സ്‌കെലോണി പൊട്ടികരയുന്നു, അഗ്യൂറോ തുള്ളി ചാടുന്നു; ആ നിമിഷം

അർജൻറീനയുടെ പോരാളികളെ, ലോക ഫുട്ബാൾ ചരിത്രത്തിൽ നായകന് വേണ്ടി നിങ്ങൾ നടത്തിയ പോരാട്ടം എക്കാലവും സ്മരിക്കപ്പെടും. നിങ്ങൾ മികച്ചവരായിരുന്നില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ സമർപ്പണം കൊണ്ട് മികച്ചവരായി തീർന്നിരിക്കുന്നു. എംബാപ്പെ, 19-ാം വയസ്സിൽ കനക കിരീടത്തിൽ മുത്തമിട്ടവനാണ് താങ്കൾ. തന്റെ രണ്ടാം വേൾഡ് കപ്പിലും ലോകത്തെ ത്രസിപ്പിച്ചവൻ, വരും കാലം നിന്റേതാവും.. പക്ഷേ മെസ്സിയും അയാളുടെ പോരാളികളും നിന്നെക്കാൾ ഇത്തവണ അത് അർഹിച്ചിരുന്നു.

2014 ലെ മരക്കാന ഫൈനലിൽ നിശ്ചിത സമയവും കഴിഞ്ഞ് അധിക സമയത്ത് ഗോഡ്‌സെ നേടിയ ഗോളിൽ ജർമനിയോട് കപ്പിനും ചുണ്ടിനുമിടയിൽ കനക കിരീടം നഷ്ടമായപ്പോൾ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള സുവർണ്ണ ബോളിന് അർഹനായിട്ടും നിരാശയോടെ ഡഗൗട്ടിൽ നിന്നും ഇറങ്ങി നടന്ന ആ മനുഷ്യനെ ഓർമയുണ്ടോ ?

രണ്ടു വർഷങ്ങൾക്കിപ്പുറം കോപ്പ അമേരിക്ക ഫൈനൽ തോൽവിക്ക് ശേഷം നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞ അതേ മനുഷ്യൻ, റഷ്യയിലും കണ്ണീർ മാത്രം പൊഴിച്ച മനുഷ്യൻ... കാൽപന്ത് കളിയിൽ കാലു കൊണ്ട് നേടേണ്ട നേട്ടങ്ങളെല്ലാം നേടിയിട്ടും പൂർണ്ണനാവാൻ കഴിയാതെ പോയിരുന്ന മനുഷ്യൻ,
മനുഷ്യസാധ്യമാവുന്നതിനപ്പുറം ശ്രമിച്ചിട്ടും ക്ലബ് ശശിയെന്നും മറ്റും പരിഹാസം കേൾക്കേണ്ടി വന്നയാൾ...

മരുഭൂമിയിൽ നിധിയൊരുക്കിയ ലോക കായിക മാമാങ്കത്തിന്റെ കിരീടം ആ മനുഷ്യൻ ഏറ്റു വാങ്ങുമ്പോൾ ഫുട്ബാൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരത്തെ അടയാളപ്പടുത്തുക മാത്രമല്ല, നൂറ്റാണ്ടിലെ തന്നെ മോസ്റ്റ് ഇൻസ്പിറേഷനൽ ലൈഫ് സ്റ്റോറി ഓഫ് ഹ്യൂമൺ പിറക്കുകയായിരുന്നു. മുഴുവൻ പ്രപഞ്ചത്തിനും ഫുട്ബാൾ ദൈവത്തിന്റെ കയ്യൊപ്പ്.

ഒന്നുമവസാനിക്കുന്നില്ലെന്നും തോൽ‌വിയിൽ ഇടറാതെ പോരാടുന്നവർക്കാണ് അന്തിമ വിജയവുമെന്നുമുള്ള ഓർമ്മപ്പെടുത്തൽ. കിരീടമുറപ്പിച്ച അവസാന പെനാൽറ്റി കിക്ക് വലയെ തൊട്ടപ്പോൾ കുറച്ചു നേരം ആ ബിഗ് സ്ക്രീനിനെ തന്നെ അവിശ്വസനീയമായ വിധം നോക്കിയിരുന്നു. നീണ്ട 36 വർഷങ്ങൾ, അതിനുള്ളിൽ മനസ്സും തലച്ചോറും നുറുങ്ങിയ എത്രയെത്ര നിമിഷങ്ങൾ, അസ്വസ്ഥമായല്ലാതെ അർജന്റീനയുടെ കളി കാണാൻ പറ്റിയിട്ടില്ല. ശാന്തരായിരുന്ന് മത്സരം കാണുകയെന്നത് ആൽബിസെലസ്റ്റിക്ക് ദൈവം പറഞ്ഞതല്ല. എന്നും ഉദ്വേഗനിർഭരമാരായ, ഹൈപ്പർ ടെൻഷനിലേക്ക് കടക്കുന്ന ഓരോ അന്ത്യങ്ങൾ.

എമിലിയാനോ മാർട്ടിനസ് ഷൂട്ടൗട്ടിലെ രണ്ടാം പെനാൽറ്റി കിക്ക് തടഞ്ഞിട്ടപ്പോഴും ഉള്ളിലൊരു പിടച്ചിൽ, വിധി ഇനിയും മാറി മറിയുമോ, എന്നത്തേയും പോലെ അന്ത്യം കണ്ണീരാവുമോയെന്ന് ...
രണ്ട് ഗോളിന് മുന്നിട്ട് നിന്നപ്പോൾ വല്ലാത്ത ഒരു സന്തോഷത്തിലായിരുന്നു. ശേഷം എംബാപ്പെ രണ്ട് തവണ മനസ്സ് തുളച്ച് സമനിലയാക്കി. വീണ്ടും ഡസനോളം ശ്രമങ്ങൾക്കൊടുവിൽ മെസ്സി അർജൻറീനയെ മുന്നിലെത്തിച്ചു. വീണ്ടും ആ 23 വയസ്സുകാരന്റെ മൂന്നാം ഗോൾ. മത്സരം 3-3 , ഷൂട്ടൗട്ടിൽ എമിലിയാനോയുടെ സേവ് ...

ഓഹ് മൈ ഗോഡ് ...നിനക്ക് സ്തുതി.
ടൂർണമെന്റിലുടനീളം മുഖത്ത് ഭാവ മാറ്റങ്ങൾ കാണിക്കാത്ത സ്കെലോണി പൊട്ടി കരയുന്നു. അഗ്യൂറോ ഡഗ്ഔട്ടിൽ നിന്നും ഉന്മാത്തനെ പോലെതുള്ളി ചാടി വരുന്നു. അയാളുടെ തോളിൽ ഫുട്ബാളിന്റെ എക്കാലത്തെയും മിശിഹാ എഴുന്നള്ളുന്നു. ഡി മരിയക്കൊപ്പം ആ മനുഷ്യനും ഈ ലോകകപ്പിൽ വേണമെന്നാഗ്രഹിച്ചിരുന്നു. അത്രമാത്രം ഇതുവരെയുള്ള അയാളുടെ യാത്രയിൽ അയാളോളം അയാൾക്ക് വേണ്ടി പരിശ്രമിച്ചിട്ടുണ്ട് അഗ്യൂറോ.

പ്രിയപ്പെട്ട പോരാളികളെ, ലോക ഫുട്ബാൾ ചരിത്രത്തിൽ നായകന് വേണ്ടി നിങ്ങൾ നടത്തിയ പോരാട്ടം എക്കാലവും സ്മരിക്കപ്പെടും. നിങ്ങൾ മികച്ചവരായിരുന്നില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ സമർപ്പണം കൊണ്ട് മികച്ചവരായി തീർന്നിരിക്കുന്നു.

പ്രിയ ഡീഗോ, ഏത് ഡഗ്ഔട്ടിൽ നിന്നാവും നീ ഈ കിരീടധാരണം കണ്ട് പുഞ്ചിരിക്കുന്നുണ്ടാവുക. എവിടെയാണെങ്കിലും നിന്റെ അദൃശ്യ ആശ്ലേഷം ഞങ്ങൾക്കുണ്ട്. അല്ലെങ്കിൽ പിന്നെങ്ങനെയാണ് രണ്ടര പതിറ്റാണ്ട് ഞങ്ങൾ കാണാത്ത വന്യമായ ഒരു അഗ്രസ്സീവ് മെസ്സിയെ കാണാൻ കഴിഞ്ഞത്.
പതിവിന് വിപരീതമായി കുതിച്ചു ചാടുന്ന, റഫറിക്ക് നേരെയടുക്കുന്ന, എതിർ കോച്ചിന് മറുപടി കൊടുക്കുന്ന കളിക്കാരെ നിരന്തരം ഉത്തേജിപ്പിക്കുന്ന മെസ്സി, അയാളിൽ ഡീഗോയുടെ ആവാഹം തോന്നിയത് എനിക്ക് മാത്രമാണോ...
എംബാപ്പെ, 19-ാം വയസ്സിൽ കനക കിരീടത്തിൽ മുത്തമിട്ടവനാണ് താങ്കൾ. തന്റെ രണ്ടാം വേൾഡ് കപ്പിലും ലോകത്തെ ത്രസിപ്പിച്ചവൻ, വരും കാലം നിന്റേതാവും..

മെസ്സിക്ക് വിരിഞ്ഞ പോലെ നീതി നിനക്ക് വേണ്ടി വീണ്ടും വരും. ഇത് ഒരു പക്ഷെ മെസ്സിയും അയാളുടെ പോരാളികളും ആൽബി സെലസ്റ്റക്കാരും നിന്നെക്കാൾ ഇത്തവണ അത് അർഹിച്ചിരുന്നു.

Comments