20 വർഷം മുൻപ് മുത്തങ്ങയിൽ സംഭവിച്ചത്, സി.കെ. ജാനു എഴുതുന്നു

എന്നെ തലമുടിയോടുകൂടി ചുരുട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയിൽ തുടരെത്തുടരെ ഇടിച്ചു. തുടയിൽ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ശരീരത്തിൽ നിന്ന്​ ഇറച്ചി കുത്തിപ്പറിച്ചെടുക്കുന്ന വേദനയായിരുന്നു. കാലിന്റെ മേൽ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച് തിരിച്ചു. അപ്പോൾ, പ്രാണൻ പോകുന്ന പോലെയായിരുന്നു. ബൂട്ടിട്ട് അടിവയറ്റിൽ തൊഴിച്ചപ്പോൾ ഞാനറിയാതെ മൂത്രമൊഴിച്ചുപോയി. കറുപ്പുരക്തം വരാൻ തുടങ്ങി - മുത്തങ്ങയിൽ നടന്ന പോലീസ് അതിക്രമത്തിന് ഇന്ന് ഇരുപത് വർഷം തികയുന്നു.

വോത്ഥാന യാത്രക്കുശേഷമാണ് വയനാട് ജില്ലയിലെ മുത്തങ്ങയിലേക്ക് കയറാനുള്ള ഒരുക്കം ആരംഭിച്ചത്.

ഓരോ കോളനിയിലും രാത്രി മീറ്റിംഗ് കൂടി ഒരു വർഷമെടുത്ത്​ സമരത്തിന് കൃത്യമായി ഒരുക്കം നടത്തി. ഭൂരാഹിത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തി. മാത്രമല്ല, 2003ൽ കൊച്ചിയിൽ നടന്ന ഇന്റർനാഷണൽ ഗ്ലോബൽ ഫെസ്റ്റിൽ മുത്തങ്ങ പ്രദേശം ഒരു മൾട്ടിനാഷണൽ കമ്പനിക്ക് വിൽക്കാൻ തീരുമാനമെടുത്തതായി അറിഞ്ഞു. നിയമാനുസൃതം ആദിവാസികൾക്ക് അവകാശപ്പെട്ടതാണ് ഈ ഭൂമി. പണ്ട്​ ആദിവാസികൾ താമസിച്ചിരുന്ന ഇടങ്ങളിലെ ദൈവത്തറകളും കാവുകളുടെ അവശിഷ്ടങ്ങളും മുത്തങ്ങയിലുണ്ട്. പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ആദിവാസികളാണ് ആദ്യകാലങ്ങളിൽ ഇവിടെ താമസിച്ചിരുന്നത്.

1914-ലെ ബ്രിട്ടീഷുകാരുടെ സർക്കാർ ഓർഡറിൽ, പണിയ, കാട്ടുനായ്ക്ക സമുദായത്തിൽ പെട്ട ആദിവാസികൾക്ക് മുത്തങ്ങ ഭൂമിയിൽ പാരമ്പര്യ അവകാശമുള്ളതായി പറഞ്ഞിട്ടുണ്ട്. 1960കളിൽ ഇവിടെ നിന്ന്​ ആദിവാസികളെ കുടിയിറക്കി. 1963-ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മിച്ചഭൂമിയായി പിടിച്ചെടുത്ത ഈ ഭൂമി 1971-ലെ ‘വെസ്റ്റിംഗ് ആൻഡ് അസൈൻമെൻറ്​ ആക്ടി’ൽ ഉൾപ്പെടുത്തി റവന്യൂ ഫോറസ്റ്റായി നിശ്ചയിച്ചു. മാധവമേനോന്റെ നേതൃത്വത്തിലുള്ള കമീഷനാണ് മുത്തങ്ങ പ്രദേശത്തുള്ള 12,000 ഏക്കർ ഭൂമി ‘വെസ്റ്റിംഗ് ആൻഡ് അസൈൻമെൻറ്​ ആക്ടി'ൽ ഉൾപ്പെടുത്തിയത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഭൂമിയുടെ 50 ശതമാനം ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു കൊടുക്കണമെന്ന് ഈ നിയമത്തിലുണ്ട്. ഈ വ്യവസ്ഥയനുസരിച്ച് 12,000 ഏക്കറിൽ 6000 ഏക്കർ ആദിവാസികൾക്ക് നിരുപാധികം വിട്ടുകൊടുക്കേണ്ടതാണ്. ഇങ്ങനെയും മുത്തങ്ങയിലെ ഭൂമിയിൽ ആദിവാസികൾക്ക് അവകാശമുണ്ട്. ബിർളയുടെ യൂക്കാലിപ്​റ്റസ്​ തോട്ടത്തിനായി,​ 1975-1980കളിൽ ഇവിടെ അവശേഷിച്ചിരുന്ന ആദിവാസി കുടുംബങ്ങളെ പൂർണമായും കുടിയൊഴിപ്പിച്ചു. മുത്തങ്ങയിലേക്ക് തിരിച്ചുചെന്നവരിലേറെപ്പേരും ആ ഭൂമിയിൽ പാരമ്പര്യാവകാശങ്ങളുള്ളവരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ കുടിൽ കെട്ടി സമരം നടത്താൻ തീരുമാനിച്ചത്. ഞങ്ങൾ അവിടെ പ്രവേശിക്കാൻ തീരുമാനിച്ചത്, അതിജീവനത്തിന് ഭൂമി എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാനാണ്.

മുത്തങ്ങയിലെ സമരഭൂമി

വയനാട് ജില്ലയിലെ പല ഭാഗങ്ങളിലുള്ള ആദിവാസി ഊരുകളിൽ നിന്നും പുലിതൂക്കി, തിരുവണ്ണൂർ കോളനികളിൽനിന്നും 2003 ജനുവരി 3, 4 തീയ്യതികളിൽ ആളുകളെത്തിച്ചേർന്നു. പട്ടിണിമരണം വ്യാപകമായി നടന്ന കോളനിയാണ് പുലിതൂക്കി. അടിയർ, പണിയർ, കുറിച്യർ, വെട്ടക്കുറുമർ, കാട്ടുനായ്ക്കർ തുടങ്ങിയ ഗോത്രങ്ങളിൽപ്പെട്ടവർ ഒന്നിച്ച് ഞങ്ങളുടെ ദൈവങ്ങളെ തുടികൊട്ടിയുണർത്തി അനുവാദം വാങ്ങിയശേഷമാണ് മുത്തങ്ങയിലേക്ക് പുറപ്പെട്ടത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ഗർഭിണികളും മുത്തങ്ങയിലേക്കുള്ള യാത്രയിലുണ്ടായിരുന്നു. വസ്ത്രം, പാത്രങ്ങൾ, പണിയായുധങ്ങൾ, കുടിൽ കെട്ടാനുള്ള വസ്തുക്കൾ, പാരമ്പര്യകാവിൽ കത്തിക്കാനുള്ള തിരിയും എണ്ണയും തുടങ്ങിയവയായിരുന്നു മുത്തങ്ങയെന്ന പാരമ്പര്യ ഭൂമിയിലേക്ക് പുറപ്പെട്ടപ്പോൾ ഞങ്ങൾ കൈവശം കരുതിയിരുന്നത്.

പുലിതൂക്കി കോളനിയുടെ പുറകിലൂടെ ജനുവരി 5ന് ഞങ്ങൾ മുത്തങ്ങയിലേക്ക് കയറി. ഞങ്ങളുടെ പൂർവികർ ആരാധിച്ചിരുന്ന തമ്പുരാട്ടിക്കാവ്, അമ്പുകുത്തി ഗുളികൻ കാവ്, നെല്ലൂർ ഗുളികൻ കാവ് എന്നിവിടങ്ങളിൽ ഗോത്ര പൂജ നടത്തിയശേഷം മുത്തങ്ങയിലെ തകരപ്പാടി, അമ്പുകുത്തി, പൊൻകുഴി എന്നിവിടങ്ങളിലെ തരിശുഭൂമിയിൽ പ്രവേശിച്ച് കുടിലുകൾ കെട്ടി. മുത്തങ്ങയിൽ ഞാനും കുടിൽ കെട്ടി താമസിച്ചിരുന്നു. എന്നോടൊപ്പം കുറുക്കൻമൂലയിലെ അജിതയുമുണ്ടായിരുന്നു.

ഊരുകൂട്ടം കൂടി കുടിലുകൾ കെട്ടുകയും കൃഷിയിടമൊരുക്കുകയും ചെയ്തു. കുട്ടികൾക്കായി മൂന്ന് പാഠശാലകൾ, പൊതുഭക്ഷ്യ വിതരണത്തിന്​ ഒരു പ്രാഥമിക സംരംഭം, വന്യജീവി പരിരക്ഷക്കും പരിസ്ഥിതി പുനഃസ്ഥാപനത്തിനുമുള്ള നടപടികൾ തുടങ്ങിയവക്ക് രൂപം നൽകി. മുത്തങ്ങയിലെ മാമനള്ളം പുഴയും തോടും വറ്റിവരണ്ടിരിക്കുകയായിരുന്നു. ഒരിറ്റു ദാഹജലത്തിന്​ ആനക്കൂട്ടങ്ങൾ മണൽ കൂടിക്കിടക്കുന്ന ഇടങ്ങളിലെല്ലാം കൊമ്പുകൊണ്ട് കുത്തിയിളക്കി നോക്കുന്നുണ്ടായിരുന്നു.

മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ചാലിഗദ്ദ കോളനിയിൽ നിന്നുള്ള മല്ലി എന്ന ആദിവാസി സ്ത്രീ / Photo: Shafeeq Thamarassery

പാരമ്പര്യ നീരുറവകൾ തിരികെ കൊണ്ടുവരാനും നിലനിർത്താനും പുഴയുടെയും തോടിന്റെയും ഓരങ്ങളിലെല്ലാം ഞങ്ങൾ കൈതോല തൈകൾ നട്ടു. മുത്തങ്ങയിലെ ആദിവാസി ആവാസമേഖല സമ്പൂർണമായി മദ്യനിരോധന മേഖലയാക്കി. മദ്യമാഫിയയെയും മൃഗവേട്ടക്കാരെയും തടയാൻ തകരപ്പാടിയിൽ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. അമ്പും വില്ലും ഏന്തി നമ്മളുടെ ആളുകൾ കാവൽനിന്നു. പുറമെനിന്ന് ഞങ്ങൾ മാധ്യമങ്ങളടക്കം മറ്റാരെയും കടത്തിവിടുന്നില്ല എന്ന കള്ളപ്രചാരണമുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തേക്ക് വന്നവരെല്ലാം ഞങ്ങളെക്കണ്ട് സംസാരിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നടക്കുന്ന സംഭവങ്ങളുടെയെല്ലാം വാർത്തകൾ ഫോട്ടോ സഹിതം വന്നിട്ടുണ്ട്. ആദിവാസികൾക്കെതിരെ നടന്ന ആസൂത്രിത പ്രചാരണമായിരുന്നു ഇതെല്ലാം. മുത്തങ്ങയിൽ താമസിച്ച കുഞ്ഞുങ്ങൾക്ക് പോളിയോ മരുന്ന് നൽകാൻ വന്നവരെ വനംവകുപ്പുകാർ തടഞ്ഞുവെച്ചു. ആദിവാസികൾ അമ്പും വില്ലുമായി നിൽക്കുന്നു, ആരെയും കേറാൻ അനുവദിക്കുന്നില്ല, ആദിവാസികളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന് നിയമനിർമാണ വേദിയിൽ നിന്ന്​ അന്നത്തെ സ്പീക്കർ പറഞ്ഞിരുന്നു.

ഞങ്ങൾ മുത്തങ്ങയിൽ കയറി കുടിൽ വെച്ചപ്പോൾ പ്രകൃതിസംരക്ഷണ സമിതിക്കാരും, രാഷ്ട്രീയപാർട്ടികളും എതിർപ്പുമായി വന്നു. ആനത്താരയാണ് എന്നതായിരുന്നു പ്രകൃതിസംരക്ഷണക്കാരുടെ വാദം. സർക്കാർ ആനകൾക്കുവേണ്ടി റോഡ്​ പണിയാൻ തീരുമാനിച്ച സ്ഥലമാണുപോലും മുത്തങ്ങ. ആരും ഉണ്ടാക്കുന്ന വഴിയിലൂടെയല്ല ആന നടക്കുന്നത്, ആനയ്​ക്ക്​​ തോന്നിയ വഴിയിലൂടെയാണ്. പണം തട്ടാനായിരുന്നു ഇത്തരം പ്രചാരണം. ആന്ധ്രയിൽനിന്ന്​പോത്തിൻകുട്ടികളെ കൊണ്ടുവന്ന് കാട്ടിൽ മേയാൻ വിട്ട് പിന്നീട് വലിയ വിലയ്​ക്ക്​അവയെ വിൽക്കുന്ന ഒരാളാണ് പ്രകൃതിസ്‌നേഹിയായി പ്രത്യക്ഷപ്പെട്ടത്. മുത്തങ്ങ തരിശുഭൂമിയായിരുന്നു. കാക്കക്കിരിക്കാൻ പോലും കൊമ്പില്ലാത്ത അവസ്ഥയായിരുന്നു. അത്രയധികം മരങ്ങൾ വെട്ടിനശിപ്പിച്ചപ്പോൾ ഈ പ്രകൃതി സ്‌നേഹികൾ ഒന്നും മിണ്ടിയില്ല.

ഞങ്ങൾ മുത്തങ്ങയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ആ കാട്​ കൊള്ളയടിച്ചു തീർത്തിരുന്നു. ആ സമയത്ത് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകരെയൊന്നും കാണാനില്ലായിരുന്നു. ‘ജിം’ നടപടികളുമായി സർക്കാർ മുന്നോട്ടുപോയപ്പോഴും അവർ എന്താണ് മൗനം പാലിച്ചത്? ഈ ഭൂമി സാമൂഹിക വനവൽക്കരണത്തിനും പാഴ്​മരങ്ങൾ നടുന്നതിനും ചാരായം വാറ്റുന്നവരുടെയും ചന്ദന കള്ളക്കടത്തുകാരുടെയും സ്വൈര്യവിഹാരത്തിനും വേണ്ടിയാണ്​ ഉപയോഗിച്ചത്. സത്യമംഗലം, ബന്ദിപുർ കാടുകളുമായി ചേർന്നുകിടക്കുന്നതാണ് ഈ പ്രദേശം. മുത്തങ്ങ ചെക്ക് പോസ്റ്റിൽ കൈകൂലി കൊടുത്താൽ ആർക്കും കർണാടകയിൽ നിന്ന്​ ചന്ദനം എളുപ്പം കടത്താം. മദ്യലോബികളുടേയും കള്ളക്കടത്തുകാരുടെയും ഫോറസ്റ്റുകാരുടെയും പല രാഷ്ട്രീയക്കാരുടെയും കറവപ്പശുവായിരുന്നു മുത്തങ്ങ. മുത്തങ്ങയിലും പരിസരത്തും ദീർഘനാളായി നടന്നുവന്നിരുന്ന വനം മാഫിയാ പ്രവർത്തനങ്ങളെ ഇവരാണ്​ സംരക്ഷിച്ചിരുന്നത്​.

മുത്തങ്ങ വനമേഖല / Photo: keralatourism.org

ഓരോ വർഷവും മുത്തങ്ങയുടെ പേരിൽ ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും കൈയ്യിൽനിന്ന്​ ലക്ഷക്കണക്കിന് രൂപയാണ് കടമെടുക്കുന്നത്. എല​ഫെൻറ്​ പ്രൊജക്ട്, യൂക്കാലി പ്രൊജക്ട്, സോഷ്യൽ പ്രൊജക്ട് തുടങ്ങിയ പദ്ധതികളുണ്ടാക്കി ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുക്കുന്നത്. അത് സർക്കാരിന് കാലാകാലങ്ങളായി കടബാധ്യതയായിരുന്നു. ആദിവാസികൾ മുത്തങ്ങയിൽ കുടിൽ കെട്ടിയപ്പോൾ അവരുടെ ‘വരുമാനമാർഗ’മാണ് ഇല്ലാതായത്. മൈസൂർ ഹൈവേക്കരികിൽ കുറച്ച് മുളക്കൂട്ടങ്ങൾ മാത്രമാണ് മതിലുപോലെ നിന്നത്. ബാക്കി ഉൾപ്രദേശം മുഴുവൻ തരിശായിരുന്നു. ഞങ്ങൾ കുടിലുകൾ വെച്ച പ്രദേശങ്ങളെല്ലാം ചാരായം വാറ്റുകേന്ദ്രങ്ങളായിരുന്നു. ടാർവീപ്പയിൽ കലക്കിവച്ചിരുന്ന വാഷ് ഞങ്ങൾ മറിച്ചുകളഞ്ഞു. ഒരുദിവസം വാഷ് കലക്കിവെച്ചത് കുടിച്ച്​ പൂസായി ആന വയറിളകി ലക്കില്ലാതെ ഓടിനടന്നു.

മദ്യലോബികൾക്കും വനം കൊള്ളക്കാർക്കും വേട്ടക്കാർക്കും ഒത്താശ ചെയ്യുന്ന വനം വകുപ്പുകാർക്ക് ആദിവാസികളുടെ സാന്നിധ്യം തടസ്സമാവുന്നുവെന്നുകണ്ടാണ് ഞങ്ങളെ ഒഴിപ്പിക്കാൻ നീക്കം തുടങ്ങിത്. എല്ലാവിധ എതിർപ്പുകളെയും നേരിട്ട് ഞങ്ങളവിടെ കുടിൽ കെട്ടി താമസിച്ചു. സമരമാവുമ്പോൾ പൊലീസ് അറസ്റ്റുണ്ടാകും, പൊലീസ് വരുമ്പോൾ എല്ലാവരും കുടിലുകളിലും കൃഷിയിടങ്ങളിലും നിൽക്കണം, അവിടെ വന്ന് പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകട്ടെ എന്ന്​ ആളുകളോട്​ ഞങ്ങൾ പറഞ്ഞിരുന്നു. അതനുസരിച്ചാണ് ആളുകൾ നിന്നത്. 45 ദിവസത്തേക്ക് ആരും ചർച്ചക്കെത്തിയില്ല. കേരളത്തിൽ ഏതു സമരം നടന്നാലും ആദ്യം ചർച്ചക്ക് വിളിച്ച് ആവശ്യം അംഗീകരിക്കാൻ പറ്റുന്നതാണോ അല്ലയോ എന്ന് നോക്കും. പക്ഷേ മുത്തങ്ങ സമരത്തിൽ മാത്രം ഒരു ചർച്ചയും നടന്നില്ല.

2003 ഫെബ്രുവരി 17ന് രാവിലെ 9 മണിക്ക് ഫോറസ്റ്റുകാരും വാച്ചർമാരും ഗുണ്ടകളും ചേർന്ന് തകരപ്പാടിക്കുസമീപം കാടിന് തീയിട്ടു. ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന്​ആനപ്പിണ്ടം മണ്ണെണ്ണയിൽ മുക്കി തീകൊളുത്തിയെറിഞ്ഞാണ് ഓരോ ഭാഗത്തും തീ പടർത്തിയത്. 80 കുടിലുകളും 1000 ഏക്കർ സ്ഥലവും എരിഞ്ഞമർന്നു. തീ പടർന്നത് യാദൃച്​ഛികമല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. തീയിടുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. തീ പടർത്തി അവർ കടന്നുകളയാൻ ശ്രമിച്ചപ്പോൾ റോഡിലേക്ക് മരം വലിച്ചിട്ട് നമ്മുടെ ആളുകൾ ജീപ്പ് തടഞ്ഞു. ജീപ്പിലുണ്ടായിരുന്ന ഫോറസ്റ്റുകാരെയും വാച്ചർമാരെയും ഗുണ്ടകളെയും പിടികൂടി. ജീപ്പിൽ ആനപ്പിണ്ടത്തിന്റെ ശേഖരവുമുണ്ടായിരുന്നു. ആദിവാസികൾ മുത്തങ്ങയിൽ കയറി കുടിൽ കെട്ടി കാടിന് തീയിട്ടതാണെന്ന് വരുത്തി കേസാക്കി കുടിയിറക്കാനായിരുന്നു ഇവരുടെ പദ്ധതി. യഥാർത്ഥ കുറ്റവാളികളെ പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവരാനാണ് ഫോറസ്റ്റുകാരെയും വാച്ചർമാരെയും ഗുണ്ടകളെയും ഞങ്ങൾ തടഞ്ഞുവെച്ചത്. കുറ്റവാളികളുടെ സാക്ഷിമൊഴി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ രേഖപ്പെടുത്താൻ കലക്ടറോട് ഞങ്ങൾ ആവശ്യപ്പെട്ടു. കുറ്റവാളികളെ കലക്ടറുടെ സാന്നിധ്യത്തിലാണ് വിട്ടയച്ചത്

മുത്തങ്ങ സമരത്തിൽ പ​ങ്കെടുത്ത ആദിവാസി കുടുംബത്തെ പൊലീസ് മർദിക്കുന്നു / Source: Adivasi Gothramahasabha

ആദിവാസികൾ കാട് നശിപ്പിക്കുന്നവെന്നുപറഞ്ഞ്​, അവരെ അറസ്റ്റ് ചെയ്ത് കുടിയിറക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷിപ്രവർത്തകർ പ്രതിഷേധിച്ചു. അതിൽ കോൺഗ്രസുകാരും, മാർക്‌സിസ്റ്റുകാരും, ബി.ജെ.പിക്കാരുമുണ്ടായിരുന്നു. ഇവരെല്ലാം ചേർന്ന് മൈസൂർ ഹൈവേ മൂന്നുദിവസം ഉപരോധിച്ചു. നൂൽപുഴ പഞ്ചായത്തിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി മൂന്നു ദിവസം ഹർത്താലും നടത്തി. മുത്തങ്ങയിലുള്ള ഒരാൾപോലും പുറത്തുകടക്കാതിരിക്കാനും ആദിവാസികളെ കള്ളക്കേസിൽപെടുത്തി ജയിലിലടക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ ഹർത്താൽ

