ഗാന്ധി ഓർത്തുവിളിച്ച രാമനും സംഘപരിവാർ ആർത്തുവിളിക്കുന്ന രാമനും

ഇന്ന്​ അയോധ്യയിൽ കല്ലിട്ട ക്ഷേത്രത്തിൽ പ്രതിഷ്ഠയാവുന്നത് ആരുടെ രാമൻ എന്ന ചോദ്യം ചോദിക്കാതെ പോവരുത്. ആ ചോദ്യമുന്നയിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നെഹ്‌റുവിന്റെ പിൻഗാമികൾക്കില്ല. എന്നാലും ആ വലിയ ചോദ്യം ഇല്ലാതാവുന്നില്ല. അത് എന്തായാലും ഗാന്ധിജിയുടെ രാമനല്ല. ഗാന്ധിജിയുടെ ഘാതകരുടെ രാമനാണ്

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രത്തിന് കല്ലിട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവിന് കാരണമായ ഒരു സമസ്യ പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യക്ക് പരിചിതനല്ലാത്ത ഒരു രാമനെയാണ് അവിടെ പ്രതിഷ്ഠിക്കുന്നത്. ഗാന്ധിജി ജീവിതത്തോട് ചേർത്തുനിർത്തുകയും മരണസമയത്ത് ഓർമിച്ചെടുത്ത് കാരുണ്യത്തോടെ വിളിക്കുകയും ചെയ്ത രാമനാണ് ഇന്ത്യക്കാർക്ക് പരിചയമുണ്ടായിരുന്ന രാമൻ.

ഗാന്ധിജി

അത് ആദികവി വാൽമീകി കണ്ടെത്തിയ രാമനാണ്. ഗാന്ധിജിയോടൊപ്പം ആ രാമനെയും സംഘപരിവാർ കൂട്ടായ്മ അന്ന് ഇല്ലാതാക്കി. അതിനുശേഷം അവർ പോർവിളിയിലൂടെ സൃഷ്ടിച്ച രാമൻ ഇന്ന് പ്രതിഷ്ഠയിലൂടെ പുതിയ അസ്ഥിത്വം ഉറപ്പാക്കുകയാണ്. പുതിയ രാമൻ എല്ലാ തലത്തിലും ഒരു ഹിന്ദു ഇന്ത്യയുടെ പ്രതീകമാണ്.

അത് ബ്രിട്ടീഷുകാരുടെ രാമനായിരുന്നു

വാൽമീകി രാമായണത്തിന്റെ കാലം ബി.സി. നാനൂറിനടുത്തായിരിക്കണം എന്നാണ് പണ്ഡിതന്മാർ പൊതുവിൽ കരുതുന്നത്. അയോദ്ധ്യയിലെ രാജാവായി വാൽമീകി രാമനെ അവതരിപ്പിച്ചിട്ട് ഇരുപത്തിനാലു നൂറ്റാണ്ടുകൾ പിന്നിട്ടു എന്നർത്ഥം. പതിനേഴാം നൂറ്റാണ്ടുവരെ വാൽമീകിയുടെ രാമന്റെ ജീവിതം ഐതിഹ്യത്തിലും വിശ്വാസത്തിലും ഒതുങ്ങിനിന്നു. അതിനുശേഷം ബ്രട്ടീഷുകാരാണ് രാമനെ ആദ്യമായി രാഷ്ടീയലാഭത്തിനായി ഉപയോഗിച്ചത്. 1857-ലെ ശിപ്പായിലഹളയുടെ പശ്ചാത്തലത്തിൽ അവർ കണ്ടെത്തിയ

മതേതര- സോഷ്യലിസ്റ്റ് രാഷ്ട്രീയ സങ്കൽപത്തിന്റെ പ്രതീകമായി ഗാന്ധിജി ഉയർത്തിക്കൊണ്ടു വന്ന രാമരാജ്യം തീവ്രവലതുപക്ഷ ഹൈന്ദവ രാഷ്ട്രീയ സങ്കൽപത്തിലേക്ക് പടർത്തിവെക്കുമ്പോൾ വരുന്ന അർത്ഥവ്യത്യാസം നമ്മൾ കാണാതെ പോവരുത്

എളുപ്പവഴിയായിരുന്നു ആ പ്രദേശത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കൽ. അതിന്റെ ആദ്യകളരിയായി അവർ തിരഞ്ഞെടുത്തത് അയോദ്ധ്യയിലെ ബാബർപള്ളി പരിസരമായിരുന്നു. പളളിയുടെ മുന്നിലുണ്ടായിരുന്ന സർക്കാർ സ്ഥലം അയോദ്ധ്യയിലെ ഹിന്ദുപൂജാരികൾക്ക് പതിച്ചുകൊടുത്താണ് അതിന് തുടക്കം കുറിച്ചത്. ബാബരി പള്ളിയുടെ മുമ്പിലായി ഒരു ഭജനത്തറ നിർമിക്കാൻ അവർ ഹിന്ദുക്കൾക്ക് അനുവാദം കൊടുത്തു. ഇന്ത്യൻ വർഗീയതയുടെ ചരിത്രം യഥാർത്ഥത്തിൽ അവിടെത്തുടങ്ങുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം അന്നുമുതൽ പ്രാവർത്തികമായി. ഭജനത്തറ കൊണ്ട് ഹിന്ദുക്കൾ തൃപ്തരായില്ല. 1885-ൽ ബ്രിട്ടീഷ് അനുകൂലിയായ രഘുവീർദാസ് എന്ന പൂജാരി ഭജനത്തറമേൽ ക്ഷേത്രം പണിയാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഫൈസാബാദ് കോടതിയിൽ ഹർജി നൽകി. എന്നാൽ ഹിന്ദുവിശ്വാസി കൂടിയായിരുന്നിട്ടും അന്നത്തെ ജഡ്ജി ഹരികിഷൻ ശാസ്ത്രി ആ ഹർജി സ്വീകരിച്ചില്ല. പള്ളിക്കു തൊട്ടുമുന്നിൽ ക്ഷേത്രം പണിയുന്നത് ഹിന്ദു- മുസ്‌ലിം ഐക്യത്തിന് അപകടമുണ്ടാക്കും എന്ന് പറഞ്ഞാണ് ജഡ്ജി പൂജാരിയുടെ ഹർജി തള്ളിക്കളഞ്ഞത്. ആ ജഡ്ജി അന്ന് കാണിച്ച വിവേകത്തെ പിന്നീട് ഈ വിഷയം കൈകാര്യം ചെയ്തവരുടേതുമായി ഒത്തുനോക്കുമ്പോൾ ഇന്ത്യയിലെ വർഗീയതയുടെ ആഴം മനസ്സിലാകും. എന്തായാലും അയോദ്ധ്യയിലെ രാമൻ അതുവരെ ഇന്ത്യയിൽ ഒരു പ്രശ്‌നക്കാരനായി നിലകൊണ്ടില്ല എന്നാണ് ചരിത്രം പറയുന്നത്. വർഗീയതയുടെ ഉടുപ്പണിഞ്ഞ് വാൽമീകിയുടെ രാമൻ പിന്നീട് രംഗത്തെത്തുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. 1528 ൽ പണിത അയോദ്ധ്യയിലെ ബാബരി മസ്ജിദ് എന്ന മുസ്‌ലിം ദേവാലയത്തിന്റെ മേൽ അധികാരം അവകാശപ്പെട്ടുകൊണ്ടാണ് രാമന്റെ രാഷ്ട്രീയപ്രവേശം. അയോദ്ധ്യയിൽ രാമന്റെ പേരിൽ തുടങ്ങിയ തർക്കം മെല്ലെ ഹിന്ദുക്കളും മുസ്‌ലിംകളുമായുള്ള തർക്കമായി വികാസം കൊണ്ടു. അതിന് പുതിയ രാഷ്ട്രീയമാനങ്ങൾ കൈവന്നു.

നെഹ്‌റുവിന്റെ പിൻഗാമികൾ വെറും കാഴ്ചക്കാർ

ഇതുമായി ബന്ധപ്പെട്ട അടുത്ത അദ്ധ്യായം കുറിക്കപ്പെട്ടത് 1949 ഡിസംബർ 23നാണ്. സ്വതന്ത്ര ഇന്ത്യയിലെ രാമന്റെ പേരിലുള്ള ആദ്യ ഇടപെടൽ. 1949 ഡിസംബർ 23ന് ബാബരി മസ്ജിദിനകത്ത് രാമനെ രഹസ്യമായി കടത്താൻ അയോദ്ധ്യയിലെ ചില ഹിന്ദുക്കൾ തയ്യാറായി. ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അവരത് ചെയ്തത്. അനധികൃതമായി അതിനകത്ത് കടന്ന് അവരവിടെ ഒരു പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. ഹിന്ദുമഹാസഭയാണ് ഇതിനുപിറകിൽ പ്രവർത്തിച്ചത്. സ്വാതന്ത്ര്യം കിട്ടിയ ഉടൻ ബാബരി മസ്ജിദ് പിടിച്ചടക്കുന്നതിനെപ്പറ്റി ഹിന്ദു മഹാസഭ ആലോചിച്ചു തുടങ്ങിയിരുന്നു. മുസ്‌ലിംകൾ ബാബരി മസ്ജിദിൽ നിസ്‌കരിക്കുന്നത് തടയാൻ പോലും അവർ ശ്രമിച്ചിരുന്നു. 1949ലെ സംഭവത്തിന് സഹായം ചെയ്തത് അന്നവിടെ

ഹരികൃഷൻ ശാസ്ത്രി എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ സബ് ജഡ്ജിയിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ നീതിബോധത്തിലേക്കുള്ള യാത്രയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്

മജിസ്‌ട്രേറ്റായിരുന്ന കെ. കെ. നായരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള നായർ ബാബരി മസ്ജിദിനുമുന്നിൽ ഭജന പാടി പുതിയൊരന്തരീക്ഷത്തിനു സാധ്യതയൊരുക്കി. എന്നിട്ടാണ് രഹസ്യമായി പളളിയ്ക്കകത്ത് വിഗ്രഹം കൊണ്ടുവെച്ചത്. ഈ വാർത്ത അടുത്ത ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു അറിയുന്നത്. അദ്ദേഹം അന്നുതന്നെ വിഷയത്തിൽ ഇടപെട്ടു. ഉടൻ അത് നീക്കി പള്ളി പഴയ സ്ഥിതിയിൽ നിലനിർത്തണമെന്ന് പ്രധാനമന്ത്രി ഉത്തരവിട്ടു. പിന്നിട്ടിങ്ങോട്ട് ഈ പള്ളിയുമായി നടന്ന വിവാദ സംഭവങ്ങൾ ഇപ്പോൾ പൊതുമണ്ഡലത്തിന്റെ മുന്നിലുണ്ട്. ഹിന്ദുത്വ രാഷ്ടീയത്തിന്റെ രാസത്വരകമായി ആ വിവാദം വർത്തിച്ചു. ഒടുവിൽ ലാൽ കൃഷ്ണ അദ്വാനി എന്ന ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. നെഹ്‌റുവിന്റെ പിൻഗാമികൾ വെറും കാഴ്ചക്കാരായി.

അതോടെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ വേരുറപ്പിച്ചു. രാമക്ഷേത്ര നിർമാണം അവരുടെ മുഖ്യ അജണ്ടയായി. മതാധിഷ്ഠിത ജനാധിപത്യം വളർത്തുന്നതിൽ ഈ അജണ്ട പുതിയ രാസത്വരകമായി. സമൂഹത്തിന്റെ എല്ലാ ചലനത്തിലും മതചിന്ത ക്രമേണ വ്യാപിച്ച് സ്വാധീനമുറപ്പിച്ചു. അതിന്റെ പ്രതിഫലനങ്ങൾ വിജയം കണ്ടു. മസജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി അനുവാദം നൽകി.

പ്രതിഷ്ഠയായത് ആരുടെ രാമൻ?

ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി അതേ അയോദ്ധ്യയിൽ എത്തി. ജവഹർലാൽ നെഹ്‌റു എന്ന ആദ്യ പ്രധാനമന്ത്രി സംരക്ഷിക്കാൻ ആവശ്യപ്പെട്ട ബാബരി മസ്ജിദിന്റെ മണ്ണിൽ. മതേതരത്വത്തിൽ നിന്ന് ഹിന്ദുത്വത്തിലേക്ക് ഇന്ത്യ നടന്ന വഴിയാണ് അയോദ്ധ്യയിലെ ഈ ചടങ്ങ് അടയാളപ്പെടുത്തുന്നത്. നെഹ്‌റുവിൽ നിന്ന് മോദിയിലേക്കുള്ള അകലവും ഇത് നമ്മളെ ഓർമിപ്പിക്കുന്നു. ഹരികൃഷൻ ശാസ്ത്രി എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ സബ് ജഡ്ജിയിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ നീതിബോധത്തിലേക്കുള്ള യാത്രയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. ഇന്നവിടെ തുടക്കം

ഒരു ക്ഷേത്രം പണിത് അതിനകത്ത് തടവിലാക്കാവുന്ന രാമനല്ല ഗാന്ധിജിയുടെ രാമൻ. അത് ഭാരതിയ ധർമത്തിന്റെ പ്രതീകമാണ്

കുറിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠയാവുന്നത് ആരുടെ രാമൻ എന്ന ചോദ്യം നമ്മൾ ചോദിക്കാതെ പോവരുത്. ആ ചോദ്യമുന്നയിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നെഹ്‌റുവിന്റെ പിൻഗാമികൾക്കില്ല. ആ ശേഷി നിലവിലെ പ്രതിപക്ഷത്തിനുമില്ല. എന്നാലും ആ വലിയ ചോദ്യം ഇല്ലാതാവുന്നില്ല. അത് എന്തായാലും ഗാന്ധിജിയുടെ രാമനല്ല. ഗാന്ധിജിയുടെ ഘാതകരുടെ രാമനാണ്. അവർ അവർക്കുവേണ്ടി നിർമിച്ചെടുത്ത രാമൻ. വാൽമീകിയുടെ രാമനല്ല. ഹിന്ദുതീവ്രവാദത്തിന്റെ രാമൻ. മതേതര- സോഷ്യലിസ്റ്റ് രാഷ്ട്രീയ സങ്കൽപത്തിന്റെ പ്രതീകമായി ഗാന്ധിജി ഉയർത്തിക്കൊണ്ടു വന്ന രാമരാജ്യം തീവ്രവലതുപക്ഷ ഹൈന്ദവ രാഷ്ട്രീയ സങ്കൽപത്തിലേക്ക് പടർത്തിവെക്കുമ്പോൾ വരുന്ന അർത്ഥവ്യത്യാസം നമ്മൾ കാണാതെ പോവരുത്. അങ്ങനെ ചെയ്യുന്നത് രാജ്യദ്രോഹമാണ്. ഭാരതിയ പൈതൃകത്തോട് ചെയ്യുന്ന മഹാപാപമാണ്. ഒരു ക്ഷേത്രം പണിത് അതിനകത്ത് തടവിലാക്കാവുന്ന രാമനല്ല ഗാന്ധിജിയുടെ രാമൻ. അത് ഭാരതിയ ധർമത്തിന്റെ പ്രതീകമാണ്. വാൽമീകിയുടെ രാമനെ, ഗാന്ധിജിയുടെ രാമനെ തിരിച്ചുപിടിക്കേണ്ടതുണ്ട്. അയോദ്ധ്യ മുന്നോട്ടു വെക്കുന്ന സങ്കീർണ സമസ്യകൾക്ക് അങ്ങനെ മാത്രമേ പരിഹാരം കണ്ടെത്താനാകൂ.

Comments