19 Jan 2023, 06:47 PM
പ്രോത്സാഹനങ്ങളെക്കാള്‍ കൂടുതലായി അവഗണനകളാവും ചിലപ്പോള്‍ മനുഷ്യനെ ലക്ഷ്യത്തിലെത്തിക്കുന്നത്. പ്രോത്സാഹനം വിജയത്തിലേയ്ക്കുള്ള പ്രചോദനമാകുമ്പോള്‍ നിരന്തര അവഗണന വിജയിച്ചേ തീരൂ എന്ന വാശിയായും വിജയിക്കാനുള്ള കഠിന പ്രയത്നവുമായി മാറാം. ബാല്യം മുതല്‍ ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന അവഗണനയുടെ നീറ്റല്‍, ആ നീറ്റലവളില്‍ ഉണ്ടാക്കിയെടുത്ത വിജയിക്കണമെന്ന വാശി, ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുള്ള ജീവിതം, ഒടുവില്‍ സര്‍വ പ്രതിബന്ധങ്ങളെയും തടുത്തും തട്ടിമാറ്റിയും ലക്ഷ്യത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ചെയ്യാനില്ല എന്ന ശൂന്യത. ആ ശൂന്യതയില്‍ നിന്നുകൊണ്ട് കടന്നുവന്ന വഴികളിലൂടെയൊക്കെയും മനസ്സുകൊണ്ടൊരു പിന്നോട്ടു നടത്തം. ഇതാണ് അന്‍വിത ദത്ത് രചനയും സംവിധാനവും നിര്‍വഹിച്ച കല (ഝമഹമ) എന്ന സിനിമ. നിരാസങ്ങളുടെ, നിരന്തരപരിശ്രമങ്ങളുടെ, അസൂയയുടെ, ജയപരാജയങ്ങളുടെ കഥ. സംഗീതത്തിന്റെ, ദൃശ്യത്തിന്റെ, അഭിനയത്തിന്റെ കല.
നിലനില്‍പ് പ്രതിസന്ധിയിലാകുന്ന സാഹചര്യത്തില്‍ തരതമ്യേന ശക്തരായവര്‍ അതിജീവിക്കുന്നു. ഇതാണ് നിലനില്‍പിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്ന്. അമ്മയുടെ ഉദരത്തില്‍ ഒന്നിച്ച് ഉരുവായ രണ്ടു ജീവനുകള്‍. രണ്ടുപേര്‍ക്കു വളരാനുള്ള സാഹചര്യം ഇല്ലാതായപ്പോള്‍ തരതമ്യേന ശക്തയായിരുന്ന കല ജീവിതത്തിലേയ്ക്ക് മിഴി തുറക്കുകയും സഹോദരന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ജീവന്റെ ആദ്യനിമിഷം മുതല്‍ സ്വയം അവസാനിക്കും വരെയുള്ള കലയുടെ അതിജീവനത്തിനായുള്ള പൊരുതല്‍ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. കഴിവുകൊണ്ട് മറികടക്കാന്‍ കഴിയാതെ വരുന്നിടത്ത് തന്നെക്കാള്‍ മികച്ചതെന്ന് ഉറപ്പുള്ളതിനെ ഇല്ലാതാക്കിയാണ് കല തന്റെ ഇടം കണ്ടെത്തുന്നത്. ഒടുവില്‍ എല്ലാം നേടികഴിയുമ്പോള്‍, ഈ വിജയം തനിക്ക് അവകാശപ്പെട്ടതായിരുന്നോ എന്ന കുറ്റബോധം അവരെ വേട്ടയാടുന്നു. മുന്നോട്ടുള്ള കുതിപ്പില്‍ പിന്നോട്ട് ചവിട്ടിമാറ്റപ്പെടുന്നവരുടെ ലോകത്തിലേയ്ക്കും സിനിമ വിരല്‍ ചൂണ്ടുന്നു.
കലയുടെ മാനസിക സഞ്ചാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒപ്പം ഒരിക്കലും ശ്രുതിചേരാതെ പോയ ഒരു അമ്മ- മകള്‍ ബന്ധവും സിനിമ കാട്ടി തരുന്നു. കലയുടെ ഉള്ളില്‍ സംഗീതമെന്ന സ്വപ്നത്തിന്റെ വിത്ത് പാകിയതും വളമിട്ടതും അമ്മയാണെങ്കിലും 'നിനക്ക് അതിനുള്ള കഴിവില്ല' എന്ന അപകര്‍ഷതയുടെ കളയും അതിനൊപ്പം അമ്മ തന്നെ നട്ടുനനച്ചു. കലയ്ക്കൊപ്പം ആ കളയും വളര്‍ന്നു. മകളെക്കാള്‍ കഴിവുള്ളൊരാളെ സംഗീതം എന്ന തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനായി അമ്മ കണ്ടെത്തുന്നിടത്താണ് കഥയുടെ വഴിത്തിരിവ്.
1940 കളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സംഗീതത്തിന് തിരക്കഥയോളം തന്നെ പ്രാധാന്യമുള്ള ചിത്രത്തില്‍ അമിത് ത്രിവേദി സംഗീതവും സാഗര്‍ ദേശായ് പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നു. സംഗീതവും ദൃശ്യങ്ങളും ചേര്‍ന്നാണ് സിനിമയുടെ മൂഡ് സൃഷ്ടിച്ചെടുക്കുന്നത്. കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളിലൂടെ ക്യാമറ ചലിക്കുമ്പോള്‍ പൊഴിയുന്ന മഞ്ഞും, വരണ്ട മണ്ണും, പ്രകൃതിയുടെ പല ഭാവങ്ങളും നിറഭേദങ്ങളും കഥ പറയാന്‍ ഒപ്പം കൂടുന്നു. സിദ്ധാര്‍ഥ് ദിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നായിക പ്രധാന്യമുള്ള ചിത്രത്തില്‍, മുഖ്യ കഥാപാത്രം കല മഞ്ജുശ്രീയ്ക്ക് ത്രിപ്തി ദിമ്രി ജീവന്‍ നല്‍കുന്നു, കലയുടെ അമ്മ ഊര്‍മിള മഞ്ജുശ്രീയായി സ്വസ്തിക മുഖര്‍ജിയും ജഗന്‍ എന്ന ഗായകനായി ബബില്‍ ഖാനും സ്‌ക്രീനില്‍ എത്തുന്നു. ചിലപ്പോഴൊക്കെ അഭിനയം അതിനാടകീയതയിലേയ്ക്ക് വഴുതിപോകുന്നുണ്ടെങ്കിലും, കഥാപാത്രങ്ങളുടെ ഉള്‍സംഘര്‍ഷങ്ങളെ കാണികളിലേയ്ക്കും പകരുന്നതില്‍ സംവിധായക വിജയിച്ചു.
ആഗ്രഹിച്ചതു നേടിയിട്ടും, തന്നെ ഇഷ്ടപ്പെടുന്ന വലിയൊരു ആള്‍ക്കൂട്ടം ചുറ്റുമുണ്ടായിട്ടും കല ഒറ്റയ്ക്കായി പോകുന്നതിന്റെ കാരണം എന്താവും? തന്റെ വിജയത്തിലേയ്ക്കുള്ള കുതിപ്പില്‍ പിന്നിലേയ്ക്ക് തട്ടിമാറ്റേണ്ടി വന്നവരെകുറിച്ചുള്ള കുറ്റബോധം മാത്രമാവാന്‍ വഴിയില്ല, അതിനുമുകളില്‍ ഉണങ്ങാതവശേഷിച്ച ഇന്നലെകളുടെ നീറ്റല്‍ കൊണ്ടു കൂടിയാവാം. സ്നേഹം കൊണ്ടു മാത്രം ഉണക്കാന്‍ കഴിയുന്ന ചില മുറിവുകളുണ്ടാവും, അവഗണനകളേറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഓരോ മനുഷ്യരുടെ ഉള്ളിലും. ഓര്‍മകളവയെ ഉണങ്ങാനനുവദിക്കാതെ പിന്നെയും പിന്നെയും നീറ്റികൊണ്ടിരിക്കും. സംഗീതം ശരിക്കും കലയുടെ സ്വപ്നമായിരുന്നില്ല, അത് അവരുടെ അമ്മയുടെ സ്വപ്നമായിരുന്നു, കലയ്ക്ക് വേണ്ടിയിരുന്നത് അവരുടെ അമ്മയെ മാത്രമായിരുന്നു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനില്‍ കണ്ടെത്താന്‍ കഴിയുന്ന ആശ്വാസത്തിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നുണ്ട് ഈ സിനിമ. ആ മറ്റൊരാള്‍ ആരുമാകാം, അമ്മയോ അച്ഛനോ സുഹൃത്തോ കാമുനോ കാമുകിയോ ഇത്തരത്തിലൊരു ബന്ധത്തിന്റെ കള്ളിയിലൊതുങ്ങാത്ത ആരും ആകാം... അതു തന്നെയാണ് അന്ത്യം വരെ കലയും തിരഞ്ഞെതെന്നു തോന്നുന്നു...
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
റിന്റുജ ജോണ്‍
Feb 18, 2023
4 Minutes Watch
വി.കെ. ബാബു
Feb 17, 2023
8 minutes read