ഫെബ്രുവരി 18ന് പൊലീസ്​ മുത്തങ്ങ വളഞ്ഞു.
ഞങ്ങളതൊന്നും ശ്രദ്ധിക്കാതെ പതിവുപോലെ ഓരോ പണികൾ ചെയ്തുകൊണ്ടിരുന്നു. അന്നുരാത്രി ഞങ്ങളാരും ഉറങ്ങിയില്ല. ഫെബ്രുവരി 19ന് രാവിലെ 6 മണിയ്ക്ക്, കാട്ടിൽ നിന്ന്​ എല്ലാവരും പുറത്തുവരണമെന്ന് റോഡിൽ കൂടി പൊലീസ് അനൗൺസ്‌മെൻറ്​ നടത്തി. ഞങ്ങളാരും ഇറങ്ങിയില്ല, പകരം, കൃഷിയിടങ്ങളിലും കുടിലുകളിലും പതിവുപരിപാടികളി​ലേർപ്പെട്ടു. രാവിലെ 8 മണിയായപ്പോൾ ആയിരത്തിൽപരം സായുധ പൊലീസും, ഫോറസ്റ്റുകാരും വാടക ഗുണ്ടകളെയും കൂട്ടി ലാത്തിയും കുറുവടിയുമായി ഇരച്ചുവന്ന് കാണുന്നവരെ അടിച്ചു വീഴ്​ത്താൻ തുടങ്ങി.

അതിക്രമം ഉണ്ടായ സമയത്ത് മുത്തങ്ങയിൽ വന്ന എന്റെ ഒരു സുഹൃത്ത്, പൊലീസിൽനിന്ന്​ രക്ഷപ്പെടാൻ ഒരു വഴി നിർദ്ദേശിച്ചു: അവിടെ പടർന്നുപന്തലിച്ചു നിൽക്കുന്ന മുളക്കൂട്ടത്തിനുള്ളിൽ ജാനു ഒളിച്ചോ, കാടും കമ്പും മുളക്കൂട്ടത്തിനു ചുറ്റുമിടാം, ആരും കാണില്ല എന്ന്​.

ആ സമയത്ത് മുളക്കൂട്ടത്തിനുള്ളിൽ കയറേണ്ടെന്ന്​ മനസ്സ്​ പറഞ്ഞു, പകരം കാട്ടിലേക്ക് പോകാമെന്ന് ഒപ്പമുള്ളവരോട് പറഞ്ഞു. ആ സമയം പൊലീസ് കൂട്ടത്തോടെ ഓടിവന്ന് ആ മുളക്കൂട്ടത്തിനുചുറ്റും പെട്രോൾ ഒഴിച്ച്​ തീയിട്ടു. വലിയ ശബ്ദത്തോടെ മുളകൾ പൊട്ടിത്തെറിച്ച് തീ പടരുമ്പോൾ ഞാൻ അതിന്റെ സമീപത്തുള്ള കാട്ടിലുണ്ടായിരുന്നു. പൊലീസിന് കിട്ടിയ നിർദ്ദേശമനുസരിച്ചാണ് അവർ മുളക്കൂട്ടത്തിന് തീയിട്ടത്. കൂടെ നിന്ന് ചതിച്ചവനെ ഞാൻ തിരിച്ചറിഞ്ഞു.

എന്റെ കൂടെ ആ സമയം കൊല്ലം മുളവന കോളനിയിലെ ഹരിദാസും കാട്ടിക്കുളം പുളിമൂട് മിച്ചഭൂമിയിലെ രാമചന്ദ്രനും അജിതയും പുൽപ്പള്ളി കൊട്ടമെരട്ട് കോളനിയിലെ മഞ്ജുവും ഉണ്ടായിരുന്നു. അജിതയും മഞ്ജുവും പറഞ്ഞു, അയാൾ പറഞ്ഞതുപോലെ ചേച്ചി മുളക്കൂട്ടത്തിനുള്ളിൽ കയറിയിരുന്നെങ്കിൽ വെന്തുമരിച്ചേനെയെന്ന്.

മുത്തങ്ങയിൽ സമരത്തിന്റെ ഭാഗമായി ആദിവാസികൾ കെട്ടിയ കുടിലുകൾക്ക് പൊലീസ് തീയിടുന്നു / Photo: Ajeeb Komachi

ഞാൻ ആ സുഹൃത്തിനോടു പറഞ്ഞു, എത്രയും പെട്ടെന്ന് നിങ്ങൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന്​ പോയ്‌ക്കോ എന്ന്. അതിനുശേഷം ഇന്നുവരെ അയാളെ ഞങ്ങളുടെയൊപ്പം കൂട്ടിയിട്ടില്ല.

സമാധാനപരമായി ആളുകളെ അറസ്റ്റ്‌ ചെയ്യുന്നതിനുപകരം കണ്ണീർവാതകം പ്രയോഗിക്കുകയും അതിക്രൂരമായി ലാത്തിവെച്ച് അടിച്ചു വീഴ്ത്തുകയും വെടിവെക്കുകയുമാണ്​ പൊലീസ്​ ചെയ്​തത്​. കൂടാതെ, ഗുണ്ടകൾ കുറുവടികൾ ഉപയോഗിച്ച് ഞങ്ങളെ മർദ്ദിച്ചു. ഗുണ്ടകളും പൊലീസും ചേർന്ന് അംഗൻവാടിക്കും അതിനുസമീപം കുടിലുകൾ മേയാൻ അടുക്കിവെച്ച പുല്ലിനും തീയിട്ടു. കുട്ടികൾ അലറിക്കരഞ്ഞു. കുട്ടികളെയെടുക്കാൻ അംഗൻവാടിയിലേക്ക് ഓടിവന്ന മാതാപിതാക്കളെ അതിക്രൂരമായി പൊലീസ് അടിച്ചു വീഴ്ത്തി. നിഷ്​ഠൂരമായി കുടിയൊഴിപ്പിക്കാൻ വ്യാപകമായി അടി നടന്നു. ആളുകൾ നാലുവഴിക്കും ചിതറിയോടി.

പൊലീസുകാർ കുറച്ചുനേരം കാടിന്റെ പുറത്തേക്ക് മാറിനിന്നു. അപ്പോൾ ഒരു പൊലീസുകാരൻ കാലിൽ മുറിവുമായി വീണുകിടക്കുന്നത് നമ്മുടെ ആളുകൾ കണ്ടു. വല്ലാതെ രക്തം പോയിക്കൊണ്ടിരുന്നു. അന്നേരം തന്നെ നമ്മുടെ ആളുകൾ മുണ്ടും തോർത്തും വലിച്ചുകീറി കെട്ടിക്കൊടുത്തു. അദ്ദേഹം വെള്ളം വേണമെന്ന് പറഞ്ഞു. നമ്മുടെ കയ്യിൽ വെള്ളമില്ലായിരുന്നു. ഞങ്ങൾ വെള്ളമെടുത്തിരുന്ന കുഴിയെല്ലാം പൊലീസുകാർ മണ്ണും ചണ്ടിയുമിട്ട് വെള്ളമെടുക്കാൻ പറ്റാത്ത അവസ്ഥയിലാക്കിയിരുന്നു. ഒരു ചെറിയ യൂക്കാലി മുറിച്ച് പാത്രത്തിൽ കുത്തിനിറുത്തിവെച്ചു. ആ വെള്ളമാണ് പൊലീസുകാരനും, നമ്മുടെ ആളുകൾക്കും കുടിക്കാൻ കൊടുത്തത്. എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന്​ ഞങ്ങളുടെ പ്രവർത്തകർ പൊലീസിനോട്​ ആവശ്യപ്പെട്ടു, അല്ലെങ്കിൽ ആംബുലൻസ് വിട്ടുതന്നാൽ ഞങ്ങൾ തന്നെ കൊണ്ടു പോയ്‌ക്കൊള്ളാമെന്നും പറഞ്ഞു. പക്ഷെ, അത്​ പൊലീസ് പരിഗണിച്ചില്ല. വേറെ വാഹനം കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ വന്ന വാഹനത്തെ പൊലീസ് തടഞ്ഞ്​ തിരച്ചയച്ചു. പൊലീസുകാരനെ രക്ഷിക്കാനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അവരുടെ അനാസ്ഥ കൊണ്ടാണ് വിനോദ് എന്ന പൊലീസുകാരൻ മരിച്ചത്​. നമ്മുടെ ആളുകൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തി. അതിനെല്ലാം തടസ്സം നിന്നത് പൊലീസുകാർ തന്നെയാണ്​. ആ പൊലീസുകാരന്റെ മരണത്തിനുത്തരവാദി പൊലീസുകാർ തന്നെയാണ്.

മുത്തങ്ങയിൽ പൊലീസ് ആദിവാസി പ്രവർത്തകരെ ആക്രമിക്കുന്നു ​ / Source: Adivasi Gothramahasabha

വനത്തിന്റെ കിഴക്കുഭാഗത്തേക്ക് പടരുന്ന തീയണക്കുവാൻ നമ്മുടെ കുറച്ചാളുകൾ ശ്രമിച്ചപ്പോൾ പൊലീസ് വീണ്ടും വെടിവെപ്പാരംഭിച്ചു. അപ്പപ്പാറ ചുണ്ടപ്പാടി കോളനിയിലെ അനിൽ, പയ്യമ്പള്ളി ഇരുവതാം കോളനിയിലെ മാരൻ, ചാലിഗദ്ദ കോളനിയിലെ വേലായുധൻ എന്നിവർ വെടികൊണ്ടുവീണു. സ്ത്രീയെന്നോ പുരുഷനെന്നോ വൃദ്ധരെന്നോ കുഞ്ഞെന്നോ നോക്കാതെ പൊലീസ് ലാത്തിവീശിയടിച്ചു. മൂന്ന് വയസുള്ള കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു. കുട്ടികളെ അടിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നതിലുമപ്പുറമുള്ള വേദനയായിരുന്നു. പൊലീസുകാരിലെ കാമവെറിയൻമാർ സ്ത്രീകളുടെ മാറിൽ കയറിപ്പിടിച്ച്​ നിലത്തുകൂടി വലിച്ചിഴച്ചു. സ്ത്രീകൾ ലൈംഗിക പീഡനത്തിനും ഇരയായി. പയ്യമ്പള്ളി കോളനിയിൽ നിന്ന്​ വന്നവർ പൊൻകുഴി ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. അവിടെവെച്ചാണ് ഞങ്ങളുടെ സഹോദരൻ ജോഗി അണ്ണൻ പൊലീസുകാരുടെ വെടിയേറ്റുമരിച്ചത്. രണ്ടുദിവസം കഴിഞ്ഞാണ് ജോഗിയണ്ണൻ മരിച്ച വിവരം ഞങ്ങളറിഞ്ഞത്. പൊലീസ് മൂന്നുതവണ വെടിവെച്ചു- രാവിലെ ഒന്ന്, ഉച്ചക്ക് ഒന്ന്, വൈകുന്നേരം ഒന്ന്. വൈകുന്നേരം അഞ്ചു മണിക്ക് വെച്ച വെടി എന്നെയും, എം. ഗീതാനന്ദനേയും കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഒരു സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞ് പിന്നീടറിയാൻ സാധിച്ചു. കാടായതു കാരണം അന്നവരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു. അതുകൊണ്ടുമാത്രമാണ്. ഇപ്പോഴും ജീവനോടെയിരിക്കുന്നത്.

ആക്രമണം നടന്നപ്പോൾ നമ്മുടെ ആളുകൾ നാലുപാടും ഓടി കാട്ടിലകപ്പെട്ടു പോയിരുന്നു. ബത്തേരിയിൽ നിന്നുവന്നവർക്കു മാത്രമേ മുത്തങ്ങയുടെ ദിക്കറിയൂ. സമരത്തിൽ പങ്കെടുത്ത കുറെ ആദിവാസികൾ മുത്തങ്ങ പരിസരത്തിനു പുറത്തുള്ളവരായിരുന്നു. കാടിനകത്ത്​ ദിശയറിയാതെ അങ്ങോട്ടുമിങ്ങോട്ടും പോകും. അവരെ കാട്ടിൽ നിന്നിറക്കി നാട്ടിലെത്തിക്കുന്നതിനാണ് ഞാനും ഗീതാനന്ദനും കുറച്ചു പ്രവർത്തകരും രണ്ടുദിവസം കാട്ടിൽ തന്നെ നിന്നത്. രാത്രിയും പകലും എല്ലാവരും പട്ടിണിയിൽ തന്നെ നടന്നു. ചിന്നിച്ചിതറിയ പരമാവധി ആളുകളെ കണ്ടെത്തി പുറത്തിറക്കി. കാട്ടിലകപ്പെട്ട പലർക്കും മറ്റു സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടേണ്ടിവന്നു.

എം. ഗീതാനന്ദനും സി.കെ. ജാനുവും പൊലീസ് കസ്റ്റഡിയിൽ

എന്നെയും ഗീതാനന്ദനെയും ഒളിപ്പിച്ചത് എവിടെയാണെന്നുചോദിച്ച് കോളനികളിൽ കയറിയിറങ്ങി ​പൊലീസ്​ ഭീകരമായ നരനായാട്ട് നടത്തി. കർണാടകയിൽ പോയി ഒരു മാസം നിന്നിട്ട്, എല്ലാ കാര്യവും പത്രങ്ങളിലൂടെ പുറത്തുവിട്ട്​, മജിസ്​ട്രേറ്റിനുമുന്നിൽ ഹാജരാകാമെന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു പ്രധാന പ്രവർത്തകൻ പറഞ്ഞു.

അപ്പോൾ ഞാൻ പറഞ്ഞു; ‘നിങ്ങൾ എവിടേക്കു വേണമെങ്കിലും ഓടിരക്ഷപ്പെട്ടോ, നിങ്ങൾ എവിടെ പോയെന്ന്​ എന്നെ കൊന്നാലും പറയില്ല. എന്നെ കിട്ടാത്തതിന്റെ പേരിൽ ഇനിയൊരു ആദിവാസിയും മർദ്ദനത്തിനിരയാവരുത്. ആദിവാസി കോളനിയിൽ നടക്കുന്ന പൊലീസ് അതിക്രമം അവസാനിക്കട്ടെ. ഇവിടെ നിന്ന്​ഞാൻ രക്ഷപ്പെട്ടാൽ, തിരിച്ചുവരുമ്പോൾ കേരളത്തിലെ കോളനികളിലെ ആളുകളുടെ അവസ്ഥ എന്തായിരിക്കും. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല, ആത്മഹത്യ ചെയ്യുന്നതാണ് ഭേദം. അതുകൊണ്ട് ഞാൻ അറസ്റ്റ് കൊടുക്കാൻ പോകുകയാണ്​.’

അറസ്റ്റ് കൊടുക്കരുതെന്നുപറഞ്ഞ് അദ്ദേഹം എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു. ആ സമയം കൂടെ അജിതയും മഞ്ജുവും ഉണ്ടായിരുന്നു. പൊലീസുകാർ കൈയ്യിൽ കിട്ടുന്നവരെ ഭീകരമായി മർദ്ദിക്കുന്നുണ്ടായിരുന്നു. എന്നോടൊപ്പം അജിതയും മഞ്ജുവും പിടിക്കപ്പെട്ടാൽ അവരെയും മർദ്ദിക്കും. അതിനാൽ എന്റെ കൂട്ടത്തിൽ നിന്ന്​ അവരെ മാറ്റിനിർത്താൻ ശ്രമിച്ചു. പക്ഷെ, എന്നെ വിട്ടുപോകില്ലെന്ന്​ രണ്ടുപേരും പറഞ്ഞു. എല്ലാവരെയും ഒന്നിച്ച്​ അറസ്റ്റ് ചെയ്യട്ടെ, ഞങ്ങളും ഒപ്പം വരുമെന്ന് അവർ പറഞ്ഞു. എന്നാൽ, എന്റെ മുമ്പിലിട്ട് അവരെ പൊലീസ്​മർദ്ദിക്കുന്നത്​ കാണാതിരിക്കാൻ ഞാനവരോട് പൊലീസ് വരുന്നുണ്ട്, ഓടിക്കോ എന്നു പറഞ്ഞു.

അവർ മറ്റു പ്രവർത്തകർക്കൊപ്പം മുന്നോട്ട് ഓടിയപ്പോൾ ഞാനും ഗീതാനന്ദനും അവരോടൊപ്പം ഓടാതെ പുറകോട്ടുവന്നു. എല്ലാവരും പുറത്തിറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം ഞാനും ഗീതാനന്ദനും കാട്ടിൽ നിന്നിറങ്ങി. ഞങ്ങൾ മുത്തങ്ങയുടെ സമീപത്തുള്ള തിണൂർ കോളനിയിലെത്തി. എന്നെയും ഗീതാനന്ദനെയും ചോദിച്ച് പൊലീസ് വിസിലൂതി ആളുകളെ ഓടിച്ചിട്ട് തല്ലുന്നത് ഞങ്ങൾ നേരിട്ടുകണ്ടു. അതേതുടർന്ന്​ അറസ്റ്റ് കൊടുക്കാൻ രാവിലെ കോളനിയിൽ നിന്ന്​ റോഡിലിറങ്ങി. ഫെബ്രുവരി 22ന് തിണൂർ കോളനിയുടെ തൊട്ടടുത്ത അമ്മായിപാലത്തി (നമ്പികൊല്ലി പാലം) നടുത്തുവച്ച്​ ഞങ്ങൾ അറസ്റ്റ് കൊടുത്തു. പൊലീസ്​ പിടിയിൽ നിന്ന്​ രക്ഷപ്പെട്ടതുകൊണ്ട് അജിതയുടെയും മഞ്ജുവിന്റെയും പേരിൽ കേസുണ്ടായില്ല.

എം. ഗീതാനന്ദൻ മുത്തങ്ങ സമരകാലത്ത്

കൈയ്യിൽ കിട്ടിയപ്പോൾ ഗീതാനന്ദനെയും എന്നെയും തേനീച്ച പൊതിയുന്നതുപോലെയാണ് പൊലീസുകാർ മർദ്ദിച്ചത്. എവിടെ നിന്നെല്ലാമാണ് അടി വരുന്നതെന്ന് കാണാൻ പോലും കഴിഞ്ഞില്ല. ആൺപൊലീസാണ് അടിച്ചതും ഉപദ്രവിച്ചതും. സ്റ്റാർട്ടാക്കി നിർത്തിയ വണ്ടിയിലേക്ക് റോഡിൽ നിന്ന്​ ഒറ്റച്ചവിട്ടിന് ഞങ്ങളെ കയറ്റി. നമ്പികൊല്ലിയിൽ നിന്ന്​ സുൽത്താൻ ബത്തേരിയിലേക്ക് നേരിട്ട് നല്ല റോഡുണ്ടായിട്ടും നമ്പികൊല്ലി- കല്ലൂർ റോഡുവഴി നാലുതവണ ചുറ്റിയടിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറോളം ഏതൊക്കെയോ വഴികളിലൂടെ ഞങ്ങളെ കൊണ്ടുപോയി. പൊലീസ് ബസിൽ മുകളിലെ കമ്പിയിൽ രണ്ടു കൈയും പിടിച്ച് തൂങ്ങിനിന്നാണ് ഞങ്ങളെ തൊഴിച്ചത്. തലമുടിയോടുകൂടി ചുരുട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയിൽ തുടരെത്തുടരെ ഇടിച്ചു. എന്റെ തുടയിൽ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ശരീരത്തിൽ നിന്ന്​ ഇറച്ചി കുത്തിപ്പറിച്ചെടുക്കുന്ന വേദനയായിരുന്നു. ലാത്തി വെച്ചും, ബൂട്ടു കൊണ്ടും കൂട്ട മർദ്ദനമായിരുന്നു. കാലിന്റെ മേൽ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച് തിരിച്ചു. അപ്പോൾ, പ്രാണൻ പോകുന്ന പോലെയായിരുന്നു. കണ്ണിന്റെ സൈഡിലുള്ള എല്ലിന് അടികൊണ്ട് കണ്ണ് മിഴിഞ്ഞുപോയി.

ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയും ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു. ബൂട്ടിട്ട് അടിവയറ്റിൽ തൊഴിച്ചു. ആ തൊഴിയിൽ ഞാനറിയാതെ മൂത്രമൊഴിച്ചുപോയി. അടിവയറ്റിൽ തൊഴി കൊണ്ട് ശരീരത്തിൽ നിന്ന്​ കറുപ്പുരക്തം വരാൻ തുടങ്ങി. എന്നെ കൊല്ലാൻ പോകുകയാണെന്നുതന്നെ കരുതി. അപ്പോഴും, മനസ്സിൽ ആദിവാസികൾക്ക് ഭൂമി നേടിയെടുക്കാനുള്ള സമരം വിജയത്തിലെത്താതെ മരിക്കേണ്ടിവരുമോ എന്നായിരുന്നു ചിന്ത. ആദിവാസികൾക്ക് ഭൂമി കിട്ടാൻ മരിക്കാൻ തയ്യാറുള്ള ഞാൻ ഈ മർദ്ദനത്തെയൊന്നും കാര്യമാക്കിയില്ല. ഇവരുടെ മുമ്പിൽ മുട്ടുമുടക്കാനും തയ്യാറായിരുന്നില്ല.

ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ നിന്ന്​ ഞങ്ങളെ ബത്തേരി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ മോളി എന്ന വനിതാപൊലീസ് എന്റെ നട്ടെലിന് ബൂട്ടിട്ട് ഒറ്റച്ചവിട്ട്. പൊലീസ് സ്റ്റേഷൻ മുറ്റത്തേക്ക് ഞാൻ തെറിച്ചുവീണു. വീണുകിടന്ന എന്നെ സ്റ്റേഷനിൽ വലിച്ചുകേറ്റി. ഭീകരജീവികളെ പോലെ എന്നെയും ഗീതാനന്ദനെയും നാട്ടുകാരുടെ മുമ്പിൽ പ്രദർശിപ്പിച്ചു. നാട്ടുകാരാണ് ഞങ്ങളെ മർദ്ദിച്ചത്​ എന്നാണ്​ പൊലീസ്​ പ്രചരിപ്പിച്ചത്.

പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിനിരയായ സി.കെ. ജാനു

വെടിവെപ്പിനുശേഷം രണ്ടു ദിവസം രാത്രിയും പകലും പട്ടിണിയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇത്തിരി കഞ്ഞി തന്നു. എനിക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. പക്ഷേ, ഭീകരമർദ്ദനത്തെതുടർന്ന്​ ചുണ്ടും വായും പൊട്ടി രക്തമൊലിച്ച് നീരുവെച്ചിരിക്കുകയായിരുന്നു. വാ തുറക്കാനോ കഞ്ഞി ചവച്ചു കഴിക്കാനോ പറ്റുന്നില്ല. കഞ്ഞിവെള്ളം മാത്രം കുടിച്ചു.

മുത്തങ്ങ സംഭവത്തിന്റെ പേരിൽ നിരപരാധിയായ കെ.കെ. സുരേന്ദ്രൻ ഭീകരമായ പൊലീസ്​ മർദ്ദനത്തിനിരയായി. ഗീതാനന്ദൻ ഫോൺ നമ്പർ എഴുതിയ ബുക്കിൽ നിന്ന്​ സുരേന്ദ്രന്റെ നമ്പർ കിട്ടിയെന്നുപറഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബത്തേരി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. ആദിവാസികൾക്ക് ക്ലാസെടുത്തവനല്ലേ എന്നുപറഞ്ഞ്​ അദ്ദേഹത്തെ ഭീകരമായി മർദ്ദിച്ചു.

എന്നെ വലിച്ചിഴച്ച് സുരേന്ദ്രന്റെ മുന്നിൽ കൊണ്ടുവന്നുനിർത്തി.
അദ്ദേഹത്തെ അറിയുമോന്ന് ചോദിച്ചു.
അറിയില്ലെന്ന്​ ഞാൻ പറഞ്ഞു.

ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നതുപോലും അവിടെ വെച്ചായിരുന്നു. അറിയില്ലെന്നുപറഞ്ഞപ്പോൾ മർദ്ദനമേറ്റ് വിങ്ങിയ എന്റെ കവിളിൽ വീണ്ടും വീണ്ടും ശക്തിയായി അടിച്ചു. മറ്റുള്ള ആദിവാസികളോടും സുരേന്ദ്രനെ അറിയുമോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന ഉത്തരത്തിന് സുരേന്ദ്രനെയും ഞങ്ങളെയും ഒരുപോലെ മർദ്ദിച്ചു. കെ.എ.പിക്കാർ സംഘമായി വന്ന് മാറിമാറി മർദ്ദനം തുടർന്നു. ഗീതാനന്ദനെയും ഭീകരമായി മർദ്ദിച്ചു. രാത്രി പവർകട്ടുസമയത്ത് ഭ്രാന്തുപിടിച്ചതുപോലെ പൊലീസ്​ ഞങ്ങളെയെല്ലാവരെയും ഇരുട്ടിലിട്ട് ലാത്തികൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.

സുരേന്ദ്രന്​ ആദിവാസി ഗോത്രമഹാസഭയുമായോ ഞാനുമായോ യാതൊരു ബന്ധവും ഇല്ലായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് ക്ലാസെടുത്തിട്ടുമില്ല. പൊലീസ് മർദ്ദനത്തിൽ അദ്ദേഹത്തിന്റെ കർണ്ണപടം പൊട്ടി, കേൾവി തകരാറിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഗുരുതര മർദ്ദനമേറ്റതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. അദ്ദേഹം ബത്തേരി ഡയറ്റിലെ അദ്ധ്യാപകനായിരുന്നു എന്നത് പിന്നീടാണ് ഞാനറിഞ്ഞത്.

കെ.കെ. സുരേന്ദ്രൻ Photo: Truecopy Think

ഒരു ദിവസം ഞങ്ങളെ ബത്തേരി പൊലീസ് സ്റ്റേഷനിലിട്ടു. പിറ്റേന്ന് ബത്തേരി കോടതിയിൽ ഹാജരാക്കി. മൂന്ന് വനിതാ പൊലീസുകാർ എന്റെയൊപ്പമുണ്ടായിരുന്നു. റംലത്ത് എന്ന പൊലീസുകാരി എന്നെ അടിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന ഒരു വനിതാ പൊലീസിന് എന്റെ മുഖത്തേക്ക് നോക്കുമ്പോൾ വളരെ സങ്കടമുണ്ടായിരുന്നു. അവരുടെ മുഖഭാവം കാണുമ്പോൾ എനിക്കത് മനസ്സിലായിരുന്നു. മജിസ്​ട്രേറ്റിനുമുമ്പിൽ ഹാജരാവാൻ നിന്നപ്പോൾ എന്നെ മർദ്ദിച്ച മോളി എന്ന വനിതാ പൊലീസ് ബോധം കെട്ടു വീണു. പൊലീസുകാരെല്ലാം ചേർന്ന് ഇരുവശവും പിടിച്ച് അവരെ എടുത്തുകൊണ്ടുപോയി വെള്ളം കൊടുത്തു. എന്തെങ്കിലും പറയാനുണ്ടോ എന്ന്​ മജിസ്​ട്രേറ്റ്​ ചോദിച്ചു. മറ്റുള്ള മുഴുവൻ ആളുകളെയും വെറുതെ വിടണമെന്നും എല്ലാ കേസും എന്റെ പേരിൽ എടുക്കണമെന്നും ഞാനാവശ്യപ്പെട്ടു.

മുഖം എന്താ വീർത്തിരിക്കുന്നതെന്ന് മജിസ്​ട്രേറ്റ്​ ചോദിച്ചു.

പൊലീസ് മർദ്ദിച്ചതാണെന്ന് ഞാൻ പറഞ്ഞു.

ആ സമയം ബാക്കിയുള്ളവരെല്ലാം ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലും, പൊലീസ് സ്റ്റേഷനിലുമായിരുന്നു. കോടതിയിൽനിന്ന് എന്നെയും, ഗീതാനന്ദനെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ വൈത്തിരി, കണ്ണൂർ ജയിലുകളിലേക്ക്​ മാറ്റി. അവിടെ ആളുകൾ നിറഞ്ഞപ്പോൾ കോഴിക്കോട് ജയിലിലേക്ക്​ കൊണ്ടുവന്നു. ബത്തേരി, മാനന്തവാടി ആശുപത്രികളിൽ പരിക്കേറ്റ് അഡ്മിറ്റായ ആദിവാസികളെ ഡിസ്ചാർജ്ജാക്കി നേരെ ജയിലിലേക്ക് കൊണ്ടുവന്നു.

ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങൾ എന്നോടുചോദിച്ചു, പുറത്തുവന്നാൽ ഭൂസമരത്തിന് പോകുമോ എന്ന്.
അപ്പോൾ ഞാൻ പറഞ്ഞു, ഇനിയും ഭൂസമരത്തിന് പോകും എന്ന്​.
മാധ്യമങ്ങളോട് അധികം സംസാരിക്കാൻ പൊലീസ്​ അനുവദിച്ചില്ല.

ജയിലിൽ ആരു വന്നാലും നമ്മളെ കാണാൻ ഒരു മാസം പൊലീസ്​ അനുവദിച്ചില്ല. മുത്തങ്ങയിൽ ഞങ്ങളുടെ വസ്ത്രമെല്ലാം പൊലീസ് തീയിട്ട് നശിപ്പിച്ചിരുന്നു. റിമാൻഡിൽ കഴിയുമ്പോൾ ഇടാൻ വസ്ത്രമില്ലാത്തതുകൊണ്ട് ജയിൽ പുള്ളികൾ ധരിക്കുന്ന വെള്ളവസ്ത്രമാണ് ധരിക്കാൻ തന്നത്. എന്റെ ശരീരം മുഴുവൻ അടി കൊണ്ട് കറുത്തപാടുകളായിരുന്നു. രണ്ടാഴ്ച ശരീരം മുഴുവൻ നീരായിരുന്നു. തലക്കടിയേറ്റതുകൊണ്ട്​ നീരുവെച്ച് ചെവി കേൾക്കാതായി. ഓർമ നഷ്ടപ്പെട്ടു തുടങ്ങി.

ജയിലിൽനിന്ന്​ മൂന്നു ദിവസത്തേക്ക്‌ ക്രൈംബ്രാഞ്ച്​ കസ്​റ്റഡിയിൽ കൊണ്ടുപോയി. അവർ ചുറ്റിനുമിരുന്ന് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നു. ആദിവാസി സ്ത്രീകളെ മുത്തങ്ങയിൽ കൊണ്ടുപോയി ഗീതാനന്ദന് കൂട്ടികൊടുക്കുന്ന പണിയല്ലേ നീ ചെയ്തത് എന്നായിരുന്നു ചോദ്യം. മുത്തങ്ങയിൽ നിന്നും പുരുഷന്മാരുടെ കൈയ്യിൽ നിന്നും ഗർഭനിരോധന സാധനങ്ങൾ കിട്ടിയെന്നും അവർ പറഞ്ഞു. അതെന്താണെന്നുകൂടി എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞു. മാന്യതയില്ലാത്ത, മനുഷ്യത്വം തൊട്ടുതീണ്ടാതെ, അമ്മയും പെങ്ങളും ഭാര്യയും മകളും ഒന്നുമില്ലാത്ത രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ​ക്രൈംബ്രാഞ്ചിന്റേത്​.

വിനോദിനെ കൊന്നത് ഗീതാനന്ദനാണെന്ന് പത്രക്കാരുടെ മുന്നിൽ പറഞ്ഞാൽ എന്റെ പേരിൽ കേസെടുക്കാതെ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു മറ്റൊരു വാഗ്​ദാനം. പത്രക്കാരെ ഇവിടെ വിളിച്ചു വരുത്താം, അല്ലെങ്കിൽ കുറെ വകുപ്പുകൾ ചേർത്ത് പുറത്തിറങ്ങാൻ പറ്റാത്തവിധം അകത്തിടുമെന്ന് ചോദ്യം ചെയ്യലിനിടയിൽ അവർ പറഞ്ഞു.

അപ്പോൾ ഞാനവരോട് പറഞ്ഞു: ‘പൊലീസുകാരനെ കൊന്നു എന്ന് പറഞ്ഞിട്ടാണല്ലോ എന്നെ ഭീകരമായി മർദ്ദിച്ച് കസ്റ്റഡിയിൽ കൊണ്ടുവന്നത്, അതുകൊണ്ട് എന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം. അല്ലെങ്കിൽ നിങ്ങൾക്കെതിരെ ഞാൻ കേസു കൊടുക്കും. പരമോന്നത നീതിപീഠത്തിന്റെ ഏറ്റവും വലിയ വിധിയാണ് തൂക്കിക്കൊല്ലുന്ന വിധി, ആ ശിക്ഷ സ്വീകരിക്കാൻ തയ്യാറായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. അതുകൊണ്ട് അതിനിടയിലുള്ള വകുപ്പുകളൊന്നും പറഞ്ഞ് എന്നെ പേടിപ്പിക്കരുത്.’

എൽ.ടി.ടി.ഇ എന്ന തീവ്രവാദ സംഘടനയുമായി എന്താണ് ബന്ധം? അതിന്റെ ആരാണ് നിങ്ങളുടെ അടുത്തുവന്നത്? നിങ്ങൾക്ക് പണം തന്ന് സഹായിക്കുന്നത് ആരാണ്? പീപ്പിൾസ് വാർ ഗ്രൂപ്പുകളുമായും നക്​സലൈറ്റുകളുമായും എന്താണ്​ ബന്ധം? എന്നെല്ലാം അവർ ചോദിച്ചു. പിന്നെ, അരുന്ധതി റോയിയെക്കുറിച്ച് ചോദിച്ചു. ആ ‘ലോക വേശ്യയുമായിട്ടാണോ നിങ്ങൾക്ക് കൂട്ട്’ എന്നു ചോദിച്ചപ്പോൾ ഉള്ളിൽ അടക്കാനാകാത്ത വേദന തോന്നി. കാരണം, ഞാൻ വളരെയധികം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളാണ് അരുന്ധതി റോയി.

ഇതെല്ലാം ചോദിച്ചിട്ടവർ പറഞ്ഞു, സാധാരണ ആളുകൾ ഞങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങുമ്പോഴേ കരയാൻ തുടങ്ങും, പക്ഷെ നിന്റെ കണ്ണിൽ നിന്ന്​ ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല, നീ ഞങ്ങൾ വിചാരിച്ച പോലെയല്ല.

കണ്ണീരിന്റെ വിലയറിയാത്ത നിങ്ങളുടെ മുന്നിൽ കരഞ്ഞാൽ ഞാൻ സ്വയം വിഡ്ഢിയാകും, അതാണ് കരയാത്തതെന്ന് ഞാനവരോട്​ പറഞ്ഞു.

ചോദ്യം ചെയ്യലിനിടയിൽ ചായ കൊണ്ടുവന്നു. കുപ്പിഗ്ലാസിൽ നിന്ന്​ ചായ സ്റ്റീൽ ഗ്ലാസിലേക്ക് മാറ്റി എനിക്കുതന്നു. എനിക്കത് എന്തോ അയിത്തം കൽപ്പിക്കുന്നതുപോലെയാണ് തോന്നിയത്. ആ ചായ ഞാൻ കുടിച്ചില്ല. അവരത് തിരിച്ചുകൊണ്ടുപോയി.

എന്ത് ചോദിക്കാനുണ്ടെങ്കിലും നാളെ രാവിലെ ആറു മണിക്കുള്ളിൽ ചോദിക്കണം, അതിനുശേഷം ഞാൻ ഒരു ചോദ്യത്തിനും ഉത്തരം പറയില്ലെന്ന്​ അവരോട് പറഞ്ഞു.

‘പൊലീസിനെ കൊന്നതിന്റെ പേരിലാണ് നിങ്ങളെയൊക്കെ ഇങ്ങോട്ട് കൊണ്ടുവന്നത്, അതിന് ഞങ്ങളെ എന്തിനാ ഉറങ്ങാൻ സമ്മതിക്കാതെ നീ ശിക്ഷിക്കുന്നത്​’ എന്നവർ എന്നോട് ചോദിച്ചു. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് കൊണ്ടുപോയിട്ട്, രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജയിലിൽ കൊണ്ടാക്കി. ചോദ്യം ചെയ്യലിന്റെ ഒരു ദിവസം എന്റെ കൂട്ടുകാരി എറണാകുളത്തുള്ള അഡ്വ. പ്രീത കെ.കെ അവിടെ വന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ മുന്നിൽ വെച്ചുതന്നെ പ്രീത എന്നോട് ചോദിച്ചു, ഇവർ മർദ്ദിച്ചോ എന്ന്​. ഉണ്ടെങ്കിൽ പേടിക്കാതെ ധൈര്യമായി പറയാനും പ്രീത പറഞ്ഞു. ക്രൈംബ്രാഞ്ച്​ ചോദ്യം ചെയ്യലിൽ എനിക്ക് ദേഹോപദ്രവമുണ്ടായിട്ടില്ല.

(ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സി.കെ ജാനുവിന്റെ ആത്മകഥയിൽ നിന്ന് ഒരു ഭാഗം. "അടിമമക്ക' എന്ന ആത്മകഥ ട്രൂകോപ്പി ഉടൻ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments