truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Saddam Rajive

Memoir

സദ്ദാം ഹുസൈനും
രാജീവ് ഗാന്ധിയും
ചാക്കോ സാറും;
- ഗള്‍ഫ് ഓര്‍മ്മയെഴുത്ത് - 4

സദ്ദാം ഹുസൈനും രാജീവ് ഗാന്ധിയും ചാക്കോ സാറും; ഗള്‍ഫ് ഓര്‍മ്മയെഴുത്ത് - 4

4 Jul 2020, 04:15 PM

പി. ജെ. ജെ. ആന്റണി

പല രാജ്യങ്ങളിലായി നീണ്ട ഗള്‍ഫ് വാസം എന്നോട് എന്താണ് ചെയ്തത്? ഒരു വര്‍ഷത്തോളം നീണ്ട ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഒരു വിടുതല്‍ ആയിരുന്നില്ല. പുതിയ, ഒരുപക്ഷേ കൂടുതല്‍ മെച്ചപ്പെട്ട ഒരു തൊഴിലുടമയ്ക്കായുള്ള അന്വേഷണം. അതായിരുന്നു ഇടവേളകള്‍. ഇന്ത്യക്കകത്തും പുറത്തുമായി അനേകം വ്യാഴവട്ടങ്ങള്‍. മിക്കപ്പോഴും ഒന്ന് നഷ്ടപ്പെടുമ്പോളാണ് മറ്റൊന്നിനായി തേടുന്നത്. സ്വകാര്യ മേലയില്‍ തൊഴില്‍ നഷ്ടമാകാന്‍ കാരണങ്ങള്‍ പലതാവും. തൊഴില്‍ കരാറിന്റെ കാലാവധിയെത്തുക, പണിയെടുക്കുന്ന പ്രൊജക്റ്റ് പൂര്‍ത്തിയാവുക ഇങ്ങനെ പല കാരണങ്ങള്‍. ശകാരിക്കാന്‍ തെറിവാക്ക് ഉപയോഗിച്ച മേലുദ്യോഗസ്ഥനെ ഇരുമ്പുവടിക്ക് അടിച്ചതിന്റെ പേരില്‍ പൊലീസ് കേസായി ജോലി വിട്ടുപോരേണ്ട ഒരു സന്ദര്‍ഭവും എനിക്കുണ്ടായിട്ടുണ്ട്. യൗവനത്തിന്റെ തിളപ്പായിരുന്നു അത്. ഓര്‍ക്കാന്‍ അത്ര സുഖകരമായ പ്രതികരണങ്ങളായിരുന്നില്ല ഞങ്ങള്‍ ഇരുവരുടെയും.

ലോകത്തിന്റെ മിക്കവാറും ദേശങ്ങളില്‍ നിന്നുമുള്ളവരുമായി കൂടിക്കലര്‍ന്ന് ജീവിച്ച ഗള്‍ഫ് വാസം എന്നെ ഒത്തിരി പാകപ്പെടുത്തി. വെറും ഒരു മലയാളിയെന്ന് സ്വയം അടയാളപ്പെട്ടിരുന്ന എന്നെ പരദേശജീവിതം തുറവിയുള്ള ഒരു മനുഷ്യനാക്കി

ലോകത്തിന്റെ മിക്കവാറും ദേശങ്ങളില്‍ നിന്നുമുള്ളവരുമായി കൂടിക്കലര്‍ന്ന് ജീവിച്ച ഗള്‍ഫ് വാസം എന്നെ ഒത്തിരി പാകപ്പെടുത്തി. വെറും ഒരു മലയാളിയെന്ന് സ്വയം അടയാളപ്പെട്ടിരുന്ന എന്നെ പരദേശജീവിതം തുറവിയുള്ള ഒരു മനുഷ്യനാക്കി. മതത്തെയും ജാതിയെയും ദേശീയതയെയും അതിവര്‍ത്തിക്കാന്‍ കരുത്തനാക്കി. എന്നിലെ മലയാളി നസ്രാണി തെന്നിന്ത്യക്കാരനായി, പിന്നെയത് ബഹുസ്വരതയുള്ള ഇന്ത്യക്കാരനായി. അവിടെനിന്നുമാണ് ഏഷ്യക്കാരന്‍ എന്ന സ്വത്വം ദൃഢപ്പെട്ടത്. ക്രമേണ പലമയെ പുണരുന്ന ഹോമോസാപ്പിയനായി ഞാന്‍ പരിണാമപ്പെട്ടു. ഈ അനുഭവമാണ് "വാഗാ പോയിന്റ്' എന്ന കഥയായത്. അതേ തള്ളല്‍ തന്നെയാണ് ഡല്‍ഹിയിലേക്കുള്ള വിമാനവും വെടിമരുന്നിന്റെ മണവും റിപ്പബ്ലിക്കും പോലുള്ള കഥകളെഴുതാന്‍ പ്രേരണയായതും. ഗള്‍ഫിലെ ദേശാന്തരാനുഭവങ്ങളും സഹവാസങ്ങളും ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ കഥയേയെഴുതുകില്ലായിരുന്നു. വേറിട്ട ചിലത് എനിക്ക് മലയാള കഥയോട് ചേര്‍ക്കാനുണ്ടെന്ന ഊര്‍ജ്ജമാണ് നാല്‍പത് കഴിഞ്ഞപ്പോള്‍ കഥയിലേക്ക് കടക്കാന്‍ എനിക്ക് ഉത്സാഹമായത്.

ജീവിതത്തിലും അതിന്റെ ചുറ്റുവട്ടങ്ങളിലും സംഭവിക്കുന്നത് മിക്കപ്പോഴും എല്ലാവര്‍ക്കും ഒരേപോലെ ആയിരിക്കുമെങ്കിലും അവയോടെല്ലാം നമ്മള്‍ പ്രതികരിക്കുന്ന രീതിയാണ് വ്യത്യസ്തമാകുന്നത്, വേറിട്ടതാകുന്നത്. ഇവിടെയാണ് ജീവിതാനുഭവങ്ങളും വായനയുമെല്ലാം പ്രസക്തമാകുന്നത്. അനേകം ഇന്ത്യന്‍ നഗരങ്ങള്‍ താണ്ടിയാണ് ഞാന്‍ ദുബായിലെത്തിയത്. ഒഴുക്കിന് കുറുകെ നില്‍ക്കാനും ചിലപ്പോള്‍ എന്നെത്തന്നെ തിരുത്താനും മികവിനോട് ആസക്തനാകാനും വായന താങ്ങായി. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അറിഞ്ഞതില്‍ നിന്നുമുള്ള മോചനം എന്ന ആശയം അദ്ദേഹത്തെ വായിച്ച നാള്‍ മുതല്‍ സ്വയം പരിണാമപ്പെടുന്നതിന് പ്രേരണയായി വര്‍ത്തിച്ചു.

ദുബായ് കാലം
ദുബായ് കാലം

ഗള്‍ഫ് രാജ്യങ്ങളിലെല്ലാം മതാധിഷ്ഠിത ഭരണകൂടങ്ങളായിരുന്നു. ബാഹ്യമായി നിയമവാഴ്ച ബലവത്താണെന്ന് തോന്നിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു അവിടെല്ലാം. അതിനടിയില്‍ ഞെരിഞ്ഞമര്‍ന്ന അസ്വതന്ത്രമായി വര്‍ത്തിക്കുന്ന സാധാരണക്കാരുടെ അറബ് ലോകത്തെ മിക്കവരും അറിഞ്ഞതേയില്ല. അക്കാലങ്ങളില്‍ ഇന്ത്യക്കാര്‍, വിശിഷ്യാ മലയാളികള്‍ മതവര്‍ഗ്ഗീയതയെ അപരിഷ്കൃതവും പുരോഗമനവിരുദ്ധവുമായി കണ്ടുപോന്നിരുന്നു. ആ കാരണത്താല്‍ പാക്കിസ്ഥാനിലെ ഭരണവ്യവസ്ഥയെ പ്രാകൃതമായി ഗണിക്കുകയും ചെയ്തു. ഇന്ത്യ ഒരു മതേതര ജനാധിപത്യരാഷ്ട്രമാണെന്നത് അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു. നിര്‍ഭാഗ്യവശാല്‍ ക്രമേണ ഇതിന് മാറ്റം വരാന്‍ തുടങ്ങി.

ഒരു മതരാഷ്ട്രത്തില്‍ കുറച്ചുകാലം തൊഴിലെടുത്ത് ജീവിച്ചുകഴിയുമ്പോള്‍ നമ്മുടെ മതേതരത്വത്തിന് ബലക്കുറവ് അനുഭവപ്പെട്ടുതുടങ്ങും. മതാധിഷ്ഠിതഭരണക്രമത്തോട് നമ്മള്‍ അറിയാതെ ഉദാരവാന്മാരാകും. അതില്‍ അമാന്യമായി ഒന്നുമില്ലെന്ന സമീപനം നമുക്കുള്ളില്‍ വേരുകള്‍ മെല്ലെ പടര്‍ത്തും. അമേരിക്കന്‍ വിരുദ്ധത ഉപയോഗപ്പെടുത്തി ഇറാനില്‍ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കാന്‍ അയത്തൊള്ള ഖമേനിക്ക് കഴിഞ്ഞതോടെ വര്‍ഗ്ഗീയതയെ പുരോഗമനപരമെന്നും പ്രതിലോമകരമെന്നും ഇടതുപക്ഷക്കാര്‍ പോലും വേറിട്ട് കാണാന്‍ തുടങ്ങി. അതോടെ മുഖ്യധാരാമതങ്ങളിലെ വര്‍ഗ്ഗീയപിന്തിരിപ്പന്‍ സംഘടനകള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ശാഖകള്‍ തുടങ്ങി. ആദ്യമൊക്കെ രഹസ്യമായും പിന്നെ പരസ്യമായും ആയിരുന്നു ഈ പ്രാക്രതകൃഷിയിറക്കങ്ങള്‍.  ഇറാനില്‍ ഇസ്ലാമിക റിപ്പബ്ലിക് നിലവില്‍ വന്നത് ഇന്ത്യയില്‍ ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് മാന്യതയുടെ മുഖം നല്‍കി. ഗള്‍ഫ് കുടിയേറ്റം കേരളത്തില്‍ വര്‍ഗ്ഗീയതയ്ക്ക് പോഷകമായത് ഇങ്ങിനെയൊക്കെയാണ്. ഇത് ഇനിയും വേണ്ടവിധം വിശകലനം ചെയ്യപ്പെടുകയോ പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല. വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായിരുന്നവര്‍ പോലും അതുവരെ പ്രാകൃതവും മനുഷ്യവിരുദ്ധവുമയി കരുതപ്പെട്ടിരുന്ന മതവര്‍ഗ്ഗീയതയുടെ കൂടാരത്തിലേക്ക് ഉളുപ്പില്ലാതെ ചേക്കേറി. ഗള്‍ഫ് കുടിയേറ്റത്തിന്റെ ഏറ്റവും ദോഷകരമായ പ്രതിഫലനം ഇതായിരുന്നു. ഇന്ത്യന്‍ കത്തോലിക്കാ സമൂഹത്തില്‍ യാഥാസ്ഥിതിക സമീപനങ്ങളെ താലോലിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അന്നുവരെ മലയാളി കത്തോലിക്കരെന്ന സ്വത്വത്തെ പ്രിയപ്പെട്ട് ഒറ്റക്കുടക്കീഴില്‍ ഐക്യത്തോടെ സംഘടിച്ച് കഴിഞ്ഞിരുന്നവരെ ലത്തീന്‍, സുറിയാനി എന്നിങ്ങിനെ വിജയകരമായി പിളര്‍ത്തിയതും ഇതേ കാലയളവിലായിരുന്നു. ഗള്‍ഫിലെ മലയാളലോകം കേരളത്തിന്റെ തനിപ്പകര്‍പ്പായി അളിഞ്ഞുതൂങ്ങി. മനുഷ്യനെന്നും മലയാളിയെന്നുമുള്ള തിരിച്ചറിവുകളുടെ മേല്‍ ഭൂതകാലം ചീഞ്ഞ കേവുഭാരമായി ഞാന്നുകിടക്കാന്‍ ആര്‍ത്തിപൂണ്ടു.

 C-Mathew-and-wife-Rosamma.jpg
സി. മാത്യു, ഭാര്യ റോസമ്മ

ഈ ജീര്‍ണ്ണതകള്‍ സംഘടനകള്‍ക്കുള്ളിലേക്കും പടര്‍ന്നുകയറി. അതുവരെ വരേണ്യത മാത്രം ദോഷകരമായി ബാധിച്ചിരുന്ന ഇന്ത്യന്‍ / മലയാളി സംഘങ്ങളില്‍ ജാതി-മത സ്വാധീനങ്ങളും പെരുകാന്‍ തുടങ്ങി. മത-ജാതി ഗ്രൂപ്പുകള്‍ക്കൊപ്പം രാഷ്ട്രീയ കക്ഷികളിലെ ഗ്രൂപ്പുകളും പ്രത്യേക സംഘടനകളുമായി രംഗത്തെത്തി. മിക്ക സംഘടനകളും ഈ വഷളത്തരങ്ങള്‍ക്ക് കുട പിടിച്ചപ്പോഴും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അതിന്റെ ബഹുജന പങ്കാളിത്തം കൊണ്ടും മതേതരസ്വഭാവം കൊണ്ടും വേറിട്ടുനില്‍ക്കാന്‍ ശ്രദ്ധ ചെലുത്തി. ഗ്രൂപ്പുകളി ഉണ്ടായിരുന്നെങ്കിലും മലയാളികള്‍ നേതൃത്വം നല്‍കിയ അസോസിയേഷന്റെ പ്രവര്‍ത്തനം താരതമ്യേന അതിന്റെ മതേതരമുഖത്തിന് ഇണങ്ങിയതായിരുന്നു. പേരില്‍ ഷാര്‍ജ എന്ന് ഉണ്ടായിരുന്നെങ്കിലും അത് യൂനൈറ്റഡ് അറബ് എമിറേറ്റിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമായി അംഗത്വം തുറന്നിട്ട സംഘടന ആയിരുന്നു. വൈ.ഏ. റഹിം എന്ന സമര്‍ത്ഥനായ സംഘാടകന്‍ ആയിരുന്നു അതിന്റെ സാരഥ്യത്തില്‍. ഇപ്പോഴും സംഘടനയുടെ നേതൃനിരയില്‍ അദ്ദേഹമുണ്ട്. ഇത്ര ദീര്‍ഘകാലം ഇപ്രകാരം തുടരുന്ന മറ്റൊരാളുണ്ടാവാന്‍ ഇടയില്ല. പൊതുവേ ഈവിധ കൂട്ടങ്ങളില്‍ നിന്നെല്ലാം അകലം സൂക്ഷിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും കുമ്പനാട്ടുകാരനായ സി.മാത്യുസ് എന്ന സുഹൃത്തിന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അതില്‍ കുറച്ചുകാലം അംഗമായി. മാത്യൂസ് അന്ന് ദുബായ് ചെറുകിട ബിസിനസ് രംഗത്തെ പ്രമുഖനായിരുന്നു. മലയാളികളുടെ പല പൊതുപരിപാടികള്‍ക്കും മാത്യൂസിന്റെ സ്ഥാപനം ധനസഹായം നല്‍കിപ്പോന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വനിരയിലും അക്കാലത്ത് അദ്ദേഹം സജീവമായിരുന്നു.

വൈ.ഏ. റഹിം
വൈ.ഏ. റഹിം ഷാര്‍ജ ഭരണാധികാരിക്കൊപ്പം

മിക്ക ഗള്‍ഫ് സംഘടനകളും കടലാസ് പുലികള്‍ മാത്രമായിരുന്നു. ഗള്‍ഫ് സന്ദര്‍ശിക്കുന്ന മത-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ക്ക് സ്വീകരണം നല്‍കലും ഒരു വാര്‍ഷികമാമാങ്കവും മാത്രമായിരുന്നു ആകെയുള്ള പരിപാടി. ചില മന്ത്രിമാരും നേതാക്കളും കറുപ്പ് വെളുപ്പിക്കാന്‍ മാത്രമായിരുന്നു ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നതെന്നത് പരസ്യമായ രഹസ്യമായിരുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യാന്‍ മത്സരിച്ചിരുന്ന ശിങ്കിടിവൃന്ദവും ഉണ്ടായിരുന്നു. ഇടത്, വലത് എന്ന വേര്‍തിരിവൊന്നും ഇതില്‍ ഉണ്ടായിരുന്നില്ല. ഇന്നും അതിന് മാറ്റമുണ്ടായിട്ടുമില്ല. സ്‌നേഹിതരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇത്തരം സ്വീകരണങ്ങളില്‍ പ്രാസംഗികനായി പങ്കെടുക്കേണ്ടിയും വന്നിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്ന കാഞ്ഞിരപ്പള്ളിക്കാരനായ സാമൂഹ്യപ്രവര്‍ത്തകന്‍ ജോണി പുത്തന്‍പുരക്കല്‍ മിത്രമായിരുന്നതും ഇതിന് കാരണമായി.

