അടൂരിനൊപ്പം
എന്റെ വിലപ്പെട്ട
ചില സന്ദര്‍ഭങ്ങളെക്കുറിച്ച്...
അടൂരിനൊപ്പം എന്റെ വിലപ്പെട്ട ചില സന്ദര്‍ഭങ്ങളെക്കുറിച്ച്...
''എന്നെക്കുറിച്ച് പറയുന്നതും എഴുതുന്നതും ആരെങ്കിലും പറഞ്ഞാണ് ഞാനിപ്പോള്‍ അറിയുന്നത്, ഇപ്പോള്‍ ടെലിവിഷനും വേണ്ട എന്നുവെച്ചു'', കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ അയച്ച മെയിലില്‍ പറഞ്ഞു- എണ്‍പത് വയസ്സ് തികഞ്ഞ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള സൗഹൃദം ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരനായ കരുണാകരന്‍.
4 Jul 2021, 08:47 PM
‘‘എന്നെക്കുറിച്ച് പറയുന്നതും എഴുതുന്നതും ആരെങ്കിലും പറഞ്ഞാണ് ഞാനിപ്പോള്‍ അറിയുന്നത്, ഇപ്പോള്‍ ടെലിവിഷനും വേണ്ട എന്നുവെച്ചു''; കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ അയച്ച മെയിലില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അടൂര്‍, അദ്ദേഹത്തിന്റെ 80ാം പിറന്നാള്‍ വേളയില്‍ ഫേസ്ബുക് പോലുള്ള വേദികളിലെ ആശംസകളും സന്തോഷവും ആരെങ്കിലും പറഞ്ഞേ അറിയൂ.
വാസ്തവത്തില്‍ അടൂര്‍, തന്റെ ചലച്ചിത്രങ്ങളിലും സാഹിത്യ രചനകളിലും സ്വന്തം സ്വകാര്യ ഇടത്തെയാണ് തന്റെ കലയുടെയും ആവിഷ്‌കാര മാധ്യമമാക്കുന്നത് എന്നുവിചാരിക്കണം. തന്റെ എല്ലാ ചലച്ചിത്രങ്ങളിലും ആത്മാംശമായി ചിലതുണ്ടെന്ന് പറയുന്നതിനും അപ്പുറം ഈ സ്വകാര്യ ഇടം കലയുടെ വിനിമയോര്‍ജ്ജത്തിന്റെ ഇന്ധന നിലമാകുന്നു. ഒരാള്‍ക്ക് ഭൂമിയിലെ മനുഷ്യവാസത്തോളം പഴക്കത്തിലേക്ക് പ്രാപ്തി നേടാനുള്ള ചില മിന്നലുകള്‍ അത് കരുതിവെച്ചിരിക്കുന്നു. അത്രയും പ്രാദേശികമായ ഒന്നിന്റെ സാര്‍വ്വജനീനമായ ഒരു ഇടം അത് പ്രകടിപ്പിക്കുന്നു. അടൂരിന്റെ മിക്ക ചലച്ചിത്രങ്ങളിലും അങ്ങനെയൊരു മുഹൂര്‍ത്തം ഉണ്ടാവും. കലയിലെ ഈ സ്വകാര്യ ഇടം, അല്ലെങ്കില്‍, പൊതുധാരണകളെ എപ്പോഴും ഉപേക്ഷിയ്ക്കുന്നു.
അടൂരുമായി ഒറ്റക്കു സംസാരിക്കാന്‍ കിട്ടുന്ന അവസരം അതിനാല്‍ നമുക്ക് വിലപ്പെട്ടതാകുന്നു. തന്റെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ഏതെങ്കിലും ഒരു കാരണവുമായല്ല അടൂര്‍ ബന്ധിപ്പിക്കുന്നത്, ഒരു ജീവിതാഭിമുഖ്യത്തോടാണ്, കലയെയും ജീവിതത്തെയും കണ്ടുമുട്ടുന്നതും അതേ താല്‍പര്യത്തിലാണ്.

സിനിമയെ കുറിച്ചാവില്ല അടൂര്‍ എന്നോട് അധികവും സംസാരിച്ചിട്ടുള്ളത്, ‘ചില ആളുകളെ' പറ്റിയാണ്. മറ്റു ചിലപ്പോള്‍ പുസ്തകങ്ങള്‍. അപ്പോഴും അവരെ പറ്റിയല്ല പറയുക, അവരെ താന്‍ കണ്ടെത്തുന്ന ഒരു വഴി ആ നിമിഷങ്ങളില്‍ കാണുന്നതുപോലെ പറയുന്നു. എം. ഗോവിന്ദനെ പറ്റിയും മൃണാള്‍ സെന്നിനെ പറ്റിയും ഗുന്തര്‍ ഗ്രാസിനെ പറ്റിയും കവബാത്തയെ പറ്റിയും കൂറ്റ്‌സെയെ പറ്റിയും ആനന്ദിനെ പറ്റിയും അടൂര്‍ അങ്ങനെയൊരു ആഭിമുഖ്യത്തോടെ സംസാരിക്കുന്നു - ഒരു സ്വകാര്യ ഇടത്തിലെ വെളിച്ചം അവതരിപ്പിയ്ക്കുന്ന രീതി അതിനുണ്ടാവുന്നു, ഒരു കഥപറച്ചിലുകാരന്റെ വാക്യനിര്‍മിതികളില്‍ ആ ആളും ആ കാലവും വെളിപ്പെടാന്‍ തുടങ്ങുന്നു. എനിക്കത് വിലപ്പെട്ട സന്ദര്‍ഭങ്ങളാണ്.
ഗോവിന്ദനെ കുറിച്ച് പറഞ്ഞുതുടങ്ങിയത്, എപ്പോഴും അനവധി ഒച്ചകള്‍ കടന്നുവരുന്ന ഒരു ജനലും മുറിയും അവതരിപ്പിച്ചായിരുന്നു. അവിടെയിരുന്ന് പതുക്കെ സംസാരിയ്ക്കുന്ന ഗോവിന്ദനെ ശ്രദ്ധയോടെ കേള്‍ക്കാന്‍ നേരെ എതിരില്‍ മുമ്പോട്ട് അല്‍പം കുനിഞ്ഞ് ഇരിക്കുന്ന തന്നെയും അടൂര്‍ കാണിച്ചു തരുന്നു. എക്കാലത്തേയ്ക്കുമായി സന്ദര്‍ശിക്കാനുള്ള ഒരു കോട്ടയായി ആ ഓര്‍മ, ആ സമയം, നമുക്കും കിട്ടുന്നു.
ഒരു ദേശത്തിന്റെയും ഒരു ഭാഷയുടെയും സൗഭാഗ്യമായി ഒരു വ്യക്തിയോ, ഒരു കലാനിര്‍മിതിയോ, ചിലപ്പോള്‍ ഒരു സംഘം ആളുകളെയോ സര്‍ഗ്ഗാത്മകമായി ചലിപ്പിക്കുന്ന രാഷ്ട്രീയ ബോധ്യമോ, കലാസങ്കൽപമോ, അല്ലെങ്കില്‍ അങ്ങനെ എന്തും ഉണ്ടാവുന്നത് പലപ്പോഴും ചുറ്റും കെട്ടിനില്‍ക്കുന്ന സാമൂഹ്യമടുപ്പിനെ, വൈയക്തികമായെങ്കിലും മറികടക്കാനാവണം: സാമൂഹ്യ ജീവിതത്തില്‍ നിന്നുതന്നെയുള്ള അസ്തിത്വ സംബന്ധിയായ വിമോചനം അത് ആഗ്രഹിക്കുന്നു. ഒരു പക്ഷെ, അടൂരിന്റെ ചലച്ചിത്രങ്ങളുടെ സാരാംശവും അതാകണം. അതുകൊണ്ടുതന്നെ ആ ചലച്ചിത്രങ്ങളില്‍ സമൂഹവും വ്യക്തിയും അതാതുകളുടെ ഏകാന്തതകളും പ്രകടിപ്പിയ്ക്കുന്നു.
ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്റെ തന്നെ കലയിലെ സ്വാധീനങ്ങളെ ഞാന്‍ കണ്ടുപിടിക്കുന്ന നേരങ്ങളുണ്ട്, അതിലൊന്ന് അടൂരിന്റെ ചില സിനിമകളിലെ മുഹൂര്‍ത്തങ്ങളാണ്. എലിപ്പത്തായത്തില്‍, അനന്തരത്തില്‍, മതിലുകളില്‍, അത്തരം സന്ദര്‍ഭങ്ങളുണ്ട്. അത്, പലപ്പോഴും, ‘കഥ'യെ അതിലെ ഒരു പ്രവൃത്തികൊണ്ട് മുഴുവനായി ചലിപ്പിക്കാനുള്ള ശേഷിയാണ്, ഭാവനയുടെ ഒരു മെല്‍റ്റിങ് പോയിൻറ് ഒരു വേള നമ്മള്‍ കണ്ടുമുട്ടുന്നു: എലിപ്പത്തായത്തിലെ നായകനെ ചലച്ചിത്രത്തിന്റെ അന്ത്യത്തില്‍ വാതില്‍ പൊളിച്ച് പുറത്തേക്ക് തൂക്കിയെടുത്തുകൊണ്ടുപോയി കുളത്തില്‍ മുക്കുന്നതുവരെയുള്ള അത്രയും നേരം പോലെ. കല സ്വാതന്ത്ര്യത്തിന്റെ വിഷയമാകുന്ന ഓര്‍മ കൂടിയാണത്.
കഥകള്‍ എഴുതുമ്പോള്‍, കഥകള്‍ വായിക്കുമ്പോഴും, അങ്ങനെയൊരു ‘നേരം', ഞാന്‍ എപ്പോഴും തേടുന്നു. എന്തൊരു നേരമായിരുന്നു ചലച്ചിത്രത്തില്‍ അത്!
എഴുത്തുകാരന്‍
യാക്കോബ് തോമസ്
May 15, 2022
16 Minutes Read
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
അരുണ്‍ ടി. വിജയന്‍
May 14, 2022
4 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read