ശബ്ദമുയർത്തിയാൽ ഇൻകം ടാക്സ് റെയ്ഡോ, യു.എ.പി.എയോ, ജീവപര്യന്തമോ, രാജ്യദ്രോഹിപ്പട്ടമോ, വെടിയുണ്ടയോ ജസ്റ്റിസ് ലോയയോ ഒക്കെ ലഭിക്കാവുന്ന ഒരിടത്തിരുന്ന് ഇപ്പോഴൊരു "കവണ" എഴുതപ്പെട്ടിരിക്കുന്നു. അതിൽ എഴുത്തുകാരുടെ, കലാകാരന്മാരുടെ, പൗരന്റെ, മനുഷ്യന്റെ അന്തസ്സുയർത്തിപ്പിടിക്കുന്ന പ്രഖ്യാപനമുണ്ട്
4 Dec 2020, 03:55 PM
ട്രൂ കോപ്പി വെബ്സിസീൻ ആദ്യ ഇഷ്യുവിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ
കവണ വായിച്ചു.
അദ്ദേഹത്തിന്റെ ഒട്ടുമിക്ക മുൻകാല കഥകളിലേതു പോലെത്തന്നെ ഈ കഥയിലും ഒച്ചയിൽ പറയുന്ന രാഷ്ട്രീയമുണ്ട്. കഥയെ രാഷ്ട്രീയം പറയാൻ ഉപയോഗിക്കണോ? അതും ഇത്ര ഉറക്കെ വേണോ? കഥയിൽ രാഷ്ട്രീയം പാടില്ലെന്നുണ്ടോ? ഇല്ലെങ്കിൽ കഥക്കെന്തെങ്കിലും കുഴപ്പമുണ്ടാകുമോ? എന്നൊക്കെ കാലങ്ങളായി ഇവിടെ ചർച്ച നടക്കുന്നുണ്ട്.
ചർച്ചകൾക്കിടയിലും നല്ല രാഷ്ട്രീയ ബോധ്യമുള്ള കഥകളും രാഷ്ട്രീയമുണ്ടെങ്കിലും അത് ആന്തരതാളമായി മാത്രം മിടിക്കുന്ന കഥകളും ധാരാളമായി ഇവിടെ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്.
എം. സുകുമാരനോ, എം.പി. നാരായണപിള്ളയോ, പട്ടത്തുവിളയോ, വി.കെ.എന്നോ, ഒ.വി. വിജയനോ, സക്കറിയയോ, പഴയ ആളുകളിൽ ബഷീറോ തകഴിയോ ദേവോ ഒക്കെ രാഷ്ട്രീയം പറഞ്ഞവരാണ്. പറച്ചിലിന്റെ ഒച്ചയിൽ സ്വാഭാവികമായും ഓരോരുത്തർക്കു ചേർന്ന വ്യത്യാസങ്ങളുണ്ടായിരുന്നു എന്നു മാത്രം.

എന്തെങ്കിലും പറയുന്നതിനു മുമ്പ് ഞാനിത് പറയേണ്ടതുണ്ടോ എന്ന് ഓരോ വ്യക്തിയും ചിന്തിക്കുന്ന കാലമാണിത്. സൂക്ഷ്മമായ സ്വയം എഡിറ്റിങ്ങിന് ഓരോരുത്തരും വിധേയരാകുന്നു. എന്തെങ്കിലും ഇയാളൊന്ന് മൊഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആലോചിച്ചു പോകുന്ന തരത്തിൽ ഒരുപാടാളുകൾ പർവ്വത മൗനവുമായി ഇരിക്കുന്നു. സോഷ്യൽ മീഡിയ വന്നതോടെ മറ്റുള്ളവർക്ക് വായിച്ചെടുക്കാവുന്ന തരത്തിൽ ഓരോരുത്തരുടെയും രാഷ്ട്രീയം അനാവൃതമാണ്. ഫേക്ക് ഐഡികളുടേ തൊഴികെ.
എം.ടി. നിർമാല്യം ഇന്നെഴുതിയാൽ എന്ത് സംഭവിക്കും എന്ന ബോംബ് ഭീഷണി സാംസ്കാരികലോകത്ത് മുഴങ്ങാൻ തുടങ്ങിയിട്ടും കുറേക്കാലമായി. അതിനെ ശരിവയ്ക്കുന്ന കോലാഹലങ്ങളും അടുത്തിടെ ഉണ്ടായി. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് എഴുത്തുകാർ എന്തും കൃത്യമായി എഡിറ്റ് ചെയ്തിട്ടേ പുറത്ത് വിടാറുള്ളൂ.
ഏച്ചിക്കാനത്തിന്റെ കവണ വായിക്കാനിരുന്നപ്പോൾ തീർച്ചയായും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് ചുല്യാറ്റിനെക്കുറിച്ചായിരുന്നു താനും. എല്ലായിടത്തും ഉപയോഗിച്ച് കഥ, ഫീച്ചർ എഴുത്തുകാർ ആ പേര് മായ്ച്ചു കളഞ്ഞിട്ടുണ്ട്. ഇന്ത്യൻ മുതലാളിത്തത്തിന്റെയോ, ഇപ്പോൾ കോർപ്പറേറ്റുകളുടെയോ മുമ്പിലിട്ട എഡിറ്ററുടെ കസേരയിൽ നേരെയിരുന്ന് ചരിത്രത്തെ സത്യം കൊണ്ട് എഡിറ്റു ചെയ്യാനുള്ള നീലപ്പെൻസിലുമായി ചുല്യാറ്റുണ്ട്. അയാളവിടെ ഇരിക്കട്ടെ. മലയാള കഥ ചുല്യാറ്റിനെ മറികടന്നിട്ടുണ്ട്. ബോധ്യം തികഞ്ഞ കഥകൾ അതിനു ശേഷവുമുണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുണ്ട്.
പക്ഷേ ഈ കഥ ഇങ്ങനെയാണ് വേണ്ടതെന്നും ഇപ്പോൾ വരേണ്ടതാണെന്നും തോന്നുന്നു. ഇതെഴുതുന്ന ആളുടെ ഓർമയിലും പൂജിച്ച ഇഷ്ടികയുമായി അയോധ്യയിലേക്ക് വണ്ടി കയറിയവരുണ്ട്. ഇന്ത്യൻ സൈക്കിയിലുള്ള മൃദു ഹിന്ദുത്വം തീവ്രമാകുന്നതും ഇപ്പോൾ അധികാരത്തിലിരിക്കുന്നതു വരെയുള്ള കാലവും രാഷ്ട്രീയവും തെളിഞ്ഞ കാഴ്ചയായി നിലനില്ക്കുന്നു. ശബ്ദമുയർത്തിയാൽ ഇൻകം ടാക്സ് റെയ്ഡോ, യു.എ.പി.എ യോ, ജീവപര്യന്തമോ, രാജ്യദ്രോഹിപ്പട്ടമോ, വെടിയുണ്ടയോ ജസ്റ്റിസ് ലോയയോ ഒക്കെ ലഭിക്കാവുന്ന ഒരിടത്തിരുന്ന് ഇപ്പോഴൊരു "കവണ" എഴുതപ്പെട്ടിരിക്കുന്നു. അതിൽ എഴുത്തുകാരുടെ, കലാകാരന്മാരുടെ, പൗരന്റെ, മനുഷ്യന്റെ അന്തസ്സുയർത്തിപ്പിടിക്കുന്ന പ്രഖ്യാപനമുണ്ട്.
ചുല്യാറ്റ് ഇവിടെയുണ്ട് എന്നാണത്.
പ്രിയ ഏച്ചിക്കാനം... താങ്കളുടെ കവണയും അതിലെ കല്ലുകളും ക്യത്യമാണ്. മണ്ണിൽ വിയർപ്പുകുഴക്കുന്നവരുടെ സമരം ഡൽഹിയിൽ നടക്കുന്നുണ്ട്. നമ്മുടെ മാധ്യമങ്ങളൊന്നും അതത്ര കാര്യമാക്കിയിട്ടില്ല. ഗാന്ധി വധത്തിനു ശേഷം വിറകൊള്ളുന്ന ഇന്ത്യയുടെ മതേതര ആത്മാവിന് ആഴത്തിൽ മുറിവേറ്റത് ഇന്ത്യൻ ഫാസിസ്റ്റുകൾ ബാബരി മസ്ജിദ് തകർത്തപ്പോഴാണ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രം വഴിതിരിഞ്ഞ ഇടമതാണ്. വർഷങ്ങൾക്കുശേഷം പരമോന്നത നീതിപീഠം അത് ബാബരി മസ്ജിദല്ല രാമന്റെ അമ്പലമാണ് എന്ന് വിധിച്ചപ്പോൾ ഇന്ത്യയിലെ മിക്കവാറും ന്യൂസ് റൂമുകൾ പെട്ടെന്ന് പൂജാമുറിയോ അമ്പലമോ ആയി മാറി മുഴുവൻ ശബ്ദവുമെടുത്ത് ജയ് ശ്രീരാം വിളിച്ചു.
പ്രിയ ഏച്ചിക്കാനം, ചുല്യാറ്റ് വിദൂര നക്ഷത്രം പോലെ ഒരു പ്രതീക്ഷയാണ്. ചരിത്ര സന്ധികളിലെല്ലാം പനി വരുന്ന ചുല്യാറ്റിന് ഒരു കാപ്പിയിട്ട് കൊടുത്തുകൊണ്ട് നിങ്ങളയാൾക്ക് ഉറക്കം വരാതെ നോക്കുന്നു. കവണയിലെ കല്ലിന്റെ മൂളക്കം ദൂരെ നിന്നേ കേൾക്കാം.
'കവണ' വെബ്സീനില്‍ വായിക്കാം
Rafeek ravuther
5 Dec 2020, 08:15 AM
പ്രിയ റഫീക്, നന്ദി, ഈ ഓർമപ്പെടുത്തൽ നടത്തിയതിന്..സന്തോഷിന് ആവേശം പകരുന്ന ഈ രേഖപെടുത്തലുകൾക്ക്...
Sunitha mepurath
4 Dec 2020, 10:28 PM
“Are u a communist? No, I’m an anti- fascist How long? Since I realised what’s fascism.“.... Hemingway
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
സാദിഖ് കാവിൽ
6 Dec 2020, 07:35 PM
'തിരുത്തി'ൻ്റെ ബാക്കി –––––––––––––––––––– പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ്.മാധവൻ്റെ 'തിരുത്ത്' എന്ന ചെറുകഥ പണ്ട് വായിച്ചപ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുത് സ്പർശം കടന്നുപോയിരുന്നു. മുഖ്യ പത്രാധിപർ ചുല്യാറ്റും സബ് എഡിറ്റർ സുഹ്റയും പകർന്ന നോവ് ആ കഥ ഒാർക്കുമ്പോഴെെല്ലാം ഒരു വിറയൽ സമ്മാനിക്കുന്നു . തിരുത്തിലെ അവസാനത്തെ ഒരൊറ്റ വരിയിലാണ് ആ കഥയുടെ ജീവൻ് പിടഞ്ഞതെന്ന് വായിച്ച സുഹൃത്തുക്കളെല്ലാം പറഞ്ഞിരുന്നു. ഒരു കഥയ്ക്ക് ഇത്രമാത്രം മനുഷ്യ മനസ്സിനെ പിടിച്ചുലയ്ക്കാൻ കഴിയുമോ എന്ന് ആശ്ചര്യം ഇന്നും ബാക്കി. ബാബ് റി മസ്ജിദ് തകർത്തതിന് ശേഷം മനോരമ ഒാണപ്പതിപ്പിലാണ് തിരുത്ത് പ്രസിദ്ധീകരിച്ചത്. അതിൻ്റെ തുടർക്കഥ പോലെ സന്തോഷ് ഏച്ചിക്കാനം ട്രൂ കോപ്പി ഒാൺലൈനിൽ എഴുതിയ 'കവണ' എന്ന കഥ തിരുത്ത് നൽകിയ അതേ വൈദ്യുത് സ്പർശത്തിൻ്റെ പൊള്ളൽ ഹൃദയത്തിൽ പകർന്നിരിക്കുന്നു. ചുല്യാറ്റും സുഹ്റയും കൂടി കഥാപാത്രങ്ങളാകുന്ന കവണ ബാബ് റി പള്ളി തകർത്തതിൻ്റെ തുടർക്കഥയാണ് പറയുന്നത്. അലഹബാദ് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ സന്തോഷിൻ്റെ കഥകളില്‍(ഉദാ: കൊമാല , പന്തിഭോജനം, ബിരിയാണി etc) സ്ഥിരം കണ്ടുവരുന്ന രാഷ്ട്രീയ നിലപാടിൻ്റെ ശക്തമായ ആവിഷ്കാരമാണ്. എൻ.എസ്. പിന്നീടൊരിക്കൽ മനോരമ ഒാൺലൈനിൽ തിരുത്തിനെക്കുറിച്ചെഴുതി: ''ഇരുപത്തിയാറു വർഷങ്ങൾക്കു മുൻപ് എന്റെ കഥ ‘തിരുത്ത്’ മലയാള മനോരമ ഓണപ്പതിപ്പിൽ അച്ചടിച്ചുവന്ന കാലത്ത് ഞാനടക്കമുള്ള പലരുടെയും മനഃസ്ഥിതി, ഇറ്റാലിയൻ തത്വചിന്തകൻ അന്റോണിയോ ഗ്രാംഷി ജയിലിൽനിന്ന് അയച്ച കത്തിലെ പ്രസിദ്ധമായ വാചകത്തെ ഓർമിപ്പിക്കുന്നതായിരുന്നു: ‘എന്റെ ബുദ്ധി എന്നെ നിരാശാവാദിയാക്കുന്നു; എന്റെ മനക്കരുത്ത് എനിക്കു ശുഭാപ്തിവിശ്വാസം നൽകുന്നു.’ ‘തിരുത്ത്’ പള്ളി പൊളിക്കുന്ന രാത്രി നടന്ന കഥയാണ്. പ്രധാന കഥാപാത്രം ഒരു പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഏതാണ്ട് ഗ്രാംഷിയുടെ ഉദ്ധരണിയിൽ പറഞ്ഞതു പോലെയായിരുന്നു. വളർന്നുവരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ മുഷിപ്പിക്കാതിരിക്കാനും നിഷ്പക്ഷതയുടെ മൂടുപടം അണിയാനും അന്നത്തെ കാലത്തു മാധ്യമങ്ങൾ കണ്ടെത്തിയ പദമായിരുന്നു തർക്കമന്ദിരം. ഈ പത്രാധിപർ, മുഖ്യ വാർത്തയിലെ തലക്കെട്ടിൽനിന്ന് ആ വാക്കു വെട്ടിമാറ്റുകയും ബാബറി മസ്ജിദ് എന്നെഴുതുകയും ചെയ്യുന്നതാണു കഥ. അടുത്ത കാലത്ത് ചിലരുടെ ഭാഗത്ത് നിന്ന് അനാവശ്യ പഴികൾ കേൾക്കേണ്ടി വന്ന സന്തോഷിൻ്റെ കവണ ബാബ്റി പള്ളി പൊളിക്കാൻ പോയ ബന്ധുക്കളിലൂടെ സഞ്ചരിച്ച് ചുല്യാറ്റിലേയ്ക്കും വർത്തമാനകാല അയോധ്യയിലേയ്ക്കും എത്തിച്ചേരുന്നു. ''െഎഎഎസ് പരീക്ഷയിൽ ഇൻ്റർവ്യൂ വരെ എത്തി എന്നൊക്കെ കേൾക്കുമ്പോൾ താത്പര്യജനകമായ ചെറിയൊരു നോട്ടമെങ്കിലും അദ്ദേഹം എൻ്റെ മേൽ ചൊരിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊക്കെ അസ്ഥാനത്താക്കും വിധം ചുല്യാറ്റ് ടിഷ്യു പേപ്പർ എടുത്ത് പൈപ്പിൻ്റെ അറ്റത്തെ നനവ് തുടച്ചുകൊണ്ടിരുന്നു. കോഫി വന്നപ്പോൾ അദ്ദേഹം ചോദിച്ചു: നാട്ടിൽ നിങ്ങൾക്ക് സ്ഥലമുണ്ടോ? നാലഞ്ച് ഏക്കർ കാണും–ഇൗ ചോദ്യത്തിൻ്റെ ഉദ്ദേശ്യം പിടികിട്ടിയില്ലെങ്കിലും ഞാൻ പറഞ്ഞു. കൃഷിയുണ്ടോ?– അതാ വരുന്നു അടുത്ത ചോദ്യം. ഉവ്വ്–ഞാൻ തലയാട്ടി– നെൽകൃഷിയാണ്. ഉഴാൻ അറിയാമോ? ചെറുതായിട്ട്–ഞാൻ പറഞ്ഞു. മിസ്റ്റർ ശിവപ്രസാദ്, ഇവിടെ ഡൽഹീലും യുപിയിലുമൊക്കെ നല്ല ഒന്നാന്തരം ഉഴവുകാരുണ്ട്. നുകത്തിൽ കാളയ്ക്ക് പകരം െഎഎഎസ്സുകാരെ കെട്ടിവച്ചുകൊണ്ടാണ് അവർ നാടിനെ ഉഴുതു മറിക്കുന്നത്.. ചുല്യാറ്റ് കോഫിയിൽ നിന്ന് മുഖമുയർത്തി എന്നെ നോക്കി. വെറുമൊരു കാളയാവാൻ വേണ്ടി ഇത്രയൊന്നും പഠിക്കണമെന്നില്ല. എൻ്റെ നേരെ ഹസ്തദാനത്തിനായി കൈ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഞാൻ ഒാർമപ്പെടുത്തി എന്നേയുള്ളൂ.. ആൾ ദ് ബെസ്റ്റ്.. കൊടും തണുപ്പിലും ആ കൈക്ക് നൂറ്റി മൂന്ന് ഡിഗ്രി ചൂടുണ്ടായിരുന്നു ('കവണ'യിൽ നിന്ന്- TRUE COPY WEBZINE) നന്ദി, പ്രിയ സന്തോഷ്... ചുല്യാറ്റിനെ വീണ്ടും മുന്നിൽക്കൊണ്ടു വന്ന് നിർത്തിയതിന്. ഇടിമുഴക്കത്തിൻ്റെ ഘനമുള്ള ആ ഒച്ച കേൾപ്പിച്ചതിന്... ആദിമദ്യാന്തം വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു കഥ കൂടി തന്നതിന്. കഥയിലൂടെ രാഷ്ട്രീയ ഇടപെടൽ ഒാർമിപ്പിച്ചതിന്.