‘മണ്ടേല’ എന്ന പൊളിറ്റിക്കൽ സറ്റയർ

മലയാളി സൗന്ദര്യബോധത്തിന്റെ സങ്കൽപ പരിധികളിൽ ഒരിക്കലും പെടാത്ത യോഗിബാബു തെന്നിന്ത്യൻ താരറാണിയായ നയൻതാരയുടെ നായകനാകുന്നു എന്ന വാർത്ത വന്നപ്പോൾ മലയാളിയുടെ ഓർമമണ്ഡലത്തിൽ അധികനേരം നിന്നത് കറുത്തതായതുകൊണ്ടും ദളിതനായതുകൊണ്ടും കൂടെ അഭിനയിക്കാനാവില്ല എന്നുപറഞ്ഞ നടിയെയും ആക്ഷേപത്തിന്​ പാത്രമായ കലാഭവൻ മണി എന്ന കലാകാരനെയുമായിരിക്കണം. 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ, മികച്ച പുതുമുഖ സംവിധായകനും മികച്ച സംഭാഷണത്തിനും അവാർഡ് നേടിയ മഡോണെ അശ്വിന്റെ മണ്ടേല സിനിമയെ കുറിച്ച് ട്രൂകോപ്പി വെബ്‌സീനിൽ 2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന്.

സിനിമ കാലോചിതവും സമകാലിക പ്രസക്തവും സിനിമയുടെ ആകെത്തുക മനുഷ്യവിരുദ്ധവും അല്ലാതാകുന്നതിന് തമിഴിൽ നിന്നുള്ള പുത്തനുദാഹരണമായിരുന്നു‘മണ്ടേല'. മഡോണി അശ്വിൻ എന്ന നവാഗതസംവിധായകൻ യോഗി ബാബുവിനെ നായകനാക്കിയെടുത്ത സിനിമ, കോവിഡ് കാലത്തെ അതിജീവിച്ച് നെറ്റ്ഫ്‌ളിക്‌സിൽ ട്രെൻഡിങ് പട്ടികയിലുൾപ്പെട്ടതാണ്. മലയാളി സൗന്ദര്യബോധത്തിന്റെ സങ്കൽപ പരിധികളിൽ ഒരിക്കലും പെടാത്ത യോഗിബാബു തെന്നിന്ത്യൻ താരറാണിയായ നയൻതാരയുടെ നായകനാകുന്നു എന്ന വാർത്ത വന്നപ്പോൾ മലയാളിയുടെ ഓർമമണ്ഡലത്തിൽ അധികനേരം നിന്നത് കറുത്തതായതുകൊണ്ടും ദളിതനായതുകൊണ്ടും കൂടെ അഭിനയിക്കാനാവില്ല എന്നുപറഞ്ഞ നടിയെയും
ആക്ഷേപത്തിന്​ പാത്രമായ കലാഭവൻ മണി എന്ന കലാകാരനെയുമായിരിക്കണം.

‘കോലമാവ് കോകില' എന്ന ആ സിനിമ കോമഡി ട്രാക്കിൽ നിന്ന് വ്യതിചലിക്കാതെ പോയ ഒന്നാണ്. പക്ഷേ അവിടെ യോഗി ബാബുവിന്റെ ശരീരമോ നിറമോ കോമഡിയ്ക്കുപയുക്തമായില്ല തരിമ്പും എന്നതാണ് ആ സിനിമയുടെ സവിശേഷതയും സംവിധായകൻ നൽകിയ സന്ദേശവും. ബോഡി ഷെയ്മിങ്​, സ്ത്രീവിരുദ്ധത ഇത്യാദികൾ ഇല്ലാതെതന്നെ മികച്ച കോമഡികൾ സൃഷ്ടിക്കാനാവും എന്നതിന് മലയാളിക്ക് ആ സിനിമ ഉദാഹരണമായെടുക്കാം.

അതിനുശേഷം ഒന്നുരണ്ട് സിനിമകളിൽ നായകനായും ഒട്ടേറെ സിനിമകളിൽ സഹനടനായും മികച്ച പ്രകടനം യോഗി ബാബുവിന്റേതായുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറമാണ് തന്നിലെ നടൻ എന്ന് വിമർശകരേക്കൊണ്ടുപോലും പറയിപ്പിച്ച സിനിമയാണ്‘മണ്ടേല'. 2016ൽ ഇറങ്ങിയ രാജു മുരുഗന്റെ സിനിമയായിരുന്നു ‘ജോക്കർ'. സ്റ്റേറ്റിനെ പ്രതിനായക വേഷത്തിൽ അവതരിപ്പിച്ച ഇത്രമേൽ ശക്തമായ ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. മലയാളത്തിന്റെ പൊളിറ്റിക്കൽ സറ്റയർ ഴോണറിൽ ക്ലാസിക് പദവി നിലനിർത്തിപ്പോരുന്ന കെ. ജി. ജോർജ്ജിന്റെ ‘പഞ്ചവടിപ്പാലം' ഒന്നുകൊണ്ട് മാത്രം നമ്മൾ തൃപ്തിയടയുമ്പോൾ തമിഴിൽ തുടർയായി അത്തരം സിനിമകൾ ഉണ്ടാവുന്നുണ്ട്. ‘ജോക്കർ' ഡീപ്പ് സറ്റയറായിരുന്നു. നായകനെ കോമാളിയായി കണ്ടുകൊണ്ട് മുന്നോട്ടുപോകുംതോറും വേദന കൂട്ടിക്കൂട്ടി കാഴ്ചക്കാരനെ പിടിച്ചുലയ്ക്കുന്ന ദൃശ്യാവതരണമായിരുന്നു ‘ജോക്കറി'ന്റേത്. മഡോണ അശ്വിന്റെ ‘മണ്ടേല'യിലേക്ക് വരുമ്പോൾ അത് ‘ജോക്കറി'ന്റെ തുടർച്ച പോലെ പ്രതിപാദ്യവിഷയങ്ങൾ സമൂഹത്തിൽ എപ്പോഴും നിലനില്ക്കുന്നുണ്ട് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

മണ്ടേല'യുടെ ബേസിക് തീം എന്നത് സമകാലിക സാഹചര്യങ്ങളെക്കുറിച്ച് പ്രാഥമിക അറിവുള്ള ആരിലേക്കും വളരെയെളുപ്പം വിനിമയം ചെയ്യപ്പെടുന്ന ഒന്നാണ്. ഒരേ നാട്ടിൽ രണ്ട് ജാതിവിഭാഗങ്ങൾ. സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന ഗ്രാമത്തലവന് ഓരോ ജാതിയിൽ നിന്നും രണ്ട് ഭാര്യമാർ. രണ്ട് പേരിലും അതാത് ജാതിയെ പ്രതിനിധീകരിക്കുന്ന രണ്ട് മക്കൾ. ഈ മക്കളിലൂടെയും അവരവരുടെ ജാതിക്കാരിലൂടെയും പരസ്പരം നിലനില്ക്കുന്ന ശത്രുത. പൊതുകക്കൂസ് കെട്ടിയാൽപ്പോലും ആരാദ്യം എന്നുപറഞ്ഞുള്ള കൂട്ടത്തല്ല്. നിസഹായനായിരിക്കേണ്ടി വരുന്ന ഗ്രാമത്തലവൻ. ഇതൊക്കെയാണ് സിനിമയുടെ പ്രാരംഭം. സിനിമയുടെ ആരംഭത്തിലെ പൊതുകക്കൂസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾക്കിടയിൽ ഒരു തെരുവുനായ കക്കൂസിലേക്ക് കയറുന്നു. രണ്ട് ജാതിക്കാർക്കും പ്രശ്‌നമുണ്ടാകാത്ത തരത്തിൽ കക്കൂസ് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന ഗ്രാമത്തലവനുവേണ്ടി ആ കക്കൂസ് വൃത്തിയാക്കാൻ മക്കളുൾപ്പെടെ ആരും തയാറാവുന്നില്ല. അവിടേക്കാണ് ‘ഇളിച്ചവായൻ' എന്ന് നാട്ടുകാർ വിളിക്കുന്ന യോഗിബാബുവിന്റെ കഥാപാത്രത്തിന്റെ രംഗപ്രവേശം.

ആ ഗ്രാമത്തിൽ ഒരു മരത്തിനുകീഴെയിരുന്ന് മുടിവെട്ടുന്ന പണി ചെയ്യുന്നയാളാണ് അയാൾ. ആ നാട്ടിൽ ജാതീയമായി ഏറ്റവും താഴെയുള്ളയൊരുവൻ. ആരുടെയും പരിഗണനയ്‌ക്കോ ഇഷ്ടത്തിനോ പാത്രമാവാത്തവൻ. അയാളും അയാളുടെ സഹായിയും ആ മരത്തെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നതുതന്നെ. അവിടമല്ലാതെ മറ്റൊരു വാസസ്ഥലം പോലുമില്ല. ആർക്കും - അവനുപോലും - അവന്റെ പേര് അറിയില്ല. നാട്ടുകാർ പരിഹാസവും അപമാനവും ദ്യോതിപ്പിക്കുന്ന ‘ഇളിച്ചവായൻ’ എന്നുവിളിക്കുമ്പോൾ അവനതിനെ പുതുക്കി ‘സ്‌മൈൽ' എന്നാക്കിയിട്ടുണ്ടെന്നുമാത്രം. കക്കൂസ് കഴുകാൻ ഇവനേക്കാൾ ‘യോഗ്യത'യുള്ള മറ്റാരും അവിടില്ലെന്ന് രണ്ട് ജാതിക്കാരും ഉറപ്പിക്കുന്നു. അവനെക്കൊണ്ടുവന്ന് അവരത് ചെയ്യിപ്പിക്കുമ്പോൾ അവന് ഗത്യന്തരമില്ലാതെ അനുസരിക്കേണ്ടിവരുന്നു. സംഗതി എല്ലാം നർമപ്രധാനത്തോടെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ബഷീറിയൻ രചനയെക്കുറിച്ചുള്ള വിശേഷണം കടമെടുത്താൽ, ‘സ്‌മൈലി'ന്റെ ഹൃദയത്തിൽ നിന്ന് വലിച്ചുചീന്തപ്പെട്ട ഏടാണ് ‘മണ്ടേല'യുടെ തുടർക്കാഴ്ച

ഗ്രാമീണർ രണ്ടുവശത്തായി നിന്ന് പരസ്പരം പോരടിക്കുമ്പോഴും രണ്ടുകൂട്ടരുടെയും ‘സ്‌മൈലി'നോടുള്ള മനോഭാവം ഒന്നുതന്നെയാണ്. ജോലി ചെയ്താൽ കൂലിയില്ല, അഥവാ കൂലി കൊടുത്താൽ തന്നെ മിച്ചം വന്ന ആഹാരം, പല വീടുകളിലും പാത്രം കഴുകൽ പോലെയുള്ള ജോലി ചെയ്യേണ്ടിവരുന്നത്, അല്പാല്പമായി സൂക്ഷിച്ചുവച്ചിരുന്ന ചില്ലിക്കാശുപോലും മോഷ്ടിക്കപ്പെടുക, ആരോടും പരാതിയോ പരിഭവമോ പറയാനാവാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിലൂടെയാണ് അയാളുടെ ഓരോ ദിവസവും കടന്നുപോകുന്നത്. കൈയിലുള്ള കാശ് സുരക്ഷിതമായി വയ്ക്കാൻ പോസ്റ്റോഫീസ് അക്കൗണ്ട് തുടങ്ങാൻ ശ്രമിക്കുന്നതോടെ സ്‌മൈൽ മണ്ടേലയായി മാറുകയാണ്. ഈ രാജ്യത്ത് ജീവിക്കാനാവശ്യമായ യാതൊരു പൗരത്വരേഖകളും ഇല്ലാതിരുന്ന സ്‌മൈൽ, മണ്ടേല എന്ന പേര് സ്വീകരിച്ച്​ അസ്​തിത്വം എന്നതിലുപരി നിലനില്പിനായുള്ള അവന്റെ ശ്രമങ്ങളിലേക്ക് കടക്കുകയാണ്. മണ്ടേലയെന്ന പേരും തിരിച്ചറിയൽ കാർഡും ലഭിക്കുന്നതോടെ അവന്റെ ജീവിതം തന്നെയാണ് മാറിമറിഞ്ഞത്.

ഗ്രാമത്തലവന്റെ രണ്ട് മക്കളും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കാനൊരുങ്ങുന്നു. വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കുമ്പോൾ രണ്ടുപേർക്കും തുല്യ എണ്ണം വോട്ട് കിട്ടും എന്ന കണക്കുകൂട്ടലുകളിലേക്ക് കാര്യങ്ങൾ എത്തുന്നു. അവിടെയാണ് രണ്ട് ജാതിയിലുമുൾപ്പെടാത്ത മണ്ടേലയുടെ വോട്ട് നിർണായകമാവുന്നത്. ആ ഒരേയൊരു വോട്ടിനായി രണ്ടുകൂട്ടരും കാണിക്കുന്ന പരാക്രമങ്ങൾ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിച്ഛേദമായി മാറുന്നിടത്താണ് ‘മണ്ടേല' എന്ന സിനിമ നവതലമുറയിലെ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറായി മാറുന്നത്. അനാവശ്യമായ സൗജന്യങ്ങൾ മനുഷ്യജീവിതത്തിനുണ്ടാക്കുന്ന വൈരുദ്ധ്യാത്മകത ‘മണ്ടേല'എന്ന കഥാപാത്രത്തെ മുൻനിർത്തി മികച്ച രീതിയിൽ ദൃശ്യവത്ക്കരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഒരിക്കൽ ആട്ടാനും തുപ്പാനുമായി മാത്രം അയാളെ ഉപയോഗിച്ചിരുന്ന രണ്ടുജാതിയിലെയും ആളുകളെല്ലാം പ്രകടനപരമായ സ്‌നേഹം കൊണ്ട് അയാളെ വീർപ്പുമുട്ടിക്കുന്ന സീക്വൻസുകൾ നമ്മെ അങ്ങേയറ്റം ചിരിപ്പിക്കുന്നുണ്ട്. സിനിമയുടെ കാഴ്ച മാറ്റിവച്ച് സമകാലികജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ കാഴ്ചക്കാരെല്ലാവരും തന്നെ അതിലെ കഥാപാത്രങ്ങളുമയി ഏതെങ്കിലുമൊക്കെ ഇടങ്ങളിൽ താദാത്മ്യം പ്രാപിക്കുന്നുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയവും റിസോർട്ട് രാഷ്ട്രീയവും എല്ലാം സമകാലീന ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ കാർന്നുതിന്നുന്ന സാമൂഹ്യപരിസരത്തുനിന്നാണ് ‘മണ്ടേല'യുടെ ജീവിതവഴിത്താരകളെ സംവിധായകൻ അഭ്രപാളിയിലെത്തിച്ചിരിക്കുന്നത്. വസ്ത്രം, ഭക്ഷണം തുടങ്ങിയ ഇടങ്ങളിൽ എല്ലാം വർഗീയത നിലനില്ക്കുന്ന സാഹചര്യങ്ങളിൽ നിന്ന് തിരിഞ്ഞാലും നടന്നാൽപോലും വർഗീയത കണ്ടെത്തുന്ന ‘ജനാധിപത്യ'രാഷ്ട്രീയപ്പാർട്ടികൾ ഭരണം കൈയാളിനില്ക്കുന്ന സുന്ദരകോമള ജനാധിപത്യത്തിലാണ് ഇന്നത്തെ ഇന്ത്യയുടെ നിലനില്പ് എന്ന ഭീകരതയെ തന്നാൽ ആവുന്നവിധം ദൃശ്യവത്ക്കരിക്കാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചിട്ടുണ്ട് എന്നതിന് ‘മണ്ടേല'യുടെ വിഷ്വലുകൾ സാക്ഷ്യം നിൽക്കും.

തമിഴ് സിനിമകൾ ജാതിയെയും സവർണ രാഷ്ട്രീയത്തെയും പുരുഷമേധാവിത്തത്തെയുമെല്ലാം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള ലേഖത്തിൻറെ പൂർണ രൂപം വായിക്കാം
"ഇളിച്ച വായൻ' "സ്‌മൈൽ' ആയി മാറുന്ന തമിഴ് സിനിമ | ജോഫിൻ മണിമല

Comments