കോവിഡിനുമുന്നില്‍
എന്തുകൊണ്ട് നമുക്ക്
ശ്വാസം മുട്ടുന്നു?
കോവിഡിനുമുന്നില്‍ എന്തുകൊണ്ട് നമുക്ക് ശ്വാസം മുട്ടുന്നു?
കോവിഡ് പ്രതിരോധത്തിലെ പ്രധാന ന്യൂനത ആരോഗ്യവിദഗ്ദ്ധരും ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള വിടവാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പലപ്പോഴും പൊതുസ്വീകാര്യതയ്ക്കപ്പുറമാണെന്ന കാരണത്താല്‍ സര്‍ക്കാരുകള്‍ തള്ളിക്കളയുന്നതായും പിന്നീട് അവ നടപ്പിലാക്കേണ്ടതായും ഈ കോവിഡ് കാലത്ത് കാണുകയുണ്ടായി. കോവിഡ് സാമ്പത്തിക, തൊഴില്‍, കാര്‍ഷിക മേഖലകളില്‍ 17 മാസം കൊണ്ടുണ്ടാക്കിയ ആഘാതങ്ങളെ സമഗ്രമായി വിലയിരുത്തുകയാണ് ലേഖകന്‍
25 May 2021, 04:55 PM
കോവിഡ് - 19 മഹാമാരി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകരാജ്യങ്ങളെ സ്തംഭിപ്പിക്കുകയും ജനജീവിതത്തെ നിശ്ചലമാക്കുകയും ചെയ്തു. ആരോഗ്യരംഗത്തിന് ബജറ്റില്‍ നീക്കിവെച്ച തുകയുടെ ശതമാനവ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടന കോവിഡിന്റെ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ്.
ഇതര മേഖലകള്‍ക്കായി നീക്കിവെച്ച ബജറ്റ് വിഹിതം മഹാമാരിയെ നേരിടുന്നതിനു മാത്രമായി നീക്കിവെയ്ക്കേണ്ട അവസ്ഥയാണിപ്പോള്‍. ആഗോളതലത്തില്‍ കോവിഡ്-19 വിദ്യാഭ്യാസ, വ്യവസായ, തൊഴില്‍മേഖലകളെ പുറകോട്ടടിപ്പിച്ചു. ലോകം ഇതിനു മുമ്പ് കണ്ട പ്രധാന മഹാമാരിയായ സ്പാനിഷ് ഫ്ളൂ ഫെബ്രുവരി 1918 മുതല്‍ ഏപ്രില്‍ 1920 വരെ നീണ്ടു നില്‍ക്കുകയും 50 കോടിയിലധികം പേരുടെ ജീവനപഹരിക്കുകയും ചെയ്തിരുന്നു. കോവിഡ്-19 ആകട്ടെ 17 കോടിയോളംപേര്‍ക്ക് പിടിപെടുകയും 34 ലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഒരു ആരോഗ്യപ്രശ്നം മാത്രമായി കരുതിയ കോവിഡ്-19 വളരെ പെട്ടെന്ന് മഹാമാരിയായി മാറുന്നതും രാജ്യങ്ങളും വന്‍കരകളും കടന്ന് അതിവേഗം വ്യാപിക്കുന്നതും നാം കണ്ടു. അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ ചികിത്സാ സംവിധാനങ്ങളെ മാത്രമല്ല ജനജീവിതത്തെയും കോവിഡ് പ്രതിസന്ധിയിലായിരിക്കുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സാമ്പത്തിക സ്ഥിതി അപ്രതീക്ഷിതമായി ശ്വാസംമുട്ടുന്ന കാഴ്ചയായാണ് കോവിഡിനൊപ്പം ഇന്ന് ദൃശ്യമാകുന്നത്. ഇന്ത്യയിലെ സ്ഥിതിയും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല. രാജ്യത്തെ വിവിധ മേഖലകളെ മഹാമാരി ജനജീവിതത്തോടൊപ്പം തന്നെ ഇല്ലാതാകുന്ന രീതിയിലാണ് രോഗവ്യാപനത്തിന്റെ തീവ്രതയും പ്രഹരവും.
ഇന്ത്യയില്‍ 6.1 ദശലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
ഇന്ത്യയില്‍ 2020 ജനുവരിയില്‍ തൊഴിലില്ലായ്മ പ്രതിമാസ ശീര്‍ഷകത്തില്‍ 7.8 ശതമാനമായത് 2020 മേയില്‍ 23.2 ശതമാനമായി ഉയര്‍ന്നിരുന്നു. പിന്നീടത് ഒരു പരിധിവരെ കരകയറുകയും 2020 ഡിസംബറില്‍ 9.1% ആകുകയും ചെയ്തു. 2021 ഏപ്രിലിലെ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (CMIE) കണക്കു പ്രകാരം 8.6 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) യുടെ കണക്കനുസരിച്ച് 2020 ല്‍ 255 ദശലക്ഷം FTE (Full Time Equivalent Jobs) യുടെ 8.8% നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ആഴ്ചയില്‍ 48 മണിക്കൂര്‍ സ്ഥിരം ജോലിയുള്ളതിനെയാണ് FTE ആയി കാണുന്നത്. 2021 ലെ പരിപ്രേക്ഷ്യം ഏറ്റവും ശുഭകരമാണെങ്കില്‍ 1.3% നഷ്ടവും, മോശമാണെങ്കില്‍ 4.8% ആയി മാറുമെന്നും ILO വിവക്ഷിക്കുന്നു. ജോലിയില്ലായ്മമൂലമുള്ള സാമ്പത്തികനഷ്ടം 2020ല്‍ 3.7 ട്രില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായതാണ്.

ഇത് ആഗോള ആഭ്യന്തര ഉല്പാദനത്തിന്റെ 4.4%ത്തോളം വരും. ഏറ്റവും കൂടുതല്‍ തൊഴിലവസര നഷ്ടത്തിലൂടെ വരുമാനശോഷണമുണ്ടായ രാജ്യം അമേരിക്കയാണ് (10.3%). ഏഷ്യാ-പസഫിക്ക് രാജ്യങ്ങളിലാണ് അവ താരതമ്യേന വളരെ കുറഞ്ഞ നഷ്ടമുണ്ടായത് (6.3%). ഇന്ത്യയില്‍ 6.1 ദശലക്ഷം യുവാക്കള്‍ക്ക് 21% തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ILO കണക്കാക്കുന്നത്. ഇത് ഏകദേശം ഏഷ്യാ-പസഫിക്ക് ഭൂപ്രദേശത്തെ തൊഴില്‍നഷ്ടത്തിന്റെ 40% വരും.
പാക്കേജ് പ്രഖ്യാപിച്ചു, വിതരണം ചെയ്തില്ല
അന്താരാഷ്ട്ര തലത്തില്‍ ഉല്‍പ്പാദനമേഖല ആഗോളമൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 16% ത്തോളം വരും. അതുകൊണ്ടുതന്നെയാണ് ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളും ഉല്‍പ്പാദനമേഖലയെ പരിപോഷിപ്പിക്കുന്നതും. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇത്തരത്തിലുള്ള രണ്ട് പദ്ധതികളായിരുന്നു ‘മേക്ക് ഇന്‍ ഇന്ത്യ'യും (2015) ‘മെയ്ഡ് ഇന്‍ ചൈന'യും. മേക്ക് ഇന്‍ ഇന്ത്യയുടെ ആരംഭത്തിനുശേഷം 2014-2019 കാലഘട്ടത്തില്‍ 286 ബില്യന്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കുവാന്‍ കഴിഞ്ഞെങ്കില്‍ കോവിഡിന്റെ വരവോടെ ഇത് 5-15% വരെ കുറഞ്ഞു. പ്രധാനമായും ഇത് ബാധിച്ചത് ഇലക്ട്രോണിക്ക് മേഖലയെയാണ്. ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ നിര്‍മാണ ഫാക്ടറികള്‍ അടച്ചിട്ടതു കാരണം ഇവയുടെ വില വര്‍ദ്ധിക്കുകയും ഇത് ആഗോളതലത്തില്‍ ഉല്‍പാദനമേഖലയെ തളര്‍ത്തുകയും ചെയ്തു.
വന്‍ ഉപകരണങ്ങളുടെ ഇറക്കുമതി കുറയുകയോ ഇല്ലാതാകുകയോ ഉള്ള അവസ്ഥയും ഉല്‍പ്പാദനമേഖലയെയും കയറ്റുമതിയെയും ഒരുപോലെ വിപരീതമായി ബാധിക്കുന്നതില്‍ പങ്കുവഹിച്ചു. വളരെ ചെറുതും, ചെറുതും, ഇടത്തരം വലുതുമായി വ്യവസായികസംരംഭങ്ങളുടെ ഉത്തേജനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘ആത്മനിര്‍ഭര് ഭാരത്' പദ്ധതി പൊതുവില്‍ ഈ രംഗത്ത് ഊര്‍ജ്ജം പകരുന്നതില്‍ പരാജയപ്പെട്ടതും പ്രതിസന്ധിക്കു കാരണമായി. ഓട്ടോമൊബൈല്‍ രംഗത്ത് 20% ഉല്പാദനം കുറഞ്ഞു. മൂന്നരലക്ഷം ആളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ സമ്പദ്ഘടന 1990 കളിലെ തുറന്നിടല്‍ നയത്തിന്റെ മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടുന്നത്. 2021 സാമ്പത്തികവര്‍ഷത്തെ പുരോഗതി ഏറ്റവും മോശമാവുമെന്നാണ് ലോകബാങ്കിന്റെ സാമ്പത്തികവളര്‍ച്ചാ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിക്കുന്നത്. രാജ്യത്തെ സമ്പൂര്‍ണ അടച്ചിടല്‍ കാലത്ത് (ഏപ്രില്‍-മേയ്, 2020) ഇന്ത്യയ്ക്ക് പ്രതിദിനം 32,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ജൂണ്‍ അവസാനത്തോടുകൂടിയാണ് തൊഴില്‍മേഖല കുറയൊക്കെ സാധാരണനിലയിലേയ്ക്ക് തിരിച്ചുവന്നത്. എന്നാല്‍ 2021 ജനുവരിക്കുശേഷം വിവിധ സംസ്ഥാനങ്ങളിലെ അടച്ചിടല്‍, ഗതാഗത-വാണിജ്യ-ടൂറിസം മേഖലകളിലെ വിവിധ നിയന്ത്രണങ്ങള്‍ എന്നിവ സമ്പദ്ഘടനയെ വീണ്ടും ശ്വാസംമട്ടിക്കുന്ന നിലയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഏകദേശം 49.87 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുകള്‍ (മൊത്ത ദേശീയ ആഭ്യന്തര ഉല്പാദനത്തിന്റെ 15%) കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും 2020 ഡിസംബര്‍ വരെ ഇതില്‍ ഏകദേശം അഞ്ചിലൊന്നു മാത്രമേ വിതരണം ചെയ്യപ്പെടുകയോ, വിനിയോഗിക്കപ്പെടുകയോ ചെയ്തിട്ടുള്ളൂ.
അതിഥി സംസ്ഥാന തൊഴിലാളികളിലെ (ഇന്ത്യയില്‍ ഏകദേശം 40 ലക്ഷം) 85% പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് 2020 ലെ അടച്ചിടല്‍ മൂലമുണ്ടായതെങ്കില്‍ ഏകദേശം 65% പേരും കോവിഡിന്റെ രണ്ടാം വരവിലും തൊഴില്‍ നഷ്ടം നേരിടുന്നു. സാമൂഹിക അകലം പാലിച്ചുള്ള താമസ സൗകര്യങ്ങള്‍, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മ, സഞ്ചാര നിയന്ത്രണങ്ങള്‍ എന്നിവ തൊഴില്‍ നഷ്ടത്തിന് കാരണമായിട്ടുണ്ട്. ഇവര്‍ക്കു വേണ്ട സാമൂഹ്യസുരക്ഷ - സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഗവണ്‍മെന്റും ഒരുപോലെ പരാജയപ്പെട്ടു.
ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളുടെ പങ്ക്
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ തൊഴില്‍ദിനങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ ഗണ്യമായി പരാജയപ്പെട്ടു. (ലോക്ക്ഡൗണ്‍ പ്രധാന കാരണം) 2020 ജൂലൈ-ആഗസ്റ്റില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും 2021 മാര്‍ച്ച് വരെ നോക്കിയാല്‍ ലോക്ക്ഡൗണിനു മുന്‍പുള്ള അവസ്ഥയിലേയ്ക്കെത്തിയിട്ടില്ലെന്നു കാണാം. ഈ വര്‍ഷത്തെ ബജറ്റില്‍ (2020- 21) 73,000 കോടി രൂപ നീക്കിവെച്ചത് വകയിരുത്തിയ പരിഷ്‌കരിച്ച എസ്റ്റിമേറ്റിനേക്കാള്‍ 34% കുറവാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2020 ല്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

അതുപോലെ ഗ്രാമീണ സ്ത്രീ തൊഴിലുറപ്പുപദ്ധതിയിലും ചെറിയ പുരോഗതിയുണ്ടായതായി കാണാം. ഗ്രാമീണ സ്ത്രീകള്‍ തൊഴില്‍രംഗത്തേയ്ക്ക് കൂടുതല്‍ കടന്നുവന്നത് സാമ്പത്തികസ്ഥിതിയിലുണ്ടായ മാന്ദ്യത്തെയും കുടുംബവരുമാനത്തിലെ കുറവിന്റെയും പരിണിതഫലമായി കാണാം. തൊഴിലുറപ്പ് പദ്ധതികള്‍ ഒരു പരിധിവരെ തൊഴില്‍ ഉറപ്പു വരുത്തുകയും തൊഴില്‍മേഖലയെ തിരിച്ചു പിടിക്കുന്നതിനും സഹായിക്കുക മാത്രമല്ല, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തന്മൂലം സാമ്പത്തിക ഉത്തേജനത്തിനു സഹായിക്കുകയും ചെയ്യും. സംസ്ഥാന കേന്ദ്രതലത്തില്‍ കൂടുതല്‍ തൊഴിലുറപ്പു പദ്ധതികള്‍ മുന്നോട്ടു വെയ്ക്കേണ്ടതുണ്ട്.
തളരാതെ കാര്‍ഷികമേഖല
കോവിഡിന്റെ തിരിച്ചടിയില്‍നിന്ന് സമ്പദ്ഘടനയെ തിരിച്ചുപിടിക്കുന്നതിന് കാര്‍ഷികമേഖലയെ ഒരു പ്രധാന മാര്‍ഗമായി ലോകത്തെ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതര രംഗങ്ങളെ അപേക്ഷിച്ച് കാര്‍ഷികരംഗം മഹാമാരിക്കാലത്തും തളര്‍ച്ച കൂടാതെ പിടിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ലോകമെമ്പാടുമുള്ളത്. വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങിവന്ന തൊഴിലാളികള്‍ തദ്ദേശീയമായി കാര്‍ഷിക രംഗത്തിന് ഊര്‍ജ്ജം പകരുന്നതില്‍ തൊഴില്‍പരമായി പങ്കുവഹിച്ചിട്ടുണ്ട്. പി.എം കിസാൻ പദ്ധതിയിലൂടെ കൂടുതല്‍ പണം കൃഷിക്കാര്‍ക്ക് നേരിട്ടെത്തിക്കുന്നതിനുള്ള നടപടി ഊര്‍ജ്ജിതമാക്കണം.
കൂടാതെ പൊതുവിതരണ ശൃംഖലകളിലൂടെ പോഷക ഗുണമുള്ള ഭക്ഷണസാധനങ്ങള്‍, ബയോ ഫോര്‍ട്ടിഫൈഡ് ഫുഡ് എന്നിവയുടെ വിതരണത്തിലൂടെ ഭക്ഷ്യസുരക്ഷാ പദ്ധതി കാര്യക്ഷമമാക്കുകയും ചെയ്യണം. കൃഷി ചെയ്യുന്നത് ആധുനിക യന്ത്രവല്‍കൃത കൃഷിരീതികള്‍ നടപ്പാക്കുന്നതിനും കര്‍ഷകര്‍ക്കുവേണ്ട സഹായം ലഭ്യമാക്കേണ്ടതുണ്ട്. പ്രാദേശികമായി പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്യേണ്ട അവസ്ഥ അവസാനിപ്പിക്കേണ്ടതുണ്ട്. കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ സാമൂഹ്യ രൂപമായ ഉല്‍പാദക-കര്‍ഷക-സഹകരണസംഘങ്ങള്‍ മാത്രമാണ് കടക്കെണിയില്‍പ്പെടാതെ കാര്‍ഷികവൃത്തി ആധുനികവല്‍ക്കരിക്കാനുള്ള ഏകപോംവഴി.

സഹകരണാടിസ്ഥാനത്തില്‍ കര്‍ഷക കൂട്ടായ്മകൾ വികസിപ്പിക്കുകയും അഗ്രോ മെഷിനറികള്‍ ലഭ്യമാക്കി ഉല്‍പ്പന്ന സംസ്‌ക്കരണം, സംഭരണം, വിതരണം എന്നിവ ഈ കോപ്പറേറ്റീവുകളിലൂടെ സാധ്യമാക്കുകയും വേണം. പച്ചക്കറി- ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സംസ്‌ക്കരണത്തിനും വിപണനത്തിനും വനിതാ സഹകരണസംഘങ്ങള്‍ രൂപീകരിക്കുന്നതിലൂടെ കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനും ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് ഉത്തേജനം പകരുന്നതിനും കഴിയും. ഇത്തരം നയങ്ങളിലൂടെ കാര്‍ഷികരംഗത്തെ തികച്ചും ലാഭകരമാക്കുന്നതിനും, തന്മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ താങ്ങായി മാറ്റുന്നതിന് സാധിക്കുകയും ചെയ്യും.
കോവിഡ് പ്രതിരോധം പാളിയോ?
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകമാണ് വാക്സിനേഷന്‍. നൂറു കോടി ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാൻ 200 ഡോസ് വാക്സിന്‍ (കോവാക്സിന്‍, കോവിഷീല്‍ഡ്) ആവശ്യമുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് 35,000 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായും ഈ തുക ചെലവഴിച്ച് വാക്സിനേഷന്‍ ദൗത്യം കാര്യക്ഷമമാക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെ ഭാഗിക- സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും കേന്ദ്രതലത്തില്‍ കര്‍മ സമിതി രൂപീകരിക്കണം.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈവശം 2021 ഫെബ്രുവരിയിലെ കണക്കുപ്രകാരം 561 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം (243 ലക്ഷം അരിയും 318 ലക്ഷം ഗോതമ്പും) ഉണ്ട്. ഇത് നിലവില്‍ നിഷ്‌കര്‍ഷിക്കുന്ന ‘ബഫര്‍ സ്റ്റോക്കി' (Buffer Stock) നെക്കാളും അധികമാണ്. ‘ബഫര്‍ സ്റ്റോക്ക്’ ധാന്യങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാനുള്ളതാണ്. നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് 56 ലക്ഷം മെട്രിക് ടണ്‍ അരിയും 108 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും മാത്രമെ ‘ബഫര്‍ സ്റ്റോക്കാ'യി കരുതേണ്ടതുള്ളൂ. ഈ അധികഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ അടച്ചിടല്‍മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് നടപടികളുണ്ടാകണം. കഴിഞ്ഞ കോവിഡ് കാലത്ത് മാത്രമായി എഫ്.സി.ഐ. ഗോഡൗണില്‍ 1500 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേടുവന്നിരുന്നു. ഭക്ഷ്യധാന്യശേഖരണത്തിനുവേണ്ട ആധുനിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതുപോലെ രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും പ്രതിമാസം 7,500 രൂപ നല്‍കുന്നതിനുള്ള ഭരണപരമായ തീരുമാനവും ഉടന്‍ കൈക്കൊള്ളണം. വരുമാനമില്ലായ്മയും ഭക്ഷ്യധാന്യമില്ലായ്മയും പാവപ്പെട്ടവരില്‍ പോഷകാഹാരക്കുറവ്, ദാരിദ്ര്യജന്യരോഗങ്ങള്‍ എന്നിവയ്ക്കും കാരണമായേയ്ക്കാം.
കേന്ദ്രസർക്കാർ, ഒരു ചോദ്യചിഹ്നം
കോവിഡ്-19, 2020 ജനുവരിയില്‍ ഇന്ത്യയില്‍ കണ്ടുപിടിക്കപ്പെട്ടതിനുശേഷം ഏകദേശം 17 മാസം പിന്നിടുമ്പോള്‍ രണ്ടു ഘട്ടങ്ങളിലുമായി രാജ്യം നേരിട്ട വെല്ലുവിളികളെ കാര്യക്ഷമമായി പഠിക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞോയെന്നത് ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു. ഒന്നാം ഘട്ടം പിന്നിട്ടപ്പോള്‍ ഭരണ-പൊതുസമൂഹത്തിലുണ്ടായ മനോഭാവ വ്യതിയാനം രണ്ടാം ഘട്ടത്തില്‍ ഗുരുതര സ്ഥിതിവിശേഷത്തിലേയ്ക്ക് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. വാക്സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കുന്നതിലും ഓക്സിജന്‍, മരുന്നുകള്‍, തീവ്രപരിചരണവിഭാഗങ്ങള്‍, വെന്റിലേറ്ററുകള്‍ എന്നിവ വേണ്ടത്രയളവില്‍ സംഭരിക്കുന്നതിലും കരുതുന്നതിലും വീഴ്ചയുണ്ടായി.
കോവിഡ് പ്രതിരോധത്തിലെ പ്രധാന ന്യൂനത ആരോഗ്യവിദഗ്ദ്ധരും ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള വിടവാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പലപ്പോഴും പൊതുസ്വീകാര്യതയ്ക്കപ്പുറമാണെന്ന കാരണത്താല്‍ സര്‍ക്കാരുകള്‍ തള്ളിക്കളയുന്നതായും പിന്നീട് അവ നടപ്പിലാക്കേണ്ടതായും ഈ കോവിഡ് കാലത്ത് കാണുകയുണ്ടായി. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും വീഴ്ചയുണ്ടായി. മേഖലാതല സഹകരണം കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശക്തമാക്കേണ്ടിയിരിക്കുന്നു.
പ്രതിസന്ധി മറികടക്കുന്നതെങ്ങനെ?
ഗഹനമായ ധനകാര്യവിശകലനം നടത്തി മാത്രമേ കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ കഴിയൂ. പ്രത്യേക ധനകാര്യ കര്‍മ സമിതി രൂപീകരിക്കുകയും, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും വേണം. ഇവ നിരീക്ഷിക്കുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും കേന്ദ്രത്തില്‍ മന്ത്രിതല ഉപസമിതി രൂപീകരിക്കണം. അമേരിക്ക തടുങ്ങിയ രാജ്യങ്ങള്‍ അധിക കറന്‍സി അച്ചടിച്ചാണ് പ്രതിസന്ധി മറികടക്കുവാന്‍ ശ്രമിക്കുന്നത്. അമേരിക്ക ഇതുവരെ പുറത്തിറക്കിയ ഡോളറിന്റെ അഞ്ചിലൊന്ന് കോവിഡ് കാലഘട്ടത്തില്‍ പുറത്തിറക്കി. ഇത്തരം നയങ്ങള്‍ ഭാവിയില്‍ നാണയപ്പെരുപ്പം സൃഷ്ടിക്കുന്നതിന് കാരണമാകും. കാര്‍ഷികമേഖലയെ മൂല്യാധിഷ്ഠിത തൊഴില്‍ ജന്യമേഖലയാക്കി മാറ്റി ജനങ്ങളുടെ വിനിമയശേഷി വര്‍ദ്ധിപ്പിക്കാവും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്രമാതീതമായ വിലവര്‍ദ്ധന രാജ്യത്തെ വിലക്കയറ്റം, നാണയപ്പെരുപ്പം എന്നിവയ്ക്കു കാരണമാകാം. അതുകൊണ്ടുതന്നെ ഈ രംഗത്ത് പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഇന്ത്യയില്‍ 2019 ഡിസംബറില്‍ത്തന്നെ നാണയപ്പെരുപ്പത്തിന്റെ തോത് 6% നു മുകളിലെത്തിയിട്ടുണ്ട് (നിഷ്‌കര്‍ഷിക്കുന്ന പരിധിക്കു മുകളില്‍). നികുതി വര്‍ദ്ധനവ് രാജ്യത്തെ ഉപരിവര്‍ഗ്ഗത്തിനുമാത്രമായി നിജപ്പെടുത്തി വരുമാനസ്രോതസ് കണ്ടെത്താന്‍ കഴിയണം. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം കോവിഡ് പ്രതിരോധ നികുതിയെന്ന പേരില്‍ നികുതി ചുമത്താവുന്നതാണ്. പെട്രോളിയം, ടെലികോം മേഖലകളെ ദേശസാല്‍ക്കരിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും സാമ്പത്തികമേഖലയില്‍ പുത്തനുണര്‍വും സൃഷ്ടിക്കുവാന്‍ കഴിയും.
നമ്മുടെ രാജ്യം ഇന്നു ജീവിക്കുന്ന ജനതയുടെ ഓര്‍മ്മയില്‍ത്തന്നെയില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള അതിര്‍ത്തി എപ്പോഴാണില്ലാതാകുന്നതെന്നറിയാതെ ആശങ്കയില്‍ മുങ്ങിയ ദിനങ്ങളിലൂടെയാണ് ജനത മുന്നോട്ടു പോകുന്നത്. മഹാമാരിയുടെ വ്യാപനം തടയുകയും പരമാവധി ജീവഹാനി ഇല്ലാതാക്കുകയും വേണം. അതിനുവേണ്ട സാമ്പത്തികശേഷി ആര്‍ജ്ജിക്കേണ്ടതുണ്ട്. രാജ്യത്തെ ഭരണാധികാരികള്‍ ഉണര്‍ന്നു പരിശ്രമിക്കേണ്ട സമയമാണിത്. ഇവിടെ അലംഭാവമായിക്കൂടാ. ബഹുസ്വരതയും നാനാവര്‍ണ്ണങ്ങളിലുമധിഷ്ഠിതമായ ഭാരതസമൂഹം ജീവിതമുണ്ടെങ്കിലേ ബാക്കിയെന്തുമുള്ളൂവെന്നു തിരിച്ചറിയുന്ന സമയമാണിത്. ക്രിയാത്മകമായ, ദീര്‍ഘവീക്ഷണത്തോടുകൂടിയ നയങ്ങളും പരിപാടികളും മുന്നോട്ടുവെച്ച് രാജ്യത്തെ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് നമ്മുടെ ഭരണകര്‍ത്താക്കള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിക്കേണ്ടതുണ്ട്. നിസ്സഹായരായ ഒരു മഹാജനതയുടെ പ്രതീക്ഷ അതിലാണുതാനും.
Truecopy Webzine
Dec 11, 2021
2 minutes read
ഡോ. കെ.കെ. പുരുഷോത്തമന്‍
Oct 20, 2021
11 Minutes Read
കെ.വി. ദിവ്യശ്രീ
Oct 18, 2021
6 Minutes Read
ഡോ. സജി എം. കടവില്‍
Sep 01, 2021
10 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jul 01, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jun 01, 2021
6 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Apr 22, 2021
7 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read