കേന്ദ്രത്തിന്റെ രാഷ്ട്രീയലക്ഷ്യം
നിറവേറ്റുന്ന ഗവർണർമാർ
കേന്ദ്രത്തിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റുന്ന ഗവർണർമാർ
പൂര്‍ണമായും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രം ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. ബി.ജെ.പി ഇതര രാഷ്ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ ഗവര്‍ണര്‍മാര്‍ അവിടുത്തെ സര്‍ക്കാറുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതും ഇപ്പോള്‍ നാം കാണുന്നു. പശ്ചിമബംഗാളും മഹാരാഷ്ട്രയും തമിഴ്‌നാടും ഇപ്പോള്‍ കേരളവുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.
11 Jan 2023, 12:46 PM
നിലവിലെ ഇന്ത്യന്‍ സാഹചര്യത്തിൽ, ഗവര്‍ണര്‍ ഒരു സ്വതന്ത്ര പ്രാതിനിധ്യമല്ല. ഓരോ സംസ്ഥാനങ്ങളിലുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധികളായാണ് ഗവര്‍ണര്‍മാര്‍ ആക്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാറിന് താത്പര്യമുള്ള, അവരുടെ രാഷ്ട്രീയ പ്രതിനിധികളെയാണ് ഓരോ സംസ്ഥാനങ്ങളിലും ഇതിനായി ഗവര്‍ണര്‍മാരായി നിയമിക്കുന്നത്. ഭരണഘടനാവിഭാവന പ്രകാരം, കക്ഷിരാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്നെല്ലാം മാറി, ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങളെ ഭരണഘടനാപരമായി നോക്കിക്കാണേണ്ട ചുമതലയുള്ള ആളുകളാണ് ഗവര്‍ണര്‍മാര്‍. എന്നാല്‍ അതില്‍ നിന്ന് വിപരീതമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍. പൂര്‍ണമായും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രം ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. ബി.ജെ.പി ഇതര രാഷ്ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ ഗവര്‍ണര്‍മാര്‍ അവിടുത്തെ സര്‍ക്കാറുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതും ഇപ്പോള്‍ നാം കാണുന്നു. പശ്ചിമബംഗാളും മഹാരാഷ്ട്രയും തമിഴ്‌നാടും ഇപ്പോള്‍ കേരളവുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് സവിശേഷമായ യാതൊരു അധികാരവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അധികാരങ്ങളെല്ലാം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളിലാണ്. അധികാരം സര്‍ക്കാറിന്റേതായിരിക്കുമ്പോഴും ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് ഉറപ്പുവരുത്തേണ്ട കടമയാണ് ഗവര്‍ണര്‍ക്കുള്ളത്. അല്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ളത് സര്‍ക്കാറിനാണ്, ഗവര്‍ണര്‍ക്കല്ല. ഏതെങ്കിലും ഒരു പുതിയ നിയമം, ഭരണപരിഷ്‌കാരം, പദ്ധതി, തീരുമാനങ്ങള്‍ എന്നിവയെല്ലാം നടപ്പാക്കപ്പെടുന്നത് ഏത് മന്ത്രിസഭയുടെ കാലത്ത് എന്ന നിലക്കല്ലേ വിലയിരുത്തപ്പെടാറുള്ളൂ, ഗവര്‍ണര്‍ക്ക് അതിന്‍മേലൊന്നും സവിശേഷമായ യാതൊരു റോളും ഇല്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 355 അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണം ഭരണഘടനാപരമായി തന്നെയാണ് മുന്നോട്ടുപോകുന്നത് എന്നുറപ്പ് വരുത്താനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. സുപ്രീംകോടതിയുടെ പ്രധാനപ്പെട്ട പല വിധിന്യായങ്ങളും ഇത് ഉറപ്പിച്ച് പറയുന്നുമുണ്ട്. അതുപ്രകാരം സംസ്ഥാന ഭരണങ്ങളില്‍ മേല്‍നോട്ടം വഹിക്കാനും ഭരണഘടനാപരമായ ശുപാര്‍ശകള്‍ സര്‍ക്കാറുകള്‍ക്ക് നല്‍കാനും, കേന്ദ്രത്തില്‍ പ്രസിഡണ്ട് എന്നതുപോലുള്ള ഒരു പദവി മാത്രമാണ് ഗവര്‍ണര്‍മാര്‍. അതുകൊണ്ട് തന്നെ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, കേന്ദ്രത്തിലെ ഭരണകക്ഷികളല്ലാത്ത മറ്റുള്ളവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഗവര്‍ണര്‍മാര്‍ സൃഷ്ടിക്കുന്ന ഇത്തരം തടസ്സങ്ങളെ രാഷ്ട്രീയപ്രേരിതമായി മാത്രം വിലയിരുത്തേണ്ടി വരും.
ഓര്‍ഡിനന്‍സ് ഒരു നിത്യസംഭവമായി മാറുന്നതില്‍ ഭരണഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഭരണഘടനയില്‍ ഓര്‍ഡിനന്‍സ് എന്ന ഒരു സാധ്യത നിലനിര്‍ത്തിയിരിക്കുന്നത് അടിയന്തര ഘട്ടങ്ങളില്‍ പ്രയോഗിക്കാന്‍ വേണ്ടിയാണ്. സഭ ചേരാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍, പെട്ടന്നുള്ള നിയമനിര്‍മാണം ആവശ്യമായി വരുമ്പോഴാണ് സര്‍ക്കാറുകള്‍ ആ സാധ്യത വിനിയോഗിക്കേണ്ടത്. അല്ലാത്തപക്ഷം നിയമിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്തവും അധികാരവും നിയമസഭയ്ക്കാണ്. എന്നാല്‍, ഇന്നിപ്പോള്‍ പല സംസ്ഥാനങ്ങളും നിയമസഭയില്‍ ബില്ലുകള്‍ കൊണ്ടുവരാതെ തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകള്‍ ഇറക്കുകയാണ്.
ഒരു പുതിയ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച്, അതിന്‍മേല്‍ ചര്‍ച്ച നടന്നശേഷം അത് പാസ്സാക്കിയെടുക്കുന്ന രീതി ഇന്നിപ്പോള്‍ അപൂര്‍വമാണ്. ഇത് ഭരണഘടനാപരമായി ശരിയായ കാര്യമല്ല. പല നിയമങ്ങളിലും ബില്‍ പാസ്സാക്കാതെ ഓര്‍ഡിനന്‍സ് ഇറക്കി അതിന്റെ കാലാവധി കഴിയുമ്പോള്‍ വീണ്ടും പുതുക്കി എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്ന ഒരു രീതിയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അറിയാതെ, നിയമസഭ അറിയാതെ നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ ഉദ്യോഗസ്ഥ അധികാരങ്ങളിലൂടെ മാത്രം നിലനില്‍ക്കുകയാണിവിടെ. ഇത് ഭരണഘടനയുടെ ലംഘനം മാത്രമല്ല, ഭരണഘടനയെ ഉപയോഗിച്ചുകൊണ്ടുള്ള കൃത്രിമത്വം കൂടിയാണ്. ഒരു ഓര്‍ഡിനന്‍സ് ഇറങ്ങിയാല്‍ പിന്നീട് ചേരുന്ന നിയമസഭയില്‍ അവ ബില്ലായി കൊണ്ടുവന്ന് നിയമമായി പാസാക്കിയെടുക്കണം എന്നാണ്. എന്നാല്‍ അവയൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.

2017 ല്‍ കൃഷ്ണകുമാര്‍ സിങ് vs സ്റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസില്‍ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരടങ്ങുന്ന ഒരു ഭരണഘടനാ ബെഞ്ച് വളരെ ശക്തമായും വ്യക്തമായും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. അതായത്, ഒരു വിഷയത്തില്‍ ഒരു തവണയില്‍ കൂടുതല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരരുതെന്നും ഓര്‍ഡിനന്‍സ് പുതുക്കുക എന്നത് ഭരണഘടനാവിരുദ്ധമാണെന്നും, അത് ചെയ്യാന്‍ പാടില്ല എന്നും അറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിന്യായമാണ് ഈ രാജ്യത്തെ നിയമം. അത് പാലിക്കാതിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. ഉദ്യോഗസ്ഥ നേതൃത്വം ഇക്കാര്യത്തില്‍ ഗൗരവമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.
ഒരു സംസ്ഥാനത്തെ ഗവണ്‍മെന്റും ഭരണഘടനാവിരുദ്ധമായ നടപടി സ്വീകരിക്കാന്‍ പാടില്ല. പിന്നെന്തിനാണ് നിയമസഭ. ഉദ്യോഗസ്ഥരും ക്യാബിനറ്റും ചേര്‍ന്ന് നിയമമുണ്ടാക്കുന്നിടത്ത് നിയമസഭ ആവശ്യമില്ലല്ലോ. ഉദ്യോഗസ്ഥരുടെ ഭരണം വേണ്ട എന്ന് കോടതി തന്നെയാണ് പറഞ്ഞത്. നിയമ നിര്‍മാണം എന്നത് കേവലം ഒരു കത്ത് തയ്യാറാക്കുന്നതുപോലെയല്ലല്ലോ, നമ്മുടെ സമൂഹത്തെ, ജനജീവിതത്തെ എല്ലാം ബാധിക്കുന്ന കാര്യങ്ങളല്ലേ നിയമങ്ങള്‍. ഓര്‍ഡിനന്‍സുകള്‍ എന്തുകൊണ്ട് നിയമസഭയിലെത്തുന്നില്ല എന്ന ഗൗരവതരമായ ചോദ്യം ഉയരേണ്ടതുണ്ട്.
(ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 90ൽ പ്രസിദ്ധീകരിച്ച ‘രണ്ട് ചോദ്യങ്ങൾ’ എന്ന കോളത്തിന്റെ എഡിറ്റഡ് വേർഷൻ)
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
അഡ്വ. പി.എം. ആതിര
Jan 26, 2023
22 Minutes Watch
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
ബിനോയ് വിശ്വം
Nov 24, 2022
5 Minutes Watch
Truecopy Webzine
Nov 24, 2022
3 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read