truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
muslim-women

Human Rights

Photo : Sajid Mohammedd

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം :
ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല, 
മതത്തിനുള്ളിലെ സ്ത്രീയെ

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം: ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെ

സ്ത്രീകളുടെ പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന തരത്തില്‍ കാലോചിതമായി നിയമങ്ങള്‍ പരിഷ്‌കരിക്കണം. അതിനുള്ള ശക്തമായ സമ്മര്‍ദ്ദം മതേതര സമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടാവണം. മുസ്​ലിം സ്ത്രീകള്‍ അടക്കമുള്ളവര്‍ തങ്ങളുടെ മതനേതൃത്വങ്ങളെ ആധുനികരാക്കാന്‍ സംഘടിതമായ ഇടപെടലിലൂടെ ശ്രമിക്കണം. വിവേചനങ്ങളില്ലാതെ സൃഷ്ടികളെ തൂല്യരായി പരിഗണിക്കുന്ന ​സ്രഷ്ടാവാണ് തങ്ങളുടേതെന്നും സ്ത്രീകളുടെ പൗരാവകാശങ്ങളും നീതിയും നിഷേധിക്കുന്ന ഇസ്​ലാം അല്ല തങ്ങളുടെ ഇസ്​ലാം എന്നും മതനേതൃത്വങ്ങളോട് പറയാനുള്ള ആര്‍ജ്ജവം മുസ്​ലിം സ്ത്രീകള്‍ക്കുണ്ടാവണം.

12 Jan 2023, 02:46 PM

എം.സുല്‍ഫത്ത്

മുസ്​ലിം പിന്തുടര്‍ച്ചാവകാശ നിയമം സ്ത്രീകള്‍ക്ക് അനുകൂലമായി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യത്യസ്ത സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ കേസില്‍, കോടതി കേരള സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആകട്ടെ, മതനേതൃത്വങ്ങളിലെ യാഥാസ്ഥിതികരായ ആണ്‍പ്രതിനിധികളുടെ യോഗം വിളിച്ച്​ അവരുടെ തീരുമാനം സര്‍ക്കാരിന്റെ അഭിപ്രായമായി അറിയിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. ഭരണഘടനാനുസൃതമായി നിലകൊള്ളേണ്ട സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ തീരുമാനത്തെ ഏത് മതേതര ജനാധിപത്യ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് അംഗീകരിച്ചത്? സ്ത്രീകളുടെ പൗരാവകാശങ്ങള്‍ ഹനിക്കുന്നത് ഇറാനിലെയോ അഫ്ഗാനിസ്ഥാനിലെയോ ഭരണനേതൃത്വ മാവുമ്പോള്‍ രോഷാകുലരാകുന്ന ജനാധിപത്യ മലയാളി ഇന്ത്യയിലെ പൗരാവകാശനിഷേധങ്ങളില്‍ നിശ്ശബ്ദരാവുകയും പക്ഷം ചേരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

ALSO READ

‘നാദിറ ആത്മഹത്യ ചെയ്യേണ്ടത് പള്ളിക്കുളത്തില്‍ ചാടിയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്’, സാറാ അബൂബക്കർ എന്ന സമരകഥ

ഒരു മതേതര ജനാധിപത്യ ഭരണത്തില്‍ യാഥാസ്ഥിതിക മതസങ്കല്പവും പൗരാവകാശങ്ങളും നേര്‍ക്കുനേര്‍ നിന്നാല്‍ ഭരണകൂടം ഏതുപക്ഷത്താണ് നിലകൊള്ളേണ്ടത്? തീര്‍ച്ചയായും പൗരാവകാശങ്ങളുടെ പക്ഷത്തായിരിക്കണം. അതുകൊണ്ടാണല്ലോ വിധവാവിവാഹവും മുസ്​ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും പന്തിഭോജനവും ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശവും സാധ്യമായത്. മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം മതേതര ജനാധിപത്യ ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളില്‍ പെട്ടതാണ്. അതില്‍ തീരുമാനമെടുക്കുമ്പോള്‍ ഭരണകൂടം കാണേണ്ടത് മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെയായിരിക്കണം. മതവിശ്വാസി തന്റെ വിശ്വാസം നിലനിര്‍ത്താന്‍ നിര്‍ബന്ധമായും അനുഷ്ഠിച്ചിരിക്കേണ്ട കാര്യങ്ങളിലല്ലാതെ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ ഭരണകൂടവും മതേതര ജനാധിപത്യ സമൂഹവുമാണ് തീരുമാനമെടുക്കേണ്ടത്.

യു.ഡി.എഫ്​- എൽ.ഡി.എഫ്​ സംയുക്ത മുന്നണി

ഇന്ത്യയിലെ മുസ്​ലിം പിന്തുടര്‍ച്ചാവകാശനിയമം സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങള്‍  നിഷേധിക്കുന്ന തരത്തിലാണുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ 1 4 മുതല്‍ 18 വരെയുള്ള ആര്‍ട്ടിക്കിള്‍ മതം, ജാതി, വംശം, ലിംഗം തുടങ്ങിയവയുടെ പേരിലുള്ള എല്ലാ വിവേചനങ്ങള്‍ക്കും എതിരാണ്. എന്നാല്‍ ഒരു വ്യക്തിയുടെ മരണാനന്തരം അയാളുടെ സ്വത്തിലുള്ള പിന്തുടര്‍ച്ചാവകാശം മുസ്​ലിം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയല്ല . കടുത്ത വിവേചനങ്ങളാണ് ഇതിലുള്ളത്. നിയമത്തിലുള്ള ഈ വിവേചനങ്ങള്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ്  ‘നിസ’ (മുസ്​ലിം സ്ത്രീ സംഘടന) പ്രസിഡൻറ്​ വി. പി .സുഹ്‌റ, എം.സി. റാബിയ, സി.വി. അബ്ദുല്‍സലാം, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. എം. അബ്ദുല്‍ ജലീല്‍, ഹ്യൂമനിസ്റ്റ് സെന്റര്‍ ഇന്ത്യ പ്രതിനിധി കെ. വി. സയ്യിദ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. 2015 ജൂലൈ 2ന് ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് നിയമസഭയ്ക്ക് വിടുകയും ചെയ്തു.

V.P. Suhara
 വി. പി .സുഹ്‌റ

അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ മതനേതാക്കളായ ആണുങ്ങളുടെ ഉന്നതതല യോഗം വിളിച്ച്​ ചേര്‍ത്ത്‌ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അതിനെതിരെ പരാതിക്കാര്‍ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. സുപ്രീംകോടതി കേരള സര്‍ക്കാരിനോട് ഈ വിഷയത്തില്‍ നിലപാട് ആവശ്യപ്പെടുകയുണ്ടായി. എല്‍.ഡി.എഫ് സര്‍ക്കാരും യാഥാസ്ഥിതിക മതപണ്ഡിതന്മാരായ ആണുങ്ങളുടെ യോഗം വിളിക്കുകയും മുസ്​ലിം പിന്തുടര്‍ച്ചവകാശ നിയമത്തില്‍ സര്‍ക്കാരിനോ കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്ന അവരുടെ വാദം അംഗീകരിക്കുകയുമാണ് ചെയ്തത്. 2023 ജനുവരിയില്‍ കേരള സര്‍ക്കാര്‍ കൊടുക്കുന്ന സത്യവാങ്മൂലം മുസ്​ലിം പിന്തുടര്‍ച്ചവകാശ നിയമത്തിലെ സ്ത്രീ വിവേചനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ളതാവും.

മതപൗരോഹിത്യം എന്നും എതിർക്കുന്ന സ്വത്തവകാശം

ലോകത്താകമാനം സ്ത്രീകള്‍ വോട്ടവകാശം, സ്വത്തവകാശം, വിവാഹമോചനം തുടങ്ങിയ പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നത് നിരവധി പ്രക്ഷോഭങ്ങളിലൂടെയും നിയമലംഘന സമരങ്ങളിലൂടെയുമാണ്. വിവാഹിതരുടെ സ്വത്തവകാശ നിയമം 1856 ല്‍ ഇംഗ്ലണ്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്‌ നിരവധി പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ്. എന്നിട്ടും 14 വര്‍ഷത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 1870 ലാണ് നിയമം പാസായത്. മുസ്​ലിം പിന്തുടര്‍ച്ചാവകാശ നിയമം ലിംഗനീതിപരമായി പരിഷ്‌കരിക്കണമെന്ന ആവശ്യത്തെ യാഥാസ്ഥിതിക മുസ്​ലിം മതപണ്ഡിതന്മാര്‍ എതിര്‍ക്കുന്നതുപോലെ 1947 ഏപ്രില്‍ 11ന് ഭരണഘടന അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ട ഹിന്ദു കോഡ് ബില്ലിനും ഹിന്ദു ദേശീയവാദികളുടെയും ഹിന്ദുമഹാസഭയുടെയും യാഥാസ്ഥിതിക മതനേതാക്കളുടെയും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. നാലുവര്‍ഷത്തെ ചര്‍ച്ചക്കുശേഷവും ഹിന്ദു കോഡ് ബില്ലില്‍ അനിശ്ചിതത്വം തുടരുകയാണ് ചെയ്തത്. ഹിന്ദു സമൂഹത്തിന്റെ അടിത്തറയും വിശുദ്ധിയും നശിപ്പിക്കുന്നതാണ് ബില്ല് എന്നായിരുന്നു അവരും വാദിച്ചത്. 1951ല്‍ നിയമമന്ത്രി സ്ഥാനത്തുനിന്ന്​ ഡോ: ബി. ആര്‍. അംബേദ്കര്‍ക്ക്​ രാജിവെക്കേണ്ടിവന്നത് ഹിന്ദു കോഡ്​ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു.

Musilm women

സ്ത്രീകളുടെ സ്വത്തവകാശം എല്ലാ മതപൗരോഹിത്യവും ശക്തമായി എതിര്‍ക്കുന്ന ഒന്നാണ്. ഭൂമിയുടെയും സ്വത്തിന്റെയും ഉടമസ്ഥാവകാശം സ്ത്രീകളെ ശാക്തീകരിക്കുമെന്നും ആശ്രിതസ്വഭാവത്തില്‍ നിന്ന്​ സ്ത്രീകളെ മോചിപ്പിക്കുമെന്നും പിതൃമേധാവിത്വശക്തികള്‍ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാ അവകാശം, കുട്ടികളെ ദത്തെടുക്കലും സംരക്ഷിക്കലും എന്നിവയുള്‍പ്പെട്ട രാജ്യത്തെ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ മതനേതൃത്വങ്ങളും പൗരോഹിത്യവും ഭയപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം പോലെയല്ല നിയമങ്ങള്‍. സാമൂഹ്യ മാറ്റത്തിനും സാമൂഹ്യപുരോഗതിക്കും അനുസരിച്ച് മാറ്റത്തിന് വിധേയമാകണം. മുസ്​ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സ്ത്രീവിരുദ്ധതയും ആധുനികതയുടെ നിരാകരണവും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്ത് മതനേതൃത്വങ്ങള്‍ ഇസ്​ലാമില്‍ തങ്ങളുടെ ആണധികാരം ഉറപ്പിക്കുകയാണ്. തുല്യ സ്വത്തവകാശത്തിലൂടെ ഇഹലോകത്ത് നേടിയെടുക്കുന്ന നേട്ടങ്ങളുടെ ഫലം പരലോകത്തെ യാതനകളാണെന്ന് ഭയപ്പെടുത്തി തങ്ങളുടെ സ്വത്തവകാശം നിലനിര്‍ത്തുകയാണ് യാഥാസ്ഥികരായ മതപണ്ഡിതന്മാര്‍. സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ യാതൊരു അവകാശവും ഇല്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ ആണ്‍മക്കള്‍ക്ക് കിട്ടുന്നതിന്റെ പകുതി സ്വത്തെങ്കിലും പെണ്‍മക്കള്‍ക്ക് ലഭ്യമായത് വളരെ പുരോഗമനപരമായിരിക്കാം. എന്നാല്‍ അന്നത്തെ ഗോത്രവര്‍ഗ സാമൂഹ്യ കുടുംബജീവിതമല്ല ഇന്ന്. കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം പൂര്‍ണമായും പുരുഷനാണ് എന്ന ഖുര്‍ ആനിക കാഴ്ചപ്പാട് ആധുനിക സമൂഹത്തിന് യോജിച്ചതോ ആധുനിക കാലത്ത് നടപ്പാക്കാന്‍ പറ്റുന്നതോ അല്ല. മുസ്​ലിം സമൂഹത്തിന്റെ ഇടയില്‍ പോലും അത് നടപ്പാക്കപ്പെടുന്നുമില്ല.

ആണധികാര പിന്തുടർച്ചയുടെ നിയമം

മുസ്​ലിം പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം മരിച്ച ഒരാളുടെ മകനും മകളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മകനും മൂന്നിലൊന്ന് ഭാഗം മകള്‍ക്കുമാണ്. മുസ്​ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വിവേചനമായി പൊതുവേ പറയപ്പെടുന്നത് ഇതാണ്. എന്നാല്‍ ഇതു മാത്രമല്ല, മക്കളില്ലെങ്കില്‍ മരിച്ചുപോയ ഭാര്യയുടെ സ്വത്തിന്റെ പകുതി ഭര്‍ത്താവിന് കിട്ടുമെങ്കിലും മരിച്ച ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിനേ ഭാര്യയ്ക്ക് അവകാശമുള്ളൂ. മക്കളുണ്ടെങ്കില്‍ മരിച്ചയാളുടെ ഭാര്യക്ക് എട്ടില്‍ ഒന്നിനു മാത്രവും തിരിച്ച് ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിന് നാലില്‍ ഒന്ന് സ്വത്തിനും അവകാശമുണ്ട്.

ALSO READ

സലഫിസം ബാധിച്ച സംഘടനകളാണ് സിനിമയെ മുസ്ലിംകള്‍ക്ക് ഹറാമാക്കിയത്

അവിവാഹിതനായ മകന്റെ സ്വത്തിന്റെ ആറില്‍ അഞ്ചു  ഭാഗവും പിതാവിന് അവകാശപ്പെട്ടതാണ്, മാതാവിന് ആറില്‍ ഒന്നുമാത്രം. മറ്റൊരു വലിയ അനീതി നിലനില്‍ക്കുന്നത്‌ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ ഒരാള്‍ മരിച്ചാല്‍ അവരുടെ അനാഥരായ മക്കള്‍ക്ക് അയാള്‍ ജീവിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്ന സ്വത്തിന്റെ ഒരു അംശം പോലും ലഭിക്കില്ല എന്നതാണ്. ഒന്നിലധികം വിവാഹത്തിന് പുരുഷന് അധികാരം നല്കുന്നത് സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നാണ് പറയപ്പെടുന്നത്. സംരക്ഷകനായ ഭര്‍ത്താവ് മരിച്ചാല്‍ മക്കളില്ലെങ്കില്‍ 1/32 ഭാഗം വീതമാണ് നാല് ഭാര്യമാര്‍ക്കും ലഭിക്കുക. ഭാര്യമാരുടെ എണ്ണം മൂന്ന്​ ആണെങ്കില്‍ 1/24, രണ്ടാണെങ്കില്‍ 1/16 എന്ന ക്രമത്തില്‍ മാത്രമേ പിന്തുടര്‍ച്ചാവകാശം ലഭിക്കൂ. മറിച്ച്, ഏതെങ്കിലും ഭാര്യ മരിച്ചാല്‍ മക്കളില്ലെങ്കില്‍ അവരുടെ സ്വത്തിന്റെ പകുതിയും അയാള്‍ക്ക് അവകാശപ്പെട്ടതാണ്. മക്കളുണ്ടെങ്കില്‍ നാലിലൊന്ന് സ്വത്തിനും അവകാശമുണ്ട്. ഈ രീതിയില്‍ സ്വത്തവകാശത്തിലെ വിവേചനങ്ങള്‍ ആകെ കൂടി പരിശോധിച്ചാല്‍ തുല്യ ബന്ധത്തിലുള്ള പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്വത്തിനുമാത്രമേ സ്ത്രീക്ക് അവകാശമുള്ളൂ​. മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ  നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നൊരു പോരായ്മയും ഇതിനുണ്ട്. വ്യാഖ്യാനങ്ങളും ചില പുസ്തകങ്ങളും പണ്ഡിതവാദങ്ങളുമൊക്കെ ആശ്രയിച്ചായിരിക്കും പല വിധികളും ഉണ്ടാവുക. 

Musilm women

മുസ്​ലിം പിന്തുടര്‍ച്ചാവകാശ നിയമം ക്രോഡീകരിക്കണമെന്ന്​ നിയമ കമീഷന്റെ മുന്നില്‍ പലതവണ മുസ്​ലിം സ്ത്രീസംഘടനകള്‍ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. വിദ്യാഭ്യാസവും തൊഴിലും നേടിയ പെണ്‍മക്കള്‍ മാത്രമുള്ള പുതിയ തലമുറയിലെ ചിലരെങ്കിലും മരണശേഷം നിങ്ങളുടെ സ്വത്ത് മറ്റു ബന്ധുക്കള്‍ തട്ടിയെടുക്കാതിരിക്കാന്‍ അല്ലെങ്കില്‍ സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ കിട്ടാന്‍ മതാചാരപ്രകാരം തങ്ങള്‍ കഴിച്ച വിവാഹം നിലനില്‍ക്കെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റുവഴി വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന പ്രവണത കൂടിവരികയാണ്. സ്വന്തം മക്കള്‍ക്ക് വില്‍പത്രം എഴുതിവെക്കാനുള്ള അവകാശം മുസ്​ലിം വ്യക്തിനിയമം അനുവദിക്കുന്നില്ല. മക്കളില്ലാത്ത സ്ത്രീകള്‍ ഭര്‍ത്താവിന്റെ മരണശേഷം സ്വത്തിന്റെ നാലില്‍ മൂന്ന്ഭാഗം ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്‍കി നാലിലൊന്നുമായി പടിയിറങ്ങേണ്ടിവന്ന സ്ത്രീകള്‍ നമുക്ക് ചുറ്റും എത്രയോ ഉണ്ട്. പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ ഇരകളാകേണ്ടി വന്ന അപൂര്‍വ്വം പുരുഷന്മാരെയും കാണാം. തന്റെ മരണശേഷം ഒന്നിച്ച് സമ്പാദിച്ച സ്വത്തിന്റെ  നാലില്‍ ഒന്നിന് മാത്രം ഭാര്യ അവകാശിയാവാതിരിക്കാന്‍ ഭാര്യയുടെ പേരില്‍ സ്വത്ത് എഴുതിവെക്കുകയും തനിക്കുമുമ്പ് അവള്‍ മരിക്കുകയും ചെയ്താല്‍ ഭാര്യയ്ക്ക് എഴുതിവെച്ചതിന്റെ പകുതി മാത്രം മുസ്​ലിം പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ലഭിക്കുന്ന പുരുഷന്മാരാണത്. ബാക്കി പകുതി ഭാര്യയുടെ ബന്ധുക്കള്‍ക്കാണ്.

കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ പുരുഷന്റെ ചുമലില്‍ മാത്രമാണെന്ന കാഴ്ചപ്പാട് ആണധികാരവുമായി ബന്ധപ്പെട്ടതും ആധുനിക സമൂഹത്തില്‍ അപ്രായോഗ്യവുമാണ്. പലവിധ കാരണങ്ങളാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം പൂര്‍ണമായും നിര്‍വഹിക്കുന്ന സ്ത്രീകള്‍ മുസ്​ലിം സമൂഹത്തിലും ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീയുടെ വരുമാനം ഖുര്‍ആനിക കാഴ്ചപ്പാടനുസരിച്ച് വേണ്ടെന്നു വെക്കാനും ആധുനിക സമൂഹത്തിന് സാധ്യവുമല്ല.

ALSO READ

വേണ്ടത്, സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുനല്‍കുന്ന കോമണ്‍ ഫാമിലി കോഡ് 

മതേതര ജനാധിപത്യ സമൂഹത്തില്‍ ക്രിമിനല്‍ നിയമങ്ങള്‍ മതയുക്തിക്ക് അനുസരിച്ചല്ലാത്തതുപോലെ സിവില്‍ നിയമങ്ങളും മതേതര ജനാധിപത്യ യുക്തിക്കനുസരിച്ച് ആയിരിക്കണം. സ്ത്രീകള്‍ സ്വത്തവകാശം ചോദിക്കുന്നത് മതവിശ്വാസത്തിനെതിരാണെന്ന്  ഭയപ്പെടുത്തുന്ന പൗരോഹിത്യം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയുടെ കാര്യത്തില്‍ മതവിശ്വാസം പ്രായോഗികമാക്കാത്തത് എന്തുകൊണ്ടാണ്? സൂറത്ത് അന്നൂര്‍ രണ്ടാം ആയത്ത് (വാചകം)  ‘നാം അവതരിപ്പിച്ച ഒരു അധ്യായമാണിത്, ഇതിനെ പ്രാവര്‍ത്തികമാക്കുന്നത് എല്ലാ സത്യവിശ്വാസികള്‍ക്കും നാം നിര്‍ബന്ധമാക്കിയിരിക്കുന്നു 'എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ‘വ്യഭിചാരിയും വ്യഭിചാരണിയും കുറ്റം തെളിഞ്ഞാല്‍ അവരെ ആയിരം വീതം ചമ്മട്ടിയടി അടിക്കണം. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളുകളിലും വിശ്വസിക്കുന്നു എങ്കില്‍ അല്ലാഹുവിന്റെ വിധി നടപ്പാക്കുന്ന കാര്യത്തില്‍ ഒരു ദാക്ഷിണ്യവും ഉണ്ടാവരുത്​’ എന്ന്​ അതേ ആയത്ത് തുടരുന്നുണ്ട്. ഒരു ദാക്ഷിണ്യവും കൂടാതെ നടപ്പാക്കണം എന്ന് ഖുര്‍ആന്‍ പറഞ്ഞ ഇതുപോലെയുള്ള ശിക്ഷാവിധികള്‍  ഒരു മതേതര ആധുനിക സമൂഹത്തില്‍ സാധ്യമാകുമോ?

പിന്തുടര്‍ച്ചയുടെ കാര്യത്തിലാവട്ടെ ഇങ്ങനെയൊരു കടുംപിടുത്തം ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടുമില്ല. ഖുര്‍ആന്‍ മാത്രമല്ല, ഹദീസുകളും പണ്ഡിതരുടെ വ്യാഖ്യാനങ്ങളും എല്ലാം ചേര്‍ന്നതാണ് പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍. പല ഇസ്​ലാമിക രാജ്യങ്ങളിലും ശരിയത്ത് നിയമങ്ങളില്‍ പലതരം പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഖുര്‍ആന്‍ അടിസ്ഥാന പ്രമാണമാക്കിയ മുസ്​ലിം മത വിഭാഗത്തിലെ തന്നെ വിവിധ വിഭാഗങ്ങള്‍ പിന്തുടരുന്നത് വ്യത്യസ്ത രീതിയിലുള്ള പിന്തുടര്‍ച്ചാവകാശ നിയമങ്ങളാണ്. അതായത്, ഏകശിലാരൂപത്തിലുള്ളതല്ല വ്യത്യസ്ത രാജ്യങ്ങളും വ്യത്യസ്ത വിഭാഗങ്ങളും പിന്തുടരുന്ന നിയമങ്ങള്‍.

സ്ത്രീകളുടെ പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന തരത്തില്‍ കാലോചിതമായി നിയമങ്ങള്‍ പരിഷ്‌കരിക്കണം. അതിനുള്ള ശക്തമായ സമ്മര്‍ദ്ദം മതേതര സമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടാവണം. മുസ്​ലിം സ്ത്രീകള്‍  അടക്കമുള്ളവര്‍ തങ്ങളുടെ മതനേതൃത്വങ്ങളെ ആധുനികരാക്കാന്‍ സംഘടിതമായ ഇടപെടലിലൂടെ ശ്രമിക്കണം. വിവേചനങ്ങളില്ലാതെ സൃഷ്ടികളെ തൂല്യരായി പരിഗണിക്കുന്ന ​സ്രഷ്ടാവാണ് തങ്ങളുടേതെന്നും സ്ത്രീകളുടെ പൗരാവകാശങ്ങളും നീതിയും നിഷേധിക്കുന്ന ഇസ്​ലാം അല്ല തങ്ങളുടെ ഇസ്​ലാം എന്നും മതനേതൃത്വങ്ങളോട് പറയാനുള്ള ആര്‍ജ്ജവം മുസ്​ലിം സ്ത്രീകള്‍ക്കുണ്ടാവണം. 

  • Tags
  • #Human Rights
  • #Sulfath M
  • #Muslim issues
  • #Gender
  • #Muslim women
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 AL-Nisa.jpg

Gender

ബീവു കൊടുങ്ങല്ലൂർ

മുസ്​ലിം സ്​ത്രീയുടെ സ്വത്തവകാശം: പൗരോഹിത്യ നിയമങ്ങളുടെ കാവൽക്കാരാകുന്നത്​ എന്തിന്​?

Mar 29, 2023

5 Minutes Read

Kerala Kitchen

Women Life

മുഹമ്മദ് അബ്ബാസ്

നമ്മുടെ സ്​ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച്​, വേദനയോടെ...

Mar 26, 2023

8 Minutes Read

iuml

Gender

റഫീക്ക് തിരുവള്ളൂര്

പെണ്ണുങ്ങള്‍ക്ക് ആണുങ്ങളേക്കാള്‍ മെമ്പര്‍ഷിപ്പുള്ള പാര്‍ട്ടി, പക്ഷേ...

Mar 19, 2023

4 Minutes Read

12

Gender

എന്‍.സുബ്രഹ്മണ്യന്‍

മുസ്‌ലിം സ്ത്രീ മുന്നേറ്റത്തെ യൂനിഫോം സിവില്‍കോഡ് വാദമായി മുദ്രകുത്തുന്നവരോട്

Mar 16, 2023

5 Minutes Read

cover

Society

അജിത്ത് ഇ. എ.

തല്ലിക്കൊല്ലുന്ന സദാചാരം, കൊന്നിട്ടും തല്ലുന്ന സൈബര്‍ സദാചാരം

Mar 11, 2023

6 Minutes Read

women

Women Life

ഡോ. രാഖി തിമോത്തി

ഭൂരിപക്ഷം മലയാളി സ്ത്രീകളും തൊഴിലന്വേഷകര്‍ പോലും ​​​​​​​ആകാത്തത് എന്തുകൊണ്ട്? പഠന റിപ്പോർട്ട്​

Mar 08, 2023

8 minutes read

Shukkur Vakkeel

Interview

സല്‍വ ഷെറിന്‍

പെണ്‍മക്കള്‍ മാത്രമുള്ള മുസ്‌ലിം ദമ്പതികള്‍ക്ക് വീണ്ടും വിവാഹം കഴിക്കേണ്ടി വരുന്നതിന്റെ കാരണങ്ങള്‍

Mar 07, 2023

10 Minutes Read

biker girl

Gender

ഡോ. അരവിന്ദ് രഘുനാഥന്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഓടിക്കുന്ന സ്ത്രീകള്‍

Feb 18, 2023

7 Minutes Read

Next Article

എന്തുകൊണ്ട്​ ഇങ്ങനെയൊരു രാഹുൽ കവർ? സൈനുല്‍ ആബിദ്​ പറയുന്നു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster