truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
ടി.വി. കൊച്ചുബാവ

Memoir

ടി.വി. കൊച്ചുബാവ

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന
ഒരു ടി.വി. കൊച്ചുബാവ

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഒരു ടി.വി. കൊച്ചുബാവ; ഗള്‍ഫ് ഓര്‍മ്മയെഴുത്ത് -3

പിന്നെയും പാതിരാ വിളികള്‍ പലതും വന്നു. ആത്മഹത്യ ചെയ്തവരുടെ പരിചയക്കാരുടെ വിളികള്‍. ചിലരുടെ മൃതദേഹം നാട്ടിലേക്കയച്ചു. ചിലരെ ദുബായുടെ മണ്ണില്‍ അവസാനിപ്പിച്ചു. പ്രവാസ ജീവിതത്തിനിടയിലെ വിചിത്രമായ അത്തരം അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ലേഖകന്‍.

13 Jun 2020, 05:28 PM

പി. ജെ. ജെ. ആന്റണി

നൂറുപേരോളം തൊഴിലെടുക്കുന്ന ചെറിയൊരു എഞ്ചിനിയറിംഗ് സ്ഥാപനമായിരുന്നു അത്. കടച്ചില്‍ യന്ത്രങ്ങളും മില്ലിംഗ് മെഷീനും കൂറ്റന്‍ ഡ്രില്ലറും ബെന്‍ഡറും കട്ടറും വെല്‍ഡിംഗ് സാമഗ്രികളും നിറഞ്ഞ് സദാ പരുക്കനൊച്ചകള്‍ തെഴുക്കുന്ന ഒരിടം. തൃശൂര്‍ ഒല്ലുര്‍ സ്വദേശിയായ ഇലവുത്തിങ്കല്‍ ചാക്കോ എന്ന എഞ്ചിനിയര്‍ ആയിരുന്നു ഉടമ. ഡെന്നി ചെര്‍പ്പുകാരന്‍ എന്ന മിടുക്കനായ യുവ എഞ്ചിനീയര്‍ സഹായിയും. സ്വന്തമായി എഞ്ചിനിയറിംഗ് ബിസിനസ് രംഗത്തേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു ഡെന്നി. പച്ചക്കറി തരകും സ്വര്‍ണ്ണവ്യാപാരവുമായിരുന്നു ഡെന്നിയുടെ കുടുംബ ബിസിനസ്. അതില്‍നിന്നും കുതറി മറ്റെന്തെങ്കിലും മേഖലയില്‍ ചുവടുറപ്പിക്കണമെന്ന മോഹം ആ യുവാവിന് കലശലായിരുന്നു. നാട്ടില്‍ ധനികരായ പല ചെറുപ്പക്കാരും ഈവിധ സ്വപ്നങ്ങളുമായി ദുബായിലെത്തിയിരുന്നു. ആര്‍ക്കും ഒരു കുതിപ്പിനുള്ള അവസരം അക്കാലത്തെ ദുബായ് നല്‍കിയിരുന്നു. പലരും പൊലിച്ചു, ചിലര്‍ പൊലിഞ്ഞു (ഡെന്നി ഇപ്പോള്‍ ഷാര്‍ജയില്‍ ഒരു എഞ്ചിനിയറിംഗ് സ്ഥാപനം വിജയകരമായി നടത്തുന്നു - ഡിസൈന്‍ സ്‌പോട്ട്).

chako
എഞ്ചിനിയര്‍ ചാക്കോ ദുബായിലെ ഒരു പൊതുപരിപാടിയ്ക്കിടെ

ഇന്ത്യയില്‍ നിന്നും പോരുന്നതിന് മുമ്പേ ബാംഗ്ലൂരില്‍ ആരംഭിച്ച ബിരുദപഠനം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ സായാഹ്ന കോഴ്‌സിലൂടെ പോസ്റ്റ് ഗ്രാജുവേഷന്‍ അവസാന വര്‍ഷം ആയപ്പോഴായിരുന്നു ഗള്‍ഫ് യാത്ര. അത് ഉത്സാഹത്തോടെ തുടരാനും ഞാന്‍ തീരുമാനിച്ചു. എഞ്ചിനിയറിംഗില്‍ അസാധാരണ വൈഭവമുള്ള ഒരു സീനിയര്‍ ആളായിരുന്നു ചാക്കോസാര്‍. വഴങ്ങിക്കൊടുക്കാനുള്ള അദ്ദേഹത്തിന്റെ മടിയും നിലവിലുണ്ടായിരുന്ന കൈക്കൂലി/കമ്മീഷന്‍ മാമൂലുകളോടുള്ള ഇടച്ചിലും സാമ്പത്തിക പ്രതിസന്ധികളിലേക്ക് സ്ഥാപനത്തെ പലപ്പോഴും നയിച്ചു. എന്നിട്ടും തന്റെ സമീപനങ്ങളിലും ശാഠ്യങ്ങളിലും മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായില്ല. ദുബായ് മലയാളികളുടെ പൊതുവേദികളിലും ചാക്കോ സാര്‍ സജീവമായിരുന്നു. മക്കള്‍ റോസും സരീനയും അറിയപ്പെടുന്ന ഗായകരായിരുന്നു. റോസ് പിന്നീട് മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലും പാടി. പരസ്യചിത്രങ്ങളിലെ ജിംഗിളുകളില്‍ സരീനയുടെ സ്വരം നിറഞ്ഞു.

rose and sareena
റോസും സരീനയും

തൊണ്ണൂറുകളില്‍ ഇന്ത്യയിലെ മാനേജര്‍ എന്നതായിരുന്നു എന്റെ തസ്തിക. ബെന്നി വര്‍ഗീസ് എന്ന അസിസ്റ്റന്റും ഉണ്ടായിരുന്നു. ചാക്കോ സാറിന്റെ അടുത്തബന്ധുവായിരുന്നു ആ യുവാവ്. മകന്‍ ജോ ഉള്‍പ്പെടെ മറ്റ് പല ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. ഞാനും ബെന്നിയും കൈമെയ് മറന്ന് പരിശ്രമിച്ചിട്ടും ആ വണ്ടി പലപ്പോഴും വഴിയില്‍ കിതച്ചുനിന്നു. മെറ്റലും വെല്‍ഡിംഗ് സാമഗ്രികളും ഗാസും ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കിയായിരുന്നു. ഒന്നോ രണ്ടോ മാസം കഴിഞ്ഞുള്ള തിയ്യതിയാവും ചെക്കില്‍. ആ ഡേറ്റില്‍ കമ്പനിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങും. അതോടെ ഫോണില്‍ കശപിശയാവും. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പണം കൊടുത്ത് സംഭവം ക്ലീനാകും. അതൊക്കെ ഈ ബിസിനസില്‍ പതിവായിരുന്നു. കൊണ്ടും കൊടുത്തുമുള്ള ഒരു പോക്ക്. വഴക്കൊക്കെ നടന്നുകൊണ്ടേയിരിക്കും. മാനേജര്‍ എന്ന നിലയില്‍ വഴക്കും രാജിയാകലും എന്റെ പണിയുടെ ഭാഗമായിരുന്നു. അങ്ങിനെ പതിവായി വഴക്കിടുന്നവരില്‍ ഒരാള്‍ ഒരു ബാവ ആയിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഗാസുകള്‍ സപ്ലെ ചെയ്യുന്ന ഒരു ഷാര്‍ജ കമ്പനിയുടെ അക്കൗണ്ടന്റ്. അങ്ങോട്ടുമിങ്ങോട്ടും കശപിശകള്‍ ഒന്നും ഇല്ലെങ്കില്‍ ഞാനും ബാവയും നാട്ടുവര്‍ത്തമാനങ്ങളൊക്കെ പറയും. സ്‌നേഹിക്കും. ചെക്ക് മടക്കല്ലേ എന്ന് പറഞ്ഞാവും ബാവ മിക്കപ്പോഴും ഫോണ്‍ വയ്ക്കുക.

"ഇക്കൊല്ലത്തെ അങ്കണം അവാര്‍ഡ് ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒരു കൊച്ചുബാവയ്ക്കാണെന്ന് രാവിലെ പത്രത്തില്‍ വായിച്ചു. നിങ്ങളൊ മറ്റോ ആണോ അത്?' എന്നെ അമ്പരപ്പിച്ചുകൊണ്ട് ബാവ കുലുങ്ങിച്ചിരിച്ചു. "അത് അടിയന്‍ തന്നെയാണേ'

രാവിലെ ഓഫീസില്‍ എത്തുമ്പോല്‍ തലേ ദിവസത്തെ പത്രം മേശപ്പുറത്തുണ്ടാകും. അതില്‍ നിന്നാണ് തുടക്കം. കഥയ്ക്കുള്ള അക്കൊല്ലത്തെ അങ്കണം അവാര്‍ഡ് ഗല്‍ഫില്‍ ജോലിചെയ്യുന്ന ഒരു കൊച്ചുബാവയ്ക്കാണെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. ഗാസ് ഓര്‍ഡര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. ഒരു ചെക്ക് ബൗണ്‍സായി കിടക്കുകയാണ്. ബാവ കലിപ്പിലാണ്. രാകേത് ഗാസ് കമ്പനി ഡയല്‍ ചെയ്തു. ബാവയായിരുന്നു ഫോണെടുത്തത്. ഒന്ന് സുഖിപ്പിക്കാമെന്ന് കരുതി ചോദിച്ചു, "ഇക്കൊല്ലത്തെ അങ്കണം അവാര്‍ഡ് ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒരു കൊച്ചുബാവയ്ക്കാണെന്ന് രാവിലെ പത്രത്തില്‍ വായിച്ചു. നിങ്ങളൊ മറ്റോ ആണോ അത്?' എന്നെ അമ്പരപ്പിച്ചുകൊണ്ട് ബാവ കുലുങ്ങിച്ചിരിച്ചു. "അത് അടിയന്‍ തന്നെയാണേ' എന്നൊരു മറുപടിയും. സാഹിത്യവുമായി പുലബന്ധമില്ലാത്ത അരസികന്മാരായി ഞങ്ങള്‍ പരസ്പരം കണ്ടിരുന്നതിനാല്‍ അത് തികച്ചും അപ്രതീക്ഷിതമായ ഒരു "എന്‍ കൗണ്ടര്‍' ആയിരുന്നു. കൊച്ചുബാവ വലിയ ആഹ്ലാദത്തില്‍ ആയിരുന്നു. എഴുത്തും വായനയും രണ്ട് അരസികന്മാരുടെ സംഭാഷണങ്ങളിലേക്ക് കന്നിവരവായി. അന്ന് മടികൂടാതെ ബാവ കടമായി ഗാസ് കൊടുത്തയക്കുകയും ചെയ്തു. സാഹിത്യം കൊണ്ടുള്ള ഓരോരോ പ്രയോജനങ്ങള്‍!

bava and family
ടി.വി കൊച്ചുബാവ, കുടുംബത്തോടൊപ്പം

ബാവയും ഞാനും അടുത്ത മിത്രങ്ങളായി. ഞാന്‍ അക്കാലങ്ങളില്‍ മലയാളത്തിലെ രണ്ടാം നിര ആനുകാലികങ്ങളില്‍ സാഹിത്യവിമര്‍ശന സംബന്ധിയായ ലേഖനങ്ങള്‍ എഴുതിയിരുന്നു. ദേശാഭിമാനി, കലാകൗമുദി, പച്ചമലയാളം, മുഖരേഖ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍. അക്കാലങ്ങളില്‍ എഴുത്തിന്റെ ബാധയേറ്റിട്ടുള്ള ഗള്‍ഫുകാരുടെയെല്ലാം അഭ്യുദയകാംക്ഷിയായിരുന്നു ആറ്റക്കോയ പള്ളിക്കണ്ടി. ആറ്റക്കോയ ബാവയുടെ മിത്രമായിരുന്നു. അദ്ദേഹം പത്രാധിപരായിരുന്ന ഗള്‍ഫ് വോയിസ് മാസികയ്ക്ക് അന്ന് ഭേദപ്പെട്ട സര്‍ക്കുലേഷനും ഉണ്ടായിരുന്നു. ബാവ വഴി ഞാന്‍ ഗള്‍ഫ് വോയിസിലും എഴുതിത്തുടങ്ങി. കഥ എഴുതുന്നതിനെക്കുറിച്ച് അപ്പോള്‍ കാര്യമായി ചിന്തിച്ചിരുന്നില്ല. കുട്ടികൃഷ്ണമാരാരും കെ.പി.അപ്പനും ആയിരുന്നു എന്റെ മാതൃകാവിമര്‍ശകര്‍. കക്ഷിരാഷ്ട്രീയം മടുപ്പായിരുന്നു അന്നും ഇന്നും. കൊച്ചുബാവയും ഞാനും മിക്കദിവസങ്ങളിലും സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. ഓഫീസിലുള്ളവരില്‍ മിക്കവര്‍ക്കും എഴുത്തും വായനയും അനിഷ്ടമാണെന്ന് ബാവ സൂചിപ്പിച്ചു. അതിനാല്‍ സാഹചര്യം ഒത്തുവരുമ്പോള്‍ മാത്രമായിരുന്നു ഞങ്ങളുടെ ദീര്‍ഘഭാഷണങ്ങള്‍. അത് മിക്കപ്പോഴും ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ ആയിരുന്നു. ബാവ ദീര്‍ഘനേരം സംസാരിക്കുമായിരുന്നു. കഥാകാരന്‍ എന്ന നിലയില്‍ അതിനകം ബാവ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും വേണ്ടരീതിയില്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന പരാതി ബാവയ്ക്ക് ഉണ്ടായിരുന്നു.

പി.ജെ.ജെ ആന്റണി, പോള്‍ ആലപ്പാട്ട്, പ്രഭാ മാത്യൂസ്, പി.എസ്. സ്‌കറിയ, സ്‌കറിയയുടെ ഭാര്യാസഹോദരന്‍ ഫാദര്‍ ബെര്‍ളി വലിയകം എന്നിവര്‍ക്കൊപ്പം
പി.ജെ.ജെ ആന്റണി, പോള്‍ ആലപ്പാട്ട്, പ്രഭാ മാത്യൂസ്, പി.എസ്. സ്‌കറിയ, സ്‌കറിയയുടെ ഭാര്യാസഹോദരന്‍ ഫാദര്‍ ബെര്‍ളി വലിയകം എന്നിവര്‍ക്കൊപ്പം

എം.ടി ആയിരുന്നു ബാവയുടെ കണ്‍കണ്ട സാഹിത്യദേവന്‍. ഇഷ്ടദേവനെ പുകഴ്ത്തുന്നതില്‍ ഒരിക്കലും പിശുക്ക് കാണിച്ചിരുന്നില്ല. കഥകള്‍ പ്രിയപ്പെട്ടിരുന്നെങ്കിലും എം.ടിയുടെ നോവലുകള്‍ക്ക് അതേ പ്രിയം നല്‍കാന്‍ ഞാന്‍ വിസമ്മതിച്ചു. മഞ്ഞിലെ ദുര്‍മേദസ്സിനെച്ചൊല്ലി ഞങ്ങള്‍ കലഹിച്ചു. സിനിമാക്കാരന്‍ എന്ന നിലയില്‍ ഞങ്ങളിരുവരും എം.ടിയെ വാഴ്ത്തി. എം.ടിയെപ്പോലെ സിനിമയുടെ ജനകീയതയില്‍ തിളങ്ങാന്‍ കൊച്ചുബാവയും മോഹിച്ചു. ബാവയുടെ ബലൂണ്‍ എന്ന തിരക്കഥ സമ്മാനിതമായത് മോഹത്തെ പെരുപ്പിച്ചു. ഒടുവില്‍ ജോലി രാജിവച്ച് നാട്ടിലേക്ക് പോന്നതില്‍ ഈ സിനിമാകമ്പവും കാരണമായിട്ടുണ്ടാവും എന്നാണ് എന്റെ അനുമാനം.

വളരെ സെന്‍സിറ്റീവായ ഒരാളായിരുന്നു മലയാളിയുടെ എഴുത്തില്‍ അസാധാരണ പ്രതിഭയായിരുന്ന കൊച്ചുബാവ. ആധുനികതയുമായി വിഘടിച്ച എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. വ്യക്തികള്‍ക്കിടയിലെ ആഴം കുറഞ്ഞ ഭാഷണശൈലിയെ എഴുത്തിന്റെ ആഖ്യാനരീതിയായി ബാവ വികസിപ്പിച്ചെടുത്തു. അക്കാദമി പുരസ്‌കാരം നേടിയ വൃദ്ധസദനം എന്ന നോവല്‍ ഇതിന്റെ മികച്ച മാതൃകയായിരുന്നു. പെരുങ്കളിയാട്ടം എന്ന നോവല്‍ മറ്റൊരു മാതൃകയിലാണ് ബാവ രചിച്ചത്. വ്യതിരിക്തമായ നാല് ആഖ്യാനസ്വരങ്ങള്‍ മലയാളത്തില്‍ ഒരേ നോവലില്‍ ആദ്യമായി പരീക്ഷിക്കപ്പെടുകയായിരുന്നു. ഒന്നിലധികം കര്‍തൃസ്വരകേന്ദ്രങ്ങള്‍.

എഴുത്തുജീവിതത്തിന്റെ മുഖ്യഭാഗം ഗള്‍ഫില്‍ ആയിരുന്നിട്ടും വിരലിലെണ്ണാന്‍ വേണ്ടും രചനകളില്‍ പോലും ഗള്‍ഫ് ജീവിതം പ്രമേയമായില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ബാവയുടെ പ്രതികരണം രസകരമായിരുന്നു. " ജീവിതം അതിന് പ്രിയപ്പെട്ടതിനെയാണ് ഓര്‍മ്മയിലേക്ക് കൂട്ടുന്നത്. അതില്‍നിന്നാണ് എഴുത്ത് വരുന്നത്. എനിക്ക് ഇവിടത്തെ ജീവിതത്തില്‍ പ്രിയം ഒന്നിനോടും ഇല്ല. അതിനാലാല്‍ എഴുത്തില്‍ അത് കാണപ്പെടുകയുമില്ല'. കൊച്ചുബാവ ഒരുവിധത്തിലും ഗള്‍ഫ് ജീവിതത്തെ പ്രിയപ്പെട്ടില്ല. കനമില്ലാത്തതെന്ന് അവഗണിച്ചു. ഗള്‍ഫിലെ കൂട്ടങ്ങളോടുള്ള ബാവയുടെ സമീപനവും അതായിരുന്നു. എഴുത്തില്‍ റദ്ദായിക്കഴിഞ്ഞവരെ കൊട്ടുംകുരവയുമായി നാട്ടില്‍ നിന്നും ആനയിക്കാന്‍ തിടുക്കപ്പെട്ടവരും ടി.വി കൊച്ചുബാവയെ പരിഗണിച്ചില്ല. അകാലത്തില്‍ അന്തരിച്ചപ്പോള്‍ അവര്‍ കൊച്ചുബാവയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി പ്രായശ്ചിത്തം ചെയ്തു.

അന്ന് ദല ഇടതുപക്ഷ വിശിഷ്ടരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇഷ്ടക്കാരുടെയും കൂട്ടമായിരുന്നു. ഈ എലീറ്റ് മനോഭാവം ഇപ്പോഴും ഗള്‍ഫിലെ മലയാളി സംഘടനകള്‍ കൈവെടിഞ്ഞിട്ടില്ല.

ഗള്‍ഫിലെ മുന്‍നിര മലയാളി സംഘടനകളുടെ സാരഥ്യം ഇടതുപക്ഷക്കാര്‍ക്കായിരുന്നു. ദല ആയിരുന്നു ദുബായിലെ മുഖ്യ മലയാളി സാംസ്‌ക്കാരിക സംഘടന. അതില്‍ അംഗത്വം എടുക്കാനുള്ള എന്റെ പരിശ്രമം വിജയിച്ചില്ല. അന്ന് ദല ഇടതുപക്ഷ വിശിഷ്ടരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇഷ്ടക്കാരുടെയും കൂട്ടമായിരുന്നു. ഈ എലീറ്റ് മനോഭാവം ഇപ്പോഴും ഗള്‍ഫിലെ മലയാളി സംഘടനകള്‍ കൈവെടിഞ്ഞിട്ടില്ല. ഒരു പക്ഷേ സൗദി അറേബ്യയിലെ നവോദയ മാത്രമാകും ഇതിനപവാദം. കാല്‍ ലക്ഷത്തിലേറെ അംഗങ്ങളുള്ള നവോദയയുടെ നേതൃത്വം പാര്‍ട്ടിക്കാര്‍ കൈപ്പിടിയില്‍ വയ്ക്കുമ്പോഴും അതിലെ ബഹുജനപങ്കാളിത്തം ആദരണീയമായി തുടരുന്നുണ്ട്.

ഇന്ത്യന്‍ എംബസ്സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ അസോസിയേഷന്റെയും ഇന്ത്യന്‍ സ്‌കൂളിന്റെയും നേതൃത്വം എംബസിയുടെ ഒത്താശയോടെ വടക്കേ ഇന്ത്യന്‍ സമൂഹം പിടിച്ചടക്കിയിരുന്നു. മഹാഭൂരിപക്ഷം മലയാളികള്‍ ആയിരുന്നിട്ടും വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളാല്‍ തിരഞ്ഞെടൂക്കപ്പെടുന്ന സ്‌കൂള്‍ മാനേജിംഗ് കമ്മറ്റികളില്‍ ഒരിക്കലും മലയാളി ഭൂരിപക്ഷം ഉണ്ടാകാത്തവിധത്തിലാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു സംസ്ഥാനത്തിന് ഒരു പ്രതിനിധി. വിദ്യാര്‍ത്ഥികളുടെ അനുപാതം അവഗണിക്കപ്പെടുന്നു. ഇന്നും വലിയ മാറ്റമൊന്നും കൂടാതെ ഇത് തുടരുന്നു. കുടുംബം ഒപ്പമില്ലാത്തവരാണ് കൂടുതല്‍ മലയാളികളും. അവരുടെ സഹായത്തിനായി ആരുമില്ല. വിസ നിയമലംഘനങ്ങളുടെ പേരില്‍ ജയിലില്‍ ആകുന്നവരും അവര്‍ തന്നെ. അവര്‍ക്ക് നിയമസഹായം തേടാനോ നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടാനോ പുറത്തുള്ളവരുടെ സഹായം ആവശ്യമായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശിയായ പോള്‍ ആലപ്പാട്ട് വെള്ളിയാഴ്ചകളില്‍ ജയില്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. തടവുകാര്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ പറയുന്നവരെ അറിയിക്കുക എന്നതായിരുന്നു പോള്‍ ചെയ്തിരുന്നത്. കടലാസും പേനയും കവറുകളും പൊലീസുകാരുടെ ശ്രദ്ധയില്‍ പെടാതെ അകത്തേക്ക് കടത്തണം. അതത്ര വിഷമകരമൊന്നും ആയിരുന്നില്ല. ഇന്നത്തെ ജയില്‍ കെട്ടിടമൊന്നും അന്നുണ്ടായിരുന്നില്ല. മുള്ളുവേലി വേര്‍തിരിച്ച ഒരിടം. അതിനുള്ളില്‍ മേല്‍ക്കൂര മാത്രമുള്ള ഒരു നീണ്ട ഷെഡ്. പുറത്ത് അതിനോട് ചേര്‍ന്ന് ഓഫീസ്. അവിടെ പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നിയമങ്ങള്‍ കര്‍ക്കശമായിരുന്നില്ല. മുള്ളുവേലിയുടെ ഇരുപുറവുമായി നിന്ന് സംസാരിക്കാം. അറബിക്ക് തോന്നിയാല്‍ ലാത്തിയുമായി വന്ന് എല്ലാവരെയും ഓടിച്ചുവിടും.

mathew
എ.ടി മാത്യൂസും ഭാര്യ ജ്യോത്സനയും

പോളിനൊപ്പം ഞാനും കൂടി. കാര്‍ ഉണ്ടായിരുന്ന മാവേലിക്കരക്കാരന്‍ പ്രഭ മാത്യൂസും സഹായിക്കാനെത്തി. പ്രഭ തിരുവനന്തപുരം ഇവാനിയോസ് കോളജിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു. പിന്നീട് ചങ്ങനാശ്ശേരി തുരുത്തിക്കാരനായ സ്‌കറിയായും കണ്ണൂര്‍ ആലക്കോടുകാരനായ ഏ.ടി മാത്യുവും ഞങ്ങളോട് ചേര്‍ന്നു. ഈ വെള്ളിയാഴ്ച ദൗത്യം വെറും പരിചയക്കാര്‍ മാത്രമായിരുന്ന ഞങ്ങളെ അടുത്ത കൂട്ടുകാരാക്കി. ഞങ്ങള്‍ എല്ലാവരും ദുബായില്‍ കുടുംബമായി കഴിയുന്നവര്‍ ആയിരുന്നു. മറ്റുള്ളവര്‍ ഞങ്ങളെ പഞ്ചപാണ്ഡവരെന്ന് കളിയായി വിളിച്ചു.

ദുബായിലെ ജുമേറായില്‍ കടല്‍ത്തീരത്ത് തീരെ ചെറിയ ഒരു വണ്‍ ബെഡ് റൂം വീട്ടിലായിരുന്നു എന്റെവാസം. പങ്കാളിയും രണ്ട് മക്കളും ഒപ്പം. ഒരു വെള്ളിയാഴ്ച രാത്രി പാതിരാ കഴിഞ്ഞപ്പോള്‍ ഫോണ്‍ ഒച്ചയിട്ടു. അന്ന് മൊബൈല്‍ വ്യാപകമായിരുന്നില്ല. ഫോണില്‍ അപേക്ഷാസ്വരം. "പൊലീസ് എന്നെ ഉടനെ അറസ്റ്റ് ചെയ്യും. സാര്‍ എന്തെങ്കിലും ചെയ്ത് എന്നെ രക്ഷിക്കണം'. എനിക്കൊന്നും മനസ്സിലായില്ല. നിസ്സഹായതയ്ക്കും പേടിയുടെ വിങ്ങലിനും ഇടയിലൂടെ അങ്ങേത്തലയ്ക്കലുള്ളയാള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ബോംബെയില്‍ ലോക്കല്‍ ട്രെയിനില്‍ ഒരുമിച്ച് യാത്രചെയ്ത് പരിചയപ്പെട്ട സുഹൃത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വിസിറ്റ് വിസയില്‍ ദുബായിലെത്തുന്നു. രണ്ടുപേരും തൃശൂര്‍ ജില്ലക്കാര്‍.

കൂട്ടുകാര്‍ സിനിമ രസിക്കുമ്പോള്‍ അയാള്‍ മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കി. ജീവനറ്റാടുന്ന ദേഹം ജാലകത്തിലൂടെ കണ്ടവര്‍ ഓഫീസില്‍ അറിയിച്ചു. പൊലീസെത്തി. കേസുകള്‍ പലതാണ്.

വിസയുടെ കാലാവധി കഴിഞ്ഞിട്ടും ജോലിയൊന്നും ശരിയായില്ല. (ഒരു ജോലിയും അറിയാത്തയാള്‍ക്ക് എന്ത് ജോലി ശരിയാവാന്‍). ഒരു മാസം കൂടി കാത്താല്‍ ശരിയാക്കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസിക്കാന്‍ ഇടമില്ല. ആഹാരത്തിന് വഴിയുമില്ല. കാലാവധി കഴിഞ്ഞ വിസ ആയതിനാല്‍ ആരും ജോലി കൊടുക്കുകയുമില്ല. കൊടുത്താല്‍ നിയമലംഘനത്തിന് ജയിലിലാകും. കൂട്ടുകാരന്‍ ഹൃദയാലുവായി. പഞ്ചനക്ഷത്ര ഹോട്ടലില്‍ വെയ്റ്റര്‍ ആണ്. ഹോട്ടലിന്റെ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ കൂടാം. ഭക്ഷണം ആരുമറിയാതെ കടത്തിക്കൊണ്ടുവരാം. ഒന്നോരണ്ടോ ആഴ്ചയുടെ കാര്യമല്ലേയുള്ളൂ. അവധിദിവസം കൂട്ടുകാര്‍ കൂടി സിനിമയ്ക്ക് പോകാമെന്നുവച്ചു. തൊഴില്‍രഹിതന് മൂഡില്ലാത്തതിനാല്‍ പോയില്ല. കൂട്ടുകാര്‍ സിനിമ രസിക്കുമ്പോള്‍ അയാള്‍ മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കി. ജീവനറ്റാടുന്ന ദേഹം ജാലകത്തിലൂടെ കണ്ടവര്‍ ഓഫീസില്‍ അറിയിച്ചു. പൊലീസെത്തി.

കേസുകള്‍ പലതാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവനെ സഹായിച്ചു. അതായത് നിയമലംഘനത്തിന് കുട പിടിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റിന്റെ അനുവാദമില്ലാതെ അന്യനെ ക്വാര്‍ട്ടേഴ്‌സില്‍ കൂടെ പാര്‍പ്പിച്ചു. ആത്മഹത്യയോ കൊലപാതകമോ എന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. തെളിയുംവരെ ജയിലില്‍. പഞ്ചപാണ്ഡവരില്‍ അല്‍പം പിടിപാടുള്ളയാള്‍ പ്രഭാ മാത്യുസാണ്. സ്വന്തമായി ഫര്‍ണിച്ചര്‍ ബിസിനസ് നടത്തുന്നയാള്‍. അറബി പൗരന്മാര്‍ സുഹൃത്തുക്കളായി ഉള്ളയാള്‍. കൂടാതെ കാറുടമസ്ഥനും. പ്രഭ പാഞ്ഞെത്തി. മിച്ചം പാണ്ഡവര്‍ പിന്നാലെയും. ഞാനും പ്രഭയുമാണ് പൊലീസിനോട് സംസാരിച്ചവര്‍. പൊലീസുകാര്‍ അറബിയും ഞങ്ങള്‍ ഇംഗ്ലീഷും പറഞ്ഞു. ഇരുകൂട്ടര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ മടികൂടാതെ തലകുലുക്കി. ദേഹം ഇറക്കി മോര്‍ച്ചറിയിലേക്ക് അയച്ചു. സംഭവം നടന്ന മുറിയിലെ താമസക്കാരായ രണ്ട് ചെറുപ്പക്കാരും ഒപ്പം ഞാനും പ്രഭയും സ്‌റ്റേഷനിലേക്ക് ചെല്ലണമെന്ന് പൊലീസുകാര്‍ കല്‍പ്പിച്ചു. ഭയം ഞങ്ങളെയും വിഴുങ്ങി. ഭാഗ്യത്തിന് പ്രഭയുടെ സുഹൃത്തായ അറബിപൗരന്‍ അപ്പോഴേക്കും അവിടെയെത്തി പൊലീസുമായി സംസാരിച്ചു. ഏതേതോ കടലാസുകളില്‍ ഒപ്പുവെപ്പിച്ചെങ്കിലും ആരെയും സ്‌റ്റേഷനിലേക്ക് എടുത്തില്ല. പുലരും മുന്‍പേ വീട്ടിലെത്തിയതിനാല്‍ ജോലിക്ക് പോകാനായി.

മൂന്നുനാല് ദിവസങ്ങള്‍ അവസാനിച്ചപ്പോള്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ഇനി നാട്ടിലേക്ക് അയക്കാനായി മൃതദേഹം കൊണ്ടുപോകാമെന്നും പൊലീസില്‍ നിന്നും അറിയിച്ചു. ആത്മഹത്യ ചെയ്തയാള്‍ അവശേഷിപ്പിച്ചുപോയവ പരിശോധിച്ചപ്പോള്‍ വീട്ടുകാരുടെ വിലാസവും ചില ഫോണ്‍ നമ്പരുകളും ലഭിച്ചു. ബന്ധുക്കളായി ദുബായില്‍ ആരും ഉണ്ടായിരുന്നില്ല. പലതവണ ഫോണ്‍ ചെയ്തപ്പോള്‍ ആരോ ഫോണെടുത്തു. പരേതന്റെ പേര്‍ പറഞ്ഞപ്പോള്‍ ഭാര്യയാണെന്ന മറുപടിയും കിട്ടി. ആത്മഹത്യയാണെന്ന് വെളിപ്പെടുത്താതെ മരണവിവരം പറഞ്ഞു.അവര്‍ താഴ്ന്ന സ്ഥായിയില്‍ കരഞ്ഞുതുടങ്ങി. മഴപ്പെയ്ത്ത് പോലെ അത് തുടര്‍ന്നു. തെല്ലുകഴിഞ്ഞ് ഒരു വൃദ്ധസ്വരം ലൈനിലെത്തി. ഞാനവന്റെ അമ്മയാണെന്ന് പറഞ്ഞു. ഞാന്‍ വിവരം പറഞ്ഞു. അവര്‍ ഉറക്കെയുറക്കെ അലമുറയിട്ട് കരഞ്ഞു. എന്തുചെയ്യണമെന്ന് എനിക്ക് അറിയാതെയായി. ഇന്റര്‍നാഷണല്‍ കോളാണ്. ചാര്‍ജ് കുതിക്കുന്നു. പിന്നെ വിളിക്കാമെന്ന് നിനച്ച് ഞാന്‍ ഡിസ്‌കണക്റ്റ് ചെയ്തു. വൈകുന്നേരം വീണ്ടും വിളിച്ചു. ഭാര്യയാണ് സംസാരിച്ചത്. അമ്മയുടെ ഉറക്കെയുള്ള തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ദേഹം വീട്ടിലേക്ക് അയക്കുന്നതിനായി ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമായിരുന്നു. അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ ആ യുവതി "സാറേ കഴിയുമെങ്കില്‍ എന്റെ ചേട്ടനെ അവിടെത്തന്നെ അടക്കണം. ഇങ്ങോട്ട് അയക്കരുത്. വിമാനത്താവളത്തില്‍ പോയി അത് ഏറ്റുവാങ്ങാന്‍ പോലും ഞങ്ങള്‍ക്കാവില്ല. ഇത് മൂന്നാമത്തെ വിസിറ്റ് വിസയാണ്. ഇക്കുറി കിടപ്പാടം വിറ്റ പണം മുടക്കിയാണ് ചേട്ടന്‍ അങ്ങോട്ട് വന്നത്. ഇവിടെ പട്ടിണി മാത്രമേയുള്ളു'. എനിക്ക് ഒന്നും മിണ്ടാനായില്ല. ഞങ്ങള്‍ ഒരുമിച്ച് കൂടി ദുബായില്‍ സംസ്‌കാരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. സാമാന്യം ഭേദപ്പെട്ട ഒരു തുക ആ കുടുംബത്തെ സഹായിക്കാനായി ഞങ്ങള്‍ സമാഹരിച്ച് അയച്ചു. മകള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ കിട്ടത്തക്കവിധം ഒരു തുക ബാങ്കിലും നിക്ഷേപിച്ചു. തൃശൂരില്‍ പരിചയക്കാരനായിരുന്ന മുപ്ലിയം സ്വദേശി ഡോക്ടര്‍ ജോയ്‌സന്‍ പേക്കാട്ടില്‍ ആ കുടുംബത്തെ സഹായിക്കാനായി ഞങ്ങള്‍ക്കൊപ്പം കൂടി.

joyson
ഡോക്ടര്‍ ജോയ്സന്‍ പേക്കാട്ടി ഭാര്യയും

പിന്നെയും പാതിരാ വിളികള്‍ പലതും വന്നു. ആത്മഹത്യ ചെയ്തവരുടെ പരിചയക്കാരുടെ വിളികള്‍. ചിലരുടെ മൃതദേഹം നാട്ടിലേക്കയച്ചു. ചിലരെ ദുബായുടെ മണ്ണില്‍ അവസാനിപ്പിച്ചു. വിചിത്രമായ അനുഭവങ്ങള്‍. ഈ അനുഭവങ്ങള്‍ ചേര്‍ത്തുവച്ചാണ് "മൃതരുടെ പുനരധിവാസം' എന്ന കഥ എഴുതിയത്. സ്‌കറിയ വൈകാതെ ഒരു വാഹനാപകടത്തില്‍ ഞങ്ങളെ വിട്ടുപോയി. മാത്യു ഈയിടെ ഹൃദയാഘാതത്താല്‍ മരിച്ചു. ബാക്കി ഞങ്ങള്‍ മൂവരും അടുത്ത മിത്രങ്ങളായി തുടരുന്നു. ഡോക്ടര്‍ ജോയ്‌സന്‍ പേക്കാട്ടില്‍ അമേരിക്കയില്‍ കാന്‍സര്‍ ഗവേഷണ സ്ഥാപനത്തില്‍ സേവനം ചെയ്യുന്നു. പില്‍ക്കാലത്ത് നിരവധി സംഘടനകള്‍ ഈ വക കാര്യങ്ങള്‍ ഏറ്റെടുക്കാനായി മുന്നോട്ടുവന്നു. എംബസ്സിയും സജീവമായി ഇപ്പോള്‍ രംഗത്തുണ്ട്.


ഒന്നാം ഭാഗം: മറവിക്കെതിരെയുള്ള നീക്കങ്ങള്‍

രണ്ടാം ഭാഗം ഭാഗം: മുംബൈ- ദുബൈ; രണ്ടു നഗരങ്ങൾ പകുത്ത ജീവിതം

പി. ജെ. ജെ. ആന്റണി  

എഴുത്തുകാരന്‍
 

  • Tags
  • #Gulf Malayali
  • #Migrant Labours
  • #P.J.J. Antony
  • #Gulf Orma Ezhuth
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Devan

22 Sep 2020, 05:53 PM

ഓർമ്മകളിലൂടെ ഒരു തിരിച്ചു പോക്ക്. നല്ലെഴുത്ത്.

salu

28 Jul 2020, 12:45 PM

Bewitching and much exciting the notes you are scribbling ...honey n pain dear pjj...rgrds...

സണ്ണി തായങ്കരി .

30 Jun 2020, 10:55 AM

' നല്ലെഴുത്ത്. അഭിനന്ദനങ്ങൾ.'

Prabha Mathews

19 Jun 2020, 02:41 PM

Everything was ordinary ..... our thoughts, living, work and least to say the ever expanding car.....but .all by your simple and exemplary wring made into something extra ordinary....in that time also we could find the spark of a literally genius in you.You made me pass through the nostalgic, golden era of my time , with outmost joy and even with some tears.....Eagerly waiting for the continuing chapters....God bless.

A.D. Jose

18 Jun 2020, 06:33 PM

ആന്റണി ചേട്ടനുമായി കുറച്ചു കാലം സൗദിയിൽ ജോലി ചെയ്തതിരുന്നു..അന്ന് ചാക്ക്‌ കണിക്കിന്‌ പുസ്തകങ്ങൾ ഞാൻ വാങ്ങുമായിരുന്നു. പിന്നെ ദുബായിൽ വന്നു, പോളേട്ടനൊഴിച്ച്‌ പഞ്ചപാണ്ടവരുടെ കൂട്ടുകാരനായി. മോനെ എന്ന് എന്നെവിളിച്ചിരുന്ന സ്കറിയ ചേട്ടൻ നേരത്തെ പോയി. (തോമസ് ചെറിയാൻ സാർ ദാരുണമായ ആ. സംഭവം പ്രതിപാദിച്ചിരുന്നു.). ഇത് വായിച്ചപ്പോൾ മനസ്സ് ഓർമ്മകളിലേയ്ക്‌ ഊളിയിട്ടു.

RAVI VARMA TR

17 Jun 2020, 05:45 PM

തികച്ചും ഹൃദ്യം ആത്മകഥയോട് അടുത്തു നിൽക്കുന്ന ഈ എഴുത്തിന്റെ പുറങ്ങൾ!

Rajan Silvester Arckatty

17 Jun 2020, 03:59 PM

നന്നായി ഒറ്റയിരിപ്പിന് ശ്വാസം വിടാതെ വായിച്ചു

അബു ഇരിങ്ങാട്ടിരി

17 Jun 2020, 09:07 AM

വായിച്ചു. നല്ലയോർമ്മകൾ. ബാവയെക്കുറിച്ചെഴുതിയത് ബഹുരസം. തുടരുക ഈ ഓർമ്മയെഴുത്ത്...

PJJ Antony

17 Jun 2020, 08:07 AM

രണ്ടാമത്തെ പാരഗ്രാഫിന്റെ ഒടുവിൽ ഒരു വരി വിട്ടുപോയിരിക്കുന്നു. . അത് ഇപ്രകാരം വായിക്കുക: "തൊണ്ണൂറുകളിൽ ഇന്ത്യയിലെ മുൻ നിര റോക് ബാൻഡ് ആയിരുന്ന 13 AD യിൽ റോസും സറീനയും പ്രധാന വോക്കലിസ്റ്റുകൾ ആയിരുന്നു." അടുത്ത പാരഗ്രാഫ് തുടങ്ങുന്നത് : "മാനേജർ എന്നതായിരുന്നു സ്ഥാപനത്തിൽ എന്റെ തസ്തിക ......"  റോസിനും സറീനയ്ക്കും ഒപ്പം എൽജോയ്‌ ഐസക്, ജോർജ് പീറ്റർ, പിൻസാണ് കൊറയ, ഗ്ലെൻ ലാറിവ്, ജാക്സൺ അരുജ   തുടങ്ങിയവരായിരുന്നു 13 എഡി യിലെ പ്രമുഖർ 

ഉമേഷ് കളരിക്കൽ

16 Jun 2020, 07:42 PM

നല്ലൊരു വായനാനുഭവം, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്നായി

Pagination

  • Current page 1
  • Page 2
  • Page 3
  • Next page Next ›
  • Last page Last »
Buffer Zone

buffer zone

എം. ഗോപകുമാർ

മൗലികവാദത്തിനും വസ്​തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ

Dec 23, 2022

14 Minutes Read

EA Salim

FIFA World Cup Qatar 2022

ഇ.എ. സലീം

വേള്‍ഡ് കപ്പ് തീര്‍ഥാടനത്തിനു പോയ ഒരു വെള്ളിയാഴ്ചയുടെ ഓര്‍മ്മയ്ക്ക്

Dec 09, 2022

10 Minutes Read

atlas ramachandran

Memoir

മാഡ് മധു

അറ്റ്‌ലസ് രാമചന്ദ്രന്‍, സ്വയം ഒരു പരസ്യമായി മാറിയ മനുഷ്യന്‍

Oct 04, 2022

3 Minutes Read

Gulf Money and Kerala

Expat

കെ.വി. ദിവ്യശ്രീ

മലയാളിയുടെ ഗൾഫ്​ കുടിയേറ്റത്തിൽ ഇടിവ്​, അയക്കുന്ന പണത്തിലും

Jul 21, 2022

17 Minutes Read

Chithram

Film Review

യാക്കോബ് തോമസ്

‘ചിത്രം’: ഭരണകൂട നോട്ടത്തിനുവഴങ്ങുന്ന മലയാളിയുടെ ഫോ​​ട്ടോഗ്രാഫ്​

May 04, 2022

12.9 minutes Read

Migrant workers

Labour Issues

കെ.വി. ദിവ്യശ്രീ

ഈ തൊഴിലാളികൾ ‘അതിഥി’കളോ തൊഴിലാളിക്കടത്തിന്റെ ഇരകളോ?

Apr 21, 2022

14.1 minutes Read

Kitex labour

Labour Issues

കെ.വി. ദിവ്യശ്രീ

തൊഴിലുടമയുടെ വഞ്ചന, അഭിഭാഷകരുടെ ചൂഷണം; നീതി കിട്ടാതെ 'അതിഥി’ തൊഴിലാളികൾ

Mar 22, 2022

16 Minutes Read

mohanlal-

Film Studies

യാക്കോബ് തോമസ്

ജാതിഭൂതകാലത്തിന്റെ ചരമഗീതങ്ങള്‍; വരവേല്പിന്റെ ഗള്‍ഫ്- തൊഴിലാളി പാഠങ്ങള്‍

Feb 06, 2022

10 Minutes Read

Next Article

ലോകത്തിന് ശ്വാസം മുട്ടുമ്പോൾ ജോർജ് ഫ്ലോയിഡിന്റെ നിലവിളി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster