രതിയുടെയും കാമത്തിന്റെയും ഇന്ത്യ

പ്രാചീന ഇന്ത്യക്കാരെല്ലാം ആത്മീയ വാദികളാണെന്നും അവർ നിഷ്കാമ കർമികളായ തപസ്വികളാണെന്നുമുള്ള പൗരസ്ത്യവാദ കേന്ദ്രിതമായ ആശയാവലികളെ സ്വാംശീകരിച്ചിട്ട് കൂടിയാണ് നവ ബ്രാഹ്മണ്യ വാദികളായ ഹിന്ദുത്വർ ഇപ്പോൾ പുതിയ കലാപം അഴിച്ചു വിടാൻ ശ്രമിക്കുന്നത്. ഇന്ത്യൻ പാരമ്പര്യം കേവലം ആത്മീയവും ഭൗതിക ബന്ധങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട സംശുദ്ധമായ ഒന്നാണെന്ന ചരിത്ര വിരുദ്ധമായ ധാരണകളാണ് ഇത്തരം കലാപബാധിതമായ വാദങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്നത്.

ത്താൻ ചിത്രത്തെ ചൊല്ലിയുള്ള വിവാദം കേവലം കാവി നിറത്തിലുള്ള വസ്ത്രത്തിൽ മാത്രം കേന്ദ്രീകരിച്ച് രൂപപ്പെട്ട് വന്ന ഒന്നല്ല. മറിച്ച്, സദാചാര ഒളിഞ്ഞുനോട്ട സംസ്കാരത്തിന്റെ തീവ്രഗതികളും അതിൽ അന്തർലീനമായിരിക്കുന്നുണ്ട്. ഈ സദാചാര ബോധമാണ് കാവി നിറത്തിലുള്ള ബിക്കിനിയിലേക്കും അവിടുന്നങ്ങോട്ടുള്ള സദാചാര ചർച്ചകളിലേക്കും നീണ്ടു പോകുന്നത്. പ്രാചീന ഇന്ത്യക്കാരെല്ലാം ആത്മീയ വാദികളാണെന്നും അവർ നിഷ്കാമ കർമികളായ തപസ്വികളാണെന്നുമുള്ള പൗരസ്ത്യവാദ കേന്ദ്രിതമായ ആശയാവലികളെ സ്വാംശീകരിച്ചിട്ട് കൂടിയാണ് നവ ബ്രാഹ്മണ്യ വാദികളായ ഹിന്ദുത്വർ ഇപ്പോൾ പുതിയ കലാപം അഴിച്ചു വിടാൻ ശ്രമിക്കുന്നത്. ഇന്ത്യൻ പാരമ്പര്യം കേവലം ആത്മീയവും ഭൗതിക ബന്ധങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട സംശുദ്ധമായ ഒന്നാണെന്ന ചരിത്ര വിരുദ്ധമായ ധാരണകളാണ് ഇത്തരം കലാപബാധിതമായ വാദങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഇന്ത്യൻ പാരമ്പര്യമെന്നത് മോക്ഷ ചിന്തകളിൽ മാത്രം കേന്ദ്രീകരിച്ച ഒന്നായിരുന്നില്ലെന്നും ആത്മീയ ചിന്തകൾക്കുപരിയായി ഭൗതിക ജീവിതാസ്പദങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന ഒരു ബൃഹദ് പാരമ്പര്യം ഇന്ത്യയിൽ ശക്തമായിരുന്നു എന്ന ചരിത്ര യാഥാർഥ്യത്തെ തമസ്കരിക്കാനാണ് സദാചാര വാദികളും ഹിന്ദുത്വബ്രാഹ്മണ്യ യാഥാസ്ഥിതിക വലതുപക്ഷവും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഭക്തി സാഹിത്യത്തിൽ പോലും രതിയും കാമവും ആഴത്തിൽ വേരുകൾ പടർത്തിയിരുന്നു. ജയദേവരുടെ ഗീതഗോവിന്ദം തന്നെ ഇതിന്റെ
ഉത്തമോദാഹരണമാണ്. രാധാകൃഷ്ണന്മാരുടെ രതി മേളനങ്ങൾ "പച്ചയായി' ആവിഷ്കരിക്കുന്ന ഈ കൃതിയെ നിത്യ ചൈതന്യയതി വിമർശിക്കുന്നുമുണ്ട്. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിൽ ഗോദാവരി നദീതടത്തിൽ അരങ്ങേറുന്ന സീതാരാമന്മാരുടെ പ്രണയവും രതിയും കാമ വേഴ്ചകളും മനോഹരമായ കാവ്യരൂപത്തിൽ സംസ്കൃതത്തിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്. മഹാകവി കാളിദാസന്റെ പ്രസിദ്ധ കാവ്യമായ കുമാര സംഭവത്തിൽ പാർവതിയുടെ തപസ് വർണിക്കുമ്പോൾ മഴത്തുള്ളി പാർവതിയുടെ ശരീരത്തിലൂടെ ഊർന്നിറങ്ങുന്നതിന്റെ വിശദ വർണന കാണാം. ഇതിൽ തന്നെ പാർവതി പരമേശ്വരന്മാരുടെ രതിക്രീഡകൾ വിപുലമായി വർണിക്കുന്നുമുണ്ട്. സംസ്കൃത സാഹിത്യ സൈദ്ധാന്തികനായ ആനന്ദവർധനാചാര്യർ അദ്ദേഹത്തിന്റെ ധ്വന്യാ ലോകം എന്ന കൃതിയിൽ ജഗത്പിതാക്കളായ പാർവതി പരമേശ്വരന്മാരുടെ രതിക്രീഡാ വർണനം അല്പം കടന്നു പോയില്ലേ എന്ന് ആശങ്ക രേഖപ്പെടുത്തുക പോലും ചെയ്യുന്നുണ്ട്.

ആനന്ദവർധനന്റെ ധ്വന്യാലോകത്തിൽ ഉത്തമ ലക്ഷണം തികഞ്ഞ സാഹിത്യത്തിന്റെ ഉദാഹരണമായി അവതരിപ്പിക്കുന്ന ശ്ലോകങ്ങളിൽ ഭൂരിഭാഗവും രത്യാത്മകതയും കാമവേഴ്ചകളും രതിസല്ലാപങ്ങളും പ്രണയനിർഭര നിമിഷങ്ങളും ഉള്ളടങ്ങിയവയാണ്. പ്രസിദ്ധ സംസ്കൃത സാഹിത്യ ചിന്തകനായ മമ്മടാചാര്യരുടെ കാവ്യപ്രകാശത്തിൽ ഉത്തമ ധ്വനി കാവ്യത്തിന്റെ
ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന ശ്ലോകം തന്നെ രതി വർണനയാണ് (നിശ്ശേഷച്യുത ചന്ദനം എന്ന് തുടങ്ങുന്ന ശ്ലോകം). സപ്താഹ യജ്ഞവേദികളിൽ ഭക്തി പുരസരം ആലപിക്കപ്പെടുന്ന ഭാഗവത പുരാണത്തിലും വാസുദേവ കൃഷ്ണന്റെ ഗോപികമാരുമൊത്തുള്ള രാസക്രീഡകളും രതി ഭാവങ്ങളും ഭക്തിയിൽ ചാലിച്ചു തന്നെ അവതരിപ്പിക്കുന്നുണ്ട്.

കേരളീയനായ മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയത്തിലും രാസക്രീഡാ വർണനത്തിന്റെ വിപുലവാങ്മയ ചിത്രം രേഖപ്പെട്ടു കിടക്കുന്നുണ്ട്. പുരാണങ്ങളിലും സംസ്കൃത കാവ്യങ്ങളിലും വർണിക്കുന്ന ജലക്രീഡകൾ രതിനിർഭരവുമായിരുന്നു. ഇന്ത്യയിൽ രതിക്കും കാമത്തിനും "കാമദേവൻ' എന്ന ഒരു ദൈവം പോലുമുണ്ടായിരുന്നു. അപ്സര സ്ത്രീകളുടെ സൗന്ദര്യത്തിൽ മയങ്ങി തപസു തന്നെയും ഉപേക്ഷിച്ച എത്രയോ മഹർഷിമാരുടെ കഥകൾ ഇതിഹാസപുരാണങ്ങളിൽ കാണാം. മഹാഭാരതത്തിലും പുരാണങ്ങളിലും ഇത്തരം കഥകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ട്. മഹാമുനികളെന്ന് അറിയപ്പെട്ട ദുർവാസാവും വിശ്വാമിത്രനും വസിഷ്ഠനുമൊന്നും തന്നെ സ്ത്രീസംഗം വെടിഞ്ഞവരായിരുന്നില്ല. വിശ്വാമിത്രന് അപ്സര സ്ത്രീയായ മേനകയിൽ പിറന്ന ശകുന്തളയുടെ വൃത്താന്തം തന്നെ ഇതിനുത്തമ ദൃഷ്ടാന്തമാണ്. വേദാന്ത പ്രസിദ്ധമായ ബൃഹദാരണ്യകോപനിഷത്തിൽ വ്യത്യസ്ത ഭാവങ്ങളിലുള്ള രതിമേളനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.

ഭർത്തൃഹരിയുടെ ശതകങ്ങൾ, ഗാഥാസപ്തശതി, ഋതുസംഹാരം തുടങ്ങിയ കൃതികളിലൊന്നും തന്നെ രതിയും കാമവും പ്രണയവും നിഷിദ്ധപാപങ്ങളായി ഗണിക്കപ്പെട്ടിരുന്നില്ല. വൈദിക സാഹിത്യകൃതികളിൽ പോലും ഇത് നിഷിദ്ധാചരണങ്ങൾ ആയിരുന്നില്ല. യമനെ സംഗമത്തിനായി ക്ഷണിക്കുന്ന ഋഗ്വേദത്തിലെ യമിയുടെ ചിത്രം ഇതിനു തെളിവാണ്. വാല്മീകി രാമായണത്തിൽ ഗൗതമൻ ഇല്ലാത്ത അവസരത്തിൽ ഇന്ദ്രനുമായി ഇഷ്ടത്തോടെ രമിക്കുന്ന അഹല്യയുടെ വാങ്മയ ചിത്രവും ഇന്ത്യയുടെ ഭൗതികാസ്പദങ്ങളിൽ നിലയുറപ്പിച്ചിരുന്ന പാരമ്പര്യത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

ശങ്കരാചാര്യരുടെതായി ഗണിക്കപ്പെടുന്ന സൗന്ദര്യലഹരിയിൽ ജഗത് മാതാവായ ത്രിപുര സുന്ദരിയുടെ അംഗോപാംഗ വർണനയുണ്ട്. "രംഭാ തുല്യം തുടയിണയും തവ ജംഘായുഗളം മണിനൂപുരവും' എന്ന് മലയാളത്തിലുള്ള നാമസങ്കീർത്തനങ്ങളിൽ പോലും അപ്സര സ്ത്രീകളുടെ "വശ്യ ശരീരം' രേഖപ്പെട്ടു കിടക്കുന്നുണ്ട്. "പാലാഴി മങ്ക തൻ കൊങ്ക പുണരുന്ന പാൽക്കടൽ വർണനെ കൈതൊഴുന്നേൻ' എന്ന് മലയാളി ഇന്നും മടിയില്ലാതെ പ്രാർത്ഥിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെ പൂരപ്പാട്ടിൽ ദേവിയുടെ അംഗോപാംഗ വർണനയുണ്ടെന്നും കാണാതിരുന്നു കൂടാ.

കാമ പ്രേമ ചരിതങ്ങൾ നിറഞ്ഞ അച്ചീചരിതങ്ങളുടെ രചയിതാക്കളുടെയും വെണ്മണിക്കവികളുടെയും നാടു കൂടിയാണിത് എന്നും മറക്കാതിരിക്കാം. രതി ശില്പങ്ങളുടെ യാതൊരു ദൗർലഭ്യവും ഇന്ത്യയിലെ ക്ഷേത്രങ്ങളിലുണ്ടായിരുന്നില്ല എന്നത് ഏവർക്കും അറിയാവുന്ന കാര്യവുമാണ്. രതി വേഴ്ചകളുടെ സൂക്ഷ്മ ചിത്രണങ്ങൾ പോലും ക്ഷേത്രശില്പങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഖജുരാഹോ യിലെ ശില്പങ്ങൾ.

താന്ത്രിക ഗ്രന്ഥങ്ങളിൽ വിവരിക്കുന്ന അനുഷ്ഠാനങ്ങളുടെ ഭാഗമായി കൂടി രതി വേഴ്ചകൾ ഗണിക്കപ്പെട്ടിരുന്നു. ബ്രഹ്മയാമള തന്ത്രം ഇതിനുദാഹരണമാണ്. സാധകിയായ യോഗിനിയെ രതിമൂർഛയുടെ പരമ കാഷ്ഠയിൽ എത്തിക്കുന്ന യോനീ പൂജകളെ പറ്റി ബ്രഹ്മ യാമളത്തിൽ പരാമർശമുണ്ട്. കുല ക്രീഡ, കൗള ക്രീഡ എന്നിങ്ങനെ പരാമർശിക്കപ്പെടുന്ന താന്ത്രികാനുഷ്ഠാനങ്ങൾ രത്യനുഷ്ഠാനങ്ങളാണെന്ന് പണ്ഡിത ഗവേഷകനായ സാന്റേഴ്സൺ (Prof. Alexis Sanderson) രേഖപ്പെടുത്തുന്നുണ്ട്. രതി മൈഥുനാരാധനകൾ താന്ത്രികാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു എന്നാണ് ഇതിൽ നിന്നും തെളിയുന്നത്. ഇങ്ങനെ നോക്കിയാൽ മൂവായിരം വർഷത്തെ പ്രണയ രതി കാമ ഭാവനകളുടെ അതിവിപുലമായ ചരിത്രം ഇന്ത്യയിൽ കാണാൻ കഴിയും.

പ്രൊഫ. അലെക്സിസ് സാന്റേഴ്സൺ

ഇത്തരമൊരു ഭൂതകാല പ്രശ്നങ്ങളെ തമസ്കരിച്ചുകൊണ്ടാണ് ഇന്ത്യക്കാർ സദാചാര വാദികളായി രംഗത്തു വരുന്നത്. കാമസൂത്രവും, കൊക്കോകന്റെ
രതി രഹസ്യവും; ആ പാരമ്പര്യത്തിന്റെ ഭാഗമായ നൂറു കണക്കിന് ഗ്രന്ഥങ്ങളുടെയും ലിഖിതമായ ചരിത്ര പാരമ്പര്യത്തെ എങ്ങനെ നിരസിക്കാൻ കഴിയും. ഇത്തരമൊരു പാരമ്പര്യത്തെ വിക്ടോറിയൻ സദാചാരമാണ് കുഴപ്പത്തിലാക്കിയത് എന്നൊരു പൊതു ധാരണ നിലനിൽക്കുന്നുണ്ട്. ബ്രിട്ടന്റെ
ആഗമനത്തിനു മുൻപു തന്നെ ഇന്ത്യയെ അധിനിവേശിച്ച ബ്രാഹ്മണ സ്മൃതി ധർമശാസ്ത്ര പാരമ്പര്യം സ്ത്രീകൾക്കു മേൽ ലൈംഗിക മേൽക്കോയ്മ അടിച്ചേൽപ്പിച്ചു കൊണ്ടും ജാത്യടിസ്ഥാനത്തിലുള്ള വിവാഹ സമ്പ്രദായങ്ങളിലൂടെയും സ്ത്രീയുടെ കാമനകളെ തടവിലിട്ടു. യഥാർത്ഥത്തിൽ ഈ സ്മൃതി പാരമ്പര്യത്തിന്റെ പിൻബലത്തിലാണ് ഹിന്ദുത്വ വാദികളും വലതുപക്ഷ യാഥാസ്ഥിതികരും സദാചാര ഒളിഞ്ഞുനോട്ട സംസ്കാരത്തിന്റെ
പതാകാവാഹകരായി രംഗ പ്രവേശം ചെയ്യുന്നത്. ഈ പാരമ്പര്യമാണ് താത്രിയെ സ്മാത്ത വിചാരണക്ക് വിധേയമാക്കിയതും, നങ്ങേലിയുടെ മാറിടം ഛേദിച്ചതും.

ചരിത്രത്തെ നിരന്തരം പുന:സന്ദർശനം ചെയ്തു കൊണ്ടു മാത്രമേ ഹിന്ദുത്വബ്രാഹ്മണ്യത്തിന്റെ ഹിംസാത്മക പ്രചാരണങ്ങളെ പ്രതിരോധിക്കാനും സാഹോദര്യ ജനാധിപത്യത്തെ ബലപ്പെടുത്തുവാനും കഴിയൂ എന്ന് നമ്മെ നിരന്തരം ഓർമപ്പെടുത്തുന്ന വിപത്സന്ധികളിലൂടെ ഇന്ത്യ കടന്നു പോകുമ്പോൾ ഫ്രെഡറിക് ജയിംസൺ സൂചിപ്പിച്ചതു പോലെ ആപത്തിന്റെ
നിമിഷത്തിൽ കൈയെത്തിപ്പിടിക്കേണ്ട ഒന്നായി ചരിത്രം മാറിത്തീരുന്നുണ്ട്.

Comments