 PJJ-addressing-Catholic-meet.jpg
കത്തോലിക് മീറ്റില്‍ പ്രസംഗിക്കുന്ന പി.ജെ.ജെ.

ഈ ബഹളത്തിനിടയിലും അതിര്‍വരമ്പുകളും സങ്കുചിതതാത്പ്പര്യങ്ങളും കയ്പിക്കാത്ത ചില സ്വകാര്യ സൗഹൃദസംഘങ്ങള്‍ അപൂര്‍വ്വമായ ചാരുതയോടെ തിളങ്ങി നിന്നിരുന്നു. അവയില്‍ മിക്കതും ദേശക്കൂട്ടങ്ങളായിരുന്നു. ഒരു ഗ്രാമത്തിലെയോ വലിയൊരു തറവാട്ടിലെയോ അംഗങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ വീടുകളിലോ പാര്‍ക്കുകളിലോ ഒരുമിച്ചുകൂടുന്നവ. ഈ വിധ ചരടുകളോ ബന്ധങ്ങളോ യാതൊന്നുമില്ലാത്ത ഒരു സ്വാഭാവിക സൗഹൃദകൂട്ടായ്മയാണ് എന്റെ മനസ്സില്‍ ഇപ്പോഴും പച്ചയാര്‍ന്ന് നില്‍ക്കുന്നത്.

തിരുവല്ല മനക്കല്‍ചിറയില്‍ വര്‍ഗീസിന്റെയും (തമ്പിച്ചായന്‍) അന്നമ്മ എന്ന കുഞ്ഞമ്മച്ചേച്ചിയുടെയും വീട്. രണ്ടുപേരും സാമാന്യം നല്ല ശമ്പളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ ആയിരുന്നു. തമ്പിച്ചായന്‍ ഡിഫന്‍സിലും കുഞ്ഞമ്മച്ചേച്ചി സീനിയര്‍ നഴ്‌സായി ആരോഗ്യവകുപ്പിലും. കുഞ്ഞമ്മച്ചേച്ചിയുടെ സഹോദരന്‍ കറിയാച്ചന്‍ എന്റെ സുഹൃത്തായിരുന്നു. ഒരു വെള്ളിയാഴ്ച കറിയാച്ചന്‍ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചു. കുടുംബമായി കഴിയുന്നവര്‍ അന്ന് വളരെ കുറവായിരുന്നതിനാല്‍ നല്ല ഭക്ഷണം ഓഫര്‍ ചെയ്യുന്ന അത്തരം ക്ഷണങ്ങള്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവര്‍ പൊതുവേ പ്രിയപ്പെട്ടിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ ഏഴെട്ടുപേര്‍ അവിടെ ഉണ്ടായിരുന്നു. ഏതെങ്കിലുമൊക്കെ വിധത്തില്‍ ആ കുടുംബത്തിന്റെ കൂട്ടുകാര്‍. അവരുടെ എണ്ണം കൂടിവന്നതല്ലാതെ ഒരിക്കലും കുറഞ്ഞില്ല. അവരെല്ലാം തമ്പിച്ചായനും കുഞ്ഞമ്മച്ചേച്ചിക്കും പ്രിയപ്പെട്ട അനിയന്മാരായിരുന്നു. നാനാജാതിമതസ്തരായ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ളവര്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. വിവാഹത്തിനും മറ്റും പാചകത്തിനായി ഉപയോഗിക്കുന്ന തരം വലിയ പാത്രത്തിലാണ് കുഞ്ഞമ്മച്ചേച്ചി ബിരിയാണി വച്ചിരുന്നത്. ബിരിയാണിയും തൈര് കലര്‍ത്തിയ സാലഡും പപ്പടവും അച്ചാറുമായിരുന്നു സ്ഥിരം മെനു. വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഓരോരുത്തരായി എത്തിത്തുടങ്ങും. നേരത്തേ എത്തുന്നവര്‍ പാചകത്തില്‍ സഹായിക്കും. പിന്നെ കൊണ്ടുപിടിച്ച ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമാണ്. കക്ഷിരാഷ്ട്രീയവും മതവുമായിരുന്നു വിഷയങ്ങള്‍. ആക്രമണോത്സുകമായ വിമര്‍ശനങ്ങളായിരുന്നു കൂടുതല്‍. അവര്‍ക്ക് മൂന്ന് ആണ്മക്കളായിരുന്നു; ഷാനു ഷോണു ഷൈനു. ഞാനവരുടെ പ്രിയപ്പെട്ട ആന്റണി അങ്കിളായി. ഒരു ദിവസം കുഞ്ഞമ്മച്ചേച്ചി എന്നോട് ചോദിച്ചു: "വീട്ടില്‍ മൂത്ത സഹോദരിമാര്‍ എന്താ വിളിക്കുന്നതെന്ന്. ജോയിച്ചന്‍ എന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ സഹോദരിമാരെ എന്താ അങ്ങോട്ട് വിളിക്കുന്നതെന്നായി കുഞ്ഞമ്മച്ചേച്ചി. പെങ്ങള്‍ എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍ ഇന്നുമുതല്‍ നമുക്കിടയില്‍ അങ്ങിനെ മതിയെന്ന് കുഞ്ഞമ്മച്ചേച്ചിയും പറഞ്ഞു.

വര്‍ഗീസും കുടുംബവും
വര്‍ഗീസും കുടുംബവും

അങ്ങിനെയാണ് ദുബായില്‍ എനിക്ക് ഒരു പെങ്ങള്‍ ഉണ്ടായത്. പതിറ്റാണ്ടുകള്‍ കടന്നിട്ടും സംബോധനകള്‍ മാറ്റമില്ലാതെ തുടരുന്നു. എന്റെ കുടുംബം ദുബായില്‍ എത്തിയപ്പോള്‍ അവധിദിനങ്ങളില്‍ മക്കള്‍ മൂവരും എന്റെ വീട്ടിലായി. ഞാന്‍ അവര്‍ക്ക് അദ്ധ്യാപകനും പരിശീലകനുമായി. എന്റെ മക്കള്‍ക്ക് അവര്‍ സഹോദരന്മാരായി. ജസ്സിക്ക് അവരും മക്കളായി. ഈ അടുപ്പം ഇളകാതെ തുടരുന്നു. കറിയാച്ചന്‍ വിവാഹം കഴിച്ചു. പൊങ്കുന്നം സ്വദേശി തങ്കമ്മയെന്ന് ഞങ്ങള്‍ വിളിക്കുന്ന മേരി സ്‌കറിയായെ. അവര്‍ക്ക് രണ്ട് മക്കള്‍, മാര്‍ട്ടിനും മെല്‍വിനും.

വര്‍ഷങ്ങള്‍ പോകെ കറിയാച്ചന്‍ വാഹനാപകടത്തില്‍ മരിച്ചു. തമ്പിച്ചായനും കുഞ്ഞമ്മപ്പെങ്ങളും റിട്ടയറായി നാട്ടിലേക്ക് പോന്നു. മക്കള്‍ മൂന്നുപേരും വിവാഹിതരായി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കുടുംബമായി ജീവിക്കുന്നു. ഇന്നും ഞാന്‍ ആ കുടുംബത്തിലെ അംഗം തന്നെ. ഇപ്പോഴും ഇടയ്ക്ക് മനയ്ക്കല്‍ച്ചിറയിലേക്ക് സന്തോഷത്തോടെ പോകുന്നു. ഈ വിധം ദേശദൂരങ്ങളെയും ജാതിമതങ്ങളെയും അതിലംഘിക്കുന്ന സൗഹൃദക്കൂട്ടങ്ങള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയിലെ മഴവില്‍മനോഹാരിതയാണ്. ദീര്‍ഘകാലം ഗള്‍ഫില്‍ കഴിഞ്ഞതുകൊണ്ട് എന്റെ അടുത്ത കൂട്ടുകാര്‍ ഗള്‍ഫുകാരാണ്. ഇപ്പോഴും സന്തോഷത്തോടെ ഇടയ്ക്ക് കൂട്ടത്തില്‍ ഒരാളുടെ വീട്ടില്‍ ഒത്തുകൂടുമ്പോള്‍ അവയെല്ലാം പുതുങ്ങുന്നു. ദേശദൂരങ്ങള്‍ അഴിഞ്ഞുപോകുന്നു. ഞങ്ങള്‍ തനിമലയാളികളായി പിന്നെയും വീണ്ടെടുക്കുന്നു. ആനന്ദിക്കുന്നു. ജാതിമതങ്ങളെയും പ്രാദേശിക വേര്‍തിരിവുകളെയും കക്ഷിരാഷ്ട്രീയത്തെയും വിഷം തീണ്ടാത്ത കോവിഡ് ദൂരത്തില്‍ നിര്‍ത്താന്‍ യത്‌നിക്കുന്നു.

വിനീത
വിനീത

കുടുംബം ഒപ്പമായതോടെ ചെലവുകള്‍ കൂടാന്‍ തുടങ്ങി. മകള്‍ വിനീത അവര്‍ ഓണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായി. വസന്തും ഒപ്പം പോകാന്‍ തിടുക്കം കൂട്ടി. ചാക്കോസാറിന്റെ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ട് വരവും ചെലവും ക്രമപ്പെടുത്തുക ക്ലേശകരമായി. വീട്ടിലേക്കും പണം അയയ്ക്കണമായിരുന്നു. ഇളയവരുടെ പഠനച്ചെലവുകളും കൂടിവന്നു. ഇതിനിടയില്‍ ഒരു സഹോദരിയുടെ വിവാഹം നടത്താനായി. കൂടുതല്‍ ശമ്പളമുള്ള മറ്റൊരുജോലി തേടല്‍ എന്റെ മുന്‍ഗണന പട്ടികയില്‍ ഒന്നാമതായി. ഈ സാഹചര്യത്തിലാണ് ഗള്‍ഫില്‍ യുദ്ധത്തിന്റെ ഇരുള്‍ മേഘങ്ങള്‍ പടര്‍ന്നത്. 1990 ആഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈന്‍ കുവൈറ്റ് എന്ന ഗള്‍ഫ് രാജ്യത്തെ ഏകപക്ഷീയമായി സൈന്യത്തെ അയച്ച് കീഴടക്കി. മേഖലയെ അത് അസ്വസ്ഥമാക്കി. സദ്ദാമിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് കിംവദന്തികള്‍ പടര്‍ന്നു. സൈനികമായി ചുവടുറപ്പിക്കാനും സ്വാധീനം പെരുപ്പിക്കാനുമായി കരുക്കള്‍ സൂക്ഷ്മതയോടെ നീക്കിയിരുന്ന അമേരിക്ക തന്ത്രപൂര്‍വ്വം ഗള്‍ഫ് തലസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. അമേരിക്കയും സ്വരാജ്യങ്ങളും ചേര്‍ന്ന് ഇറാഖിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. വഴങ്ങിക്കൊടുക്കാന്‍ സദ്ദാമും തയ്യാറായിരുന്നില്ല. ജോര്‍ജ് ബുഷും മാര്‍ഗരറ്റ് താച്ചറും യുദ്ധാനുകൂലികളായിരുന്നു. നാറ്റോപ്പട ഗള്‍ഫിലേക്ക് നീങ്ങാന്‍ ആരംഭിച്ചു. മുസ്ലിംങ്ങളുടെ പരമോന്നത തീര്‍ത്ഥാടന നഗരമായ മക്ക സൗദി അറേബ്യയില്‍ നിന്നും പിടിച്ചെടുക്കാന്‍ സദ്ദാം കോപ്പുകൂട്ടുകയാണെന്ന് ഊഹങ്ങള്‍ പെരുകിവന്നു. എണ്ണസമ്പന്നമായ സൗദി അറേബ്യ സദ്ദാം അനുകൂല ഭരണകൂടത്തിന്റെ കൈപ്പിടിയില്‍ ആയാല്‍ പിന്നെ അയാളെ പിടിച്ചാല്‍ കിട്ടില്ലെന്ന് അമേരിക്ക ഗണിച്ചു. ഭയം തീണ്ടിയ ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധത്തിന് അനുകൂലമായി. ജനാധിപത്യം പേരിനുപോലും ഇല്ലാതിരുന്ന ഗള്‍ഫ് മേഖലയില്‍ താഴെത്തട്ടില്‍ നിന്നുമുള്ള കൂടിയാലോചനകളിലൂടെ തീരുമാനങ്ങളിലെത്തുക അസാദ്ധ്യമായിരുന്നു. ഭരണകൂടങ്ങള്‍ നിലനില്‍പ്പിന് പരമപ്രാധാന്യം നല്‍കി.

യുദ്ധം ഒഴിവാകാന്‍ പോകുന്നില്ലെന്ന് എനിക്ക് തോന്നി. കുടുംബത്തെ ഞാന്‍ നാട്ടിലേക്കയച്ചു. പലരെയും പോലെ യുദ്ധം നീണ്ടുനിന്നേക്കുമെന്ന് ഞാനും ഭയന്നു. അരിയും പരിപ്പും കടലയും അതിജീവനത്തിനായുള്ള മറ്റ് ഇനങ്ങളും സ്‌റ്റോക് ചെയ്തു. എല്ലാത്തിനും വില കയറാന്‍ തുടങ്ങിയിരുന്നു. ഗവര്‍മെന്റ് നിര്‍ദ്ദേശം പാലിച്ച് ജനാലച്ചില്ലുകളെല്ലാം പ്രകാശം പുറത്ത് കാണാത്തവിധം പൊതിഞ്ഞു. നൈറ്റ് കര്‍ഫ്യു നിലവില്‍ വന്നു. രാത്രിവിളക്കുകള്‍ മാഞ്ഞുപോയി. 1991 ജനുവരി 17 ന് ഡസര്‍ട്ട് സ്‌റ്റോം എന്ന് വിളിപ്പേരിട്ട ഒന്നാം ഗള്‍ഫ് യുദ്ധം ആരംഭിച്ചു. ഫെബ്രുവരി 28 വരെ അത് നീണ്ടുനിന്നു. ആകാശത്തും കടലിലുമായിരുന്നു സംഘര്‍ഷം. കരയുദ്ധം ഒരാഴ്ച തികച്ചില്ല. ഇറാഖ് സൈന്യത്തെ തുരത്തി സേനകള്‍ കുവൈറ്റ് പിടിച്ചെടുത്തു. പഴയ എമീര്‍ ഭരണകൂടം തിരികെയെത്തി. കരയുദ്ധത്തിന്റെ അവസാന നാളുകളില്‍ അച്ഛന്‍ ഹൃദയാഘാതത്താല്‍ മരിച്ചതായി നാട്ടില്‍ നിന്നും വിവരമെത്തി. നാട്ടില്‍ പോകാനാവുമോ എന്നത് സംശയത്തിലായിരുന്നു. വിമാന സര്‍വീസുകളുടെ എണ്ണം കുറച്ചിരുന്നെങ്കിലും നിര്‍ത്തിവച്ചിരുന്നില്ല. അതിനാല്‍ ചെറിയൊരു എമര്‍ജന്‍സി ലീവില്‍ നാട്ടില്‍പ്പോയി വരാനായി. അച്ഛന്റെ അഭാവത്തില്‍ കുടുംബത്തിന്റെ ചുമതലകളുടെ ഉത്തരവാദം എനിക്കായി. കൂടുതല്‍ വരുമാനമുള്ള ഒരു ജോലിയുടെ ആവശ്യം കൂടുതല്‍ അനുഭവപ്പെട്ടു.

PJJ-&-wife.jpg
പി.ജെ.ജെ. ആന്റണിയും ഭാര്യയും

ആയിടയ്ക്കാണ് എന്റെ സുഹൃത്തും ഭാര്യാമാതാവിന്റെ സഹോദരീഭര്‍ത്താവുമായ ജോസ് പേക്കാട്ടില്‍ സൗദിയില്‍ എത്തുന്നത്. അമേരിക്കന്‍ പൗരനായ അദ്ദേഹം സൗദി-അമേരിക്കന്‍ സംയുക്ത സംരംഭമായ ഒരു വലിയ പെട്രൊകെമിക്കല്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ പഴ്‌സണല്‍ മാനേജരായിട്ടാണ് എത്തിയത്. കൂടുതല്‍ വരുമാനമുള്ള ഒരു ജോലിക്കായുള്ള എന്റെ ആവശ്യം ഞാന്‍ ജോസിനോട് പറഞ്ഞു. വൈകാതെ ആ സ്ഥാപനത്തില്‍ നിന്നും ഒരു ജോബ് ഓഫര്‍ ലഭിച്ചു. ആയിരത്തിലേറെ തൊഴിലാളികള്‍ പാര്‍ക്കുന്ന ക്യാമ്പിന്റെ അഡ്മിന്‍ സുപ്പര്‍വൈസര്‍. ഞാന്‍ രാജി നല്‍കി. അത് സ്വീകരിക്കാന്‍ ചാക്കോസാര്‍ ആദ്യം സന്നദ്ധനായില്ല. ചാക്കോസാറും കുടുംബവുമായുള്ള അടുപ്പം അവിടം വിട്ടുപോരാന്‍ എനിക്കും വിഷമം ഉണ്ടാക്കിയെങ്കിലും മുന്നില്‍ മറ്റ് പോംവഴികള്‍ ഉണ്ടായിരുന്നില്ല. പാതിമനസ്സോടെ ദുബായിയോട് യാത്ര പറഞ്ഞ് ഞാന്‍ നാട്ടിലെത്തി. സൗദി വിസ പ്രൊസസ് ചെയ്ത് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സൗദി അറേബ്യയിലെ കര്‍ശന നിയമങ്ങളെക്കുറിച്ചുള്ള ആവലാതികള്‍ അക്കാലത്ത് സുലഭമായിരുന്നു. പല സ്‌നേഹിതരും എന്നെ നിരുത്സാഹപ്പെടുത്തി. ഒടുവില്‍ സൗദി എംബസ്സിയില്‍ നിന്നും പാസ്‌പ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടി. വിമാന ടിക്കറ്റും റെഡിയായി..

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന്റെ ബഹളമായിരുന്നു. ബി.ജെ.പി പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും അവര്‍ ഇടയ്ക്ക് പാലം വലിച്ചതിനാല്‍ വി.പി.സിംഗിന് കാലാവധി പൂര്‍ത്തിയാക്കാനായില്ല. കോണ്‍ഗ്രസ് പിന്തുണയോടെ ജനതാദള്‍ നേതാവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ആയെങ്കിലും ആ പിന്തുണയും നിലനിന്നില്ല. രാജിവച്ച ചന്ദ്രശേഖര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിനായി ശിപാര്‍ശ ചെയ്തു. അങ്ങിനെയാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. രണ്ടാം ഊഴത്തിനായി പൊരുതുന്ന രാജീവ് ഗാന്ധിയും കോണ്‍ഗ്രസ് കക്ഷിയും ഒരുവശത്ത്.

രാജീവ് ഗാന്ധി
രാജീവ് ഗാന്ധി

മറുവശത്ത് കലങ്ങി മറിഞ്ഞ് പരസ്പരം ചെളിവാരി എറിയുന്ന ഒരു കൂട്ടവും. ഉത്തര്‍പ്രദേശില്‍ അധികരത്തില്‍  എത്തിയതിന്റെ ആത്മവിശ്വാസവുമായി ബി.ജെ.പിയും രംഗത്തുണ്ടായിരുന്നു. രാജീവ് ഗാന്ധി അധികാരത്തില്‍ മടങ്ങിവരുമെന്നത് ഉറപ്പായിരുന്നു. കൊച്ചിയില്‍ നിന്നും ഞാന്‍ ബോംബെയിലെത്തി. അക്കാലത്ത് ബോംബെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്നും നടന്ന് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്താമായിരുന്നു. അര്‍ദ്ധരാത്രിയോടടുത്താണ് ദമാമിലേക്കുള്ള എന്റെ സൗദി എയര്‍വേസ് വിമാനം. ചെക്കിന്‍ ചെയ്യാന്‍ എനിക്ക് വലിയ ലഗ്ഗേജ് ഒന്നും ഉണ്ടായിരുന്നില്ല. രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. പത്തെ പത്തിന് ശ്രീപെരുമ്പത്തൂരില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ധനു എന്ന് വിളിപ്പേരുള്ള തേന്മൊഴി രാജരത്‌നം ചാവേര്‍ ബോംബായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിച്ചു. ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് ഒളിപ്പോരാളിയായിരുന്നു അവള്‍. പതിഞ്ഞ ഒച്ചയില്‍ എനിക്ക് ചുറ്റും വിമാനത്താവളം വിറുങ്ങലിച്ചു.

ഞാന്‍ കയറിയ വിമാനം പറന്ന് പൊങ്ങി. അപരിചിതമായ ഒരു നാട്ടിലേക്കുള്ള എന്റെ കന്നിയാത്ര. അശുഭകരമായ കാര്യങ്ങളാവുമോ എന്നെ കാത്തിരിക്കുന്നത്? മനസ്സില്‍ ആശങ്കകള്‍ പടരുന്നുണ്ടായിരുന്നു. പിന്നില്‍ എന്റെ നാടും ജനങ്ങളും അതിലേറെ കുഴപ്പിക്കുന്ന സന്നിഗ്ദ്ധതകളുമായി മല്ലിടാന്‍ തുടങ്ങുകയായിരുന്നു

 

പി. ജെ. ജെ. ആന്റണി  

എഴുത്തുകാരന്‍
 

  • Tags
  • #P.J.J. Antony
  • #Expat
  • #Memoir
  • #Saudi Arebia
  • #Gulf Malayali
  • #Gulf War
  • #Rajiv Gandhi
  • #Saddam Hussein
  • #America
  • #Gulf Orma Ezhuth
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Joel

24 Dec 2020, 11:31 AM

Pretty! This was a really wonderful article. Thanks for providing these details. Have a look at my web page <a href="http://cablebill.net/__media__/js/netsoltrademark.php?d=reallesbiantube.com">Lesbian scissoring porn</a>

JoHnNy

19 Aug 2020, 02:21 AM

Nice , thoroughly enjoyed till the end ...interesting ..the way you connected the incidents between countries felt like there was no borders ...such a great and smooth transition ..💐Thank you P.J.J

K.P.S.NAYAR

11 Aug 2020, 10:36 PM

വളരെയേറെ ഹൃദ്യവും മനോഹരമായ എഴുത്ത്. പി.ജെ.ജെയുടെ കഥകൾ പോലെ തന്നെ

Hortense

22 Jul 2020, 05:08 PM

I simply couldn't go away your website prior to suggesting that I really loved the standard information an individual supply in your guests? Is going to be again steadily in order to inspect new posts. My web blog ... <a href="http://legride.com.kelp.arvixe.com/UserProfile/tabid/61/userId/5623922/Default.aspx">Blaux Air Conditioner</a>

Erlinda

22 Jul 2020, 04:33 PM

Excellent post. I was checking constantly this weblog and I am impressed! Very useful info specially the final part : ) I handle such information a lot. I used to be seeking this particular information for a long time. Thank you and good luck. Also visit my website :: <a href="http://kevinsadler.qhub.com/member/1656133">Super Slim Keto</a>

Hope

22 Jul 2020, 02:56 PM

Thanks, I've just been searching for info about this subject for ages and yours is the best I've found out till now. But, what about the bottom line? Are you sure in regards to the supply? my blog post - <a href="https://geegram.net/MerleRooney741240">http://keto101pills.com/macro-keto-pills/</a>

Henry

9 Jul 2020, 11:53 AM

chakko sarinte Yousef Machinele chila ormmakalum, Jumairayile Antonyude villau yum, avidethe othukoodalum eppozum ormmayil varunnu. njangal vellutha Issussu pikupumayi varumbol kochukuttante santhoshaum, porumpol tattaparchilum, nalle varaam ketta enna parachilum eppozhum ennale ennapole oorkkunnu. sambathika preshnam ondayenkilum santhoshathode kazhichukootti. nalla kure ormmakal Antony thannu.

Martin Valooran

7 Jul 2020, 11:59 PM

Sincere narration of true life experience makes it very close to the hearts of readers especially to a 'pravasi' like me. Looking forward to the next part (Saudi life).

T,A .Francis, Barbara Gujarat.

6 Jul 2020, 07:28 PM

Very open and honest in telling the truth.As a writer you have your style which certainty will take you to hights.

Satheesank

6 Jul 2020, 01:48 PM

Great writing and good memories and some points are bringing nostalgic feelings especially desert storm. Keep going all the best

Pagination

  • Current page 1
  • Page 2
  • Page 3
  • Next page Next ›
  • Last page Last »
innocent

Memoir

ദീദി ദാമോദരന്‍

സ്‌നേഹത്തോടെ, ആദരവോടെ, വിയോജിപ്പോടെ, പ്രിയ സഖാവിന് വിട

Mar 27, 2023

3 Minutes Read

innocent a

Memoir

ബി. സേതുരാജ്​

ഇന്നസെന്റ്‌​: പാർലമെന്റിലെ ജനപ്രിയ നടൻ

Mar 27, 2023

4 Minutes Read

sarah joseph

Podcasts

കെ.വി. സുമംഗല

വാതില്‍പ്പഴുതുകള്‍ ​​​​​​​ ദേശക്കാഴ്ചകള്‍

Feb 23, 2023

29 Minutes Listening

Sarah Joseph

Memoir

സാറാ ജോസഫ്

വാതില്‍പ്പഴുതുകള്‍ ​​​​​​​ദേശക്കാഴ്ചകള്‍

Feb 21, 2023

17 Minutes Read

-vani-jayaram

Memoir

സി.എസ്. മീനാക്ഷി

ഓരോ കേൾവിക്കും ഓരോ സ്വരമായ വാണി

Feb 06, 2023

5 Minutes Read

arun

OPENER 2023

അരുണ്‍ പ്രസാദ്

ഇറങ്ങിപ്പോന്ന ഇടങ്ങളിലെ, ഒഴിഞ്ഞ പൂന്തോട്ടങ്ങള്‍ നല്‍കിയ ശൂന്യത

Jan 03, 2023

5 Minutes Read

K P Sasi

Memoir

എന്‍.സുബ്രഹ്മണ്യന്‍

കെ.പി. ശശി; ക്യാമറയുടെ കലാപ സന്നദ്ധത

Dec 26, 2022

5 Minutes Read

t g jacob

Memoir

ഒ.കെ. ജോണി

ടി.ജി. ജേക്കബ്​: ഒരു നഗ്​നപാദ മാർക്​സിസ്​റ്റ്​ ബുദ്ധിജീവി

Dec 25, 2022

3 Minutes Read

Next Article

സെന്റ് മാര്‍ക്ക് സ്‌ക്വയറിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster