സ്വത്വബോധത്തിന്റെയും കുലത്തൊഴിലിന്റേയും പറിച്ചുനടലുകളുടേയും കുടിയേറ്റത്തിന്റേയും ജീവിതസന്ദര്‍ഭത്തെ ആവിഷ്‌കരിക്കുന്ന മനോഹരമായ സിനിമാനുഭവമാണ് നിഷിദ്ധോ. കൊച്ചി നഗരത്തിന്റെ ബാക്ക്‌ഡ്രോപ്പില്‍ രണ്ട് മനുഷ്യരുടെ കഥ പറയുന്ന സോഷ്യല്‍ ഡ്രാമയായി സിനിമയെ കാണാം. ആധുനിക തൊഴിലാളി എന്ന രാഷ്ട്രീയ സാമൂഹ്യ അസ്തിത്വത്തിനുള്ളില്‍ തിളച്ചുമറിയുന്ന സംഘര്‍ഷനിര്‍ഭരമായ സ്വത്വബോധത്തിന്റെ ജൈവതലത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
18 Nov 2022, 11:18 AM
കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച ചിത്രമാണ് നിഷിദ്ധോ (Forbidden). 26-മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രം തിയേറ്ററിലെത്തിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ "വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' (Films directed by women) പദ്ധതിയില്‍ നിര്‍മിക്കപ്പെട്ട് ആദ്യമായി തിയറ്ററിലെത്തുന്ന നിഷിദ്ധോ സംവിധാനം ചെയ്തത് താര രാമാനുജന്‍ ആണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ. ആര്‍. മോഹനന്‍ പുരസ്‌കാരം താര രാമാനുജന് ലഭിച്ചിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വത്വബോധത്തിന്റെയും കുലത്തൊഴിലിന്റെയും പറിച്ചുനടലുകളുടേയും കുടിയേറ്റത്തിന്റെയും ജീവിതസന്ദര്‍ഭത്തെ ആവിഷ്‌കരിക്കുന്ന മനോഹരമായ സിനിമാനുഭവമാണ് നിഷിദ്ധോ.
കൊച്ചി നഗരത്തിന്റെ ബാക്ക്‌ഡ്രോപ്പില്‍ രണ്ട് മനുഷ്യരുടെ കഥ പറയുന്ന സോഷ്യല്‍ ഡ്രാമയായി സിനിമയെ കാണാം. തൊഴിലെടുത്ത് ജീവിക്കുന്ന അനേകം ഇതര സംസ്ഥാനക്കാരുള്ള കൊച്ചിയിലെ അന്തർ സംസ്ഥാന തൊഴിലാളി വാസമേഖലകള്‍ ഈ ചലച്ചിത്രത്തില്‍ കഥാപാത്രത്തിന്റെ സ്വഭാവം ആര്‍ജിച്ചതായി അനുഭവപ്പെടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക വേരുള്ളവരാണ്. തങ്ങളുടേതായ സ്വത്വബോധവും സാംസ്‌കാരിക തനിമയും ഉള്‍വഹിക്കുന്നവരുമാണ്. ആധുനികകാലത്തെ കെട്ടിടനിര്‍മാണം പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവരില്‍, അവരുടെ ഭൂതകാലവും വേരുകളും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ വഹിക്കുന്ന ആധുനിക തൊഴിലാളി എന്ന രാഷ്ട്രീയ സാമൂഹ്യാസ്തിത്വത്തിനുള്ളില്‍ തിളച്ചുമറിയുന്ന സംഘര്‍ഷനിര്‍ഭരമായ ഈ ജൈവതലത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

ചാവിയും രുദ്രകുമാറുമാണ് പ്രധാന കഥാപാത്രങ്ങള്‍. ചാവി തമിഴ് പശ്ചാത്തലമുള്ള പെണ്‍കുട്ടിയും രുദ്രന്‍ ബംഗാളില്‍ നിന്നു വന്ന തൊഴിലാളിയുമാണ്. ചാവി മാതാപിതാക്കള്‍ ആരെന്നറിയാത്തവളാണ്. തമിഴ്‌നാട്ടില്‍ മധുരയിലെവിടെയോ ജനിച്ച അവള്‍ അനാഥത്വത്തില്‍ നിന്നും അവളെ കണ്ടെടുത്തു വളര്‍ത്തുന്ന പാട്ടിയോടൊപ്പം കൊച്ചിയുടെ പ്രാന്തങ്ങളിലൊരിടത്ത് കഴിഞ്ഞുപോകുന്നു. മറ്റൊരു വീട്ടില്‍ വേലയ്ക്ക് നില്‍ക്കുന്ന അവള്‍ അതൊടൊപ്പം വയറ്റാട്ടിയുടെ ജോലിയും ചെയ്യുന്നു. അവളുടെ പാട്ടിയില്‍ നിന്ന് അവള്‍ക്കു കിട്ടിയതാണ് ഇപ്പോള്‍ അപൂര്‍വമായി മാത്രം നിലവിലുള്ള ഈ ജോലി. ഒപ്പം, മരണാനന്തരകര്‍മങ്ങള്‍ ചെയ്യുന്ന ജോലിയും അവള്‍ ചെയ്യുന്നുണ്ട്. അങ്ങനെയാണവള്‍ ബംഗാളിയായ രുദ്രപാലിനെ പരിചയപ്പെടുന്നത്. അയാളുടെ ചിറ്റപ്പന്‍ കെട്ടിടനിര്‍മാണ ജോലിക്കിടെ വീണുമരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങള്‍ ചാവിയാണ് ചെയ്തുകൊടുത്തത്. വ്യത്യസ്തമായ രണ്ടു സാംസ്‌കാരിക പശ്ചാത്തലമുള്ള രണ്ട് അതിഥി തൊഴിലാളികളാണ് ചാവിയും രുദ്രനും. ചാവിയാകട്ടെ കേരളത്തിന്റെ ജീവിതാവസ്ഥയില്‍ കൂടുതല്‍ അലിഞ്ഞുചേര്‍ന്നവളെങ്കിലും തന്റെ ഓര്‍മകളില്‍ തമിഴ്‌സ്വത്വം ഇപ്പോഴും സൂക്ഷിക്കുന്നവളാണ്. ഓര്‍മവസ്തുക്കള്‍ സൂക്ഷിക്കുന്ന അവളുടെ മാത്രം തകരപ്പെട്ടി അവള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചാവിയില്‍ തുടങ്ങി ചാവിയില്‍ അവസാനിക്കുന്നതാണ് നിഷിദ്ധോ എന്ന ചിത്രത്തിന്റെ യാത്ര എന്നു പറയാം.

ചാവിയുടെ ജനനം തന്നെ പെണ്‍കുഞ്ഞിനെ ഇല്ലാതാക്കലിന്റെ സാഹചര്യത്തില്‍ സംഭവിക്കുന്നതാണ്. എങ്ങനെയോ കൊന്നുകളയലില്‍ നിന്നും രക്ഷപ്പെട്ടവള്‍. ചാവാതെ രക്ഷപ്പെട്ടവളാണ് ഈ ചാവി. ഇപ്പോഴും അവള്‍ പ്രസവമെടുക്കുന്ന അമ്മമാരെല്ലാം ആണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ്. പെണ്‍കുഞ്ഞെങ്കില്‍ പ്രസവിക്കേണ്ട എന്നു പോലും പറയേണ്ടിവരുന്നവര്‍. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കുന്നതെങ്കില്‍ കുഞ്ഞ് മരിച്ചുപോകണേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍. പെണ്‍ജീവിതത്തിന്റെ ഇന്ത്യന്‍ ദുരവസ്ഥയുടെ സന്ദര്‍ഭം. ഇന്നും തുടരുന്ന ദയനീയത. താന്‍ വെള്ളത്തിനടിയിലാകുന്നതും അപ്പോള്‍ ആരോ തന്റെ കഴുത്തു ഞെരിക്കുന്നതുമായ കെട്ട സ്വപ്നം ഇടയ്ക്കിടെ കാണാറുണ്ടെന്ന് ചാവി പാട്ടിയോട് പറയുന്നുണ്ട് .ഒരു പക്ഷേ ചാവി പ്രസവമെടുക്കുന്ന ജോലി ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്തത് തന്റെ തന്നെ അനുഭവങ്ങള്‍ തളച്ചിടുന്നൊരു മാനസികാവസ്ഥയിലാവണം. തകരപ്പെട്ടിയിലെ ഓര്‍മപ്പീലികള്‍ക്കൊപ്പം പ്രസവമെടുപ്പിന്റെ സമയത്ത് താന്‍ മുറിച്ചടുത്ത പൊക്കിള്‍ക്കൊടിയുടെ തുണ്ടും വയ്ക്കുന്നുണ്ട് അവള്‍.
ചാവിയും രുദ്രനും ജീവിക്കുന്നത് ഓര്‍മകളുടെ ഭാരങ്ങളുമായാണ്. അതു ചിലപ്പോള്‍ അവര്‍ക്ക് തടവറ തീര്‍ക്കുന്നു. മറ്റു ചിലപ്പോള്‍ അത് അവരെത്തന്നെ വിമോചിപ്പിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു സാമൂഹ്യാന്തരീക്ഷത്തില്‍ ജീവിക്കുന്ന അവരില്‍ അവരവരുടെ സ്വത്വബോധവും കുലത്തൊഴിലും ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അത് ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഒന്നായിത്തീരുന്നുണ്ട്. രുദ്രന്‍ മൂര്‍ത്തികളെ (ദുര്‍ഗാദേവിയുടെ മണ്‍വിഗ്രഹം) ഉണ്ടാക്കുന്ന കുലത്തൊഴില്‍ പരമ്പരാഗതമായും അനുഷ്ഠാനപരമായും ചെയ്യുന്ന മനുഷ്യരുടെ പിന്‍മുറക്കാരനാണ്. ജീവനുണ്ടെന്നു തോന്നിക്കുന്ന പ്രതിമകള്‍ ഉണ്ടാക്കുന്നവരാണവര്‍. അങ്ങ് വംഗദേശത്ത് അവര്‍ അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നതും അങ്ങനെയാവാം.
തലമുറകള്‍ കൈമാറി വന്ന ആ ഓര്‍മകളുടെ തിരത്തള്ളല്‍ രുദ്രനിലുണ്ട്. അയാളുടെ അച്ഛന്‍ നാട്ടില്‍ മരിച്ചപ്പോള്‍ രുദ്രന്‍ ഇവിടെ ആയിരുന്നു. മരണാനന്തരക്രിയകളിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ ഇവിടെ കേരളത്തില്‍ കുടുംബം പോറ്റാനുള്ള തൊഴിലിടത്തില്‍. തൊഴിലിടത്തില്‍ കൂടെയുണ്ടായിരുന്ന ചിറ്റപ്പന്‍ അപകടത്തില്‍ മരിച്ചപ്പോള്‍ അയാള്‍ക്ക് മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനോ പരമ്പരാഗതമായ രീതിയില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിനോ സാധിച്ചുമില്ല. ഈ സംഘര്‍ഷം അയാളില്‍ ഒരോ അണുവിലുമുണ്ട്. വീടും നാടും ആചാരവും കുലവും കലയും എല്ലാം ചേര്‍ന്നുണ്ടാക്കുന്ന സംത്രാസങ്ങള്‍ അയാളുടെ വിനിമയങ്ങളില്‍ കാണാം.

തന്റേയും പൂര്‍വികരുടേയും കുലത്തൊഴിലായിട്ടും ദുര്‍ഗ്ഗാവിഗ്രഹം ഉണ്ടാക്കികൊടുക്കാനുള്ള ജോലി ഏറ്റെടുക്കുന്നതില്‍ നിന്നും രുദ്രന്‍ പിന്‍മാറുന്ന ഒരു രംഗം സിനിമയിലുണ്ട്. ആ കുലത്തൊഴില്‍ ചെയ്യുന്നതിനുള്ള പരമ്പരാഗതമായ ചില രീതികളുണ്ട്. മൂര്‍ത്തികളെ ഉണ്ടാക്കേണ്ടത് നിഷിദ്ധോപള്ളിയില്‍ നിന്നുള്ള മണ്ണുകൊണ്ടാണ്. അത് രുദ്രന്‍ ചാവിയോട് പറയുമ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥമറിയാതെ ചാവി കുഴങ്ങുന്നു. വേശ്യയുടെ അഥവാ ചീത്ത സ്ത്രീയുടെ വാസസ്ഥലമാണ് നിഷിദ്ധോപള്ളി എന്ന് രുദ്രന്‍ പറയുമ്പോള്‍ താന്‍ നല്ലവളല്ലെന്നും ഒരു ചീത്ത സ്ത്രീ ആയി തന്നെ കണക്കാക്കാമെന്നും ചാവി പറയുന്നുണ്ട്. താനെടുത്തു തരുന്ന ചെളിമണ്ണുകൊണ്ട് അതുണ്ടാക്കണമെന്നും അവള്‍ പറയുന്നു. വിശുദ്ധമാക്കലിന്റെ ഒരു പുരാവൃത്തപദ്ധതിയാവാം ഇങ്ങനെയൊരു രീതിയുടെ പിന്നില്‍. എന്നാല്‍ അയാളതു സ്വീകരിക്കുന്നില്ല. ഭാഷകളുടെ അതിര്‍വരമ്പ് ഭേദിച്ച് ഇരുവരും പരസ്പരം അടുത്തറിയുന്നതോടെ ചാവിയെ അയാളുടെ ജീവിതപങ്കാളിയാവാന്‍ ക്ഷണിക്കുകയാണ് അയാള്‍ ചെയ്യുന്നത്. റെയിലിന്റെ ഇരു പാളങ്ങളേയും പോലെ എന്നും കൂടെയുണ്ടാവാന്‍. നീണ്ടുകിടക്കുന്ന റെയില്‍വേ ട്രാക്ക് സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രയെ ആഗ്രഹിക്കുന്ന രുദ്രന്റെ മനസ്സിനെ സൂചിപ്പിക്കുന്നുണ്ട്. ട്രാക്കാണ് രുദ്രന്റെ ഇഷ്ടസ്ഥലം. കുളം ചാവിയുടേതും. തീവണ്ടി പോകുന്ന ശബ്ദം അവന്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ട്. വേരുകളിലേയ്ക്ക് പോകാന്‍ കൊതിക്കുന്ന ഒരാളാണെന്നും അയാള്‍.
കൊല്‍ക്കത്തയിലേയ്ക്ക് കൂടെ പോകാനുള്ള ക്ഷണം ചാവി നിരസിക്കുന്നു. എന്നെ ഇവിടെ നിന്നും ആരും രക്ഷപ്പെടുത്തണ്ട എന്നാണ് ചാവി പ്രതികരിക്കുന്നത്.
അതിഥിതൊളിലാളികളുടെ അരികുജീവിതം സിനിമയുടെ പശ്ചാത്തലത്തില്‍ സജീവമായി തന്നെ ഉണ്ട്. എന്നാല്‍ അതല്ല സിനിമയുടെ കേന്ദ്രപ്രമേയം. പക്ഷേ ആ ജീവിതത്തെ കാണാതിരിക്കുന്നില്ലെന്നു മാത്രമല്ല, അതിനെ അനുതാപത്തോടെ പരിചരിക്കുന്നുമുണ്ട്. നാനാവിധ മേഖലകളിലെ സാന്നിദ്ധ്യവും കൂടിച്ചേരലും കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
നാം അവരെ സ്വീകരിക്കുന്നത് പല വിതാനങ്ങളിലായാണ്. അത് ചാവി വേലയ്ക്ക് പോകുന്ന വീട്ടിലെ അംഗങ്ങളുടെ സമീപനങ്ങളില്‍ ദൃശ്യപ്പെടുന്നുണ്ട്. (ആ വീട്ടിലെ ഗൃഹനായികയായ ഉമയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലിചെയ്യുന്നത്. പ്രവാസിയുടെ കുടുംബത്തിന്റെ വികാരങ്ങളുടേതായ ഒരു ബാക്ക് സ്റ്റോറിയുടെ അടയാളങ്ങളും ഈ ഭാഗത്ത് കാണാം). അവരെ അന്യര്‍ ആയി കാണുന്ന മലയാളികള്‍ പലരും ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തങ്ങളുടെ മുന്‍വിധികളും വീക്ഷണങ്ങളും അഴിച്ചുപണിയുന്നുണ്ട്. ഇതിനെല്ലാം ഇടയില്‍ അവര്‍ മലയാളി ജീവിതവുമായി കൂടിക്കലരുന്നതിന്റെ ഭംഗിയുള്ള ദൃശ്യങ്ങളുണ്ട് സിനിമയില്‍. അതു പ്രേക്ഷകര്‍ക്ക് ഉന്മേഷം പകരുന്നവയാണ്. തങ്ങളെ തന്നെ മാറിനിന്ന് കാണാന്‍ മലയാളികളെ പ്രാപ്തമാക്കുക കൂടി ചെയ്യുന്നുണ്ട് ആ ദൃശ്യങ്ങള്‍.

അന്തർസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള കൊച്ചി നഗരത്തിന്റെ പ്രാന്തങ്ങളില്‍ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ ജീവിതത്തിന്റെ കഥയായി സിനിമയെ വായിക്കുന്നതാവും ഉചിതം. ഇതു തങ്ങളുടെ നാടല്ല എന്നു തോന്നുന്ന വിധം അവരുടെ മാനസികലോകം മാറുന്നതിന്റെ കാരണങ്ങള്‍ പരോക്ഷമായി സിനിമ തേടുന്നുണ്ട്. അവര്‍ തമ്മില്‍ ഉടലെടുക്കുന്ന ആത്മബന്ധവും അതിന്റെ പരിണാമങ്ങളും ചിത്രീകരിക്കുന്നതില്‍ സംവിധായിക കാണിക്കുന്ന മിടുക്ക് ശ്രദ്ധേയമാണ്. കുടിയേറ്റത്തിന്റെ ആന്തരികതലത്തില്‍ സംഭവിക്കുന്ന പരിണാമങ്ങളിലാണ് പ്രമേയത്തിന്റെ ഊന്നല്‍. ബംഗാളി സംസ്‌കാരവുമായി ഇന്നും അടുത്ത ബന്ധമുള്ള ദുര്‍ഗാപൂജയുടെ സാംസ്‌കാരികശേഷിപ്പുകള്‍ അവിടെ നിന്നു പറിച്ചുനടപ്പെടുന്ന ഒരാളില്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ഫലങ്ങള്‍ അനുഭവഭേദ്യമാക്കാന്‍ ആഖ്യാനത്തിന് കഴിയുന്നുണ്ട്.
ദുര്‍ഗാദേവിയുടെ ശില്‍പ്പനിര്‍മാണം കുലത്തൊഴിലായ രുദ്രന്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി മറ്റൊരിടത്ത് ഉപജീവനം കണ്ടെത്തുകയാണ്. അവിടെവച്ചുണ്ടാകുന്ന അപകടത്തില്‍ ചിറ്റപ്പന്റെ മരണം സംഭവിച്ചത് തന്റെ തെറ്റുകൊണ്ടാണെന്ന കുറ്റബോധം അയാളെ അലട്ടുന്നു. തിരിച്ച് ബംഗാളിലേക്ക് പോകാന്‍ രുദ്രന്‍ ആഗ്രഹിക്കുന്നു. ചാവിയെയും ഒപ്പംകൂട്ടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒട്ടേറ വിലക്കുകള്‍ അവളേയും അയാളേയും അതില്‍ നിന്നും തടയുന്നു. അതില്‍ അവരുടെ ജീവിതത്തില്‍ നിറയുന്ന ഭൂതകാലം പ്രധാന പങ്കുവഹിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം ചലച്ചിത്ര നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 60-ല്‍ ഏറെ തിരക്കഥകളില്‍ നിന്ന് രഘുനാഥ് പലേരി നേതൃത്വം നല്‍കിയ ജൂറിയാണ് നിഷിദ്ധോ നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തത്. കഥയും തിരക്കഥയും സംവിധായികയായ താരാ രാമാനുജന്റേതു തന്നെയാണ്. വിജയകുമാര്‍ ബാലയും ഗോപിക ചന്ദ്രനുമാണ് നിഷിദ്ധോയുടെ സഹസംവിധായകര്‍. ദേശീയതലത്തില്‍ അറിയപ്പെടുന്ന തന്‍മയ് ധനാനിയ രുദ്രനായും കനി കുസൃതി ചാവിയായും എത്തുന്നു. രണ്ടു പേരുടേതും മികച്ച അഭിനയമായിട്ടുണ്ട്. കനി കുസൃതി ഇനിയുമേറെ മികച്ച കഥാപാത്രങ്ങളെ സിനിമാലോകത്തിന് നല്‍കാന്‍ ശേഷിയുള്ള അഭിനേത്രിയാണ് എന്ന് ചാവി തെളിയിക്കുന്നുണ്ട്. കൊല്‍ക്കത്തയിലും മധുരയിലും കൊച്ചിയിലും ഷൂട്ട് ചെയ്യപ്പെട്ടതാണ് സിനിമ. സംഗീതം ഡേബൊജ്യോതി മിശ്രയാണ് നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവന്‍ ആണ് ക്യാമറ. അന്‍സാര്‍ ചെന്നാട്ട് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.
റിന്റുജ ജോണ്‍
Jan 30, 2023
5 Minutes Watch
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch