള്ള മറുചോദ്യം. സ്‌കൂളുകള്‍ മിക്‌സ്ഡ് ആക്കണമെന്ന ആശയം മുന്നോട്ടുവെച്ച കേരള ബാലാവകാശ കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗസമത്വം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഉത്തരവ് ഇറക്കുകയുണ്ടായി. "ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ മിക്ക റിപ്പോര്‍ട്ടുകളിലും സ്‌കൂള്‍ വിദ്യാഭ്യാസം സഹ വിദ്യാഭ്യാസം (Co education ) വഴി സാധ്യമായിത്തീര്‍ക്കണം എന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. കോ-എഡ്യുക്കേഷന്‍ വഴി വളരുന്ന തലമുറയുടെ ശാരീരിക-മാനസിക-സാമൂഹികവളര്‍ച്ചയെ ശരിയായ രീതിയില്‍ ക്രമീകരിക്കാന്‍ കഴിയുന്നു.
അതോടൊപ്പം തന്നെ ലിംഗസമത്വം അതിന്റെ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നതിനും പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപവല്‍ക്കരിക്കുന്നതിനും ഇത് സഹായകരമാകുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് അത്തരം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ലിംഗനീതി നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നു. കുട്ടികളുടെ മാനസിക-വൈകാരിക സാമൂഹിക ആരോഗ്യം വളര്‍ത്തിയെടുക്കാന്‍ സഹവിദ്യാഭ്യാസം വഴി കഴിയുമെന്നാണ് ഉത്തരവിന് ആധാരമായ ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രധാന കാര്യം. പൊതുതാല്‍പ്പര്യത്തിന്റെ പരിധിയിലുള്ള ഇത്തരം നിരീക്ഷണങ്ങളൊക്കെ മുന്‍പെന്നതിനേക്കാളുമേറെ ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തിലാണ് ആണ്‍ പെണ്‍ വേര്‍തിരിവിന്റെ വാദങ്ങളുയര്‍ത്തി സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് പ്രതിലോമപരമായ ആശയമാണെന്ന് അവരെ മനസ്സിലാക്കാന്‍ കഴിയുകയില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. അക്രമവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നടത്തിയ വിശദീകരണ വീഡിയോയുടെ കീഴിലും സദാചാരവാദികള്‍ കുരച്ചുചാടുന്നതുകണ്ടു. കുട്ടികള്‍ക്കിത് കിട്ടേണ്ടതാണെന്ന വാദഗതി ഉയര്‍ത്തിയാണ് പിന്‍മാറാന്‍ ഉദ്ദേശമില്ലെന്ന് ഏതാനും അനുചരന്മാര്‍ പ്രഖ്യാപിക്കുന്നത്. നമ്മുടെ നാട്ടിലെ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഏതാനും ചില യുവജനസംഘടനാ പ്രവര്‍ത്തകരാണ് ഇത്തരം സദാചാരപോലീസുകാരുടെ കൈകാര്യകര്‍ത്താക്കളായി സമൂഹമാധ്യമങ്ങളില്‍ വിരാജിക്കുന്നതെന്ന അശ്ലീലവും ഉണ്ട്.

വിവിധ ഗവേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പല പ്രസക്തമായ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. സമഭാവനയെക്കുറിച്ചും തുല്യതയെക്കുറിച്ചും ഏറെ വാചാലമാകുന്ന നമ്മുടെ സമൂഹത്തിന് ലിംഗാവബോധത്തിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധമില്ല എന്നത് സമകാലീന സംഭവവികാസങ്ങള്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും സൈബറിടങ്ങളിലെ അധിക്ഷേപങ്ങളുമെല്ലാം രോഗാതുരമായ ഒരു മാനസികാവസ്ഥയുടെ ഉല്‍പ്പന്നങ്ങളാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ശരിയായ കാഴ്ചപ്പാട് സ്‌കൂള്‍തലത്തില്‍തന്നെ കുട്ടികള്‍ക്കുണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയും അനിവാര്യതയുമാണ്. പരസ്പര ബഹുമാനം, തുല്യത, സഖാത്വം തുടങ്ങിയവയിലധിഷ്ടിതമായ ഒരു സമൂഹസൃഷ്ടിക്കുതകുന്നതാകണം നമ്മുടെ വിദ്യാലയാന്തരീക്ഷം. ഇന്ന് സമൂഹത്തില്‍ അപകരകരമാം വിധം നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതക്കും സദാചാര പോലീസിംഗിനും സ്ത്രീകളുടെ സ്വാതന്ത്ര്യ സീമകളെക്കുറിച്ചുള്ള വികലമായ ബോധ്യങ്ങള്‍ക്കും ഇടനല്‍കുന്ന മനോഭാവങ്ങളെ തുടച്ചുകളയേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഇതിന് തടസ്സം നില്‍ക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ നിലവില്‍ നമ്മുടെ പഠനപരിസരത്തുണ്ട്. അത് സ്‌കൂള്‍ കാമ്പസാകാം, ക്ലാസ്സ് മുറികളാവാം, അധ്യാപകരുടെ മനോഭാവമാകാം, പാഠപുസ്തകങ്ങളോ പഠനബോധനരീതികളോ പഠനപ്രക്രിയയോ ആവാം, പഠന പരിസരത്തെ കളിയിടങ്ങളടക്കമുള്ള പൊതുഇടങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചുകൊണ്ടാവാം, കുടുംബത്തിലും സമൂഹത്തിലുമുള്ള പുരുഷാധിപത്യമനോഭാവം കൂടുതല്‍ ശക്തമായി സ്‌കൂളെന്ന സാമൂഹിക സ്ഥാപനത്തിലേക്ക് സന്നിവേശിക്കുന്നതുകൊണ്ടാവാം. ആയതിനാല്‍ ഈ കാര്യത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തണമെന്നും പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.
വിവിധ പഠന റിപ്പോർട്ടുകളെ കമ്മീഷൻ ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിനു പുറമെ പരിഷത്ത് പ്രസിദ്ധീകരിച്ച "വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം' എന്ന പുസ്തകവും പരിശോധിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം സെക്കണ്ടറി തലത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശാസ്ത്രീയമായ കൗമാര വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതാണ്. പെരുമാറ്റച്ചട്ടങ്ങളിലും ക്ലാസ് റൂം പ്രവർത്തനങ്ങളിലും കാമ്പസ് സംസ്കാരത്തിലും പ്രത്യക്ഷപ്പെടുന്ന ലിംഗപരമായ വിവേചനം ഔപചാരികമായ ലൈംഗിക വിദ്യാഭ്യാസത്തെ അപ്രസക്തമാക്കുന്നു. ലൈംഗികതയെ സംബന്ധിച്ച മിത്തുകളും സാംസ്കാരികമായ വിലക്കുകളുമാണ് കുട്ടികളെ സ്വാധീനിക്കുന്നത്. അവയെ മറികടക്കാൻ കുട്ടികൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പുരുഷമേധാവിത്ത സംസ്കാരത്തിലേക്കും ലൈംഗികമായ രഹസ്യ ജീവിതത്തിലേക്കുമാണ് നയിക്കുന്നത്. ഇത് തുല്യതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ സ്ത്രീ പുരുഷ ബന്ധങ്ങളിലേക്കു നയിക്കുന്നതിനു പകരം ലിംഗഭേദത്തെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. സാമൂഹ്യമായ പുരുഷാധിപത്യ പ്രവണത പുതിയ തലമുറ ഉൾക്കൊള്ളുകയും ചെയ്യുന്നു എന്ന ഭാഗമാണ്.
ആള്‍ക്കൂട്ടത്തിന്റെ ആക്രമത്തിന് ഏറ്റവും കൂടുതല്‍ ഇരയാവുന്നത് കുട്ടികളും സ്ത്രീകളുമാണ്. ചരിത്രത്തിലെവിടെ പരിശോധിച്ചാലും ഈ കണക്ക് ലഭ്യമാണ്. പാര്‍ശ്വവത്കൃതരെ അല്ലെങ്കില്‍ തിരസ്‌കൃതരെ ഇങ്ങനെ ആണധികാര അഹന്തയുടെയും സദാചാരത്തിന്റെയും നാട്ടുകോടതികളുടെ തീര്‍പ്പുകള്‍ക്ക് വിട്ടുകൊടുക്കേണ്ടതുണ്ടോ. ആധുനിക സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്തവിധം ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ അരങ്ങുവാഴുകയാണ്. അതിനുള്ള കാരണങ്ങള്‍ എന്തൊക്കെ നിരത്തിയാലും തീരുന്നതല്ല ഇത്തരം സദാചാര ആക്രമണങ്ങളുടെ വ്യാപ്തി. എന്തു പ്രകോപനമാണ് കരിമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഈ സദാചാര മാമന്‍മാര്‍ക്ക് ഉണ്ടായത്. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നതാണോ അതോ മറ്റെന്തെങ്കിലുമാണോ? മാമന്‍മാര്‍ക്ക് കണ്ടു നിന്ന് സഹിക്കാന്‍ കഴിയാതെയാണത്രെ പ്രതികരിച്ചതെന്ന് അവർ പറയുന്നു. പ്രതികരണമെന്നു പറഞ്ഞാല്‍ വാക്കുകള്‍ കൊണ്ടുള്ള അശ്ശീല വിക്ഷോഭങ്ങളും കൈക്രിയയുമാണ്. ഒരു പൊതു ഇടത്തില്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ കുട്ടികളെ തല്ലാന്‍ ആരാണ് ഇവര്‍ക്ക് ലൈസന്‍സ് കൊടുത്തത് ?
80 കളിലെയും 90 കളിലെയും ആണ്‍-പെണ്‍ ഡൈനാമിക്‌സ് വെച്ച് ഇന്നത്തെ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനി ബന്ധത്തെ വിലയിരുത്തരുതെന്നാണ് ഈ മാമന്മാരോട് പറയാനുള്ളത്. സസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഇതിനു മപ്പുറം ആള്‍ക്കൂട്ടം വിധി നിശ്ചയിക്കേണ്ട വിഷയമല്ല ഇത്. കുട്ടികളെ മര്‍ദ്ദിച്ചവരെല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും.
മാധ്യമ പ്രവർത്തകൻ, ഹയർ സെക്കന്ററി ജേർണലിസം അധ്യാപകൻ
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read