truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
modi the india question

National Politics

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു;
ഫാഷിസം തുടര്‍ച്ചയാണ്,
അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

ഇന്ത്യയില്‍ ബി ബി സി ഡോക്യുമെന്ററി കാണുന്ന ചെറിയൊരു വിഭാഗം മാത്രമേ ബി.ജെ. പിക്കൊപ്പമുള്ള വലിയ വിഭാഗം ജനങ്ങളില്‍ നിന്നുണ്ടാകൂ. എന്നാല്‍, അതല്ല കേന്ദ്ര സര്‍ക്കാരിനെയും സംഘ്പരിവാറിനെയും ആകുലപ്പെടുത്തുന്നത്. തങ്ങള്‍ക്കെതിരായ ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ പ്രതിഷേധങ്ങളെയും സമരങ്ങളെയും ചരിത്രത്തിന്റെ കനലുകളിട്ട് ഊതിക്കത്തിക്കാന്‍ ഇതിനാകുമെന്ന തിരിച്ചറിവാണ് വിറളിപിടിച്ചുകൊണ്ട് ഇതിനെ തടയാനുള്ള നടപടികളിലേക്ക് കടക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

26 Jan 2023, 06:40 PM

പ്രമോദ് പുഴങ്കര

Truecopythink · India : The Modi Question ഫാഷിസം തുടര്‍ച്ചയാണ്, അതിന് ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല


നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് 2002-ലെ ഗുജറാത്ത് മുസ്‍ലിം വംശഹത്യയുടെ ആസൂത്രണത്തിലുള്ള പങ്കിനെക്കുറിച്ച് ജനാധിപത്യരാഷ്ട്രീയവും നീതിബോധവും മനുഷ്യത്വവും മനുഷ്യാവകാശപ്രതിബദ്ധതയുമുള്ള ഒരാള്‍ക്കും സംശയമുണ്ടാകാനിടയില്ല. ഗുജറാത്തിലെ മുസ്‍ലിം വംശഹത്യയുടെ പിന്നാലെ അതിന്റെ കാര്‍മികത്വത്തില്‍ ഊറ്റം കൊണ്ടാണ് മോദി പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പ് പ്രചാരണവും ആസൂത്രണം ചെയ്തത്.

അതിദേശീയതയുടെ സങ്കുചിതരാഷ്ട്രീയവും മുസ്‍ലിം എന്ന ആഭ്യന്തര ശത്രുവിനെയും അപരസമൂഹത്തെയും നിര്‍മ്മിച്ചെടുക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും സൂക്ഷ്മവും ഹിംസാത്മകവുമായ പരീക്ഷണശാലയാക്കി ഗുജറാത്തിനെ മാറ്റിയപ്പോള്‍ അതിന്റെ ഏറ്റവും ഹിംസാത്മകമായ രാഷ്ട്രീയാധികാരപ്രയോഗത്തിന് നേതൃത്വം നല്‍കിയതും നരേന്ദ്ര മോദിയായിരുന്നു. ഗുജറാത്ത് വംശഹത്യ നടപ്പാക്കുമ്പോള്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അതിന് ഒരു വ്യാഴവട്ടക്കാലം കഴിയുമ്പോള്‍ അതേ വംശഹത്യയുടെ ഹുങ്കാരങ്ങളിലും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ പുത്തന്‍ സംരംഭമായും അയാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ഹിന്ദുത്വ ഫാഷിസത്തിന്റെയും കോര്‍പ്പറേറ്റ് അജണ്ടകളുടെയും പ്രചണ്ഡ പ്രചാരണങ്ങളുടെ ഇരമ്പിമറിഞ്ഞ കോലാഹലങ്ങളില്‍ നരേന്ദ്ര മോദിയുടെ വംശഹത്യയുടെ നെടുനായകത്വം അതിവേഗം നിയമത്തിനുകീഴിലെ കുറ്റകൃത്യങ്ങളുടെ പട്ടികകളില്‍ നിന്നും വിമുക്തമാക്കപ്പെട്ടു. വംശഹത്യയുടെ നടത്തിപ്പുകാരന്‍ ഹിന്ദു ഹൃദയ സമ്രാട്ടായി. അഥവാ മുസ്ലിം വംശഹത്യ ഇന്ത്യന്‍ രാഷ്ട്രീയാധികാരത്തിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വരവിനെതിരെയുള്ള അവസാനവെല്ലുവിളിയെയും അവസാനിപ്പിച്ച അലര്‍ച്ചയായി. ഗുജറാത്ത് വംശഹത്യ ഒരു പഴയ കഥയായി. "ഗുജറാത്ത് മോഡലായി' പുതിയ കഥ.

gujarath roits
2002-ലെ ഗുജറാത്ത് കലാപം

ഹിന്ദുത്വ രാഷ്ട്രീയവും നരേന്ദ്ര മോദിയെന്ന അതിന്റെ സര്‍വ്വാധികാരി മുഖവും തങ്ങളുടെ പ്രതിച്ഛായ നിര്‍മ്മാണത്തില്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് തെളിച്ചുപറയുന്ന ബി ബി സി ഡോക്യുമെന്ററി വരുന്നത്. ഹിന്ദു ഹൃദയ സാമ്രാട്ടില്‍ നിന്ന് വിശ്വഗുരുവെന്ന അടുത്ത നാടകത്തിലേക്ക് കടക്കുമ്പോള്‍ വംശഹത്യയുടെ നടത്തിപ്പുകാരനാണ് മോദി എന്ന വസ്തുത ലോകത്തിനു മുന്നില്‍ ചര്‍ച്ചയാകുന്നത് അത്ര ഗുണം ചെയ്യില്ല എന്ന് മോദിക്കുമറിയാം, സംഘപരിവാറിനുമറിയാം. ഇന്ത്യയില്‍ ഈ ബി ബി സി ഡോക്യുമെന്ററി കാണുന്ന ചെറിയൊരു വിഭാഗം മാത്രമേ ബി.ജെ. പിക്കൊപ്പമുള്ള വലിയ വിഭാഗം ജനങ്ങളില്‍ നിന്നുണ്ടാകൂ.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

എന്നാല്‍, അതല്ല കേന്ദ്ര സര്‍ക്കാരിനെയും സംഘ്പരിവാറിനെയും ആകുലപ്പെടുത്തുന്നത്. തങ്ങള്‍ക്കെതിരായ ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ പ്രതിഷേധങ്ങളെയും സമരങ്ങളെയും ചരിത്രത്തിന്റെ കനലുകളിട്ട് ഊതിക്കത്തിക്കാന്‍ ഇതിനാകുമെന്ന തിരിച്ചറിവാണ് വിറളിപിടിച്ചുകൊണ്ട് ഇതിനെ തടയാനുള്ള ജനാധിപത്യവിരുദ്ധ നടപടികളിലേക്ക് കടക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

teesta setalvad
ടീസ്റ്റ സെതല്‍വാദ്

ഗുജറാത്ത് വംശഹത്യ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടാത്ത വിധത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു വിജയപ്രതീകമായി നിലനിര്‍ത്താനുള്ള ശ്രമം ഒരു വിധത്തിലും ചോദ്യം ചെയ്യപ്പെടരുതെന്ന് സംഘപരിവാറിന് നിര്‍ബന്ധമുണ്ട്. മതേതര, ജനാധിപത്യ പക്ഷത്തുനിന്നുള്ള നിരവധി അന്വേഷണങ്ങളും ജനകീയ അന്വേഷണ സമിതികളും അവയുടെ തെളിവെടുപ്പുകളും അനിഷേധ്യമായി സമൂഹത്തിനു മുന്നില്‍വെച്ച തെളിവുകളുമെല്ലാമുണ്ടായിട്ടും ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു മതസമൂഹത്തിലെ വലിയൊരു വിഭാഗത്തെ തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയ അജണ്ടക്കുകീഴില്‍ കൊണ്ടുവരികയും ഗുജറാത്ത് വംശഹത്യയുടെ നിയമപരവും രാഷ്ട്രീയവുമായ വിചാരണകളെ തള്ളിക്കളയുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ഇഹ്സാന്‍ ജാഫ്രി എന്ന മുന്‍ കോണ്‍ഗ്രസ് എം.പിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ, നരേന്ദ്ര മോദിയടക്കമുള്ള ഭരണസംവിധാനത്തിനു ആ കൂട്ടക്കൊലകളിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രീംകോടതി അസാധാരണമായ ഒരുത്തരവിലൂടെ ഹര്‍ജിക്കാരിയായ സാക്കിയ ജാഫ്രിയെ ഒന്നര ദശാബ്ദത്തിലേറെ നീണ്ട നിയമപോരാട്ടത്തിനു സഹായിച്ച ടീസ്റ്റ സെതല്‍വാദ്, വംശഹത്യയില്‍ മോദിയുടെ പങ്ക് തുറന്നുകാട്ടാന്‍ മുന്നില്‍ നിന്ന ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിധിയെഴുതിയ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ സമാനമായ നിര്‍ദ്ദേശം ഛത്തീസ്ഗഡില്‍ സുരക്ഷാസേന കൊലപ്പെടുത്തിയ ആദിവാസികള്‍ക്കുവേണ്ടി സുപ്രീം കോടതിയിലെത്തിയ ഹിമാന്‍ശു കുമാറിനെതിരെയും നല്‍കി. ഭരണകൂടത്തിനെതിരെ, അതിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന പൗരന്മാരെ, അവര്‍ പരാതി നല്‍കിയ അതേ ഭരണകൂട സംവിധാനത്തിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന വിചിത്രമായ നീതിനടത്തിപ്പ് സാധ്യമാകുന്ന തരത്തില്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിപുരുഷന്മാരായി ന്യായാധിപന്മാരെ മാറ്റാന്‍ കഴിയുന്നൊരു ശക്തമായ ഭരണകൂട സംവിധാനം ഹിന്ദുത്വരാഷ്ട്രീയം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഭീതിദമായ തെളിവുകളാണ്. ആ അജണ്ട പൂര്‍ണമായും വിജയിച്ചിട്ടില്ലെങ്കിലും ആ വഴിയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞു.

zakia jafri
സാക്കിയ ജാഫ്രി  / Photo: Teesta Setalvad FB Page

ഭരണഘടനാ സംവിധാനങ്ങളെയും പൗരസമൂഹത്തെയും ഒരേപോലെ ഭീഷണിപ്പെടുത്തുകയും നിര്‍ജ്ജീവമാക്കുകയും ചെയ്തുകൊണ്ടാണ് ഹിന്ദുത്വ ഫാഷിസം അതിന്റെ സമഗ്രാധിപത്യ ഭരണകൂടത്തെ ഇന്ത്യയില്‍ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യയുടെ സാമൂഹ്യശരീരത്തില്‍ വളരെ സ്വാഭാവികമായ ഒരു ജൈവസാന്നിധ്യമാക്കി മാറ്റുന്ന ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടു നീണ്ട പ്രക്രിയക്കൊടുവിലാണ് അതിന്റെ രാഷ്ട്രീയ പരമാധികാരത്തിലേക്കുള്ള യാത്രയുടെ ഘട്ടം തുടങ്ങുന്നത്. ജൈറസ് ബാനര്‍ജി ഇതിനെക്കുറിച്ച് ജര്‍മനിയിലെ നാസി പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ചരിത്രപശ്ചാത്തലത്തില്‍ പറയുന്നത്, 'ജര്‍മ്മന്‍ ഫാഷിസം നാസി കക്ഷിയുടെ സൃഷ്ടിയല്ല, മറിച്ച് നാസി കക്ഷി ജര്‍മ്മന്‍ ഫാഷിസത്തിന്റെ സൃഷ്ടിയാണ്. ജര്‍മ്മന്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും നാസി കക്ഷിയുടെ ഉദയത്തിനുള്ള വഴികള്‍ പാകപ്പെടുത്തിയിരുന്നു. ജര്‍മ്മന്‍ സമൂഹം വലിയതോതില്‍ ഫാഷിസ്റ്റ്വത്ക്കരിക്കപ്പെട്ടിരുന്നു...' എന്നാണ്. സമാനമായ ഫാഷിസ്റ്റ്വത്ക്കരണം ഇന്ത്യയില്‍ നടത്തിയതിനു ശേഷമാണ് കേന്ദ്രത്തിലെ രാഷ്ട്രീയാധികാരത്തിലേക്ക് മോദിയെന്ന വംശഹത്യാ കുറ്റവാളിയുടെ അധികാരാരോഹണം സാധ്യമായത്. അങ്ങനെയൊരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പാകത്തില്‍ ആ വംശഹത്യ പുളകിതരാക്കുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ സാമൂഹ്യ ശരീരം അവര്‍ രൂപപ്പെടുത്തിയെടുത്തിരുന്നു. ഈ സാമൂഹ്യശരീരത്തിലേക്ക് എന്ത് തരത്തിലുള്ള ഹിംസയും വളരെ സ്വാഭാവികമായി കടത്തിവിടാന്‍ കഴിയും. അങ്ങനെയാണ് പശുവിറച്ചി കഴിച്ചതിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ആള്‍ക്കൂട്ടങ്ങളും, പശുക്കച്ചവടത്തിന്റെ പേരില്‍ കെട്ടിത്തൂക്കപ്പെട്ട മനുഷ്യരും സാധാരണ വാര്‍ത്തകള്‍ മാത്രമായി മാറിയത്. അങ്ങനെയാണ് ദില്ലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത മുസ്‌ലിംകള്‍ക്ക് നേരെ ആസൂത്രിതമായി ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിട്ട ആക്രമണത്തിനൊടുവില്‍ കോടതികളില്‍ വന്ന കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ് എന്നതൊരു വാര്‍ത്ത പോലുമില്ലാതെ പോകുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നൊരു കള്ളക്കഥയില്‍ രാജ്യത്തെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും വര്ഷങ്ങളായി ജാമ്യം നിഷേധിച്ച് തടവിലടച്ചിട്ടൊരു രാജ്യത്ത് അതിന്റെ പേരില്‍ കാര്യമായൊരു പ്രതിഷേധവും നടക്കാതെ പോകുന്നത്. അങ്ങനെയാണ് തെളിവിന്റെ കണിക പോലുമില്ലാതെ യു.എ.പി.എ എന്ന ജനാധിപത്യവിരുദ്ധ നിയമത്തിനു കീഴില്‍ സാങ്കല്‍പ്പിക ഗൂഢാലോചനയില്‍ പ്രതിയാക്കി തടവിലിട്ട വയോവൃദ്ധനായ സ്റ്റാന്‍ സ്വാമി വെള്ളമിറക്കാന്‍ സഹായം കിട്ടാതെ തടവറയില്‍ മരിച്ചപ്പോഴും നാളെ നല്ലതായിരിക്കുമെന്ന നിഷ്‌ക്കളങ്കതയില്‍ നാം സാധാരണ ദിവസങ്ങളിലേക്ക് കുളിച്ചിറങ്ങിപ്പോയത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നൂറുകണക്കിനാളുകള്‍ക്കെതിരെ ഇവിടെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ച ലേഖനം പങ്കുവെച്ചയാളെ ന്യാധിപനാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പറയുന്നത്.

muhammed akhlaq
2015 ൽ യു.പിയിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച്  52 കാരനായ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം വീട് ആക്രമിച്ച് കൊലപ്പെടുത്തുകയുണ്ടായി.

ഭയത്തിന്റെയും വിധേയത്വത്തിന്റെയും സ്വാഭാവികതയുടെ ജഡജീവിതത്തെയാണ് ബി ബി സി ഡോക്യുമെന്ററി വീണ്ടും അലോസരപ്പെടുത്തുന്നത്. വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചുണര്‍ത്തുന്നത്. രാജ്യത്തെ എല്ലാവിധ നീതി, നിയമ നടത്തിപ്പ് വ്യവസ്ഥകളെയും കോമാളികളാക്കിക്കൊണ്ടാണ് ഗുജറാത്ത് വംശഹത്യയില്‍ നിന്ന് മോദിയെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട് നല്‍കിയതും കോടതി അതംഗീകരിച്ചതും. അന്വേഷണ സംഘത്തലവനായിരുന്ന മുന്‍ സി.ബി.ഐ മേധാവി കൂടിയായ രാഘവന് സൈപ്രസിലെ ഹൈക്കമ്മീഷണറാക്കി മോദി സമ്മാനം നല്‍കി. വീണ്ടും പരാതിയുമായി വന്ന സാക്കിയ ജാഫ്രിയുടെ പോരാട്ടത്തിനൊപ്പം നിന്നവരെ തടവിലാക്കി. നരേന്ദ്ര മോദി ഹിന്ദു സാമ്രാജ്യ ചക്രവര്‍ത്തിയായി വാഴുമ്പോള്‍ ഗുജറാത്ത് വംശഹത്യയിലൂടെ ഹിന്ദുക്കളുടെ ആത്മാഭിമാനം വീണ്ടെടുത്ത മഹാപ്രകടനത്തിന്റെ നേതാവായാണ് വംശഹത്യയിലെ അന്താരാഷ്ട്ര കുറ്റവാളിയായല്ല അവര്‍ക്ക് അവതരിപ്പിക്കേണ്ടത്. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യയുടെ ഓരോ ഓര്‍മപ്പെടുത്തലും അതിന്റെ ചോദ്യങ്ങളും സംഘ്പരിവാറിനെയും മോദിയെയും പൊള്ളിച്ചുകൊണ്ടിരിക്കും. കാരണം ആ ചോദ്യങ്ങള്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതക്കെതിരായ രാഷ്ട്രീയം ജീവനോടെയുണ്ട് എന്നതിന്റെ തെളിവാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേ ഇന്ത്യന്‍ ഭരണകൂടം നിലപാടെടുക്കുന്നത് ഇതാദ്യമായല്ല. ആദ്യത്തെ ഭരണഘടനാ ഭേദഗതിതന്നെ ( 1951) അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയും നിയന്ത്രണങ്ങളും കൊണ്ടുവരാനായിരുന്നു. പുസ്തകങ്ങളും ചലച്ചിത്രങ്ങളുമടക്കം ഭരണകൂട നിരോധനങ്ങളുടെ നീണ്ട നിര ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. അടിയന്തരാവസ്ഥയുടെ ജനാധിപത്യവിരുദ്ധ തേര്‍വാഴ്ചയുടെ കാലത്താകട്ടെ ഇത് സര്‍വ്വവ്യാപിയായ വ്യവസ്ഥയായി മാറി. അതിനെ എതിര്‍ത്തു തോല്‍പ്പിച്ചാണ് ഇന്ത്യ ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക് എന്ന അതിന്റെ നില ദുര്‍ബ്ബലമായി നിലനിര്‍ത്തിക്കൊണ്ടുപോയത്. ബി.ജെ.പി-മോദി സര്‍ക്കാര്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതിനുശേഷം ഭരണകൂടത്തിന്റെ സമഗ്രാധിപത്യ ഇടപെടല്‍ രു സ്വാഭാവികതയായി വീണ്ടും വരികയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത് എന്ന് പറയാം.

r k rakhavan
ഗുജറാത്ത് വംശഹത്യയുടെ അന്വേഷണ സംഘത്തലവനായിരുന്ന മുന്‍ സി.ബി.ഐ മേധാവി ആർ.കെ രാഘവനെ 2017 ഓഗസ്റ്റ് 30-ന് റിപ്പബ്ലിക് ഓഫ് സൈപ്രസിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി നിയമിക്കുകയുണ്ടായി. അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് ഗോവിന്ദിനോടൊപ്പം ആർ.കെ രാഘവൻ / Photo: Twitter, President of India 

രാജ്യത്തെ മിക്ക മാധ്യമങ്ങളെയും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കൊപ്പമുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ വിലയ്ക്ക് വാങ്ങിക്കഴിഞ്ഞു. മാധ്യമപ്രവര്‍ത്തനം എന്നത് അവസാനിക്കുകയും പ്രചാരണപ്രവര്‍ത്തനം മാത്രമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭീതി പടര്‍ത്താലും, അര്‍ബന്‍ നക്‌സല്‍ എന്ന പുതുശത്രുവിനെ ഉണ്ടാക്കലും മോദിയുടെ വിശ്വഗുരു, സര്‍വ്വശക്തന്‍, രക്ഷകന്‍ പ്രതിച്ഛായ ഉണ്ടാക്കാനുമൊക്കെയായി രാവും പകലും പണിയെടുക്കുന്ന പ്രചാരണ വിഭാഗങ്ങളാണ് നാമിന്നു കാണുന്ന മിക്ക മാധ്യമസ്ഥാപനങ്ങളും. ഇതില്‍പ്പെടാത്തവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാധ്യമ സ്വാതന്ത്യത്തിന്റ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ലോകത്തെ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളുടെ കൂടെയാണ്. Reporters Without  Boarders -ന്റെ 2022-ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങള്‍ക്കിടയില്‍ 150- ആണ് ഇന്ത്യയുടെ സ്ഥാനം. 

Siddiq kappan
സിദ്ദിഖ് കാപ്പന്‍

ഇന്ത്യന്‍ സര്‍ക്കാര്‍ 40 മാധ്യമപ്രവര്‍ത്തകരെയാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിരീക്ഷിച്ചത്. 2022-ല്‍ കാശ്മീരില്‍ Public Safety Act -നു കീഴില്‍ മൂന്നു മാധ്യമപ്രവര്‍ത്തകരെ ഇന്ത്യന്‍ സര്‍ക്കാര്‍ തടവിലടച്ചു. 2019-ല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിനുശേഷം 35-ലേറെ മാധ്യമ പ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയതും വേട്ടയാടിയതും. 2017-ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 66 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് നിയമനടപടികള്‍ സ്വീകരിച്ചത്. 48 മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ശാരീരിക ആക്രമണങ്ങളുണ്ടായി. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ തടവിലായത് അയാളുടെ തൊഴിലിനിടയിലാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതലായി ജനകീയ സമരങ്ങളെ നേരിടാനും പ്രതിഷധങ്ങളെ അടിച്ചമര്‍ത്താനുമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 647 തവണയാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചത്. ഐ ടി നിയമത്തില്‍ ഇപ്പോള്‍ ബി ബി സി ഡോക്യുമെന്ററി തടയുന്ന ദേശസുരക്ഷയുടെയും പരമാധികാരത്തിന്റെയും പേരിലുള്ള അടിയന്തര നടപടിക്കുള്ള ചട്ടങ്ങള്‍ക്കുപുറമെ കേന്ദ്ര സര്‍ക്കാരിന് തോന്നിയാല്‍ ഏതു വാര്‍ത്തയും 'വ്യാജവാര്‍ത്തയെന്ന്' മുദ്രകുത്തി എല്ലാ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിക്കാനുള്ള ഉത്തരവ് പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ വഴി നല്‍കാവുന്ന പുതിയ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിയന്തരാവസ്ഥയില്ലാതെത്തന്നെ എങ്ങനെയാണ് സെന്‍സറിങ് നടപ്പാക്കുന്നത് എന്നതാണ് കാണുന്നത്.

ഇതിനെയെല്ലാം ഒരു സാമ്പ്രദായിക ഭരണകൂട ആക്രമണമായി മാത്രം കാണരുത്. ഒരു ഫാഷിസ്റ്റ് ഭരണകൂടം അതില്‍ നിന്നും വ്യത്യസ്തമാണ്. മറ്റ് ഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ ജനാധിപത്യവിരുദ്ധ ഭരണകൂടത്തിന് വ്യവസ്ഥാപിതമായ അധികാരസംവിധാനത്തിനു പുറത്ത് ഹിംസാത്മകമായ ഒരു ആള്‍ക്കൂട്ട സേനയുടെ പിന്‍ബലം അവര്‍ ഒരുക്കിവെക്കുന്നു. ഭരണകൂടത്തിനെതിരായ ഏതൊരു പ്രതിഷേധത്തെയും സര്‍ക്കാര്‍ നേരിടുന്നത് ഈ ആള്‍ക്കൂട്ട സേനയെക്കൂടി ഇപയോഗിച്ചാണ്. ഗുജറാത്ത് വംശഹത്യ ഈ ആള്‍ക്കൂട്ട സേനയുടെ ഏറ്റവും ഭീകരമായ വരവുകളിലൊന്നായിരുന്നു. എന്നാല്‍ എല്ലാക്കാലത്തും ഇതിനെ നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോഴാണ് ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ സാമ്പ്രദായിക ഭരണകൂട അടിച്ചമര്‍ത്തല്‍ സംവിധാനങ്ങളെ കൂടുതല്‍ ഭീകരമായ ആക്രമണത്തിന് തുറന്നുവിടുന്നത്. ഇന്ത്യ ഈ ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.

bbc documentary on modi
ബി ബി സി ഡോക്യുമെന്ററി 'ദ മോദി ക്വസ്റ്റ്യൻ' ഹൈദരാബാദ് യൂനിവേഴ്സിറ്റി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നു / Photo: Twitter, Fraternity Movement

അതുകൊണ്ടുതന്നെ അഭിപ്രായ സ്വാതതന്ത്ര്യ പ്രകടനത്തിനെതിരായ ഭരണകൂടനീക്കം എന്ന നിലയില്‍ മാത്രമല്ല, ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയുടെ എല്ലാ ജനാധിപത്യ ഘടനയെയും ഇല്ലാതാക്കുന്ന ദീര്‍ഘമായ പ്രക്രിയയിലെ ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളിലൊന്നായാണ് മോദി സര്‍ക്കാരിന്റെ നീക്കത്തെ കാണേണ്ടത്. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കീഴില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഹിന്ദുത്വ ഫാഷിസ്റ്റിനെ അധികാര പ്രമത്തനായൊരു ഭരണാധികാരി മാത്രമായി ചുരുക്കിക്കാണരുത്. ഫാഷിസവുമായി ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന ഒരു തര്‍ക്കവുമില്ല. നേര്‍ക്കുനേരെയുള്ള പോരാട്ടം മാത്രമേയുള്ളു. ഇന്ത്യ ഭരിക്കുന്നത് സംഘപരിവാര്‍ എന്ന ഹിന്ദുത്വ ഭീകരവാദി സംഘമാണ് എന്ന വസ്തുത നമ്മടെ രാഷ്ട്രീയ സമരങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കണം. വംശഹത്യയുടെ നടത്തിപ്പിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗീയതയുടെ ഹിംസയാണ് അയാളുടെ തേര്‍ച്ചക്രങ്ങളെന്നും നാം നിരന്തരം പറയണം. ഫാഷിസത്തിന് ഉപേക്ഷിച്ച ഭൂതകാലമില്ല. അതിനു എല്ലാ ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും തുടര്‍ച്ചയായി മാത്രമാണ് നിലനില്‍ക്കാനാവുക. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യ നിങ്ങള്‍ മറന്നാലും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മറക്കില്ല. മറ്റൊരിക്കല്‍, മറ്റൊരിടത്ത് അതിലേറെ ക്രൗര്യത്തോടെ ആവര്‍ത്തിക്കാന്‍ പാകത്തില്‍ അവരതിന്റെ പല്ലും നഖങ്ങളും ആയുധങ്ങളും രാകി മിനുക്കിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്ന നരേന്ദ്രമോദിക്ക് ഉപേക്ഷിക്കാവുന്ന ഭൂതകാലമില്ല. അയാള്‍ വംശഹത്യയുടെ നടത്തിപ്പിന്റെ തുടര്‍ച്ചയാണ്. അത് കഴിഞ്ഞുപോയില്ലേ എന്നാണവര്‍ ചോദിക്കുക. അത് കഴിയുന്നതെങ്ങനെ, ഫാഷിസ്റ്റുകള്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവാകാശങ്ങളുടെയും നീതിയുടെ നടത്തിപ്പില്‍ ശിക്ഷിക്കപ്പെടുന്നതുവരെ അത് കഴിയുന്നതെങ്ങനെ?

  • Tags
  • #India The Modi Question
  • #BBC Documentary
  • #2002 Gujarat riots
  • #RSS
  • #R.B. Sreekumar
  • #Sanjiv Bhatt
  • #Hindutva
  • #UAPA
  • #Zakia Jafri
  • #Media Criticism
  • #Indian Constitution
  • #BJP
  • #Pramod Puzhankara
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Joseph Pamplany

Kerala Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

ന്യൂനപക്ഷങ്ങളെയും കർഷകരെയും കൊലയ്​ക്കുകൊടുക്കുന്ന സഭയുടെ റബർ രാഷ്​ട്രീയം

Mar 26, 2023

11 Minutes Read

Rahul Gandhi

National Politics

ജോജോ ആന്‍റണി

മതാധിഷ്​ഠിത അധികാരബോധത്തിനെതിരെ ഒരു രാഹുൽ പ്രതി​രോധം

Mar 25, 2023

2 Minutes Read

rahul-gandhi

National Politics

എം.ബി. രാജേഷ്​

അസഹിഷ്ണുതയുടെ പരകോടി

Mar 24, 2023

3 Minutes Read

Rahul Gandhi

International Politics

അബിന്‍ ജോസഫ്

രാഹുല്‍, ജനാധിപത്യം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും, ഇന്ത്യയിലെ മനുഷ്യര്‍ അത്രമേല്‍ അന്ധരാക്കപ്പെട്ടിട്ടില്ല

Mar 24, 2023

5 Minutes Read

pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

Rahul Gandhi

International Politics

കെ. സഹദേവന്‍

അദാനി ചർച്ച തടയാൻ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം

Mar 24, 2023

5 Minutes Read

Rahul Gandhi

International Politics

ജോണ്‍ ബ്രിട്ടാസ്

ഇന്ത്യന്‍ ജനാധിപത്യത്തിന് ‘ആര്‍.ഐ.പി’ പറയാനുള്ള സമയം അടുത്തു

Mar 24, 2023

3 Minutes Read

 okj-fb.jpg

International Politics

ഒ.കെ. ജോണി

നിയമവ്യവസ്ഥയെ കൂട്ടുപിടിച്ചുനടത്തിയ ഒരു പദ്ധതി

Mar 24, 2023

2 Minutes Read

Next Article

തിരക്കഥയില്‍ തിളങ്ങുന്ന തങ്കം - thankam movie review

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster