truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
hijab - controversy

Minorities

ചിത്രീകരണം : ജാസില ലുലു

‘വസ്ത്രം നോക്കി' അവകാശങ്ങള്‍ നിഷേധിക്കുന്നത്​
മൗലികാവകാശലംഘനം കൂടിയാണ്​

‘വസ്ത്രം നോക്കി' അവകാശങ്ങള്‍ നിഷേധിക്കുന്നത്​ മൗലികാവകാശലംഘനം കൂടിയാണ്​

ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ മാര്‍ഗരേഖയാണ് ഭരണഘടന. ഭൂരിപക്ഷ സാംസ്‌കാരിക അധീശത്വത്തിന്റെ രാഷ്ട്രീയ ഉപാസകര്‍ക്ക് അത് ദഹിക്കുന്ന കാര്യമല്ല. വസ്ത്രം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന പ്രജാപതിയുടെ പാര്‍ട്ടിയ്ക്ക് അതു തീരെ മനസ്സിലാകില്ല. എന്നാല്‍ ഭരണഘടനാധാര്‍മികതയ്ക്ക് കാവലാളാകേണ്ട കോടതി അങ്ങനെയായിക്കൂടാ. വസ്ത്രം കണ്ട് മനുഷ്യരെ ‘തിരിച്ചറിഞ്ഞ്' അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നത് ഫാസിസമാണ്. അതു തുറന്നുപറയാന്‍ മടിക്കുന്നവര്‍ ഫാസിസത്തിനു ചൂട്ടുപിടിക്കുന്നവരാണ്

24 Jan 2023, 10:44 AM

പി.ബി. ജിജീഷ്

‘‘സാക്ഷി പറയുന്ന മനുഷ്യന്‍ കൈയില്‍ വാളേന്തിയിട്ടുണ്ടെങ്കില്‍, അയാളുടെയല്ല, വാളിന്റെ തെളിവുകളെയാണ് പരിഗണിക്കേണ്ടത്! സാമൂഹികക്രമം നിലനില്‍ക്കുന്നത് കൈയ്യൂക്കിലൂടെയാണ്. സമൂഹത്തിന്റെ മഹത്തായ അടിത്തറ അധികാരമാണെന്നു അംഗീകരിച്ചേ പറ്റൂ. അധികാരബലത്തിന്റെ നിര്‍വഹണമാണ് നീതി... ശക്തരെ നിരായുധീകരിച്ച്, ദുര്‍ബലനെ ആയുധമണിയിക്കുന്നത്, ഏത് സാമൂഹികക്രമത്തെ കാത്തുരക്ഷിക്കാനാണോ ഞാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത്, അതിനെ അട്ടിമറിക്കുന്നതാകും. സ്ഥാപിതമായ അനീതികള്‍ക്ക് അംഗീകാരം നല്‍കലാണ് നീതിന്യായം. നീതി, കീഴടക്കുന്നവരെയും അട്ടിമറി നടത്തുന്നവരെയും എതിരിടുന്നതു കണ്ടിട്ടുണ്ടോ? നിയമവിരുദ്ധമായ ഒരു ശക്തി ഉയര്‍ന്നുവരുമ്പോള്‍, നീതിവ്യവസ്ഥ അതിനെയൊന്നു അംഗീകരിക്കുകയേ വേണ്ടു, അതും നിയമപരമാകും''- നീതിന്യായ വ്യവസ്ഥയുടെ വര്‍ഗസ്വഭാവം ഖണ്ഡിതമായി അടയാളപ്പെടുത്തുന്ന അനറ്റലി ഫ്രാന്‍സിന്റെ ക്രാന്‍ക്യൂബീല്‍ എന്ന കഥയിലെ ന്യായാധിപന്റെ നിയമയുക്തിയാണിത്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

നാസിസം പിടിമുറുക്കിയ കാലഘട്ടത്തില്‍, ജര്‍മനിയിലെ രാഷ്ട്രീയമാറ്റത്തോട് അന്നാട്ടിലെ കോടതികള്‍ എങ്ങനെയാണ്പ്രതികരിച്ചതെന്നുമാത്രം നോക്കിയാല്‍ ക്രാന്‍ക്യൂബീലിലെ ന്യായാധിപയുക്തി നമുക്ക് ബോധ്യമാകും.

1930-ല്‍ ജര്‍മന്‍ പാര്‍ലമെൻറിന്​ തീയിട്ടശേഷം, വെയ്​മർ ഭരണഘടനയിലെ പല പ്രധാന ഭാഗങ്ങളും നാസികള്‍ റദ്ദുചെയ്തു. മാധ്യമസ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം അങ്ങനെ ഒരോന്നോരോന്നായി ഇല്ലാതാക്കി. ജൂതരില്‍ നിന്ന്​ പൗരാവകാശം കവര്‍ന്നെടുക്കുന്ന ഉത്തരവുകള്‍ ഒന്നിനുപിറകെ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ജര്‍മന്‍ ഭരണഘടനാ കോടതി അപകടകരമായ നിശബ്ദത പാലിച്ചു.

എല്ലാ നീചനിയമങ്ങള്‍ക്കും നിയമസാധുത ഉണ്ടാക്കിയെടുക്കണമെന്ന്​ നാസികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അഹോരാത്രം പണിയെടുത്തു, രാജ്യത്തെ അഭിഭാഷകര്‍.കോടതികള്‍ നാസികള്‍ക്കുവേണ്ടി സമര്‍ഥമായി നിയമവ്യാഖ്യാനങ്ങള്‍ ചമച്ചു. ഇന്ത്യയില്‍, അടിയന്തരാവസ്ഥക്കാലത്ത് പരമോന്നത നീതിപീഠം എങ്ങനെയാണ് നീതികേടിന് ചൂട്ടുപിടിച്ചത് എന്ന് നാം കണ്ടതാണ്.സമീപകാലത്ത് സുപ്രീംകോടതി ‘എക്‌സിക്യൂട്ടീവ് കോടതി' ആയി മാറുകയാണ് എന്ന് ഗൗതം ഭാട്ടിയയെപ്പോലെ നിരവധി നിയമവിചക്ഷണര്‍ എഴുതിയിട്ടുണ്ട്.

image
ജർമൻ പാർലമെന്റിന്റെ ഭാഗമായ റീച്ച്‌ സ്റ്റാഗ് കെട്ടിടത്തിലുണ്ടായ തീപിടുത്തം / Photo : Wikimedia Commons.

ഭൂരിപക്ഷബോധത്തിനൊപ്പം തന്നെയാണ് നമ്മുടെ കോടതികള്‍ പലപ്പോഴും നിലകൊള്ളുന്നത്. കൈയ്യൂക്കിന്റെ കളികള്‍ക്കൊപ്പം അധികാരികളും നീതിപീഠവും അണിനിരക്കുന്നത് ചരിത്രത്തില്‍ അപൂര്‍വതയല്ല! അവകാശനിഷേധങ്ങള്‍ക്ക്, അനീതികള്‍ക്ക്, ഭൂരിപക്ഷയുക്തിയ്ക്ക്, നിയമത്തിന്റെ അംഗീകാരം നല്‍കുന്ന ‘ചരിത്രപരമായ പാരമ്പര്യം’ കുടഞ്ഞുകളയാത്ത കോടതികള്‍ ഇപ്പോഴുമുണ്ടെന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണ് ചില കോടതിവിധികള്‍.

കര്‍ണാടകയില്‍, വസ്ത്രത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവകാശം നിഷേധിച്ച വിഷയത്തില്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഋതുരാജ് അശ്വതി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരുടെ ബഞ്ച് ഈയിടെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരെയൊക്കെ നിരാശരാക്കുന്നതാണ്. ഫലത്തില്‍, അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ് കോടതി. സാധാരണഗതിയില്‍ ഒരു ഇടക്കാല ഉത്തരവിറക്കുന്നതിന് കോടതികള്‍ സ്വീകരിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. അവയെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു.

മൂന്ന് കാര്യങ്ങളാണ് പൊതുവെ കോടതികള്‍ പരിഗണിക്കുക:

  • പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടെന്നു കാണിക്കാൻ വാദിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടോ? 

  • അനുയോജ്യത പരിശോധിക്കുമ്പോള്‍ ഏതു തീരുമാനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്?

  • ഇടക്കാല ഉത്തരവ് നല്കാതിരുന്നാല്‍ സങ്കടക്കാരന് അപരിഹാര്യമായ നഷ്ടം സംഭവിക്കുമോ?

Karnataka High court

ഇക്കാര്യങ്ങളിലേതു വച്ച് പരിശോധിച്ചാലും കര്‍ണാടക ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണ് എന്നുകാണാം. ഹിജാബ് ധരിച്ച പെൺകുട്ടികളെ വിദ്യാലയത്തില്‍ നിന്ന്​ വിലക്കിയതില്‍ മൗലികാവകാശലംഘനമുണ്ട് എന്ന ന്യായമായ തര്‍ക്കം ഉന്നയിച്ചിരുന്നു. ഹിജാബ് ധരിച്ചും പരീക്ഷ എഴുതുവാന്‍ കുട്ടികളെ അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവും ഹാജരാക്കിയിരുന്നു. കേരള ഹൈക്കോടതി വിധി കര്‍ണാടകത്തില്‍ ബാധകമല്ലെങ്കിലും അതിനൊരു പ്രേരകമൂല്യമുണ്ട്.

രണ്ടാമതായി, അനുയോജ്യതാ പരിശോധനയാണ്. ഒരു ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ സങ്കടക്കാര്‍ക്ക് എന്തെന്തു പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരിക, ഇടക്കാല ഉത്തരവുണ്ടായാല്‍ എതിര്‍കക്ഷിയെ അത് ഏതുരീതിയിലാണ് ബാധിക്കുക എന്നീ കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീര്‍പ്പിലെത്തണം. ഇവിടെ അത്തരമൊരു പരിശോധന കോടതി നടത്തിയതായി കാണുന്നില്ല. ഹര്‍ജിക്കാരായ പെണ്‍കുട്ടികള്‍ ഇത്രനാളും യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ച് ക്ലാസില്‍ വന്നിരുന്നവരാണ്. അധ്യയനവര്‍ഷം കഴിയാറായ സമയത്ത്, പരീക്ഷകള്‍ തൊട്ടടുത്ത് എത്തിനില്‍ക്കുമ്പോള്‍, പുതിയൊരു നിയന്ത്രണം കൊണ്ട്, ഹിജാബ് ഉപേക്ഷിക്കാതെ പഠിക്കാന്‍ കഴിയില്ല എന്ന് പറയുന്നതില്‍ അനീതിയുണ്ട് എന്നത് ന്യായമായ പരാതിയല്ലേ? അവര്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുന്നത് കോടതി കാണാതെ പോകുന്നതെന്താണ്? ഈ അധ്യയനവര്‍ഷം തീരുന്നതുവരെയെങ്കിലും അവര്‍ ഹിജാബ് ധരിക്കുന്നുവെങ്കില്‍ സ്റ്റേറ്റിന് അല്ലെങ്കില്‍ സ്‌കൂളിന് എന്തുനഷ്ടമാണ് സംഭവിക്കുക? 

hijab
കര്‍ണാടകത്തിലെ കോളേജുകളില്‍ ഹിജാബ് വിലക്കിനെതിരെ സംഘടിച്ച വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാവി ഷാള്‍ ധരിച്ചെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍

മൂന്നാമത്തെ പരിഗണനാവിഷയം ഇടക്കാല ഉത്തരവുണ്ടായില്ലെങ്കില്‍ അപരിഹാര്യമായ നഷ്ടം ഹര്‍ജിക്കാര്‍ക്ക് ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യമാണ്. കേസില്‍ തീരുമാനമാകുന്നതുവരെ ഒരു പ്രത്യേക വിഭാഗത്തോട് അവരുടെ മതപരമായ വിശ്വാസങ്ങള്‍ മാറ്റിവയ്ക്കണം അല്ലെങ്കില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടും എന്ന് പറയുന്നത് അവര്‍ക്ക് അപരിഹാര്യമായ നഷ്ടം ഉണ്ടാക്കുന്നതായി കണക്കാക്കേണ്ടതല്ലേ? അതേസമയം ഈ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചതുകൊണ്ട് എതിര്‍ഭാഗത്തിന് ഒരു നഷ്ടവും ഉണ്ടാകാന്‍ പോകുന്നുമില്ല. 

അന്തിമതീരുമാനം വരുന്നതുവരെ ഒരു മതചിഹ്നവും സ്‌കൂളുകളില്‍ അണിയേണ്ടതില്ല എന്ന ഉത്തരവിലൂടെ ഫലത്തില്‍ പൗരരുടെ  മൗലിക അവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് കോടതി. ഹിജാബും കാവിഷാളും ധരിക്കേണ്ടതില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇത് തുല്യതയെക്കുറിച്ചുള്ള ഒരു മിഥ്യാധാരണ സൃഷ്ടിക്കലാണ്. വിശ്വാസത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഒക്കെ ഭാഗമായി ഹിജാബ് ധരിച്ചു ശീലിച്ചുപോന്നിരുന്ന, ഇന്നലെവരെ അത് തുടര്‍ന്നിരുന്നവരോട് നാളെമുതല്‍ അത് പാടില്ല എന്ന് പറയുന്നതുപോലെയല്ല, ഹിജാബ് വിഷയം ഉയര്‍ന്നു വന്നപ്പോള്‍ അതിനെ വൈകാരിക-രാഷ്ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തി, കാവിഷാളിനൊപ്പം പരിഗണിക്കുന്നത്. ഇന്നലെവരെ ഉപയോഗിക്കുന്നില്ലായിരുന്ന ഷാള്‍ ഇനിയും ഉപയോഗിക്കുന്നില്ല എന്നുമാത്രമേ അതിനർഥമുള്ളൂ. മുസ്​ലിം പെണ്‍കുട്ടികളെ സംബന്ധിച്ച് അതങ്ങനെയല്ല.

justice chandru
ജസ്റ്റിസ് ചന്ദ്രു / Photo : sampspeak.in

യഥാതഥ സമത്വം (substantial equality) എന്ന സങ്കല്‍പത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് സ്പഷ്ടമാണ്. കാരണം ഈ ഉത്തരവ് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഉണ്ടാക്കുന്ന ഫലം വളരെ വ്യത്യസ്തമാണ്. ഒരു വിഭാഗത്തിന് മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുന്നുവെങ്കില്‍ മറുവിഭാഗത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നുമില്ല. കേവല സമത്വവാദം പരോക്ഷ വിവേചനം (indirect discrimination) സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിധി. ഇതിനോടുള്ള പ്രതികരണമായി ജസ്റ്റിസ് ചന്ദ്രുവിന്റെ പ്രതികരണം അനറ്റലി ഫ്രാന്‍സിന്റെ തന്നെ വാക്കുകളിലൂടെയായിരുന്നു: ‘‘നിയമം അതിന്റെ ഉജ്വലമായ സമത്വത്തിലൂടെ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും, പാലത്തിനടിയില്‍ അന്തിയുറങ്ങുന്നതില്‍ നിന്നും തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നതില്‍ നിന്നും അപ്പം മോഷ്ടിക്കുന്നതില്‍ നിന്നും ഒരുപോലെ വിലക്കുന്നു.''

ഹിജാബ് വിഷയത്തെ കേവലസമത്വത്തിന്റെയും മതവിശ്വാസത്തിന്റെയും മാത്രം പ്രശ്‌നമായി ചുരുക്കിക്കണ്ട ഹൈക്കോടതി, അനറ്റലിയുടെ നിരീക്ഷണത്തെ അന്വര്‍ഥമാക്കുകയാണ്. 

കേവലം മതവിശ്വാസത്തിന്റെ പ്രശ്‌നമല്ല

കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍, കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്ത വിഷയം കേവലം മതവിശ്വാസത്തിന്റെ പ്രശ്‌നമായി മാത്രം കാണുകയാണ്. അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവുമൊക്കെയായി ബന്ധപ്പെട്ട് കോടതിയില്‍ ഉന്നയിക്കപ്പെട്ട വാദങ്ങളൊന്നും ഉത്തരവിന്റെ ഭാഗമായിട്ടില്ല. ഹര്‍ജിക്കാരും ആദ്യമായി ഉന്നയിച്ചത് ഇസ്​ലാമിന്റെ അവശ്യ ആചാരങ്ങളില്‍ ഒന്നാണ് ഹിജാബ് എന്ന വാദം തന്നെയായിരുന്നു. അവശ്യ മതാചാരം ആണോ എന്ന പരിശോധനയിലേയ്ക്കാണ് വിവാദങ്ങള്‍ പോകുന്നത്. 

ghoonghat
രാജസ്ഥാനില്‍ ‘ഗൂംഘട്’ സമ്പ്രദായത്തിന്‍റെ ഭാഗമായി മുഖം മറച്ചിരിക്കുന്ന ഗ്രാമീണ സ്ത്രീ. / Photo : Flicker.com, Yogesh Vhora.

സ്ത്രീകളുടെ വസ്ത്രം എന്നും മതത്തിനും സ്റ്റേറ്റിനും സമൂഹത്തിനും ഒരു പ്രശ്‌നമായിരുന്നു. നമ്മുടെ നാട്ടില്‍ മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളു. അതേസമയം ബ്രാഹ്മണ സ്ത്രീകള്‍ക്ക് ദേഹം മുഴുവന്‍ മറയ്ക്കുന്ന ഘോഷ വേണമായിരുന്നു താനും. ഉത്തരേന്ത്യയിലെമ്പാടും ഇപ്പോഴും ‘ഗൂംഘട്’ എന്ന പേരില്‍ മുഖം മറയ്ക്കുന്ന സമ്പ്രദായം ഹൈന്ദവര്‍ക്കിടയിലുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ചരിത്രത്തില്‍ ലോകത്തിന്റെ വിവിധ സംസ്‌കൃതികളില്‍ ഈ പരമ്പര്യമുണ്ടായിരുന്നു. മെസപ്പെട്ടോമിയ, പേര്‍ഷ്യ, ബൈസന്റൈന്‍ സാമ്രാജ്യം തുടങ്ങി പല നാടുകളിലും. പഴയകാലത്ത് സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകള്‍ക്കുമാത്രമായിരുന്നു മാറുമറയ്ക്കാൻ അവകാശം. ദേഹമാകെ മറയ്ക്കുന്ന വേഷം ധരിക്കാനുള്ള അവകാശം ഉന്നതകുലജാതര്‍ക്കുമാത്രമായിരുന്നു. അറബ് നാടുകളിലും അങ്ങനെതന്നെ. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ് ഖുര്‍ആന്‍ മാറുമറയ്ക്കുന്ന വസ്ത്രം നിഷ്‌കര്‍ഷിക്കുന്നത്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ബാധകമാണ്. ഇതൊക്കെയിപ്പോള്‍ ഇസ്​ലാമിന്റെ അവശ്യ ആചാരമാണോ എന്നതില്‍ ഇസ്ലാമിക പണ്ഡിതര്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. അതുകൊണ്ട് അങ്ങനെ എളുപ്പത്തിലൊരു തീര്‍പ്പിലെത്താന്‍ കഴിയില്ല. ഏതെങ്കിലും ഒരു ആചാരം ഒരു മതത്തിന്റെ അവശ്യഘടകമാണോ എന്ന് പരിശോധിക്കേണ്ടത് ആ മതത്തില്‍പെട്ട ആളുകള്‍ തന്നെയാണ്. കോടതി അത് അന്വേഷിക്കേണ്ട കാര്യമില്ല. ഒരു വ്യക്തി ഇതാണ് തന്റെ ആത്മാര്‍ഥമായ വിശ്വാസം എന്നുപറഞ്ഞാല്‍ അത് അംഗീകരിക്കുക എന്നുമാത്രമേയുള്ളു. 

അവശ്യ- മതാചാരം

അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തില്‍ അന്തിമവിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികള്‍ക്കില്ല. ഈ ആചാരങ്ങള്‍ ഭരണഘടന അനുശാസിക്കുംവിധം ഒരു ജനാധിപത്യസമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികള്‍ ഏറ്റെടുക്കേണ്ട ദൗത്യം. 1954-ലെ ശിരൂര്‍ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതല്‍ 2017-ലെ മുത്തലാക്ക് (Shayara Bano v Union of India)  കേസിലും ശബരിമല (Indian Young Lawyers Association vs The State Of Kerala) കേസിലും വരെ നമ്മുടെ സുപ്രീംകോടതി  അവശ്യ- മതാചാര പരിശോധന നടത്തി. മതങ്ങളുമായി ബന്ധപ്പെട്ട മതേതരപ്രവര്‍ത്തനങ്ങള്‍ (ഭരണനിര്‍വഹണം പോലുള്ളവ) കോടതികള്‍ക്ക്  സാധാരണഗതിയില്‍ ഇടപെടാവുന്ന മേഖലയാണെന്നും എന്നാല്‍ വിശ്വാസസംബന്ധിയായ വ്യവഹാരങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്നുമായിരുന്നു തീരുമാനം. പക്ഷേ അതിന് പരിഗണനാവിഷയം മതത്തിന്റെ ‘അവശ്യ-ആചാര'മാണെന്നു തെളിയിക്കണം. പണ്ഡിതാഭിപ്രായങ്ങളും മതഗ്രന്ഥങ്ങളും പരിശോധിച്ച് ആത്മീയവിഷയങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്ന സാഹചര്യമുണ്ടായി. 

shayara banu
മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറാ ബാനു / Photo : Screenshot, Mint YouTube Channel.

ഭരണഘടനാ കോടതികള്‍ പൗരോഹിത്യ കോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികള്‍ തീര്‍പ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരികബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയില്‍ തീര്‍പ്പുകല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ കോടതികളുടെ പണി ഭരണഘടനാ കോടതികള്‍ എടുക്കേണ്ടതില്ല. എന്നാല്‍ ആചാരങ്ങള്‍ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25 (1) അനുശാസിക്കുംവിധമുള്ള ഇടപെടലുകലുണ്ടാവുകയും വേണം. ശബരിമല കേസില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. (നിയമതത്വം സമാനമായിരുന്നെങ്കിലും വീക്ഷണകോണുകളിലെ ഭിന്നതയാണ് ഇരുവരുടെയും നിഗമനങ്ങള്‍ രണ്ടുതരത്തിലാവാനുള്ള കാരണം.) 

എന്നാല്‍, മതവിശ്വാസവും ഭരണഘടനയും സംബന്ധിച്ച ശബരിമല കേസിലെ തീര്‍പ്പ് ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജിയുടെ ഫലമായി ഏഴംഗ വിശാല ബഞ്ചിനു വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴുചോദ്യങ്ങളാണ് പുനഃപരിശോധനാവേളയില്‍ സുപ്രീംകോടതി ഫ്രെയിം ചെയ്തത്. എല്ലാ കീഴ്​വഴക്കങ്ങള്‍ക്കും വിരുദ്ധമായി, കോടതിവിധിയില്‍ പ്രത്യക്ഷത്തില്‍ യാതൊരു തെറ്റും ചൂണ്ടിക്കാണിക്കാന്‍ കഴിയാതിരുന്നിട്ടും, വിചിത്ര നടപടികളിലൂടെ ചില സാങ്കല്‍പ്പികചോദ്യങ്ങള്‍ക്കൊപ്പം ടാഗ് ചെയ്തു പുനഃപരിശോധന അനുവദിക്കുകയായിരുന്നു കോടതി. അതായത് അവശ്യ മതാചാരങ്ങളെ സംബന്ധിച്ചും അനുച്ഛേദം 25 (1)-ലെ  ‘ധാര്‍മികത' എന്ന പ്രയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും (അത് ഭരണഘടനാ ധാര്‍മികതയെയാണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാട്. ക്രോഡീകരിക്കാത്ത വ്യക്തിനിയമങ്ങള്‍ മൗലികാവകാശവുമായി തുലനം ചെയ്തു നോക്കേണ്ടതില്ലെന്ന നരസു അപ്പ മൗലി വിധിയും പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയില്‍ രേഖപ്പെടുത്തിയിരുന്നു.) ഒക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് പരിശോധിക്കാനുള്ള ഏഴംഗ ബെഞ്ച് ഉടന്‍ രൂപീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. അക്കാര്യത്തില്‍ തീര്‍പ്പുണ്ടാകാതെ കര്‍ണാടക ഹൈക്കോടതിയ്ക്ക് ഈ വിഷയത്തില്‍ ഒരു അന്തിമവിധി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

അതായത്, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞതുപോലെ വളരെ വേഗം തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്ന ഒരു വിഷയമല്ല ഇത്. തീര്‍പ്പുണ്ടാകുന്നതുവരെ മൗലികാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഈ ഉത്തരവ് നിലനിന്നേക്കാം. അംന ബിന്ദ് ബഷീര്‍ കേസിലും (Amnah Bint Basheer vs Central Board Of Secondary Education on 23 July, 2015) നതര്‍ഷ റഹീം കേസിലും (Natharsha Rahim vs Central Board Of Secondary Education, 2014) കേരള ഹൈക്കോടതിയും ബിജോയ് ഇമ്മാനുവല്‍ കേസില്‍ (Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986) സുപ്രീംകോടതിയും വിധിപറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്നെന്ന് സാരം. 

ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്‌നമായി ചുരുക്കിക്കാണുമ്പോള്‍ ഈ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മള്‍ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിര്‍ണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം ഇവിടെ റദ്ദു ചെയ്തിരിക്കുകയാണ്. വിദ്യാര്‍ഥികളുടേത് ആ അര്‍ഥത്തില്‍ ഒരു സ്വാതന്ത്ര്യപോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോള്‍ അത് അവരുടെ സ്വാതന്ത്ര്യനിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്​ലാമിന്റെ അവശ്യ- ആചാരമാണ് എന്ന് കോടതി കണ്ടെത്തിയാല്‍  ഈ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല ഉണ്ടാവുന്നത്, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ്. അത് പിന്തിരിപ്പനായ ഒരു നിയമവഴിയാണ്. അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമപോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആണ്‍കോയ്മാ വ്യവസ്ഥിതിയുടെ, പാരതന്ത്ര്യത്തിന്റെ, നിയമയുക്തിയാക്കുന്നത് ജനാധിപത്യ രാജ്യത്തെ ഭരണഘടനാ കോടതികള്‍ക്ക് യോജിച്ചതല്ല. ഹൈക്കോടതിയുടെ  ഉത്തരവില്‍ ഈ വിഷയത്തിന്റെ മറ്റുവശങ്ങള്‍ കൂടി പരാമര്‍ശവിഷയം ആകേണ്ടിയിരുന്നു.

എന്താണ്​ അഭിപ്രായസ്വാതന്ത്ര്യം? 

അഭിപ്രായസ്വാതന്ത്ര്യം കേവലം വര്‍ത്തമാനം പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല, എല്ലാതരത്തിലുള്ള ആശയപ്രകാശനങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. വസ്ത്രധാരണവും ഒരുതരത്തിലുള്ള ആശയപ്രകാശനമാണ്. സ്വയം നെയ്‌തെടുത്ത ഖദര്‍ വസ്ത്രം മാത്രം അണിഞ്ഞ ഗാന്ധിയും കോട്ട് ധരിച്ച അംബേദ്കറും അവരുടെ വസ്ത്രധാരണരീതിയിലൂടെ ചില ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കണ്ണുകെട്ടി, കറുത്തതുണി കൈയില്‍ ചുറ്റി, കാവിഷാള്‍ കഴുത്തിലിട്ട് ഒക്കെ പ്രതിഷേധിക്കുന്നവരുടെ വസ്ത്രങ്ങള്‍ ഓരോ നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. അതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍ ഇത് അനുവദനീയമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒരു മതാചാരമെന്ന നിലയില്‍ അത് അനുവദനീയമാണെന്ന കേരള ഹൈക്കോടതി ഉത്തരവ് നമുക്കറിയാം, എന്നാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന നിലയില്‍ അതിനെ നാം എങ്ങനെയാണ് മനസിലാക്കുക? ജനാധിപത്യലോകം അതിനെയെങ്ങനെയാണ് കാണുന്നത്?

john and sister
സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയ കറുത്ത ആംബാന്‍ഡുകളുമായി ജോണ്‍ എഫ് ടിങ്കറും സഹോദരി മേരി ബേത്തും. / Photo : johnftinkerfoundation.org

1969-ലെ  അമേരിക്കന്‍ സുപ്രീംകോടതിയുടെ ഡേ മൊയിന്‍ വിധി പ്രസിദ്ധമാണ് (Tinker v Des Moines Independent School District). 1965-ലാണ് സംഭവം. വിയറ്റ്‌നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡേ മൊയ്‌നിലെ ഹൈസ്‌കൂളില്‍ ഹര്‍ജിക്കാരനായ ജോണ്‍ എഫ്. ടിങ്കര്‍ ഉള്‍പ്പെടെയുള്ള ഏതാനും വിദ്യാര്‍ഥികള്‍ അമേരിക്കന്‍ ഗവണ്മെൻറിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഡിസംബര്‍ 16-ന് കറുത്ത കൈപ്പട്ടയണിഞ്ഞ് സ്‌കൂളിലെത്താൻ തീരുമാനിച്ചു. ഡിസംബര്‍ 14-ന് സ്‌കൂള്‍ അധികൃതര്‍ ഒരു തീരുമാനമെടുത്തു- യൂണിഫോമിന് പുറമെ കറുത്ത ആം ബാന്‍ഡ് ധരിച്ചുവരുന്ന വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാല്‍, ഈ കുട്ടികള്‍ അതു ലംഘിച്ചു. അധികൃതര്‍ അവരെ സസ്പെന്‍ഡ് ചെയ്തു. 

വിദ്യാര്‍ഥികള്‍ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയര്‍ത്തിപ്പിടിച്ച്​ കോടതി പരാതി തള്ളി. കോര്‍ട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാല്‍ ആം ബാന്‍ഡുകള്‍ ധരിച്ചാല്‍ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാന്‍ഡ് ധരിക്കുന്നത് അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. ‘‘അസ്വാസ്ഥ്യം ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയില്‍, ഒന്നാം ഭേദഗതി ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.''  എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ‘‘അഭിപ്രായവ്യത്യാസങ്ങളും ഭൂരിപക്ഷബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യമുണ്ടാക്കിയേക്കാം, എന്നാല്‍ അത്തരം വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി. അധ്യാപകരോ വിദ്യാര്‍ഥികളോ അവരുടെ അഭിപ്രായസ്വാതന്ത്ര്യം സ്‌കൂള്‍ ഗേറ്റിനു പുറത്തുവച്ചിട്ട് വരണമെന്നുപറയാനാകില്ല. ഈ കുട്ടികള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരില്‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുവാന്‍ നമ്മുടെ ഭരണഘടന അധികൃതര്‍ക്ക് അധികാരം നല്‍കുന്നില്ല’’- സുപ്രീംകോടതി പ്രസ്താവിച്ചു.

puttaswami
സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയ കറുത്ത ആംബാന്‍ഡുകളുമായി ജോണ്‍ എഫ് ടിങ്കറും സഹോദരി മേരി ബേത്തും. / Photo : johnftinkerfoundation.org

ഇന്ത്യന്‍ സുപ്രീംകോടതിയും വസ്ത്രധാരണം  ഭരണഘടനയുടെ അനുഛേദം 19 (1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എന്‍.എല്‍.എസ്.എ. കേസില്‍ (National Legal Services Authority of India (NALSA)  vs Union of India)  ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം അംഗീകരിച്ച്​ ‘ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാനാവില്ല' എന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ എഴുതി.  

സ്വകാര്യതാ കേസില്‍ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെക്കുറിച്ചും സ്വയംനിര്‍ണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമവിചാരങ്ങള്‍ക്ക് വഴിതുറന്നിട്ടിരുന്നു. ഈ വിധി കൂടി പിന്‍പറ്റിയാണ് ഐ.പി.സി. 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിങ് ജോഹര്‍ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നത്. 

മനഃസാക്ഷിക്കുള്ള അവകാശം

വസ്ത്രധാരണത്തിനുള്ള അവകാശം അനുച്ഛേദം 25 (1) അനുസരിച്ച് മതസ്വാതന്ത്ര്യത്തിനുമാത്രമുള്ള അവകാശമല്ല, സ്വന്തം മനഃസാക്ഷിക്കനുസരിച്ചു ജീവിക്കാനുളള അവകാശം കൂടിയാണ്. അനുച്ഛേദം 25 (1) ആരംഭിക്കുന്നത് ‘മനഃസാക്ഷിക്കുള്ള അവകാശം' എന്ന വാക്കില്‍ നിന്നാണ്, അതിനുശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്. മതവിശ്വാസത്തെക്കാളും ആഴമേറിയ, വിസ്തൃതമായ അര്‍ഥങ്ങളുള്ള വാക്കാണ് മനഃസ്സാക്ഷി. പൊതുസമാധാനത്തിനും ആരോഗ്യത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമാകാത്തിടത്തോളം കാലം സ്വന്തം മനഃസാക്ഷിക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന പൗരര്‍ക്കു നല്‍കുന്നത്. അത് രാഷ്ട്രീയനിലപാടുകളാകാം, സാംസ്‌കാരികബോധ്യങ്ങളാകാം, മറ്റു വിശ്വാസങ്ങളാകാം, അവിശ്വാസമാകാം, അങ്ങനെ എന്തുമാകാം. കേവലം മതവിശ്വാസത്തിനുവേണ്ടി മാത്രമല്ല, മറ്റേതൊരു നിലപാടിനെയും സംബന്ധിച്ച ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 19 പൗരന് നല്‍കുന്നുണ്ട്. ഡേ മൊയ്ന്‍ കേസില്‍ അമേരിക്കന്‍ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചത് ടിങ്കറുടെ വിശ്വാസത്തിനുള്ള അവകാശമല്ല, മറിച്ച് ഒരു രാഷ്ട്രീയനിലപാട് സ്വീകരിക്കാനുള്ള അവകാശമാണ്. മതാചാരമായതുകൊണ്ട് മാത്രമല്ല വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികള്‍ ഉപയോഗപ്പെടുത്താന്‍ നമ്മുടെ കുട്ടികള്‍ക്കും കഴിയണം. മനഃസ്സാക്ഷിയുടെ അവകാശത്തെക്കുറിച്ചുള്ള വിശദമായ നിയമവിചാരങ്ങള്‍ തീര്‍ച്ചയായും അത്തരത്തിലൊരു നിഗമനത്തിലേയ്ക്ക് ഇന്ത്യന്‍ കോടതികളെയും നയിക്കും.

യഥാതഥ സമത്വം

എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകള്‍ക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവര്‍ണനെയും അവര്‍ണനെയും ഒരേ തുലാസില്‍ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പുനല്‍കുന്ന അനുച്ഛേദം 14-നുകീഴെ അതിനുപൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടത്തുവാനുള്ള അധികാരം ഗവണ്‍മെന്റിന് നല്‍കിയിരിക്കുന്നത്. 

indian army women officers
കരസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്റ് കമീഷന്‍ ലഭിക്കാന്‍, ചെറു പ്രായത്തില്‍ പുരുഷന്‍മാര്‍ അഭിമുഖീകരിച്ച അതേ ഫിസിക്കല്‍ ടെസ്റ്റുകള്‍ തന്നെ നാല്‍പതിനോടടുത്ത സ്ത്രീകളും നേരിടണമെന്ന വ്യവസ്ഥക്കെതിരെ അവര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതി വിധി സ്ത്രീകള്‍ക്ക് അനുകൂലമായിരുന്നു.. / Photo : /Twitter/ADG PI - Indian Army

ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങള്‍ എപ്പോഴും ഭൂരിപക്ഷസമൂഹത്തിന്റെ സാംസ്‌കാരികയുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താല്‍പര്യങ്ങളും പലപ്പോഴും അതിനുപിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജനിര്‍മിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നുവരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനുച്ഛേദം 14 ഉറപ്പുനല്‍കുന്ന സമത്വത്തിന്റെ ലംഘനമാണ്. 

ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചതിനു സമാനമായ തരത്തില്‍ സിഖ് പെണ്‍കുട്ടികള്‍ക്ക് ‘കര' (മതാചാരപ്രകാരമുള്ള ലോഹവള) ധരിച്ച്​ സ്‌കൂളില്‍ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍ ഇംഗ്ലീഷ് ഹൈക്കോടതി ശക്തമായ ഇടപെടലിലൂടെ ആ അവകാശം ഉയര്‍ത്തിപ്പിടിച്ചിരുന്നു. (Sarika Angel Walkins vs The Governing Body of Aberdeen Girls High School). മറ്റൊന്ന് ദക്ഷിണാഫ്രിക്കന്‍ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള  (KwaZulu-Natal and Others v Navaneetham Pillay- 2007)) കേസ്​ വിധിയാണ്. കര്‍ണാടക ഹൈക്കോടതിയില്‍ ഈ കേസ് അഡ്വ. കമ്മത്ത് ഉദ്ധരിച്ചിരുന്നു. യൂണിഫോമിനൊപ്പം ഹിന്ദു സംസ്‌കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാന്‍ അനുവദിക്കാതിരുന്നതാണ് കേസിനാധാരമായ സംഭവം. ദക്ഷിണാഫ്രിക്കന്‍ ഭരണഘടനാകോടതി അധികൃതരുടെ നടപടി റദ്ദാക്കി. മുക്കൂത്തി ഇടാന്‍ അനുവദിക്കാത്തത് സാംസ്‌കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷവിവേചനമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ഇന്ത്യന്‍ കോടതിയിലും പരോക്ഷവിവേചനം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിങ് ജോഹര്‍ കേസില്‍ സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍വത്കരിക്കുന്ന ഐ.പി.സി. സെക്ഷന്‍ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷവിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമ വൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത്, 2021-ലെ സ്ത്രീസൈനികര്‍ക്ക് പെര്‍മനൻറ്​ കമീഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലാണ്.
2020-ല്‍ സുപ്രീംകോടതി, കരസേനയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനൻറ്​ കമീഷന്‍ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defense v Babita Puniya). ഇതനുസരിച്ച് പെര്‍മനൻറ്​ കമീഷന്‍ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കല്‍, ഫിസിക്കല്‍ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തില്‍ പുരുഷന്മാര്‍ അഭിമുഖീകരിച്ച അതേ ടെസ്റ്റുകള്‍ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകള്‍ക്കും നല്‍കിയത്. ഇതിനെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India). ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകള്‍ക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകള്‍ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാല്‍, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷവിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കന്‍, കനേഡിയന്‍ സുപ്രീംകോടതിയുടെ വിധികളെ മുന്‍നിര്‍ത്തി ഇന്ത്യയിലും പരോക്ഷവിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്‌കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തില്‍ ബാധിക്കുന്നുണ്ടോ? അതവര്‍ക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂല ഫലം ഉണ്ടെന്നു സ്ഥാപിക്കാന്‍ സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. Hijab

റെയില്‍വേയിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കേസിലെ ഡല്‍ഹി ഹൈക്കോടതിവിധിയും പരോക്ഷവിവേചനത്തെ സംബന്ധിക്കുന്നതാണ് (Madhu vs Northern Railway). ഒരു ജീവനക്കാരന്‍ ഭാര്യയെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആശ്രിതപ്പട്ടികയില്‍ നിന്ന്​ ഒഴിവാക്കിയതിനെത്തുടര്‍ന്ന് അവര്‍ക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. അധികവും ജോലിക്ക് പോകുന്നത് പുരുഷന്മാരാണ്. സ്ത്രീകള്‍ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തില്‍, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയില്‍ നിന്ന്​ അവരെ നീക്കംചെയ്യാന്‍ കഴിയുമെന്നുവന്നാല്‍, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക.  ‘‘ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗര്‍ഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന അനീതിയാണ്’’- ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേല്‍പ്പറഞ്ഞ കോടതിവിധികള്‍ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഇപ്പോഴേ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന മുസ്​ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം നയവും ഭരണഘടന വിഭാവനംചെയ്യുന്ന യഥാതഥ സമത്വസങ്കല്‍പത്തിന് വിരുദ്ധമാണ്. 

സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും 

2016-ലെ ബീഹാറിലെ മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസിനും (Confederation of Indian Alcoholic Beverage Companies v State of Bihar -2016) 2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന  സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിനുപുറമെ അതിനോടൊപ്പം ധരിച്ചുപോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്. ജീവിക്കാനുള്ള അവകാശമെന്നാല്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരില്‍ വഴിയില്‍ തടയുന്നതും, മാറ്റാന്‍ നിര്‍ബന്ധിക്കുന്നതും, സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.

സംസ്‌കാര സംരക്ഷണത്തിനുള്ള അവകാശം 

ഭരണഘടനയുടെ അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ  ഭാഗമാണ്. താന്‍ ജനിച്ചുവളര്‍ന്ന സാംസ്‌കാരികപശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്. 

hijab protest - hcu
ഹിജാബ് നിരോധനത്തിനെതിരെ ഫ്രെട്ടേണിറ്റി മൂവ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധം. / Photo : Fb Page, Fraternity Movement.

യൂണിഫോം എന്ന പേരില്‍ ഇത്രനാളും ഇല്ലാതിരുന്ന ഒരു നിയന്ത്രണം കൊണ്ടുവരികയും അതുവഴി ഒരു പ്രത്യേക വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളെ സ്‌കൂളിനുപുറത്താക്കുകയും ചെയ്യുന്നത് അന്യായമാണ് എന്നുമനസിലാക്കാന്‍ വലിയ നിയമജ്ഞരാകുകയൊന്നും വേണ്ട. വളരെ സ്പഷ്ടമാണ് കാര്യങ്ങള്‍. ഒരു മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാര്‍ഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആ പ്രവര്‍ത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാന്‍ ഇല്ലതാനും. ഭരണഘടനയുടെ അനുച്ഛേദം 21 (സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത), അനുച്ഛേദം 19 (1) (അഭിപ്രായ സ്വാതന്ത്ര്യം), അനുച്ഛേദം 25 (മനഃസാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം), അനുച്ഛേദം 29 (തനത് സംസ്‌കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം), അനുച്ഛേദം 14 (യഥാതഥ സമത്വം- പരോക്ഷവിവേചനം) എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. ജനാധിപത്യമൂല്യങ്ങളുടെ പരിപൂര്‍ണ നിരാസമാണത്. ഈ അവകാശങ്ങളും സ്വാതന്ത്ര്യവുമൊന്നുമില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ അര്‍ഥമെന്താണ്?

ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമല്ല

ഒരു ജനാധിപത്യസമൂഹത്തില്‍, മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്ര ദീര്‍ഘമായി ഉപന്യസിക്കേണ്ടിവരുന്നുവെന്നത് ദുഃഖകരമാണ്. പക്ഷേ, അംബേദ്കര്‍ പറഞ്ഞതുപോലെ ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമൊന്നുമല്ല! ‘അതിന്റെ വേരുകള്‍ പാര്‍ലമെന്റോ ഗവണ്മെന്റോ അല്ല. പ്രഥമികമായി ഒരു സംഘടിതജീവിതരീതിയാണത്. സമൂഹമെന്ന നിലയില്‍ ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരുടെ സാമൂഹികബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകള്‍ നമ്മള്‍ തേടേണ്ടത്' - അദ്ദേഹമെഴുതി.
സ്വാതന്ത്ര്യത്തിനൊപ്പം സമത്വവും സാഹോദര്യവും സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്. അതു സാര്‍ഥകമാകണമെങ്കില്‍ ഭരണഘടനാധാര്‍മികതയും ജനാധിപത്യപരമായ പൊതുമനഃസാക്ഷിയും സാമൂഹികഘടനയുടെ ഭാഗമാകേണ്ടതുണ്ട്. വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും അംഗീകരിക്കേണ്ടതുണ്ട്. അപരരെ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രതിസ്വരങ്ങളെ മാനിക്കാത്ത ഭൂരിപക്ഷത്തിന്റെ മൃഗീയാധിപത്യമല്ല ജനാധിപത്യം. 

ambedkar
ഡോ. ബി. ആർ. അംബേദ്കർ

പാശ്ചാത്യ ജനാധിപത്യസംവിധാനങ്ങളില്‍ നിന്ന്​ വ്യത്യസ്തമായ ഒരു ജനാധിപത്യ ദര്‍ശനം ഇന്ത്യയിലുണ്ട്. നെഹ്രുവിയന്‍ കാല്പനികസങ്കല്‍പലോകമല്ല ഇന്ത്യന്‍ സാമൂഹികയാഥാര്‍ഥ്യം എന്നു തിരിച്ചറിഞ്ഞിരുന്ന അംബേദ്കര്‍ മുന്നോട്ടുവെച്ച സിദ്ധാന്തമാണത്. ‘രക്തച്ചൊരിച്ചിലുകളില്ലാതെ, ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക ജീവിതങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കുന്നതിനുള്ള ഭരണവ്യവസ്ഥിതിയാണ് ജനാധിപത്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്ത്യന്‍ ഭരണഘടനയില്‍ അന്തര്‍ലീനമായ അടിസ്ഥാനദര്‍ശനവും അതുതന്നെയാണെന്ന് കാണാം. 

ശബരിമല വിധിയില്‍, ഡോ. അംബേദ്കറെ വായിച്ചുകൊണ്ട്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം വിശദീകരിക്കുന്നുണ്ട്: ‘മൗലിക ശരികള്‍ (അവകാശങ്ങള്‍) കൊണ്ട് മൗലികമായ തെറ്റുകള്‍ തിരുത്താനുള്ള സമരം കൂടി നമ്മുടെ ഭരണഘടനാരൂപീകരണത്തിന് പിന്നിലുണ്ട്. ഒരു സമത്വാധിഷ്ഠിത സാമൂഹികക്രമം സൃഷ്ടിച്ചു പരിപാലിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് നയിക്കുന്ന സാമൂഹികമാറ്റത്തിനുള്ള അടിസ്ഥാന രേഖയാണ് ഭരണഘടന. അന്തസ്സുറ്റ ജീവിതത്തിന്റെ പ്രാഥമികഘടകങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന മനുഷ്യരുടെ ഉത്കടമായ അഭിലാഷത്തെയാണ് ഭരണഘടന പ്രതിനിധാനം ചെയ്യുന്നത്’- വിധിയുടെ 74-ാം ഖണ്ഡികയില്‍ അദ്ദേഹം രേഖപ്പെടുത്തി.

ചുരുക്കത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ മാര്‍ഗരേഖയാണ് ഭരണഘടന. ഭൂരിപക്ഷ സാംസ്‌കാരിക അധീശത്വത്തിന്റെ രാഷ്ട്രീയ ഉപാസകര്‍ക്ക് അത് ദഹിക്കുന്ന കാര്യമല്ല. വസ്ത്രം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന പ്രജാപതിയുടെ പാര്‍ട്ടിയ്ക്ക് അതു തീരെ മനസ്സിലാകില്ല. എന്നാല്‍ ഭരണഘടനാധാര്‍മികതയ്ക്ക് കാവലാളാകേണ്ട കോടതി അങ്ങനെയായിക്കൂടാ. വസ്ത്രം കണ്ട് മനുഷ്യരെ ‘തിരിച്ചറിഞ്ഞ്' അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നത് ഫാസിസമാണ്. അതു തുറന്നുപറയാന്‍ മടിക്കുന്നവര്‍ ഫാസിസത്തിനു ചൂട്ടുപിടിക്കുന്നവരാണ്. 

  • Tags
  • #Hijab row
  • #Karnataka High Court
  • # Justice Ritu Raj Awasthi
  • #Justice K. Chandru
  • #Shayara Banu
  • #Supreme Court
  • #Ambedkar
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Nehru

Constitution of India

എം. കുഞ്ഞാമൻ

ഭരണഘടന വിമർശിക്കപ്പെടണം, ​​​​​​​എന്നാൽ നിഷേധിക്കപ്പെടരുത്​

Jan 26, 2023

10 Minutes Read

k kannan

UNMASKING

കെ. കണ്ണന്‍

പരിസ്ഥിതിയെ ചൂണ്ടി മനുഷ്യരെ ശത്രുക്കളാക്കുന്ന നിയമവും നടത്തിപ്പും

Dec 21, 2022

5 Minutes Watch

bhimrao-ramji-ambedkar

Constitution of India

പി.ബി. ജിജീഷ്

ഭരണഘടനാ ദിനം ചരിത്രത്തെ ഓർത്തെടുക്കാനുള്ളതാണ്

Nov 26, 2022

20 Minutes Read

supreme-court-verdict

Caste Reservation

പി.ബി. ജിജീഷ്

ഈ വിധി ഇല്ലാതാക്കുന്നത് ജാതിയല്ല നീതിയാണ്‌

Nov 09, 2022

18 Minutes Read

 banner_30.jpg

Digital Surveillance

പി.ബി. ജിജീഷ്

ആധാര്‍- വോട്ടര്‍ പട്ടിക ബാന്ധവം ആപത്ത്

Aug 30, 2022

9 Minutes Read

supreme court

Law

പി.ബി. ജിജീഷ്

ഭരണഘടനാകോടതി, 'ഭരണകൂടകോടതി' ആയി മാറുന്നുവോ?

Aug 08, 2022

18 Minutes Read

sachithanandan

POLITICS AND AUTHOR

Truecopy Webzine

കക്ഷികളിലും ഗ്രൂപ്പുകളിലും കൂടി മാത്രം എല്ലാം വിലയിരുത്തുന്നതാണ് നമ്മുടെ വിദ്വേഷനിര്‍ഭരമായ ഭൂരിപക്ഷസമൂഹം

Jul 02, 2022

1.6 minutes Read

 1x1_16.jpg

Environment

അലി ഹൈദര്‍

എന്‍ഡോസള്‍ഫാന്‍: നിയമം കൊണ്ടൊരു പോരാട്ടം, വിജയം

May 31, 2022

20 Minutes Read

Next Article

പുതിയ സിനിമയെടുക്കാൻ പഴഞ്ചൻ പഠനം മതിയോ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster