truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Sham Muhammad Story 4

Story

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

പോത്ത്യൂണിസ്റ്റ്

പോത്ത്യൂണിസ്റ്റ്

22 Nov 2020, 09:47 AM

ഷാം മുഹമ്മദ്​

‘‘നീ വെറും പോത്തിന്റെ സ്വഭാവം കാണിക്കരുത്.''

‘‘പോത്തിന്റെ സ്വഭാവത്തിന് എന്താണൊരു കുഴപ്പം?''

സുലൈമാന്‍ ചോദിച്ചു.

‘‘അത്  ഒരു പാവം ജീവിയല്ലേ? അല്‍പം പുല്ലൊക്കെത്തിന്ന്, പിണ്ണാക്ക് കലക്കിയ വെള്ളമൊക്കെ കുടിച്ച്, വല്ല ചേറിലോ ചിറയിലോ അങ്ങനെ മുങ്ങിക്കിടക്കും. അതാരെയെങ്കിലും ചീത്ത വിളിക്കാറുണ്ടോ? അതാരെയെങ്കിലും കുന്നായ്മ കുത്താറുണ്ടോ? പിന്നേം എന്തിനാ ആ പാവത്തിന്റെ പേരില് പഴംചൊല്ലുകളുണ്ടാക്കണേ?''

സുലൈമാന്റെ തുപ്പല്‍ തെറിച്ച മുഖവുമായി തൊടിയിലെ സുബൈര്‍ ഒരടി പുറകോട്ടുമാറി. അവന്റെ തല തട്ടി തകരഷീറ്റിട്ട ‘ഇന്ത്യന്‍ ക്ലബി'ന്റെ ബോര്‍ഡ് ആടി. അടുത്തുനിന്ന മത്തായി അത് പിടിച്ചുനിര്‍ത്തി.

‘ഇന്ത്യന്‍ ക്ലബ്' അന്നാട്ടിലെ തൊഴില്‍രഹിതരുടെ കൂട്ടായ്മയാണ്. സുരേഷ് നായരും, രാജേഷും, പിന്നെ കശുവണ്ടി മുതലാളിയുടെ മകന്‍ കമ്യൂണിസ്റ്റായ തോമസും അതില്‍ അംഗങ്ങളാണ്.

നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ പരദൂഷണം, സ്‌കൂളിന്റെ സമീപമുള്ള പറമ്പില്‍ ക്രിക്കറ്റ് കളി, പി.എസ്.സി പഠനം മുതലായവയാണ് തൊഴില്‍രഹിതരുടെ പ്രധാന ‘തൊഴില്‍'.

പി.എസ്.സി പരീക്ഷ എഴുതിയെഴുതിത്തളര്‍ന്ന ഒരു പേനയും ഏജ്ഓവറായ ശരീരവുമായി ബാബു ആ ക്ലബിന്റെ രക്ഷാധികാരിയായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും സത്യാന്വേഷണപരീക്ഷണങ്ങളും മുതല്‍ വേദഗ്രന്ഥങ്ങള്‍ വരെ അയാളുടെ മുന്നിലെ മേശക്കുമുകളില്‍ ഉറക്കം തൂങ്ങി ഇരുന്നു.

ആ കൂട്ടത്തില്‍ സുലൈമാന്‍ മാത്രമാണ് കുലംകുത്തിയായത്. സുലൈമാന്‍ ഒരു പോത്തിന്റെ മുതലാളിയായി. ഒ.ബി.സി റിസര്‍വേഷന്‍ കിട്ടാന്‍ പാകത്തില്‍ അതിന് ഒരു പേരുമിട്ടു - അബു.

‘അബൂ' എന്ന് സുലൈമാന്‍ നീട്ടിവിളിച്ചാല്‍ പോത്ത് അത് ചവച്ചുകൊണ്ടിരിക്കുന്ന പുല്ലിനെ വെറുതേ വിടും. എന്നിട്ട്  തലയുയര്‍ത്തി ആ വിളികേട്ട ദിക്കിലേക്ക് ചെവികള്‍ കൂര്‍പ്പിച്ചുപിടിച്ച് അനങ്ങാതെ നില്‍ക്കും.

സുലൈമാനെ കണ്ടുകഴിഞ്ഞാല്‍ അബു സന്തോഷം കൊണ്ട് ചിരിക്കും. ക്ലബ്ബില്‍ നിന്ന് മടങ്ങിവരുമ്പോള്‍ സുലൈമാന്‍ കൈയില്‍ കരുതുന്ന സുഖിയനെയോര്‍ത്ത് വായില്‍ നിറയുന്ന വെള്ളം ഒന്നോ രണ്ടോ തുള്ളി ഒരു വശത്തുകൂടെ ഒലിച്ച് നിലത്ത് വീഴും. ആ സമയം തന്റെ പുറത്തൊക്കെ ഉണങ്ങിപ്പിടിച്ചിരിക്കുന്ന കൃഷ്ണന്‍നായരുടെ പറമ്പിലെ ചെളിയില്‍ വന്നുപറ്റുന്ന ഈച്ചകളെ ആട്ടാന്‍ പോലും അബു മറക്കും. പലഹാരമൊന്നും വാങ്ങാന്‍ കൈയില്‍ കാശില്ലാത്തദിവസം അജയന്‍ സഖാവിന്റെ അതിരില്‍ നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്പച്ചയുടെ ഒരു കൊണ്ട സുലൈമാന്റെ കയ്യിലുണ്ടാകും. അബുവിന്റെ അടുത്തുചെന്ന് അതിന്റെ കറുത്ത വലിയ ശരീരത്തിന്റെ കൈപിടിപോലെ തോന്നിക്കുന്ന, പിന്നോട്ട് വളഞ്ഞ് പതിഞ്ഞിരിക്കുന്ന കൊമ്പുകളില്‍ പിടിച്ച് വീതിയേറിയ കറുത്ത നെറ്റിയില്‍ തലോടി സുലൈമാന്‍ സ്‌നേഹം പ്രകടിപ്പിക്കും. അബു തിരിച്ചും.

ഒരിക്കലും വിജയിക്കില്ലെന്നുറപ്പുള്ള ഡിഗ്രി മൂന്നാംവര്‍ഷ പരീക്ഷയുടെ പിറ്റേദിവസമാണ് സുലൈമാനും അബുവും കണ്ടുമുട്ടുന്നത്. ഏറെക്കാലം വളര്‍ന്നുനിന്ന് ചൊറിച്ചിലുണ്ടാക്കിയ താടി വടിച്ചുകളയുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം പോലെ പരീക്ഷയൊക്കെ കഴിഞ്ഞ് സന്തോഷിച്ചുനിന്ന സുലൈമാന്‍ ഒരു അമറല്‍ കേട്ടാണ് തിരിഞ്ഞുനോക്കിയത്.

തന്റെ ഉപ്പ ബുഖാരിമാഷ് ഒരു പോത്തിനെയും പിടിച്ചുകൊണ്ട് തന്റെ മുന്നിലൂടെ, എന്നാല്‍ തന്നെ ഗൗനിക്കാതെ നെഞ്ചും വിരിച്ച് വീടിനു പിന്നിലേക്ക് നടന്നു പോകുന്നു. അത് തന്നോടുള്ള വെല്ലുവിളിയായി സുലൈമാന് തോന്നി. സുലൈമാന്‍ വീടിനകത്തേക്ക് കയറി തന്റെ മുറിയിലെ ജനല്‍പാളി ശബ്ദമുണ്ടാക്കാതെ അല്‍പം വിടര്‍ത്തി അതിനിടയിലൂടെ ഒളിഞ്ഞുനോക്കി. അപ്പോള്‍ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. തന്റെ ഉപ്പ ആ പോത്തിന്റെ നെറ്റിയിലും പുറത്തും സ്‌നേഹത്തോടെ തലോടുന്നു. തന്നോടില്ലാത്ത സ്‌നേഹം അനുഭവിക്കുന്ന ആ വൃത്തികെട്ട ജീവിയെ സുലൈമാന്‍ ദേഷ്യത്തോടും സങ്കടത്തോടും കൂടി നോക്കിക്കണ്ടു.

pothyunist_01-low.jpg

ഇതൊന്നും പോരാത്തതിന് താന്‍ പോലും അറിയാതെ വീടിനു പിന്‍വശത്ത് അടുക്കളയുടെ വശത്തായി ഒരു തൊഴുത്തും കെട്ടിയിരിക്കുന്നു. മെടഞ്ഞ ഓലകൊണ്ട് മറച്ചതാണെങ്കിലും ആ തൊഴുത്തിനകവശം കണ്ടപ്പോള്‍ തന്റെ മുറിപോലെ സുലൈമാന് തോന്നി.

തന്റെ മുറിയിലുള്ളതെല്ലാം അതിനുള്ളിലുമുണ്ട്. വെള്ളം കുടിക്കാനുള്ള ജഗ്ഗിനു പകരം വലിയ ഒരു ചരുവം. കട്ടിലിനുപകരം രണ്ടറ്റത്തും തടിയുടെ അലകുകള്‍ പിടിപ്പിച്ച് അതിരുകള്‍ തിരിച്ച ഒരു ലയം. തടികൊണ്ടുള്ള തന്റെ പെന്‍സ്റ്റാന്‍ഡ് പോലെ തോന്നിക്കുന്ന പുല്ലൂട്.

സുലൈമാന് ഏറ്റവും വിഷമം തോന്നിയത് അവിടെ തൂക്കിയിട്ടിരുന്ന ബള്‍ബിന്റെ ആകൃതി കണ്ടാണ്. തന്റെ മുറിയില്‍ കത്തുന്ന അതേതരം പിരിയന്‍ ബള്‍ബ്. ഒരു വ്യത്യാസമേ ഉള്ളൂ. പുസ്തകങ്ങള്‍ മാത്രമില്ല. അത് ഉപ്പ മനഃപൂര്‍വം വക്കാത്തതാകും, തന്നെ അവഹേളിക്കാന്‍.
ഓരോ പരീക്ഷയുടെയും ഫലം വരുമ്പോള്‍ ബുഖാരിമാഷിന്റെ ശബ്ദം സുലൈമാന്റെ മുറിയുടെ താക്കോല്‍പ്പഴുതിലൂടെ നൂണ്ട് കയറിവന്ന് സുലൈമാനെ ചൊറിഞ്ഞ് ശല്യം ചെയ്യും.

‘‘ഓരോ ജോഡി പോത്തന്മാരെ വാങ്ങിത്തരും. നിനക്ക് അതൊക്കെയെ പറഞ്ഞിട്ടുള്ളൂ.''

അബ്ദുല്‍ ബുഖാരി അന്നാട്ടിലെ ബഹുമാന്യരായ വ്യക്തികളില്‍ ഒരാളാണ്. വീടിനടുത്തുതന്നെയുള്ള പുല്ലൂര്‍ ഗവര്‍ണ്‍മെന്റ് സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപകന്‍. സുലൈമാന്റെ അഭിപ്രായത്തില്‍ ‘നഃ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' എന്നത് വളച്ചൊടിച്ച കാപാലികന്‍. തന്റെ ഉമ്മക്ക് അയാള്‍ ഒരിക്കലും സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല. വീട്ടില്‍ പഞ്ചസാര തീര്‍ന്നാല്‍ അയല്‍പക്കത്തെ ശാരദയുടെ പക്കല്‍നിന്ന് ഒരു ഗ്ലാസ് പഞ്ചസാര വാങ്ങാന്‍, ആ പ്രദേശത്തെ പെണ്ണുങ്ങളെല്ലാം കൂടുന്ന അയല്‍ക്കൂട്ടത്തിന് പോകാന്‍, അങ്ങനെ ഒന്നിനും ഏറെനേരത്തെ വാഗ്വാദങ്ങള്‍ക്ക് ഒടുവിലല്ലാതെ ഉമ്മക്ക് അനുവാദം കിട്ടിയിരുന്നില്ല.

പോത്ത് വീട്ടില്‍ വന്ന ദിവസങ്ങളിലൊന്നും തന്നെ സുലൈമാന്‍ വീടിനു പിന്‍വശത്തേക്കേ പോയില്ല. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്റെ മുറിയുടെ ജനല്‍വിടവിലൂടെ ഒളികണ്ണിട്ട് നോക്കും. കൊമ്പും വാലും മുളച്ച ഇരുട്ടിന്റെ ഒരു വലിയ കഷണം തൊഴുത്തില്‍ ഇറങ്ങിവന്നതുപോലെ സുലൈമാനു തോന്നും. ബുഖാരിമാഷ് രാവിലെയും വൈകുന്നേരവും സമയം കിട്ടുമ്പോഴൊക്കെയും പോത്തിനെ പരിപാലിച്ചു.

രാവിലെ സ്‌കൂളില്‍ പോകുന്നതിനുമുന്‍പ് അതിനെ അടുത്തുള്ള കൃഷ്ണന്‍നായരുടെ പറമ്പില്‍ അഴിച്ചുകെട്ടി. വൈകുന്നേരം വന്നാല്‍ അതിനെ അടുക്കളവശത്തുള്ള തെങ്ങില്‍ കെട്ടി കുളിപ്പിക്കും. തന്റെ വകയായി ഓരോ പിടി പുല്ലു പറിച്ച് ബുഖാരിമാഷ് അതിന്റെ വായില്‍ വെച്ചുകൊടുക്കും. എന്നിട്ട് തന്റെ അടച്ചിട്ട ജനലിലേക്ക് നോക്കുന്നത് സുലൈമാന്‍ ഉള്ളില്‍ ഒളിഞ്ഞിരുന്ന് കാണും. അപ്പോള്‍ പോത്ത് ഇടയ്ക്കിടെ അമറും.

പോത്തിന്റെ ഓരോ വിളിയും തന്നെ കളിയാക്കിയാണോ എന്ന് സുലൈമാന് സംശയം തോന്നി. ഇതിനൊക്കെ പ്രതികാരമായാണ് അബ്ദുലിന്റെ ‘അ' യും ബുഖാരിയുടെ ‘ബു' വും ചേര്‍ത്ത് സുലൈമാന്‍ പോത്തിന് രഹസ്യമായി അബു എന്ന് പേരിട്ടത്.

അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത്. അബു ബുഖാരിമാഷിനെ കുത്തി. കുത്തെന്നുപറഞ്ഞാല്‍ ചില്ലറക്കുത്തൊന്നുമല്ല. ‘എന്റള്ളോ' എന്ന വിളി കേട്ട് ഓടിച്ചെന്ന സുലൈമാന്റെ ഉമ്മ കണ്ടത് പുല്ലൂടിനകത്ത് കാലുകള്‍ മുകളിലേക്കായി മലര്‍ന്ന് കിടക്കുന്ന ബുഖാരിമാഷിനെയാണ്. ഒരല്‍പ്പം വൈകിയാണെങ്കിലും സുലൈമാനും ഉമ്മയുടെ പിന്നില്‍ നിന്ന് ആ കാഴ്ച്ച കാണാനെത്തി. ഉള്ളില്‍ ഊറിച്ചിരിച്ചെങ്കിലും പുറത്തു കാട്ടിയില്ല. എന്നാല്‍ ചുണ്ടുകളുടെമേല്‍ കൈകള്‍ കൊണ്ട് തീര്‍ത്ത പ്രതിരോധത്തെ ഭേദിച്ച് പുറത്തുചാടിയ ചിരിയുടെ ഒരു ചെറിയ ഉണ്ടയെ ചുമയാക്കിമാറ്റി സുലൈമാന്‍ നിന്നു.

മാഷിന് വൈദ്യര്‍ വിശ്രമം കല്‍പ്പിച്ചു. അയാളുടെ നടുവില്‍ നിന്ന് താഴെ കാലുകളിലേക്കു പടര്‍ന്ന വേദനയാണ് സുലൈമാന് പില്‍ക്കാലത്ത് അബുവിനോട് ഉണ്ടായ സ്‌നേഹത്തിന്റെ തുടക്കം. അങ്ങനെ അബു സുലൈമാന് സ്വന്തമായി. അന്ന് പുല്ലൂര്‍ സ്‌കൂളിലെ കുട്ടികള്‍ ദേശീയഗാനം പാടുന്നതും സുലൈമാന്‍ കേട്ടു.

പോത്തിനോടുള്ള സ്‌നേഹം പരസ്യമായി പ്രഖ്യാപിക്കാനും സുലൈമാന്‍ മറന്നില്ല. വൈകുന്നേരം ക്രിക്കറ്റ് കളിക്കാന്‍ പോകുമ്പോള്‍ അബുവിനെയും സുലൈമാന്‍ കൊണ്ടുപോകും. ആദ്യമൊക്കെ കളിയാക്കി പിന്തിരിപ്പിക്കാന്‍ നോക്കിയ നാട്ടുകാര്‍ക്ക് പിന്നെ ആ കാഴ്ച്ച ഒരു ശീലമായി. സുബൈര്‍ എറിയുന്ന പന്ത് സുലൈമാന്‍ അടിച്ചുയര്‍ത്തുമ്പോള്‍ അബു അതിരിലെ കറുകയും പിന്നെ സ്‌കൂള്‍ മതിലിനു പിന്നിലെ സിനിമാപോസ്റ്ററും അകത്താക്കുകയായിരിക്കും.

സുലൈമാന്‍ കളിയില്‍ പുറത്തായാല്‍ അബുവിനും വിഷമം തോന്നും. വായിലെ പുല്ല് ചവയ്ക്കാതെ അവന്‍ സുലൈമാനെ നോക്കും. തിരിച്ചും. എന്നിട്ട് രണ്ടുപേരുംകൂടി തലതാഴ്ത്തി വീട്ടിലേക്ക് മടങ്ങും. നാരായണന്‍ചേട്ടന്റെ കടയിലെ സുഖിയനിലേക്ക് പോലും അബു അന്ന് നോക്കില്ല.

പോത്തുമായുള്ള സംസര്‍ഗ്ഗം കൊണ്ടാണോ എന്നറിയില്ലെങ്കിലും സുലൈമാന്റെ സംസാരത്തില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിരുന്നു. ഒരിക്കല്‍ സുരേഷ് നായരാണ് അത് ആദ്യം കണ്ടുപിടിച്ചത്. ക്ലബ്ബിലെ പി. എസ്. സി. പഠനത്തിനിടെയുണ്ടായ ഒരു തര്‍ക്കത്തിലാണ് അത് പുറത്തുചാടിയത്. ഭരണഘടന രൂപീകരിച്ചപ്പോള്‍ ‘പ്രാതിനിധ്യ ജനാധിപത്യം' എന്നതാണ് ഉദ്ദേശിച്ചിരുന്നതെന്നും അത് പിന്നീട് അട്ടിമറിക്കപ്പെട്ടതാണ് എന്നുമായിരുന്നു തര്‍ക്കം. സുരേഷ് നായരും രാജേഷും സുലൈമാനും പങ്കെടുത്തു.

വിഷയത്തെപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തത്‌കൊണ്ട് സുബൈറും, കമ്മ്യൂണിസ്റ്റ്കാരനായ തോമസും മാറിനിന്നു.

‘‘അത് നിനക്കെങ്ങനെ അറിയാം എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടെന്ന്?''

സുലൈമാന്‍ വിട്ടില്ല.

‘‘അതിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. എല്ലാര്‍ക്കും ഉണ്ടാവും,''

രാജേഷ് വാദിച്ചു.

‘‘ങ്ങും, എന്റെ വീട്ടില്‍ പോലുമില്ല പ്രാതിനിധ്യം. പിന്നാണ് ജനാധിപത്യത്തില്‍. നിനക്കൊക്കെയറിയോ എന്റെ വീട്ടില്‍ ഒരു പുതിയ തൊഴുത്ത് കെട്ടിയിട്ട് പോലും ഞാന്‍ അറിഞ്ഞില്ല. എന്റെ ഉപ്പ...''

പിന്നീടങ്ങോട്ട് സുലൈമാന്‍ പറഞ്ഞതൊന്നും അവര്‍ക്കാര്‍ക്കും മനസ്സിലായില്ല.

സുലൈമാന്റെ വായില്‍ നിന്നു പുറപ്പെട്ട ശബ്ദം ഒരു പോത്തിന്റെ അമറല്‍ പോലെ തോന്നിച്ചു. അയാളുടെ മുഖവും ചുണ്ടുകളും വക്രിച്ചു. ചെവി കൂര്‍ത്തുവന്നു. പോത്ത് ചീറ്റുന്നപോലെ അയാള്‍ ചീറ്റി. ഇതെല്ലാം കണ്ടുന്നിന്ന തോമസ് മേശപ്പുറത്തിരുന്ന പൊടിപിടിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എടുത്ത് സുലൈമാന്റെ പുറത്തടിച്ചപ്പോഴാണ് ആ അലര്‍ച്ച നിന്നത്.

ഇതെല്ലാം കഴിഞ്ഞാല്‍ അവിടെ നടന്നതിനെപ്പറ്റിയൊന്നും യാതൊരു ബോധവും സുലൈമാന് ഉണ്ടാവില്ല. മടങ്ങുമ്പോള്‍ പതിവുപോലെ സുലൈമാന്‍ രണ്ടു സുഖിയന്‍ വാങ്ങി. ഒരെണ്ണം തനിക്കും മറ്റേത് അബുവിനും.

വീട്ടിലും ചിലപ്പോഴെല്ലാം ഉമ്മയോടുള്ള സംഭാഷണങ്ങള്‍ക്കൊടുവില്‍ പോത്തിന്റെ അമറല്‍ പോലുള്ള ശബ്ദം ഉയര്‍ന്നു കേള്‍ക്കും. അതുകേട്ട് ബുഖാരിമാഷ് തിരിഞ്ഞുകിടക്കും. അബു തലയുയര്‍ത്തി അടുക്കളയുടെ ഭാഗത്തേക്ക് നോക്കും. എന്നിട്ട് വാലുകൊണ്ട് കാലിന്റെ വശങ്ങളില്‍ വന്നിരിക്കുന്ന ഈച്ചയെ ആട്ടും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പോകുമ്പോഴാണ് നാട്ടില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചത്. ജനാധിപത്യ വിശ്വാസികളായതുകൊണ്ട് ‘ഇന്ത്യന്‍ ക്ലബ്ബില്‍' ഇലക്ഷന്‍ തീരും വരെ ആളുകള്‍ കുറവാണ്. അതിലെ അംഗങ്ങള്‍ താന്താങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ഓഫീസുകളിലും പുറത്തും പ്രചാരണത്തിനും പണപ്പിരിവിനും ഒക്കെയായി ഓട്ടമാവും. അങ്ങനെ വൈകുന്നേരത്തെ ക്രിക്കറ്റ്കളിയും മുടങ്ങിയതിനാല്‍ അബുവിന് മുഴുവന്‍ സമയവും സുലൈമാന്റെ പരിചരണം ലഭ്യമായി.

വീട്ടില്‍ വോട്ടഭ്യര്‍ത്ഥനയുമായി വരുന്ന നേരില്‍ കണ്ടാല്‍പോലും മിണ്ടാത്ത പാര്‍ട്ടിക്കാര്‍ സുലൈമാനെയും അന്വേഷിച്ചു തുടങ്ങി. തൊഴുത്തില്‍ പോത്തിനൊപ്പമാണെന്നു പറഞ്ഞാല്‍ അവരുടുത്തിരിക്കുന്ന വെളുത്ത അഴുക്കുപറ്റാത്ത മുണ്ടുകള്‍ മുട്ടൊപ്പം വലിച്ചുകയറ്റി അവര്‍ കുശലങ്ങള്‍ ചോദിക്കാന്‍ തൊഴുത്തിലെത്തും. അതില്‍ ഒരു പാര്‍ട്ടിക്കാര്‍ അബുവിനോട് വരെ വോട്ട് ചോദിച്ചത്രേ! അബു വോട്ടില്ലെന്ന് അമറി.

ഇലക്ഷന്‍ കാലത്ത് അബുവിന് വയറുനിറയെ കഴിക്കാന്‍ കിട്ടി. ക്രിക്കറ്റ് കളിക്കുന്ന പറമ്പില്‍ സമ്മേളനം കഴിഞ്ഞ് പാര്‍ട്ടിക്കാര്‍ ഇട്ടിട്ടുപോയ നോട്ടീസുകള്‍, വഴിയോരങ്ങളില്‍ കിടന്നുകിട്ടുന്ന വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക. അങ്ങനെ പലതും. നേരം പുലരുമ്പോള്‍ മുതല്‍ സന്ധ്യയാകുന്നതുവരെ തലങ്ങും വിലങ്ങും നടക്കുന്ന സമ്മേളനങ്ങളിലും അനൌണ്‍സ്‌മെന്റ്കളിലും മുങ്ങി അബുവിന്റെയും സുലൈമാന്റെയും അമറലുകള്‍ അന്നാട്ടില്‍ ആരും കേള്‍ക്കാതെയായി. ഇലക്ഷന്റെ ആവേശത്തില്‍ ബുഖാരിമാഷ്‌പോലും ഒരു ഊന്നുവടിയുടെ സഹായത്താല്‍ പുറത്തിറങ്ങി. അബു, മാഷിനെ ഏറുകണ്ണിട്ട് നോക്കിയിട്ട് ഒന്നുമറിയാത്തപോലെ പോസ്റ്ററും ചവച്ചു നിന്നു.

ഇലക്ഷന്റെ തലേദിവസം ആരവങ്ങളെല്ലാമൊടുങ്ങിയ ഒരു വൈകുന്നേരത്താണ് അത് സംഭവിച്ചത്. ഉമ്മയുടെ നിര്‍ദേശപ്രകാരം പഞ്ചസാരവാങ്ങാന്‍ റേഷന്‍കടയില്‍ പോയ സുലൈമാന്‍ നീണ്ട ക്യൂ കാരണം മടങ്ങിയെത്താന്‍ വൈകി. ഈ നേരം നോക്കി കവലയിലെ പഞ്ചായത്ത് കിണറിനു സമീപം ഒട്ടോസ്റ്റാന്‍ഡിന്റെ പലകക്കാലില്‍ കെട്ടിയിരുന്ന അബു ആ രാജ്യദ്രോഹം ചെയ്തു.

സമീപത്ത് നിന്നിരുന്ന കൊടിമരങ്ങളില്‍ നിന്നും കുറച്ചു താഴ്ന്നുപറന്നിരുന്ന ഒരു കൊടി ഒരു ടയറില്‍ ചവിട്ടിനിന്ന് അവന്‍ പതിയെ അകത്താക്കി. ഇതെല്ലാം കണ്ടുകൊണ്ട് സമീപത്ത് നിന്നിരുന്ന ഏതാനും കോളേജ്പിള്ളേര്‍ മൊബൈല്‍ഫോണില്‍ ആ കൃത്യത്തിന്റെ വിഡിയോ വരെ എടുത്തു.

അരി വാങ്ങി അബുവിനെയും കൂട്ടി വീട്ടിലേക്ക് പോകാന്‍ എത്തിയ സുലൈമാന്‍ കണ്ടത് തന്റെ പോത്തിന് ചുറ്റും കൂടി നില്‍ക്കുന്ന ഒരാള്‍ക്കൂട്ടത്തെയാണ്.

 pothyunist_02-low.jpg

‘‘അബൂ'' സുലൈമാന്‍ വിളിച്ചു.

‘‘നിന്റേതാണോ ഈ പോത്ത്?''

സുലൈമാന്‍ തലകുലുക്കി. പോത്ത് തലയുയര്‍ത്തി സുലൈമാനെ നോക്കി.

‘‘നിന്റെ പേരെന്താ?''

‘‘സുലൈമാന്‍''

‘‘നമ്മടെ ബുഖാരിമാഷിന്റെ മോനാ'' മറ്റാരോ പറഞ്ഞു.

‘‘ഉം'' മുട്ടിനുതാഴെ കാലുകള്‍ കാട്ടിനടന്ന കൊമ്പന്‍മീശക്കാരനായ തടിയന്‍ മൂളി. എന്നിട്ട് അടുത്തുനിന്നിരുന്ന തന്റെ അനുയായിയെ നോക്കി. അയാള്‍ 'കാര്യം' മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

‘‘നീ മനപ്പൂര്‍വ്വമല്ലേ ഇതിനെ ഇവിടെ കെട്ടിയത്?''

അബുവും സുലൈമാനും തലകുനിച്ചു.

‘‘നിന്റെ പോത്തെന്താ മറ്റ് കൊടികളൊന്നും തിന്നാത്തത്?''

അബു മലര്‍ന്ന് മറ്റ് കൊടികളിലേക്ക് നോക്കി. അതെല്ലാം അങ്ങ് ഉയരത്തില്‍ നിന്ന് താഴെ തങ്ങളെ നോക്കി പരസ്പരം കളിയാക്കിച്ചിരിക്കുന്നത് അവന്‍ കണ്ടു.

‘‘വകതിരിവില്ലാത്ത പോത്തല്ലേ വിട്ടുകളചേട്ടാ'' തോമസ് ഇടപെട്ടു.

ആ പറഞ്ഞത് തന്റെ നേതാവിനെയാണോ എന്ന് അനുയായി ഒരു നിമിഷം ശങ്കിച്ചു.

‘‘അങ്ങനെ വിട്ടുകളയാനൊന്നും പറ്റില്ല. രാജ്യത്തിന്റെ സംസ്‌കാരത്തെത്തന്നെ രൂപപ്പെടുത്തിയ ജീവിയാ.''

അതുകേട്ട് അബു അഭിമാനത്തോടെ ഒന്ന് മുരണ്ടു.

ചുറ്റിലും കൂടിനിന്നവര്‍ തങ്ങളില്‍ തങ്ങളില്‍ നോക്കി.

‘‘ഇതെന്റെ ഉപ്പ വളര്‍ത്താന്‍ വാങ്ങിയ പോത്താ'' ഇതും പറഞ്ഞ് സുലൈമാന്‍ അബുവിന്റെ മുതുകത്ത് തടവി. പുറത്തുപറ്റിയത് ഈച്ചയാണെന്ന് കരുതി അബു വാലുകൊണ്ട് അതിനെ ആട്ടി.

അപ്പോഴേക്കും പോത്തിനെ ഏറ്റെടുക്കാന്‍ മറ്റു പാര്‍ട്ടിക്കാരും എത്തി. അവരൊക്കെ പാര്‍ട്ടിക്കൊടി തിന്ന പോത്തിന് നേരെയും ചുറ്റിലും നില്‍ക്കുന്നവരുടെ വോട്ടിനുനേരെയും വിരലുകള്‍ ചൂണ്ടി. അതുകണ്ട് സുലൈമാന്റെ ചുണ്ടുകള്‍ വക്രിച്ചു. മുഖം ചുളുങ്ങി. ചെവികള്‍ കൂര്‍ത്തുവന്നു. എല്ലാ ശബ്ദങ്ങള്‍ക്കും മീതെ സുലൈമാന്‍ അമറി. ബുഖാരിമാഷിന്റെ ഊന്നുവടി പുറത്തുവീണപ്പോഴാണ് അത് നിലച്ചത്.

ഇടത് വശത്ത് മാഷും വലത് വശത്ത് പോത്തുമായി അച്ഛനമ്മമാരുടെ കൂടെ നടക്കുന്ന കുട്ടിയെപ്പോലെ സുലൈമാന്‍ വീട്ടിലേക്ക് നടന്നു. നടത്തത്തിനിടയില്‍ നാരായണന്‍ചേട്ടന്റെ കടയില്‍ ചില്ലുകൂട്ടിലിരിക്കുന്ന സുഖിയന്‍ അബു ഏറുകണ്ണിട്ട് നോക്കി. കൊടി നശിപ്പിച്ചതിനെതിരെ ഉപരോധസമരത്തിന്റെ അറിയിപ്പും മൂന്നുപേരും കേട്ടു.

അബുവിന്റെ അമറല്‍ കേട്ടാണ് പിറ്റേന്ന് സുലൈമാന്‍ ഉണര്‍ന്നത്.

തൊഴുത്തിന്റെ വശത്തെ ജനലിലൂടെ നോക്കുമ്പോഴുണ്ട് ഒരു ചെറിയ ലോറി തൊഴുത്തിനടുത്ത് നില്‍ക്കുന്നു. അതിനു പിന്നില്‍ ബുഖാരിമാഷ് അബുവിനെ തള്ളി വണ്ടിയിലേക്ക് കയറ്റുകയാണ്. ഒരു സഹായി വണ്ടിക്ക് മുകളില്‍ നിന്ന് വലിക്കുന്നുമുണ്ട്. മടിച്ചിട്ടാണെങ്കിലും അബു പതിയെ വണ്ടിയില്‍ കയറി ഒരു നിമിഷം സുലൈമാന്റെ മുറിയിലേക്ക് നോക്കി.

 pothyunist_04-low.jpg

ആ മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് തിക്കിത്തിരക്കിവന്ന ഒരുകൂട്ടം അമറലുകളെ ബുഖാരിമാഷ് തലേദിവസം കീറിയ കൊടിയുടെ നിറമുള്ള ഒരു തോര്‍ത്തുകൊണ്ട് തന്റെ വിയര്‍പ്പുതുള്ളികള്‍ക്കൊപ്പം തട്ടിത്തെറിപ്പിച്ചു. സുലൈമാന്റെയും അബുവിന്റെയും അമര്‍ച്ചകള്‍ കൈകോര്‍ത്തുപിടിച്ച് അവിടെനിന്നും ഇറങ്ങി നാരായണന്‍ചേട്ടന്റെ കടയിലെ ചില്ലുകൂടിനുമുന്നിലൂടെ ഉരുണ്ടുപോയി.

അന്നുരാത്രി, പുല്ലൂടിനുള്ളില്‍നിന്ന് ഇത്തിരി പുല്ലും അടുത്തിരുന്ന ചരുവത്തില്‍നിന്ന് അല്‍പം വെള്ളവും കുടിച്ച് പോത്തിന്റെ ചാണകത്തിനും മൂത്രത്തിനുമിടയില്‍ സുലൈമാന്‍ സുഖമായി ഉറങ്ങി.

  • Tags
  • #Story
  • #Literature
  • #Pothunist
  • #Sham Muhammad
  • #Sudheesh Kottembram
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Kadir alavi

15 Jul 2021, 04:37 PM

അബുവിനെതിരെ രാജ്യേ ദ്രോഹ കുറ്റം ചുമത്തുനവരെ പോലെയുള്ള രാഷ്ട്രീയം തലക്കുപിടിച്ച കുറേ തെണ്ടികളാണ് നമുക്ക് ചുറ്റുമുള്ളവർ..

അശ്വതി

16 Apr 2021, 11:26 PM

വ്യത്യസ്‌മായ പ്രമേയം, മനോഹരമായ എഴുത്ത്

Rashiq

2 Jan 2021, 01:37 PM

ആവർത്തിക്കപ്പെടുന്ന പകർത്തിയെഴുത്തലുകളുടെയും പിന്തുടർച്ചകളിൽ നിന്നും വിട്ടുമാറി വ്യത്യസ്തമായ ആശയവും അവതരണവും കൊണ്ടു സമീപ കാലത്ത് വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടമായത്...........

c v sreejith

22 Nov 2020, 04:52 PM

സമീപകാലത്ത് വായിച്ച ഏറ്റവും ജീവസ്സുറ്റ കഥ... കാലത്തിന്റെ അമര്‍ച്ചകളാണ് അബുവിലൂടെ, സുലൈമാനിലൂടെ, പോത്ത്യൂണിസ്റ്റിലൂടെ കേട്ടത്... കഥാകാരനൊപ്പം.

Vimal

22 Nov 2020, 01:14 PM

Great 😊👍

 1_3.jpg

Memoir

വി.എം.ദേവദാസ്

എസ്​. ജയേഷ്​ ഒരു കഥയായി ഇവിടെത്തന്നെയുണ്ടാകും

Mar 22, 2023

3 Minutes Read

vishnu-prasad

Literature

വി.അബ്ദുള്‍ ലത്തീഫ്

കവി വിഷ്ണു പ്രസാദിനെക്കുറിച്ച്, കവിതയിലെ ഒരു പ്രതിസന്ധിയെക്കുറിച്ച്

Mar 19, 2023

6 Minutes Read

charithram-adhrisyamakkiya-murivukal-book

Book Review

എന്‍.ഇ. സുധീര്‍

ചരിത്രത്തെ പൂർത്തിയാക്കുന്ന വേദനകൾ

Feb 28, 2023

5 Minutes Read

Jaipur literature Festival

Literature

വി.കെ. ബാബു

ശശി തരൂരിനെതിരെ സുമീത്​ സമോസ്​ ഉയർത്തിയ ചോദ്യങ്ങൾ; സാ​ഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ

Jan 28, 2023

8 minutes read

emithyias

Literature

രാധിക പദ്​മാവതി

ബ്രോണ്ടി സഹോദരിമാരും ഗിരീഷ് പുത്തഞ്ചേരിയും

Jan 19, 2023

8 minutes read

ea salim

Truecopy Webzine

ഇ.എ. സലീം

മലയാളിയുടെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്രാന്വേഷണം

Jan 12, 2023

9 Minutes Watch

daivakkaru

Novel

വി. കെ. അനില്‍കുമാര്‍

പൊന്നനും അഴകനും 

Jan 10, 2023

10 Minutes Read

td

Truetalk

ടി.ഡി രാമകൃഷ്ണന്‍

ടിക്കറ്റില്ല, ജോണ്‍ എബ്രഹാമിനെക്കൊണ്ട് ഫൈന്‍ അടപ്പിച്ച കഥ

Jan 07, 2023

27 Minutes Watch

Next Article

Kerala Police Act amendment: ഇടതുസര്‍ക്കാറിന്റെ ഈ നീക്കം ഭയാനകം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster