ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ
അച്ചുതണ്ടു സ്ഥാനത്തുനിന്ന്
കോണ്‍ഗ്രസ് മാറിയതെപ്പോള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടു സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് മാറിയതെപ്പോള്‍
ഇലക്ഷന് രാമരാജ്യ ഓഫര്‍, പ്രചാരണത്തിന്റെ ഫ്‌ളാഗോഫ് അയോധ്യയില്‍ നിന്ന്. ഇതാണ് കോണ്‍ഗ്രസ് വീണ പടുകുഴി. കാരണം, ഇവിടെവെച്ച് ആര്‍.എസ്.എസിന്റെ അജണ്ട രാഷ്ട്രീയശരിയായി സ്ഥാപിച്ചുകിട്ടുകയായിരുന്നു. ലെജിറ്റമസി കിട്ടിയതോടെ അവര്‍ സ്പീഡു കൂട്ടി- രഥയാത്രയൊക്കെ കൊണ്ടുവരുന്നു.
13 Mar 2022, 12:29 PM
കെ.കണ്ണന്‍ : അതിശക്തമായ ഒരു നെഹ്റൂവിയന്‍ ഓറയുടെ അന്തരീക്ഷമുണ്ടായിരുന്ന കാലമായിരുന്നു അത് എന്ന് കേട്ടിട്ടുണ്ട്, മുഖ്യധാരാ രാഷ്ട്രീയത്തില്‍ മാത്രമല്ല, മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമേലും. ആ ഒരു ഇന്‍ഫ്ളൂവന്‍സിന്റെ കെണികളെക്കുറിച്ചുള്ള കഥകള്‍, പിന്നീടുള്ള തലമുറയില്‍നിന്ന് പറഞ്ഞുകേട്ടിരിക്കുമല്ലോ?
വിജു വി. നായർ: പലവഴിക്കും ഡല്‍ഹി ഒരു കെണി തന്നെയാണ്. അധികാരമുള്ളവനും ഇല്ലാത്തവനും. ഇല്ലാത്തവന്‍ അധികാരികളുടെ കെണിയില്‍ ശാശ്വതമായി കഴിയും, മറ്റവനോ? അധികാരം ഒരുക്കുന്ന കെണികളില്‍ ഉഴറിനടക്കും. കിട്ടിയ അധികാരവും കിട്ടാന്‍ കൊതിക്കുന്ന അധികാരവുമുണ്ട്. സദാ കൊതി ബാക്കിനിര്‍ത്തുന്നഅധികാരവുമുണ്ട്. അടങ്ങാത്ത പ്രലോഭനവും ഒടുങ്ങാത്ത ലഹരിയുമാണത്.
ചുമ്മാതാണോ നമ്മള്‍ മണ്ടത്തരത്തിന്റെ മെറ്റഫറാക്കിയ തുഗ്ലക്ക് ഇറങ്ങിയോടിയത്? ചരിത്രബോധമുള്ള ഏതോ കാണിപ്പയ്യൂര് കാതിലോതിയത്രേ, യമുനാതടത്തില്‍ സിംഹാസനം വാഴില്ലെന്ന്. പറഞ്ഞുകേട്ട കഥയിലൊന്നാണ്; ഒന്നോര്‍ത്താല്‍ സംഗതി നേരല്ലേ? ഇന്ദ്രപ്രസ്ഥം തൊട്ട് മുഗള്‍ ചരിത്രം വരെ ഈ ശാപം കിടന്നുകളിക്കുകയല്ലേ? കല്‍ക്കട്ടയില്‍ വല്യ തട്ടുകേടില്ലാതെ കഴിഞ്ഞുപോന്ന ബ്രിട്ടീഷുകാര്‍ക്ക് ആപ്പായില്ലേ ഡല്‍ഹിക്കുള്ള മാറ്റം? ഇനി 47നു ശേഷമോ? പാടുപെട്ട് ഒഴിപ്പിച്ച കസേര ജവഹര്‍ലാല്‍ നെഹ്‌റു മരണംവരെ കാത്തു. പക്ഷേ മോള്, അവരുടെ രണ്ടു സന്താനങ്ങള്‍... പ്രത്യക്ഷ ദുരന്തങ്ങളായില്ലേ? നടപ്പുദുരന്തം ദാ ചുറ്റിത്തിരിയുന്നു- രാഹുല്‍. ഇതൊക്കെ കേട്ടാല്‍ മൊഹമ്മദ് ബിന്‍ അല്ല ഏതു തുഗ്ലക്കായാലും ഹെഡാപ്പീസ് മാറ്റിപ്പോവും. മണ്ടനായതുകൊണ്ടല്ല, അങ്ങനെയായിപ്പോയി യമുനാതടത്തില്‍ അധികാരത്തിന്റെ ചരിത്രഗതി.
സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ മൂവ്മെന്റിന് ഭരണംവരെ സാധ്യമാക്കാനായത് എണ്‍പതുകളിലാണ്. മൊറാര്‍ജിയേക്കാള്‍ വി.പി. സിങ്ങായിരുന്നു, രാഷ്ട്രീയ ചരിത്രത്തിലെ മൈല്‍ സ്റ്റോണ്‍ എന്നുതോന്നിയിട്ടുണ്ട്, ഒരുപക്ഷെ ജെ.പിയേക്കാളുമേറെ.
കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ചലനം നേരത്തെയുണ്ട്. പ്രശ്നം, കോണ്‍ഗ്രസിസം എന്നു പറയാവുന്ന ഒരു രാഷ്ട്രീയമാണ്. അത് പൊതുവില്‍ എല്ലാ കക്ഷികളെയും കലശലായി ബാധിച്ചിരുന്നു. 1950നുശേഷം പല സംസ്ഥാനങ്ങളിലും ജെ.പിയുടെ സ്ഥാനം ഒരാനമയിലൊട്ടകമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ തൊട്ട് ജനസംഘക്കാര്‍ വരെയുണ്ട്. പ്രത്യയശാസ്ത്രപരമായി മാത്രമല്ല വ്യക്തിപരമായിപ്പോലും യാതൊരു ചേര്‍ച്ചയുമില്ലാത്തവരെ ഏച്ചുവെച്ചാല്‍ എന്താ ഫലം? മുഴച്ചുപൊട്ടി. ഇന്ദിര വേഗം തിരിച്ചുവന്നു. പക്ഷെ കാതലായ ഒരുമാറ്റം സംഭവിച്ചുകഴിഞ്ഞിരുന്നു- ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടു സ്ഥാനത്തുനിന്ന് കോണ്‍ഗ്രസിസം മാറി. പകരം വയ്ക്കാന്‍ പെട്ടെന്ന് ഒന്നുമുണ്ടായില്ല. കാരണം ഈ പായില്‍ കിടന്നു പെഴച്ചവരാണല്ലോ സകലരും. അങ്ങനെ അച്ചുതണ്ടുസ്ഥാനത്തൊരു വാക്വം വന്നു. എഴുപതുകളുടെ അവസാനം തൊട്ട് മൂന്ന് പതിറ്റാണ്ടില്‍ അതങ്ങനെ തന്നെ കടന്നു. ഒഴിവു നികത്താന്‍ പല ശ്രമങ്ങളുമുണ്ടായി. റാഡിക്കലായ ചലനങ്ങള്‍ രണ്ടു ഭാഗത്തുനിന്നാണുണ്ടായത്. ഒന്ന് വി.പി സിങ്. മറ്റേത്, ആര്‍.എസ്.എസ്. ഈ രണ്ടു ചലനങ്ങളും ഡയമെട്രിക്കലി ഓപ്പസിറ്റായ രണ്ടു രാഷ്ട്രീയങ്ങളാണ്. അവ ഇന്ത്യന്‍ രാഷ്ട്രീയത്തിന് കാമ്പുള്ള ഒരു ബൈനറി സൃഷ്ടിച്ചുതന്നു. കോണ്‍ഗ്രസിന്റെ എതിരാളികള്‍ ഭരണം പിടിച്ചിട്ടുണ്ട്. അപ്പോഴും രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് കോണ്‍ഗ്രസായിരുന്നു. മറ്റുള്ളവര്‍ ഒന്നുകില്‍ അനുകൂലികള്‍, അല്ലെങ്കില്‍ എതിരാളികള്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നീക്കുപോക്കുകളെ ചുറ്റിപ്പറ്റിയുള്ള ചലനങ്ങള്‍ മാത്രമാണ് മറ്റുള്ളവരും നടത്തിയിരുന്നത്. അങ്ങനെയല്ലാത്ത ഒരു പ്രമുഖ ചലനമുണ്ടാകുന്നത് ജെ.പി. വഴിയാണ്- ലോക് സംഘര്‍ഷ് പ്രസ്ഥാനവും നവനിര്‍മാണ്‍ മൂവ്മെന്റും. അതിന് ലോഹ്യ തിസീസ് തൊട്ട് ഇന്ദിരാഭരണം വരെ പല പ്രേരകങ്ങളുണ്ട്. അടിസ്ഥാനപരമായി ഒരു സിമ്പിള്‍ പോയന്റിലാണ് അതിന്റെ ഉയിര്. ചില തെക്കന്‍ ദേശങ്ങളിലൊഴിച്ച് ഇന്ത്യയിലൊരിടത്തും സാധാരണ പൗരന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. അവന്‍/അവള്‍ വെറും വോട്ടര്‍ മാത്രമായിരുന്നു. പോളിങ് ദിവസം മാത്രം കറവയുള്ള കന്നാലി. അങ്ങനെയാണ് കോണ്‍ഗ്രസിസത്തില്‍ പൗരന്റെ സ്ഥാനം. അതിനെതിരായ ആദ്യത്തെ ദേശീയ ചലനമായിരുന്നു ജെ.പിയുടേത്. സ്വഭാവികമായും വോട്ടറുടെ രാഷ്ട്രീയവല്‍ക്കരണത്തെ, അതുകൊണ്ട് ചേതമുള്ളവര്‍ പേടിക്കും. ആ പേടിയുടെ റിയാക്ഷനായിരുന്നു അടിയന്തരാവസ്ഥ.
ആര്‍.എസ്.എസിന്റെ "നിക്കര്‍ വളണ്ടിയറിസ'ത്തിനകത്ത് പൊതിഞ്ഞുവച്ചിരുന്ന "പൊളിറ്റിക്കല്‍ വളണ്ടിയറിസം' പ്രായപൂര്‍ത്തിയാകുകയും ഉദ്ധാരണശേഷി നേടുകയും ചെയ്ത കാലം കൂടിയാണല്ലോ അത്.
ആര്‍.എസ്.എസിന്റെ നീക്കം നേരത്തേയുള്ളതാണ്. മെജോറിറ്റേറിയന്‍ സ്റ്റേറ്റ്. അവരുടെ അവതാരോദ്ദേശ്യം തന്നെ അതാണല്ലോ. ബ്രിട്ടീഷുകാര്‍ പോയ ഉടനേ പക്ഷെ, പത്തി താഴ്‌ത്തേണ്ടിവന്നു. കാരണം ഗാന്ധി വധം. പിന്നെ ഓരോരോ മുഖംമൂടിയിട്ടുനോക്കി. ജനസംഘമുണ്ടാക്കി, ക്ലച്ചു പിടിച്ചില്ല. ആറ്റുനോറ്റിരിക്കുമ്പോള്‍ ജെ.പിയുടെ മൂവ്‌മെന്റ് വന്നു, അടിയന്തരാവസ്ഥയും. മുഖ്യധാരയിലെ കോണ്‍ഗ്രസിസമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ പൊതുവില്‍ ഒഴിപ്പിച്ചുനിര്‍ത്തിയിരുന്നത്. ആ അച്ചുതണ്ട് പോയി, ശൂന്യത വന്നപ്പോള്‍ ആര്‍.എസ്.എസ് നീക്കങ്ങള്‍ ഉഷാറാക്കി. മുഖംമൂടി കളഞ്ഞ് ബി.ജെ.പിയുണ്ടാക്കുന്നു. വി.എച്ച്.പി വഴി അനക്കം വയ്പിച്ചിരുന്ന ഗോവധവും അയോധ്യയും ചൂടാക്കുന്നു. ഇന്ദിര പോയി, ഡൈയിംഗ് ഇന്‍ ഹാര്‍നെസില്‍ മകന്‍ വന്നതോടെ ആര്‍.എസ്.എസ് ഗിയറുമാറ്റി. കമ്പ്യൂട്ടര്‍യുഗവും യുവത്വത്തിന്റെ കുതിപ്പുമൊക്കെ പറഞ്ഞിറങ്ങിയ രാജീവ് റോക്കറ്റ് വേഗത്തില്‍ ആ ചിരപുരാതന കെണിയിലായി- വര്‍ഗീയ രാഷ്ട്രീയം. ഷാബാനു കേസ് പ്രശ്‌നത്തില്‍ മുസ്‌ലിംകളെ സുഖിപ്പിക്കാന്‍ പോയി. ബാലന്‍സ് ചെയ്യാന്‍ അയോധ്യയില്‍ ശിലാന്യാസപൂജ.
ചടങ്ങിലേക്ക് മന്ത്രി ബൂട്ടാസിംഗിനെ സ്വന്തം പ്രതിനിധിയായി വിടുന്നു. അതുകഴിഞ്ഞ് ഇലക്ഷന് രാമരാജ്യ ഓഫര്‍, പ്രചാരണത്തിന്റെ ഫ്‌ളാഗോഫ് അയോധ്യയില്‍ നിന്ന്. ഇതാണ് കോണ്‍ഗ്രസ് വീണ പടുകുഴി. കാരണം, ഇവിടെവെച്ച് ആര്‍.എസ്.എസിന്റെ അജണ്ട രാഷ്ട്രീയശരിയായി സ്ഥാപിച്ചുകിട്ടുകയായിരുന്നു. ലെജിറ്റമസി കിട്ടിയതോടെ അവര്‍ സ്പീഡു കൂട്ടി- രഥയാത്രയൊക്കെ കൊണ്ടുവരുന്നു. വി.പി. സിങ്ങിന്റെ ചലനത്തെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
അഭിമുഖത്തിന്‍റെ പൂർണ രൂപം ട്രൂകോപ്പി വെബ്സീനില്‍ വായിക്കാം
എ ജേണലിസ്റ്റ് ഇന്‍എഡിറ്റഡ് | വിജു വി. നായര്‍ / കെ. കണ്ണന്‍
മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സിവില്‍ സമൂഹം കടന്നുപോന്ന പാരഡൈം ഫിഷ്റ്റുകള്‍ രേഖപ്പെടുത്തുകയാണ്, അവയ്ക്ക് സാക്ഷിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിജു വി. നായരുമായുള്ള ഈ സംഭാഷണം.
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
പി.ബി. ജിജീഷ്
Mar 25, 2023
4 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read