ടി.ജി.​ മോഹൻദാസും സി. രവിചന്ദ്രനും പങ്കിടുന്ന വംശീയവെറിവാദം

ഹിന്ദുത്വരാഷ്ട്രീയത്തെ പിന്തുണക്കുന്ന അശ്ലീല സംഘങ്ങളാണ് എസ്സൻസ് ഗ്ലോബൽ, ഫ്രീതിങ്കേഴ്സ് തുടങ്ങിയ പേരുകളിൽ നമ്മുടെ ബൗദ്ധിക മണ്ഡലങ്ങളിൽ വിദ്വേഷം പടർത്തിക്കൊണ്ടിരിക്കുന്ന നവനാസ്തികരെന്ന് തിരിച്ചറിയേണ്ടതുണ്ട്. യുക്തിവാദപ്രസ്ഥാനത്തിന് സംഭവിച്ച ഈയൊരു വിപര്യയത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ വിശകലന വിധേയമാക്കിക്കൊണ്ടുമാത്രമേ ഭൗതികവാദപരവും മാനവികവുമായ ആശയങ്ങളിൽ ആകൃഷ്​ടരാവുന്ന യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം വലതുപക്ഷ പ്രൊഫസർമാരെ തുറന്നു കാട്ടാനാവൂ.

കേരളത്തിലെ യുക്തിവാദികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ ഡാർവിനിസത്തിലേക്കുള്ള ലജ്ജാകരമായ പരിണാമങ്ങളെ കുറിച്ച് പല സുഹൃത്തുക്കളും സംസാരിച്ചിരുന്നു. യുക്തിവാദ പ്രസ്ഥാനത്തിൽ രൂപപ്പെട്ടു വരുന്ന വലതുപക്ഷവൽക്കരണത്തെ കുറിച്ചുള്ള ആശങ്കകകളായിരുന്നു പലരും പങ്കിട്ടത്. യുക്തിവാദപ്രസ്ഥാനവുമായി ആത്മബന്ധം പുലർത്തിയ ഒരു തലമുറയായിരുന്നു ഞങ്ങളുടേത്.

ശാസ്ത്രബോധവും യുക്തിചിന്തയും ഒരാധുനികസാമൂഹ്യ നിർമിതിയുടെ മുന്നുപാധിയായി കണ്ടവരായിരുന്നു ഞങ്ങളെല്ലാം. കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി വ്യക്തിപരമായി ഏറെ അടുപ്പവുമുണ്ടായിരുന്നു. അവരെല്ലാം വലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾക്കെതിരായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി യുക്തിവാദത്തെ കണ്ടവരായിരുന്നു. എന്നാലിന്ന് യുക്തിവാദത്തെ തീവ്രവലതുപക്ഷത്തിനും മതരാഷ്ട്രവാദത്തിനുമാവശ്യമായ ആശയ നിർമിതിക്കുള്ള പ്രഭാഷണകലയാക്കിയ നവനാസ്തികരുടെ കാലമാണ്.
ഹിന്ദുത്വത്തിനുവേണ്ടി തിളക്കുന്ന നവനാസ്തിക പ്രൊഫസർമാരുടെ കാലം.
യുക്തിവാദപ്രസ്ഥാനത്തിന് സംഭവിച്ച ഈയൊരു വിപര്യയത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ വിശകലന വിധേയമാക്കിക്കൊണ്ടുമാത്രമേ ഭൗതികവാദപരവും മാനവികവുമായ ആശയങ്ങളിൽ ആകൃഷ്​ടരാവുന്ന യുവതീയുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം വലതുപക്ഷ പ്രൊഫസർമാരെ തുറന്നുകാട്ടാനാവൂ.

പ്രകൃതിയെയും സമൂഹത്തെയും ഭൗതികവാദപരമായ വീക്ഷണത്തിൽ നിന്ന്​സമീപിക്കുന്നുവെന്ന വ്യാജനേ അങ്ങേയറ്റം പ്രതിലോമപരമായ നിലപാടുകൾ പ്രചരിപ്പിക്കുന്ന ശുഷ്‌ക പണ്ഡിതരായ പ്രൊഫസർമാരെ കുറിച്ച് മാർക്‌സും ലെനിനും നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഫൊയർ ബാഹിനെ കുറിച്ചുള്ള തിസീസിൽ മാർക്‌സും ഭൗതികവാദവുംഅനുഭവമാത്രവാദ വിമർശനത്തിൽ ലെനിനും ഇമ്മാതിരി പ്രൊഫസർമാരുടെ ശുഷ്‌കപാണ്ഡിത്യത്തിന്റെ അനന്തമായ കുസൃതികളെ തൂത്തെറിഞ്ഞ് ശരിയായ ഭൗതികവാദദർശനത്തിലേക്ക് എത്തേണ്ടതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.

ഹിന്ദുത്വരാഷ്ട്രീയത്തെ പിന്തുണക്കുന്ന അശ്ലീല സംഘങ്ങളാണ് എസ്സൻസ് ഗ്ലോബൽ, ഫ്രീതിങ്കേഴ്സ് തുടങ്ങിയ പേരുകളിൽ നമ്മുടെ ബൗദ്ധിക മണ്ഡലങ്ങളിൽ വിദ്വേഷം പടർത്തിക്കൊണ്ടിരിക്കുന്ന നവനാസ്തികരെന്ന് തിരിച്ചറിയേണ്ടതുണ്ട്. കടുത്ത മുസ്​ലിം വിരോധവും കമ്യൂണിസ്റ്റ് വിരുദ്ധതയും സംവരണമടക്കമുള്ള സാമൂഹ്യനീതിതത്വങ്ങളോടുള്ള അസഹിഷ്ണുതയുമാണ് ഈ നവനാസ്തികരുടെ പ്രത്യയശാസ്ത്രം. മതവിമർശനമെന്നത് പ്രധാനമായി ഇസ്​ലാം വിമർശനവും സംഘിയുക്തിയിൽ നിന്നുള്ള ഇസ്​ലാമോഫോബിയ പടർത്തലുമാണെന്ന് വന്നിരിക്കുന്നു.

ചരിത്രത്തെയും മാനവികതയെയും നിരാകരിക്കുന്ന ലളിതയുക്തികളിലൂടെ വിപണിവ്യവസ്ഥയെ സാധൂകരിക്കുന്ന സമീപനമാണ് സി. രവിചന്ദ്രനെ പോലുള്ള നവനാസ്തിക അവതാരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതായത്, സംഘപരിവാർ അജണ്ടക്കാവശ്യമായ രീതിയിൽ ലളിതോക്തികളിലൂടെയും വ്യാജോക്തികളിലൂടെയും തീവ്രമായൊരു വലതുപക്ഷവൽക്കരണമാണ് നമ്മുടെ ചിന്തയുടെയും സംസ്‌കാരത്തിന്റെയും മണ്ഡലത്തിൽ ഈ യുക്തിവാദി കോമാളികൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, ഏകീകൃത സിവിൽകോഡ് തുടങ്ങി ആർ.എസ്.എസ് അജണ്ടക്കാവശ്യമായ യുക്തിനിർമ്മിതിയിലൂടെ ‘പ്രൊജക്ട് ഹിന്ദുത്വ'യുടെ ക്വട്ടേഷൻ പ്രചാരണമാണിക്കൂട്ടർ ഏറ്റെടുത്തിരിക്കുന്നത്. കാശ്മിരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പും ന്യൂനപക്ഷ പരിരക്ഷാവ്യവസ്ഥകളും എടുത്തുകളയണമെന്ന വാദമാണല്ലോ നവനാസ്തികർക്കുമുള്ളത്. ഇന്ത്യയുടെ ചരിത്രപരവും സാമൂഹ്യവുമായ യാഥാർത്ഥ്യങ്ങളെ കാണാതെ എന്തിനാണ് ചില പ്രത്യേക സംസ്ഥാനങ്ങൾക്കും വിഭാഗങ്ങൾക്കും പ്രത്യേക അവകാശങ്ങൾ എന്ന കേവലയുക്തിയിൽ നിന്നാണ് ഇക്കൂട്ടർ ഇത്തരമൊരു സമീപനമെടുക്കുന്നത്. ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിലും ഇതേ ലളിതയുക്തിയാൽ നിന്നാണിവർ ആർ.എസ്.എസിന്റെ ഏകീകൃത സിവിൽ കോഡ് വാദങ്ങളെ പിന്തുണക്കുന്നതും. ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ പറയുന്ന മിനിമം കൂലിയടക്കമുള്ള കാര്യങ്ങൾ സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെ കുറിച്ചൊന്നും ഈ സ്വതന്ത്രചിന്തകർക്ക് ഒരു ഉൽകണ്ഠയുമില്ലല്ലോയെന്നാലോചിക്കുമ്പോഴാണ് ഇവരുടെ ഹിന്ദുത്വ അജണ്ടയിൽ കിടന്നുള്ള ആവേശം തുള്ളലിന്റെ യുക്തി മനസ്സിലാക്കാനാവുക.

കേവല യുക്തികളിലൂടെ സംഘ്​പരിവാറിന്റെ രാഷ്ട്രീയഅജണ്ടക്കാവശ്യമായ സമ്മതി തീർക്കുകയാണ് സത്യാനന്തരകാലത്തെ ഈ സ്വതന്ത്രചിന്തകർ. വാക്കുകളിൽ നിന്ന് അർത്ഥവും ചിന്തകളിൽനിന്ന് യുക്തിയും ചോർത്തിക്കളയുന്ന നവനാസ്തികത മൂലധനത്തിന്റെ നവ അധിനിവേശത്തിനാവശ്യമായ രീതിയിൽ സാർവ്വദേശീയതലത്തിൽ തന്നെ വളർന്നുവരുന്ന നവയാഥാസ്ഥിതികതയെ ശക്തിപ്പെടുത്തുന്ന പ്രസ്ഥാനമാണെന്ന് കാണണം.

ഹിറ്റ്​ലറുടെ ആദർശപുരുഷന്മാരായിരുന്ന നീഷെയുടെയും ഹൈഡർഗറുടെയും ചിന്താപദ്ധതികളെ തന്നെയാണ് ഈ നവനാസ്തികരും പിൻപറ്റുന്നത്.
ഇന്ത്യൻ ഫാഷിസ്റ്റുകളുടെ ആചാര്യനായ സവർക്കറും ഒരു നാസ്തികനായിരുന്നല്ലോ. ഫാഷിസത്തിന്റെയും നാസിസത്തിന്റെയും അടിസ്ഥാനപ്രമാണം അപരമതവംശവിരോധത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്.

ഇന്ത്യയിൽ ആർ.എസ്.എസ് മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര വിപത്തുകളായിട്ടാണ് കാണുന്നതെന്ന് ഗോൾവാക്കറുടെ ‘വിചാരധാര' വ്യക്തമാക്കിയിട്ടുണ്ടല്ലോ. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രവിചാരമാവശ്യപ്പെടുന്ന തരത്തിൽ നവനാസ്തികർ സങ്കുചിതദേശീയവികാരങ്ങളെ ആളിക്കത്തിക്കുകയും വംശാധിഷ്ഠിതമോ മതാധിഷ്ഠിതമോ ആയ ന്യൂനപക്ഷവിഭാഗങ്ങളെ അപകടകാരികളായി മുദ്രയടിക്കുകയും ചെയ്യുന്ന പ്രചാരണങ്ങളാണ് നിരന്തരം നടത്തുന്നത്. യാതൊരു മടിയുമില്ലാതെ ഒരു യുട്യൂബ് ചാനൽ അഭിമുഖത്തിൽ ഒരു നവനാസ്തിക അവതാരം പറഞ്ഞത്, കേരളത്തിൽ ഏറ്റവും പേടിക്കേണ്ടവർ മുസ്​ലിംകളും കമ്യൂണിസ്റ്റുകാരുമാന്നെന്നാണല്ലോ. ബി.ജെ.പിയെ പേടിക്കേണ്ടതില്ലേയെന്ന അഭിമുഖകാരന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഒട്ടും ഇല്ലായെന്നാണല്ലോ ആ അവതാരം ഉത്തരം നൽകിയത്.

സാമൂഹ്യനീതിയോടും സോഷ്യലിസത്തോടും ശത്രുത വളർത്തുകയെന്ന ഫാഷിസ്റ്റ് തന്ത്രമാണ് നവനാസ്തികർ അവരുടെ പ്രഭാഷണങ്ങളിലൂടെ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസുകാരെപ്പോലെ സോഷ്യലിസത്തെയും കമ്യൂണിസത്തെയുമൊക്കെ അധിക്ഷേപിക്കുന്നതും അത്തരം പുരോഗമനാശയങ്ങൾക്കെതിരെ അവജ്ഞ വളർത്തുന്നതും സ്ഥിരം പരിപാടിയാക്കിയവരാണ് നവനാസ്തികർ.

ജനങ്ങളുടെ സമത്വാഭിലാഷങ്ങളെയും സ്വാതന്ത്ര്യവാഞ്ഛകളെയും പരിഹസിക്കുകയും മുതലാളിത്ത മൂലധനവ്യവസ്ഥയെ ആദർശവൽക്കരിക്കുകയും ചെയ്യുന്ന കുട്ടിഫുക്കുയാമമാരാണിവർ. മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യഘട്ടമാണെന്നും അതിനപ്പുറം മനുഷ്യരാശിക്ക് അഭിമതമായ മറ്റൊരു വ്യവസ്ഥയുമില്ലെന്ന ചരിത്രദർശനമാണ് ഈ യാന്ത്രിക ഭൗതികവാദികളുടേത്.

Photo : Muhammed Fasil

കേവല ഭൗതികവാദത്തിന്റെ ഉപകരണാത്മകയുക്തിയിൽ നിന്ന്​ ചരിത്രത്തെയും മനുഷ്യരാശിയുടെ വർത്തമാനത്തെയും ഭാവിയെയും സമീപിക്കുന്നവർ ഭൗതികവാദ വീക്ഷണങ്ങളെ തന്നെ നിരാകരിച്ചുകൊണ്ടാണ് ചരിത്രത്തിന്റെ അന്ത്യവാദങ്ങളും (Endism) മുതലാളിത്ത വിപണിവ്യവസ്ഥയുടെ സാധൂകരണസിദ്ധാന്തങ്ങളും ചമയ്ക്കുന്നത്. പ്രകൃതിയുടെയും സമൂഹത്തിന്റെ പരിണാമപ്രക്രിയയെ തന്നെ നിഷേധിക്കുന്ന അതിഭൗതികവാദ നിലപാടുകളെയാണ് ആശയവാദികളെ പോലെ നവനാസ്തികരും പുൽകി കഴിയുന്നത്. പ്രകൃതിയെന്ന പോലെ സമൂഹവും നിരന്തര പരിവർത്തന പ്രക്രിയക്ക് വിധേയമാണെന്ന അനിഷേധ്യമായ സത്യത്തെ അജ്ഞതയിൽ നിർത്തികൊണ്ടാണ് നവനാസ്തികരും, മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യഘട്ടമാണെന്നൊക്കെ പിറുപിറുത്തുകൊണ്ടിരിക്കുന്നത്.

നവ ഫൈനാൻസ് മൂലധനത്തിന്റെയും കോർപറേറ്റുതാല്പര്യങ്ങളുടെയും അധിനിവേശ യുക്തിയിലാണ് ഈ നവനാസ്തികർ ചിന്തിക്കുന്നത്. 1990 കളിലാരംഭിച്ച ആഗോളവൽക്കരണനയങ്ങളുടെ സ്തുതിപാഠകരാണിവരെല്ലാം. സ്വകാര്യവൽക്കരണ ഉദാരവൽക്കരണനയം അസന്തുലിതത്വങ്ങളുടെ വിളഭൂമിയാക്കിയെന്നും കടുത്ത ദരിദ്രവൽക്കരണവും ഒരു ചെറു ന്യൂനപക്ഷത്തിന്റെ ശതകോടീവൽക്കരണവുമാണ് ആഗോളവൽക്കരണം വഴി ഉണ്ടായതെന്നും മനസിലാക്കാനൊന്നും ഈ പുത്തൻ വിപണി ആരാധകർക്ക് കഴിയുന്നില്ല. ദൈവത്തിന് മരണം സംഭവിച്ചെങ്കിലും വിപണി വ്യവസ്ഥയിലും അതിമാനുഷരിലും പുത്തൻ ദൈവത്തെ കണ്ടെത്തുന്നവരാണല്ലോ നവനാസ്തികർ!

ഒരുതരം അമേരിക്കനിസമാണ് നവ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രമായിരിക്കുന്നതെന്നപോലെ നവനാസ്തികരെയും നയിക്കുന്നത് വൈയക്തിക ഉടമസ്ഥതയുമായി ബന്ധപ്പെട്ട എല്ലാവിധ സാമൂഹ്യപരതയെയും നിഷേധിക്കുന്ന വ്യക്തിവാദമാണ്. ചോംസ്‌കി നിരീക്ഷിക്കുന്നതുപോലെ, സ്വകാര്യ മൂലധനത്തിന്റെ വാണിജ്യവ്യവസായ താല്പര്യങ്ങളെ സംരക്ഷിക്കുന്നതും പ്രകീർത്തിക്കുന്നതുമായ ഒരുതരം ‘ധാർമ്മിക' ബോധമാണ് ഈ വ്യക്തിവാദത്തിന്റെ അന്തർചോദനയായിരിക്കുന്നത്. മൂലധനത്തിന്റെ അതിജീവന അധിനിവേശ താല്പര്യങ്ങളെ ശരിവെക്കുന്ന പ്രയോജനവാദപരമായ ഒരു യുക്തിയിലാണ് നവഫാഷിസത്തിനാവശ്യമായ ആശയപരിസരം നിർമിച്ചെടുക്കുന്നത്. ഒരുതരം പ്രയോജനവാദത്തിലധിഷ്ഠിതമായ യുക്തിയിൽ നിന്ന് സ്വകാര്യസ്വത്തിനെയും മത്സരത്തെയും വിപണിയെയും മഹത്വവൽക്കരിക്കുകയാണ് നവനാസ്തികരും നവയാഥാസ്ഥിതികരുമെല്ലാം. സ്വതന്ത്ര സമൂഹത്തിന്റെയും സ്വതന്ത്രചിന്തയുടെയും പ്രചാരകന്മാർ എന്ന വ്യാജനേ ഈ നവനാസ്തികർ നിയോലിബറൽ മൂലധനാധിനിവേശത്തെയും വാഴ്ചയെയും ചോദ്യം ചെയ്യാനാവാത്ത യുക്തിരാഹിത്യമാണ് യുക്തിചിന്തയുടെ മറവിൽ സൃഷ്ടിച്ചെടുക്കുന്നത്.

മുതലാളിത്തം അതിന്റെ ആരംഭകാലത്ത് ചരിത്രത്തിലേക്കാനയിച്ച മഹാദർശനമായിരുന്നു വ്യക്തിസ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും. മധ്യകാല മതപൗരോഹിത്യവും ഫ്യുഡൽ അധികാരശക്തികളുമായി ഏറ്റുമുട്ടിയാണ് ലിബറൽ ചിന്തയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങൾ ബൂർഷ്വ വിപ്ലവങ്ങളുടെ ആദർശങ്ങളായി അവതരിപ്പിച്ചത്. വ്യക്തികളും വ്യക്തിത്വങ്ങളും മുതലാളിത്തസ്വാതന്ത്ര്യ സങ്കല്പങ്ങളിലെ മഹത്വവൽക്കരിക്കപ്പെട്ട ലിബറൽ സിദ്ധാന്തങ്ങളായിരുന്നു. ജന്മം നൽകിയ കുലം, വംശം, മതം, ഭാഷ, പ്രദേശം ഇതിനെല്ലാമപ്പുറം തുല്യരും സ്വതന്ത്രരുമായ വ്യക്തികളെ കുറിച്ചുള്ള പൗരത്വ സങ്കല്പങ്ങളായിരുന്നു മുതലാളിത്തം അതിന്റെ ആദർശാത്മകതയായി അവതരിപ്പിച്ചത്. എന്ന നവമുതലാളിത്തം വ്യക്തിയെ അതിന്റെ സവിശേഷതയുടെ അതിസൂക്ഷ്മതയിലേക്ക് പരിമിതപ്പെടുത്തുകയാണ്. ഹിന്ദുവോ മുസ്​ലിമോ ഒക്കെയായി വെട്ടിച്ചുരുക്കുകയാണ്. തങ്ങളുടെ പ്രഭവകാലത്ത് തങ്ങൾ എതിർത്ത് തോല്പിക്കാൻ നോക്കിയ എല്ലാ ജീർണ്ണശക്തികളുമായി മുതലാളിത്തം സന്ധി ചെയ്തു. മുതലാളിത്തത്തിന് സംഭവിച്ച ഈയൊരു വിപര്യയത്തിൽ നിന്നു വേണം ഫ്രീതിങ്കേഴ്സ് എന്നൊക്കെയുള്ള പേരുകളിൽ കളിക്കുന്ന നവനാസ്തികരുടെ അപചയത്തെ മനസ്സിലാക്കുന്നത്.

മനഷ്യരുടെ യഥാർത്ഥ ജീവിതമാണ്, ഭൗതിക പ്രക്രിയയാണ് എല്ലാ ദർശനങ്ങളുടെയും അടിസ്ഥാനമായിരിക്കുന്നതെന്നാണ് മാർക്സിസം സ്ഥാപിക്കുന്നത് ഉല്പാദന-പ്രത്യുല്പാദന ബന്ധങ്ങളാണ് ഓരോ ചരിത്രകാലഘട്ടത്തെയും നിർണയിക്കുന്നത്. അതിന്റെ പ്രത്യയശാസ്ത്ര താല്പര്യങ്ങളെയാണ് പ്രത്യയശാസ്ത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തോടെ ഉദയം ചെയ്​ത ബൂർഷ്വാ ഭരണകൂട പ്രത്യയശാസ്ത്രത്തെ നീതികരിക്കുകയായിരുന്നു ഹെഗലിന്റെ തത്വചിന്ത. ഹെഗേലിയൻ ദർശനങ്ങളുടെ വിമർശനത്തിലൂടെയാണ് മാർക്സ് തൊഴിലാളിവർഗ്ഗ പ്രത്യയശാസ്ത്രം വികസിപ്പിച്ചത്. ഹെഗലിന്റെ ആശയവാദത്തെയും ഫൊയർബാഹിന്റെ ഭൗതികവാദത്തിന്റെ ദൗർബല്യങ്ങളെയും വിമർശന വിധേയമാക്കികൊണ്ടാണ് മാർക്സ് വൈരുധ്യാത്മകഭൗതികവാദത്തിലൂടെ തൊഴിലാളിവർഗ്ഗ തത്വചിന്തക്ക് രൂപം നൽകിയത്.

യാന്ത്രിക ഭൗതികവാദത്തിന്റെ എക്കാലത്തെയും പരിമിതികളിലേക്ക് കടന്നുചെന്നുകൊണ്ടാണ് മാർക്സ് ഫൊയർബാഹിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ തയ്യാറാക്കുന്നത്. മാർക്സ് എഴുതുന്നത്;
‘‘മുൻകാലത്തെ എല്ലാ ഭൗതികവാദത്തിന്റെയും (ഫൊയർബാഹിന്റെതടക്കം) മുഖ്യ ദൗർബല്യം, വസ്തുക്കളെ, യാഥാർത്ഥ്യത്തെ, ഇന്ദ്രിയ പ്രഞ്ചത്തെ, ഐന്ദ്രിയരായ മനുഷ്യരുടെ പ്രവർത്തിയായി, പ്രായോഗിക പ്രവർത്തനമായി, ആത്മനിഷ്ഠമായി, കാണാതെ, നിരീക്ഷിക്കാനുള്ള വസ്തുക്കളുടെ രൂപത്തിൽ മാത്രം സങ്കല്പിക്കുന്നുവെന്നതാണ്. അതിനാൽ ഭൗതികവാദത്തിന് വിരുദ്ധമായി, യഥാർത്ഥമായ ഇന്ദ്രിയ പ്രവർത്തനത്തെ അതേപടി അറിഞ്ഞുകൂടാത്ത ആശയവാദം ഈ അനുഷ്ഠാനവശത്തെ അമൂർത്തമായി വികസിപ്പിച്ചു. ചിന്താവിഷയങ്ങളിൽ നിന്നും ശരിക്കും വ്യത്യസ്തമായിരിക്കുന്നു. ഇന്ദ്രിയ വിഷയങ്ങളുണ്ടാകണമെന്ന് ഫൊയർബാഹ് ആഗ്രഹിക്കുന്നു. എന്നാൽ മനുഷ്യ പ്രവർത്തനത്തെ തന്നെ വസ്തുനിഷ്ഠ പ്രവർത്തനമായി അദ്ദേഹം മനസിലാക്കുന്നില്ല.''

മനുഷ്യരെ ഒറ്റപ്പെട്ട വ്യക്തികളായല്ല മാർക്സിസം കാണുന്നത്. സാമൂഹ്യജീവിയായാണ്. മനുഷ്യരുടെ സാമൂഹ്യഅസ്തിത്വവും സാമുഹ്യബോധവും തമ്മിലുള്ള ബന്ധവും ചരിത്രത്തെ സംബന്ധിച്ച ഭൗതികവാദപരമായ ധാരണയും ഇല്ലാത്ത കേവല യുക്തിവാദികളാണ് വ്യക്തിവാദത്തെ ലിബറൽ ആദർശമാക്കി കൊണ്ടാടുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉദാത്തവൽക്കരണത്തിലൂടെ സാമൂഹ്യപരതയെയും സമത്വാശയങ്ങളെയും നിരാകരിക്കുന്നത് ചിന്താപരമായൊരു ഫാഷനായി കൊണ്ടുനടക്കുന്നത്. മാർക്സ് വിശദമാക്കുന്നത്; ‘‘മനുഷ്യസത്ത ഓരോ പ്രത്യേക വ്യക്തിയിലും അടങ്ങിയിരിക്കുന്ന അമൂർത്തതയല്ല. മനുഷ്യന്റെ യഥാർത്ഥ പ്രകൃതി സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണ്. താൻ അപഗ്രഥിക്കുന്ന അമൂർത്ത വ്യക്തി ഒരു പ്രത്യേക സാമൂഹ്യരൂപത്തിലുൾപ്പെടുന്നുവെന്ന് ഫൊയർബാഹ് കാണുന്നില്ല.''

സാമൂഹ്യവൽകൃതനായ മനുഷ്യനെ കാണാത്ത ബൂർഷ്വാ ലിബറലിസത്തിന്റെ സിവിൽ സമൂഹ നിലപാടിൽ നിന്നുള്ള ഭൗതികവാദ നിലപാടുകളെ വിമർശിച്ചുകൊണ്ടു മാർക്സ് സാമൂഹ്യവൽകൃത മാനുഷികതയുടേതായ ഭൗതികദർശനമവതരിപ്പിക്കുകയാണ് ചെയ്തത്.

ഹിന്ദുത്വാനുകൂലമായ നവനാസ്തികത അതിഭൗതികവാദപരമായതും ലളിതയുക്തികളിലഭിരമിക്കുന്നതുമായ പ്രതിലോമ പ്രത്യയശാസ്ത്രനിർമിതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ പ്രാചീനതയുടെ കുരിരുട്ടിലേക്ക് പിടിച്ചുവലിക്കുന്ന ഹിന്ദുരാഷ്ട്രവാദികൾക്കാവശ്യമായ ആശയപരിസരമൊരുക്കുകയാണ് ഭൗതികവാദത്തിന്റെ മേലങ്കിയണിഞ്ഞ എസ്സെൻസ് ​ഗ്ലോബൽ, ഫ്രീതിങ്കേഴ്സ് തുടങ്ങിയ പേരുകളിൽ ഉറഞ്ഞാടുന്ന നവനാസ്തികർ. ഭൗതിക ചിന്താമണ്ഡലങ്ങളിൽ ആകൃഷ്ടരാവുന്ന യുവാക്കളെ സംഘപരിവാർ അജണ്ടയിലേക്കെടുപ്പിക്കുന്ന ഹിന്ദുരാഷ്ട്രവാദത്തിന്റെ പരികർമ്മികളോ മാപ്പുസാക്ഷികളാവാം ഈ നവനാസ്തികർ.

നവനാസ്തികത ഇന്ത്യയിൽ ബൂർഷ്വാ പ്രയോജനവാദത്തെ പിൻപറ്റുന്ന ഹിന്ദുത്വാനുകൂല പ്രത്യയശാസ്ത്രമാണെന്ന് സൂചിപ്പിച്ചല്ലോ. എന്താണ് പ്രാഗ്മാറ്റിസമെന്നും അത് ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രമായി എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്നും ഹിറ്റ്​ലറുടെ ആത്മകഥയായ‘മൈൻകാംഫ്' തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുസോളിനിയെ ഏറെ സ്വാധീനിച്ച അമേരിക്കൻ ബൂർഷ്വാ തത്വചിന്തകനായ വില്യംജെയിംസ് വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത തത്വചിന്തയാണ് പ്രാഗ്​മാറ്റിസം. ചാൾസ് സാൻഡേഴ്സ്പിയേഴ്സാണ് അമേരിക്കൻ തത്വചിന്തയിൽ പ്രാഗ്​മാറ്റിസത്തിന്റെ വിത്തിട്ടതെങ്കിലും ഒരു ദർശനമെന്ന നിലയിൽ അതിനെ വികസിപ്പിച്ചത് വില്യംജെയിംസൺ ആണ്. സർവവിധ സാമൂഹ്യപരതയെയും നിഷേധിക്കുന്ന വൈയക്തികതയെ ആദർശവൽക്കരിക്കുന്നതുമായ പ്രത്യയശാസ്ത്രമായിരുന്നു ജെയിംസ് മുന്നോട്ട് വെച്ചത്. ‘നമ്മുടെ ചിന്താഗതിക്ക് പ്രയോജനകരമായതെന്തോ അത് മാത്രമാണ് സത്യം. നാം എത് വിധത്തിൽ പെരുമാറുന്നതാണോ പ്രയോജനം ചെയ്യുക, അത് മാത്രമാണ് ശരി.' ഇതായിരുന്ന പ്രാഗ്​മാറ്റിസത്തിന്റെ ദർശനം.

നമ്മുടെ ചിന്താഗതിയും പെരുമാറ്റവും ആർക്ക് പ്രയോജനകരമാവണമെന്നാണ് പ്രാഗ്​മാറ്റിക് ദർശനം പറയുന്നത്; അവരവർക്കുമാത്രം പ്രയോജനകരമാണെന്ന കല്പനയിലൂടെ സ്വാർത്ഥതയുടെ പ്രത്യയശാസ്ത്രവൽക്കരണവും സ്വകാര്യസ്വത്തിന്റെ അലംഘനീയങ്ങളായ നിയമങ്ങൾക്ക് നീതിവൽക്കരണവും നൽകുകയാണ്. അമേരിക്കൻ കുത്തക മൂലധനത്തിന്റെ ഈ ദാർശനികൻ ദൈവത്തെയും മതത്തെയുമെല്ലാം സ്ഥിതവ്യവസ്ഥയുടെ സാധൂകരണത്തിനാവശ്യമായ പ്രയോജനമൂല്യത്തിൽ ശരിവെക്കുന്നുമുണ്ട്. ദൈവവിശ്വാസത്തെയും ദൈവനിഷേധത്തെയും അതിന്റെ സാമൂഹ്യവും ചരിത്രപരവുമായി മനസ്സിലാക്കാൻ വിസമ്മതിക്കുന്ന വില്യം ജെയിംസ് അതൊക്കെ ഓരോ വ്യക്തിക്കും തങ്ങളുടെ സ്വേച്ഛ പോലെയും അവരവരുടെ ആവശ്യം സാധിക്കാനുതുകുന്ന രീതിയിലും തീരുമാനിക്കാവുന്നതാണെന്ന ശുദ്ധ പ്രയോജനവാദപരമായ നിലപാടാണ് മുന്നോട്ട് വെക്കുന്നത്. അവരവരുടെ വൈകാരിക സംതൃപ്തിക്കാവശ്യമായ രീതിയിൽ പ്രശ്നങ്ങളെയും ചുറ്റുപാടുകളെയും സമീപിക്കാൻ ആവശ്യപ്പെടുന്ന പ്രാഗ്മാറ്റിസം ഒന്നും തമ്മിൽ ഗുണപരമായ വ്യത്യാസമില്ലെന്നും എല്ലാം കണക്കാണെന്നുമുള്ള ഒരു തരം പ്രത്യയശാസ്ത്ര നിരാസമാണ് മുന്നോട്ട് വെക്കുന്നത്.

വില്യം ജെയിംസിനെ തുടർന്ന് പ്രാഗ്​മാറ്റിസത്തെ വികസിപ്പിച്ച ജോൺഡ്യൂയിയെ പോലുള്ള അമേരിക്കൻ ബൂർഷ്വാ തത്വചിന്തകർ ‘ഇൻസ്ട്രുമെന്റലിസം' എന്ന പേരിൽ ചില സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് തത്വചിന്തകനായ എഫ്.സി. എസ്. ഷില്ലറെ പോലുള്ളവർ അങ്ങേയറ്റം ആശയവാദപരമായ രീതിയിൽ പ്രാഗ്​മാറ്റിസത്തെ വിശദീകരിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ വിശദീകരണമനുസരിച്ച്; സത്യം തികച്ചും വ്യക്തിനിഷ്ഠമാണ്. അവരവർക്ക് മനസിൽ തോന്നുന്നത് മാത്രമാണ്. അതൊരിക്കലും വസ്തുനിഷ്ഠമല്ല. സത്യത്തെ മനുഷ്യർ - അതായത് വ്യക്തികൾ അപ്പപ്പോൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

സ്വന്തം ഇഷ്ടാനിഷ്ടങ്ങളെയും ഏത് നുണയെയും സത്യമാക്കാമെന്ന ഈ തത്വചിന്തകരുടെയെല്ലാം ദർശനങ്ങളാണ് ഹിറ്റ്​ലറുടെയും മുസോളിനിയുടെയും തത്വശാസ്ത്രമായി 1930 തുകളിൽ യൂറോപ്പിലാകെ ഭീകരത സൃഷ്ടിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പുതന്നെ അമേരിക്കയിലും ബ്രിട്ടനിലും ഉയർന്നുവന്ന പ്രാഗ്​മാറ്റിസം ഹിറ്റ്​ലറിലും മുസോളിനിയിലും താല്പര്യമുണർത്തിയ തത്വചിന്തയാണ്.

വില്യം ജെയിംസണിൽ നിന്ന്​ പല ആശയങ്ങളും താൻ പഠിച്ചതായി മുസോളിനി പറയുകയും തന്റെ ‘ഫാഷിസ'ത്തിന്റെ മൂലക്കല്ല് പ്രാഗ്​മാറ്റിസമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുമുണ്ട്. നീത്ഷെ​യും ഹൈഡഗറുമെല്ലാം ഹിറ്റ്​ലറിൽ ചെലുത്തിയ സ്വാധിനം നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ ബൂർഷാ തത്വചിന്തകർ വികസിപ്പിച്ചതും ഫാഷിസ്റ്റുകളുടെ തത്വചിന്താതലത്തെ ബലപ്പെടുത്തിയതുമായ പ്രാഗ്​മാറ്റിസത്തെയാണ് നവനാസ്തിക അവതാരങ്ങളും പിൻപറ്റുന്നത്.

മോദി സർക്കാറിന്റെ കർഷകദ്രോഹനിയമങ്ങളെയും റാവു സർക്കാർ തുടക്കമിട്ട ആഗോളവൽക്കരണനയങ്ങളെയും ബൂർഷാ പ്രയോജനവാദ നിലപാടിൽ നിന്നാണ് നവനാസ്തിക അവതാരങ്ങൾ ന്യായീകരിക്കുന്നത്. നാസ്തികതയെ ബിസിനസ്സാക്കിയ ഇത്തരമാളുകൾക്ക് പ്രയോജനവാദമല്ലാതെ മറ്റൊന്നും രാഷ്ട്രിയവും ദർശനവുമായിട്ടില്ലെന്നതാണ് അവരുടെ രാഷ്ട്രീയം. മതവംശീയതയെവരെ ചേർത്തുപിടിക്കുന്ന കോർപ്പറേറ്റ് പ്രതിലോമ രാഷ്ട്രീയമാണത്. ഇന്ത്യയിലെ വൻകിടബൂർഷ്വാസിയുടെയും ആഗോള അഗ്രിബിസിനസ്‌കമ്പനികളുടെയും ലാഭമോഹങ്ങളിലധിഷ്ഠിതമായ ആശയങ്ങളെയാണവർ പ്രതിനിധാനം ചെയ്യുന്നത്.

സംഘപരിവാർ പ്രത്യയശാസ്ത്രത്തെയും മതവംശീയ ദർശനങ്ങളെയുമാണ് രവിചന്ദ്രൻമാർ പിൻപറ്റുന്നത്. അതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് എംബാപ്പെയുടെ കറുപ്പിനെ മുൻനിർത്തി വംശീയാധിക്ഷേപം നടത്തിയ ടി.ജി. മോഹൻദാസിനെ ന്യായീകരിക്കാൻ നടത്തിയ ട്വീറ്റ്.
ആർ.എസ്.എസ് ബൗദ്ധികപ്രമുഖനായ ടി.ജി. മോഹൻദാസിന്റെ അങ്ങേയറ്റം വംശീയമായ ട്വീറ്റ് വലിയ വിവാദമാകുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധമുയർന്നു വരികയും ചെയ്തപ്പോഴാണ് ആർ.എസ്.എസ് ബൗദ്ധികനെ പോലെയുള്ള രവിചന്ദ്രന്റെ ഇടപെടൽ. നമ്മുടെ ‘ശരാശരി സൗന്ദര്യബോധ' സിദ്ധാന്തവുമായിട്ടായിരുന്നല്ലോ ഈ യുക്തിവാദി മോഹൻദാസിനെ വിമർശിക്കുന്നവരെ ചോദ്യം ചെയ്​ത്​ രംഗത്ത് വന്നത്. നമ്മുടെ ശരാശരി സൗന്ദര്യബോധത്തിലപ്പുറം മോഹൻദാസിന്റെ ട്വീറ്റിൽ വംശീയ വെറിയും വംശീയ വിദ്വേഷവും കാണുന്ന പരനിന്ദാവാദങ്ങൾ മലയാളിയിൽ നിന്നുയരുന്നത് വർഗീയതോടുള്ള എതിർപ്പല്ലെന്നും സഹജീവിയെ അധിക്ഷേപിക്കാനുള്ള ഒരു ടൂൾ മാത്രമാണെന്നുമാണ് രവിചന്ദ്രന്റെ വിചിത്ര കണ്ടെത്തൽ. കറുപ്പിനോടുള്ള അസ്വീകാര്യത നമ്മുടെ സൗന്ദര്യബോധത്തിൽ ഉൾചേർക്കപ്പെട്ടതാണത്രേ.

നമ്മുടെ സാംസ്‌കാരിക സൗന്ദര്യനിർമിതിയിൽ ആര്യാധിപത്യത്തിന്റേതായ ശ്രേഷ്ഠതാവാദവും ബ്രാഹ്മണ്യത്തിന്റെ വർണാശ്രമധർമങ്ങളും നിർമ്മിച്ചെടുത്തതാണ്​, കറുത്തവരെയും അധഃസ്ഥിതരെയും അസ്വീകാര്യരായി കാണുന്ന സൗന്ദര്യബോധം എന്ന കാര്യത്തിൽ അജ്ഞത സൃഷ്ടിച്ച്, മലയാളിയെ പരനിന്ദാത്വരയുള്ളവരാക്കി അധിക്ഷേപിച്ച് സ്വയം ആനന്ദിക്കുന്ന യുക്തി എഴുന്നെള്ളിക്കുകയാണ് രവിചന്ദ്രൻ ചെയ്യുന്നത്​.

ആർക്കാണ് കറുപ്പ് അസ്വീകാര്യമായിട്ടുള്ളത്? ആർക്കാണ് ശൂദ്രരരും സ്ത്രീകളും നീചജന്മമായിട്ടുള്ളത്? ഇന്ത്യയിലത് ബ്രാഹ്മണരുൾപ്പെടെയുള്ള ത്രൈവർണ്ണികർക്കാണ്. ശുദ്ധാശുദ്ധങ്ങളുടേതായ ധർമശാസ്ത്രവിധികളിലൂടെ ബ്രാഹ്മണാധികാരം നിലനിർത്തിപ്പോന്ന മനുഷ്യത്വരഹിതമായ ആ വ്യവസ്ഥയുടെ പുനരായനമാണ് ആർ.എസ്.എസ് ലക്ഷ്യമായിരിക്കുന്നത്. ഇതിനായി കേരളത്തിൽ നിലനിന്നിരുന്ന ബ്രാഹ്മണരുടെ സംബന്ധ സമ്പ്രദായത്തെവരെ ആദർശവൽക്കരിക്കുന്ന ഗോൾവാൾക്കറിസത്തിലാണ് നവനാസ്തികാവതാരങ്ങളുമെന്നതാണ് രവിചന്ദ്രന്റെ യൂറ്റ്യൂബ്​ പ്രഘോഷണങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

Comments