സ്‌കൂളുകളില്‍ എന്തിനാണ്
മാതൃസമിതികള്‍?
സ്‌കൂളുകളില്‍ എന്തിനാണ് മാതൃസമിതികള്‍?
21 May 2022, 03:06 PM
എല്ലാ സ്‌കൂളുകളിലും മാതൃസമിതികളുണ്ട്. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അമ്മമാരാണ് അതിലെ അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ സ്‌കൂള്‍ മാന്വലിന്റെ ഡ്രാഫ്റ്റില്‍ മാതൃസമിതിയുടെ ചുമതലകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിവാദമായിരുന്നു. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനു പുറമെ പഠനയാത്രകള്‍, ഉച്ചഭക്ഷണം തയ്യാറാക്കല്‍ എന്നിവയില്‍ സഹായിക്കുകയാണ് മാതൃസമിതിയുടെ ചുമതലയെന്നാണ് മാന്വലില്‍ പറയുന്നത്. ലിംഗനീതി ഉറപ്പുവരുത്തുമെന്ന് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മാന്വലില്‍ മാതൃസമതിയുടെ ചുമതല ഭക്ഷണമുണ്ടാക്കലാണെന്ന് പറയുന്നത്.
ലിംഗനീതി ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് നിരന്തരം പറയുകയും അത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് സ്ത്രീകളെ അടുക്കളയിലൊതുക്കുന്ന പുതിയ സ്‌കൂള്‍ മാന്വലും തയ്യാറാക്കിയതെന്നതിലെ വൈരുദ്ധ്യമാണ് വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ജെന്‍ഡര്‍ ഏതായാലും ഏത് ജോലിയും എല്ലാവര്‍ക്കും ചെയ്യാമെന്ന കാഴ്ചപ്പാടാണ് ഇന്ന് പുരോഗമന സമൂഹത്തിനുള്ളത്. അതിനെ പിന്തുണയ്ക്കുന്ന നയങ്ങളാണ് സര്‍ക്കാരില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നതും. എന്നാല്‍ ഇക്കാലമത്രയും ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളായിരുന്നതൊക്കെയും റദ്ദ് ചെയ്യുന്ന തരത്തിലാണ് വിദ്യാര്‍ഥികളുടെ അമ്മമാര്‍ സ്‌കൂളിലെ അടുക്കളയിലും പണിയെടുക്കണമെന്ന് പറയുന്നത്.
എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും കേരളത്തിലെ ഭൂരിഭാഗം വീടുകളിലെയും അടുക്കള സ്ത്രീകളുടേത് മാത്രമാണ്, "സഹായിക്കുന്ന' പുരുഷന്‍മാര്‍ ഇല്ലെന്നല്ല. പക്ഷെ പുതിയ തലമുറയിലെ വലിയ വിഭാഗം ആണും പെണ്ണും ഒരുപോലെ പുറത്തുപോയി ജോലിചെയ്യുകയും അടുക്കളയില്‍ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നവരാണ്, കുറഞ്ഞപക്ഷം നഗരങ്ങളിലെങ്കിലും. ജോലി ചെയ്യാന്‍ പോകുന്ന സ്ത്രീകള്‍ക്ക് അടുക്കളയില്‍ കൂടി ജോലി ചെയ്യേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വളരെയധികം ചര്‍ച്ചയാകുന്ന കാലമാണിത്. അതിന്റെ ഭാഗമായി കമ്യൂണിറ്റി കിച്ചണ്‍ പോലെയുള്ള മാതൃകാപരമായ പദ്ധതികള്‍ കേരളത്തില്‍ പലയിടത്തും വന്നുകഴിഞ്ഞു. കമ്യൂണിറ്റി കിച്ചണിനും ഹോട്ടലുകളിലും പാചകം ചെയ്യുന്നതുപോലെയല്ല, മാതൃസമിതിയിലെ അംഗങ്ങള്‍ സ്‌കൂള്‍ അടുക്കളയില്‍ കയറുന്നത്. കമ്യൂണിറ്റി കിച്ചണിലും ഹോട്ടലിലും ജോലിയായി ചെയ്യുന്നതാണെങ്കില്‍ സ്‌കൂളിലത് അവരുടെ ചുമതലയായിരിക്കുമെന്നാണ് മാന്വലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മാന്വലില്‍ എഴുതിവച്ചുകൊണ്ടല്ലെങ്കിലും ഇതൊക്കെ തന്നെയാണ് പല സ്‌കൂളുകളിലും നടക്കുന്നത്. അമ്മമാരോട് മാത്രമല്ല, പെണ്‍കുട്ടികളോടും ഇതേ സമീപനം തന്നെയാണ് സ്‌കൂളുകളില്‍. ക്ലാസ്‌റൂം വൃത്തിയാക്കുന്നതുപോലെയുള്ള ജോലികള്‍ പല സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ മാത്രം ചെയ്യുന്നതായി കാണാറുണ്ട്.
ഭാരിച്ച കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനുമൊക്കെ പി.ടി.എ. (അധ്യാപക രക്ഷകര്‍തൃ സമിതി) ഉണ്ടാകുമ്പോള്‍, ചോറുണ്ടാക്കുക, ശുചീകരണം നടത്തുക, കുട്ടികളെ വീട്ടില്‍ പഠിക്കാന്‍ സഹായിക്കുക തുടങ്ങിയ ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നു. പി.ടി.എ. എന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമിതിയാണ്. ഇതില്‍ അച്ഛന്‍മാര്‍ എന്ന് എവിടെയും പറയുന്നില്ല. അച്ഛനും അമ്മയും തുല്യമായി രക്ഷിതാക്കളായി പരിഗണിക്കുന്നവരാണെന്നിരിക്കെ ഈ സമിതിയില്‍ അച്ഛനോ അമ്മയ്‌ക്കോ അംഗമാകാം. പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റില്‍ ആകെ അംഗങ്ങളില്‍ 50 ശതമാനം സ്ത്രീകളായിരിക്കണമെന്ന് മാന്വലില്‍ തന്നെ നിര്‍ദേശമുണ്ട്. അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് ഭക്ഷണം ഉണ്ടാക്കാനും വൃത്തിയാക്കാനും മാത്രമായി മാതൃസമിതികള്‍ ഉണ്ടാക്കുന്നു. സ്‌കൂളിന്റെ എല്ലാ കാര്യങ്ങളിലും മേല്‍നോട്ടം വഹിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ ഒരു പി.ടി.എ. തന്നെ മതിയാകില്ലേ. പ്രത്യേക കാര്യങ്ങള്‍ക്ക് സ്ത്രീ-പുരുഷ പ്രാതിനിധ്യമുള്ള ഉപസമിതികള്‍ ഉണ്ടാക്കാം.
രക്ഷാകര്‍തൃസമിതികളില്‍ പലപ്പോഴും പുരുഷന്‍മാര്‍ക്കാണ് ആധിപത്യമുണ്ടാവുക എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീകളെ പേരിന് മാത്രം ഉള്‍പ്പെടുത്തുകയും പദവികള്‍ നല്‍കാതിരിക്കുകയും ചെയ്യും. സ്ത്രീകളുടെ പ്രവര്‍ത്തനമൊക്കെ മാതൃസമിതിയില്‍ മതിയെന്ന രീതിയാണ്. അടുത്തിടെ സിനിമാ താരങ്ങളുടെ സംഘടനയുടെ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്ന് അംഗങ്ങള്‍ രാജിവെച്ചപ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ സംഘടനയില്‍ പോയി പരാതി പറഞ്ഞാല്‍ പോരെ എന്നായിരുന്നു സംഘടനയുടെ വൈസ് പ്രസിഡന്റിന്റെ ചോദ്യം. പൊതുവായ ഇടങ്ങളൊന്നും സ്ത്രീകളുടേതല്ലെന്ന മനോഭാവമാണ് ഇത്തരം പരാമര്‍ശങ്ങക്ക് കാരണം. അതേ മനോഭാവത്തില്‍ നിന്നുതന്നെയാണ് മാതൃസമിതികള്‍ ഉണ്ടാകുന്നതും. പി.ടി.എ.യില്‍ സ്ത്രീകളും അംഗങ്ങളാവുകയും അവര്‍ക്ക് ഭാരവാഹിത്വം നല്‍കുകയും ചെയ്താല്‍ പ്രശ്‌നമാണെന്ന തോന്നല്‍ നിലനില്‍ക്കുന്നതിനാലാണ് സ്ത്രീകളെ മറ്റൊരു സംഘടനയിലേക്ക് ഒതുക്കുന്നത്. കൂടാതെ ചില പണികളൊന്നും ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും സ്ത്രീകള്‍ തന്നെ ചെയ്താലേ ശരിയാകൂ എന്നുമാണ് ഇത്തരം ചിന്താഗതിക്കാരുടെ ധാരണ.

സമൂഹത്തില്‍ പഴഞ്ചന്‍ ധാരണകളും ശീലങ്ങളുമൊക്കെ ഉണ്ടാകും. അതൊക്കെ മാറാന്‍ സമയമെടുക്കും. മാറ്റത്തിനുള്ള ശ്രമങ്ങളും പോരാട്ടങ്ങളും പല ഭാഗത്തുനിന്നും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ക്ക് കരുത്തുപകരുക എന്നതാണ് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം സ്ത്രീകള്‍ സ്‌കൂളിലെ പാചകത്തില്‍ സഹായിക്കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ അച്ചടിച്ചിറക്കുന്നത് ഒട്ടും പുരോഗമനപരമല്ല. മദര്‍ പി.ടി.എ. എന്ന പരിപാടി തന്നെ ഒഴിവാക്കി, പൊതു പി.ടി.എ.യില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം നല്‍കണം എന്നായിരുന്നു മാന്വലില്‍ എഴുതിയിരുന്നതെങ്കില്‍ അത് പുരോഗമനപരമാണെന്ന് പറയാമായിരുന്നു.
അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മാതൃസമിതി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ജനറല്‍ മാതൃസമിതി ചേരണം. മാസത്തിലൊരിക്കല്‍ തെരഞ്ഞെടുത്ത മാതൃസമിതിയുടെ യോഗം ചേരണം. മാതൃസമിതിയുടെ പ്രസിഡന്റ് പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗമായിരിക്കണം. കുട്ടികളുടെ അക്കാദമിക കാര്യങ്ങള്‍ മാതൃസമിതിയില്‍ ചര്‍ച്ച ചെയ്ത് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും മാന്വലില്‍ പറയുന്നു. കുട്ടികളുടെ വളര്‍ച്ചയില്‍ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്വവും ചുമതലയുമാണെന്നിരിക്കെ പഠനം നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാതൃസമിതിയില്‍ മാത്രം മതിയെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. സ്ത്രീകള്‍ കൂടുതല്‍ തൊഴിലെടുക്കാന്‍ പോകാതിരുന്ന പഴയ കാലത്ത് അമ്മമാരാണ് വീട്ടില്‍ കുട്ടികളുടെ പഠനകാര്യങ്ങള്‍ നോക്കിയിരുന്നത്. ജോലി ചെയ്ത് വരുന്ന അച്ഛന്‍മാര്‍ക്ക് അതിനൊന്നും സമയവും താത്പര്യവുമുണ്ടാകില്ല. അതുകൊണ്ടാണല്ലോ കുട്ടികളുടെ സ്വഭാവദൂഷ്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ മാത്രം പഴി കേള്‍ക്കുന്നത്. ഇതെല്ലാം ഇങ്ങനെ തന്നെ തുടരണം, കുട്ടികളുടെ ഉത്തരവാദിത്വം സ്ത്രീകള്‍ക്ക് മാത്രമാണ് എന്നതു തന്നെയായിരിക്കും ഈ മാന്വല്‍ തയ്യാറാക്കിയവരുടെ ചിന്തയും.
പൊതു പി.ടി.എ.യ്ക്ക് പുറമെ എല്ലാ സ്‌കൂളിലും ക്ലാസ് പി.ടി.എ.കള്‍ വേണമെന്ന നിര്‍ദേശമുണ്ട്. ക്ലാസില്‍ നടക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും ആസൂത്രണവുമൊക്കെ നടക്കുന്നത് ക്ലാസ് പി.ടി.എ.യിലാണ്. ഒരു ക്ലാസിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറുമാണ് ക്ലാസ് പി.ടി.എ.യിലെ സ്ഥിരാംഗങ്ങള്‍. പ്രഥമാധ്യാപകന്‍, ക്ലാസില്‍ പഠിപ്പിക്കുന്ന മറ്റ് അധ്യാപകര്‍ എന്നിവര്‍ സമിതിയില്‍ ക്ഷണിതാക്കളാണ്. രക്ഷിതാവ് ചെയര്‍മാനും ക്ലാസ് ടീച്ചര്‍ കണ്‍വീനറും നാല് രക്ഷിതാക്കള്‍ അംഗങ്ങളുമാണ് ക്ലാസ് പി.ടി.എ. എക്‌സിക്യൂട്ടീവിലുണ്ടാവുക. നാല് രക്ഷിതാക്കളില്‍ രണ്ടുപേര്‍ സ്ത്രീകളായിരിക്കണം.
ഓരോ കുട്ടിയുടെയും പഠന പുരോഗതി, വീട്ടിലെ പഠനരീതി, മറ്റു പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ക്ലാസ് പി.ടി.എ.യില്‍ ചര്‍ച്ച ചെയ്യണം.
ഓരോ മാസവും ക്ലാസ് പി.ടി.എ. യോഗം ചേരണം. അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണം. ക്ലാസ് ലൈബ്രറി, പഠനയാത്രകള്‍, ബോധവത്കരണ ക്ലാസുകള്‍, കുടുംബസംഗമം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ക്ലാസ് പി.ടി.എ.യുടെ ചുമതലയാണ്. ഇത്രയൊക്കെ ചെയ്യാന്‍ ക്ലാസ് പി.ടി.എ.യുണ്ട്. സ്‌കൂളിന്റെയാകെ കാര്യങ്ങള്‍ക്ക് പി.ടി.എ.യുമുണ്ട്. അപ്പോള്‍ പിന്നെ എന്തിനാണ് മാതൃസമിതി എന്ന പേരില്‍ സ്ത്രീകള്‍ക്ക് മാത്രമായൊരു സമിതി.
പി.ടി.എ.യ്ക്കും ക്ലാസ് പി.ടി.എ.യ്ക്കും ഇല്ലാത്ത, മാതൃസമിതിക്ക് മാത്രമുള്ള ചുമതലകള്‍ മുമ്പേ പറഞ്ഞ ഉച്ചഭക്ഷണ പരിപാടിയാണ്. പിന്നെയുള്ളത് പെണ്‍കുട്ടികളുടെ ശാക്തീകരണം പോലെയുള്ള വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നതാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ബോധവത്കരണ ക്ലാസുകള്‍ യഥാര്‍ഥത്തില്‍ നമ്മുടെ സ്‌കൂളുകളില്‍ ഇനിയും നടക്കണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്. പെണ്‍കുട്ടികളെ വിളിച്ചിരുത്തി, നിങ്ങള്‍ സൂക്ഷിച്ച് ജീവിക്കണം എന്നൊക്കെ തന്നെയാണ് ബോധവത്കരണത്തിനെത്തുന്ന പലരും പറഞ്ഞുകൊടുക്കുന്നത്. ഇനി തുല്യതയെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ശക്തിയെക്കുറിച്ചുമൊക്കെ പഠിപ്പിച്ചെന്ന് തന്നെയിരിക്കട്ടെ, ഇതൊക്കെ പെണ്‍കുട്ടികള്‍ മാത്രം കേട്ടാല്‍ മതിയോ. ലിംഗനീതിയെക്കുറിച്ചും തുല്യ അവകാശങ്ങളെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചുമൊക്കെ കുട്ടികളെ വേര്‍തിരിവില്ലാതെ ഒരുമിച്ചിരുത്തിയാണ് ബോധവത്കരിക്കേണ്ടത്. അത് അമ്മമാരുടെ മാത്രം ജോലിയുമല്ല. അച്ഛനും അമ്മയ്ക്കും അധ്യാപകനും അധ്യാപികയ്ക്കുമൊക്കെ ഒരുപോലെ ഉത്തരവാദിത്വമുണ്ട്.
പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാന്വലിന്റെ കരടാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സ്‌കൂളിന്റെ ദൈംദിന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രഥമാധ്യാപകനുള്ള കൈപ്പുസ്തകമാണ് മാന്വല്‍. എല്ലാ സ്‌കൂളുകളുടെയും ഭരണനിര്‍വഹണം ഒരുപോലെയാകുന്നതിന് മാന്വല്‍ സഹായകമാകും. സ്‌പെഷ്യല്‍ സ്‌കൂളുകളും അധ്യാപക പരിശീലന കേന്ദ്രങ്ങളും മാന്വലിന് കീഴില്‍ വരുന്നു. സ്‌കൂളുകളുടെയൊക്കെ പാറ്റേണ്‍ എങ്ങനെയായിരിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നും വ്യക്തമായി മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളും, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളും ഈ മാന്വല്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.
വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് കയറ്റം, ഹാജര്‍ എന്നിവയെക്കുറിച്ചൊക്കെ നിര്‍ദേശമുണ്ട്. ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ യാതൊരുവിധ ഫീസും ഈടാക്കാന്‍ പാടില്ലെന്നാണ് മാന്വല്‍ പറയുന്നത്. 9, 10 ക്ലാസുകളില്‍ അഡ്മിഷന്‍ ഫീസും സ്‌പെഷ്യല്‍ ഫീസും ഈടാക്കാം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള ഫീസ് നിരക്ക് അതതു വര്‍ഷത്തെ പ്രോസ്‌പെക്റ്റസില്‍ വ്യക്തമാക്കണം.
ക്ലാസില്‍ എത്ര കുട്ടികളാകാമെന്നതും മാന്വലില്‍ പറയുന്നുണ്ട്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ 30 കുട്ടികളും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ 35 കുട്ടികളുമായിരിക്കണം. 9, 10 ക്ലാസുകളില്‍ ആദ്യ ഡിവിഷനില്‍ പരമാവധി 50 കുട്ടികളാകാം. അധികം വരുന്ന 45 കുട്ടികള്‍ക്ക് ഓരോ ഡിവിഷന്‍ വീതം എന്ന രീതിയില്‍ പ്രവേശനം നല്‍കാവുന്നതാണ്. വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ 9, 10 ക്ലാസുകളില്‍ 50-ലധികം കുട്ടികള്‍ക്ക് ഒരു ഡിവിഷനില്‍ പ്രവേശനം അനുവദനീയമാണ്.
വിദ്യാര്‍ഥികളുടെ ഹാജര്‍ സംബന്ധിച്ച് മാന്വലില്‍ പറയുന്നുണ്ട്. 15 % നും 25% നും ഇടയിലുള്ള ഹാജര്‍ കുറവ് പ്രഥമാധ്യാപകന്റെ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തില്‍ സാധൂകരിക്കാവുന്നതാണ്. 25% നും 40 % നും ഇടയിലുള്ള ഹാജര്‍ കുറവ് വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയുടെ അടിസ്ഥാനത്തല്‍ സാധൂകരിക്കാം. 40% ല്‍ കൂടുതലുള്ള ഹാജര്‍ കുറവ് ഒരുതരത്തിലും സാധൂകരിക്കാവുന്നതല്ല. എന്നാല്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കുന്നതിലോ പരീക്ഷയ്ക്ക് ഇരുത്തുന്ന കാര്യത്തിലോ ഹാജര്‍കുറവ് തടസ്സമല്ല. അതായത് ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രമോഷന്‍ നല്‍കാന്‍ ഒന്നും തടസ്സമല്ല. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ മാത്രമെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കൂ. ഒമ്പതാം ക്ലാസിലെ പ്രമോഷന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം നല്‍കേണ്ടതുണ്ട്. അതിനായി സ്‌കൂള്‍തലത്തില്‍ പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കണം.
പരീക്ഷകളും വിലയിരുത്തലുകളും എങ്ങനെയായിരിക്കണമെന്നതും മാന്വലില്‍ പറയുന്നുണ്ട്. കലോത്സവങ്ങളും കായികമേളകളും ഉള്‍പ്പെടെയുള്ള പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനുള്ള നിര്‍ദേശങ്ങളുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്‍കേണ്ട പ്രാധാന്യവും ശ്രദ്ധയും ഏത് തരത്തിലാകണമെന്ന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും സ്‌കോളര്‍ഷിപ്പുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയെപ്പറ്റിയുമുള്ള വിവരണങ്ങളും മാന്വലിലുണ്ട്.
റിദാ നാസര്‍
Aug 09, 2022
3 Minutes Watch
മുജീബ് റഹ്മാന് കിനാലൂര്‍
Aug 09, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
Aug 03, 2022
10 Minutes Read
എന്‍.വി.ബാലകൃഷ്ണന്‍
Aug 02, 2022
15 minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch