അതിര്‍ത്തിക്കപ്പുറത്ത്
വിത്തെറിയുന്നവരും
രാജ്യമെന്ന വികാരവും
അതിര്‍ത്തിക്കപ്പുറത്ത് വിത്തെറിയുന്നവരും രാജ്യമെന്ന വികാരവും
ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്കുള്ള പ്രധാന അതിര്‍ത്തി പ്രദേശങ്ങളില്‍ ഒന്നാണ് വാഗ. അമൃത്സറിന്റെയും ലാഹോറിന്റെയും ഇടയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണിത്. രാജ്യം വിഭജിച്ചപ്പോള്‍ ഇരുവശത്തായ വലിയ ഗ്രാമം കൂടെയാണ് വാഗ. രണ്ടു രാജ്യങ്ങള്‍ക്കു നടുവില്‍ ജീവിതം അന്യമായ ആയിരങ്ങളുടെ വേദന. 220 ഗ്രാമങ്ങളിലാണ് ഈ വിധം കൃഷിയിടത്തെ വിഭജിച്ച് മുള്ളുവേലി മുളച്ചത്. അവരുടെ ആമാശയമാണ് മറ്റൊരര്‍ത്ഥത്തില്‍ വിഭജിക്കപ്പെട്ടത്. 'ഡല്‍ഹി ലെന്‍സ്' പരമ്പര തുടരുന്നു.
21 Aug 2022, 02:02 PM
"ആ കമ്പിവേലിക്കപ്പുറത്തുള്ളത് നിങ്ങക്ക് മറ്റൊരു രാജ്യം മാത്രമാണ്. അതിനിടയില്‍ ഞങ്ങള്‍ക്ക് നഷ്ട്ടമായ ജീവിതമുണ്ട്'.
എഴുപതുകാരനായ സുരബ് സിങിന്റെ ചുളുവുവീണ കവിളുകള്‍ വിറച്ചു. ദുഃഖത്താല്‍ അടഞ്ഞ കണ്ണുകള്‍ കൈകൊണ്ട് തിരുമ്മി. പ്രായം തളര്‍ത്തിയ കണ്‍പോളകളില്‍ സങ്കടം കനത്തു. കയ്യിലെ ഊന്നുവടിയില്‍ ബലം കൊടുത്ത് പതിയെ എഴുന്നേറ്റു. ഒറ്റമുറി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി. മിക്ക വീടുകളും പാടവരമ്പിനോട് ചേര്‍ന്നാണ്. അതിനപ്പുറം രണ്ടാള്‍ പൊക്കത്തില്‍ കമ്പിവേലി. രാജ്യത്തിന്റെ അതിര്‍ത്തിയാണ്. അപ്പുറം പാകിസ്ഥാന്‍.
ഇഷ്ടികപാകിയ റോഡിലൂടെ ഞങ്ങള്‍ നടന്നു. വലിയ ശബ്ദത്തോടെ വന്ന അതിര്‍ത്തി രക്ഷാസേനയുടെ ട്രക്ക് കടന്നുപോയി. അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കുള്ള ഭക്ഷണമാണതില്‍, സ്ട്രാപ്പ് ദ്രവിച്ച പഴയ വാച്ചിലെ സമയം നോക്കി അദ്ദേഹം പറഞ്ഞു. വിളഞ്ഞു കിടക്കുന്ന ഗോതമ്പ് പാടത്തിന്റെ നടവരമ്പിലേക്കിറങ്ങി. ഫോട്ടോ എടുക്കരുതെന്ന മുന്നറിയിപ്പോടെ അതിര്‍ത്തി വേലിക്ക് അരികിലേക്ക് നടന്നു. ഊന്ന് വടി ചളിയില്‍ താഴുന്നുണ്ട്. ഓരോ തവണയും ആയാസപ്പെട്ട് അത് വലിച്ചെടുത്ത് മുന്നോട്ട് നീങ്ങി.
നിറം മങ്ങിയ തലപ്പാവില്‍ ഓട്ടകള്‍ വീണുതുടങ്ങി. നീളന്‍ ജുബ്ബയും അയഞ്ഞ പാന്റും ഒരുപോലെ പിന്നിയിട്ടുണ്ട്. പാടത്തെ ചളി പലയിടത്തായി കറപിടിച്ചിരിക്കുന്നു. അടുക്കും തോറും മുന്നിലെ വേലി ഭയംജനിപ്പിക്കുന്ന ഒന്നായി. രണ്ട് അടുക്കുകളായാണ് മുള്ളു വേലികള്‍. സൂര്യപ്രകാശമേറ്റ് വേലിയിലെ സ്റ്റീല്‍ മുള്ളുകള്‍ തിളങ്ങുന്നു. കണ്ണെത്താ ദൂരം നീളത്തില്‍ ഒരുപോലെ.
അല്‍പ്പംകൂടെ മുന്നോട്ട് നടന്നു. നിഴലുപോലും അതിര്‍ത്തി വേലിയില്‍ തൊടാത്ത ദൂരത്തു നിന്നു. വേലിക്കപ്പുറത്തേക്ക് കൈചൂണ്ടി അദ്ദേഹം പറഞ്ഞു, "അവിടെയാണ് എന്റെ കൃഷിയിടം'. ഏറെ നേരം നിശബ്ദനായി നോക്കി നിന്നു. രണ്ടു രാജ്യങ്ങള്‍ക്കു നടുവില്‍ ജീവിതം അന്യമായ ആയിരങ്ങളുടെ വേദന അദ്ദേഹത്തില്‍ പ്രതിഫലിച്ചു. 220 ഗ്രാമങ്ങളിലാണ് ഈ വിധം കൃഷിയിടത്തെ വിഭജിച്ച് മുള്ളുവേലി മുളച്ചത്. അവരുടെ ആമാശയമാണ് മറ്റൊരര്‍ത്ഥത്തില്‍ വിഭജിക്കപ്പെട്ടത്.
അതിര്‍ത്തിയില്ലാത്ത കാലം
പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. അതിര്‍ത്തിയില്ലാത്ത കാലത്തെ ഓര്‍മ്മകള്‍ക്ക് മങ്ങല്‍ വീണെങ്കിലും മാഞ്ഞുപോയിട്ടില്ല. മണ്ണിലാഴ്ത്ത്തിയ കമ്പി വേലിക്കൊപ്പം ജീവിത സ്വപ്നങ്ങളുമാണ് രണ്ടായത്. കുടുംബത്തില്‍ പലരും വേലിക്കപ്പുറമായി. തിരികെവരുമ്പോള്‍ അവര്‍ക്കെല്ലാം അവിടെ ഉപേക്ഷിക്കേണ്ടി വന്നു. കൂട്ടുകാരും പ്രിയപ്പെട്ടവരും എന്നേക്കുമായി അപരിചിതരായി. അന്നം തന്ന മണ്ണിലാണ് വലിയ ഇരുമ്പ് തൂണുകള്‍ ആഴ്ന്നിറങ്ങിയത്. അതിന് ചുറ്റും തൊട്ടാല്‍ മുറിയുന്ന മുള്ളുകളും.

അന്നൊക്കെ വിദ്യാലയങ്ങളില്‍ പോയിരുന്നവര്‍ നന്നേ കുറവാണ്. റോഡില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ നടക്കണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സമൂഹ്യവിരുദ്ധരും മൃഗങ്ങളും ഭീഷണിയാണ്. എല്ലാത്തിലുമുപരി കൃഷിയില്‍ നിന്നു കിട്ടുന്ന തുച്ഛമായ തുക അന്നത്തിനു തികയില്ല. ഗ്രാമങ്ങളിലേക്ക് അക്ഷരം എത്താതിന്റെ കാരണം ഇതൊക്കെയാണ്. അന്നൊക്കെ അക്ഷരങ്ങള്‍ക്കപ്പുറം കൃഷി പഠിക്കുക എന്നതാണ് പ്രധാനം. കൂടുതല്‍ കൃഷിയിടമുള്ളവരേയും നന്നായി അധ്വാനിക്കുന്നവരെയും സമൂഹം ആദരിച്ചു. വിഭജനത്തിന് ശേഷം എല്ലാം മാറി. പ്രതിസന്ധികള്‍ ഏറെയാണെങ്കിലും സ്വതന്ത്ര ഇന്ത്യ തുറന്നിട്ട സാധ്യതകള്‍ പുതിയ കാലത്തെ വരവേറ്റു.
നടവഴികള്‍ പുതിയ റോഡുകളായി. ഗ്രാമത്തില്‍ വിദ്യാലയവും പ്രാഥമിക ആരോഗ്യകേന്ദ്രവും വന്നു. കാലം പുതിയ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി. അപ്പോഴും വേലിക്ക് അപ്പുറത്തായ കൃഷിയിടം ഉള്ളുപൊള്ളിച്ചു. മറ്റു ജോലിസാധ്യതകകള്‍ ഒന്നുമില്ലാത്തതിനാല്‍ ഉപജീവനം അസാധ്യമായി. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ ഒറ്റപ്പെട്ടു. രണ്ടു രാജ്യത്തിനും ഇടയിലുള്ള സീറോ ലൈനില്‍ കൃഷിചെയ്യാനുള്ള അവകാശം വേണമെന്ന വാദം ബലപ്പെട്ടു. പലരായി നടത്തിയ നിയമപോരാട്ടങ്ങളില്‍ കണ്ണിചേര്‍ന്നു. ഒടുവില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് വാതില്‍ തുറന്നു.
നിശ്ചിത സമയത്തിനുള്ളില്‍ പ്രത്യേക പാസ്സുള്ള കര്‍ഷകര്‍ക്ക് അകത്തുകടക്കാം. അതിര്‍ത്തി രക്ഷാസേനയുടെ നിഴലില്‍ വീണ്ടുമവര്‍ നഷ്ട്ടപ്പെട്ടെന്നു കരുതിയ മണ്ണിലേക്കിറങ്ങി. സായുധരായ സൈനികരുടെ സഹായത്തോടെ സ്വപ്നങ്ങള്‍ക്ക് വിത്തിട്ടു. സമയ നിഷ്ട്ടയും കടന്നുചെല്ലാനുള്ള പ്രയാസങ്ങളും കൃഷിയെ ബാധിക്കാറുണ്ട്. എങ്കിലും ആമാശയത്തിന് ആശ്വാസമാണ്. അനുവദിച്ച സമയം കഴിഞ്ഞാല്‍ ഇപ്പുറം വന്ന് വേലിക്കുള്ളിലൂടെ ആ മണ്ണിലേക്ക് തിരികെ നോക്കുന്ന കര്‍ഷകരുണ്ട്. അവരുടെ കണ്ണുകളില്‍ മുന്നിലെ അതിര്‍ത്തികള്‍ കാണാന്‍ സാധിക്കില്ല.
ആ വഴിയിലെ ഓര്‍മ്മകള്‍
അമൃത്സറില്‍ നിന്നും 28 കിലോമീറ്റര്‍ സഞ്ചരിക്കണം വാഗയിലേക്ക്. ചെറിയ തുരുത്തുകള്‍ പോലെയുള്ള ഒട്ടേറെ അങ്ങാടികള്‍ വഴിയിലുടനീളം കടന്നുപോകും. റോഡിന് ഇരുവശത്തുമുള്ള പാടങ്ങള്‍ മനോഹര കാഴ്ചയാണ്. വാഗയുടെ വഴികളില്‍ സായുധ സജ്ജരാണ് പോലീസും അര്‍ദ്ധ സൈനിക വിഭാഗങ്ങളും. അതിര്‍ത്തിയിലേക്ക് അടുക്കുംതോറും ആള്‍തിരക്കൊഴിഞ്ഞു. സൈനിക വാഹനങ്ങള്‍ സജീവമായി കാണാം. വാഗയില്‍ വണ്ടി ഇറങ്ങി മുന്നോട്ട് നടന്നു. ഇന്ത്യയെന്ന വികാരം വാനില്‍ ഉയര്‍ന്നു പറക്കുന്നു. അതൊരു അഭിമാനകരമായ കാഴ്ച്ചയാണ്. വികാരഭരിതവും.
ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്കുള്ള പ്രധാന അതിര്‍ത്തി പ്രദേശങ്ങളില്‍ ഒന്നാണ് വാഗ. അമൃത്സറിന്റെയും ലാഹോറിന്റെയും ഇടയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണിത്. രാജ്യം വിഭജിച്ചപ്പോള്‍ ഇരുവശത്തായ വലിയ ഗ്രാമം കൂടെയാണ് വാഗ. ഒരു ഗ്രാമത്തിന്റെ എല്ലാ സൗരഭ്യവും ആദ്യകാഴ്ചയില്‍ ദൃശ്യമാണ്. റോഡുകള്‍ പലതും മറ്റേത് ഉത്തരേന്ത്യന്‍ ഗ്രാമത്തിനും സമാനമാണ്. ഭൂരിഭാഗം മനുഷ്യരും സിക്ക് മത വിശ്വാസികള്‍. അതുകൊണ്ടാവണം ജാതി തിരിച്ചുള്ള മരച്ചുവട്ടിലെ പ്രതിഷ്ട്ടകള്‍ അവിടെയില്ലാത്തത്.
വളരെ സ്‌നേഹത്തോടെയാണ് ഗ്രാമവാസികള്‍ ഇടപെട്ടത്. ജീവിത അവസ്ഥകള്‍ ഓരോരുത്തരായി വിവരിച്ചു. നല്ല വിദ്യാലയമില്ലാത്തതും ആവശ്യത്തിന് മരുന്നോ ഡോക്റ്ററോ ഇല്ലാത്ത ആരോഗ്യകേന്ദ്രവും പൊതു പ്രശ്നമാണ്. മറ്റുചിലര്‍ കളിസ്ഥലവും ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയിലും വേവലാതിപ്പെട്ടു. കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം ഇവയൊക്കെ ഉറപ്പാക്കാന്‍. കാലമേറെ കഴിഞ്ഞെങ്കിലും അതിര്‍ത്തിയിലെ മനുഷ്യരുടെ ആധികള്‍ പാകിസ്ഥാനില്‍ നിന്നു വരുന്ന കാല നമക് (കറുത്ത നിറമുള്ള ഉപ്പുകല്ല്) പോലെ കരിപുരണ്ട അവസ്ഥയാണ്.
രാജ്യം മനുഷ്യന്‍ അതിര്‍ത്തികള്‍
വിഭജിക്കപ്പെട്ടതിന്റെയും സ്വതന്ത്രരാക്കപ്പെട്ടതിന്റെയും ചരിത്രം ഏറെ തൊട്ടറിഞ്ഞ തലമുറയാണ് അതിര്‍ത്തികളില്‍. അക്കാലങ്ങളില്‍ അവര്‍ നേരിട്ടത് എണ്ണമറ്റ വെല്ലുവിളികളാണ്. എന്തുകൊണ്ട് ഇപ്പോഴും ആവശ്യത്തിനുള്ള ജീവിത സൗകര്യങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ബാക്കിയാവുന്ന ചോദ്യം. സായാഹ്ന സൂര്യന്‍ താഴ്ന്നു തുടങ്ങി. അതിരുകളില്ലാത്ത പ്രകാശവുമായി നാളെ അടുത്ത പുലരി സമ്മാനിക്കും. സുരബ് സിങ് പിന്തിരിഞ്ഞ് നടക്കുമ്പോള്‍ പുറകിലെ ആകാശത്തിന് ചുവപ്പുനിറം.
യാത്ര പറയുമ്പോഴും അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ഒരു കൗതുകത്തിന്, അതിര്‍ത്തിക്കപ്പുറത്ത് പോയാല്‍ പാകിസ്ഥാന്‍ കര്‍ഷകരെ കാണാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഞങ്ങള്‍ പോകുന്നത് കൃഷിചെയ്യാനാണ്, ഈ രാജ്യത്തെ അന്നമൂട്ടാനാണ്. ഇന്ത്യ എന്ന വികാരം നെഞ്ചേറ്റിയാണ് ഓരോ കര്‍ഷകനും കൃഷിക്കായി അതിര്‍ത്തി കടക്കുന്നത്. വളര്‍ന്നു കാടുപിടിച്ചിരുന്ന അതിര്‍ത്തിക്കപ്പുറത്തെ സീറോ ലൈന്‍ പ്രദേശങ്ങളെല്ലാം ഇന്നു പാടങ്ങളാണ്.
കാടുവെട്ടി കൃഷി ചെയ്തപ്പോള്‍ നുഴഞ്ഞു കയറ്റം തടയുന്നതിനും അത് വഴിവച്ചു. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിന്റെ ആഴവും പരപ്പും അന്വര്‍ത്ഥമാണ് ഇവിടെ. വണ്ടി മുന്നോട്ട് നീങ്ങി. അദ്ദേഹത്തിന്റെ കണ്ണുകളിലപ്പോള്‍ ത്രിവര്‍ണ്ണ പതാകയുടെ മൂവര്‍ണ്ണം.
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
Delhi Lens
Aug 28, 2022
6 Minutes Read
Delhi Lens
Aug 07, 2022
5.2 minutes Read
Delhi Lens
Jul 17, 2022
6 Minutes Read