കൊച്ചിയിൽ നടന്ന കേരള എക്‌സ്-മുസ്‌ലിം ദിന പ്രഖ്യാപന ചടങ്ങ്. (ഇടത് നിന്ന്) എക്‌സ് മുസ്‌ലിംസ് ഓഫ് കേരള വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി, ജനറൽ സെക്രട്ടറി സഫിയ പി.എം, പ്രസിഡന്റ് ലിയാക്കത്തലി സി.എം, എക്‌സിക്യുട്ടിവ് അംഗങ്ങളായ ആരിഫ് ഹുസ്സൈൻ തെരുവത്ത്, ഷഫീഖ് എം.കെ എന്നിവർ. / Photo: exmuslimsofkerala.org

എമു, എക്രി, എഹിമതം വിടുന്നവരുടെ ഓൺലൈൻ പോരാട്ടങ്ങൾ

‘നവ മതരഹിത’രുടെ ഓൺലൈൻ സാന്നിധ്യവും സംവാദങ്ങളും മതവിശ്വാസികളുടെ ഭീഷണി നേരിടുന്നുണ്ട്. വിശ്വാസികൾ മതം വിടുന്നതിന്റെ കാരണങ്ങളും സെക്യുലർ ജീവിതത്തിൽ ഇത്തരം ചർച്ചകൾ ചെലുത്തുന്ന സ്വാധീനവും ബഹുസ്വര സമൂഹത്തിൽ മതങ്ങൾ എടുക്കേണ്ട നിലപാടുകളും പരിശോധിക്കുന്നു

തേതര കേരളത്തിൽ മതങ്ങൾ വ്യക്തി- കുടുംബ ജീവിതത്തിൽ മാത്രം ഒതുങ്ങുന്ന ഒരു സംവിധാനമല്ല. ഭക്ഷണം മുതൽ രാഷ്ട്രീയം വരെ, വീട്ടുകാര്യം മുതൽ സംസ്ഥാന ഭരണം വരെ, സകലതിലും മതങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. മതങ്ങൾ ഇടപെടുന്നു എന്നാൽ മതപരമായ ആശയസംഹിതയും ദാർശനികതയുമല്ല, മതത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തികൾ ഇടപെടുന്നു എന്നുതന്നെയാണ് അർഥം. ഈ വ്യക്തിത്വങ്ങളെ നമ്മൾ പൗരോഹിത്യം എന്നുവിളിക്കുന്നു. മതവിശ്വാസികൾക്കുവേണ്ടി എന്ന ലേബലിൽ എല്ലാതരം കാര്യങ്ങളും നിർണയിക്കുന്ന പൗരോഹിത്യത്തെ മതത്തിന്റെ പ്രതീകമായി വിശ്വാസികളും രാഷ്ട്രീയക്കാരും സർക്കാരുകൾ പോലും കാണുന്നു. അതിശക്തമായ കാണാക്കയർ കൊണ്ട് മതപൗരോഹിത്യം അവരവരുടെ വിശ്വാസികളെ കെട്ടിയുറപ്പിച്ച് കൂടെനിർത്തുകയും ചെയ്യുന്നുണ്ട്.

ഏതാണ്ട് രണ്ടു ദശകങ്ങളായി, നിർണീതമായ പൗരോഹിത്യത്തിനുപുറമെ ‘നവലിബറൽ പ്രബോധകരും' വിശ്വാസികൾക്കുമേൽ പിടിമുറുക്കിയിരിക്കുന്നു. മതസംവിധാനങ്ങളിൽ നിന്നുള്ള ധനസമ്പാദനമാണ് അവരുടെ മുഖ്യലക്ഷ്യം. പല പേരുകളിൽ ഓരോ മതത്തിലും ഉയർന്നുവന്ന അവർ മതധാർമികതയുടെ പ്രതിനിധികളും പ്രചാരകരും വ്യാഖ്യാതാക്കളുമായി മാറിയിട്ടുണ്ട്.
വിശ്വാസികളെ ആശയപരമായി ഭയപ്പെടുത്തി വരുതിയിലാക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട് എന്നത് സമകാലീന കേരളത്തിലെ ഒരു സാമൂഹിക വൈരുധ്യമാണ് (Social dichotomy). ഈ നവപ്രബോധകർ തുടങ്ങിവച്ച മത്സരാധിഷ്ഠിത മതപ്രചാരണം മതേതര പൊതുജീവിതത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. അതേറ്റവും പ്രതിഫലിക്കുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ്. യൂ ട്യൂബിലും, ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും, ക്ലബ്ബ് ഹൗസ് പോലുള്ള ഓഡിയോ ആപ്പുകളിലുമൊക്കെ മതവർഗീയത പുരട്ടിയ പ്രബോധനപരിപാടികൾ നിരവധി കാണാം; എല്ലാ മതങ്ങളുടെയും.

മതം പഠിയ്ക്കുംതോറും കൂടുതൽ വിശ്വസിക്കുക എന്ന പ്രതീക്ഷിത പരിണാമത്തിനുപകരം പഠിച്ചവർ അത് വിട്ടുപോരുന്നു എന്ന വിരോധാഭാസമാണിപ്പോൾ ഉള്ളത്.

രാഷ്ട്രീയപാർട്ടികൾ, സർക്കാരുകൾ പോലും, ഇവരുടെ പ്രഭാവങ്ങൾക്കുമുമ്പിൽ സ്തംഭിച്ചുനിൽക്കുമ്പോൾ ‘നിങ്ങൾ നഗ്‌നരാണ്' എന്ന് തുറന്നുപറഞ്ഞ്​ അതതു മതങ്ങളിൽ നിന്നുതന്നെ ചില എതിർവാദങ്ങൾ ഉയർന്നുവരുന്നുണ്ട്. അവർ മതപ്രചാരകരോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. പ്രബോധകരുടെ വേലകൾ പലതും അനാവശ്യവും അന്ധവിശ്വാസപരവുമാണെന്ന തിരിച്ചറിവ് സ്വയം വെളിപ്പെടുത്തി പലരും മതം വിട്ട് പുറത്തുവരാനും തുടങ്ങിയിരിക്കുന്നു. ഇങ്ങനെ മതം വിട്ട് വരുന്നവരും മതപ്രബോധകരും തമ്മിലുള്ള വാക് തർക്കങ്ങളുടെ ആയിരക്കണക്കിന് വീഡിയോകളും ലൈവ് ചർച്ചകളും ഓൺലൈനിൽ ലഭ്യമാണ്.

മതം പഠിയ്ക്കുംതോറും കൂടുതൽ വിശ്വസിക്കുക എന്ന പ്രതീക്ഷിത പരിണാമത്തിനുപകരം പഠിച്ചവർ അത് വിട്ടുപോരുന്നു എന്ന വിരോധാഭാസമാണിപ്പോൾ ഉള്ളത്. കൊറോണ കാലത്തിന്റെ പ്രതിഫലനമായി അത്തരം ചർച്ചകളും വിശകലനങ്ങളും ന്യായീകരണങ്ങളും നടക്കുന്നത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ്. അതിനെക്കുറിച്ചാണ് ഈ പഠനം.

പഠനരീതി

2021 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ മുപ്പതുവരെ വരെ ഓൺലൈനിൽ നവമാധ്യമങ്ങളെ നിരീക്ഷിച്ചതിലൂടെയാണ് മുഖ്യമായും ഈ ലേഖനത്തിലേയ്ക്കുവേണ്ട വസ്തുതകൾ ശേഖരിച്ചത്. യൂട്യൂബ് - ഫേസ്ബുക് വീഡിയോകളും, ക്ലബ് ഹൗസ് ചർച്ചകളുമാണ് നിരീക്ഷണവിധേയമാക്കിയത്. ചില ചർച്ചകളിൽ പങ്കെടുത്തും അഭിപ്രായങ്ങൾ രൂപീകരിച്ചു. മതം വിട്ടവർ ക്ലബ് ഹൗസിൽ നടത്തിവന്ന ചർച്ചകളിൽനിന്നാണ് മുഖ്യമായും അവരുടെ തീരുമാനത്തിനുപിന്നിലെ കാരണവും ന്യായവും കണ്ടെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ചിലരിൽനിന്ന് നേരിട്ടോ ഫോൺ വഴിയോ ദത്തങ്ങൾ ശേഖരിക്കുകയുണ്ടായി. ആ രീതിശാസ്ത്രത്തിലൂടെ ലഭിച്ച അറിവുകളുടെ ചുരുക്കമാണ് ഇവിടെ കുറിയ്ക്കുന്നത്. ഓൺലൈൻ റിസോഴ്സുകളല്ലാതെ, പ്രിന്റഡ് രചനകളെ അധികരിച്ചുള്ള പഠനം നടത്തിയിട്ടില്ല.

മതം വിടുന്നവരുടെയും, അവരെ എതിർക്കുന്നവരുടെയും മതപ്രബോധകരുടെയും യുക്തിവാദികളുടെയും ആയിരത്തിലേറെ വീഡിയോകളിൽ ഇനം തിരിച്ചെടുത്ത നൂറിലധികം എണ്ണം പരിശോധിയ്ക്കുകയുണ്ടായി. ക്ലബ്ബ് ഹൗസിൽ നൂറിലധികം ചർച്ചകളിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് ഹൗസ് റൂമുകളിൽ പലതവണ പങ്കെടുത്തു. ആശയസംവാദം തിരഞ്ഞെടുക്കപ്പെട്ടവരുമായി മാത്രം നടത്തി. ആശയ- അഭിപ്രായ ക്രോഡീകരണത്തിലൂടെയാണ് വിശകലനം നടത്തിയത്. ലേഖനത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങളും വ്യക്തികളെ സംബന്ധിക്കുന്ന വിവരങ്ങളും പൊതു പ്ലാറ്റ്ഫോമുകളിൽ ഓൺലൈനിൽ ലഭ്യമാണ്.
മതം വിട്ടവരും യുക്തിവാദികളും യൂ ട്യൂബിൽ മാത്രം പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ എണ്ണം ഒരാഴ്‌ചയിൽ (തിങ്കൾ മുതൽ ഞായർ വരെ കണക്കാക്കിയാൽ) ഇരുനൂറിനടുത്തു വരും. മതവിശ്വാസികളുടെ വീഡിയോ പോസ്റ്റുകളുടെ എണ്ണം ഇതിലും അധികമാണ്. ഇത് അവരവർ പോസ്റ്റ് ചെയ്യുന്നതിന്റെ എണ്ണം മാത്രമാണ്. ഒരാളുടെ പ്രസംഗമോ വ്യാഖ്യാനമോ മറ്റൊരാൾ എടുത്തു പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ പുറമെ വരും. മതവിശ്വാസികൾ പോസ്റ്റ് ചെയ്യുന്നതിനെ പ്രതിരോധിച്ചുകൊണ്ടാണ് മതരഹിതർ വീഡിയോ തയ്യാറാക്കുന്നത്.

കോവിഡിന്റെ വരവിനുമുമ്പ് സജീവമായിരുന്ന ഒരു കച്ചവടമേഖലയായിരുന്നു ആത്മീയ- മതപ്രഭാഷണവും അതിനോടൊപ്പമുള്ള പരിപാടികളും. ജനങ്ങളുടെ മതവിശ്വാസത്തെ മുതലെടുത്ത്​ സമ്പന്നരായ നിരവധി ആളുകളും സംഘടനകളുമുണ്ട്.

മതസംബന്ധമായ ചർച്ചകൾ നടക്കുന്ന മിക്ക ക്ലബ്ബ് ഹൗസ് റൂമുകളിലും ഉയർന്ന പങ്കാളിത്തമാണ്. മുന്നൂറിനുമുകളിൽ അയ്യായിരം വരെ! 2021 ഏപ്രിലിൽ 19 മുതൽ 25 വരെയുള്ള ആഴ്ചയിൽ മാത്രം ക്ലബ്ബ് ഹൗസിൽ നിരീക്ഷിച്ച മതസംബന്ധമായ ചർച്ചകളിൽ പങ്കെടുത്തവരുടെ ആകെ എണ്ണം 22610 ആണ്! (നിരീക്ഷിച്ചിട്ടില്ലാത്ത ചർച്ചകൾ വേറെയും ഉണ്ട്) അതായത് ദിവസം ശരാശരി 3230 പേർ മതത്തെ അനുകൂലിച്ചോ എതിർത്തോ ഉള്ള ചർച്ചകളിൽ ക്ലബ്ബ് ഹൗസിൽ പങ്കെടുക്കുന്നു എന്നർഥം. മിക്കവരും ആവർത്തിച്ചു പങ്കെടുക്കുന്നവരാണ്. അവർ ദിവസവും ചർച്ചകൾക്ക് രണ്ടുമണിക്കൂർ വരെ സമയം ചെലവഴിക്കുന്നു എന്ന് മനസ്സിലാക്കാം. ഇത്തരം വീഡിയോകളും ചർച്ചകളുമാണ് പഠനവിധേയമാക്കിയത്.
മതപ്രഭാഷകരും മതം വിട്ടവരും പറയുന്ന ഓരോ കാര്യത്തിന്റെയും റഫറൻസ് ഇവിടെ നൽകേണ്ടതില്ല എന്ന് തോന്നുന്നു. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്താൽ എല്ലാം മാലമാലയായി കാണാം

മതം വച്ചുള്ള ബിസിനസും എതിർപ്പുകളും

കോവിഡിന്റെ വരവിനുമുമ്പ് വളരെ സജീവമായിരുന്ന ഒരു കച്ചവട മേഖലയായിരുന്നു ആത്മീയ- മതപ്രഭാഷണവും അതിനോടൊപ്പമുള്ള പരിപാടികളും. ജനങ്ങളുടെ മതവിശ്വാസത്തെ മുതലെടുത്ത്​ സമ്പന്നരായ നിരവധി ആളുകളും സംഘടനകളുമുണ്ട്. ‘വയള്’ നടത്തിയിരുന്നവർ, (ഇസ്​ലാമിക പ്രഭാഷകർ), ക്രിസ്തീയ ശുശ്രൂഷാ പ്രഭാഷണം ചെയ്തിരുന്ന ബ്രദറുമാർ, സപ്താഹവും ധർമഭാഷണവും ചെയ്തിരുന്ന ‘ആനന്ദഗിരിമാർ' ഒക്കെ ഈ ഗണത്തിൽ ഉൾപ്പെട്ടവരാണ്.

കേരള യുക്തിവാദ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംവാദത്തിൽ പങ്കെടുക്കാനെത്തിയ യുക്തിവാദി സംഘം നേതാവ് ഇ.എ. ജബ്ബാറും നി​ച്ച്​ ഓ​ഫ്​ ട്രൂ​ത്ത്​ ഡ​യ​റ​ക്​​ട​ർ എം.എം. അക്ബറും. അഡ്വ. കെ.എൻ. അനിൽകുമാർ സമീപം.

മതവിശ്വാസവും മതാധിഷ്​ഠിത ധാർമികതയും പ്രചരിപ്പിക്കൽ തന്റെ ഉത്തരവാദിത്തമാണെന്ന ധാരണയോടെ സദുദ്ദേശ്യത്തിൽ മാത്രം ഈ തൊഴിൽ ചെയ്യുന്നവരും (മതപ്രഭാഷണം ഒരു കർമമായല്ല, തൊഴിലായിത്തന്നെയാണ് മിക്കവരും ചെയ്യുന്നത്), വയറ്റുപ്പിഴപ്പിനുവേണ്ടി അത് ഏർപ്പാടാക്കിയവരും, വിശ്വാസപ്രഭാഷണം എന്നത് ഒരു വൻ ബിസിനസാണെന്ന യാഥാർഥ്യം മനസ്സിലാക്കി അതിനിറങ്ങിയവരുമൊക്കെ ‘‘മതപ്രബോധകർ/പ്രഭാഷകർ'' എന്ന വലിയ മേൽക്കൂരയ്ക്കുകീഴെയുണ്ട്. ഓരോ മതത്തിലയും വിശ്വാസികൾക്ക് അവരവരുടെ മതത്തിന്റെ പ്രഭാഷക വൃന്ദത്തോട് മമതയുണ്ടാവുക അസ്വാഭാവികമല്ലല്ലോ. ഇത്തരക്കാർ മതങ്ങളെ സംബന്ധിച്ച്​ആവശ്യവുമായിരിക്കാം. പക്ഷേ, സമൂഹത്തിന്റെ മതേതര- സൗഹാർദ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്നതിന് ഇവർ കാരണമായിട്ടുണ്ട് എന്നു പറയാതെ വയ്യ.
മൈതാനങ്ങളിൽ ആളെക്കൂട്ടി ഒട്ടും അന്തസ്സും മാന്യതയുമില്ലാതെ മതപ്രഘോഷങ്ങളും വർഗീയത ഒളിപ്പിച്ചുവച്ച ‘സ്‌നേഹസംവാദങ്ങളും' നടത്തി വലിയ തുക സമ്പാദിച്ചിരുന്ന മതനേതാക്കൾ കോവിഡ് കാലത്ത് തങ്ങളുടെ വരുമാനമാർഗം മുട്ടുന്നതുകണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും, അൽപകാലത്തിനകം നേരെ സോഷ്യൽ മീഡിയകളിലേയ്ക്ക് കുടിയേറി. ഒരു മടിയും കൂടാതെ മതമൗലികവാദവും വർഗീയതയും ഇതര മതങ്ങളെ ഇകഴ്ത്തലും അന്ധവിശാസ പ്രചാരണവുമൊക്കെ അവർ നവമാധ്യമങ്ങളിൽ തുടങ്ങി. അവരിൽ മിടുക്കന്മാർ യൂട്യൂബ് പോലുള്ള മാധ്യമങ്ങൾവഴി മതപ്രഭാഷണം വിൽപ്പനച്ചരക്കാക്കി നന്നായി പണം കൊയ്യുന്നുണ്ടാവാം. കാരണം, ഇത്തരം പ്രഖ്യാപിത ‘മതപ്രഭാഷണക്കാരുടെ' വീഡിയോകൾക്ക് പതിനായിരങ്ങളാണ് കാഴ്ചക്കാർ.

മതപ്രചാരകരും മതവിരുദ്ധരും ചേർന്നൊരുക്കുന്ന പ്രഭാഷണപൂരങ്ങളാണ് സോഷ്യൽ മീഡിയകളിൽ കാണാവുന്നത്. പ്രചാരണങ്ങളിലൂടെ വളരുന്ന മതമൗലീകതക്ക് ബദലായി സ്വതന്ത്രചിന്തയും വളരുന്നു എന്നത് ഒരുതരത്തിൽ ആശ്വാസകരമാണ്.

മതപ്രഭാഷണ കച്ചവടത്തിനൊപ്പം അതിനോടുള്ള എതിർപ്പും വളർന്നുവന്നിരുന്നു. ആ എതിർപ്പുകൾ ശക്തമായി പ്രതിഫലിക്കുന്നതും ഓൺലൈനിൽ തന്നെയാണ്. പ്രഭാഷകരുടെ വീഡിയോകൾക്കും ഓഡിയോ ക്ലിപ്പുകൾക്കും രചനകൾക്കും എതിരെ ‘കട്ടയ്ക്ക്' നിൽക്കുന്ന വിശദീകരണങ്ങളുമായി സ്വതന്ത്രചിന്തകരും രംഗത്തുണ്ട്. മതപ്രചാരകരും മതവിരുദ്ധരും ചേർന്നൊരുക്കുന്ന പ്രഭാഷണപൂരങ്ങളാണ് സോഷ്യൽ മീഡിയകളിൽ കാണാവുന്നത്. ഇ.എ. ജബ്ബാറും എം.എം. അക്ബറും തമ്മിൽ 2021 ജനുവരിയിൽ മലപ്പുറത്തു നടന്ന സംവാദവും അതിനുശേഷം അക്ബർ ഇറക്കിയ പുസ്തകവും ഓൺലൈനിലിൽ ചർച്ചയ്ക്കുവച്ചിരിക്കുന്നത് ഒരു ഉദാഹരണം മാത്രം. പ്രചാരണങ്ങളിലൂടെ വളരുന്ന മതമൗലികതക്ക് ബദലായി സ്വതന്ത്രചിന്തയും വളരുന്നു എന്നത് ഒരുതരത്തിൽ ആശ്വാസകരമാണ്.

മതമൗലികതയോടുള്ള അകൽച്ച

മതവിശ്വാസികളുമായി എണ്ണത്തിന്റെയും വണ്ണത്തിന്റെയും കാര്യത്തിൽ താരതമ്യം സാധ്യമല്ലെങ്കിലും കേരളത്തിൽ നിരീശ്വരവാദവും യുക്തിവാദവും മതവിരുദ്ധതയുമൊക്കെ പൊതുവെ ശക്തമാണ്. ജോസഫ് ഇടമറുക്, കോവൂർ, സൈദ് മുഹമ്മദ് ആനക്കയം, കലാനാഥൻ മാസ്റ്റർ, സനൽ ഇടമറുക്, ഇ.എ. ജബ്ബാർ, ജാമിദ, ജസ്​ല മാടശ്ശേരി, സി. രവിചന്ദ്രൻ, ആരിഫ് ഹുസൈൻ തെരുവത്ത് തുടങ്ങി മതവിശ്വാസികളുടെപോലും അംഗീകാരം ലഭിച്ചിട്ടുള്ള യുക്തിവാദി/ നിരീശ്വരവാദി പ്രമുഖരുണ്ട്, കേരളത്തിൽ മുമ്പും ഇപ്പോഴും. കേരള യുക്തിവാദി സംഘം എന്ന സംഘടനയും സജീവമാണ്.

യുക്തിവാദികളും അവരുടെ സംഘടനകളും എല്ലാകാലത്തും ആശയപ്രചാരണം നടത്തിയിരുന്നെങ്കിലും, പൊതുവെ മതവിരുദ്ധ പ്രചാരണം മാത്രമായി സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ കോവിഡിനൊപ്പം വന്ന ഓൺലൈൻ സംവാദങ്ങൾ അവരെ മുൻപില്ലാത്ത വിധം സക്രിയമാക്കിയിരിക്കുന്നു. ഇവർക്കുപുറമെ, ഓൺലൈൻ ചർച്ചാസംവാദങ്ങളുടെ ഫലമായി മതം ഉപേക്ഷിച്ചെത്തുന്നവരുടെ പുതിയ ചില സംഘടിത ഗ്രൂപ്പുകൾ കൃത്യമായ ലക്ഷ്യബോധത്തോടെ ഉദയം ചെയ്തിരിക്കുന്നു. ഇത്തരം ‘ഓർഗനൈസേഷനുകൾക്ക്' അവർ തന്നെ ഇട്ട ചുരുക്കപ്പേരാണ് ‘എമു, എക്രി, എഹി' എന്നീ കൗതുക നാമങ്ങൾ.

ജോസഫ് ഇടമറുക്, എ.ടി. കോവൂർ, യു. കലാനാഥൻ

മുമ്പത്തെപ്പോലെ മതം വിടുന്നവരൊക്കെ യുക്തിവാദി സംഘടനകളിലേയ്ക്ക് വരുന്നില്ല. പലരും പല കൂട്ടായ്മകളിലേയ്ക്ക് / സംഘടനകളിലേയ്ക്കാണ് ചേരുന്നത്. അല്ലെങ്കിൽ പുതിയ ഗ്രൂപ്പുകൾക്ക് രൂപംനൽകുന്നു. എമു, എക്രി, എഹി സംഘങ്ങളൊക്കെ ഇത്തരത്തിൽ ഉടലെടുത്തവയാണ്. അവർ എതിർക്കുന്നത് സാധാരണക്കാരുടെ മതവിശ്വാസത്തെയല്ല. ഒരാൾ മതത്തിൽ വിശ്വസിക്കുന്നത് ഗുരുതരമായ എന്തെങ്കിലും കുഴപ്പമാണ് എന്ന് അവർ വാദിക്കുന്നുമില്ല. മറിച്ച് എല്ലാ മതങ്ങളുടെയും അന്ധമായ മൗലികവിശ്വാസത്തെയാണ് അവരെല്ലാം ശക്തമായി എതിർക്കുന്നത്.

എമു, എക്രി, എഹി

എമു (EMU), എക്രി (ECRI), എഹി (EHI) എന്നിവ എക്‌സ് മുസ്​ലിം (Ex-Muslim) എക്‌സ് ക്രിസ്ത്യൻ (Ex- Christian) എക്‌സ് ഹിന്ദു (Ex- Hindu) എന്നിവയുടെ ചുരുക്കെഴുത്തുകളാകുന്നു. അവരെല്ലാം പൊതുവെ മതരഹിതരോ, നിരീശ്വരവാദികളോ യുക്തിവാദികളോ സ്വതന്ത്രചിന്തകരോ ആണ്. വിളിപ്പേരുകൾ പലതാണെങ്കിലും അവർക്കിടയിൽ വേർതിരിവുകളൊന്നുമില്ല. വിട്ടുവന്ന മതം തുടർജീവിതത്തിൽ ഒരു വിഷയമേ ആകുന്നില്ല. ഏറ്റവും ശക്തമായ ഗ്രൂപ്പ് ‘എമു’കളുടേതാണ്.

ഒരു മതം വിട്ട് മറ്റൊരു മതത്തിലേക്ക് ചേക്കേറിയവരെ ഈ പേരുകളിൽ വിളിക്കുന്നില്ല. അതായത് ഒരാൾ ഹിന്ദു മതം വിട്ട് ഇസ്​ലാമിൽ ചേർന്നാൽ അയാളെ ‘എഹി' എന്ന് വിളിക്കുന്നില്ല. എന്നാൽ സ്വതന്ത്രചിന്തകരോ യുക്തിവാദിയോ നിരീശ്വരവാദിയോ മതരഹിതരോ ആയി മാറുമ്പോൾ അവർ ‘എഹി' ആവുകയായി. ‘എമു’കൾക്കും ‘എക്രി’കൾക്കും ഇതേ നയം ബാധകമാണ്.
ഈ കൂട്ടായ്മകൾ ഏറ്റവും ശക്തിയോടെ അവരുടെ വാദങ്ങൾ നിരത്തുന്നതും, സംഘടിക്കപ്പെടുന്നതും ഓൺലൈൻ പ്ലാറ്റുഫോമുകളിലാണ്. ഓൺലൈനിൽ പടർന്നുപന്തലിക്കുന്ന അവർ തീർച്ചയായും നാളെ പൊതുസമൂഹത്തിൽ വരികതന്നെ ചെയ്യും. അതിനു സാധിക്കുംവിധം ശക്തമായ മതാതീത കമ്യൂണിറ്റിയായി അവർ ഉയർന്നുകഴിഞ്ഞു.

ഇത് കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമല്ല. മതം വിട്ടുപോവുകയോ അല്ലെങ്കിൽ മതത്തെ സ്വകാര്യജീവിതത്തിലേയ്ക്ക് മാത്രമായി ഒതുക്കുകയോ ചെയ്യുന്നവരുടെ എണ്ണം ആഗോളതലത്തിൽത്തന്നെ വർധിക്കുകയാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ, ഹ്യൂമനിസ്റ്റ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ ഉദ്ധരിച്ച്​ ‘എമു’കളും ‘എഹി’കളും ‘എക്രി’കളും ഒരുപോലെ അവകാശപ്പെടുന്നു .

മതം വിടുന്നതിന്റെ കാരണങ്ങളും ന്യായങ്ങളും

മതം അതിന്റെ നിശ്ചിതപരിധികൾ വിട്ട് വ്യക്തികളുടെ നിത്യജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയത്തിലും അനാവശ്യമായി ഇടപെടാൻ തുടങ്ങിയതാണ് ഏതാണ്ട് 1990-കൾക്കുശേഷം കേരളത്തിന്റെ അനുഭവം. മുന്നേ സൂചിപ്പിച്ചതുപോലെ, ഇക്കാലംകൊണ്ട് മതപ്രചാരണം എന്നത് വൻ ബിസിനസായി മാറുകയും ഇതര മതങ്ങളെയും മതേതരസമൂഹത്തെയും അവഹേളിക്കുംവിധം വളരുകയും ചെയ്തു. ഈ വളർച്ച മതമൗലികവാദികൾക്ക് സന്തോഷം നൽകിയെങ്കിലും അതിനു ചില അപ്രതീക്ഷിത പരിണാമഗുപ്തികളുണ്ടായി. മതപ്രഭാഷകർ പറയുന്നതിന്റെ യുക്തിരാഹിത്യവും അവർ ഉദ്ധരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതിയും പലരും സ്വയം പഠിയ്ക്കാൻ തുടങ്ങി. പഠിച്ചവർ സ്വന്തം യുക്തിയ്ക്കനുസരിച്ച് കാര്യങ്ങൾ വ്യഖ്യാനിക്കുകയും ചെയ്തു. പ്രഭാഷകർക്കപ്പുറത്ത് മതങ്ങളെ പഠിച്ചുതുടങ്ങിയ പലരും മതങ്ങളോടടുക്കകയല്ല അകലുകയാണ് ചെയ്തത് എന്നതാണ് ഏറ്റവും കൗതുകകരം. ഇത് മതനേതൃത്വങ്ങൾ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് യുക്തിവാദി സംഘടനാ നേതാവ് ഇ.എ. ജബ്ബാർ മാസ്റ്റർ നിരീക്ഷിക്കുന്നു .

മതപ്രഭാഷകർ മുന്നോട്ടുവയ്ക്കുന്ന ചില വ്യഖ്യാനങ്ങൾ അങ്ങനെയല്ല എന്ന് സ്ഥാപിയ്ക്കാൻ മതഗ്രന്ഥങ്ങൾ ആകെ പഠിക്കണം എന്ന സാഹചര്യം ഇപ്പോഴില്ല. മൊബൈലിലെ ഇന്റർനെറ്റിൽ പരതി മതപ്രഭാഷകരെ വെല്ലുന്ന അറിവ് സമ്പാദിക്കാൻ വ്യക്തികൾക്ക് കഴിയുന്നുണ്ട്.

മതങ്ങൾ ഇടുങ്ങിചിന്തിക്കാൻ പ്രേരിപ്പിക്കുന്നു, മനുഷ്യനെ മനുഷ്യനായല്ല അടിമയായാണ് പരിഗണിക്കുന്നത്, മതങ്ങൾക്ക് മനുഷ്യസ്‌നേഹമില്ല മതസ്‌നേഹമേ ഉള്ളൂ, മനുഷ്യനെ ജാതിക്കൂട്ടങ്ങളായാണ് കാണുന്നത്, ചില മതങ്ങൾ ഇതര മതസ്ഥരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നു, അയൽവാസികളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതുപോലും -ഓണാഘോഷത്തിൽപോലും- വിലക്കുന്നു, തുടങ്ങിയ കാരണങ്ങളും മതം വിട്ടവർ അവരുടെ തീരുമാനത്തിനു നിദാനമായി ചൂണ്ടിക്കാണിക്കുന്നുണ്ട് .

ഇന്റർനെറ്റ് എന്ന ഹേതുഭൂതൻ

ഇന്റർനെറ്റിന്റെ വരവോടെ വിവരലഭ്യത വളരെ എളുപ്പമായി. മതഗ്രന്ഥങ്ങളിൽ എന്തുപറയുന്നു എന്നത് ഏതു സാധാരണക്കാരനും ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ വിരൽത്തുമ്പിൽ ലഭ്യമാണല്ലോ. മതപ്രഭാഷകർ മുന്നോട്ടുവയ്ക്കുന്ന ചില വ്യഖ്യാനങ്ങൾ അങ്ങനെയല്ല എന്ന് സ്ഥാപിയ്ക്കാൻ മതഗ്രന്ഥങ്ങൾ ആകെ പഠിക്കണം എന്ന സാഹചര്യം ഇപ്പോഴില്ല. കൈയിലിരിക്കുന്ന മൊബൈലിലെ ഇന്റർനെറ്റിൽ പരതി മതപ്രഭാഷകരെ വെല്ലുന്ന അറിവ് സമ്പാദിക്കാൻ വ്യക്തികൾക്ക് കഴിയുന്നുണ്ട്. ഒരു പ്രഭാഷകൻ ഖുർആനിലെ ഒരു സൂക്തം ഉദ്ധരിച്ചുകൊണ്ട് പറയുന്ന വ്യാഖ്യാനത്തെ, അത് തെറ്റെങ്കിൽ, അപ്പോൾ തന്നെ sunnah. com- ലോ മറ്റേതങ്കിലും വെബ് സൈറ്റിലോ നോക്കി സൂക്തവും വ്യഖ്യാനവും കണ്ടെത്തി അങ്ങനെയല്ലല്ലോ എന്ന് എതിർവാദമുന്നയിക്കാൻ ഒരു പ്രയാസവുമില്ല. എല്ലാ മതങ്ങളെ സംബന്ധിച്ചും ഇത്തരം വെബ്സൈറ്റ് വിവരങ്ങൾ യഥേഷ്ടം ലഭ്യമാണ്. വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ അറിവുസമ്പാദന സാധ്യതയും മതങ്ങൾ വിടാൻ പിന്തുണയാകുന്നുണ്ട്.

അറിവുസമ്പാദന രീതി ജനാധിപത്യവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്റർനെറ്റിന്റെ ഗുണം. അവർണർക്ക് വേദങ്ങൾ വിലക്കപ്പെട്ട പഴയ കാലത്തിന്റെ രീതിയിൽനിന്ന് കാലം എത്രയെത്രയോ മാറിയിരിക്കുന്നു. ഏതു വേദവും എപ്പോഴും ആർക്കും ലഭ്യമാണ് എന്നതത്രേ അറിവിന്റെ ജനാധിപത്യ വ്യതിയാനം. ഹിന്ദു മതഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്ന് ഒരു പ്രബോധകൻ പറഞ്ഞാൽ, "അങ്ങനെയല്ലല്ലോ, മനുസ്മൃതിയിൽ ഹിരണ്യഗർഭസ്വരൂപനായ ബ്രഹ്മാവ് മനുഷ്യരെ വർണാടിസ്ഥാനത്തിൽ വിഭജിച്ച് പ്രത്യേകം തൊഴിലുകൾ വേദശബ്ദങ്ങളിൽനിന്ന് ഉൾക്കൊണ്ട് നിശ്ചയിച്ചു എന്ന് കാണാമല്ലോ' എന്നോ, ‘ഇസ്​ലാം മറ്റു മതസ്ഥരെ ബഹുമാനിക്കാൻ മാത്രം പഠിപ്പിക്കുന്നു’ എന്ന്​ പ്രഭാഷകൻ പറയുമ്പോൾ, "അതെപ്പോഴും അങ്ങനെയല്ലല്ലോ, സൂറത്തുൽ തൗബയിലെ അഞ്ചാം ആയത്തിൽ (വചനത്തിൽ) ബഹുദൈവ വിശാസികളെ കണ്ടെത്തിയേടത്ത് വച്ചു കൊന്നുകളഞ്ഞേയ്ക്ക് എന്നുണ്ടല്ലോ' എന്നോ ഇൻറർനെറ്റിൽ നിന്ന് കണ്ടെത്തി തിരിച്ചുപറയാൻ ഏതൊരാൾക്കും സെക്കന്റുകൾ മതി. ഖുർആനിലെയും തഫ്‌സീറിലെയും ഹദീസിലെയും ഗീതയിലേയും ബൈബിളിലേയുമൊക്കെ വചനങ്ങളെ സ്വതാല്പര്യമനുസരിച്ച് പ്രഭാഷകർ വളച്ചൊടിച്ച് വ്യാഖ്യാനിക്കുമ്പോൾ, അതിന്റെ ശരിയായ വ്യാഖ്യാനം എടുത്തുദ്ധരിക്കാൻ കൈയിൽ ഇന്റർനെറ്റ് കണക്ഷനുള്ള ഒരു മൊബൈലുണ്ടെങ്കിൽ സാധ്യമാണ് എന്നർഥം. ഇംഗ്ലീഷിൽ നിന്നും അറബിയിൽ നിന്നുമൊക്കെ മലയാളത്തിലേയ്ക്കുള്ള പരിഭാഷയും ക്ഷണനേരംകൊണ്ട് സാധിക്കും. അപ്പോൾ വ്യാഖ്യാനങ്ങളുടെ മായികവലയം കൊണ്ട് വിശ്വാസിയെ പിടിച്ചുനിർത്താനാവില്ല. അറിവുകൊണ്ടുള്ള ഈ പ്രതിരോധസാധ്യതയും, അറിവുസമ്പാദനത്തിന്റെ സ്വാധീനം കൊണ്ടെന്നപോലെ, മതനിരാസത്തിന് ഹേതുവായി മാറുന്നുണ്ട്.

ഒരേ മേൽക്കൂരയ്ക്കുകീഴിൽ പലതരം സാധനങ്ങളുടെ കച്ചവടങ്ങൾക്കുപറ്റിയ മാളുകളായി മതങ്ങൾ മാറിയത് തുറന്ന സാമ്പത്തികനയത്തിന്റെ ഫലമായിരുന്നു.

മതം വിടുന്നതിന് ആഗോളീകരണം എങ്ങനെ പ്രേരകമാവുന്നു?

1990 മുതൽ ശക്തിപ്രാപിച്ച ആഗോളീകരണത്തിൽ സാമ്പത്തികമേഖലയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ പ്രതിലോമകരങ്ങളായ ചില സാമൂഹ്യവ്യവസ്ഥകൾ നിലനിൽപ്പിന് വിഷമിക്കും എന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. മതങ്ങൾ സ്വാഭാവികമായും ‘undynamic' ആകും എന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞൻ ജോസഫ്​ സ്​റ്റിഗ്ലിസ്​ അടക്കമുള്ളവർ ഈ അഭിപ്രായങ്ങളായിരുന്നു പ്രകടിപ്പിച്ചിരുന്നത്. പക്ഷെ കാര്യങ്ങൾ വിപരീതദിശയിലാണ്​ വർത്തിച്ചത്. ആഗോളീകരണത്തിലും തുറന്ന സാമ്പത്തികനയത്തിലും മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിലോമകരങ്ങളായ വിശ്വാസപ്രമാണങ്ങൾക്കും സന്മാർഗികമല്ലാത്ത ബിസിനസ്​ പ്രവർത്തനങ്ങൾക്കുമൊക്കെ കൂടുതൽ പ്രാധാന്യം വരുകയാണുണ്ടായത്! ഒരേ മേൽക്കൂരയ്ക്കുകീഴിൽ പലതരം സാധനങ്ങളുടെ കച്ചവടങ്ങൾക്കുപറ്റിയ മാളുകളായി മതങ്ങൾ മാറിയത് തുറന്ന സാമ്പത്തികനയത്തിന്റെ ഫലമായിരുന്നു. അതിന്റെ പരിണിത ഫലങ്ങളിൽ ഏറ്റവും സങ്കടകരമായത് ‘എന്റെ മതം മാത്രം ശരി' എന്ന തോന്നലിലേയ്ക്ക് വിശ്വാസികൾ ചുരുങ്ങിയതാണ്; മതപ്രബോധകർ അവരെ അങ്ങനെ ചുരുങ്ങാൻ പഠിപ്പിച്ചതാണ്.

ജാമിത

എന്റെ കുട്ടയിലെ മീൻ നല്ലത് എന്നുപറഞ്ഞ്​ വിൽക്കുന്നതിനുപകരം അവരുടെ കുട്ടയിലെ മീൻ ചീഞ്ഞത് എന്നുപറഞ്ഞുതന്നെ കച്ചവടം നടത്തുന്ന പ്രവണത മതപ്രഭാഷകർ മതങ്ങളുടെ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങുകയുണ്ടായി. ഈ സമീപനത്തിന് കേരളത്തിൽ തുടക്കമിട്ടത് എം.എം. അക്ബർ ആണെന്ന് ജാമിത, സെബാസ്​റ്റ്യൻ പുന്നക്കൽ ഫിലിപ്പ്, ആരിഫ് ഹുസൈൻ എന്നിവർ തെളിവുസഹിതം ഉന്നയിക്കുന്നുണ്ട്. ഇത് ആഗോളീകരണ കാലത്തെ മാർക്കറ്റ് സാധ്യത ഉപയോഗിക്കൽ മാത്രമാണ് എന്നും ജാമിത അഭിപ്രായപ്പെടുന്നു.

സംഘടിതവും സാമ്പത്തികപിൻബലമുള്ളതുമായ മതപ്രചാരണ പരിപാടികളിലൂടെ മതങ്ങളുണ്ടാക്കിയ ഡൈനാമിക് അന്തരീക്ഷം തന്നെയാണ് മതം വിടുന്നതിന് വലിയൊരു വിഭാഗത്തെ പ്രേരിപ്പിച്ചത് എന്നതാണ് രസകരമായ വൈരുധ്യം. ഒരുപക്ഷേ, ആഗോളീകരണം ഏറ്റവും ഉപയോഗപ്പെടുത്തിയത് ഇസ്‌ലാം മതമായിരിക്കും. ഇസ്​ലാം മതപണ്ഡിതർ ദീർഘകാലം എതിർത്ത ഫോട്ടോ എടുപ്പും വീഡിയോയുമൊക്കെ പുതിയകാല മതപ്രചാരകർ ഏറ്റെടുത്തു ഉപയോഗപ്പെടുത്തി! ഈ വ്യത്യാസങ്ങളെക്കുറിച്ച് നിരവധി ചർച്ചകൾ ഓൺലൈനിൽ നടക്കുന്നുണ്ട്.

മതപരമായ ഇത്തരം അമിത ഇടപെടലുകൾ യുക്തിപരമായി ചിന്തിക്കുന്നവരെ മാനസികമായി അസ്വസ്ഥരാക്കിയിട്ടുണ്ടാവും എന്നുറപ്പാണല്ലോ. ശാന്തമായൊരു സിനിമ കാണാൻ തിയേറ്ററിൽ കയറുന്ന പ്രേക്ഷകന് ഒരു ഇടിപ്പടം കണ്ടാലുണ്ടാവുന്ന മാനസികമായ വിയോജിപ്പുപോലെ മതങ്ങളുടെ അമിത കോലാഹലങ്ങൾ പല വിശ്വാസികളിലും എതിർപ്പുണ്ടാക്കി. മനസ്സിൽ തോന്നുന്നത് അപ്പപ്പോൾ പ്രകാശിപ്പിക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ മാധ്യമങ്ങളിൽ അവരത് പങ്കുവച്ചു. അത് സമാന ചിന്താഗതിക്കാർക്ക് യോജിക്കാൻ അവസരമൊരുക്കുകയും അവർ സ്വതീരുമാനങ്ങളിലൂടെ മതത്തിന് പുറത്തുകടക്കുകയും ചെയ്തു.

വിശ്വാസി സമൂഹത്തെ കച്ചവടവൽക്കരിക്കാൻ കഴിഞ്ഞു എന്നതാണ് ആഗോളീകരണ സാമ്പത്തികവ്യവസ്ഥിതി കൊണ്ട് മതപ്രഭാഷകർക്കുണ്ടായ നേട്ടം; വിശ്വാസികളിൽ വളർന്ന കസ്റ്റമർ താല്പര്യങ്ങളെ സംരക്ഷിച്ചുനിർത്താൻ വലിയ വിലനൽകേണ്ടിവരുന്നു എന്നതാണ് കോട്ടം. അവിടെ സംഭവിക്കുന്ന വിള്ളലുകളിലൂടെയാണ് സ്വതന്ത്രചിന്തകർക്ക് വിശ്വാസിക്കൂട്ടങ്ങളിലേക്ക് ഇടംകിട്ടിയതും മതംവിടലുകൾക്ക് കളമൊരുക്കാനായതും.

മതപ്രഭാഷകരുടെ അവകാശവാദങ്ങളുടെയും വ്യഖ്യാനങ്ങളുടെയും പൊള്ളത്തരങ്ങൾ, മതനേതാക്കളും അനുയായികളും കാട്ടിക്കൂട്ടുന്ന വിവരക്കേടുകളുടെ നേർചിത്രങ്ങൾ എന്നിങ്ങനെയാണ് മതരഹിതരുടെയും സ്വതന്ത്രചിന്തകരുടെയും പരിപാടികളിലുള്ളത്

മത, മതരഹിത ഓൺലൈൻ ഉരുപ്പടികൾ

പലതരം മെറ്റീരിയലുകളാണ് മതപ്രഭാഷകരും മതം വിട്ടവരും മലയാളത്തിൽ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. സാധാരണ മതപ്രഭാഷണം, മതഗ്രന്ഥങ്ങളുടെയും മതജീവിതത്തിന്റെയും മഹത്വം പറയുന്ന പ്രഭാഷണങ്ങൾ, സ്വർഗം- നരകം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ, ഇതര മതങ്ങളെയും മതരഹിതരെയും യുക്തിവാദികളെയും എതിർക്കുന്നതോ പരിഹസിക്കുന്നതോ അവഹേളിക്കുന്നതോ ആയ പരിപാടികൾ എന്നിവയാണ് മതാനുകൂലികൾ മുഖ്യമായും അപ്‌ലോഡ്‌ ചെയ്തിട്ടുള്ളത്. ഇതിൽ വീഡിയോ, ഓഡിയോ, സ്ലൈഡുകൾ, ടെക്​സ്​റ്റ്​ തുടങ്ങി എല്ലാതരം ഫയലുകളുമുണ്ട്. പലയിടങ്ങളിൽ നടന്ന പരിപാടികളുടെ വീഡിയോകളും, ഓൺലൈനിലേയ്ക്കായി തയ്യാറാക്കിയ വീഡിയോകളുമുണ്ട്. ക്ലബ്ബ് ഹൗസ് ചർച്ചകളും ഇതേപോലെ വിവിധ തലക്കെട്ടുകളിൽ കാണാം.

മതഗ്രന്ഥങ്ങളുടെ പൊള്ളത്തരങ്ങളും വൈരുധ്യങ്ങളും തുറന്നുകാട്ടുന്നവ, മതധാർമികതയുടെ പൊരുത്തമില്ലായ്മ, മതപ്രഭാഷകരുടെ അവകാശവാദങ്ങളുടെയും വ്യഖ്യാനങ്ങളുടെയും പൊള്ളത്തരങ്ങൾ, മതനേതാക്കളും അനുയായികളും കാട്ടിക്കൂട്ടുന്ന വിവരക്കേടുകളുടെ നേർചിത്രങ്ങൾ എന്നിങ്ങനെയാണ് മതരഹിതരുടെയും സ്വതന്ത്രചിന്തകരുടെയും പരിപാടികളിലുള്ളത്. ചില വീഡിയോകൾ വളരെ വേഗം വൈറലാവും. ജാമിത ടീച്ചറുടെ യൂട്യൂബ് ചാനലിലെ (jamitha teacher talks) ചില വീഡിയോകളൊക്കെ രണ്ടുലക്ഷം പേരൊക്കെയാണ് ഒറ്റ ആഴ്​ച കൊണ്ട് കണ്ടിട്ടുള്ളത്. കർണാടകത്തിലെ ഒരു ക്ഷേത്രത്തിലെ വഴിപാടായ, ബ്രാഹ്മണർ ഭക്ഷണം കഴിച്ച എച്ചിലിലയിൽ കിടന്നുരുളുന്ന ഏർപ്പാടിന്റെ (മഡേ സ്‌നാനം: ഉഡുപ്പി കുക്ക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം) വീഡിയോകളും അതിനെതിരെയുള്ള വിമർശനങ്ങളും ദിവസങ്ങൾകൊണ്ട് ലക്ഷങ്ങളാണ് കണ്ടത്. അത് പ്രചരിപ്പിച്ചതും സ്വതന്ത്രചിന്തകരാണ്.

ക്ലബ് ഹൗസ് ചർച്ചകൾ

‘എമു’, ‘എഹി’, ‘എക്രി’ ഗ്രൂപ്പുകളും മതപ്രഭാഷകരും തമ്മിലുള്ള ലൈവ് ചർച്ചകൾ ഏറ്റവും കൂടുതൽ സജീവമായത് ക്ലബ് ഹൗസ് റൂമുകളിലാണ്. ക്ലബ് ഹൗസ് എന്ന ഓഡിയോ മാധ്യമം 2020 മാർച്ചിൽ തന്നെ തുടങ്ങിയിരുന്നെങ്കിലും കേരളത്തിൽ വ്യാപകമായത് 2021 ഫെബ്രുവരിയോടെയാണ്. ആർക്കുവേണമെങ്കിലും ഐഡൻറിറ്റി മറച്ചുവച്ച് പങ്കെടുക്കാം, മുഖം നൽകേണ്ട കാര്യമില്ല, ഏതുസമയത്തും ചേരാം, ഏതുസമയത്തും വിട്ടുപോവാം തുടങ്ങിയ ഒരുപാട് ഗുണങ്ങൾ കൊണ്ട് (ദോഷങ്ങൾ കൊണ്ടും) ക്ലബ് ഹൗസ് വ്യാപകമായി. മതപ്രചാരകരെ അമ്പരിപ്പിച്ചുകൊണ്ട് ക്ലബ്ബ് ഹൗസിൽ നിറയെ അവർക്കെതിരെയുള്ള ചർച്ചകൾ കൊണ്ട് നിറഞ്ഞു.

‘എമു’, ‘എഹി’, ‘എക്രി’ ഗ്രൂപ്പുകളും മത പ്രഭാഷകരും തമ്മിലുള്ള ലൈവ് ചർച്ചകൾ ഏറ്റവും കൂടുതൽ സജീവമായത് ക്ലബ്ബ് ഹൗസ് റൂമുകളിലാണ്.

‘എമു’, ‘എഹി’, ‘എക്രി’കളുടെ ഭാഗത്തുനിന്ന് വളരെ പെട്ടെന്നുതന്നെ ക്ലബ്ബ് ഹൗസ് ചർച്ചകൾക്ക് മൂന്നുകൾക്കെതിതലങ്ങൾ ഉണ്ടായി; ഒന്ന് - മതങ്ങൾക്കെതിരെയുള്ള ചർച്ച, രണ്ട്- മതപ്രഭാഷകർക്കെതിരെയുള്ള ചർച്ച, മൂന്ന്- മതവിശ്വാസിക്കെതിരെയുള്ള ചർച്ച. അതായത് ഹിന്ദു വേറെ ഹിന്ദു മതം വേറെ, ക്രിസ്ത്യാനി വേറെ ക്രിസ്തു മതം വേറെ, ഇസ്‌ലാം വേറെ മുസ്‌ലിം വേറെ എന്ന രീതിയിലാണ് ചർച്ച. അത് ആസൂത്രിതമായ വേർതിരിവാണ്.

മതം മോശമാണ് എന്നതുകൊണ്ട് മതവിശ്വാസി മോശക്കാരനാവണമെന്നില്ല; അല്ലെങ്കിൽ മതവിശാസി നല്ലവനാവുന്നതിൽ മതങ്ങൾക്ക് പങ്കൊന്നുമില്ല എന്ന വ്യഖ്യാനം മതധാർമികശാസ്ത്രങ്ങളുടെ മുനയൊടിക്കുമെന്ന് സ്വതന്ത്രചിന്തകർ പറഞ്ഞുവെക്കുന്നു, അവരുടെ എല്ലാ ചർച്ചകളിലും അവർ മുന്നോട്ടുവയ്ക്കുന്ന കാര്യം ഇതാണ്: മതത്തെ വിമർശിക്കുന്നത് മതവിശ്വാസിയെ വിമർശിക്കലല്ല; തിരിച്ചും അങ്ങനെതന്നെ. അതു രണ്ടും രണ്ടായി കാണാൻ മതപ്രഭാഷകരെ പഠിപ്പിക്കുന്ന പണിയും സ്വതന്ത്രചിന്തകർ ഏറ്റെടുത്തിട്ടുണ്ട്.

‘എഹി’: ഉണ്ടാവുന്നതിന്റെ കാരണങ്ങളും എതിർ സമീപനങ്ങളും

‘എഹി’കളുടെ പേരിൽ വീഡിയോ ക്ലിപ്പുകൾ യു ട്യൂബിൽ പൊതുവെ കുറവാണ്. ചർച്ചകൾ ധാരാളമുണ്ട്. ‘എഹി’കളുണ്ടാവുന്നതിന്റെ പ്രധാന കാരണം ജാതിയാണ്. ഹിന്ദു മതത്തിലെ ജാതിചിന്തയുടെ ദാർശനിക നീതീകരണങ്ങളും നിലവിൽ പുലർത്തിവരുന്ന സമീപനങ്ങളുമാണ് പലരെയും ഹിന്ദു മതം വിടാൻ പ്രേരിപ്പിച്ചിട്ടുള്ളത്. മിക്കവാറും താഴ്ന്ന ജാതിയിൽപെട്ടവരാണ് ഇങ്ങനെ എഹികളാവുന്നത്. താഴ്ന്ന ജാതി - ഉയർന്ന ജാതി എന്നൊന്നില്ല, അത് സർക്കാർതല വേർതിരിവ് മാത്രമാണ് എന്നവർ വാദിക്കുന്നുമുണ്ട്. ഏതാണ്ട് 2015 വരെയൊക്കെ ഹിന്ദു മതം വിട്ട് ഇസ്​ലാമിലേയ്ക്കോ ക്രിസ്ത്യാനിറ്റിയിലേയ്ക്കോ പോവുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് സ്വതന്ത്രചിന്തയിലേയ്ക്ക് ചേക്കേറലായിട്ടുണ്ട്. മതംവിട്ട് മറ്റൊരു മതത്തിലേക്ക് പോവുന്നതിനേക്കാൾ നല്ലത് മതരഹിത കൂടാരത്തിലേയ്ക്ക് പോവുന്നതാണെന്ന തിരിച്ചറിവാണ് ഇതിന്റെ കാരണം. ഹിന്ദു മതം വിട്ട് ഇസ്‌ലാമിലെത്തിയശേഷവും ജാതിവിവേചനത്തിനെതിരെ പോരാടുന്ന ഷിബു ചെറുവാടി എന്നയാൾ നയിക്കുന്ന ക്ലബ്ബ് ഹൗസ് ചർച്ചകളിൽ ഇക്കാര്യങ്ങൾ പല എഹികളും തുറന്നുപറയുന്നുണ്ട് .

‘എഹി’ എന്ന ഐഡൻറിറ്റി ഉണ്ടാക്കിയെടുക്കുക പ്രയാസകരമാണ്. മതം വിട്ടു എന്ന് പ്രഖ്യാപിക്കുന്നതുകൊണ്ട് മാത്രം ഒരാൾ ഹിന്ദു മതത്തിനു പുറത്തുപോയി എന്ന ഒരു ‘ഫീലിങ്' ഉണ്ടാവുന്നില്ല എന്നതുതന്നെ കാരണം. ദൈവത്തിൽ വിശ്വസിക്കാത്തവനും, ഒരിക്കൽപോലും അമ്പലത്തിൽ പോവാത്തവനുമൊക്കെ ഹിന്ദു എന്ന ലേബലിൽ തന്നെ ഉൾക്കൊള്ളുമെന്നത് എഹി എന്ന വേറിട്ട ഐഡന്റിറ്റി ഇല്ലാതാവുന്നതിന് കാരണമാവുന്നുണ്ട്.

‘എഹി’കളോട് ഏറ്റുമുട്ടുന്ന ഹൈന്ദവ പ്രഭാഷകരെയോ സംഘടനകളെയോ പൊതുവെ ഓൺലൈൻ ചർച്ചകളിൽ കണ്ടിട്ടില്ല. എന്നാൽ ഹിന്ദു മതം വിട്ട് ഇതര മതത്തിലേയ്ക്ക് മാറിയവരെ നിശിതമായി എതിർക്കുന്ന ചില ക്ലബ്ബ് ഹൗസ് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. വളരെ കുറച്ചു വിഡിയോകളും യുട്യൂബിൽ ലഭ്യമാണ്.

‘എക്രി’: ഉണ്ടാവുന്നതിന്റെ കാരണങ്ങളും എതിർ സമീപനങ്ങളും

‘എക്രി’കൾ ഉണ്ടാവുന്നതിന്റെ പ്രധാനകാരണം പൗരോഹിത്യത്തോടുള്ള വിരോധമാണ്. സമ്പന്നതയിലേയ്ക്ക് ലക്ഷ്യംവക്കുന്ന പൗരോഹിത്യത്തോടുള്ള വിയോജിപ്പുകളും പുരോഹിതർ നടത്തുന്ന സാമൂഹ്യമര്യാദയില്ലാത്ത പ്രവർത്തനങ്ങളും തങ്ങൾക്ക് ക്രിസ്ത്യാനിറ്റി വിടാൻ പ്രേരകമായി എന്ന് ചിലർ തുറന്നുപറയുകയുണ്ടായി. കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ നിലനിൽക്കുന്ന ജാതീയതയും ചിലരിൽ മതത്തോട് വിയോജിപ്പുണ്ടാക്കുന്നുണ്ട്. പുതിയ തലമുറ പ്രഭാഷകരായ ബ്രദറുമാരുടെ ശൈലിയെയും അന്ധവിശ്വാസ പ്രചാരണങ്ങളെയും എതിർക്കാൻ മതനേതൃത്വം തയ്യാറാവുന്നില്ല എന്നവർ വാദിക്കുന്നു.

‘എഹി’കളെയും ‘എക്രി’കളെയും അപേക്ഷിച്ച് കൂടുതൽ സജീവമാണ് ‘എമു’കൾ. അതിനുള്ള പ്രധാന കാരണം ‘എമു’കളെ മുന്നിൽനിന്ന് നയിക്കുന്നവർ ചെറുപ്പക്കാരാണ് എന്നതാണ്.

‘എഹി’കളോട് ഹിന്ദുപ്രബോധകർക്കുള്ള അതേ സമീപനരീതിതന്നെയാണ് ‘എക്രി’കളോട് പൊതുവെ ക്രിസ്ത്യൻ പ്രഭാഷകരും പുലർത്തുന്നത്. ‘എക്രി’ ഗ്രൂപ്പിനെ അവർ ‘മൈൻഡ്' ചെയ്യാതെ മാറ്റിനിർത്തുന്നു. എന്നാൽ ക്രിസ്തു മതം വിട്ട് ഹിന്ദു അല്ലെങ്കിൽ ഇസ്​ലാം മതത്തിലേയ്ക്ക് ചേക്കേറിയവരെ നിശിതമായി എതിർക്കുന്നുമുണ്ട്.

‘എമു’: ഉണ്ടാവുന്നതിന്റെ കാരണങ്ങളും എതിർ സമീപനങ്ങളും

ഇസ്​ലാം മതത്തിന്റെ കാലോചിതമല്ലാത്ത സമീപനങ്ങളിലും മതപ്രഭാഷകരുടെ അന്ധവിശ്വാസപരമായ പ്രചാരണ വേലകളിലും മനംമടുത്താണ് ‘എമു’കളായത് എന്ന് മിക്കവരും വെളിപ്പെടുത്തുന്നു. ഇസ്​ലാം വിട്ടുകഴിയുമ്പോഴാണ് അതെത്രമാത്രം അന്ധവിശ്വാസപരമാണെന്ന് ബോധ്യം വന്നത് എന്നും ആ ബോധ്യമാണ് എമുവായി തുടരാൻ പ്രേരിപ്പിക്കുന്നത് എന്നും നിരീക്ഷണമുണ്ട്.
എം.എം. അക്ബർ, സിംസാറുൽ ഹഖ് ഹുദവി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ പ്രഭാഷകർ നിരത്തുന്ന ന്യായീകണങ്ങളും പ്രസംഗിക്കുന്ന അന്ധവിശ്വാസങ്ങളുമാണ് പലരെയും ഇസ്​ലാം മതം പഠിക്കാനും അതുവഴി മതം വിടാനും പ്രേരിപ്പിച്ചതെന്ന് ആരിഫ് ഹുസൈൻ, ലിയാഖത് തുടങ്ങിയ എമുക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഇസ്​ലാമിന്റെ സ്ത്രീവിരുദ്ധതയും മതം വിടുന്നതിന് കാരണമായി അവർ സൂചിപ്പിക്കുന്നു. ഓൺലൈനിലെ സ്വതന്ത്ര ചിന്തകരുടെ ചാനലുകളിലും ക്ലബ്ബ് ഹൗസ് ചർച്ചകളിലും ഏറ്റവും സജീവപങ്കാളിത്തം വഹിക്കുന്ന സ്ത്രീകളായ ജാമിതയും, ജസ്​ല മാടശ്ശേരിയും, സുറുമിയും, ഷെറിനും ഒക്കെ ഈ അഭിപ്രായം നിരന്തരം പങ്കുവക്കുന്നു. സിംസാറുൽ ഹഖ് ഹുദവി എന്ന മതപ്രഭാഷകൻ ഏറെ മോശമായ സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ നടത്തിയിട്ടും ഒരു മതനേതാക്കളും എതിർപ്പ് പറഞ്ഞില്ല; മതത്തിലെ പുതിയ സമീപനങ്ങൾ സ്ത്രീയെ മനുഷ്യരായി പരിഗണിക്കുന്നില്ല എന്നതിനാൽ മതം വിട്ടു എന്നുമവർ പറയുന്നുണ്ട്.

ആരിഫ് ഹുസെെൻ തെരുവത്ത്

മനുഷ്യൻ ഹൃദയം കൊണ്ട് ചിന്തിക്കുന്നു എന്ന ഖുർആൻ വചനത്തെ ശാസ്ത്രീയമായി അക്ബർ ന്യായീകരിക്കുന്നതുകേട്ട് അവജ്ഞ തോന്നി മതാന്ധത ഉപേക്ഷിച്ചവരുമുണ്ട്. ഇസ്​ലാമികപക്ഷത്തെ അതിസജീവ ഗ്രൂപ്പുകളിലാണ് എം.എം. അക്ബർ ചർച്ചയ്ക്കെത്തുന്നത്. ഹൃദയം കൊണ്ട് ചിന്തിക്കുന്നു എന്ന ഖുർആൻ വചനം ശാസ്ത്രീയമാണ് എന്ന് പൊതുവേദികളിൽ അദ്ദേഹം വാദിച്ചിരുന്നു. ആ വാദം ഇത്തിരി മയപ്പെടുത്തി അക്ബർ ഓൺലൈനിലും ന്യായീകരിക്കുകയുണ്ടായി.

‘എഹി’കളെയും ‘എക്രി’കളെയും അപേക്ഷിച്ച് കൂടുതൽ സജീവമാണ് ‘എമു’കൾ. അതിനുള്ള പ്രധാന കാരണം ‘എമു’കളെ മുന്നിൽ നിന്ന് നയിക്കുന്നവർ ചെറുപ്പക്കാരാണ് എന്നതാണ്. അവരുടെ യുട്യൂബ് ചാനലിൽ ലക്ഷങ്ങളാണ് കാഴ്ചക്കാർ. ഉദാഹരണത്തിന് ആരിഫ് ഹുസൈൻ തെരുവത്ത് എന്ന ചെറുപ്പക്കാരനായ സ്വതന്ത്രചിന്തകന്റെ വിഡിയോകൾ ശ്രദ്ധിച്ചാൽ മതി. ആരിഫിനെപ്പോലെ ചിലർ വ്യത്യസ്തമായ രീതികളിൽ ‘എമു’ ഗ്രൂപ്പിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്. Proud Ex Muslim: EMU എന്ന ലോഗോ പതിച്ച ടീ ഷിർട്ടുകൾ ഇറക്കി മാർക്കറ്റിൽ എത്തിച്ചത് ആരിഫാണ്. ആയിരക്കണക്കിന് ടീ ഷർട്ടുകളാണ് ആ ബ്രാൻഡ് വാക്യത്തിൽ വിറ്റുപോയത്.
‘എമു’കളെയും യുക്തിവാദികളെയും നിശിതമായി എതിർക്കാറുണ്ട് ഇസ്​ലാം മതപ്രഭാഷകർ. എന്നാൽ മറ്റു മതത്തിൽ ചേക്കേറിയ മുസ്​ലിംകളെ പൊതുവെ അവർ എതിർക്കാറില്ല. മതം വിട്ടവർക്ക് ധാർമികത ഇല്ല, അവർക്ക് മാതാവ് പിതാവ് സഹോദരങ്ങൾ തുടങ്ങിയവരെ വിവേചിച്ചറിയാനാവില്ല, അമിത ലൈംഗികതയുടെ വക്താക്കളാണ്, മാതാവിനോടുപോലും ലൈംഗികബന്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് തുടങ്ങി മാന്യതയില്ലാത്ത വിമർശനങ്ങൾ മിക്ക ചർച്ചകളിലും മൗലിക മുസ്​ലിംകൾ ‘എമു’കളെപ്പറ്റി ഉയർത്താറുണ്ട്.

എത്ര ശക്തമായി പ്രഭാഷകർ എതിർക്കുന്നുവോ അത്രയും ശക്തമായി ‘എമു’കൾ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. പൊളിറ്റിക്കൽ ഇസ്​ലാമിന്റെ എതിർപ്പുകളെയും ശത്രുതയെയും പ്രതിരോധിച്ചുകൊണ്ടാണ് തങ്ങൾ സംഘടിക്കുന്നത് എന്ന് എക്‌സ് മുസ്​ലിംസ്​ വ്യക്തമാക്കുന്നു. ഒരു മുസ്​ലിമിനെയും ഇസ്​ലാം മതത്തിന് എതിരാക്കി ‘എമു’ എന്ന ഗ്രൂപ്പിലേയ്ക്ക് ചേർക്കാൻ ആഗ്രഹിക്കുന്നില്ല എന്നവർ വ്യക്തമായി അറിയിക്കുന്നുണ്ട്. ‘എമു’ ഒരിക്കലും മുസ്​ലിമിനെതിരെയല്ല, ഇസ്​ലാമിന്റെ അന്ധവിശ്വാസപരവും ഫാസിസ്റ്റുപരവുമായ പ്രമാണങ്ങൾക്കെതിരെ മാത്രമേ സംസാരിക്കൂ എന്നും അസന്ദിഗ്ധമായി അവർ പ്രഖ്യാപിക്കുന്നു. ജീർണമായ മതപ്രമാണങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട് എന്നുമവർ പ്രഖ്യാപിക്കുന്നു.

മതം വിടുന്നതിന്റെ പൊല്ലാപ്പുകൾ

‘സഹ്യസാനു ശ്രുതി ചേർത്തുവച്ച' കേരളത്തിൽ മനുഷ്യജീവിതം പുറമേയ്ക്ക് കേൾക്കുന്ന മണിവീണനാദം പോലെ അത്ര മതേതരമോ അന്ധവിശ്വാസരഹിതമോ അല്ലെന്ന് മതം വിട്ടവർ, അവർ ഏതു മതം വിട്ടുവരുന്നവരായാലും, ഒരേ സ്വരത്തിൽ വാദിക്കുന്നുണ്ട്. ഈ എക്‌സ് മതക്കാർ ചൂണ്ടിക്കാണിക്കുന്നത് സ്വന്തം അനുഭവങ്ങൾ തന്നെയാണ്. ജാമിത ടീച്ചർ എന്ന സ്വതന്ത്രചിന്തക ഇക്കാര്യം നിരവധി വീഡിയോകളിലൂടെ തെളിവുസഹിതം വ്യക്തമാക്കുന്നുണ്ട്. മതം വിടുന്നവർ കുടുംബത്തിലെ ചില അംഗങ്ങളിൽനിന്നും സമൂഹത്തിൽനിന്നും നേരിട്ടുകൊണ്ടിരിക്കുന്ന മോശം അനുഭവങ്ങൾ, ലിയാക്കത്തലി, നിജാസ്, ഷിബു, റൗഫ്, അയാൻ, ഉമ്മർ പി, എന്നിവർ വിവരിക്കുന്നുണ്ട്.

മതരഹിതസമൂഹം സകല ഉച്ചനീചത്വങ്ങളും ഇല്ലാതാക്കും എന്ന പ്രചാരണവും യുക്തിസഹമല്ല. വിശ്വാസികൾ ഭൂരിപക്ഷമുള്ള നമ്മുടേതുപോലൊരു സമൂഹത്തിൽ മതങ്ങൾ ഒഴിവാക്കാൻ കഴിയാത്ത യാഥാർഥ്യമാണ്. പക്ഷേ, മതത്തിന്റെ ഇടപെടലുകൾക്ക് കൃത്യമായ പരിതിയും നിർവചനവും ആവശ്യമായിരിക്കുന്നു.

മതം വിട്ടശേഷം യുക്തിവാദി/ സ്വതന്ത്രചിന്തകർ/ മതരഹിതർ തുടങ്ങി ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേരുന്നതോടെ എതിർപ്പുകളെ ചെറുത്തുനിൽക്കാൻ കുറെയൊക്കെ അവർക്കു സാധിക്കുന്നുണ്ട്. രാത്രിയിൽ വീടിനുമുമ്പിൽ ചെന്ന് ബഹളംവക്കുക, കേസുകളിൽ കുടുക്കുക, വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കുക, ജോലിചെയ്യുന്ന രാജ്യത്തെ സർക്കാർ മുമ്പാകെ പരാതി നൽകുക തുടങ്ങി പല രീതികളിലും എതിർപ്പുകളുണ്ട്. ഇതിൽ ചിലതിന്റെ അടിസ്ഥാനത്തിൽ കേസുകളും നിലവിലുണ്ട്. മതം വിട്ട് പുറത്തുവരുന്ന അധ്യാപകരെ സ്‌കൂളിൽ പഠിപ്പിക്കാൻ അനുവദിക്കാതെ തർക്കങ്ങളുണ്ടാക്കിയ സംഭവങ്ങൾ കേരളത്തിൽ പലയിടത്തും ഉണ്ടായിട്ടുണ്ട്. ജാമിത ടീച്ചർ അതിന്റെ ഒരു ഇരയാണ്. ഓൺലൈനിൽ കേൾക്കുന്ന കാര്യങ്ങളിൽ വസ്തുതകളുണ്ടെങ്കിൽ, മതവിശ്വാസിക്കും മതവിരുദ്ധനും മതരഹിതനുമൊക്കെ ഒന്നിച്ചുതാമസിക്കാൻ കഴിയുന്ന സാമൂഹ്യാവസ്ഥ കേരളത്തിൽനിന്ന് പതുക്കെ നഷ്ടമാവുകയാണ് എന്നാണർഥം. ‘മതേതര ജീവിതം എന്നത്​ കേരളത്തിൽ മേമ്പൊടിക്കേ ഉള്ളൂ, ആഴത്തിൽ ഇല്ല' എന്ന മതം വിട്ടവരുടെ വിലയിരുത്തൽ ഏറെക്കുറെ വസ്തുതാപരമാണ്.
മതേതരത്വം നിലനിൽക്കുന്നതിന് ജനങ്ങളുടെ മതവിശ്വാസം ഒരു തടസ്സമല്ല. പക്ഷെ മതാന്ധത വലിയ പ്രത്യാഘാതമുണ്ടാക്കുന്നുമുണ്ട്. അത്തരം മതാന്ധവിശ്വാസത്തെയും അസഹിഷ്ണുതയെയും ഒരു പരിധിവരെ തടഞ്ഞുനിർത്താൻ മതരഹിതരായ പുതിയ തലമുറയ്ക്ക് സാധിക്കുന്നുണ്ട്. മതാന്ധത ബാധിച്ച പല പ്രഖ്യാപിത മുസ്​ലിം പ്രഭാഷകരുടെയും ഓൺലൈൻ പ്രചാരകരുടെയും വർഗീയനയങ്ങൾക്ക് കടിഞ്ഞാണിടാൻ എമുകൾക്കായിട്ടുണ്ട് എന്ന് ആരിഫ് ഹുസൈനെ പോലെ ചിലർ വാദിക്കുന്നുണ്ട്.

സ്വസ്ഥജീവിതം അനുവദിക്കൂ, മതം വിടുന്നവർക്ക്

ചെറിയ പ്രായം മുതൽക്കുതന്നെ മനസ്സിലേയ്ക്കും ജീവിതത്തിലേയ്ക്കും പകർത്തികൊടുത്തിട്ടും മുതിരുമ്പോൾ ചിലർ മതങ്ങളുടെ കെട്ടുപാടുകൾ വിട്ടുപോവുന്നത് അവരുടെ ചിന്തകൾക്ക് മതജീവിതം യോജിക്കുന്നില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. മതം വിടുന്നവർ ധാർമികജീവിതമോ സാമൂഹ്യസഹവർത്തിത്തമോ ഉപേക്ഷിക്കുന്നവരല്ല. അവരെ പിന്തുടർന്നു ബുദ്ധിമുട്ടിക്കാൻ മതപ്രബോധകർ ശ്രമിക്കുന്നത് എന്തിനാണാവോ?
ധാർമികത എന്തെന്ന് നിർണയിക്കുന്നത് ജീവിക്കുന്ന സാമൂഹ്യനിയമങ്ങൾക്കനുസരിച്ച് മനുഷ്യരാണ്, അല്ലാതെ മതങ്ങളല്ല എന്ന തിരിച്ചറിവ് ഒരു ബഹുസ്വര സമൂഹത്തിൽ മതവിശ്വാസികൾ ഉൾക്കൊള്ളേണ്ടതുണ്ട്. മതാതീത ജീവിതം സ്വീകരിച്ച തസ്നീം ബാനു എന്ന പെൺകുട്ടിയെയും അവരെ സഹായിച്ച യുക്തിവാദികളായ ഇ.എ. ജബ്ബാർ മാഷെയും ഫൗസിയ ടീച്ചറെയും ഒരു വിഭാഗം തീവ്രമതചിന്തകർ തെരുവിൽ നേരിട്ടത് 1999-ൽ മലപ്പുറത്തു വലിയ വാർത്തയായിരുന്നു. മലപ്പുറം മേൽമുറി ഗവണ്മെന്റ് സ്‌കൂളിൽ അധ്യാപകരായിരുന്ന അവരെ ധാർമികമൂല്യമില്ലാത്തവർ പഠിപ്പിക്കരുത് എന്ന ആഹ്വാനവുമായാണ് അന്ന് എൻ.ഡി.എഫ്. നേരിട്ടത്. ആ ശ്രമങ്ങൾ പൊതുരാഷ്ട്രീയ പ്രസ്ഥാനങ്ങൾ എതിർത്ത് തോൽപ്പിക്കുകയായിരുന്നു. ഇന്ന് ഓൺലൈനിലും പുറത്തും സമാനമായ കാര്യങ്ങൾ തന്നെയാണ് നടക്കുന്നത്. പക്ഷേ, പൊതുരാഷ്ട്രീയ പ്രസ്ഥാനങ്ങൾ മതമൗലികവാദികളെ ഇപ്പോൾ അത്ര ശക്തമായി എതിർത്ത് കാണുന്നില്ല. ആ ജോലി ഏറ്റെടുക്കുന്നത് മതം വിടുന്നവരാണ്. ആ രീതിയിൽ സമൂഹത്തിലെ സെക്കുലർ ജീവിതത്തിനും സ്വതന്ത്രചിന്തയ്ക്കും വലിയ സംഭാവന നൽകുന്നവരായി മാറുന്നുണ്ട് മതം വിടുന്നവർ. മതവിശ്വാസികളാൽ ശല്യംചെയ്യപ്പെടാതെ സമൂഹത്തിൽ ജീവിക്കാൻ അവർക്ക് എല്ലാ അർഹതയുമുണ്ട്.

ജസ്‌ല മാടശ്ശേരി

മതമില്ലാത്ത സമൂഹങ്ങളാണ് എല്ലാതരത്തിലും മികച്ചത് എന്നോ, മതരാഹിത്യം നവോഥാനത്തിന്റെ അടയാളമാണ് എന്നോ ആധുനിക സാമൂഹ്യശാസ്ത്രജ്ഞരും ചിന്തകരും പൊതുവെ വിശ്വസിക്കുന്നില്ല. മതരഹിത സമൂഹം സകല ഉച്ചനീചത്വങ്ങളും ഇല്ലാതാക്കും എന്ന പ്രചാരണവും യുക്തിസഹമല്ല. വിശ്വാസികൾ ഭൂരിപക്ഷമുള്ള നമ്മുടേതുപോലൊരു സമൂഹത്തിൽ മതങ്ങൾ ഒഴിവാക്കാൻ കഴിയാത്ത യാഥാർഥ്യമാണ്. പക്ഷേ, മതത്തിന്റെ ഇടപെടലുകൾക്ക് കൃത്യമായ പരിതിയും നിർവചനവും ആവശ്യമായിരിക്കുന്നു. എല്ലാം മതമയമാവുമ്പോൾ അതിന്റെ ഇടപെടലുകൾക്കെതിരെ സാധാരണ വിശ്വാസികൾക്ക്, അവിശ്വാസികൾക്കും, ശബ്ദമുയർത്താൻ സാധിക്കാതെവരും. ആധുനിക ചികിത്സ നിഷേധിക്കുന്നതും, മതം നോക്കി മാത്രം ഡോക്ടറെ സമീപിക്കാൻ പറയുന്നതും, മതപരമായ ബോർഡുവച്ച ഹോട്ടലിൽനിന്ന് മാത്രം ഭക്ഷണം കഴിക്കാൻ പറയുന്നതും, ഇതര മതസ്ഥരുടെ ആരാധാനാലയങ്ങൾക്ക് സംഭാവന നൽകുന്നത് ‘വേശ്യാലയത്തിൽ പണം നല്കുന്നതുപോലെ മ്ലേച്ഛമാണെന്ന്’ ആഹ്വാനം ചെയ്യുന്നതും, രണ്ടാം ക്ലാസിലെ കുട്ടിയെ മതം മാറ്റുന്നതിന്റെ വഴികൾ വിവരിക്കാൻ പരീക്ഷയ്ക്കു ചോദ്യം ചോദിക്കുന്നതുമൊക്കെ കേരളത്തിൽ സംഭവിച്ച കാര്യങ്ങളാണ്. അത്തരം സമീപനങ്ങൾ മതമൗലികവാദികൾ തുടരുന്നത് സമൂഹത്തിന്റെ സ്വസ്ഥജീവിതത്തിന് ഭീഷണിയാണ്. ഗവണ്മെൻറ്​ അത് കാണാതിരുന്നുകൂടാ.

മതം വിട്ടവരുടെ കമ്യൂണിറ്റി എല്ലാ അർഥത്തിലും മാതൃകാ സമൂഹമാവും എന്നൊന്നുമില്ല. മതരഹിതരുടെ ഇടം സമൂഹത്തിൽ വേറിട്ട ഒന്നാവാനും പാടില്ല. അവരും പൊതുസമൂഹത്തിൽ സമതുല്യതയുള്ള വ്യക്തികളാണ്.

മതം വിട്ടവരുടെ കമ്യൂണിറ്റി എല്ലാ അർഥത്തിലും മാതൃകാ സമൂഹമാവും എന്നൊന്നുമില്ല. മതരഹിതരുടെ ഇടം സമൂഹത്തിൽ വേറിട്ട ഒന്നാവാനും പാടില്ല. അവരും പൊതുസമൂഹത്തിൽ സമതുല്യതയുള്ള വ്യക്തികളാണ്. അവർക്കുള്ള അവകാശങ്ങളിൽ തരിമ്പുപോലും കുറവുണ്ടായിക്കൂടാ. അവർ സാധാരണ മനുഷ്യരാണ്. ഒരു മതവിശ്വാസി തെറ്റുകൾ ചെയ്‌തേക്കുമെന്നതുപോലെ മതരഹിതനും തെറ്റുകൾ ചെയ്തേക്കും, ശരികളും അങ്ങനെതന്നെ. അതിൽ എന്താണ് അസ്വാഭാവികത? മതം വിട്ടവർക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളും അവകാശനിഷേധങ്ങളും മതപ്രബോധകർ നിർത്തേണ്ടതുണ്ട്. ഗവണ്മെന്റ് അവരുടെ സുരക്ഷിത്വം ഉറപ്പാക്കേണ്ടതുണ്ട്. അറിവുകൾ വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഇന്റർനെറ്റ് യുഗത്തിൽ മത-ജാതി ചിന്തകളുടെ ഇരുണ്ട യുഗം പുനർസൃഷ്ടിക്കാൻ ശ്രമിക്കുന്നത് സ്വസ്ഥമായ സാമൂഹ്യജീവിതത്തെ അലോസരപ്പെടുത്തുകയെ ഉള്ളു.
മൗലിക മതപ്രഭാഷകരും മതം വിട്ടവരും തമ്മിലും വ്യത്യസ്ത മതങ്ങളിലെ വിശ്വാസികൾ തമ്മിലും നടക്കുന്ന വാഗ്വാദങ്ങളിലൂടെ കലുഷിതമായ ഒരു സമാന്തര സാമൂഹ്യാന്തരീക്ഷം ഓൺലൈൻ പ്ലാറ്റുഫോമുകളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് നാളെ ഓൺലൈൻ വിട്ട് പുറത്തുവരാം. മനുഷ്യാവകാശധ്വംസനത്തിലേയ്ക്കും വർഗീയമായ ചേരിതിരിവിലേയ്ക്കും നയിച്ചേക്കാവുന്ന ഇത്തരം പ്രവർത്തനങ്ങളെ കണ്ടെത്തി തടയാനും സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.

പഠനച്ചുരുക്കം

ഈ പഠനത്തിലൂടെ കണ്ടെത്തിയതിന്റെ ചുരുക്കം ഇനിപ്പറയുന്നതാണ്:
ഓൺലൈൻ സാങ്കേതികവിദ്യകൾ മതപരമായ അറിവുകളെ ജനാധിപത്യവൽക്കരിക്കുകയും ഏവർക്കും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. മതസംഹിതകളെ ആർക്കും കണ്ടെത്തി വ്യാഖ്യാനിക്കാം എന്ന സൗകര്യം ഇന്റർനെറ്റുകൊണ്ട് ലഭ്യമായിട്ടുണ്ട്. മതം ഒരനിവാര്യതയൊന്നുമല്ല എന്ന് പതുക്കെയാണെങ്കിലും വിശ്വാസികൾതന്നെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ആഗോളീകരണകാലത്ത് മതം കച്ചവടമാർഗമാണ് എന്ന തിരിച്ചറിവും ആളുകൾക്ക് ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. മതം വിടാനും മതവിമർശനം നടത്താനും യുവതയ്ക്ക് ഭയമൊന്നുമില്ല എന്ന വസ്തുതയും ഈ പഠനത്തിൽനിന്ന് ബോധ്യമാവുന്നുണ്ട്. മതമൗലികവാദികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ എതിർപ്പുകളെ അവഗണിച്ചുകൊണ്ട്, ലിംഗസമത്വവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിച്ച് മതംവിട്ടു പുറത്തുവരാൻ നിരവധി സ്ത്രീകൾ തയ്യാറാവുന്നുണ്ട് എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. ഉന്നത ഉദ്യോഗസ്ഥരോ ഭരണകർത്താക്കളോ ആയ സ്ത്രീകൾക്കുപോലും സാധിക്കാത്ത കാര്യമാണത്!

മതപ്രബോധകരും മതനേതാക്കളും അസഹനീയമായ താന്തോന്നിത്തങ്ങൾ കാണിക്കുമ്പോൾ പോലും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾ മിണ്ടാതിരിക്കുന്നിടത്താണ് ഒരു കൂട്ടം ചെറുപ്പക്കാർ ഞങ്ങളുടെ മതം അവസാന വാക്കല്ല എന്ന് പറഞ്ഞു സ്വന്തം മതത്തിൽനിന്ന് പുറത്തുവരുന്നത്. ഏറ്റവും കൗതുകമുള്ള കാര്യം മതപ്രീണനമാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് എന്ന് എമുകളും എഹികളും എക്രികളും ഒരുപോലെ പ്രഖ്യാപിക്കുന്നു എന്നതാണ്. അവർ പുതിയ രാഷ്ട്രീയസത്യസന്ധത ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം മതങ്ങളെയും ദൈവങ്ങളെയും പ്രവാചകന്മാരെയും വിശ്വാസപ്രമാണങ്ങളെയും വിമർശിക്കാൻ കഴിയും എന്ന തിരിച്ചറിവുതന്നെയാണ്.
മതേതര സമൂഹത്തിൽ കൂടുതൽ മര്യാദ പാലിക്കാൻ മതങ്ങൾ ശീലിക്കണമെന്ന മുന്നറിയിപ്പാണ് ഓൺലൈനിൽ ഇപ്പോൾ നടന്നുവരുന്ന മത- മതരഹിത സംഘങ്ങളുടെ ഇടപെടലുകളുടെ ആകെത്തുക. ബഹുസ്വര ജനാധിപത്യ മതേതര സമൂഹത്തിൽ തങ്ങൾ ഇവിടെ നിൽക്കണം, ഇവിടെ വരെ ഇടപെടണം എന്ന് മതങ്ങൾ സ്വയം തീരുമാനിക്കേണ്ടിയിരിക്കുന്നു എന്നുകൂടിയാണ് മതം വിടുന്നവർ നല്കുന്ന സന്ദേശം.▮

Reference

1. A) കോളാമ്പി യൂ ട്യൂബ് ചാനൽ https://youtu.be/DSqi9sa_Yv4B) https://theconversation.com/irans-secular-shift-new-survey-reveals-huge-changes-in-religious-beliefs-145253
2. A) ഇ. എ. ജബ്ബാർ: ഇസ്ലാമും യുക്തിയും. https://youtu.be/kcSlnX5KjQg B)
ഇ. എ. ജബ്ബാർ വിവിധ ട്യൂബ് വീഡിയോകൾ.
3. കോളാമ്പി യു ട്യൂബ് ചാനൽ https://youtu.be/jyDVVLBMKMIA) യു-ട്യൂബ്: *ജസ്​ല മാടശ്ശേരി https://www.youtube.com/watch?v=DROFI65Y-ag https://www.youtube.com/watch?v=nRu4-EFoNbIB) യു-ട്യൂബ് -https://www.youtube.com/watch?v=X0KUSfUxq6Q C) വിവിധ യു-ട്യൂബ് വിഡിയോകൾ സിംസാറുൽ ഹഖ് ഹുദവി
4. A) ഖുർആൻ - മലയാളം പരിഭാഷ PDF കോപ്പി: ചെറിയമുണ്ടം അബ്ദുൽ ഹമീദ്. സനാ പബ്ലിക്കേഷൻ, തിരൂർ. പേജ്:252, B) യൂ ട്യൂബ് വീഡിയോ സെബാസ്റ്റ്യൻ - മുഹമ്മദ് അബ്ദുൾ റസാഖ് - https://youtu.be/7rN4s6PNzD8 C) അനീതിയുടെ മനുസ്മൃതി: കുരീപ്പുഴ വിൻസെൻറ്​ https://youtu.be/i7QWXGKDa80
5. യു ട്യൂബ്: വിവിധ വിഡിയോകൾ: search - ‘Jamidha teacher talks' & ‘Sebastian Punnakkal Philip'
6. A) ക്ലബ്ബ് ഹൗസ് റൂം: യുക്തിവാദി: വിവിധ ദിവസങ്ങൾ- സനൽ ഇടമറുക്, ഇ. എ. ജബ്ബാർ. B) ജബ്ബാർ - എം. എം. അക്ബർ സംവാദം - https://timeosfindia.indiatimes.com/blogs/tracking-indian-communities/to-believe-or-not
7. ഇ. എ. ജബ്ബാർ, സി. രവിചന്ദ്രൻ: വിവിധ യൂ ട്യൂബ് വീഡിയോകൾ
8. A) ക്ലബ്ബ് ഹൗസ്: ചർച്ച - ഇസ്​ലാം വേ മുസ്​ലിം റേ, 07 pm - 11 pm, ആഗസ്ത് 25, 2021 B) സ്വതന്ത്ര ചിന്തകരുടെ വിവിധ ചർച്ചകളും വീഡിയോകളും- you tube search ‘free thinkers of Kerala'
9. Proud emu: യൂ ട്യൂബ്- കോളാമ്പി ചാനൽ- ആരിഫ് ഹുസൈൻ സംസാരങ്ങൾ.
10. A) പാഞ്ചജന്യം. ക്ലബ്ബ് ഹൗസ് റൂം: സുപ്രഭാത് - ഹരി ബി.എം. വിവിധ ദിവസങ്ങളിലെ ചർച്ചകൾ.B) ബിലാൽ ഇസ്​ലാം: ക്ലബ്ബ് ഹൗസ് റൂം ജാതി ഹൈന്ദവരിലും ഇസ്ലാമിലും:. ഷിബു ചെറുവാടി, ചർച്ച പല ദിവസങ്ങൾ.
11. ക്ലബ്ബ് ഹൗസ്: കോലായി (ഷിബു ചെറുവാടി), ബിലാൽ ഇസ്ലാം റൂമുകൾ: വിവിധ ദിവസങ്ങ ളിലെ ചർച്ചകൾ.
12. ക്ലബ്ബ് ഹൗസ് റൂം കോലായി: ഷിബു ചെറുവാടി- വിവിധ ദിവസങ്ങളിലെ ചർച്ചകൾ.
13. A) ഞാൻ എന്തുകൊണ്ട് സ്വതന്ത്രനായി: ക്ലബ്​ ഹൗസ് ചർച്ച: 27, ജൂലൈ 2021 & ഷിനോത് മാത്യു https://youtu.be/3J23O5S1B3E B) Advice to Indian Christians- Esther Danraj: https://youtu.be/8nR3w9xNtgA
14. A) കോലായി: ക്ലബ്ബ് ഹൗസ് റൂം: ലിയാഖത്ത്, ആലങ്ങാടൻ, ചിന്നാട്ടി, ഷാഹുൽ: വിവിധ ദിവസങ്ങൾ.B) യൂ ട്യൂബ്: കോളാമ്പി ചാനൽ. ആരിഫ് ഹുസൈൻ തെരുവത്ത്- https://www.youtube.com/watch?v=fJddCAS65To
15. A) നിലപാടുകൾ: ക്ലബ്ബ് ഹൗസ് റൂം: മത നിരാസവും ദൈവ നിഷേധവും 31 ജൂലൈ 2021 - 9 പി എം. B) യൂ ട്യൂബ് ചാനൽ-സാപിയൻസ് ഓഫ് കേരള- https://youtu.be/WP8MSpbcaTA & കോളാമ്പി ചാനൽ - വിവിധ വീഡിയോകൾ).
16. A) സാപിയൻസ് ഓഫ് കേരള- വിവിധ വീഡിയോകൾ.
B) യൂ ട്യൂബ് വീഡിയോ -സ്ത്രീക്ക് സ്വർഗ്ഗത്തിന്റെ സുഗന്ധം ലഭിക്കില്ല: ഹുദവി https://fb.watch/9q7jFoMza1/.
17. അൽ അഖ്സ: ക്ലബ് ഹൗസ് റൂം ‘ഹൃദയത്തിലെ തലച്ചോർ' സജാദ് - എം. എം. അക്ബർ - 2021, 6 ജൂലൈ 9 പിഎം, 31 ആഗസ്റ്റ്,. 9 പി.എം.
18. ആരിഫ് ഹുസൈൻ സംസാരങ്ങൾ (എമു ടീ ഷർട്ട്) കോളാമ്പി ചാനൽ https://youtu.be/uRQQc-f9eFQ
19. A) ഇസ്ലാമിനെ പഠിക്കുക; ക്ലബ്ബ് ഹൗസ് റൂം ചർച്ചകൾ- ദിലീപ്, അൽ ഇസ്ലാം, മുഹമ്മദ് റഹ്മാൻ: വിവിധ ദിവസങ്ങൾ.B) യു ട്യൂബ്: എം എം അക്ബർ വീഡിയോകൾ.
20. ക്ലബ്ബ് ഹൗസ് ഗ്രൂപ്പ്- മുർതദ്ദ് ടാൽക്‌സ് - അയാൻ & ഉമ്മർ: എക്‌സ് മുസ്ലിമിനോട് ചോദിക്കാം - 08 - 11 പി എം, ആഗസ്ത് 22 & 08 - 10.45 പി എം, ആഗസ്ത് 30, 2021 .
21. യു ട്യൂബ് Jamida teacher talks https://youtu.be/COSBnZdiI54https://youtu.be/Yt0_MpeVKNk https://youtu.be/iAMnbbL8dZE
22. യൂ ട്യൂബ് ചാനൽ സാപിയൻസ് ഓഫ് കേരള: വിവിധ വീഡിയോകൾ.
23. യൂ ട്യൂബ് - കോളാമ്പി ചാനൽ: വിവിധ വീഡിയോകൾ.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments