ഒമിക്രോണ്‍ ഉയര്‍ത്തുന്ന
രാഷ്ട്രീയ-ധാര്‍മിക സമസ്യകള്‍
ഒമിക്രോണ്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ-ധാര്‍മിക സമസ്യകള്‍
സ്വന്തം നാട്ടിലെ മുഴുവന്‍ ജനതക്കും മൂന്നാം ഡോസ് നല്‍കി സ്വയം സംരക്ഷിച്ചു കളയാമെന്നു വ്യാമോഹിക്കുന്നന്ന യു.കെയിലെയും അമേരിക്കയിലേയും ഇസ്രായേലിലേയും യു.എ.ഇലുമൊക്കെയുള്ള ഭരണകൂടങ്ങള്‍ മറന്നു പോവുന്നത് അധമര്‍ണ്ണ രാജ്യങ്ങളില്‍ നടക്കുന്ന ഓരോ ഉല്‍പരിവര്‍ത്തനങ്ങളും അപ്രതിരോധ്യമെന്ന് അവര്‍ വ്യാമോഹിക്കുന്ന പ്രതിരോധ പടച്ചട്ടകളില്‍ വലിയ ദ്വാരങ്ങളുണ്ടാക്കുന്നു എന്ന ശാസ്ത്രീയ വസ്തുതയാണ്. ചിലര്‍ വരുമ്പോള്‍ ചരിത്രം മാത്രമല്ല പ്രതിരോധവും വഴി മാറും എന്ന് ഓര്‍ക്കുന്നത് നന്ന്.
5 Dec 2021, 02:26 PM
1971-ല്‍ കെ.ജി.എസ് ഉല്‍ക്കണ്ഠാകുലനായതു പോലെ ബംഗാളില്‍ നിന്നല്ല ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് വാര്‍ത്തകള്‍ വരുന്നത്. അവയുടെ സയന്റിഫിക് ഡിസൈഫറിങ്ങ് ചൂണ്ടിക്കാണിക്കുന്നതാവട്ടെ രാഷ്ടീയമായും ജനിതകപരമായും മിക്കവാറും പരാജയപ്പെട്ടു പോവാനിടയുള്ള, കോവിഡിന്റെ ഏറ്റവും ഇളയ ദളപതിയാണ് ഒമിക്രോണ്‍ എന്ന വസ്തുതയാണ്. ഗ്രീക്ക് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരം മറികടന്ന് പതിനഞ്ചാം അക്ഷരം തെരഞ്ഞെടുത്തപ്പോള്‍ മൃദു ചൈനീസ് നിലപാടിന്റെ പ്രീണന വിദ്യ പയറ്റുകയായിരുന്നു ഒരിക്കല്‍ ചൂടുവെള്ളത്തില്‍ ചാടിയ ടെഡ്രോഡ് അഥാനം ഗബ്രിയേസസ്. ലോക രാഷ്ട്രീയത്തില്‍ ആരോഗ്യ രംഗത്ത് പോലും ചൈനയെ മുഖാഭി മുഖം നേരിടാനുള്ള അധൈര്യമല്ലാതെ മറ്റെന്താണത്?
അന്‍പത് ജനിതക മാറ്റങ്ങള്‍ നടന്നപ്പോഴും സ്പാനിഷ് ഫ്ളൂവിന്റെ അവസാന കാലം ഓര്‍മ്മിപ്പിച്ച്, ഒരു പക്ഷേ, വ്യാപനത്തിലൊഴികെ- R nought 2 ആണെന്നു കേള്‍ക്കുന്നു ജോഹനാസ്ബര്‍ഗ്ഗില്‍ - ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതില്‍ ഒരിഞ്ചു പോലും മുന്നോട്ടു പോവാനാവാത്ത മിക്കവാറും ഒരു വിഫല സംഗമായി അവ രൂപാന്തരം കൊണ്ടു. മനുഷ്യരാശിയുടെ ഭാഗ്യം. അങ്ങിനെയാണ് അങ്ങാടിയിലും അമ്മയോടും തോറ്റു പോവാനുള്ള സാദ്ധ്യതയായി ഒമിക്രോണ്‍ കൂടു മാറ്റം നടത്തുന്നത്..
കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കുള്ളില്‍, 2021 നവംബര്‍ 24 മുതല്‍, 374 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയുള്‍പ്പെടെ 25 രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവയില്‍ 75 % വും ആഫ്രിക്കന്‍ വന്‍കരയിലെ പിന്നാക്ക- അവികസിത രാഷ്ട്രങ്ങളില്‍ നിന്നാണ്. യൂറോപ്യന്‍ - സമ്പന്ന "രാഷ്ടങ്ങളില്‍ 2021 ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഡെല്‍റ്റാ വൈറസ് വ്യാപനം ഭീകരമായപ്പോഴോ, അമേരിക്കയില്‍ ലോകത്തിലെ ഏറ്റവും വലിയ മരണനിരക്ക് രേഖപ്പെടുത്തിയപ്പോഴോ, എല്ലാ ബാഹ്യ സംസര്‍ഗ്ഗവും നിഷേധിച്ച് അടച്ചുപൂട്ടിയിരുന്ന ആസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും വൈറസ് തീക്കാറ്റു പോലെ പടര്‍ന്നപ്പോഴാ ഒന്നും ലോക മാധ്യമങ്ങളോ പാശ്ചാത്യ ഭരണാധികാരികളോ knee-jerk റിയാക്ഷനുകളിലേക്ക് കടന്നില്ല.
ദക്ഷിണാഫ്രിക്കയിലും ബോട്ട്സ്വാനയിലും B1.1.529 തിരിച്ചറിഞ്ഞപ്പോള്‍ തന്നെ യാത്രാ നിയന്ത്രണങ്ങളിലേക്കാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നീങ്ങിയത്. പിന്നീടത് മറ്റു ചില രാജ്യങ്ങള്‍ കൂടി ഏറ്റെടുത്തു. ഇതഃപര്യന്തം ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുമായി നേരിട്ട് ഇടപഴകിയ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചെയര്‍പേഴ്‌സണ്‍ ഡോ: ആന്‍ജലിക് കൂറ്റ്‌സേ, ഇത് പ്രത്യേകതയൊന്നുമില്ലാത്ത അസുഖം മാത്രമാണെന്നും സാധാരണ
കോവിഡ് രോഗികളില്‍ കാണുന്ന അത്ര പോലും രോഗാതുരത ഇവരില്‍ കാണുന്നില്ലെന്നും വളരെ കൃത്യമായി ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ റാംഫോസയാവട്ടെ, അതിന്റെ രാഷ്ട്രീയം തുടക്കം മുതല്‍ തിരിച്ചറിയുകയും ലോക രാഷ്ട്രങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒട്ടും അഭികാമ്യമല്ലാത്ത ഒറ്റപ്പെടുത്തല്‍ നയത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്തു. അവിടുത്തെ ആശുപത്രി വാര്‍ഡുകളിലും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ സത്യസന്ധവും കാര്യമാത്രപ്രസക്തമായ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നതും ഒമിക്രോണ്‍ വൈറസിന്റെ സാധാരണത്വം മാത്രമാണ്. കുറച്ച് വ്യാപനശേഷി കൂടുതല്‍ ഉണ്ടാവാനുളള സാദ്ധ്യത മാത്രമാണ് അവരൊക്കെ മുന്നോട്ടു വെക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ വ്യാപനം ഇരട്ടിയായതിന്റെ കാരണം ഒമിക്രോണ്‍ ആണന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല.
SARS COV-2 വൈറസ് അത്രമേല്‍ സ്വാഭാവികമായി മാത്രമാണ് പെരുമാറുന്നത്. കോവിഡ് രോഗികളുടെ ശരീരത്തില്‍ സാധാരണ ഗതിയില്‍ ആവസിക്കുന്ന പതിനായിരം കോടി വൈറസിന് കഷ്ടിച്ച് 0.1 mg തൂക്കം മാത്രമുണ്ടായിരിക്കേ "മസില്‍ പവര്‍' അല്ല മറിച്ച് നമ്മെ സ്തബ്ധരാക്കുന്ന വേഗത്തില്‍ നടത്തുന്ന ഉല്‍പരിവര്‍ത്തനളാണ് (Mutation) അവയുടെ അതിജീവന തന്ത്രം. ഉല്‍പരിവര്‍ത്തനങ്ങള്‍ വഴി നൂതനവും അക്രാമകവുമായ ജീനോമിക് സീക്വന്‍സ് അടങ്ങിയ കോപ്പികള്‍ നിര്‍മ്മിക്കുകയും ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയും, വാക്‌സിനുകളും മരുന്നുകളുമെല്ലാം ചമയ്ക്കുന്ന കടമ്പകളെ അതിവര്‍ത്തിക്കുവാന്‍ സ്വയം രൂപ മാറ്റം കൈകൊള്ളുകയുമാണ് മറ്റേതൊരു RNA വൈറസിനേയും പോലെ കോവിഡ് വൈറസും ലക്ഷ്യമിടുന്നത്. ഒമിക്രോണ്‍ നമ്മുടെ പത്യേക ശ്രദ്ധയാകര്‍ഷിക്കുന്നത് പക്ഷേ ജീവശാസ്ത്ര ചരിത്രത്തിലാദ്യമായി ഒറ്റയടിക്ക്, സ്വന്തം S - ജീന്‍ പോലും ബലി കൊടുത്തു കൊണ്ട് അന്‍പതിലധികം ഉല്‍പരിവര്‍ത്തനങ്ങള്‍ സാക്ഷാത്കരിച്ചു എന്ന വസ്തുതയുടെ പിന്‍ബലത്തിലാണ്. മനുഷ്യകോശങ്ങളിലെ വൈറസ് വാതായനങ്ങളായ ACE 2 Receptors- ലൂടെ നൂണ്ടു കയറാന്‍ ഉപയോഗിക്കുന്ന spike protein- ല്‍ നടന്ന മുപ്പത്തിരണ്ടോളം ഉല്‍പരിവര്‍ത്തനങളാണ് രോഗാണു ശാസ്ത്രജ്ഞരെ ഉല്‍ക്കണ്ഠാകുലരാക്കുന്ന പ്രധാന ഘടകം. ഇന്ന് മനുഷ്യന്‍ ഉപയോഗിക്കുന്ന വാക്‌സിനുകളില്‍ ഭൂരിഭാഗവും ACE 2 Receptor - Spike protein ദ്വന്ദ്വങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണതിന്റെ അടിസ്ഥാന വസ്തുത. പത്തിലധികം ഉല്‍പരിവര്‍ത്തനങ്ങള്‍ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നതിനായി മാത്രമാണ് (immune evading) രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത് എന്ന ശാസ്ത്രീയ സത്യം കൃത്യമായ ആക്രമണ ത്വരയാണ് ഒമിക്രോണിന്റെ പ്രധാന അജണ്ട എന്ന് നമ്മെ ഞെട്ടിച്ച് ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ഭീകരമായി പരിണമിക്കാനാവുന്ന ഈ ഉല്‍പരിവര്‍ത്തനങ്ങള്‍ മനുഷ്യ കുലത്തിന്റെ ഭാഗ്യം കൊണ്ടു മാത്രമെന്നു പറയാം, മിക്കവാറും രോഗ വ്യാപനത്തിന്റെ മാത്രം കൊച്ചു കള്ളിയിലൊതുങ്ങുമെന്നാണ് ഇതു വരെ ലഭ്യമായ ശാസ്ത്രീയ വസ്തുതകള്‍ സൂചിപ്പിക്കുന്നത്.
പൊതുജനാരോഗ്യ വിദഗ്ധരാവട്ടെ ഒമിക്രോണ്‍ സമസ്യ വളരെ ഗുരുതരവും വത്യസ്തവുമായ മറ്റൊരു പരിപ്രേക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്
എന്നാണ് ആശങ്കപ്പെടുന്നത്. പ്രതിരോധ വ്യവസ്ഥ വേണ്ടത്ര ആരോഗ്യകരമല്ലാത്ത വ്യക്തികളില്‍ വൈറസ് വീണ്ടും വീണ്ടും വ്യാപരിക്കുകയും നിരന്തരമായ ഉല്‍പരിവര്‍ത്തനങ്ങള്‍ക്ക് വഴി മരുന്നിടുകയും ചെയ്യുന്നതു വഴി അവ കടുത്ത അക്രമണ സ്വഭാവം കൈവരിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. മനുഷ്യന്‍ അഹങ്കരിക്കുന്ന പ്രതിരോധ കവചങ്ങളെ മുഴുവന്‍ ഒറ്റയടിക്ക് റദ്ദാക്കാന്‍ പാങ്ങുള്ള വൈറസ് വകഭേദങ്ങള്‍ അവര്‍ ദുഃസ്വപ്നങളിലെന്നോളം സങ്കല്‍പ്പിക്കുന്നുണ്ട്. കൃത്യമായ ദിശയില്‍ ഇരുപതോളം immune evading mutations നടന്നാല്‍ മനുഷ്യന്റെ സര്‍വ സ്വാഭാവിക പ്രതിരോധവും ഫാര്‍മസ്യൂട്ടിക്കല്‍ പ്രതിരോധവും ഫലപ്രദമായി മറികടക്കാവുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. അത്തരമൊരു സാദ്ധ്യത കുരങ്ങന്‍ കീ - പാഡിലടിക്കുമ്പോള്‍ മനോഹരമായ ഒരു പ്രേമകവിത രൂപം കൊള്ളുകയെന്നതു പോലെ അപൂര്‍വത്തില്‍ അപൂര്‍വമാണെങ്കിലും മനുഷ്യരാശിക്ക് സങ്കല്‍പ്പിക്കാനാവുന്ന ഏറ്റവും ഗുരുതരമായ രോഗാണു സംക്രമണമായിരിക്കും അത് എന്നതില്‍ സംശയമൊന്നുമില്ല.. ഒരുപക്ഷെ ഹോമോസാപിയന്‍സ് എന്ന സ്പീഷീസിനെ തന്നെ ഭൂമുഖത്തു നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷ്യമാക്കിയേക്കാവുന്ന ദുരന്ത പ്രതിഭാസം.

അതു കൊണ്ടു തന്നെ ഉല്‍പരിവര്‍ത്തനങ്ങളുടെ സാദ്ധ്യത തടയുക എന്നതാവുന്നു ഏതൊരു സാമൂഹികാരോഗ്യ പ്രവര്‍ത്തകന്റെയും പ്രാഥമിക കടമ. രോഗപ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതു വഴി മാത്രമേ മനുഷ്യരാശിക്ക് ആ ലക്ഷ്യം കൈവരിക്കാനാവൂ. പ്രതിരോധ കവചം ശക്തിപ്പെടുത്താന്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങള്‍ മുതല്‍ വളരെ ഫലപദമായ ഒരു ഉപാധി മനഷ്യന് ലഭ്യമായിട്ടുണ്ട്. വാക്‌സിനുകള്‍ അങ്ങിനെയാണ് മനുഷ്യകുലം കണ്ടത്തിയ ഏറ്റവും മികച്ച രോഗപ്രതിരോധ സംവിധാനമാവുന്നത്. കേരളത്തില്‍ 96 ശതമാനവും 63 ശതമാനവും ഇന്ത്യയില്‍ 58% വും 34% ശതമാനവും യഥാക്രമംഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ഇതിനകം ലഭ്യമായ അവസ്ഥയില്‍ ആഫ്രിക്കന്‍ വന്‍കരയില്‍ അത് യഥാക്രമം11 ശതമാനവും 7 ശതമാനവും മാത്രമാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍പോലും 24 % മാത്രമാണ് സൗത്ത് ആഫ്രിക്കയിലെ വാക്‌സിനേഷന്‍ സ്റ്റാറ്റസ്.. പ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുന്ന എയ്ഡ്‌സ് വൈറസ് ഏറ്റവും വിനാശം വിതച്ച ഈ ഭൂഭാഗങ്ങളില്‍ കോവിഡ് വൈറസ് മനുഷ്യരില്‍ നിരന്തരമായി വ്യാപരിക്കുവാനും ഉല്‍പരിവര്‍ത്തനങ്ങള്‍ നിതാന്തമായി സാക്ഷാത്കരിക്കപ്പെടാനുള്ള സാദ്ധ്യത വളരെയേറെയാണ്. മാര്‍പാപ്പയും ഗ്രേറ്റാ തുന്‍ബര്‍ഗ്ഗുമൊക്കെ സൂചിപ്പിച്ച വാക്‌സിന്‍ അപ്പാര്‍ത്തീഡിന്റെ എറ്റവും ഋണാത്മകമായ വ്യവഹാരമാണ് ഇതുവഴി സംജാതമാകുന്നത്. അതുകൊണ്ടു തന്നെയാണ് യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ. മുഹമ്മദ് No one is safe until everyone is safe എന്ന യഥാര്‍ത്ഥ പൊതുജനാരോഗ്യ കാഴ്ചപ്പാട് മുന്നോട്ടു വെച്ചപ്പോള്‍ ലോകം മുഴുവന്‍ എഴുന്നേറ്റു നിന്നു കൈയടിച്ചത്. സ്വന്തം നാട്ടിലെ മുഴുവന്‍ ജനതക്കും മൂന്നാം ഡോസ് നല്‍കി സ്വയം സംരക്ഷിച്ചു കളയാമെന്നു വ്യാമോഹിക്കുന്നന്ന യു.കെയിലെയും അമേരിക്കയിലേയും ഇസ്രായേലിലേയും യു.എ.ഇലുമൊക്കെയുള്ള ഭരണകൂടങ്ങള്‍ മറന്നു പോവുന്നത് അധമര്‍ണ്ണ രാജ്യങ്ങളില്‍ നടക്കുന്ന ഓരോ ഉല്‍പരിവര്‍ത്തനങ്ങളും അപ്രതിരോധ്യമെന്ന് അവര്‍ വ്യാമോഹിക്കുന്ന പ്രതിരോധ പടച്ചട്ടകളില്‍ വലിയ ദ്വാരങ്ങളുണ്ടാക്കുന്നു എന്ന ശാസ്ത്രീയ വസ്തുതയാണ്. ചിലര്‍ വരുമ്പോള്‍ ചരിത്രം മാത്രമല്ല പ്രതിരോധവും വഴി മാറും എന്ന് ഓര്‍ക്കുന്നത് നന്ന്.
ഒമിക്രോണ്‍ ഒട്ടും അഭികാമ്യമല്ലാത്ത മറ്റൊരു കാര്യം കൂടി ലോകത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.. വളരെ ജാഗ്രതയോടെ ആരോഗ്യ രംഗത്ത് ഇടപെടുകയും ജനിതകശ്രേണീ പഠനം (വൈറല്‍ ജിനോമിക് സീക്വന്‍സിങ്ങ് ) കൃത്യമായി നിര്‍വഹിക്കുകയും ശാസ്ത്രീയ വിവരങ്ങള്‍ ലോകത്തിന് ഉടന്‍ തന്നെ ഉത്തരവാദിത്തത്തോടെ കൈമാറുകയും ചെയ്യുന്ന രാജ്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനു പകരം അത്തരം അഭിനന്ദനീയമായ ആരോഗ്യ - രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും കുറ്റവാളികളാക്കുകയും ചെയ്യുന്ന പ്രവണത നിശ്ചയമായും കര്‍ശനമായി ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും വേണം. ലോകത്തിന് മുഴുവന്‍ കടുത്ത വെല്ലുവിളിയായേക്കാവുന്ന രോഗസംബന്ധിയായ വിവരങ്ങള്‍ പൂഴ്ത്തി വെക്കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ഗര്‍ഹണീയമായ നിലപാടാണിതെന്ന് പറയാതെ വയ്യ. 2019 നവംബറില്‍ കണ്ടെത്തിയ കോവിഡ് വൈറസ് ബാധ 2020 ജനുവരി 12 വരെ ചൈന ഒളിച്ചു വെച്ച കഥ നിശ്ചയമായും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടണം. നവംബര്‍ 24 - ന് സൗത്ത് ആഫ്രിക്ക ഒമിക്രോണ്‍ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നതിന്റെ അഞ്ചുദിവസം മുമ്പ് നെതര്‍ലാന്റ് ആരോഗ്യ വിഭാഗം ശേഖരിച്ച രോഗീ സ്രവങ്ങളില്‍ നവംബര്‍ 30- ന് ഒമിക്രോണ്‍ വക ഭേദത്തെ കണ്ടെത്തുകയുണ്ടായി, തെക്കേ ആഫ്രിക്ക സന്ദര്‍ശിക്കാത്ത രോഗിയില്‍. ഈ ശാസ്ത്രീയ വസ്തുത മിക്കവാറും തമസ്‌ക്കരിക്കപ്പെടുകയായിരുന്നു.

ഈ അന്തരാളത്തില്‍ പരിഷ്‌കൃത സമൂഹം വളരെ സര്‍ഗ്ഗാത്മകമായി പ്രതികരിക്കണ്ടതുണ്ട്.. വാക്‌സിന്‍ ദേശീയത പരിപൂര്‍ണ്ണമായി നിഷേധിക്കുകയും വാക്‌സിന്‍ അപ്പാര്‍ത്തീഡ് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് (vaccine equity) ലോക രാഷ്ട്രങ്ങള്‍ പ്രധാന നയമായി സ്വീകരിക്കണം. കോവാക്‌സ് പദ്ധതി പ്രകാരം 1.3 ബില്യന്‍ വാക്‌സിന്‍ ഡോസുകള്‍ ആഫ്രിക്കന്‍ ജനതക്ക് വാഗ്ദാനം ചെയ്യപ്പെട്ടി രുന്നെങ്കിലും 356 മില്യന്‍ മാത്രമാണ് ലോക രാഷ്ട്രങ്ങള്‍ക്കെല്ലാം കൂടി ഇതുവരെ നല്‍കാനായുള്ളൂ എന്നോര്‍ക്കുക. നിങ്ങളുടെ സുരക്ഷ തന്നെയാണ് എന്റെ സുരക്ഷ എന്ന സാകല്യബോധം വ്യാപകമാവണം. സമ്പന്ന രാഷ്ടങ്ങള്‍ കോവിഡ് കെടുതിയെ അതിജീവിക്കാന്‍ അവികസിത- വികസ്വര രാഷ്ട്രങ്ങളെ സാമ്പത്തികമായി സഹായിക്കാനും തയാറാവേണ്ടതുണ്ട്. വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈഷസേന്റെ (WTO) ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ (intellectual Property rights) കോവിഡ് പ്രതിരോധത്തിന് സഹായകമായ രീതിയില്‍ തിരുത്തപ്പെടണം. മരുന്നുകള്‍, വാക്‌സിനുകള്‍ മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക ജ്ഞാനം- Know how- എങ്കില്‍ മാത്രമേ ദരിദ്ര, വികസ്വര രാഷ്ടങ്ങള്‍ക്ക് കൂടി ലഭ്യമാവുകയുള്ളൂ. അതോടൊപ്പം അശാസ്ത്രീയവും അനാവശ്യവുമായ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് ലോക രാഷ്ട്രങ്ങള്‍ പിന്മാറുകയും വേണം. അത്തരം നിയന്ത്രണങ്ങള്‍ മൂലം രോഗ നിയന്ത്രണം ലോകത്തിലൊരിടത്തും വിജയിച്ചിട്ടില്ലെന്നും ഒരു വ്യാജ സുരക്ഷാബോധം ജനങ്ങള്‍ക്ക് നല്‍കുന്നതു വഴി സത്യത്തില്‍ അഭികാമ്യമല്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുക മാത്രമേ ഉണ്ടാവൂ എന്നും നാം മറന്നു കൂടാ.
ലോകാരോഗ്യ സംഘടനയുടെ തലവന്‍ പറയുന്നതു പോലെ ലോക രാഷ്ട്രങ്ങളില്‍ പലതിലും പത്തു ശതമാനം പോലും വാക്‌സിന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരോഗ്യമുള്ളവര്‍ക്ക് - മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരും മറ്റു ഗുരുതര അസുഖ ബാധിതരുമൊഴികെ -മൂന്നാം ഡോസ് നല്‍കുന്നതിലെ അശ്ലീലം കൃത്യമായി തിരിച്ചറിയുകയും വാക്‌സിന്‍ തുല്യതക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുകയും വേണം. മനുഷ്യത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം നിലപാടുകളാണ് മനുഷ്യന്‍ ഹാ എത്ര മഹത്തായ പദം എന്ന് വീണ്ടും വീണ്ടും അഭിമാനത്തോടെ ഉച്ചരിക്കുവാന്‍ നിശ്ചയമായും നമ്മെ ഓരോരുത്തരേയും പ്രേരിപ്പിക്കുന്ന ഘടകം.
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
എതിരൻ കതിരവൻ
Oct 29, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എതിരൻ കതിരവൻ
Oct 10, 2022
10 Minutes Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read